ശിർക്കും ഇബാദത്തും അടിസ്ഥാന നിയമങ്ങൾ – ആമുഖം

3 Min Read

ഡോ. സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ബിൻ ഉസ്‌മാൻ സിന്ദി

സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. അല്ലാഹുവിന്റെ ദാസനും ദൂതനുമായ നബി മുഹമ്മദ് (ﷺ) യുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സ്വഹാബികളുടെയും അവരെ സദ്‌വൃത്തരായി പിൻപറ്റിയവരുടെയും മേൽ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും വർഷിക്കുമാറാകട്ടെ.

ഹിജ്‌റ വർഷം 1447 ദുൽഖഅദ് 17-ാം തിയ്യതി, ഇന്തോനേഷ്യയിലെ സുരബായയിലുള്ള അലി ബിൻ അബീ ത്വാലിബ് (رَضِيَ اللَّهُ عَنْهُ) ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ എന്റെ സഹോദരങ്ങൾക്കും പ്രിയപ്പെട്ടവർക്കുമിടയിൽ സന്നിഹിതനാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ജക്കാർത്തയിലുള്ള ഖാദിമുൽ ഹറമൈനി അശ്‌ശരീഫൈൻ എംബസിയുടെ (സൗദി എംബസി) ഇസ്‌ലാമിക കാര്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ, ഈ യൂണിവേഴ്സിറ്റി അധികൃതരുമായി സഹകരിച്ചാണ് ഈ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചിട്ടുള്ളത്.

അല്ലാഹുവിനുവേണ്ടി സഹോദരങ്ങൾ വിജ്ഞാനത്തിന്റെ സദസ്സിൽ ഒരുമിച്ചുകൂടുന്നത് എത്രയോ മനോഹരമാണ്! അല്ലാഹുവാണെ സത്യം, ഇത് അതിമഹത്തായ നേട്ടമാണ്; ഒന്നിനോടും തുലനം ചെയ്യാൻ കഴിയാത്ത വലിയൊരു ബഹുമതിയാണിത്. ജനങ്ങൾ പണത്തിന് പിന്നാലെ പായുകയും, ഭൗതിക ജീവിതത്തിന്റെ തിരക്കുകളിലും വിനോദങ്ങളിലും മുഴുകുകയും ചെയ്യുമ്പോൾ, വിജ്ഞാനം പഠിക്കാനും പരസ്പരം ചർച്ച ചെയ്യാനുമായി അല്ലാഹുവിന്റെ ഭവനങ്ങളിൽ ഒന്നിൽ സമയം കണ്ടെത്തുക എന്നത് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം മഹത്തായ കാര്യമാണ്. അതിനാൽ, അല്ലാഹു സുബ്ഹാനഹു വതആലാ നിങ്ങൾക്ക് മാത്രം പ്രത്യേകമായി നൽകിയ ഈ വലിയ അനുഗ്രഹത്തിന് അവനെ സ്തുതിക്കുക. കാരണം ഈ ഭൗതിക ലോകത്തെ കുറിച്ച് നബി (ﷺ) ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

الدُّنْيَا مَلْعُونَةٌ، مَلْعُونٌ مَا فِيهَا، إِلَّا ذِكْرَ اللَّهِ وَمَا وَالَاهُ، أَوْ عَالِمًا، أَوْ مُتَعَلِّمًا

“ഇഹലോകം ശപിക്കപ്പെട്ടതാണ്; അതിലുള്ളതെല്ലാം ശപിക്കപ്പെട്ടതാണ്; അല്ലാഹുവിന്റെ സ്മരണയും അതിനോടനുബന്ധിച്ച കാര്യങ്ങളും, ഒരു പണ്ഡിതനോ വിദ്യാർത്ഥിയോ ഒഴികെ.” [സുനൻ അത്തീർമിദി – 2322]

ഈ വിജ്ഞാന സദസ്സിൽ സുപ്രധാനമായ വിഷയങ്ങളെ കുറിച്ചുള്ള അടിസ്ഥാന നിയമങ്ങൾ രൂപപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. അല്ലാഹുവിന്റെ സഹായത്താൽ ഇത് രണ്ട് ഭാഗങ്ങളായി തിരിക്കാം:

  • ഒന്നാമത്തെ ഭാഗം: ശിർക്കിനെ മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങൾ.
  • രണ്ടാമത്തെ ഭാഗം: ഇബാദത്തിനെ (ആരാധനയെ) മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങൾ.

പ്രിയപ്പെട്ടവരെ, പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ വിജ്ഞാനം അന്വേഷിക്കുന്ന ഒരു വിദ്യാർത്ഥി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട രണ്ട് വിഷയങ്ങളാണിവ. കാരണം, ശിർക്കിന്റെ ഗൗരവം വളരെ വലുതാണ്. പരലോകത്തെ വിജയം എന്നത് ശിർക്കിൽ നിന്ന് രക്ഷപ്പെടുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതൊരു വലിയ വ്യാധിയാണ്. വല്ലവനും അതിൽ അകപ്പെട്ടാൽ, അല്ലാഹു കാക്കട്ടെ, അവന്റെ പര്യവസാനം നാശമാണ്. അതിനാൽ ആ വ്യാധിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം, ഈ വിഷയത്തെക്കുറിച്ചുള്ള സൂക്ഷ്മമായ കാര്യങ്ങളും വിശദാംശങ്ങളും കൃത്യമായി പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുക എന്നതാണ്. അതിലൂടെ നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കും. അല്ലാഹുവിന്റെ തൗഫീഖ് മുഖേന മറ്റുള്ളവരുടെ രക്ഷയ്ക്ക് അതൊരു കാരണമായിത്തീരുകയും ചെയ്യും.

മനുഷ്യരുടെയും ജിന്നുകളുടെയും സൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ ഇബാദത്താണ്. അവന് മാത്രം ഇബാദത്ത് ചെയ്യുവാനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്. അതാണ് ഒന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ അടിസ്ഥാന വിഷയം; മറ്റെന്തിനേക്കാളും മുൻഗണന നൽകേണ്ടതും അതിനുതന്നെ.

ഇവിടെ നമ്മുടെ മുമ്പിൽ ശിർക്കിനെ മനസ്സിലാക്കുന്നതിനുള്ള 16 അടിസ്ഥാന നിയമങ്ങളുണ്ട് (قواعد). ഇത് പഠിക്കുന്നതിലൂടെ ഈ വിഷയത്തെ സംബന്ധിച്ച് സൂക്ഷ്മമായ ഒരു അവബോധം നിങ്ങൾക്ക് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ ഇബാദത്തിനെ മനസ്സിലാക്കുന്നതിനുള്ള 20 അടിസ്ഥാന നിയമങ്ങളും നമുക്ക് മുന്നിലുണ്ട്. ഇൻഷാ അല്ലാഹ്, ഇവയെല്ലാം നിങ്ങൾ വ്യക്തമായി ഗ്രഹിച്ചാൽ ഈ മഹത്തായ വിഷയത്തിൽ നിങ്ങൾക്ക് നല്ലൊരു അറിവും ഉൾക്കാഴ്ചയും നേടിയെടുക്കാൻ സാധിക്കും. അല്ലാഹുവിന്റെ തൗഫീഖോടെ നമുക്ക് ഒന്നാമത്തെ വിഷയത്തിലേക്ക് പ്രവേശിക്കാം: ശിർക്കിനെ മനസ്സിലാക്കാനുള്ള അടിസ്ഥാന നിയമങ്ങൾ.

Share This Article
Leave a Comment