ഒന്നാമതായി തൗഹീദ്: പ്രബോധന രംഗത്തെ മുൻഗണനകളെക്കുറിച്ചുള്ള ചില ഓർമ്മപ്പെടുത്തലുകൾ

3 Min Read

ശൈഖ് അബ്ദുല്ല അൽ-ഉബൈലാൻ

സലഫി ദഅ്‌വത്തിലേക്ക് ചേർത്തുപറയപ്പെടുന്ന ഈ കാലഘട്ടത്തിലെ ചില പ്രഭാഷണങ്ങളും നിലപാടുകളും മൻഹജിലെയും ആരാധനകളിലെയും ബിദ്അത്തുകൾക്ക് വലിയ പ്രാധാന്യം നൽകുന്നത് ചിന്തിക്കേണ്ട ഒരു കാര്യമാണ്. അങ്ങനെ ദഅ്‌വത്തിന്റെ ഏറ്റവും വലിയ രംഗം ഇതാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കുന്ന അവസ്ഥവരെയെത്തി. അതേസമയം പലയിടങ്ങളിലും തൗഹീദിനെയും ശിർക്കിനെയും കുറിച്ചുള്ള ചർച്ചകൾ ദുർബലമായിക്കൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ പ്രവാചകന്മാർ നിയോഗിക്കപ്പെട്ട ദീനിന്റെ അടിസ്ഥാനം തന്നെ തൗഹീദാണ്; അല്ലാഹുവിനോട് ചെയ്യുന്ന ഏറ്റവും വലിയ പാപം ശിർക്കുമാണ്.

ബിദ്അത്തുകൾക്കെതിരെ മുന്നറിയിപ്പ് നൽകുക എന്നത് അഹ്‌ലുസ്സുന്നയുടെ അടയാളങ്ങളിൽ പെട്ടതാണ് എന്നതിലും, വ്യതിയാനങ്ങളിലേക്കുള്ള വലിയൊരു വാതിലാണ് ബിദ്അത്ത് എന്നതിലും യാതൊരു സംശയവുമില്ല. എന്നാൽ ബിദ്അത്തിനേക്കാൾ വലിയ അപകടം ശിർക്കാണെന്നും, പ്രവാചകന്മാർ അലൈഹിമുസ്സലാം നിയോഗിക്കപ്പെട്ടത് തന്നെ ശിർക്കിനെതിരെ മുന്നറിയിപ്പ് നൽകാനും അതിന് വിപരീതമായ തൗഹീദിലേക്ക് ക്ഷണിക്കാനുമാണെന്ന് ഖുർആനും സുന്നത്തും അറിയിക്കുന്നു.

ചിലരിലെങ്കിലും ഈ മാറ്റം (തൗഹീദിനെക്കുറിച്ചുള്ള ചർച്ച കുറയാൻ) ഉണ്ടായതിന്റെ ഒരു കാരണം അവരിലുള്ള തക്ഫീറിനെക്കുറിച്ചുള്ള (കാഫിറാക്കുന്നതിനെക്കുറിച്ചുള്ള) ഭയമാണ്. എന്നാൽ ഈ ജാഗ്രത, ശിർക്കിനെക്കുറിച്ചുള്ള ചർച്ചകളും മുന്നറിയിപ്പുകളും കുറക്കുന്നതിലേക്കോ, അല്ലെങ്കിൽ സത്യം വ്യക്തമാക്കാത്ത രൂപത്തിലുള്ള പൊതുവായ പ്രസ്താവനകളിൽ ഒതുക്കുന്നതിലേക്കോ അവരെ നയിച്ചു. സാധാരണക്കാർക്കിടയിൽ വ്യാപകമായിട്ടുള്ള ചില ശിർക്കുകൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതിൽ ചിലർക്ക് ദൗർബല്യം സംഭവിക്കാനുള്ള മറ്റൊരു കാരണം, അജ്ഞതയുടെ പേരിൽ ഇളവ് നൽകുക (അൽ-ഉദ്‌റു ബിൽ ജഹ്‌ൽ) എന്ന വിഷയത്തിലുള്ള അവരുടെ അമിതമായ ശ്രദ്ധയാണ്. ശിർക്കായ പ്രവൃത്തിയുടെ ഗൗരവം വ്യക്തമാക്കുന്നതിനേക്കാൾ, അത് ചെയ്യുന്ന വ്യക്തിയെ അറിവില്ലായ്മയുടെ പേരിൽ കുറ്റപ്പെടുത്താൻ പാടില്ല എന്നതിലും, കാഫിറാക്കാനുള്ള നിബന്ധനകൾ ഒത്തുവന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നതിലുമാണ് അവരുടെ ശ്രദ്ധ മുഴുവൻ.

അജ്ഞതയുടെ പേരിൽ ഇളവ് നൽകുക എന്നത് പണ്ഡിതന്മാർക്കിടയിൽ അതിന്റേതായ വിശദീകരണങ്ങളുള്ള മറ്റൊരു അധ്യായമാണ്. എങ്കിലും അത് ഒരിക്കലും ശിർക്കിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിലേക്കോ, അതിന്റെ അപകടം വ്യക്തമാക്കുന്നതിലുള്ള ശ്രദ്ധ കുറക്കുന്നതിലേക്കോ നയിക്കാൻ പാടില്ല. അതുകൊണ്ട് ശിർക്ക് ചെയ്യുന്നവർക്കുള്ള ഇളവുകളെക്കുറിച്ചുള്ള ചർച്ചകൾ ഒരിക്കലും തൗഹീദിലേക്കുള്ള പ്രബോധനത്തെയും ശിർക്കിനെതിരെയുള്ള മുന്നറിയിപ്പിനെയും മറികടക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ മതപരമായ മുൻഗണനാക്രമങ്ങളുടെ തുലാസ് തെറ്റിപ്പോകും.

ഹറകീ-ഹിസ്ബീ (രാഷ്ട്രീയ-കക്ഷിത്വ) പ്രസ്ഥാനങ്ങൾ തങ്ങളുടെ രാഷ്ട്രീയത്തിലും സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക പരിഷ്കരണങ്ങളിലും മുഴുകിയതുകൊണ്ട് തൗഹീദിന്റെ ഭാഗം അവഗണിച്ചുവെങ്കിൽ; നാം ദഅ്‌വത്തിലെ മറ്റു കാര്യങ്ങളിൽ മുഴുകിയതുകൊണ്ടോ അല്ലെങ്കിൽ തക്ഫീർ എന്ന വിഷയത്തിലുള്ള അമിതമായ ഭയം കൊണ്ടോ ശിർക്കിനെയും അതിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ചർച്ചകൾ കുറച്ചുകൊണ്ട് മറ്റൊരു രൂപത്തിലുള്ള വീഴ്ചയിൽ അകപ്പെടാൻ പാടില്ല.

മുഴുവൻ പ്രവാചകന്മാരുടെയും ദഅ്‌വത്ത് ആരംഭിച്ചത് തൗഹീദ് സ്ഥാപിച്ചുകൊണ്ടും ശിർക്കിനെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ടുമാണ്. അതൊരിക്കലും പണ്ഡിതന്മാർക്കും അറിവ് തേടുന്ന വിദ്യാർത്ഥികൾക്കും മാത്രമുള്ള ഒരു പ്രത്യേക ദഅ്‌വത്തായിരുന്നില്ല. മറിച്ച് അത് സമൂഹങ്ങൾക്കും ജനങ്ങൾക്കും സാധാരണക്കാർക്കും എല്ലാവർക്കുമുള്ള പൊതുവായ ഒരു സംബോധനയായിരുന്നു. എല്ലാ പരിശ്രമങ്ങളും ചെലവഴിക്കേണ്ട ഏറ്റവും വലിയ അടിസ്ഥാനമായി അത് നിലനിൽക്കുകയും ചെയ്യുന്നു. ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും അവരെ പഠിപ്പിക്കുമ്പോഴും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് തൗഹീദ് വ്യക്തമാക്കുന്നതിലും ശിർക്കിനെ പൊളിച്ചുകാണിക്കുന്നതിലുമാണ്.

പ്രവാചകന്മാർ അലൈഹിമുസ്സലാം തങ്ങളുടെ ജനതയോട് ഈ അടിസ്ഥാന കാര്യം ആവർത്തിച്ചു പറയുകയും അത് ധാരാളമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. എത്രത്തോളമെന്നാൽ, അവരുടെ ഈ നിരന്തരമായ ദഅ്‌വത്ത് കാരണം ജനങ്ങൾക്ക് മടുപ്പനുഭവപ്പെട്ടു. നൂഹ് നബിയുടെ ജനത പറഞ്ഞതുപോലെ: “അവർ പറഞ്ഞു: ഹേ നൂഹ്, നീ ഞങ്ങളോട് തർക്കിച്ചു; അങ്ങനെ തർക്കം നീട്ടിപ്പരത്തി.”സൂറത്ത് ഹൂദ്: 32 നൂഹ് നബി അലൈഹിസ്സലാം പറഞ്ഞു: “എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു.”സൂറത്ത് നൂഹ്: 5 വീണ്ടും അദ്ദേഹം പറഞ്ഞു: “പിന്നെയും അവരെ ഞാന്‍ ഉച്ചത്തില്‍ വിളിച്ചു. പിന്നീട് അവരോട് ഞാന്‍ പരസ്യമായും, വളരെ രഹസ്യമായും പ്രബോധനം ചെയ്തു.”സൂറത്ത് നൂഹ്: 8-9 ഈ ആവർത്തിച്ചുള്ള പ്രബോധനം ഒരിക്കലും സൂക്ഷ്മമായ കർമ്മശാസ്ത്ര മസ്അലകളിലോ പണ്ഡിതന്മാർക്ക് മാത്രമുള്ള പ്രത്യേക വിഷയങ്ങളിലോ ആയിരുന്നില്ല. മറിച്ച് അത് പ്രവാചകന്മാരെ അയക്കാനുള്ള കാരണമായ ഏറ്റവും വലിയ അടിസ്ഥാന കാര്യത്തിലായിരുന്നു; അതായത് അല്ലാഹുവിന് മാത്രം ആരാധനകൾ അർപ്പിക്കുക, ശിർക്കിനെതിരെ മുന്നറിയിപ്പ് നൽകുക എന്നതിൽ.

അതുകൊണ്ട് തൗഹീദിനെയും ശിർക്കിനെയും കുറിച്ച് ആവർത്തിച്ചു സംസാരിക്കുന്നത്, എല്ലാവർക്കും അറിയാവുന്ന കാര്യം വെറുതെ ആവർത്തിക്കുകയാണെന്ന് ചിന്തിക്കുന്നത് വലിയൊരു അബദ്ധമാണ്. മറിച്ച് പ്രവാചകന്മാർ അലൈഹിമുസ്സലാം തങ്ങളുടെ ജനതയോടുള്ള ദഅ്‌വത്തിൽ സ്വീകരിച്ച ഏറ്റവും മഹത്തായ മാർഗ്ഗമാണത്. അതിനാൽ തൗഹീദിന് നൽകുന്ന പ്രാധാന്യം കുറയുകയോ, ശിർക്കിനെതിരെയുള്ള മുന്നറിയിപ്പ് കുറയുകയോ, അല്ലെങ്കിൽ അതിനേക്കാൾ താഴെയുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകപ്പെടുകയോ ചെയ്യുന്ന ഏതൊരു ദഅ്‌വത്തും പ്രവാചകന്മാരുടെ മൻഹജിന്റെ വെളിച്ചത്തിൽ തങ്ങളുടെ മുൻഗണനാക്രമങ്ങളെ പുനഃപരിശോധിക്കേണ്ടതുണ്ട്. അല്ലാഹു ﷻ പ്രവാചകന്മാരെ അയക്കുകയും വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും ചെയ്ത ഈ മഹത്തായ അടിസ്ഥാനത്തേക്കാൾ മുൻഗണന നൽകപ്പെടാൻ അർഹതയുള്ള മറ്റൊന്നുമില്ല.

Share This Article
Leave a Comment