ഡോ. സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ബിൻ ഉസ്‌മാൻ സിന്ദി
ഒന്നാമതായി, എന്താണ് ശിർക്ക്? അതിലേക്ക് കടക്കുന്നതിന് മുമ്പ്, അറിവുകൾ കൃത്യമായി രേഖപ്പെടുത്തി വെക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. ജ്ഞാനം ഒരു വേട്ടമൃഗമാണെങ്കിൽ, എഴുത്ത് അതിനെ ബന്ധിക്കുന്ന കയറാണ്. അതിനാൽ അറിവുകൾ എഴുതിവെക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ഓർമ്മശക്തിയെ മാത്രം ആശ്രയിക്കരുത്, കാരണം ഓർമ്മകൾ നമ്മെ ചതിച്ചേക്കാം.
എന്താണ് ശിർക്ക്? ശിർക്കിന്റെ യാഥാർത്ഥ്യം ഇതാണ്:
(جمع غير الله مع الله فيما يختص به سبحانه) അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളിൽ അവനോടൊപ്പം മറ്റൊന്നിനെ കൂടി പങ്കുചേർക്കുക.
അല്ലാഹു സുബ്ഹാനഹു വതആലായ്ക്ക് മാത്രം പ്രത്യേകമായിട്ടുള്ള കാര്യങ്ങൾ പ്രധാനമായും മൂന്നെണ്ണമാണ്:
- തന്റെ സൃഷ്ടികളുടെ മേലുള്ള റുബൂബിയ്യത്ത് (الربوبية) അവന് മാത്രമുള്ളതാണ്. അവൻ മാത്രമാണ് സ്രഷ്ടാവും, ജീവൻ നൽകുന്നവനും, മരിപ്പിക്കുന്നവനും, ഉപജീവനം നൽകുന്നവനും, കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനും.
- തികഞ്ഞ പൂർണ്ണതയുടെയും മഹത്വത്തിന്റെയും വിശേഷണങ്ങളും (الصفات), ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങളും (الأسماء الحسنى) അവന് മാത്രമുള്ളതാണ്. അതിൽ അവന് യാതൊരു പങ്കുകാരുമില്ല.
- സൃഷ്ടികളുടെ മേൽ ആരാധിക്കപ്പെടാനുള്ള (العبادة) അർഹത അല്ലാഹുവിന് മാത്രമുള്ളതാണ്.
ഈ മൂന്ന് കാര്യങ്ങളാണ് അല്ലാഹു സുബ്ഹാനഹു വതആലായ്ക്ക് മാത്രം പ്രത്യേകമായിട്ടുള്ളത്. അതിനാൽ ഇതിൽ ഏതെങ്കിലും ഒന്നിൽ അല്ലാഹുവിനൊപ്പം മറ്റൊന്നിനെ പങ്കുചേർക്കുന്നവൻ മുശ്‌രിക്ക് (ശിർക്ക് ചെയ്യുന്നവൻ) ആയിത്തീരും. ഇതിൽനിന്ന് നിങ്ങൾക്ക് മനസ്സിലാക്കാം, തൗഹീദിന്റെ ഇനങ്ങൾ ഏതൊക്കെയോ അതിന് സമാന്തരമാണ് ശിർക്കിന്റെ ഇനങ്ങളും എന്ന്. തൗഹീദ് മൂന്നായി വിഭജിക്കപ്പെടുന്നു എന്ന് നമുക്കറിയാം: തൗഹീദുർ റുബൂബിയ്യ, തൗഹീദുൽ ഉലൂഹിയ്യ, തൗഹീദുൽ അസ്മാഇ വസ്സ്വിഫാത്. ഇതുപോലെ തന്നെയാണ് ശിർക്കും ഈ മൂന്ന് ഇനങ്ങളായി തിരിയുന്നത്: റുബൂബിയ്യത്തിലുള്ള ശിർക്ക്, ഉലൂഹിയ്യത്തിലുള്ള ശിർക്ക്, അസ്മാഉ വസ്സ്വിഫാത്തിലുള്ള ശിർക്ക്.
എന്നാൽ മുൻകാലങ്ങളിലും ആധുനിക കാലത്തും ഭൂമുഖത്ത് ഏറ്റവും കൂടുതലായി സംഭവിക്കുന്ന ശിർക്ക് ഉലൂഹിയ്യത്തിലുള്ള ശിർക്കാണ്. അതായത് ഇബാദത്തിലുള്ള ശിർക്ക്. പഴയകാലത്തും പുതിയ കാലത്തും മുശ്‌രിക്കുകൾ കൂടുതലും അകപ്പെട്ടിട്ടുള്ളത് ഇതിലാണ്. അല്ലാഹുവിന് നൽകേണ്ട ആരാധനകൾ അവർ മറ്റുള്ളവർക്ക് നൽകുകയും, അല്ലാഹുവിനെ മറ്റു സൃഷ്ടികളോട് സമമാക്കുകയും ചെയ്തു.
അല്ലാഹു പറയുന്നു:
ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ
“പിന്നെയും സത്യനിഷേധികള്‍ (മറ്റുള്ളവരെ) തങ്ങളുടെ രക്ഷിതാവിന് സമമാക്കുന്നു.” [6 – 1]
മുശ്‌രിക്കുകൾ നരകത്തിൽ കിടന്നുകൊണ്ട് പരസ്പരം തർക്കിക്കുന്ന അവരുടെ വാചകങ്ങളെ അല്ലാഹു ഖുർആനിൽ പരാമർശിക്കുന്നത് കാണുക:
تَاللَّهِ إِن كُنَّا لَفِي ضَلَالٍ مُّبِينٍ إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ
“അല്ലാഹുവാണെ സത്യം! തീര്‍ച്ചയായും ഞങ്ങള്‍ വ്യക്തമായ വഴിമുകേടില്‍ തന്നെയായിരുന്നു. നിങ്ങളെ ഞങ്ങള്‍ ലോകരക്ഷിതാവിനോട് സമമാക്കിയിരുന്ന സന്ദര്‍ഭത്തില്‍.” [26 – 97, 98]

