ആറാം നിയമം: ആരാധനാ കർമ്മങ്ങളിലെ അടിസ്ഥാന വിധി അത് നിഷിദ്ധമാണ് എന്നതാണ്

5 Min Read

الأَصْلُ فِي الْعِبَادَةِ الْحَظْرُ فَلاَ يُشْرَعُ مِنْهَا إِلاَّ مَا شَرَعَهُ اللهُ وَرَسُوْلُهُ, وَاْلأَصْلُ فِي الْعَادَاتِ اْلإِبَاحَةُ فَلاَ يَحْرُمُ مِنْهَا إِلاَّ مَا حَرَّمَهُ اللهُ وَرَسُوْلُهُ

ആരാധനാ കർമ്മങ്ങളിലെ അടിസ്ഥാന വിധി അത് നിഷിദ്ധമാണ് എന്നതാണ്; അതിനാൽ അല്ലാഹുവും അവന്റെ റസൂലും നിയമമാക്കിയതല്ലാതെ അതിൽ യാതൊന്നും നിയമമാക്കപ്പെടുന്നതല്ല. എന്നാൽ ഭൗതികമായ കാര്യങ്ങളിലെ അടിസ്ഥാന വിധി അത് അനുവദനീയമാണ് എന്നതാണ്; അതിനാൽ അല്ലാഹുവും അവന്റെ റസൂലും നിഷിദ്ധമാക്കിയതല്ലാതെ അതിൽ യാതൊന്നും നിഷിദ്ധമാക്കപ്പെടുന്നതല്ല.

മഹത്തായ ഈ നിയമം പ്രധാനപ്പെട്ട രണ്ട് നിയമങ്ങളെ ഉൾക്കൊള്ളുന്നു. ഇമാം അഹ്‌മദും മറ്റ് ഇമാമുകളും ഈ നിയമം വ്യക്തമാക്കിയിട്ടുണ്ട്. ഖുർആനിൽ നിന്നും ഹദീസിൽ നിന്നുമുള്ള പ്രമാണങ്ങൾ ഇതിന് പിൻബലമേകുന്നു. ഒന്നാമത്തെ നിയമത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:

أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ

അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? [സൂറത്ത് അശ്ശൂറാ – 21]

രണ്ടാമത്തെ നിയമത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:

هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ جَمِيعًا

അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചു തന്നവൻ. [സൂറത്ത് അൽ ബഖറഃ – 29]

അതായത്, ഉപകാരപ്രദമായ മുഴുവൻ കാര്യങ്ങളും അല്ലാഹു അനുവദനീയമാക്കിയിരിക്കുന്നു. മനുഷ്യർക്ക് ഉപദ്രവകരമായത് കാരണം ശരീഅത്തിൽ വിലക്കപ്പെട്ടവ ഒഴികെയുള്ള എല്ലാ കാര്യങ്ങളെയും അല്ലാഹു പൂർണ്ണമായി അനുവദനീയമാക്കിയിരിക്കുന്നു.

അപ്രകാരം തന്നെ അല്ലാഹു പറയുന്നു:

قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ ۚ قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ

(നബിയേ,) പറയുക: അല്ലാഹു തന്റെ ദാസന്മാർക്ക് വേണ്ടി ഉൽപാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും നല്ല ഭക്ഷണപദാർത്ഥങ്ങളും നിഷിദ്ധമാക്കിയതാര്‌? പറയുക: അവ ഐഹികജീവിതത്തിൽ സത്യവിശ്വാസികൾക്കുള്ളതാണ്‌. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്ക് മാത്രമുള്ളതുമാണ്‌. [സൂറത്ത് അൽ അഅ്റാഫ് – 32]

അല്ലാഹു തന്റെ അടിമകൾക്ക് വേണ്ടി സൃഷ്ടിച്ച ഭക്ഷണപാനീയങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയെ നിഷിദ്ധമാക്കുന്ന ആളുകളുടെ പ്രവർത്തിയെ ഈ ആയത്തിൽ അല്ലാഹു വിമർശിച്ചിരിക്കുന്നു (എതിർത്തിരിക്കുന്നു).

ഈ വിഷയത്തിൽ, ആ രണ്ട് നിയമങ്ങളുടെയും അസ്തിത്വം ഇപ്രകാരം വിശദീകരിക്കാവുന്നതാണ്: അല്ലാഹു നിർബന്ധമായോ സുന്നത്തായോ കൽപ്പിച്ച കാര്യങ്ങളാണ് ആരാധനയുടെ (ഇബാദത്തിന്റെ) യാഥാർത്ഥ്യം. അതിനാൽ അല്ലാഹുവും അവന്റെ റസൂലും നിർബന്ധമാക്കിയതോ സുന്നത്താക്കിയതോ ആയ ഓരോ കാര്യവും അല്ലാഹുവിനെ ആരാധിക്കാനും അനുസരിക്കാനും വേണ്ടിയുള്ള ഇബാദത്തുകളിൽ ഉൾപ്പെടുന്നതാണ്. അതുകൊണ്ട്, ഖുർആനിലും സുന്നത്തിലും തെളിവില്ലാത്ത ഒരു കർമ്മം നിർബന്ധമാണെന്നോ സുന്നത്താണെന്നോ ആരെങ്കിലും വാദിച്ചാൽ, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത ഒരു കാര്യം അവൻ മതത്തിൽ പുതുതായി ഉണ്ടാക്കിയിരിക്കുന്നു; മാത്രമല്ല, ആ കർമ്മം അത് ചെയ്തവന്റെ മേൽ തള്ളപ്പെടുന്നതുമാണ് (റദ്ദ് ചെയ്യപ്പെടുന്നതാണ്). റസൂലുല്ലാഹി ﷺ അരുളിയതുപോലെ:

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ

നമ്മുടെ കൽപ്പനയില്ലാത്ത വല്ല കർമ്മവും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടുന്നതാണ്. [ഇമാം മുസ്‌ലിം അദ്ദേഹത്തിന്റെ സ്വഹീഹിൽ അൽ അഖ്‌ദിയ്യഃ എന്ന കിതാബിൽ ബാബ്: നഖ്ദുൽ അഹ്കാമിൽ ബാത്വിലഃ (നമ്പർ 1718) ൽ ഈ പദങ്ങളോടെ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ‘നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിൽ പെടാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാണ്’ എന്ന പദങ്ങളോടെ ബുഖാരിയും മുസ്‌ലിമും ഇത് യോജിച്ചു റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് (മുത്തഫഖുൻ അലൈഹി) – ബുഖാരി അസ്സുൽഹ് എന്ന കിതാബിൽ ബാബ്: ഇദാ ഇസ്ത്വലഹൂ അലാ അംരിൻ ജൗർ (നമ്പർ 2697), മുസ്‌ലിം മുകളിൽ സൂചിപ്പിച്ച അതേ സ്ഥാനത്ത്]

മുൻപത്തെ നിയമത്തിൽ വിശദീകരിച്ചതുപോലെ, ആരാധനാ കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നതിനുള്ള നിബന്ധന, അത് അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമായി ചെയ്യുകയും, റസൂലുല്ലാഹി ﷺ യുടെ സുന്നത്തിന് അനുസൃതമായി നിർവ്വഹിക്കപ്പെടുകയും ചെയ്യുക എന്നതാണ്.

ഈ മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്ന ബിദ്അത്തുകളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്; അവയിൽ ചിലത് അല്ലാഹുവും അവന്റെ റസൂലും യാതൊരു വിധത്തിലും നിയമമാക്കിയിട്ടില്ലാത്ത കാര്യങ്ങളായിരിക്കും. എന്നാൽ മറ്റുചിലത്, അല്ലാഹുവും അവന്റെ റസൂലും ഒരു പ്രത്യേക രൂപത്തിലോ, സമയത്തിലോ, സ്ഥലത്തിലോ നിയമമാക്കിയവയായിരിക്കും; എന്നിട്ട് ആ വ്യവസ്ഥകൾക്ക് വിരുദ്ധമായി അത് നിർവ്വഹിക്കപ്പെടുന്നു.

ഉദാഹരണത്തിന്, ഖുർആനിലോ സുന്നത്തിലോ യാതൊരു തെളിവുമില്ലാതെ ഒരു പ്രത്യേക നമസ്കാരമോ നോമ്പോ നിർബന്ധമാണെന്ന് ഒരാൾ വാദിക്കുന്നത് പോലെ. അല്ലെങ്കിൽ അറഫയിലെ വുഖൂഫ് നിർവ്വഹിക്കുന്നതിൽ ഒരാൾ പുതുതായി ബിദ്അത്ത് ഉണ്ടാക്കുന്നത് പോലെ. അല്ലെങ്കിൽ ജംറയിലെ കല്ലേറ് അതിന്റെ സമയമല്ലാത്തപ്പോൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് പോലെ. അതുപോലെ തന്നെ, അല്ലാഹുവിൽ നിന്നുള്ള യാതൊരു മാർഗ്ഗദർശനവുമില്ലാതെയും ശർഇയ്യായ യാതൊരു തെളിവുമില്ലാതെയും, ഒരു പ്രത്യേക സമയത്തോ സ്ഥലത്തോ ആരാധന നിർവ്വഹിക്കൽ സുന്നത്താണെന്ന് വാദിക്കുന്നവനും അപ്രകാരം തന്നെയാണ്. അല്ലാഹു തന്റെ അടിമകളോട് ഏറ്റവും വലിയ യുക്തിമാനാകുന്നു; അതിനാൽ അവന്റെ നിയമമല്ലാതെ മനുഷ്യർക്ക് അനുയോജ്യമായ മറ്റൊരു നിയമവുമില്ല, അവന്റെ മതമല്ലാതെ ശരിയായ മറ്റൊരു മതവുമില്ല.

എന്നാൽ ഭൗതിക കാര്യങ്ങളായ ഭക്ഷണം, പാനീയം, വസ്ത്രം, തൊഴിൽ, വ്യവസായം, അതുപോലുള്ളവയെല്ലാം അടിസ്ഥാനപരമായി അനുവദനീയമാണ്. അല്ലാഹുവും അവന്റെ റസൂലും നിഷിദ്ധമാക്കാത്ത ഇത്തരം കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ഹറാമാണെന്ന് ആരെങ്കിലും വാദിച്ചാൽ അവൻ ബിദ്അത്ത് ഉണ്ടാക്കുന്നവനാകുന്നു. അത്തരം വ്യക്തിയുടെ ഈ പ്രവർത്തി, അല്ലാഹുവും അവന്റെ റസൂലും അനുവദനീയമാക്കിയ ചില ഭക്ഷണങ്ങളെ തങ്ങൾക്ക് നിഷിദ്ധമാക്കിയിരുന്ന മുശ്‌രിക്കുകളുടെ പ്രവർത്തിക്ക് സമാനമാണ്.

അതുപോലെ തന്നെയാണ്, നിഷിദ്ധമാക്കാൻ യാതൊരു തെളിവുമില്ലാതെ വിവിധതരം വ്യവസായങ്ങളെയും പുതിയ കണ്ടുപിടുത്തങ്ങളെയും ഹറാമാക്കുന്ന ആളുകളുടെ പ്രവർത്തിയും. അങ്ങനെ ചെയ്യുന്നവൻ വഴിപിഴച്ചവരും അറിവില്ലാത്തവരുമായ ആളുകളിൽ ഉൾപ്പെടുന്നതാണ്.

ഈ ഭൗതിക കാര്യങ്ങളുമായി (ആദാത്ത്) ബന്ധപ്പെട്ട്, അവയിൽ ഹറാമായവ ഏതൊക്കെയെന്ന് ഖുർആനിലും സുന്നത്തിലും വിശദമായി പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു:

وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ

… നിങ്ങൾക്ക് നിഷിദ്ധമാക്കിയത് ഏതെല്ലാമെന്ന് അവൻ നിങ്ങൾക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ… [സൂറത്ത് അൽ അൻആം – 119]

മോശമായതും ഉപദ്രവകരമായതുമല്ലാതെ യാതൊന്നും അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ല എന്നത് ഈ വിഷയത്തിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട്, ഹറാമായ കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും പരിശോധിച്ചാൽ, അത് ഹൃദയത്തിനോ ശരീരത്തിനോ മതത്തിനോ ഇഹലോകത്തിനോ മോശമായതും ഉപദ്രവം വരുത്തുന്നതുമാണെന്ന് അവന് കണ്ടെത്താൻ സാധിക്കും.

അതിനാൽ, നമുക്ക് ഉപദ്രവകരമായ കാര്യങ്ങൾ അല്ലാഹു നിഷിദ്ധമാക്കി എന്നത് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അതുപോലെ, നമുക്ക് പ്രയോജനം നൽകുന്ന കാര്യങ്ങൾ അവൻ അനുവദനീയമാക്കി എന്നതും അവന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഉൾപ്പെടുന്നു.

ഈ രണ്ട് നിയമങ്ങൾക്കും വളരെ വലിയ പ്രയോജനങ്ങളുണ്ട്. ആരാധനകളുമായും ഭൗതിക കാര്യങ്ങളുമായും ബന്ധപ്പെട്ട ബിദ്അത്തുകളെ തിരിച്ചറിയാൻ ഈ നിയമങ്ങളിലൂടെ ഒരാൾക്ക് സാധിക്കും. അതുകൊണ്ട്, ശരീഅത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു ആരാധനാ കർമ്മം മതത്തിൽ നിയമമാക്കപ്പെട്ടതാണെന്ന് ആരെങ്കിലും വാദിച്ചാൽ അവൻ ബിദ്അത്ത് ഉണ്ടാക്കുന്നവനാണ്. അതുപോലെ, അല്ലാഹു നിഷിദ്ധമാക്കാത്ത ഒരു ഭൗതിക കാര്യത്തെ (ആദത്തിനെ) ആരെങ്കിലും ഹറാമാക്കിയാൽ അവനും ബിദ്അത്ത് ഉണ്ടാക്കുന്നവനാകുന്നു.

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

അവലംബം: ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദി രചിച്ച ‘അൽ ഖവാഇദു വൽ ഉസ്വൂലുൽ ജാമിഅ വൽ ഫുറൂഖു വത്തഖാസീമുൽ ബദീഅത്തുന്നാഫിഅ’

Share This Article
Leave a Comment