ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി
ഇസ്‌ലാമിക ചരിത്രത്തിലെ മഹാനായ പണ്ഡിതൻ ഇമാം അബൂഹനീഫ അന്നുമഅ്മാൻ ബിൻ സാബിത് رَحِمَهُ اللَّهُ വിന്റെ വിജ്ഞാനാന്വേഷണങ്ങളെക്കുറിച്ചും, അദ്ദേഹത്തിന്റെ ഗുരുക്കന്മാരെയും ശിഷ്യന്മാരെയും പണ്ഡിതന്മാർക്കിടയിലെ അദ്ദേഹത്തിന്റെ സ്വീകാര്യതയെക്കുറിച്ചുമാണ് കഴിഞ്ഞ ഭാഗത്തിൽ നാം വിശദീകരിച്ചത്. അദ്ദേഹത്തിന്റെ മഹത്തായ സ്വഭാവഗുണങ്ങൾ, സൂക്ഷ്മത, ഔദാര്യം, അഖീദ, അധ്യാപന രീതി എന്നിവയാണ് ഈ ഭാഗത്തിൽ പരിശോധിക്കുന്നത്.
ഭൗതിക വിരക്തിയും സൂക്ഷ്മതയും
ഇമാം അബൂഹനീഫ رَحِمَهُ اللَّهُ അങ്ങേയറ്റം ഭൗതിക വിരക്തിയും സൂക്ഷ്മതയുമുള്ള വ്യക്തിയായിരുന്നു. വാക്കുകളിലും പ്രവൃത്തികളിലും അദ്ദേഹം തികഞ്ഞ മാന്യതയും സൂക്ഷ്മതയും പുലർത്തിയിരുന്നു. ഇമാം ബുഖാരിയുടെ ശൈഖായ മക്കി ബിൻ ഇബ്രാഹീം رَحِمَهُ اللَّهُ പറയുന്നു: “ഞാൻ കൂഫക്കാരായ ധാരാളം പണ്ഡിതന്മാരുടെ സദസ്സുകളിൽ ഇരുന്നിട്ടുണ്ട്. എന്നാൽ അബൂഹനീഫയെക്കാൾ സൂക്ഷ്മതയുള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.” സിവാർ ബിൻ ഹകം رَحِمَهُ اللَّهُ വിന്റെ വാക്കുകളും ഇതുതന്നെയാണ്.
അദ്ദേഹത്തിന്റെ സൂക്ഷ്മത വ്യക്തമാക്കുന്ന അത്ഭുതകരമായ ഒരു സംഭവമുണ്ട്. ഒരു പ്രത്യേക ഘട്ടത്തിൽ ഭരണാധികാരികൾ അദ്ദേഹത്തിന് ഫത്‌വ നൽകുന്നതിൽ (മതവിധി പറയുന്നതിൽ) വിലക്കേർപ്പെടുത്തിയിരുന്നു. ഒരു ദിവസം അദ്ദേഹവും മകളും വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. മകൾ പല്ലിനിടയിൽ കുത്തിയപ്പോൾ ചെറിയൊരു മഞ്ഞനിറം (രക്തം) അവൾ കണ്ടു. അവൾ ചോദിച്ചു: “ഉപ്പാ, ഇതിന്റെ പേരിൽ ഞാൻ വുദു മടക്കേണ്ടതുണ്ടോ?” അദ്ദേഹം പറഞ്ഞു: “എനിക്ക് ഫത്‌വ നൽകുന്നതിന് വിലക്കുണ്ട്. അതുകൊണ്ട് നീ നിന്റെ സഹോദരൻ ഹമ്മാദിനോട് ചോദിക്കുക.” സ്വന്തം വീട്ടിൽ വെച്ച് മകൾക്ക് മറുപടി നൽകുമ്പോൾ പോലും ഭരണാധികാരിയുടെ വിലക്കിനെ അദ്ദേഹം എത്രമാത്രം ഗൗരവത്തോടെയാണ് കണ്ടത് എന്നത് അദ്ദേഹത്തിന്റെ അങ്ങേയറ്റത്തെ സൂക്ഷ്മതയെയാണ് സൂചിപ്പിക്കുന്നത്.
മുഹമ്മദ് ബിൻ ശുജാഅ് رَحِمَهُ اللَّهُ ഉദ്ധരിക്കുന്നു: അമീറുൽ മുഅ്മിനീൻ അബൂ ജഅ്ഫർ അൽ-മൻസൂർ പതിനായിരം ദിർഹം അബൂഹനീഫക്ക് നൽകാൻ ഉത്തരവിട്ടു. എന്നാൽ അദ്ദേഹം അതിൽ സംതൃപ്തനായില്ല. പണം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന ദിവസം സുബഹി നമസ്കാരത്തിന് ശേഷം അദ്ദേഹം മുഖം മൂടിപ്പുതച്ചു കിടന്നു; ആരോടും സംസാരിച്ചില്ല. അൽ-ഹസൻ ബിൻ ഖഹ്‌തബ ആ പണവുമായി അദ്ദേഹത്തിന്റെ അടുക്കൽ വന്നു. അദ്ദേഹം അബൂഹനീഫയോട് സംസാരിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ പറഞ്ഞു: “അദ്ദേഹം ഇപ്പോൾ ഞങ്ങളോടുപോലും സംസാരിക്കുന്നില്ല.” ഇത് കേട്ടപ്പോൾ അൽ-ഹസൻ ആ പണക്കിഴി വീടിന്റെ ഒരു മൂലയിൽ വെച്ചു.
പിന്നീട് അബൂഹനീഫ رَحِمَهُ اللَّهُ തന്റെ മകനോട് വസ്വിയ്യത്ത് ചെയ്തു: “ഞാൻ മരണപ്പെട്ട് എന്നെ ഖബറടക്കി കഴിഞ്ഞാൽ, നീ ഈ പണക്കിഴിയെടുത്ത് അൽ-ഹസൻ ബിൻ ഖഹ്‌തബയുടെ അടുക്കൽ കൊണ്ടുപോയി കൊടുക്കണം. എന്നിട്ട് അദ്ദേഹത്തോട് പറയണം; ‘ഇത് താങ്കൾ അബൂഹനീഫയുടെ അടുക്കൽ വെച്ച അമാനത്താണ്’.” മകൻ പറയുന്നു: “ഉപ്പയെ ഖബറടക്കിയ ശേഷം ഞാൻ ആ പണവുമായി അൽ-ഹസന്റെ അടുക്കൽ ചെന്ന് ആ വസ്വിയ്യത്ത് നിറവേറ്റി. അപ്പോൾ അൽ-ഹസൻ പറഞ്ഞു: ‘നിന്റെ പിതാവിന് അല്ലാഹു കാരുണ്യം ചൊരിയട്ടെ! തന്റെ ദീനിന്റെ കാര്യത്തിൽ അദ്ദേഹം അങ്ങേയറ്റം പിശുക്കനായിരുന്നു (അതായത്, ദീൻ സംരക്ഷിക്കാൻ അദ്ദേഹം അങ്ങേയറ്റം ജാഗ്രത കാണിച്ചിരുന്നു)’.”
അലി ബിൻ ഹഫ്‌സ് അൽ-ബസ്സാസ് رَحِمَهُ اللَّهُ പറയുന്നു: ഹഫ്‌സ് ബിൻ അബ്ദുറഹ്മാൻ അബൂഹനീഫയുടെ കച്ചവട പങ്കാളിയായിരുന്നു. അബൂഹനീഫയാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. ഒരിക്കൽ അദ്ദേഹം കുറച്ച് വസ്ത്രങ്ങൾ ഹഫ്‌സിന് വിൽക്കാനായി കൊടുത്തയച്ചു. കൂട്ടത്തിൽ ഒരു വസ്ത്രത്തിന് ഇന്ന ന്യൂനതയുണ്ടെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞേൽപ്പിച്ചിരുന്നു; അത് വിൽക്കുമ്പോൾ ഉപഭോക്താവിനോട് ആ ന്യൂനത വ്യക്തമാക്കണമെന്നും നിർദ്ദേശിച്ചു. എന്നാൽ ആ വസ്ത്രം വിറ്റപ്പോൾ ഹഫ്‌സ് ആ ന്യൂനത പറയാൻ മറന്നുപോയി. അത് വാങ്ങിയത് ആരാണെന്ന് അറിയുകയുമില്ല. ഈ വിവരമറിഞ്ഞ അബൂഹനീഫ رَحِمَهُ اللَّهُ ആ കച്ചവട സംഘത്തിന് ലഭിച്ച മുഴുവൻ ലാഭവും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സ്വദഖയായി (ദാനമായി) നൽകി. ആ ഒരു വസ്ത്രത്തിന്റെ പണം മാത്രമല്ല അദ്ദേഹം ഒഴിവാക്കിയത്.
അബൂ യൂസുഫ് അൽ-ഖാളി رَحِمَهُ اللَّهُ പറയുന്നു: “കർമ്മശാസ്ത്രം, വിജ്ഞാനം, ദാനശീലം, ഖുർആനിക സ്വഭാവങ്ങൾ എന്നിവയാൽ അല്ലാഹു അബൂഹനീഫക്ക് അലങ്കാരം നൽകിയിരിക്കുന്നു.”
അബ്ദുല്ലാഹി ബ്നുൽ മുബാറക് رَحِمَهُ اللَّهُ സുഫ്‌യാൻ അഥൗരി رَحِمَهُ اللَّهُ വിനോട് പറഞ്ഞു: “പരദൂഷണം പറയുന്നതിൽ നിന്നും അബൂഹനീഫ എത്രമാത്രം അകന്നവനാണ്! തന്റെ ഒരു ശത്രുവിനെക്കുറിച്ച് പോലും അദ്ദേഹം പരദൂഷണം പറയുന്നത് ഞാൻ കേട്ടിട്ടില്ല.” അപ്പോൾ സുഫ്‌യാൻ അഥൗരി പ്രതികരിച്ചു: “അല്ലാഹുവാണെ സത്യം! തന്റെ സൽകർമ്മങ്ങളെ നശിപ്പിച്ചുകളയുന്ന ഇത്തരം കാര്യങ്ങളെ സ്വന്തത്തിന് മേൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കാത്ത വിധം അങ്ങേയറ്റം ബുദ്ധിമാനാണ് അദ്ദേഹം.”
ഭൗതികമായ അധികാരങ്ങളോടും സ്ഥാനമാനങ്ങളോടും ഒട്ടും താല്പര്യമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. മർവാൻ ബിൻ മുഹമ്മദിന്റെ കാലത്തെ ഇറാഖ് ഗവർണറായിരുന്ന യസീദ് ബിൻ ഹുബൈറ അബൂഹനീഫയെ ന്യായാധിപനായി (ഖാളി) നിയമിക്കാൻ ആഗ്രഹിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. പിന്നീട് അബ്ബാസി ഭരണാധികാരി അബൂ ജഅ്ഫർ അൽ-മൻസൂറും അദ്ദേഹത്തോട് ഖാളിയാകാൻ ആവശ്യപ്പെട്ടു. “ഞാൻ അതിന് അർഹനല്ല” എന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കുമെന്ന് ഖലീഫ അൽ-മൻസൂർ സത്യം ചെയ്തു. എന്നാൽ താൻ അത് ഏറ്റെടുക്കില്ല എന്ന് അബൂഹനീഫയും സത്യം ചെയ്തു. ഖലീഫയുടെ ഉത്തരവ് നിരസിച്ചതിന്റെ പേരിൽ അൽ-മൻസൂർ അദ്ദേഹത്തെ ജയിലിലടച്ചു. ഇമാം അഹ്‌മദ് ബിൻ ഹൻബൽ رَحِمَهُ اللَّهُ അദ്ദേഹത്തിന്റെ ഈ നടപടിയെ പ്രശംസിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “വിജ്ഞാനം, സൂക്ഷ്മത, ഭൗതിക വിരക്തി, പരലോകത്തോടുള്ള താല്പര്യം എന്നിവയിൽ മറ്റാർക്കും എത്തിച്ചേരാൻ കഴിയാത്ത അത്ര ഉന്നതമായ സ്ഥാനത്താണ് അബൂഹനീഫയുള്ളത്. അൽ-മൻസൂർ അദ്ദേഹത്തെ തടവിലിട്ട് മർദ്ദിച്ചിട്ടും അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തില്ല.” അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചൊരിയട്ടെ.
ഔദാര്യവും ദാനശീലവും
അബൂഹനീഫ رَحِمَهُ اللَّهُ വലിയ ഉദാരമതിയും ദാനശീലനുമായിരുന്നു. ഖൈസ് ബിൻ അർ-റബീഅ് رَحِمَهُ اللَّهُ പറയുന്നു: “അബൂഹനീഫ ബാഗ്ദാദിലേക്ക് കച്ചവട സാധനങ്ങൾ കൊടുത്തയക്കുകയും അവിടെനിന്ന് മറ്റ് സാധനങ്ങൾ വാങ്ങി കൂഫയിലേക്ക് കൊണ്ടുവരുകയും ചെയ്യുമായിരുന്നു. അതിൽ നിന്നുള്ള ലാഭം ഒരു വർഷം മുഴുവൻ അദ്ദേഹം ശേഖരിച്ചുവെക്കും. പിന്നീട് ഹദീസ് പണ്ഡിതന്മാർക്കും ഗുരുക്കന്മാർക്കുമുള്ള ഭക്ഷണവും വസ്ത്രങ്ങളും മറ്റ് ആവശ്യ സാധനങ്ങളും ആ പണം കൊണ്ട് അദ്ദേഹം വാങ്ങിക്കൊടുക്കും. ബാക്കി വരുന്ന പണം മുഴുവൻ അവർക്കിടയിൽ വിതരണം ചെയ്തുകൊണ്ട് അദ്ദേഹം പറയും: ‘നിങ്ങളുടെ ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുക. അല്ലാഹുവിനെ അല്ലാതെ മറ്റാരെയും നിങ്ങൾ സ്തുതിക്കേണ്ടതില്ല. എന്റെ സമ്പത്തിൽ നിന്നല്ല ഞാനിത് നിങ്ങൾക്ക് നൽകുന്നത്; മറിച്ച്, നിങ്ങളുടെ വിഷയത്തിൽ അല്ലാഹു എന്നിലൂടെ നൽകിയ ഔദാര്യം മാത്രമാണിത്. ഇതെല്ലാം നിങ്ങളുടെ കച്ചവട സാധനങ്ങളുടെ ലാഭമാണ്’. തന്റെ ഉപജീവന വിഷയത്തിൽ മറ്റാർക്കും യാതൊരു സ്വാധീനവുമില്ലെന്നും എല്ലാം അല്ലാഹുവിന്റെ ഔദാര്യമാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. തനിക്ക് വേണ്ടി പുതിയൊരു വസ്ത്രം വാങ്ങുമ്പോഴെല്ലാം അതേ വിലക്കുള്ള വസ്ത്രങ്ങൾ പണ്ഡിതന്മാർക്കും അദ്ദേഹം വാങ്ങി നൽകുമായിരുന്നു.”
അയൽക്കാരോടുള്ള കടമകൾ
അയൽക്കാരോട് അങ്ങേയറ്റം നന്മയിൽ വർത്തിക്കുന്ന വ്യക്തിയായിരുന്നു അബൂഹനീഫ رَحِمَهُ اللَّهُ. അയൽവാസികളുടെ ഭാഗത്തുനിന്നുള്ള ഉപദ്രവങ്ങൾ അദ്ദേഹം ക്ഷമയോടെ സഹിച്ചിരുന്നു. അദ്ദേഹത്തിന് ഒരു അയൽവാസിയുണ്ടായിരുന്നു; ചെരുപ്പുകുത്തുന്ന തൊഴിലായിരുന്നു അയാൾക്ക്. പകൽ മുഴുവൻ ജോലി കഴിഞ്ഞ് രാത്രിയായാൽ അയാൾ ഇറച്ചിയോ മീനോ പാകം ചെയ്ത് കഴിക്കും. പിന്നീട് മദ്യപിക്കാൻ തുടങ്ങും. മദ്യം തലയ്ക്ക് പിടിച്ചു കഴിഞ്ഞാൽ അയാൾ ഉറക്കെ പാട്ടുപാടാൻ തുടങ്ങും: അവർ എന്നെ പാഴാക്കിക്കളഞ്ഞു, യുദ്ധവേളയിലും അതിർത്തി കാക്കുന്നതിലും ഉപകരിക്കേണ്ട എത്ര മികച്ച ഒരു യുവാവിനെയാണ് അവർ പാഴാക്കിയത്! എല്ലാ രാത്രിയിലും ഉറങ്ങുന്നത് വരെ അയാൾ ഈ പാട്ട് ആവർത്തിച്ചു പാടുമായിരുന്നു.
രാത്രി മുഴുവൻ നിന്നു നമസ്കരിക്കുന്ന അബൂഹനീഫ رَحِمَهُ اللَّهُ വിന് ഇത് വലിയ ശല്യമായിരുന്നുവെങ്കിലും അദ്ദേഹം അത് സഹിച്ചു. അങ്ങനെയിരിക്കെ കുറച്ച് രാത്രികളിൽ ഈ അയൽവാസിയുടെ ശബ്ദം കേൾക്കാതായി. അദ്ദേഹം അയാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ, രാത്രി കാവൽക്കാർ (അൽ-അസസ്) അയാളെ പിടികൂടി തടവിലാക്കിയിരിക്കുന്നു എന്ന വിവരമാണ് ലഭിച്ചത്. അന്ന് സുബഹി നമസ്കാരം കഴിഞ്ഞ് അബൂഹനീഫ തന്റെ കോവർകഴുതപ്പുറത്ത് കയറി അമീറിന്റെ കൊട്ടാരത്തിലേക്ക് പോയി. അബൂഹനീഫ വരുന്നുണ്ടെന്നറിഞ്ഞ അമീർ കൽപ്പിച്ചു: “അദ്ദേഹത്തിന് പ്രവേശിക്കാൻ അനുവാദം നൽകുക. അദ്ദേഹം വാഹനപ്പുറത്ത് തന്നെ കൊട്ടാരത്തിലേക്ക് പ്രവേശിക്കട്ടെ. അദ്ദേഹം വിരിപ്പിൽ കാലുകുത്തുന്നത് വരെ അദ്ദേഹത്തെ വാഹനത്തിൽ നിന്ന് ഇറങ്ങാൻ നിങ്ങൾ അനുവദിക്കരുത്.” അമീറിന് അദ്ദേഹത്തോടുള്ള ബഹുമാനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അമീർ അദ്ദേഹത്തെ തന്റെ സദസ്സിൽ ആദരവോടെ ഇരുത്തുകയും ആഗമനോദ്ദേശ്യം ചോദിക്കുകയും ചെയ്തു. അബൂഹനീഫ പറഞ്ഞു: “എനിക്കൊരു അയൽവാസിയുണ്ട്, ചെരുപ്പുകുത്തുന്നവനാണ്. കുറച്ച് രാത്രികൾക്ക് മുൻപ് കാവൽക്കാർ അയാളെ പിടികൂടി. അമീർ അയാളെ മോചിപ്പിക്കാൻ കൽപ്പിക്കണം.” അമീർ പറഞ്ഞു: “തീർച്ചയായും. അന്ന് രാത്രി പിടിക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കാൻ നാം കൽപ്പിച്ചിരിക്കുന്നു.” അബൂഹനീഫയുടെ ശപാർശയുടെ ബർക്കത്ത് കാരണം അന്ന് പിടിക്കപ്പെട്ട മുഴുവൻ പേരെയും അമീർ മോചിപ്പിച്ചു.
അബൂഹനീഫയും ആ യുവാവും കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങി. അബൂഹനീഫ അവനോട് ചോദിച്ചു: “അല്ലയോ യുവാവേ, നമ്മൾ നിന്നെ പാഴാക്കിക്കളഞ്ഞോ?” (അവൻ പാടിയിരുന്ന പാട്ടിലെ വരികൾ ഓർമ്മിപ്പിച്ചുകൊണ്ട്). അവൻ മറുപടി പറഞ്ഞു: “ഇല്ല, താങ്കൾ എന്നെ സംരക്ഷിച്ചു. അയൽവാസിയോടുള്ള കടപ്പാട് നിറവേറ്റിയതിന് അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ.” ഈ സംഭവത്തിന് ശേഷം ആ യുവാവ് മദ്യപാനം അവസാനിപ്പിച്ചു എന്ന് മാത്രമല്ല, അവൻ അബൂഹനീഫയുടെ വിജ്ഞാന സദസ്സുകളിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു.
അസാമാന്യ ബുദ്ധിശക്തിയും പ്രശ്നപരിഹാര പാടവവും
അല്ലാഹു സുബ്ഹാനഹുവതആല അദ്ദേഹത്തിന് അസാമാന്യമായ ബുദ്ധിശക്തിയും തെളിവുകൾ നിരത്താനുള്ള കഴിവും നൽകി അനുഗ്രഹിച്ചിരുന്നു. അലി ബിൻ ആസ്വിം رَحِمَهُ اللَّهُ പറയുന്നു: “അബൂഹനീഫയുടെ ബുദ്ധി ഭൂമിയിലെ പകുതി ആളുകളുടെ ബുദ്ധിയോട് തൂക്കിനോക്കിയാലും അദ്ദേഹത്തിന്റെ ബുദ്ധിയായിരിക്കും മുൻതൂക്കം നേടുക.”
അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും പ്രശ്നപരിഹാര പാടവവും വ്യക്തമാക്കുന്ന ധാരാളം സംഭവങ്ങൾ ചരിത്രത്തിലുണ്ട്. അൽ-ഹസൻ ബിൻ സിയാദ് അൽ-ലുഅ്‌ലുഇ رَحِمَهُ اللَّهُ ഉദ്ധരിക്കുന്ന ഒരു സംഭവമാണ് അദ്ദേഹത്തിന് ഫത്‌വ നൽകുന്നതിൽ വിലക്കേർപ്പെടുത്താൻ കാരണമായത്. ഉമ്മു ഇംറാൻ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു മാനസിക രോഗിയായ സ്ത്രീ കൂഫയിലുണ്ടായിരുന്നു. ഒരാൾ അവളെ പ്രകോപിപ്പിക്കുന്ന രീതിയിൽ എന്തോ സംസാരിച്ചു. അപ്പോൾ അവൾ അവനെ നോക്കി “രണ്ട് വ്യഭിചാരികളുടെ മകനേ!” എന്ന് വിളിച്ചു. ആ സമയത്ത് കൂഫയിലെ ഖാളിയായിരുന്ന ഇബ്നു അബീ ലൈല അത് കേൾക്കാനിടയായി. അദ്ദേഹം അവളെ പിടിച്ച് പള്ളിയിൽ കൊണ്ടുവരുകയും നിറുത്തിക്കൊണ്ട് രണ്ട് ഹദ്ദുകൾ (ശിക്ഷകൾ) നടപ്പിലാക്കുകയും ചെയ്തു. ഒന്ന് ആ വ്യക്തിയുടെ പിതാവിനെ വ്യഭിചാരി എന്ന് വിളിച്ചതിനും, രണ്ടാമത്തേത് അയാളുടെ മാതാവിനെ വ്യഭിചാരിണി എന്ന് വിളിച്ചതിനുമായിരുന്നു.
ഈ വിവരം അബൂഹനീഫ رَحِمَهُ اللَّهُ വിന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: “ഖാളി ഈ വിഷയത്തിൽ ആറ് അബദ്ധങ്ങൾ വരുത്തിയിട്ടുണ്ട്:
- മാനസിക രോഗിക്ക് മേൽ ഹദ്ദ് (ശിക്ഷ) ബാധകമല്ല.
- പള്ളിയിൽ വെച്ചാണ് അദ്ദേഹം ശിക്ഷ നടപ്പിലാക്കിയത്; എന്നാൽ പള്ളികളിൽ വെച്ച് ഹദ്ദ് നടപ്പിലാക്കാൻ പാടില്ല.
- നിറുത്തിക്കൊണ്ടാണ് അവളെ അടിച്ചത്; എന്നാൽ സ്ത്രീകൾക്ക് ഇരുന്നുകൊണ്ടാണ് ശിക്ഷ നൽകേണ്ടത്.
- രണ്ട് ഹദ്ദുകൾ അദ്ദേഹം നടപ്പിലാക്കി; ഒരാൾ ഒരു കൂട്ടം ആളുകളെ വ്യഭിചാരമാരോപിച്ചാൽ (ഖദഫ്) അതിന് ഒരൊറ്റ ഹദ്ദ് മാത്രമേ നൽകേണ്ടതുള്ളൂ.
- മാതാപിതാക്കൾ ഇല്ലാത്ത സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്; എന്നാൽ അപവാദത്തിന് ഇരയായവർ ആവശ്യപ്പെട്ടാൽ മാത്രമേ ശിക്ഷ നടപ്പിലാക്കാൻ പാടുള്ളൂ.
- രണ്ട് ശിക്ഷകളും ഒരേസമയം നടപ്പിലാക്കി; ഒരാൾക്ക് രണ്ട് ശിക്ഷകൾ നൽകാനുണ്ടെങ്കിൽ ആദ്യത്തേതിന്റെ മുറിവ് ഉണങ്ങുന്നത് വരെ രണ്ടാമത്തേത് നൽകാൻ പാടില്ല.” അബൂഹനീഫയുടെ ഈ പ്രതികരണം ഖാളി ഇബ്നു അബീ ലൈല അറിഞ്ഞപ്പോൾ അദ്ദേഹം അമീറിനോട് പരാതിപ്പെടുകയും, അമീർ അബൂഹനീഫക്ക് ഫത്‌വ നൽകുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു.
ഇമാം ഇബ്നു അബ്ദുൽ ബർ അൽ-ഖുർത്വുബി رَحِمَهُ اللَّهُ ഉദ്ധരിക്കുന്ന മറ്റൊരു സംഭവമുണ്ട്. ഇബ്നു ശുബ്റുമ്മ رَحِمَهُ اللَّهُ അബൂഹനീഫയെ കഠിനമായി വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹം പറയുന്നു: “ഒരിക്കൽ ഞാൻ ഹജ്ജിന് പോയി. അവിടെവെച്ച് ഒരു കൂട്ടം ആളുകൾ അബൂഹനീഫയോട് ഫത്‌വ ചോദിക്കുന്നത് ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തിന് എന്നെ കാണാൻ കഴിയാത്ത വിധം അടുത്തുനിന്നു. അപ്പോൾ ഒരാൾ വന്ന് അദ്ദേഹത്തോട് ചോദിച്ചു: ‘അല്ലയോ അബൂഹനീഫ, എന്നെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നം ചോദിക്കാനാണ് ഞാൻ വന്നത്. എനിക്ക് ഒരൊറ്റ മകൻ മാത്രമേയുള്ളൂ. അവന് ഞാൻ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുത്താൽ അവൻ അവളെ ത്വലാഖ് ചൊല്ലും. ഇനി ഞാൻ അവന് ഒരു അടിമസ്ത്രീയെ വാങ്ങിക്കൊടുത്താൽ അവൻ അവളെ സ്വതന്ത്രയാക്കും. എനിക്കിതൊരു വലിയ പ്രയാസമായി മാറിയിരിക്കുകയാണ്. ഇതിനൊരു പരിഹാരമുണ്ടോ?’ ഒട്ടും ആലോചിച്ചു നിൽക്കാതെ അബൂഹനീഫ മറുപടി പറഞ്ഞു: ‘അവന് ഇഷ്ടപ്പെടുന്ന ഒരു അടിമസ്ത്രീയെ താങ്കൾ താങ്കളുടെ സ്വന്തം പേരിലേക്ക് വിലക്ക് വാങ്ങുക. എന്നിട്ട് അവളെ അവന് വിവാഹം ചെയ്തുകൊടുക്കുക. അവൻ അവളെ ത്വലാഖ് ചൊല്ലുകയാണെങ്കിൽ അവൾ താങ്കളുടെ അടിമയായിത്തന്നെ താങ്കളിലേക്ക് മടങ്ങിവരും. ഇനി അവൻ അവളെ സ്വതന്ത്രയാക്കുകയാണെങ്കിൽ, തന്റെ ഉടമസ്ഥതയിലില്ലാത്ത ഒന്നിനെ സ്വതന്ത്രയാക്കാൻ അവന് അധികാരവുമില്ല.’ ഇത് കേട്ടപ്പോൾ ഈ മനുഷ്യൻ ഒരു വലിയ കർമ്മശാസ്ത്ര പണ്ഡിതനാണെന്ന് എനിക്ക് ബോധ്യമായി. ആ ദിവസം മുതൽ അദ്ദേഹത്തെക്കുറിച്ച് നല്ലതല്ലാതെ മറ്റൊന്നും ഞാൻ പറഞ്ഞിട്ടില്ല.”
സുബൈർ ബിൻ കുഅയ്ബ് رَحِمَهُ اللَّهُ പറയുന്നു: ശരീക് رَحِمَهُ اللَّهُ എന്നോട് പറഞ്ഞു: “ഞങ്ങൾ ബനൂ ഹാഷിം കുടുംബത്തിലെ ഒരു യുവാവിന്റെ ജനാസ നമസ്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. സമൂഹത്തിലെ പ്രമുഖരെല്ലാം ആ ജനാസയെ അനുഗമിക്കുന്നുണ്ടായിരുന്നു. ഇബ്നു ശുബ്റുമ്മയും എന്റെ കൂടെയുണ്ടായിരുന്നു. പെട്ടെന്ന് ജനാസയുമായി പോകുന്നവർ നിന്നു. മരണപ്പെട്ട യുവാവിന്റെ മാതാവ് ദുഃഖം താങ്ങാനാവാതെ മുഖപടം മാറ്റി ഒരു കുപ്പായം മാത്രം ധരിച്ച് പുറത്തേക്ക് വന്നു. ഇതുകണ്ട പിതാവ്, അവൾ തിരിച്ചുപോയില്ലെങ്കിൽ ത്വലാഖ് ആയിരിക്കുമെന്ന് സത്യം ചെയ്തു. എന്നാൽ അവൾ, തന്റെ മകന് വേണ്ടി ജനാസ നമസ്കാരം നിർവഹിക്കപ്പെടുന്നത് വരെ താൻ തിരിച്ചുപോകില്ല എന്ന് തന്റെ മുഴുവൻ അടിമകളെയും സ്വതന്ത്രരാക്കിക്കൊണ്ട് സത്യം ചെയ്തു. ഇപ്പോൾ അവർ രണ്ടുപേരും സത്യം ചെയ്തിരിക്കുകയാണ്. ജനാസയുമായി പോകുന്നവർ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. ഇബ്നു ശുബ്റുമ്മയെയും മറ്റുള്ള പണ്ഡിതന്മാരെയും ഈ വിഷയം അറിയിച്ചെങ്കിലും അവർക്കും ഉത്തരം കണ്ടെത്താനായില്ല. ഉടനെ അവർ അബൂഹനീഫയെ അന്വേഷിച്ചുപോയി. അദ്ദേഹം തലമറച്ചുകൊണ്ട് ജനങ്ങൾക്കിടയിലൂടെ അവിടെയെത്തി. മാതാവും പിതാവും ജനങ്ങളും ജനാസയും അവിടെ നിൽക്കുകയാണ്. അദ്ദേഹം മാതാവിനോട് എന്തിന്റെ പേരിലാണ് സത്യം ചെയ്തതെന്ന് ചോദിച്ചു. അവൾ പറഞ്ഞു: ‘ഇന്ന ഇന്ന കാര്യങ്ങൾ.’ പിതാവിനോട് ചോദിച്ചപ്പോൾ അയാളും താൻ ചെയ്ത സത്യം പറഞ്ഞു. ഉടനെ അബൂഹനീഫ പറഞ്ഞു: ‘ജനാസ താഴെ വെക്കുക.’ എന്നിട്ട് പിതാവിനോട് പറഞ്ഞു: ‘താങ്കൾ മുന്നോട്ട് വന്ന് മകന് വേണ്ടി നമസ്കരിക്കുക.’ പിതാവ് നമസ്കാരം പൂർത്തിയാക്കിയ ഉടനെ അദ്ദേഹം മാതാവിനോട് പറഞ്ഞു: ‘ഇനി താങ്കൾ തിരിച്ചുപോവുക, നിങ്ങളുടെ രണ്ടുപേരുടെയും സത്യം നിറവേറ്റപ്പെട്ടിരിക്കുന്നു.’ എന്നിട്ട് ആളുകളോട് ജനാസ എടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.” (പിതാവ് നമസ്കരിച്ചതോടെ മാതാവിന്റെ സത്യം നിറവേറി, അവൾ തിരിച്ചുപോയതോടെ പിതാവിന്റെ സത്യവും നിറവേറി). ഈ പരിഹാരം കണ്ട് ജനങ്ങൾ അത്ഭുതപ്പെട്ടു. അപ്പോൾ ഇബ്നു ശുബ്റുമ്മ പറഞ്ഞു: “അന്നുമഅ്മാനെ (അബൂഹനീഫയെ) പോലൊരാൾക്ക് ജന്മം നൽകാൻ സ്ത്രീകൾ അശക്തരാണ്!”
മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ رَحِمَهُ اللَّهُ പറയുന്നു: കൂഫയിലുണ്ടായിരുന്ന ഒരാൾ ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിനെക്കുറിച്ച് അപവാദം പറയാറുണ്ടായിരുന്നു. അദ്ദേഹം ഒരു ജൂതനായിരുന്നു എന്ന് വരെ അയാൾ വാദിച്ചു. ഇതറിഞ്ഞ അബൂഹനീഫ അയാളുടെ അടുക്കൽ ചെന്ന് പറഞ്ഞു: “നിങ്ങളുടെ മകളെ വിവാഹം ആലോചിക്കാനാണ് ഞാൻ വന്നിരിക്കുന്നത്.” അയാൾ ചോദിച്ചു: “ആർക്കുവേണ്ടിയാണ്?” അബൂഹനീഫ പറഞ്ഞു: “വലിയ മാന്യനും, സമ്പന്നനും, ഖുർആൻ മനഃപാഠമുള്ളവനും, ഉദാരമതിയും, രാത്രി മുഴുവൻ നിന്ന് നമസ്കരിക്കുന്നവനും, അല്ലാഹുവിനെ ഭയന്ന് ധാരാളം കരയുന്നവനുമായ ഒരു യുവാവിന് വേണ്ടി.” ഇത് കേട്ടപ്പോൾ അയാൾ സന്തോഷത്തോടെ പറഞ്ഞു: “ഇത്രയും ഗുണങ്ങളില്ലാത്ത, ഇതിനേക്കാൾ താഴെ നിൽക്കുന്ന ഒരാളായാൽ പോലും ഞാൻ വിവാഹം ചെയ്തു കൊടുക്കാൻ തയ്യാറാണ്!” അബൂഹനീഫ പറഞ്ഞു: “പക്ഷേ, അയാൾക്ക് ഒരു ന്യൂനതയുണ്ട്.” അയാൾ ചോദിച്ചു: “എന്താണത്?” അബൂഹനീഫ പറഞ്ഞു: “അതൊരു ജൂതനാണ്.” അയാൾ കോപത്തോടെ പറഞ്ഞു: “സുബ്ഹാനല്ലാഹ്! എന്റെ മകളെ ഒരു ജൂതന് വിവാഹം ചെയ്തു കൊടുക്കാനാണോ താങ്കൾ എന്നോട് പറയുന്നത്?” അബൂഹനീഫ ചോദിച്ചു: “താങ്കൾ അത് ചെയ്യാൻ തയ്യാറല്ലേ?” അയാൾ പറഞ്ഞു: “ഇല്ല, ഒരിക്കലുമില്ല.” അപ്പോൾ അബൂഹനീഫ പറഞ്ഞു: “താങ്കൾ അതിന് തയ്യാറല്ല; എന്നാൽ അല്ലാഹുവിന്റെ പ്രവാചകൻ ﷺ തന്റെ രണ്ട് പെൺമക്കളെ ഒരു ജൂതന് വിവാഹം ചെയ്തുകൊടുത്തു എന്ന് വിശ്വസിക്കാൻ താങ്കൾക്ക് എങ്ങനെ കഴിയുന്നു?” ഈ ചോദ്യത്തിന് മുന്നിൽ പകച്ചുപോയ അയാൾ, അബൂഹനീഫ തന്നെ ഗുണദോഷിക്കാനാണ് ഇത് പറഞ്ഞതെന്ന് തിരിച്ചറിയുകയും, തന്റെ വാദങ്ങളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു. ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിനെതിരെയുള്ള അപവാദങ്ങൾ അയാൾ എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
യഹ്‌യ ബിൻ മഈൻ رَحِمَهُ اللَّهُ ഉദ്ധരിക്കുന്നു: ഖവാരിജുകൾ (മുസ്‌ലിം ഭരണാധികാരികൾക്കെതിരെ സായുധകലാപം നടത്തുന്ന വിഭാഗം) കൂഫാ പള്ളിയിൽ പ്രവേശിച്ചു. അബൂഹനീഫയും വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു. ഖവാരിജുകൾ ജനങ്ങളെ നിഷ്കരുണം കൊലപ്പെടുത്തുന്നവരായിരുന്നു. അവരെ കണ്ടപ്പോൾ അബൂഹനീഫ വിദ്യാർത്ഥികളോട് പറഞ്ഞു: “നിങ്ങൾ ആരും ഇവിടം വിട്ടുപോകരുത്.” ഖവാരിജുകൾ അവരുടെ അടുത്ത് വന്ന് ചോദിച്ചു: “നിങ്ങൾ ആരാണ്?” അബൂഹനീഫ മറുപടി പറഞ്ഞു: “ഞങ്ങൾ അഭയം തേടുന്നവരാണ് (മുസ്തജീറൂൻ).” അപ്പോൾ ഖവാരിജുകളുടെ നേതാവ് പറഞ്ഞു: “അവരെ വിട്ടേക്കുക, അവരെ അവരുടെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുക. അവർക്ക് ഖുർആൻ ഓതിക്കൊടുക്കുക.” അബൂഹനീഫ നൽകിയ ഈ മറുപടി വിശുദ്ധ ഖുർആനിലെ താഴെ പറയുന്ന വചനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു:
وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَـٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ
“മുശ്‌രിക്കുകളിൽ വല്ലവനും നിൻറെ അടുക്കൽ അഭയം തേടി വന്നാൽ അല്ലാഹുവിൻറെ വചനം അവൻ കേട്ടു ഗ്രഹിക്കാൻ വേണ്ടി അവന് അഭയം നൽകുക. എന്നിട്ട് അവന് സുരക്ഷിതത്വമുള്ള സ്ഥാനത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക.” [സൂറത്തുത്തൗബ – 6] ഖവാരിജുകൾ വിവരദോഷികളായിരുന്നതിനാൽ അവർക്ക് ഇതിന്റെ പൊരുൾ മനസ്സിലായില്ല. അങ്ങനെ തന്റെ ബുദ്ധിശക്തിയാൽ അദ്ദേഹം തങ്ങളെയും വിദ്യാർത്ഥികളെയും രക്ഷപ്പെടുത്തി.
അധ്യാപന രീതി
ഇമാം അബൂഹനീഫ رَحِمَهُ اللَّهُ വിന്റെ അധ്യാപന രീതി അക്കാലത്തെ മറ്റ് പണ്ഡിതന്മാരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. കേവലം അധ്യാപകൻ പറയുന്ന കാര്യങ്ങൾ വിദ്യാർത്ഥികൾ കേട്ടെഴുതുന്ന രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. മറിച്ച്, ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും മസ്അലകൾ രൂപപ്പെടുത്തുന്ന രീതിയായിരുന്നു അദ്ദേഹം സ്വീകരിച്ചത്. അൽ-മുവഫ്ഫഖ് അൽ-മക്കി رَحِمَهُ اللَّهُ പറയുന്നു: “അബൂഹനീഫ തന്റെ മദ്ഹബ് വിദ്യാർത്ഥികൾക്കിടയിൽ ഒരു കൂടിയാലോചനയായിട്ടാണ് രൂപപ്പെടുത്തിയത്. സ്വന്തം അഭിപ്രായങ്ങൾ മാത്രം അവരിൽ അടിച്ചേൽപ്പിക്കുന്ന സ്വേച്ഛാധിപത്യ ശൈലി അദ്ദേഹം സ്വീകരിച്ചില്ല. ദീനിന്റെ കാര്യത്തിലുള്ള അങ്ങേയറ്റത്തെ സൂക്ഷ്മതയും, അല്ലാഹുവിനോടും റസൂലിനോടും വിശ്വാസികളോടുമുള്ള ഗുണകാംക്ഷയുമായിരുന്നു ഇതിന് കാരണം. അദ്ദേഹം ഒരു മസ്അല സദസ്സിൽ അവതരിപ്പിക്കും. അതിനെ പല കോണുകളിൽ നിന്നും ചർച്ച ചെയ്യും. വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ കേൾക്കുകയും തന്റെ അഭിപ്രായം അവർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. ഒരുപക്ഷേ ഒരു മാസത്തിലധികമൊക്കെ ഈ ചർച്ചകൾ നീണ്ടുപോകുമായിരുന്നു. അങ്ങനെ ഒരു അഭിപ്രായത്തിൽ എല്ലാവരും ഏകാഭിപ്രായത്തിലെത്തുമ്പോൾ ഖാളി അബൂയൂസുഫ് അത് അടിസ്ഥാന ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തും.”
ഏതെങ്കിലും ഒരു പ്രശ്നത്തിൽ ഉത്തരം കണ്ടെത്താനാവാതെ വരുമ്പോൾ അദ്ദേഹം വിദ്യാർത്ഥികളോട് പറയുമായിരുന്നു: “ഞാൻ ചെയ്ത ഏതെങ്കിലും പാപം കാരണമായിരിക്കും എനിക്കിതിന്റെ ഉത്തരം ലഭിക്കാത്തത്.” അപ്പോൾ അദ്ദേഹം അല്ലാഹുവിനോട് പാപമോചനം തേടുകയും എഴുന്നേറ്റ് നിന്ന് നമസ്കരിക്കുകയും ചെയ്യും. അപ്പോൾ അദ്ദേഹത്തിന് ആ പ്രശ്നത്തിന്റെ ഉത്തരം വ്യക്തമാകും. അപ്പോൾ അദ്ദേഹം പറയും: “എന്റെ തൗബ സ്വീകരിക്കപ്പെട്ടു എന്ന് ഞാൻ പ്രത്യാശിക്കുന്നു.”
അഖീദയും കർമ്മശാസ്ത്ര രീതിയും
അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ അഖീദയായിരുന്നു ഇമാം അബൂഹനീഫ رَحِمَهُ اللَّهُ വിന്റേത്. തൗഹീദിനെ അദ്ദേഹം അങ്ങേയറ്റം മഹത്വവൽക്കരിക്കുകയും ശിർക്കിനെയും ബിദ്അത്തിനെയും കഠിനമായി താക്കീത് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകളിൽ ഇപ്രകാരം കാണാം: “ആരും അല്ലാഹുവിനോടല്ലാതെ മറ്റാരോടും പ്രാർത്ഥിക്കാൻ പാടില്ല. അനുവദിക്കപ്പെട്ടതും കല്പിക്കപ്പെട്ടതുമായ പ്രാർത്ഥന വിശുദ്ധ ഖുർആനിൽ അല്ലാഹു പഠിപ്പിച്ചതാണ്.” അല്ലാഹു വചനം നൽകുന്നു:
وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَـٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ
“അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുക. അവൻറെ പേരുകളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടേക്കുക. അവർ ചെയ്തു വരുന്നതിന്റെ ഫലം അവർക്ക് വഴിയെ നൽകപ്പെടുന്നതാണ്.” [സൂറത്തുൽ അഅ്റാഫ് – 180]
അദ്ദേഹം വീണ്ടും പറയുന്നു: “പ്രാർത്ഥിക്കുന്നവൻ ‘ഇന്നയാളുടെ ഹഖ് കൊണ്ട്’, അല്ലെങ്കിൽ ‘നിന്റെ പ്രവാചകന്മാരുടെയും ദൂതന്മാരുടെയും ഹഖ് കൊണ്ട്’, അല്ലെങ്കിൽ ‘കഅ്ബയുടെയും മശ്അറുൽ ഹറാമിന്റെയും ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു’ എന്ന് പറയുന്നത് കറുത്തതായി കാണപ്പെടുന്നു (അനുവദനീയമല്ല). മറിച്ച്, അവൻ അല്ലാഹുവിനോട് നേരിട്ട് ചോദിക്കുകയാണ് വേണ്ടത്.”
അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളിൽ (അസ്മാഉസ്വഫാത്ത്) അഹ്‌ലുസ്സുന്നയുടെ നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. അദ്ദേഹം പറയുന്നു: “അല്ലാഹുവിനെ സൃഷ്ടികളുടെ വിശേഷണങ്ങൾ കൊണ്ട് വിശേഷിപ്പിക്കാൻ പാടില്ല. അല്ലാഹുവിന്റെ കോപവും പൊരുത്തവും അവന്റെ വിശേഷണങ്ങളിൽ പെട്ടതാണ്; അത് എങ്ങനെയാണെന്ന് (കൈഫ്) ചോദിക്കാൻ പാടില്ല. ഇത് തന്നെയാണ് അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ അഭിപ്രായവും. അല്ലാഹു കോപിക്കുകയും പൊരുത്തപ്പെടുകയും ചെയ്യും. അല്ലാതെ, കോപം എന്നാൽ അല്ലാഹുവിന്റെ ശിക്ഷയാണെന്നും പൊരുത്തം എന്നാൽ അവന്റെ പ്രതിഫലമാണെന്നും വ്യാഖ്യാനിക്കാൻ (തഅ്‌വീൽ ചെയ്യാൻ) പാടില്ല. അല്ലാഹു അവനെ വിശേഷിപ്പിച്ചതുപോലെ നാമും അവനെ വിശേഷിപ്പിക്കുന്നു. അവൻ ഏകനാണ്, അവൻ ആരെയും ആശ്രയിക്കാത്തവനും എല്ലാവരും ആശ്രയിക്കുന്നവനുമാണ്, അവൻ ആർക്കും ജന്മം നൽകിയിട്ടില്ല, അവൻ ജനിച്ചിട്ടുമില്ല, അവന് തുല്യനായി ആരുമില്ല. അവൻ ജീവിക്കുന്നവനും, കഴിവുള്ളവനും, കേൾക്കുന്നവനും, കാണുന്നവനും, അറിയുന്നവനുമാണ്. അല്ലാഹുവിന്റെ കൈ അവരുടെ കൈകൾക്ക് മീതെയാണ്; അത് സൃഷ്ടികളുടെ കൈകൾ പോലെയല്ല. അവന്റെ മുഖം സൃഷ്ടികളുടെ മുഖം പോലെയല്ല.”
രാത്രിയുടെ അവസാന യാമത്തിൽ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരുന്നതിനെ (നുസൂൽ) കുറിച്ചുള്ള ഹദീസിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹു ഇറങ്ങിവരും, അത് എങ്ങനെയാണെന്ന് നമുക്കറിയില്ല.” അതുപോലെ ഖുർആനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയല്ല. ഖുർആൻ അല്ലാഹുവിന്റെ വചനമാണ്. അത് മുസ്ഹഫുകളിൽ എഴുതപ്പെട്ടിട്ടുള്ളതും, ഹൃദയങ്ങളിൽ മനഃപാഠമാക്കപ്പെട്ടിട്ടുള്ളതും, നാവുകൾ കൊണ്ട് പാരായണം ചെയ്യപ്പെടുന്നതും, മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ടതുമാണ്.” ആദ്യകാലത്ത് ഖുർആൻ സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന ആരോപണങ്ങളെ പൂർണ്ണമായും ഖണ്ഡിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വ്യക്തമായ നിലപാട്.
അബൂഹനീഫ رَحِمَهُ اللَّهُ വിന്റെ കർമ്മശാസ്ത്ര രീതി മറ്റ് ഇമാമുമാരിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, സ്വഹീഹായ ഖിയാസ് എന്നിവ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും അടിസ്ഥാനങ്ങൾ. അദ്ദേഹം പറയുന്നു: “അല്ലാഹുവിന്റെ കിതാബിൽ ഞാൻ ഒരു കാര്യം കണ്ടാൽ ഞാനത് സ്വീകരിക്കും. അതിൽ കണ്ടില്ലെങ്കിൽ റസൂൽ ﷺ യുടെ സുന്നത്തും, വിശ്വസ്തരായ റിപ്പോർട്ടർമാരിലൂടെ സ്ഥിരപ്പെട്ടുവന്ന സ്വഹീഹായ ഹദീസുകളും ഞാൻ സ്വീകരിക്കും. ഖുർആനിലും സുന്നത്തിലും ഞാൻ കണ്ടില്ലെങ്കിൽ സ്വഹാബികളുടെ അഭിപ്രായങ്ങൾ ഞാൻ സ്വീകരിക്കും; അതിൽ നിന്ന് ഞാൻ ഉദ്ദേശിക്കുന്നവരുടെ അഭിപ്രായം സ്വീകരിക്കുകയും ഉദ്ദേശിക്കുന്നവരുടേത് വിട്ടുകളയുകയും ചെയ്യും. എന്നാൽ അവരുടെ അഭിപ്രായങ്ങൾക്ക് പുറത്തുള്ള മറ്റൊരാളുടെ അഭിപ്രായത്തിലേക്ക് ഞാൻ മാറുകയില്ല. എന്നാൽ ഇബ്രാഹീം അന്നാഖഈ, അശ്ശാഅ്ബി, സഈദ് ബിൻ അൽ-മുസയ്യബ് തുടങ്ങിയ താബിഉകളിലേക്കാണ് വിഷയം എത്തുന്നതെങ്കിൽ, അവർ ഇജ്തിഹാദ് നടത്തിയതുപോലെ ഞാനും ഇജ്തിഹാദ് നടത്തും.”
ഹദീസുകൾ സ്വീകരിക്കുന്നതിൽ അദ്ദേഹം അങ്ങേയറ്റം സൂക്ഷ്മത പുലർത്തിയിരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്നു: “ഒരു ഹദീസ് സ്വഹീഹായി വന്നാൽ അതാണ് എന്റെ മദ്ഹബ്.” അദ്ദേഹം വീണ്ടും പറയുന്നു: “ഞങ്ങൾ ഈ അഭിപ്രായം എവിടെ നിന്നാണ് എടുത്തതെന്ന് (തെളിവ്) അറിയാതെ ഞങ്ങളുടെ അഭിപ്രായം സ്വീകരിച്ച് ഫത്‌വ നൽകാൻ ഒരാൾക്കും അനുവാദമില്ല.” മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: “എന്റെ തെളിവ് എന്താണെന്ന് അറിയാത്തവൻ എന്റെ വാക്കുകൾ വെച്ച് ഫത്‌വ നൽകുന്നത് ഹറാമാണ്.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “കാരണം ഞങ്ങൾ മനുഷ്യരാണ്. ഇന്ന് ഞങ്ങൾ ഒരു അഭിപ്രായം പറയും, നാളെ ഞങ്ങൾ അതിൽ നിന്ന് മടങ്ങിയേക്കാം.” ഈ മഹാപണ്ഡിതന്റെ വാക്കുകൾ എത്ര മഹത്തരമാണ്! അദ്ദേഹം പറയുന്നു: “അല്ലാഹുവിന്റെ കിതാബിനും റസൂൽ ﷺ യുടെ ഹദീസിനും എതിരായി ഞാൻ വല്ലതും പറഞ്ഞാൽ, നിങ്ങൾ എന്റെ വാക്കുകൾ ഉപേക്ഷിക്കുക.”
പരീക്ഷണങ്ങളും വിയോഗവും
പ്രവാചകന്മാർക്കും പണ്ഡിതന്മാർക്കുമെല്ലാം നേരിടേണ്ടി വന്നിട്ടുള്ളത് പോലെയുള്ള പരീക്ഷണങ്ങൾ ഇമാം അബൂഹനീഫ رَحِمَهُ اللَّهُ വിനും നേരിടേണ്ടി വന്നിട്ടുണ്ട്. ഉബൈദുല്ല ബിൻ അംറ് അർ-റഖി رَحِمَهُ اللَّهُ പറയുന്നു: “ഇബ്നു ഹുബൈറ അബൂഹനീഫയെ കൂഫയിലെ ഖാളിയായി നിയമിക്കാൻ വിളിച്ചു. അദ്ദേഹം അത് നിരസിച്ചു. ഇതിന്റെ പേരിൽ അദ്ദേഹത്തെ 110 തവണ ചാട്ടവാർ കൊണ്ട് അടിച്ചു. അദ്ദേഹം ആ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത് കണ്ടപ്പോൾ ഇബ്നു ഹുബൈറ അദ്ദേഹത്തെ വിട്ടയച്ചു.”
ഹിജ്റ 150-ലാണ് ഇമാം അബൂഹനീഫ رَحِمَهُ اللَّهُ അല്ലാഹുവിങ്കലേക്ക് യാത്രയായത്. ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ ജനിച്ച അതേ വർഷം തന്നെയാണിത്. 70 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം. അദ്ദേഹത്തിന്റെ മകൻ ഹമ്മാദ് പറയുന്നു: “എന്റെ പിതാവ് മരണപ്പെട്ടപ്പോൾ അദ്ദേഹത്തെ കുളിപ്പിക്കാൻ ഞങ്ങൾ അൽ-ഹസൻ ബിൻ അമ്മാറിനെയാണ് വിളിച്ചത്. കുളിപ്പിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു: ‘അല്ലാഹു താങ്കൾക്ക് കാരുണ്യം ചൊരിയുകയും പൊറുത്തുനൽകുകയും ചെയ്യട്ടെ. 30 വർഷത്തോളം താങ്കൾ നോമ്പ് മുറിച്ചിട്ടില്ല. 40 വർഷമായി രാത്രിയിൽ താങ്കൾ വലതുഭാഗം ചരിഞ്ഞുകിടന്ന് ഉറങ്ങിയിട്ടില്ല. താങ്കൾക്ക് ശേഷം വരുന്നവരെ താങ്കൾ വല്ലാതെ ക്ഷീണിപ്പിച്ചിരിക്കുന്നു (താങ്കളുടെ അത്രയും ഇബാദത്ത് ചെയ്യാൻ അവർക്ക് കഴിയില്ലല്ലോ)’.”
ബാഗ്ദാദിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ജനങ്ങളുടെ തിരക്ക് കാരണം ആറ് തവണ അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കാരം നടന്നു എന്ന് ഹാഫിള് ഇബ്നു കസീർ رَحِمَهُ اللَّهُ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖബർ അവിടെത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്. പൂർവ്വികരിലും പിൽക്കാലക്കാരിലും അബൂഹനീഫ رَحِمَهُ اللَّهُ വിന് മേൽ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു നമ്മെയും അദ്ദേഹത്തെയും സ്വർഗ്ഗത്തിൽ പ്രവാചകൻ ﷺ യോടൊപ്പം ഒരുമിച്ചുകൂട്ടട്ടെ.

