ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം
സമ്പൂർണ്ണ മനുഷ്യരാശിക്കും സന്മാർഗ്ഗവും സത്യമതവും നൽകിക്കൊണ്ട് അല്ലാഹു തന്റെ റസൂലിനെ നിയോഗിച്ചിരിക്കുന്നു. അവിടുന്ന് ﷺ കൊണ്ടുവന്ന ഈ രിസാലത്ത് അന്ത്യനാൾ വരെ നിലനിൽക്കുന്നതാണ്. മുഴുവൻ സൃഷ്ടികൾക്കും ഇഹലോകത്തും പരലോകത്തും വിജയം കൈവരിക്കുന്നതിനുള്ള മാർഗ്ഗദർശനമായിക്കൊണ്ടാണ് അല്ലാഹു ഈ രിസാലത്ത് അവതരിപ്പിച്ചത്. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
وَمَآ اَرْسَلْنٰكَ اِلَّا رَحْمَةً لِّلْعٰلَمِيْنَ
(നബിയേ,) ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. [സൂറത്ത് അൽ അമ്പിയാഅ് – 107]
റസൂലുല്ലാഹി ﷺ തന്റെ രക്ഷിതാവിന്റെ രിസാലത്ത് എത്തിച്ചുകൊടുക്കുകയും, തന്റെ മൻഹജിലൂടെ (പാതയിലൂടെ) സഞ്ചരിക്കാൻ മുസ്‌ലിംകളോട് കൽപ്പിക്കുകയും ചെയ്തു. അല്ലാഹുവിന് ഇബാദത്ത് ചെയ്യാനും, അല്ലാഹുവിന്റെ ശരീഅത്തിലൂടെ സഞ്ചരിക്കാനും സമുദായത്തെ നയിക്കുന്ന ദഅ്‌വത്താണ് പ്രവാചകന്മാരുടെ ദൗത്യം. അല്ലാഹു പറയുന്നു:
وَلَقَدْ بَعَثْنَا فِيْ كُلِّ اُمَّةٍ رَّسُوْلًا اَنِ اعْبُدُوا اللّٰهَ وَاجْتَنِبُوا الطَّاغُوْتَۚ
തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി). [സൂറത്ത് അന്നഹ്ൽ – 36]
റസൂലുല്ലാഹി ﷺ യെ ഏൽപ്പിച്ച ദൗത്യവും അതുതന്നെയാണ്. അല്ലാഹുവിന്റെ ഈ വചനത്തിൽ പറയുന്നതുപോലെ:
يٰٓاَيُّهَا النَّبِيُّ اِنَّآ اَرْسَلْنٰكَ شَاهِدًا وَّمُبَشِّرًا– وَّنَذِيْرًاۙ وَّدَاعِيًا اِلَى اللّٰهِ بِاِذْنِهٖ وَسِرَاجًا مُّنِيْرًا
നബിയേ, തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയും, സന്തോഷവാർത്ത അറിയിക്കുന്നവനും, താക്കീതുകാരനുമായിക്കൊണ്ട് അയച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവനിലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്. [സൂറത്ത് അൽ അഹ്‌സാബ് – 45-46]
ദഅ്‌വത്ത് നടത്താനും അത് നിരന്തരം തുടരാനുമുള്ള ഈ കൽപ്പന വിശുദ്ധ ഖുർആനിൽ പലതവണ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു:
وَادْعُ اِلٰى رَبِّكَۗ اِنَّكَ لَعَلٰى هُدًى مُّسْتَقِيْمٍ
നിന്റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിച്ചുകൊള്ളുക. തീർച്ചയായും നീ നേരായ സന്മാർഗ്ഗത്തിലാകുന്നു. [സൂറത്ത് അൽ ഹജ്ജ് – 67]
അല്ലാഹു വീണ്ടും പറയുന്നു:
قُلْ اِنَّمَآ اُمِرْتُ اَنْ اَعْبُدَ اللّٰهَ وَلَآ اُشْرِكَ بِهٖ ۗاِلَيْهِ اَدْعُوْا وَاِلَيْهِ مَاٰبِ
പറയുക: അല്ലാഹുവെ ഞാൻ ആരാധിക്കണമെന്നും അവനോട് ഞാൻ പങ്കുചേർക്കരുതെന്നും മാത്രമാണ് എനിക്ക് കൽപന ലഭിച്ചിട്ടുള്ളത്. അവനിലേക്കാണ് ഞാൻ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെയാണ് എന്റെ മടക്കവും. [സൂറത്ത് അർറഅ്ദ് – 36]
മനുഷ്യർക്ക് അല്ലാഹുവിന്റെ സന്മാർഗ്ഗം എത്തിച്ചുകൊടുക്കുക എന്ന ദഅ്‌വത്തിന്റെ ദൗത്യം, പ്രവാചകന്മാർ അവരുടെ അനുയായികൾക്ക് നൽകിയ വസിയ്യത്ത് കൂടിയാണ്. മുആദ് ബിൻ ജബൽ رَضِيَ اللَّهُ عَنْهُ വിനോട് റസൂലുല്ലാഹി ﷺ അരുളിയതുപോലെ:
إِنَّكَ تَأْتِي قَوْمًا أَهْلَ كِتَابٍ فَلْيَكُنْ أَوَّلَ مَا تَدْعُوْهُمْ إِلَيْهِ شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ
തീർച്ചയായും നീ വേദക്കാരിൽ പെട്ട ഒരു ജനതയുടെ അടുത്തേക്കാണ് ചെല്ലുന്നത്. അതിനാൽ, അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), ഞാൻ അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കാനായിരിക്കണം നീ അവരെ ആദ്യമായി ക്ഷണിക്കേണ്ടത്. [മുത്തഫഖുൻ അലൈഹി]
പൊതുവായി മുഴുവൻ മനുഷ്യരോടും ഈ ദൗത്യം ഏറ്റെടുത്ത് നിർവ്വഹിക്കാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
وَلْتَكُنْ مِّنْكُمْ اُمَّةٌ يَّدْعُوْنَ اِلَى الْخَيْرِ
നന്മയിലേക്ക് ക്ഷണിക്കുന്ന ഒരു സമുദായം നിങ്ങളിൽ നിന്നുണ്ടായിരിക്കട്ടെ. [സൂറത്ത് ആലു ഇംറാൻ – 104]
അതിനാൽ, റസൂലുല്ലാഹി ﷺ യുടെ ഓരോ അനുയായിയും, ഈമാനിലേക്കും തൗഹീദിലേക്കും ക്ഷണിക്കുന്നതിലും, അല്ലാഹുവിന്റെ ശരീഅത്ത് പ്രവർത്തിക്കാൻ ക്ഷണിക്കുന്നതിലും അവിടുത്തെ ﷺ മാതൃകയാക്കേണ്ടതുണ്ട്. നമ്മുടെ ആയുസ്സ് വിനിയോഗിക്കുന്നതിൽ വെച്ച് ഏറ്റവും ഉത്തമമായ കാര്യം അല്ലാഹുവിലേക്ക് അടുക്കലും, മനുഷ്യരെ അല്ലാഹുവിന്റെ മതത്തിലേക്ക് ക്ഷണിക്കുന്ന ദഅ്‌വത്തിന്റെ വിഷയത്തിലും അല്ലാഹുവിനെ അനുസരിക്കുന്നതിലും നമ്മുടെ മഹാനായ നബി മുഹമ്മദ് ﷺ യുടെ മാർഗ്ഗദർശനം പിൻപറ്റിക്കൊണ്ട് അല്ലാഹുവിന് ഇബാദത്ത് ചെയ്യലുമാണ്. അതുപോലെ, അല്ലാഹുവിനെ അനുസരിക്കുന്ന കാര്യങ്ങളിൽ ജനങ്ങളെ സഹായിക്കലും, പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അവരെ സഹായിക്കലുമാണത്.
ചിന്തിക്കാനുള്ള ചില കാര്യങ്ങൾ
മുകളിലെ വിശദീകരണങ്ങളിൽ നിന്ന്, ദഅ്‌വത്ത് എത്രത്തോളം മഹത്തായതും പ്രധാനപ്പെട്ടതുമാണെന്ന് നാം മനസ്സിലാക്കി. എങ്കിലും ചിലപ്പോഴൊക്കെ അത് നടപ്പിലാക്കുന്നതിൽ തടസ്സങ്ങൾ നേരിടാറുണ്ട്. നമ്മുടെ കഴിവിനനുസരിച്ച് ദഅ്‌വത്ത് നിർവ്വഹിക്കാൻ നമുക്ക് പ്രേരണ നൽകുന്ന, നാം ചിന്തിക്കേണ്ട ചില കാര്യങ്ങൾ താഴെ നൽകുന്നു:
ഒന്നാമതായി: അന്ധകാരങ്ങളിൽ നിന്ന് അല്ലാഹുവിന്റെ സന്മാർഗ്ഗത്തിലേക്ക് മനുഷ്യരെ നയിക്കാൻ പരിശ്രമിക്കുക എന്നതാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഉത്തമവും ഉന്നതവുമായ കർമ്മം. അതുകൊണ്ടുതന്നെ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ദഅ്‌വത്ത് നടത്തുന്ന ഒരു ദാഈയുടെ (പ്രബോധകന്റെ) വാക്കാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഉത്തമമായ വാക്ക്. അല്ലാഹു പറയുന്നു:
وَمَنْ اَحْسَنُ قَوْلًا مِّمَّنْ دَعَآ اِلَى اللّٰهِ وَعَمِلَ صَالِحًا وَّقَالَ اِنَّنِيْ مِنَ الْمُسْلِمِيْنَ
അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാൾ വിശിഷ്ടമായ വാക്കുകൾ പറയുന്നവൻ ആരുണ്ട്? [സൂറത്ത് ഫുസ്സ്വിലത്ത് – 33]
ഒരു ദാഈ മുഖേന സന്മാർഗ്ഗം ലഭിച്ച ഒരാൾ ചെയ്യുന്ന ഏതൊരു സൽകർമ്മത്തിനും, ആ കർമ്മം ചെയ്ത ആളുടെ പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയാതെ തന്നെ ദാഈക്കും എപ്പോഴും അതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. റസൂലുല്ലാഹി ﷺ അരുളി:
مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ
വല്ലവനും ഒരു നന്മയിലേക്ക് വഴികാണിച്ചാൽ ആ നന്മ പ്രവർത്തിച്ചവന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം അവനുമുണ്ട്. [സഹീഹ് മുസ്‌ലിം]
അവിടുന്ന് ﷺ വീണ്ടും അരുളി:
مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُوْرِ مَنْ تَبِعَهُ لاَ يَنْقُصُ مِنْ أُجُوْرِهِم شَيْئًا
ആരെങ്കിലും ഒരു സന്മാർഗ്ഗത്തിലേക്ക് ക്ഷണിച്ചാൽ, അവനെ പിൻപറ്റിയവർക്ക് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം അവനുമുണ്ട്; അത് അവരുടെ പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയ്ക്കുകയില്ല. [സഹീഹ് മുസ്‌ലിം]
തന്റെ ദഅ്‌വത്തിൽ നിന്ന് ഒരു ദാഈ കരസ്ഥമാക്കുന്നത് ഇഹലോകത്തെ അലങ്കാരങ്ങളെക്കാൾ ഉത്തമമാണ്. നബി ﷺ അരുളിയതുപോലെ:
فَوَاللهِ لِأَنْ يَهْدِيَ اللهُ بِكَ رَجُلاً وَاحِدًا خَيْرٌ لَكَ مِنْ حُمُرِ النَّعَمِ
അല്ലാഹുവാണെ സത്യം, നീ മുഖേന ഒരാൾക്കെങ്കിലും അല്ലാഹു സന്മാർഗ്ഗം നൽകുക എന്നത്, (വിലപിടിപ്പുള്ള) ചുവന്ന ഒട്ടകങ്ങൾ നിനക്ക് ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ്. [സഹീഹ് ബുഖാരി, സഹീഹ് മുസ്‌ലിം]
രണ്ടാമതായി: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ദഅ്‌വത്തിൽ വാക്ചാതുര്യമോ വാക്കുകൾ മനോഹരമായി അവതരിപ്പിക്കാനുള്ള വൈദഗ്ധ്യമോ ഒരു നിബന്ധനയല്ല. തന്റെ സമുദായത്തിന് കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുന്നതിൽ മൂസാ നബി (അ) പ്രയാസം അനുഭവിച്ചിരുന്നു. അങ്ങനെ അദ്ദേഹം അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിച്ചു:
وَاحْلُلْ عُقْدَةً مِّنْ لِّسَانِيْ– يَفْقَهُوْا قَوْلِيْ ۖ
എന്റെ നാവിലെ കെട്ട് നീ അഴിച്ചുതരികയും ചെയ്യേണമേ. എങ്കിൽ അവർ എന്റെ വാക്ക് മനസ്സിലാക്കുന്നതാണ്. [സൂറത്ത് ത്വാഹാ – 27, 28]
എന്നാൽ, മൂസാ നബിയെക്കാൾ വളരെ മികച്ച രീതിയിൽ സംസാരിക്കുന്നവനായിരുന്നു ഫിർഔൻ. അല്ലാഹു അത് വിവരിക്കുന്നത് ഇങ്ങനെയാണ്:
اَمْ اَنَا۠ خَيْرٌ مِّنْ هٰذَا الَّذِيْ هُوَ مَهِيْنٌ ەۙ وَّلَا يَكَادُ يُبِيْنُ
അതല്ല, നിന്ദ്യനായിട്ടുള്ളവനും, വ്യക്തമായി സംസാരിക്കാൻ കഴിയാത്തവനുമായ ഇവനേക്കാൾ ഉത്തമൻ ഞാനല്ലേ? (എന്ന് ഫിർഔൻ പറഞ്ഞു). [സൂറത്ത് അസ്സുഖ്‌റുഫ് – 52]
എന്നിട്ടും, ഈയൊരവസ്ഥ തന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചുകൊടുക്കുന്നതിൽ നിന്ന് മൂസാ നബിയെ തടഞ്ഞില്ല. അതിനാൽ തന്നെ, നബി മുഹമ്മദ് ﷺ യുടെ സമുദായത്തിന് ശേഷം ഏറ്റവും കൂടുതൽ അനുയായികളുള്ള രണ്ടാമത്തെ സമുദായമാണ് മൂസാ നബിയുടെ അനുയായികൾ. അതുകൊണ്ട്, താങ്കൾക്ക് ലഭിച്ചിട്ടുള്ള അറിവ് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുക! സംസാരിക്കാനുള്ള കഴിവിനെ സംബന്ധിച്ചിടത്തോളം, അത് താങ്കളുടെ കഴിവിനനുസരിച്ച് മതിയാകും. മറ്റുള്ളവർക്ക് നന്മ എത്തിച്ചുകൊടുക്കുന്നതിൽ നിങ്ങളുടെ ലജ്ജ ഒരിക്കലും ഒരു തടസ്സമാകരുത്. കാരണം, അല്ലാഹു പറയുന്നു:
وَلَا نُكَلِّفُ نَفْسًا اِلَّا وُسْعَهَاۖ
ഒരാളോടും അയാളുടെ കഴിവിലുപരിയായി നാം നിർബന്ധിക്കുകയില്ല. [സൂറത്ത് അൽ മുഅ്മിനൂൻ – 62]
മൂന്നാമതായി: അല്ലാഹു തന്റെ അടിമകളോട് കാണിച്ച കാരുണ്യത്തിന്റെ അടയാളങ്ങളിൽ ഒന്നാണ്, അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ദഅ്‌വത്ത് എന്നത് മിമ്പറുകളിൽ വെച്ചുള്ള ഉപദേശങ്ങളിലോ അല്ലെങ്കിൽ പ്രത്യേക സദസ്സുകളിലോ മാത്രമായി ചുരുക്കപ്പെട്ടിട്ടില്ല എന്നത്. മറ്റൊരാൾ രഹസ്യമായി ചെയ്യുന്ന ഒരു പാപത്തെ ഒരാൾ വെറുക്കുകയോ എതിർക്കുകയോ ചെയ്യുന്നത് ദഅ്‌വത്തിൽ ഉൾപ്പെടുന്നു. മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഉപദേശിക്കുന്നതും അല്ലാഹുവിലേക്ക് അടുക്കാൻ സഹായിക്കുന്ന ദഅ്‌വത്താണ്. ഒരു നന്മയ്ക്ക് വേണ്ടി പണം ചെലവഴിക്കുന്നതും, മറ്റുള്ളവരെ ദഅ്‌വത്ത് നടത്താൻ സഹായിക്കുന്നതും ദഅ്‌വത്ത് തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ, സമൂഹത്തിലെ വിവിധ തുറകളിലുള്ള എല്ലാവരും തന്നെ, അവരുടെ പണം കൊണ്ടോ, പേന കൊണ്ടോ, നാവുകൊണ്ടോ ജനങ്ങളെ അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്ന ദാഈമാരുടെ ഗണത്തിലാണ്.
നാലാമതായി: നമ്മുടെ കുടുംബത്തെയും, ചുറ്റുമുള്ളവരെയും, അല്ലാഹുവിന്റെ മുഴുവൻ അടിമകളെയും ദഅ്‌വത്ത് ചെയ്യുമ്പോൾ, ദഅ്‌വത്തിൽ പ്രവാചകന്മാർ സ്വീകരിച്ച അതേ പാത നാം പിന്തുടരേണ്ടതുണ്ട്. ഋജുവായ അഖീദയിലേക്കുള്ള ക്ഷണമായിരുന്നു അവരുടെ ദഅ്‌വത്തിന്റെ തുടക്കം. അല്ലാഹു പറയുന്നു:
وَمَآ اَرْسَلْنَا مِنْ قَبْلِكَ مِنْ رَّسُوْلٍ اِلَّا نُوْحِيْٓ اِلَيْهِ اَنَّهٗ لَآ اِلٰهَ اِلَّآ اَنَا۠ فَاعْبُدُوْنِ
ഞാനല്ലാതെ യാതൊരു ദൈവവുമില്ല; അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. [സൂറത്ത് അൽ അമ്പിയാഅ് – 25]
ശരീഅത്തിന്റെ നിയമങ്ങൾക്ക് അനുസൃതമായ രീതിയിൽ മറ്റുള്ളവരെ ദഅ്‌വത്ത് ചെയ്യുക. പാപങ്ങൾ ചെയ്യുന്നത് ഒരുപാട് ആളുകളെ ആകർഷിക്കാൻ കാരണമാകുമെന്ന് നിനക്ക് തോന്നിയാൽ പോലും, പാപങ്ങൾ കൊണ്ട് നിന്റെ ദഅ്‌വത്തിനെ നീ കളങ്കപ്പെടുത്തരുത്. കാരണം ഈ മതം അല്ലാഹുവിന്റെ സഹായത്താൽ സംരക്ഷിക്കപ്പെടുന്ന മഹത്തായ മതമാണ്. ദഅ്‌വത്ത് ചെയ്യുമ്പോൾ, നീ ദഅ്‌വത്ത് ചെയ്യുന്ന ആളുകൾ ചെയ്യുന്ന പാപങ്ങളെ അനുകൂലിക്കുന്നതായി നടിക്കരുത്. കാരണം, പാപങ്ങൾ ചെയ്യുന്ന ചിലർ ആഗ്രഹിക്കുന്നത് അതാണ്. അല്ലാഹു പറയുന്നു:
وَدُّوْا لَوْ تُدْهِنُ فَيُدْهِنُوْنَۚ
നീ അൽപം മയപ്പെട്ട് കൊടുത്തിരുന്നെങ്കിൽ അവരും മയപ്പെടാമെന്ന് അവർ മോഹിച്ചിരിക്കുകയാണ്. [സൂറത്ത് അൽ ഖലം – 9]
മുസ്‌ലിംകൾ എപ്പോഴും പരസ്പരം സഹായിക്കുകയും ഒത്തൊരുമയോടെ നിൽക്കുകയും, അതുപോലെ ഭിന്നിപ്പും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കുകയും ചെയ്യൽ നിർബന്ധമാണ്. കാരണം ഭിന്നിപ്പും തർക്കങ്ങളും വിദ്വേഷവും ശത്രുതയും മാത്രമേ ജനിപ്പിക്കുകയുള്ളൂ; ആ സമയത്ത് ഇസ്‌ലാമിന്റെ ശത്രുക്കൾ സന്തോഷത്തോടെ ചിരിക്കുകയായിരിക്കും. അമുസ്‌ലിംകളുടെ ദൃഷ്ടിയിൽ, മുസ്‌ലിംകൾ എന്നത് ഇസ്‌ലാം മതത്തിന്റെ തന്നെ നേർചിത്രമാണ്. മുസ്‌ലിംകളുടെ പെരുമാറ്റം ഇസ്‌ലാം സ്വീകരിക്കാൻ ആളുകളെ ആകർഷിക്കുന്നതിന് കാരണമായേക്കാം; അല്ലെങ്കിൽ നേരെമറിച്ച്, അത് അവരെ ഇസ്‌ലാമിൽ നിന്ന് അകറ്റാനും വെറുപ്പിക്കാനും കാരണമായേക്കാം. കാരണം, നാം ദഅ്‌വത്ത് ചെയ്യുന്ന ആളുകൾ, വെറുപ്പും ശത്രുതയും ഭിന്നിപ്പും നിറഞ്ഞതും, ബുദ്ധിയെ നശിപ്പിക്കുന്നതുമായ ഒരു മതം സ്വീകരിക്കാൻ തീർച്ചയായും ആഗ്രഹിക്കുകയില്ല.
അതുകൊണ്ട്, ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഉറവെടുക്കുന്ന സ്വഹീഹായ ഇസ്‌ലാമിക അഖീദയിൽ മുസ്‌ലിംകൾ ഒരുമിക്കേണ്ടതുണ്ട്. നന്മയുടെയും വിജയത്തിന്റെയും ഉറവിടം അതാണ്; എന്നാൽ ഭിന്നിപ്പും തർക്കങ്ങളുമാകട്ടെ തോൽവിയുടെ അടിസ്ഥാനവും നിന്ദ്യതയുടെ തുടക്കവുമാണ്. അല്ലാഹു പറയുന്നു:
وَاَطِيْعُوا اللّٰهَ وَرَسُوْلَهٗ وَلَا تَنَازَعُوْا فَتَفْشَلُوْا وَتَذْهَبَ رِيْحُكُمْ وَاصْبِرُوْاۗ
നിങ്ങൾ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക. നിങ്ങൾ പരസ്പരം ഭിന്നിക്കരുത്. എങ്കിൽ നിങ്ങൾക്ക് ധൈര്യക്ഷയം സംഭവിക്കുകയും നിങ്ങളുടെ വീര്യം കെട്ടുപോകുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുക. [സൂറത്ത് അൽ അൻഫാൽ – 46]
അഞ്ചാമതായി: അല്ലാഹുവിനെ അനുസരിക്കുന്നവരെക്കാൾ കൂടുതൽ എണ്ണം പാപങ്ങൾ ചെയ്യുന്നവരായിരിക്കും എന്നത് അല്ലാഹുവിന്റെ സുന്നത്താണ് (നടപടിക്രമമാണ്). അല്ലാഹു തന്റെ വചനത്തിൽ പറഞ്ഞതുപോലെ:
وَاِنَّ كَثِيْرًا مِّنَ النَّاسِ لَفٰسِقُوْنَ
മനുഷ്യരിൽ അധികപേരും ധിക്കാരികളാകുന്നു. [സൂറത്ത് അൽ മാഇദഃ – 49]
അല്ലാഹു വീണ്ടും പറയുന്നു:
وَلٰكِنَّ اَكْثَرَ النَّاسِ لَا يُؤْمِنُوْنَ
എങ്കിലും മനുഷ്യരിൽ അധികപേരും വിശ്വസിക്കുന്നില്ല. [സൂറത്ത് ഹൂദ് – 17]
സൂറത്ത് അൽ അൻആമിൽ അല്ലാഹു പറയുന്നു:
وَاِنْ تُطِعْ اَكْثَرَ مَنْ فِى الْاَرْضِ يُضِلُّوْكَ عَنْ سَبِيْلِ اللّٰهِ
ഭൂമിയിലുള്ളവരിൽ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും അവർ നിന്നെ തെറ്റിച്ചുകളയുന്നതാണ്. [സൂറത്ത് അൽ അൻആം – 116]
അതുകൊണ്ട്, മനുഷ്യരെ സന്മാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ നാം ഒരിക്കലും നിരാശരാകരുത്; സന്മാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞു പോകുന്നവർ ധാരാളമുണ്ടെങ്കിൽ പോലും. നിന്റെ ദഅ്‌വത്തിന്റെ പാതയിൽ നീ ഒരിക്കലും ആശയറ്റവനാകരുത്, ബാത്വിലിന്റെ ശക്തി വർദ്ധിച്ചാൽ പോലും. ഫുദൈൽ ബിൻ ഇയാദ് رَحِمَهُ اللَّهُ പറയുന്നു: “ബാത്വിലിന്റെ മാർഗ്ഗത്തിൽ നാശമടയുന്നവർ ധാരാളമുണ്ടെങ്കിലും അത് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; സത്യത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ വളരെ കുറവാണെങ്കിൽ പോലും അത് സ്വീകരിക്കാൻ നിങ്ങൾ ഭയപ്പെടരുത്.”
സത്യത്തിൽ നീ ഉറച്ചുനിൽക്കുക, കാരണം നീ നേരായ പാതയിലാകുന്നു. ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: “നീ ഒറ്റയ്ക്കാണെങ്കിൽ പോലും നീ ഒരു സമുദായം തന്നെയാകുന്നു.”
ആറാമതായി: പിൻപറ്റുന്നവരുടെ എണ്ണം നോക്കി നിന്റെ ദഅ്‌വത്തിന്റെ വിജയം നീ വിലയിരുത്തരുത്. കാരണം ഒരാളുടെ ഹൃദയം തുറക്കപ്പെടുക എന്നത് ഗൈബായ കാര്യമാണ്, നിന്റെ പരിശ്രമമാകട്ടെ കാര്യങ്ങൾ വിശദീകരിക്കുന്നതിലും ദഅ്‌വത്ത് നടത്തുന്നതിലും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഹിദായത്ത് നൽകലും ഹൃദയം തുറക്കലും നിന്റെ ചുമതലയല്ല. അല്ലാഹു പറയുന്നു:
مَا عَلَى الرَّسُوْلِ اِلَّا الْبَلٰغُ
(സന്ദേശം) എത്തിക്കുക എന്നത് മാത്രമാണ് റസൂലിന്റെ ബാധ്യത. [സൂറത്ത് അൽ മാഇദഃ – 99]
വിശദീകരിച്ചുകൊടുക്കുക എന്നത് മാത്രമാണ് നിന്റെ ചുമതല, ഹിദായത്ത് നൽകുന്നത് നിന്റെ രക്ഷിതാവാണ്:
وَمَا رَمَيْتَ اِذْ رَمَيْتَ وَلٰكِنَّ اللّٰهَ رَمٰىۚ
നീ എറിഞ്ഞ സമയത്ത് നീ അല്ല എറിഞ്ഞത്. മറിച്ച് അല്ലാഹുവാണ് എറിഞ്ഞത്. [സൂറത്ത് അൽ അൻഫാൽ – 17]
തന്റെ പിതൃവ്യനായ അബൂത്വാലിബിനെ ഇസ്‌ലാമിലേക്ക് കൊണ്ടുവരാൻ നബി ﷺ എത്രയൊക്കെ പരിശ്രമിച്ചിട്ടും അവിടുത്തെ ആഗ്രഹം സഫലമായില്ല. അല്ലാഹു തന്റെ വചനത്തിൽ ഇപ്രകാരം പറയുന്നു:
اِنَّكَ لَا تَهْدِيْ مَنْ اَحْبَبْتَ وَلٰكِنَّ اللّٰهَ يَهْدِيْ مَنْ يَّشَاۤءُ ۚ
(നബിയേ,) നീ ഇഷ്ടപ്പെടുന്നവരെ നിനക്ക് നേർവഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു. [സൂറത്ത് അൽ ഖസ്വസ്വ് – 56]
പ്രവാചകന്മാരിൽ ചിലർ തങ്ങളുടെ സമുദായത്തെ വർഷങ്ങളോളം അതിയായി ദഅ്‌വത്ത് ചെയ്തിട്ടും അവരിൽ നിന്ന് യാതൊരു അനുകൂല പ്രതികരണവും അവർക്ക് ലഭിച്ചിരുന്നില്ല. നബി ﷺ അരുളി:
عُرِضَتْ عَلَيَّ الأُمَمُ، فَرَأَيْتُ النَّبِيَّ مَعَهُ الرَّهْطُ، وَالنَّبِيَّ مَعَهُ الرَّجُلُ وَالرَّجُلاَنِ، وَالنَّبِيَّ وَلَيْسَ مَعَهُ أَحَدٌ
എനിക്ക് സമുദായങ്ങളെ വെളിവാക്കപ്പെട്ടു. അപ്പോൾ ചെറിയൊരു സംഘത്തോടൊപ്പമുള്ള ഒരു നബിയെ ഞാൻ കണ്ടു; ഒരാളും രണ്ടാളും മാത്രമുള്ള ഒരു നബിയെ ഞാൻ കണ്ടു; ഒരാൾ പോലുമില്ലാത്ത ഒരു നബിയെയും ഞാൻ കണ്ടു. [സഹീഹ് ബുഖാരി, സഹീഹ് മുസ്‌ലിം]
അതുകൊണ്ട്, അറിവുകൊണ്ട് നീ നിനക്ക് തയ്യാറെടുപ്പുകൾ നടത്തുക; നിന്റെ ദഅ്‌വത്തിന്റെ ദൗത്യം നിർവ്വഹിക്കുന്നതിൽ യുക്തിയുടെയും സദുപദേശത്തിന്റെയും മാർഗ്ഗം നീ സ്വീകരിക്കുക!
ഏഴാമതായി: ഏത് സമയത്തും ഏത് സാഹചര്യത്തിലും ദഅ്‌വത്ത് നടത്തുന്നത് ഒരു ഭാരമായി നീ കാണരുത്. ചിലപ്പോൾ, ഒരു വാക്ക് കാലാകാലങ്ങളോളം നിനക്ക് സന്തോഷം കൊണ്ടുവന്നേക്കാം. നോക്കൂ, നൂഹ് നബി (അ) തന്റെ സമുദായത്തെ രാവും പകലും, രഹസ്യമായും പരസ്യമായും ദഅ്‌വത്ത് ചെയ്തു. യൂസുഫ് നബി (അ) ജയിലിൽ ആയിരുന്നിട്ടുപോലും തൗഹീദിലേക്ക് ക്ഷണിച്ചു. അല്ലാഹു പറയുന്നു:
يٰصَاحِبَيِ السِّجْنِ ءَاَرْبَابٌ مُتَفَرِّقُوْنَ خَيْرٌ اَمِ اللّٰهُ الْوَاحِدُ الْقَهَّارُ
എന്റെ ജയിൽ തോഴന്മാരേ, പലവിധത്തിലുള്ള റബ്ബുകളാണോ ഉത്തമം; അതല്ല, ഏകനും സർവ്വാധികാരിയുമായ അല്ലാഹുവാണോ? [സൂറത്ത് യൂസുഫ് – 39]
ഹിദായത്തിന്റെ പ്രകാശം ലഭിച്ച ഒരാൾക്ക്, ആ പ്രകാശം കൊണ്ട് മറ്റുള്ളവരെ വഴിനടത്താനുള്ള ബാധ്യതയുണ്ട്. പിതാക്കന്മാർ തങ്ങളുടെ കുടുംബത്തെ നന്നാക്കിക്കൊണ്ട് വീടുകളിൽ ദാഈമാരാകണം! ഉമ്മമാർ തങ്ങളുടെ മക്കളെ സംസ്കരിച്ചെടുക്കുന്നതിൽ തങ്ങളുടെ ബാധ്യത നിറവേറ്റുകയും വേണം! അല്ലാഹുവിനെ എപ്പോഴും അനുസരിക്കാൻ പ്രേരിപ്പിക്കുന്ന അനുകൂലമായ ഒരന്തരീക്ഷം നിങ്ങൾ സൃഷ്ടിക്കുക! അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അവരെ അകറ്റി നിർത്തുക. നബി ﷺ അരുളി:
مَا مِنْ عَبْدٍ يَسْتَرْعِيْهِ اللهُ رَعِيَّةً ثُمَّ لَمْ يَحُطْهَا بِنَصِيْحَةٍ , إِلاَّ لَمْ يَدْخُلِ الْجَنَّةَ
അല്ലാഹു ഭരണാധികാരം (ചുമതല) നൽകിയ ഒരു അടിമ, ഉപദേശ നിർദ്ദേശങ്ങളിലൂടെ അവരെ സംരക്ഷിക്കുന്നില്ല എങ്കിൽ അവന് സ്വർഗ്ഗം നിഷിദ്ധമാക്കപ്പെടാതിരിക്കില്ല. [മുത്തഫഖുൻ അലൈഹി]
എട്ടാമതായി: ഒരു ദാഈയുടെ ആത്മാർത്ഥതയുടെയും പരിശ്രമത്തിന്റെയും അടയാളങ്ങളിൽ ഒന്നാണ്, താൻ ദഅ്‌വത്ത് ചെയ്യുന്ന ആൾ അറിയാതെ അയാൾക്ക് ഹിദായത്ത് നൽകാൻ വേണ്ടി പ്രാർത്ഥിക്കുക എന്നത്. പാതിരാത്രിയിൽ ഉയർത്തപ്പെടുന്ന എത്രയെത്ര പ്രാർത്ഥനകളാണ് അവസ്ഥകളെ മികച്ചതിലേക്ക് മാറ്റാൻ കാരണമാകുന്നത്. അതിനാൽ, പാപങ്ങളിൽ മുഴുകിക്കഴിയുന്നവർക്ക് സന്മാർഗ്ഗം ലഭിക്കാൻ വേണ്ടി അവർക്കായുള്ള പ്രാർത്ഥനകൾ നിങ്ങൾ വർദ്ധിപ്പിക്കുക! അൽ മുസനി رَحِمَهُ اللَّهُ പറയുന്നു: “അബൂബക്കർ رَضِيَ اللَّهُ عَنْهُ റസൂലുല്ലാഹി ﷺ യുടെ മറ്റ് സ്വഹാബികളെക്കാൾ മുൻപന്തിയിലായത് അദ്ദേഹത്തിന്റെ നമസ്കാരമോ നോമ്പോ കാരണമല്ല. മറിച്ച് അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ളത് കാരണമാണ് അദ്ദേഹം ഉന്നതനായത്. അദ്ദേഹത്തിന്റെ ഹൃദയത്തിൽ അല്ലാഹുവിനോടുള്ള സ്നേഹവും, മറ്റുള്ളവരോട് ഗുണകാംക്ഷ (നസ്വീഹത്ത്) കാണിക്കാനുള്ള താല്പര്യവുമുണ്ടായിരുന്നു.”
ഒൻപതാമതായി: നാം മറ്റുള്ളവർക്ക് ചെയ്യുന്ന നന്മകൾ അവരുടെ ഹൃദയങ്ങളെ നമ്മിലേക്ക് ആകർഷിക്കാൻ കാരണമാകും; അതുപോലെ തന്നെയാണ് നല്ല വാക്കുകളും സൽസ്വഭാവവും. നബി ﷺ യുടെ സ്വഭാവത്തിലും ഇടപെടലുകളിലും പ്രതിഫലിച്ചിരുന്ന ഒരു ദാഈ ആയിരുന്നു അവിടുന്ന് ﷺ.
أَنَّ غُلَامًا مِنَ اليَهُودِ كَانَ يَخدُمُ النَّبِيَّ صَلَّى اللَّهُ عَلَيهِ وَسَلَّمَ فَمَرِضَ ، فَأَتَاهُ النَّبِيُّ صَلَّى اللَّهُ عَلَيهِ وَسَلَّمَ يَعُودُهُ ، فَقَعَدَ عِندَ رَأسِهِ ، فَقَالَ : أَسلِم . فَنَظَرَ إِلَى أَبِيهِ وَهُوَ عِندَ رَأسِهِ ، فَقَالَ لَه : أَطِع أَبَا القَاسِمِ صَلَّى اللَّهُ عَلَيهِ وَسَلَّمَ . فَأَسلَمَ ، فَخَرَجَ النَّبِيُّ صَلَّى اللَّهُ عَلَيهِ وَسَلَّمَ وَهُوَ يَقُولُ : الحَمدُ لِلَّهِ الذِي أَنقَذَهُ مِنَ النَّارِ
നബി ﷺ യ്ക്ക് സേവനം ചെയ്തിരുന്ന ഒരു ജൂതബാലൻ ഉണ്ടായിരുന്നു. ഒരു ദിവസം അവൻ രോഗിയായപ്പോൾ നബി ﷺ അവനെ സന്ദർശിക്കാനായി ചെന്നു. അവന്റെ തലഭാഗത്ത് ഇരുന്നുകൊണ്ട് നബി ﷺ അവനോട് പറഞ്ഞു: “നീ ഇസ്‌ലാം സ്വീകരിക്കുക!” അവൻ തന്റെ തലഭാഗത്ത് നിന്നിരുന്ന തന്റെ പിതാവിനെ നോക്കി. അപ്പോൾ പിതാവ് അവനോട് പറഞ്ഞു: “നീ അബുൽ ഖാസിമിനെ (നബി മുഹമ്മദ് ﷺ യെ) അനുസരിക്കുക!” അങ്ങനെ അവൻ ഇസ്‌ലാം സ്വീകരിച്ചു. പുറത്തേക്കിറങ്ങിയപ്പോൾ നബി ﷺ ഇപ്രകാരം പറയുന്നുണ്ടായിരുന്നു: “അവനെ നരകത്തിൽ നിന്ന് രക്ഷിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും.” [സഹീഹ് ബുഖാരി]
ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറയുന്നു: “മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിൽ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യഃ رَحِمَهُ اللَّهُ തന്റെ പരമാവധി പരിശ്രമിച്ചിരുന്നു.” നല്ല വാക്കുകൾ കൊണ്ടും നല്ല പെരുമാറ്റങ്ങൾ കൊണ്ടും നിരവധി പ്രദേശങ്ങൾ കീഴടക്കപ്പെട്ടതായി ചരിത്രം തെളിയിക്കുന്നു.
പത്താമതായി: ദഅ്‌വത്തിന്റെ വിളിക്ക് ഉത്തരം നൽകാൻ ഹൃദയങ്ങളെ പ്രചോദിപ്പിക്കുന്ന, നെഞ്ചുകളിൽ പ്രസരിക്കുന്ന ഒരു പ്രകാശമാണ് അല്ലാഹുവിനോടുള്ള അനുസരണം. അതുകൊണ്ട്, ദാഈമാരേ, നിങ്ങൾ അല്ലാഹുവിന് കൂടുതൽ ഇബാദത്ത് ചെയ്യുകയും അവന് മുന്നിൽ താഴ്മ കാണിക്കുകയും ചെയ്യുക. കാരണം, നാം ആഗ്രഹിക്കുന്നത് നേടിയെടുക്കാനുള്ള സഹായമാർഗ്ഗമായി അത് മാറും. ദാഈമാർ ദിക്‌റുകളും ഖുർആൻ പാരായണവും രാത്രി നമസ്കാരങ്ങളും (ഖിയാമുല്ലൈൽ) വർദ്ധിപ്പിക്കേണ്ടതുണ്ട്. ഹൃദയം ശുദ്ധമാണെങ്കിൽ അത് നല്ല സ്വാധീനം ചെലുത്തും; നേരെമറിച്ച് ഹൃദയം അശുദ്ധമാണെങ്കിൽ അത് മോശമായ സ്വാധീനമാകും ഉണ്ടാക്കുക. നീ ചെയ്യുന്ന കാര്യങ്ങളിൽ അല്ലാഹു ബർക്കത്ത് നൽകാൻ, അല്ലാഹുവിന് മുന്നിൽ താഴ്മ കാണിച്ചുകൊണ്ട് നിന്റെ പ്രാർത്ഥനകളെ നീ പിന്തുണയ്ക്കുക.
അല്ലാഹു നിന്റെ കാൽവെപ്പുകളെ നേരെയാക്കട്ടെ. ബാഹ്യമായ കാരണങ്ങളിൽ (പരിശ്രമങ്ങളിൽ) മാത്രം നീ ഒരിക്കലും ആശ്രയിക്കരുത്. പ്രവാചകന്മാരുടെ ഈ ദഅ്‌വത്ത് നിലനിർത്താൻ ധാരാളം മനുഷ്യരിൽ നിന്ന് നിന്നെ തിരഞ്ഞെടുത്തതിലും, മറ്റുള്ളവർക്ക് കഴിയാത്ത വിധത്തിൽ നിന്നെ തന്റെ സൃഷ്ടികൾക്ക് ഹിദായത്തിന്റെ താക്കോലാക്കി മാറ്റിയതിലും അല്ലാഹുവിനെ നീ ധാരാളമായി സ്തുതിക്കുക.
‘അൽ ഖുത്വുബുൽ മിമ്പരിയ്യഃ’ എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തത്. പേജ് 146-151

