ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മിഡിൽ ഈസ്റ്റിലെയും ലോകത്തിലെ തന്നെയും പോസിറ്റീവ് ആയ ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വിശ്വാസിക്കാനാണിഷ്ടം. ഒരിരുപത് വർഷം മുൻപത്തെ അവസ്ഥയൊന്നാലോചിക്കുക; ലോക പൊലീസായ അമേരിക്കയ്ക്കും സയണിസ്റ്റ് ലോബിക്കും എതിരായ ഏതെങ്കിലുമൊരു ശക്തി ഉയർന്നു വരുന്നതിനെ പറ്റി ആലോചിക്കുന്നതിന് മുൻപു തന്നെ അവരതിനെ ഇല്ലായ്മ ചെയ്യുമായിരുന്നു. മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്താനുള്ള അതിർത്തികൾ വരച്ച ബ്രിട്ടീഷ് ചതി മുതൽ ലിബിയയും ഇറാഖും വരെ നാം കണ്ടത് അതുമാത്രമായിരുന്നു.
എണ്ണയും സമ്പത്തുമുള്ള മുസ്ലിം രാജ്യങ്ങൾ തങ്ങൾക്കെതിരെ തിരിയരുത്, തിരിയാൻ ശ്രമിച്ചാൽ സദ്ദാമിന്റെ ഗതിവരും എന്ന് ബോധ്യപ്പെടുത്താനാണ് ഇറാഖ് സംഭവിച്ചത്. ഇറാഖ് അധിനിവേശം ഇസ്രയേലിന്റെ ആവശ്യമായിരുന്നു. എന്നാൽ അത് അമേരിക്കയുടേയും മറ്റ് മുസ്ലിം രാജ്യങ്ങളുടെയും ആവശ്യമാക്കിത്തീർക്കാൻ അവർക്ക് സാധിച്ചു. ഇല്ലാത്ത കഥകൾ പറഞ്ഞ് ഇസ്രയേൽ ആഗ്രഹിച്ചത് അവിടെ നടത്തിയെടുത്തു. ഇറാഖ് എന്ന രാജ്യം തന്നെ തകർത്ത് തരിപ്പണമാക്കി..
എന്നാൽ കാലമൊരുപാട് മാറി. ഇപ്പോഴും ലോകത്തിന്റെ നിയന്ത്രണം അമേരിക്കക്ക് തന്നെയാണെങ്കിലും പുതിയ ശാക്തിക ചേരികൾ രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചൈനയും റഷ്യയും അമേരിക്കയുടെ ഡോളർ ആധിപത്യത്തിനെതിരെയടക്കം സമഗ്രമായ കർമ്മ പദ്ധതികൾ രൂപീകരിക്കുകയും കൂടുതൽ രാഷ്ട്രങ്ങളെ അതിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
പൂർണമായ അമേരിക്കൻ നിയന്ത്രിത ലോകക്രമത്തിൽ നിന്ന് ലോകം പതിയെയെങ്കിലും പുറത്തു കടന്നുതുടങ്ങിയ സമയത്താണ് പഴയ ഓർമ്മയിൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. അമേരിക്കൻ – സയണിസ്റ്റ് സഖ്യം ഒരു രാജ്യത്തെ അസ്ഥിരമാക്കണം , തകർക്കണം എന്ന് തീരുമാനിച്ചാൽ അത് നടന്നിരിക്കും എന്ന ഉറച്ച ബോധ്യത്തിലാണ് ആ ആക്രമണം എന്ന് അതിന്റെ പ്രഖ്യാപനമടക്കം ശ്രദ്ധിച്ചാൽ ബോധ്യമാകും. മുൻപത്തെ അവസ്ഥയായിരുന്നെങ്കിൽ ഇറാൻ ഭരണത്തെയടക്കം വലിച്ചെറിഞ്ഞ് പാവ സർക്കാർ രൂപീകരിച്ചല്ലാതെ ഇസ്രയേലും അമേരിക്കയും മടങ്ങില്ലായിരുന്നു.
പക്ഷെ കാര്യങ്ങൾ മാറിത്തുടങ്ങിയിരിക്കുന്നു എന്ന് ഇസ്രയേലിന് ബോധ്യപ്പെട്ടത് തിരിച്ചടികൾ കിട്ടിയപ്പോഴാണ്. ഇതുവരെയുള്ള യുദ്ധത്തിൽ കൂടുതൽ നാശനഷ്ടങ്ങളും ആൾനഷ്ടവും ഇറാന് തന്നെയാണെങ്കിലും ഉപരോധങ്ങൾ കൊണ്ട് ദുർബലാവസ്ഥയിലുള്ള ഇറാന് പോലും ഇത്ര മാരകമായി പ്രഹരിക്കാനാവുമെന്ന് ഇസ്രയേൽ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. അങ്ങനെയാണ് അമേരിക്കൻ പിന്തുണയ്ക്ക് വേണ്ടി യാചിക്കുന്നതും രക്ഷകനായി ബി-റ്റു ബോംബറുകൾ പാഞ്ഞെത്തുന്നതും.
മുൻപായിരുന്നെങ്കിൽ അമേരിക്ക ഇടപെട്ടാൽ ആ നാട് കുട്ടിച്ചോറാക്കിയിട്ടേ അടങ്ങുമായിരുന്നുള്ളൂ.. എന്നാൽ ഒഴിപ്പിച്ച ആണവകേന്ദ്രത്തിലേക്ക് ബസ്റ്റർ ബോംബുകളിട്ട് ലോകപൊലീസ് പണി അവസാനിപ്പിച്ചു. അമേരിക്കയെ നേരത്തെ അറിയിച്ചുള്ള ചില്ലറ പ്രതികരണങ്ങളുമായി ഇറാനും സൗഹൃദമത്സരം അവസാനിപ്പിച്ചു. പ്രതാപിയായ ലോകപോലീസിന്റെ ബേസുകൾ ആക്രമിക്കപ്പെട്ട ശേഷം ലോകത്താരും പ്രതീക്ഷിക്കാത്ത പ്രതികരണം വരുന്നു ; ‘അവസാനിപ്പിക്കാം!’.
ലോകക്രമം മാറുന്നത് അമേരിക്ക പോലും ഉൾകൊണ്ടിട്ടും ഇപ്പോഴും ആ അഹന്തയിൽ നിന്ന് പുറത്തുകടക്കാത്തത് ഇസ്രയേൽ മാത്രമാണ്. ഇപ്പോഴും ‘തിരഞ്ഞെടുക്കപ്പെട്ട ജനത’ സിൻഡ്രോമിൽ നിന്ന് അവർ പുറത്തു കടന്നിട്ടില്ല. ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷവും ഇസ്രയേൽ ടെഹ്‌റാൻ ആക്രമിച്ചു; ഇറാൻ തിരിച്ചും!
ഇവിടെയാണ് പ്രശ്നപരിഹാരത്തിനുള്ള വഴി എടുത്തുചാടലല്ല ; നയതന്ത്രവും മൾട്ടിപോളാർ ലോകക്രമത്തിന് വേണ്ടിയുള്ള ശ്രമവുമാണ് എന്ന ചിന്തക്ക് പ്രസക്തിയേറുന്നത്. പല ചെറിയ സായുധ സംഘങ്ങൾ മരിച്ചു പണിയെടുത്തിട്ടും ഇസ്രയേലിനെ ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും , റഷ്യൻ ചേരിയിലുള്ള ഇറാനെ നേരിട്ട് ഒന്ന് തൊട്ടപ്പോഴേക്ക് വിവരമറിഞ്ഞു. അഥവാ ലോകശക്തികളുടെ പരിപൂർണ പിന്തുണയോടെയും നയതന്ത്ര ശ്രമങ്ങളിലൂടെയുമല്ലാതെ ഇസ്രയേൽ എന്ന ഭീകരരാഷ്ട്രത്തിൽ നിന്ന് ന്യായമായ ഒന്നും നേടിയെടുക്കാനാവും എന്നത് ദിവാസ്വപ്നം മാത്രമാണ്. അതിനു ശക്തിയുടെ ഭാഷ മാത്രമേ മനസ്സിലാവൂ!
ഇറാന്റെ അത്രപോലും തയ്യാറെടുപ്പോ സന്നാഹങ്ങളോ ഇല്ലാത്ത അറബ് രാജ്യങ്ങൾ എടുത്തുചാടി യുദ്ധത്തിനിറങ്ങിയാൽ എന്ത് സംഭവിക്കുമെന്നത് സയണിസ്റ്റ് നിയന്ത്രിത ലോകക്രമത്തെ കുറിച്ച് അല്പമെങ്കിലും ധാരണയുള്ള ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. മൊത്തം മുസ്ലിം ലോകം ഗസ്സയാവുക മാത്രമായിരിക്കും ഫലം. അതിനപ്പുറം പുതിയ സമവാക്യങ്ങളുണ്ടാക്കുകയും നയതന്ത്ര ബന്ധങ്ങളിലൂടെ ഇസ്രയേൽ ഭീകരവിരുദ്ധ ചേരിക്കുള്ള ശ്രമം നടത്തുകയുമാണ് വേണ്ടത്. ഇപ്പോൾ അമേരിക്കൻ നിയന്ത്രണത്തിലുള്ള മിഡിൽ ഈസ്റ്റിന് പതിയെയെങ്കിലും അതിനുള്ള ശ്രമം നടത്താൻ സാധിച്ചില്ലെങ്കിൽ അത് ഫലസ്തീൻ ജനതയോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും. പ്രധാന അറബ് രാജ്യങ്ങളും തുർക്കിയും പോലും ബ്രിക്സിൽ ചേരാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലായിരുന്നു. അറബ് നയതന്ത്രത്തിന്റെ ഫലമായി നോർവേ, അയർലണ്ട് , സ്‌പെയിൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീൻ വിഷയത്തിലെടുക്കുന്ന നിലപാടുകൾ ആശാവഹമാണ്.
ഒരുഭാഗത്ത് ഇറാൻ – ഇസ്രയേൽ വെടിയും പുകയും നടക്കുമ്പോഴും ഗസ്സ വംശഹത്യ ഒരു തടസ്സവുമില്ലാതെ തുടരുകയാണ്. ഇന്നലെ രാത്രി മാത്രം ഭക്ഷണത്തിനായി ക്യൂ നിന്ന 22 പേരെയാണ് ഭീകരസേന വെടിവെച്ചുകൊന്നത്. ഗസ്സ ചിരിക്കാതെ ; ഗസ്സയുടെ ചിരി മുഖ്യ അജണ്ടയാകാതെ ഏത് സൗഹൃദമത്സരങ്ങളും വ്യർഥം മാത്രമാണ്!!


