ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി
ഇസ്‌ലാമിക ചരിത്രത്തിൽ വിജ്ഞാനത്തിന്റെ പ്രകാശഗോപുരങ്ങളായി തിളങ്ങിനിൽക്കുന്ന പണ്ഡിതന്മാരിൽ പ്രമുഖനാണ് ഇമാം അബൂഹനീഫ رَحِمَهُ اللَّهُ. കർമ്മശാസ്ത്രത്തിന്റെ മേഖലയിൽ ഒരു സമുദ്രമായി മാറിയ മഹാപണ്ഡിതനാണദ്ദേഹം. ചെറുപ്പം മുതലേ അസാമാന്യ ബുദ്ധിശക്തിയും ഉന്നതമായ സ്വഭാവഗുണങ്ങളും മര്യാദകളും അദ്ദേഹത്തിനുണ്ടായിരുന്നു. വരുംകാലങ്ങളിൽ ഉന്നതങ്ങളിൽ നക്ഷത്രങ്ങളോട് കിടപിടിക്കുന്ന ഒരു മഹാപണ്ഡിതന്റെ ഉദയമാണ് അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം വിളിച്ചറിയിച്ചിരുന്നത്.
പേരും ജനനവും
അന്നുമഅ്മാൻ ബിൻ സാബിത് ബിൻ അൽ-മർസുബാൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. ബനൂ തൈമുല്ലാഹ് ഇബ്നു സഅ്‌ലബ ഗോത്രത്തിന്റെ മോചിതനായ അടിമയായിരുന്നു അദ്ദേഹം. അബൂഹനീഫ എന്നത് അദ്ദേഹത്തിന്റെ കുൻയത്താണ് (അപരനാമം). ഈ പേരിലാണ് അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്നത്. ഇസ്‌ലാമിലെ ഉന്നതരായ ഇമാമുമാരിൽ ഒരാളാണ് അദ്ദേഹം. സ്വതന്ത്രരായ പേർഷ്യൻ വംശജരിൽ (ഫാരിസ്) നിന്നുള്ള ഉന്നതമായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കാബൂളിൽ നിന്നുള്ളവരാണെന്നും, അതല്ല അൻബാർ, നസാ, തിർമിദ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മഹത്വവും പ്രശസ്തിയും പദവിയും പരിഗണിക്കുമ്പോൾ, അദ്ദേഹത്തിന്റെ തറവാടിനെക്കുറിച്ച് അന്വേഷിക്കേണ്ട ആവശ്യമില്ല. സ്വന്തം കർമ്മങ്ങൾ കൊണ്ട് പിന്നിലായവനെ അവന്റെ തറവാട് ഒരിക്കലും മുന്നിലെത്തിക്കുകയില്ലല്ലോ.
ഉമറുബ്നുൽ ഖത്താബ് رَضِيَ اللَّهُ عَنْهُ വിന്റെ ഭരണകാലത്താണ് അബൂഹനീഫയുടെ പിതാമഹനായ അൽ-മർസുബാൻ ഇസ്‌ലാം സ്വീകരിച്ചത്. ശേഷം അദ്ദേഹം കൂഫയിലേക്ക് താമസം മാറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അബൂഹനീഫ തന്റെ മാതാപിതാക്കളുടെ ഏക മകനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കൂഫയിൽ വസ്ത്രങ്ങൾ വിൽക്കുന്ന ഒരു കച്ചവടക്കാരനായിരുന്നു (ബസ്സാസ്). പിതാവിന്റെ ഈ പാരമ്പര്യ തൊഴിൽ തന്നെയാണ് അബൂഹനീഫയും ഏറ്റെടുത്തത്. തന്റെ സ്വന്തം കൈകൾ കൊണ്ട് അധ്വാനിച്ചാണ് അദ്ദേഹം ഉപജീവനം കണ്ടെത്തിയിരുന്നത്.
ഹിജ്റ 80-ലാണ് ഇമാം അബൂഹനീഫ رَحِمَهُ اللَّهُ ജനിച്ചത്. ചെറിയ സ്വഹാബികൾ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. അനസ് ബിൻ മാലിക് رَضِيَ اللَّهُ عَنْهُ കൂഫയിൽ വന്നപ്പോൾ അബൂഹനീഫ അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നു. എന്നാൽ അദ്ദേഹം ഏതെങ്കിലും സ്വഹാബിയുമായി സന്ധിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് ശരിയായ അഭിപ്രായം (വല്ലാഹു അഅ്‌ലം). അന്ന് അദ്ദേഹം കണ്ടത് സ്വന്തം പിതാമഹനെയാണ് എന്നാണ് മനസ്സിലാകുന്നത്. അതിനാൽ അദ്ദേഹം താബിഉകളുടെ പിൻഗാമിയായ ‘താബിഉത്തീബിഈൻ’ എന്ന ഗണത്തിലാണ് ഉൾപ്പെടുന്നത്.
അൽ-ഖത്തീബ് അൽ-ബഗ്ദാദി رَحِمَهُ اللَّهُ രേഖപ്പെടുത്തുന്നു: ഒരിക്കൽ അബൂഹനീഫ തന്റെ സ്വപ്നത്തിൽ പ്രവാചകൻ ﷺ യുടെ ഖബർ തോണ്ടുന്നതായി കണ്ടു. ഇതുകണ്ട് ഭയന്നുപോയ അദ്ദേഹം, പ്രമുഖ പണ്ഡിതനായ മുഹമ്മദ് ഇബ്നു സീരീൻ رَحِمَهُ اللَّهُ വിന്റെ അടുത്തേക്ക് ഒരാളെ പറഞ്ഞയച്ച് ഇതിന്റെ വ്യാഖ്യാനം അന്വേഷിച്ചു. അപ്പോൾ ഇബ്നു സീരീൻ رَحِمَهُ اللَّهُ പറഞ്ഞു: “ഈ സ്വപ്നം കണ്ട വ്യക്തി, മുൻപ് ആരും എത്തിച്ചേരാത്ത മഹത്തായ വിജ്ഞാനം കുഴിച്ചെടുക്കുന്നതാണ്.” പിൽക്കാലത്ത് അദ്ദേഹത്തിന് ലഭിക്കാൻ പോകുന്ന വിജ്ഞാനത്തെയും അറിവിനെയുമാണ് ആ സ്വപ്നം സൂചിപ്പിച്ചത്.
വിജ്ഞാന സപര്യയുടെ തുടക്കം
ചെറുപ്പത്തിൽ തന്നെ അദ്ദേഹം വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയിരുന്നു. തന്റെ പതിനാറാം വയസ്സിൽ പിതാവിനോടൊപ്പം അദ്ദേഹം ഹജ്ജ് കർമ്മം നിർവഹിച്ചു. അസാമാന്യ ബുദ്ധിശക്തിയും വാക്ചാതുര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അബൂഹനീഫയുടെ ശിഷ്യന്മാരിൽ പ്രമുഖനായ അബൂ യൂസുഫ് അൽ-ഖാളി رَحِمَهُ اللَّهُ തന്റെ ശൈഖിനെക്കുറിച്ച് പറയുന്നു: “ജനങ്ങളിൽ ഏറ്റവും നല്ല വാക്ചാതുര്യമുള്ളവരും, ഏറ്റവും മധുരമായി സംസാരിക്കുന്നവരും, ഉദ്ദേശിക്കുന്ന കാര്യങ്ങൾ വളരെ കൃത്യമായി അവതരിപ്പിക്കുന്നവരുമായിരുന്നു അദ്ദേഹം.”
ആദ്യകാലത്ത് അദ്ദേഹം തർക്കശാസ്ത്രത്തിലും വാദപ്രതിവാദങ്ങളിലുമാണ് കൂടുതൽ താല്പര്യം കാണിച്ചത്. ഇരുപതാം വയസ്സിൽ തന്നെ അദ്ദേഹം നാസ്തികരുമായും വഴികേടുകാരുമായും സംവാദം നടത്തുകയും, അവരുടെ സംശയങ്ങളെ തച്ചുടക്കുകയും അബദ്ധങ്ങളെ തുറന്നുകാട്ടുകയും ചെയ്തിരുന്നു. അക്കാലത്ത് ബിദ്അത്തുകാരുടെ നേതാവായിരുന്ന ജഹ്മ് ബിൻ സ്വഫ്‌വാനുമായി അദ്ദേഹം സംവാദം നടത്തുകയും അയാളെ നിശബ്ദനാക്കുകയും ചെയ്തു. വാദപ്രതിവാദങ്ങളിൽ എപ്പോഴും അബൂഹനീഫ رَحِمَهُ اللَّهُ ആയിരുന്നു വിജയിച്ചിരുന്നത്. തന്റെ അറിവും പ്രഗൽഭ്യവും കാരണം വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രശസ്തനായി മാറി.
കർമ്മശാസ്ത്രത്തിലേക്കുള്ള മാറ്റം
തർക്കശാസ്ത്രത്തിൽ നിന്നും അദ്ദേഹം കർമ്മശാസ്ത്രത്തിലേക്ക് തിരിയാൻ ഒരു അത്ഭുതകരമായ കാരണമുണ്ട്. സുഫർ ബിൻ അൽ-ഹുദൈൽ رَحِمَهُ اللَّهُ പറയുന്നു: അബൂഹനീഫ رَحِمَهُ اللَّهُ പറയുന്നതായി ഞാൻ കേട്ടു: “ഞാൻ തർക്കശാസ്ത്രത്തിൽ വലിയ പ്രാവീണ്യം നേടുകയും ജനങ്ങൾക്കിടയിൽ വലിയ പ്രശസ്തനാവുകയും ചെയ്തു. ഹമ്മാദ് ബിൻ അബീ സുലൈമാൻ رَحِمَهُ اللَّهُ വിന്റെ സദസ്സിന് അടുത്തായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. (ഹമ്മാദ് അദ്ദേഹത്തിന്റെ ആദ്യത്തെ ശൈഖായിരുന്നു). ഒരു ദിവസം ഒരു സ്ത്രീ എന്റെ അടുത്തേക്ക് വന്ന് ഒരു കർമ്മശാസ്ത്രപരമായ ചോദ്യം ചോദിച്ചു: ‘ഒരാൾക്ക് ഒരു അടിമസ്ത്രീയായ ഭാര്യയുണ്ട്, അവളെ സുന്നത്തായ രൂപത്തിൽ എങ്ങനെയാണ് ത്വലാഖ് ചൊല്ലേണ്ടത്?’ ഈ ചോദ്യത്തിന് എനിക്ക് മറുപടി അറിയില്ലായിരുന്നു. അതുകൊണ്ട് ആ സ്ത്രീയോട് ഹമ്മാദിനോട് ചോദിക്കാൻ ഞാൻ പറഞ്ഞു. എന്നിട്ട് അതിന്റെ മറുപടി എനിക്ക് വന്ന് പറഞ്ഞുതരണമെന്നും ഞാൻ ആവശ്യപ്പെട്ടു.”
“ആ സ്ത്രീ ഹമ്മാദിനോട് ചോദിച്ചപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി നൽകി: ‘അവൾ ആർത്തവത്തിൽ നിന്നും ജനാബത്തിൽ നിന്നും ശുദ്ധിയുള്ള അവസ്ഥയിൽ ഒരു ത്വലാഖ് ചൊല്ലുക. പിന്നീട് അവൾ രണ്ട് ആർത്തവഘട്ടങ്ങൾ പിന്നിടുന്നത് വരെ അവളെ വിട്ടേക്കുക. (കാരണം അവൾ അടിമസ്ത്രീയാണ്, സ്വതന്ത്രയായ സ്ത്രീയല്ല). അവൾ കുളിച്ചു കഴിഞ്ഞാൽ മറ്റ് വിവാഹങ്ങൾ അവൾക്ക് അനുവദനീയമാകും.’ ഈ മറുപടി ആ സ്ത്രീ എന്നോട് വന്ന് പറഞ്ഞു. അപ്പോൾ എനിക്ക് തോന്നി, ഇനി എനിക്ക് ഈ തർക്കശാസ്ത്രത്തിൽ യാതൊരു ആവശ്യവുമില്ല. ഞാൻ എന്റെ ചെരിപ്പുമെടുത്ത് നേരെ ഹമ്മാദിന്റെ സദസ്സിൽ ചെന്നിരുന്നു. അദ്ദേഹം പറയുന്ന മസ്അലകൾ (ചോദ്യോത്തരങ്ങൾ) ഞാൻ ശ്രദ്ധിച്ചു കേൾക്കുകയും അത് മനഃപാഠമാക്കുകയും ചെയ്യും. അടുത്ത ദിവസം അദ്ദേഹം അത് ആവർത്തിക്കുമ്പോൾ എനിക്കത് കൃത്യമായി ഓർമ്മയുണ്ടാകും, എന്നാൽ മറ്റുള്ളവർക്ക് പലപ്പോഴും തെറ്റുകൾ സംഭവിക്കും. അപ്പോൾ ഈ അസാമാന്യനായ വിദ്യാർത്ഥിയെ ശ്രദ്ധിച്ചുകൊണ്ട് ഹമ്മാദ് رَحِمَهُ اللَّهُ പറഞ്ഞു: ‘എന്റെ സദസ്സിന്റെ മുൻനിരയിൽ അബൂഹനീഫയല്ലാതെ മറ്റാരും ഇരിക്കാൻ പാടില്ല.’ പത്തുവർഷത്തോളം ഞാൻ അദ്ദേഹത്തോടൊപ്പം സഹവസിച്ചു.”
“പിന്നീട് എനിക്ക് സ്വന്തമായി ഒരു സദസ്സ് തുടങ്ങാൻ ആഗ്രഹമായി. ഈ ചിന്തയോടെ ഒരു ദിവസം വൈകുന്നേരം ഞാൻ പള്ളിയിൽ ചെന്നെങ്കിലും, എന്റെ ശൈഖിനെ വിട്ടുപിരിയാൻ എനിക്ക് മനസ്സുവന്നില്ല. ഞാൻ അദ്ദേഹത്തിന്റെ കൂടെത്തന്നെ ഇരുന്നു. അന്ന് രാത്രി ബസ്വറയിൽ നിന്നും ഒരു മരണവാർത്ത അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ ഒരു ബന്ധു മരിച്ചിരിക്കുന്നു, അയാൾക്ക് അനന്തരാവകാശിയായി ഹമ്മാദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ബസ്വറയിലേക്ക് പുറപ്പെടുമ്പോൾ തന്റെ സ്ഥാനത്ത് ഇരിക്കാൻ എന്നോട് കൽപ്പിച്ചു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ എന്റെ മുൻപിൽ ഇതുവരെ കേട്ടിട്ടില്ലാത്ത പുതിയ പല മസ്അലകളും കടന്നുവന്നു. ഞാൻ അവക്കെല്ലാം മറുപടി നൽകുകയും എന്റെ ഉത്തരങ്ങൾ എഴുതിവെക്കുകയും ചെയ്തു. രണ്ട് മാസം കഴിഞ്ഞാണ് ശൈഖ് മടങ്ങിവന്നത്. ഞാൻ എഴുതിവെച്ച 60 ഓളം മസ്അലകൾ ഞാൻ അദ്ദേഹത്തിന്റെ മുൻപിൽ വെച്ചു. അതിൽ 40 എണ്ണത്തിൽ അദ്ദേഹം എന്നോട് യോജിക്കുകയും 20 എണ്ണത്തിൽ എന്നോട് വിയോജിക്കുകയും ചെയ്തു. അന്ന് ഞാൻ ശപഥം ചെയ്തു; ശൈഖ് മരിക്കുന്നത് വരെ ഞാൻ അദ്ദേഹത്തെ വിട്ടുപിരിയുകയില്ല എന്ന്. അങ്ങനെ മരണം വരെ ഞാൻ അദ്ദേഹത്തോടൊപ്പം തന്നെ തുടർന്നു.” ശൈഖിനോടുള്ള അബൂഹനീഫയുടെ സ്നേഹവും ബഹുമാനവുമാണ് ഇതിലൂടെ നമുക്ക് മനസ്സിലാകുന്നത്.
ഗുരുക്കന്മാർ (മശാഇഖുകൾ)
ഇമാം അബൂഹനീഫ رَحِمَهُ اللَّهُ വിന്റെ ഗുരുക്കന്മാർ ഹമ്മാദ് ബിൻ അബീ സുലൈമാനിൽ മാത്രം ഒതുങ്ങുന്നില്ല. മുൻഗാമികളായ ധാരാളം പണ്ഡിതന്മാരിൽ നിന്നും അദ്ദേഹം അറിവ് കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈഖുമാരുടെ എണ്ണം 4000 ത്തോളം വരുമെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല; കാരണം അദ്ദേഹം 55 തവണ ഹജ്ജ് കർമ്മം നിർവഹിച്ചിട്ടുണ്ട്. മക്കയിലും മദീനയിലുമുള്ള പണ്ഡിതന്മാരുമായും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹജ്ജിനെത്തുന്ന മഹാപണ്ഡിതന്മാരുമായും അദ്ദേഹം സന്ധിക്കുകയും അവരിൽ നിന്ന് അറിവ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. അബൂ ഹഫ്‌സ് അൽ-കബീർ رَحِمَهُ اللَّهُ അബൂഹനീഫയുടെ ശൈഖുമാരുടെ പേരുകൾ അറബി അക്ഷരമാലാക്രമത്തിൽ ക്രോഡീകരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രധാന ശൈഖ് കൂഫക്കാരനായ ഹമ്മാദ് ബിൻ അബീ സുലൈമാൻ رَحِمَهُ اللَّهُ (താബിഉത്തീബിഈൻ) തന്നെയാണ്. അബൂഹനീഫയുടെ അപാരമായ ബുദ്ധിശക്തി മനസ്സിലാക്കിയതുകൊണ്ടാണ് ഹമ്മാദ് അദ്ദേഹത്തെ തന്റെ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരുത്തിയത്. ഹമ്മാദിൽ നിന്ന് മാത്രം അബൂഹനീഫ ആയിരത്തോളം കർമ്മശാസ്ത്ര ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽ-ഹസ്കഫി ക്രോഡീകരിച്ച അദ്ദേഹത്തിന്റെ മുസ്നദിലെ മൂന്നിലൊന്ന് ഹദീസുകളും ഹമ്മാദ് വഴി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. അബൂഹനീഫ رَحِمَهُ اللَّهُ പറയാറുണ്ടായിരുന്നു: “ഹമ്മാദിന്റെ മരണശേഷം ഞാൻ നമസ്കരിക്കുന്ന ഓരോ നമസ്കാരത്തിലും എന്റെ മാതാപിതാക്കൾക്കൊപ്പം അദ്ദേഹത്തിനും വേണ്ടി ഞാൻ പാപമോചനം തേടാറുണ്ട്. എനിക്ക് അറിവ് പകർന്നുനൽകിയ എല്ലാവർക്കും വേണ്ടി ഞാൻ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്.” നോക്കൂ, എന്തൊരു മര്യാദയാണിത്! തനിക്ക് അറിവും അദബും പകർന്നുനൽകിയ ശൈഖുമാരെ അവർ ഒരിക്കലും മറന്നിരുന്നില്ല. ഇത് കേട്ട അദ്ദേഹത്തിന്റെ ശിഷ്യൻ അബൂയൂസുഫ് അൽ-ഖാളി رَحِمَهُ اللَّهُ പറഞ്ഞു: “അബൂഹനീഫയുടെ മരണശേഷം ഞാൻ നിർവഹിക്കുന്ന എല്ലാ നമസ്കാരങ്ങളിലും അദ്ദേഹത്തിന് വേണ്ടി ഞാൻ ദുആ ചെയ്യാറുണ്ട്.” ഇതാണ് വിദ്യാർത്ഥികൾ തങ്ങളുടെ ഗുരുക്കന്മാരോട് കാണിക്കേണ്ട മര്യാദ.
ഇതിന് പുറമെ അത്വാഅ് ബിൻ അബീ റബാഹ്, അശ്ശാഅ്ബി, അദിയ്യ് ബിൻ സാബിത്, അംറ് ബിൻ ദീനാർ, ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടിമയായ നാഫിഅ്, ഖതാദ, അൽ-ഖാസിം ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലാഹി ബ്നു മസ്ഊദ്, അബൂ ഇസ്ഹാഖ് അസ്സബീഈ رَحِمَهُمُ اللَّهُ തുടങ്ങി എണ്ണമറ്റ പണ്ഡിതന്മാരിൽ നിന്നും അദ്ദേഹം അറിവ് നേടിയിട്ടുണ്ട്.
അബൂഹനീഫ رَحِمَهُ اللَّهُ പറയുന്നു: ഞാൻ അമീറുൽ മുഅ്മിനീൻ അബൂ ജഅ്ഫർ അൽ-മൻസൂറിന്റെ സദസ്സിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു: “അല്ലയോ അബൂഹനീഫ, താങ്കൾ ആരിൽ നിന്നാണ് അറിവ് നേടിയത്?” ഞാൻ പറഞ്ഞു: “ഹമ്മാദിൽ നിന്ന്, അദ്ദേഹം ഇബ്രാഹീമിൽ നിന്ന്, അദ്ദേഹം ഉമറുബ്നുൽ ഖത്താബ്, അലി ബിൻ അബീ ത്വാൽബ്, അബ്ദുല്ലാഹി ബ്നു മസ്ഊദ്, അബ്ദുല്ലാഹി ബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمْ എന്നിവരിൽ നിന്ന്.” ഇത് കേട്ടപ്പോൾ അബൂ ജഅ്ഫർ പറഞ്ഞു: “കൊള്ളാം! താങ്കൾ അങ്ങേയറ്റം വിശ്വസ്തരും പുണ്യവാന്മാരുമായ ആളുകളിൽ നിന്നാണ് അറിവ് കരസ്ഥമാക്കിയിട്ടുള്ളത്.”
ശിഷ്യന്മാർ
ഇമാം അബൂഹനീഫ رَحِمَهُ اللَّهُ വിന്റെ ശിഷ്യന്മാരുടെ എണ്ണം കണക്കാക്കുക എന്നത് അസാധ്യമാണ്. അത്രത്തോളം വിശാലമാണ് ആ ശിഷ്യസമ്പത്ത്. എങ്കിലും അവരിൽ പ്രധാനപ്പെട്ട ചിലരെ നമുക്ക് ഓർക്കാം: അദ്ദേഹത്തിന്റെ മകനും ഫഖീഹുമായ ഹമ്മാദ്, ഇബ്രാഹീം ബിൻ ത്വഹ്മാൻ, ഇസ്ഹാഖ് ബിൻ യൂസുഫ് അൽ-അസ്‌റഖ്, അസദ് ബിൻ അംറ് അൽ-ഖാളി, അൽ-ഹസൻ ബിൻ സിയാദ് അൽ-ലുഅ്‌ലുഇ, ഹംസ അസ്സയ്യാത്ത്, ദാവൂദ് അത്ത്വാഈ, സുഫർ ബിൻ അൽ-ഹുദൈൽ, മുസ്വന്നഫിന്റെ രചയിതാവായ അബ്ദുറസാഖ് ബിൻ ഹമ്മാം അസ്സൻആനി, അബൂ നുഐം, മുഹമ്മദ് ബിൻ അൽ-ഹസൻ അശ്ശൈബാനി (ഏറ്റവും പ്രമുഖ ശിഷ്യന്മാരിൽ ഒരാൾ), ഹുശൈം, വകീഅ് ബിൻ അൽ-ജർറാഹ്, അബൂ യൂസുഫ് അൽ-ഖാളി رَحِمَهُمُ اللَّهُ തുടങ്ങിയവർ അവരിൽ ചിലർ മാത്രമാണ്.
അബൂഹനീഫയെക്കുറിച്ച് മുൻഗാമികളായ പണ്ഡിതന്മാർ ധാരാളമായി പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ അക്കാലത്തും പിൽക്കാലത്തും ഉന്നയിക്കപ്പെട്ട പല വിമർശനങ്ങളിൽ നിന്നും അദ്ദേഹം മടങ്ങിയിട്ടുണ്ട്. ഒരേയൊരു മസ്അല മാത്രമാണ് പണ്ഡിതന്മാർക്കിടയിൽ ഇപ്പോഴും ചർച്ചയിലുള്ളത്; അത് കേവലം വാക്കുകളിലെ വ്യത്യാസമാണോ (ഖിലാഫ് ലഫ്‌ളി) അതോ മറ്റെന്തെങ്കിലുമാണോ എന്നത് ഇവിടെ ചർച്ച ചെയ്യേണ്ടതില്ല. നമ്മുടെ ലക്ഷ്യം ഈ മഹാപണ്ഡിതന്റെ മഹത്വവും ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനവും വ്യക്തമാക്കുക എന്നതാണ്. അല്ലാഹു അദ്ദേഹത്തിന്റെ നാമം ലോകത്ത് നിലനിർത്തി എന്നത് തന്നെ അദ്ദേഹത്തിന്റെ പദവിക്ക് വലിയൊരു തെളിവാണ്.
പണ്ഡിതന്മാരുടെ പ്രശംസ
ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ വിന്റെ ശൈഖായ വകീഅ് ബിൻ അൽ-ജർറാഹ് رَحِمَهُ اللَّهُ പറയുന്നു: “അബൂഹനീഫ അങ്ങേയറ്റം വിശ്വസ്തനായിരുന്നു. അദ്ദേഹം അല്ലാഹുവിനെ മറ്റെല്ലാറ്റിനെക്കാളും വലുതായി കണ്ടു. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വാളുകൾ നേരിടേണ്ടി വന്നാൽ പോലും അദ്ദേഹം അത് സഹിക്കുമായിരുന്നു.”
ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ പറയുന്നു: ഇമാം മാലിക്കിനോട് അബൂഹനീഫയെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “അതെ, ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഈ തൂണ് സ്വർണ്ണമാണെന്ന് അദ്ദേഹം താങ്കളോട് വാദിച്ചാൽ അതിന് തക്കതായ തെളിവ് നിരത്താൻ അദ്ദേഹത്തിന് കഴിയും.” അദ്ദേഹത്തിന്റെ വാദമുഖങ്ങളുടെ ശക്തിയാണ് ഇതിലൂടെ ഇമാം മാലിക് رَحِمَهُ اللَّهُ സൂചിപ്പിക്കുന്നത്. ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ വിന്റെ പ്രസിദ്ധമായ മറ്റൊരു വാക്കുണ്ട്: “കർമ്മശാസ്ത്രത്തിൽ (ഫിഖ്ഹിൽ) ജനങ്ങളെല്ലാം അബൂഹനീഫയെ ആശ്രയിക്കുന്നവരാണ് (അദ്ദേഹത്തിന്റെ ആശ്രിതരാണ്).”
യഹ്‌യ ബിൻ മഈൻ رَحِمَهُ اللَّهُ പറയുന്നു: “അബൂഹനീഫ അങ്ങേയറ്റം വിശ്വസ്തനായ വ്യക്തിയാണ് (സിഖഃ). തനിക്ക് കൃത്യമായി മനഃപാഠമുള്ള ഹദീസുകൾ മാത്രമേ അദ്ദേഹം റിപ്പോർട്ട് ചെയ്യാറുള്ളൂ.”
അബ്ദുല്ലാഹി ബ്നുൽ മുബാറക് رَحِمَهُ اللَّهُ പറയുന്നു: “അബൂഹനീഫയെക്കാൾ മാന്യനും സൽസ്വഭാവിയുമായ മറ്റൊരാളെ ഞാൻ എന്റെ സദസ്സുകളിൽ കണ്ടിട്ടില്ല. ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ഫഖീഹ് (കർമ്മശാസ്ത്ര പണ്ഡിതൻ) അദ്ദേഹമാണ്.”
അന്നദ്ർ ബിൻ ശുമൈൽ رَحِمَهُ اللَّهُ പറയുന്നു: “ഫിഖ്ഹിന്റെ കാര്യത്തിൽ ജനങ്ങൾ ഉറങ്ങുകയായിരുന്നു; അബൂഹനീഫയാണ് തന്റെ വിശദീകരണങ്ങളിലൂടെ അവരെ ഉണർത്തിയത്.”
പ്രമുഖ പണ്ഡിതനായ യഹ്‌യ ബിൻ സഈദ് അൽ-ഖത്താൻ رَحِمَهُ اللَّهُ പറയുന്നു: “അബൂഹനീഫയുടെ അഭിപ്രായത്തേക്കാൾ മികച്ച മറ്റൊരഭിപ്രായം ഞങ്ങൾ കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ മിക്ക അഭിപ്രായങ്ങളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്.”
അബൂ മുആവിയ അദ്ദരീർ رَحِمَهُ اللَّهُ പറയുന്നു: “അബൂഹനീഫയെ സ്നേഹിക്കുക എന്നത് സുന്നത്തിൽ പെട്ട കാര്യമാണ്.”
ഹഫ്സ് ബിൻ ഗിയാസ് رَحِمَهُ اللَّهُ പറയുന്നു: “കർമ്മശാസ്ത്രത്തിൽ അബൂഹനീഫയുടെ വാക്കുകൾ കവിതയേക്കാൾ സൂക്ഷ്മമാണ്. വിവരദോഷികളല്ലാതെ അദ്ദേഹത്തെ വിമർശിക്കുകയില്ല.”
അൽ-അഅ്മശ് رَحِمَهُ اللَّهُ വിനോട് ഒരു കർമ്മശാസ്ത്ര വിഷയം ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “ഇതിന് കൃത്യമായി മറുപടി പറയാൻ പട്ടുനൂൽ കച്ചവടക്കാരനായ അബൂഹനീഫക്കേ കഴിയൂ. അദ്ദേഹത്തിന്റെ വിജ്ഞാനത്തിൽ വലിയ അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.”
റൗഹ് ബിൻ ഉബാദ رَحِمَهُ اللَّهُ പറയുന്നു: ഹിജ്റ 150-ൽ ഞാൻ അബ്ദുൽ മലിക് ഇബ്നു ജുറൈജ് رَحِمَهُ اللَّهُ വിന്റെ അടുക്കലായിരുന്നു. അബൂഹനീഫയുടെ മരണവാർത്ത അദ്ദേഹത്തിന് ലഭിച്ചപ്പോൾ അദ്ദേഹം വല്ലാതെ വേദനിച്ചു. എന്നിട്ട് പറഞ്ഞു: “എന്തൊരു വിജ്ഞാനമാണ് നമ്മിൽ നിന്നും നഷ്ടപ്പെട്ടുപോയത്!” അബ്ദുസ്സമദ് ബിൻ അബ്ദുൽ വാരിസ് رَحِمَهُ اللَّهُ പറയുന്നു: ഞങ്ങൾ ശുഅ്ബ ഇബ്നുൽ ഹജ്ജാജ് رَحِمَهُ اللَّهُ വിന്റെ അടുക്കലിരിക്കുമ്പോൾ അബൂഹനീഫയുടെ മരണവാർത്ത വന്നു. അപ്പോൾ ശുഅ്ബ പറഞ്ഞു: “കൂഫയുടെ കർമ്മശാസ്ത്രം അദ്ദേഹത്തോടൊപ്പം പോയിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിനും നമുക്കും പൊറുത്തുനൽകുമാറാകട്ടെ. അല്ലാഹുവാണെ സത്യം! അദ്ദേഹത്തിന് നല്ല ഓർമ്മശക്തിയും ഗ്രാഹ്യശേഷിയുമുണ്ടായിരുന്നു.”
അബ്ദുല്ല ബിൻ ദാവൂദ് അൽ-ഹുറൈബി رَحِمَهُ اللَّهُ പറയുന്നു: “സുന്നത്തുകളും കർമ്മശാസ്ത്രവും സംരക്ഷിച്ച് നൽകിയതിന് ജനങ്ങൾ തങ്ങളുടെ നമസ്കാരങ്ങളിൽ അബൂഹനീഫക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതുണ്ട്.”
ഇമാം ബുഖാരിയുടെ ശൈഖായ മക്കി ബിൻ ഇബ്രാഹീം رَحِمَهُ اللَّهُ പറയുന്നു: “ഭൂമിയിലുള്ളവരിൽ വെച്ച് ഏറ്റവും അറിവുള്ള വ്യക്തിയാണ് അബൂഹനീഫ.”
അലി ബിൻ അൽ-ജഅ്ദ് رَحِمَهُ اللَّهُ പറയുന്നു: ഞങ്ങൾ സുഹൈർ ബിൻ മുആവിയ رَحِمَهُ اللَّهُ വിന്റെ അടുക്കലിരിക്കുമ്പോൾ ഒരാൾ അവിടെ വന്നു. അദ്ദേഹം എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോൾ ‘അബൂഹനീഫയുടെ സദസ്സിൽ നിന്ന്’ എന്ന് മറുപടി പറഞ്ഞു. അപ്പോൾ സുഹൈർ പറഞ്ഞു: “ഒരു ദിവസം താങ്കൾ അബൂഹനീഫയുടെ അടുക്കൽ പോയിരിക്കുന്നത് ഒരു മാസം എന്റെ അടുക്കൽ ഇരിക്കുന്നതിനേക്കാൾ താങ്കൾക്ക് ഉപകാരപ്രദമാണ്.”
ഹാതിം ബിൻ ആദം رَحِمَهُ اللَّهُ അൽ-ഫദ്ല് ബിൻ മൂസയോട് ചോദിച്ചു: “അബൂഹനീഫയെ വിമർശിക്കുന്നവരെക്കുറിച്ച് താങ്കൾക്കെന്താണ് പറയാനുള്ളത്?” അദ്ദേഹം പറഞ്ഞു: “മറ്റുള്ളവർക്ക് മനസ്സിലാകാത്തതും അവർക്ക് ചിന്തിക്കാൻ പോലും കഴിയാത്തതുമായ വിജ്ഞാനമാണ് അദ്ദേഹം കൊണ്ടുവന്നത്. അദ്ദേഹം അവർക്ക് ഒന്നും ബാക്കിവെച്ചില്ല. അതുകൊണ്ടാണ് അവർ അദ്ദേഹത്തോട് അസൂയ കാണിക്കുന്നത്.”
അബൂ നുഐം അൽ-അസ്ബഹാനി رَحِمَهُ اللَّهُ പറയുന്നു: “കർമ്മശാസ്ത്ര വിഷയങ്ങളിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ കഴിവുള്ള വ്യക്തിയായിരുന്നു അബൂഹനീഫ.” അതുപോലെ തന്നെ ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി رَحِمَهُ اللَّهُ പറയുന്നു: “ഇമാം അബൂഹനീഫയുടെ ശ്രേഷ്ഠതകൾ എണ്ണമറ്റതാണ്.” അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചൊരിയുകയും അദ്ദേഹത്തെ ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ.
ആരാധനകളും സൂക്ഷ്മതയും
ഇമാം അബൂഹനീഫ رَحِمَهُ اللَّهُ അങ്ങേയറ്റം ഇബാദത്തുകൾ ചെയ്യുന്ന വ്യക്തിയായിരുന്നു. അൽ-ഹസൻ ഇബ്നു മുഹമ്മദ് അല്ലൈസി കൂഫയിൽ വന്നപ്പോൾ അവിടത്തെ ഏറ്റവും വലിയ ആബിദ് (ആരാധനാ നിരതൻ) ആരാണെന്ന് ചോദിച്ചു. അപ്പോൾ എല്ലാവരും അദ്ദേഹത്തിന് അബൂഹനീഫയെ കാണിച്ചുകൊടുത്തു. സുഫ്‌യാൻ ബിൻ ഉയൈന رَحِمَهُ اللَّهُ പറയുന്നു: “അല്ലാഹു അബൂഹനീഫക്ക് കരുണ ചൊരിയട്ടെ, അദ്ദേഹം ധാരാളമായി നമസ്കരിക്കുന്ന വ്യക്തിയായിരുന്നു.” അബൂ ആസിം അൽ-നബീൽ رَحِمَهُ اللَّهُ പറയുന്നു: “അദ്ദേഹത്തിന്റെ അമിതമായ നമസ്കാരം കാരണം ‘അൽ-വതദ്’ (ആണി/കുറ്റി) എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.” കൂടാരത്തിന്റെ കയറുകൾ ഉറപ്പിച്ചു നിർത്താൻ തറക്കുന്ന ആണി പോലെ നിസ്കാരപ്പായയിൽ അദ്ദേഹം ഉറച്ചുനിൽക്കുമായിരുന്നു എന്നതിനാലാണിത്.
മിസ്അർ ബിൻ കിദാം رَحِمَهُ اللَّهُ പറയുന്നു: “അബൂഹനീഫ ഒറ്റ റക്അത്തിൽ ഖുർആൻ മുഴുവൻ പാരായണം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.” ഉസ്മാൻ ബിൻ അഫ്ഫാൻ, തമീം അദ്ദാരി, സഈദ് ബിൻ ജുബൈർ رَضِيَ اللَّهُ عَنْهُمْ തുടങ്ങിയ മുൻഗാമികളുടെ ശ്രേണിയിലാണ് ഇതിലൂടെ അദ്ദേഹം ഉൾപ്പെടുന്നത്. ഖാരിജ ബിൻ മുസ്അബ് പറയുന്നു: “കഅ്ബയിൽ വെച്ച് നാല് ഇമാമുമാരാണ് ഒറ്റ റക്അത്തിൽ ഖുർആൻ ഓതിത്തീർത്തിട്ടുള്ളത്; ഉസ്മാൻ ബിൻ അഫ്ഫാൻ, തമീം അദ്ദാരി, സഈദ് ബിൻ ജുബൈർ, അബൂഹനീഫ എന്നിവരാണവർ.” പിന്നീട് തന്റെ ജീവിതം കർമ്മശാസ്ത്രത്തിനും വിദ്യാർത്ഥികൾക്കുമായി നീക്കിവെച്ചപ്പോൾ അദ്ദേഹം മൂന്ന് ദിവസത്തിലൊരിക്കൽ ഖുർആൻ പൂർത്തീകരിക്കുമായിരുന്നു.
30 വർഷത്തോളം അദ്ദേഹം ഇശാഇന്റെ വുദു കൊണ്ട് സുബഹി നമസ്കരിച്ചിട്ടുണ്ട് എന്ന് ചരിത്രത്തിൽ കാണാം. 55 തവണ അദ്ദേഹം ഹജ്ജ് നിർവഹിച്ചിട്ടുണ്ട്. മിസ്അർ ബിൻ കിദാം رَحِمَهُ اللَّهُ അദ്ദേഹത്തിന്റെ ദിനചര്യയെക്കുറിച്ച് പറയുന്നു: “ഞാൻ അദ്ദേഹത്തെ നിരീക്ഷിച്ചു. അദ്ദേഹം സുബഹി നമസ്കരിച്ച് കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ ഇരിക്കും. അത് ളുഹർ വരെ നീളും. പിന്നീട് അസർ വരെ, തുടർന്ന് മഗ്‌രിബ് വരെ, ഇശാ വരെ അദ്ദേഹം വിജ്ഞാനം പകർന്നുനൽകുന്നതിൽ മുഴുകും. ഞാൻ ചിന്തിച്ചു, ഇദ്ദേഹം എപ്പോഴാണ് ഇബാദത്തുകൾക്കായി സമയം കണ്ടെത്തുന്നത്? അങ്ങനെ രാത്രി ജനങ്ങളെല്ലാം ഉറങ്ങാൻ കിടന്നപ്പോൾ അദ്ദേഹം തന്റെ വീടിനടുത്തുള്ള പള്ളിയിലേക്ക് പോയി. അല്ലാഹുവിന് വേണ്ടി അദ്ദേഹം പ്രഭാതം വരെ നമസ്കാരത്തിൽ മുഴുകി. പിന്നീട് വീട്ടിൽ പോയി വസ്ത്രം മാറി സുബഹി നമസ്കാരത്തിനായി പള്ളിയിലേക്ക് വന്നു. എല്ലാ ദിവസവും ഞാൻ അദ്ദേഹത്തെ നിരീക്ഷിച്ചു; അദ്ദേഹം രാത്രികളിൽ ഉറങ്ങുകയോ പകലുകളിൽ അലസനായിരിക്കുകയോ ചെയ്തിരുന്നില്ല.”
മിസ്അർ رَحِمَهُ اللَّهُ വീണ്ടും പറയുന്നു: “ഞാൻ പള്ളിയിൽ പ്രവേശിച്ചപ്പോൾ ഒരാൾ നമസ്കരിക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ പാരായണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം ഖുർആനിലെ ഏഴ് ഭാഗങ്ങൾ ഓതിക്കഴിഞ്ഞപ്പോൾ ഞാൻ വിചാരിച്ചു അദ്ദേഹം റുുകൂഇലേക്ക് പോകുമെന്ന്. എന്നാൽ അദ്ദേഹം മൂന്നിലൊന്ന് ഓതി, പിന്നെ പകുതി ഓതി, അങ്ങനെ ആ ഒറ്റ റക്അത്തിൽ തന്നെ ഖുർആൻ മുഴുവനായി പാരായണം ചെയ്തു തീർത്തു. ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അത് അബൂഹനീഫയായിരുന്നു.”
മുഹമ്മദ് ബിൻ ഫുദൈൽ അബൂ മുത്വീഇന്റെ വാക്കുകൾ ഉദ്ധരിക്കുന്നു: “ഞാൻ മക്കയിലായിരുന്ന സമയത്ത് രാത്രിയിലെ ഏത് യാമത്തിൽ ത്വവാഫ് ചെയ്യാൻ പോയാലും അബൂഹനീഫയെയും സുഫ്‌യാനെയും ത്വവാഫ് ചെയ്യുന്നവരായി എനിക്ക് കാണാൻ സാധിച്ചിരുന്നു.” അൽ-മുസന്നാ ബിൻ റജാഅ് പറയുന്നു: “സത്യമായിക്കൊണ്ട് അല്ലാഹുവിന്റെ പേരിൽ എപ്പോഴെങ്കിലും താൻ ആണയിട്ട് പറഞ്ഞാൽ ഒരു ദീനാർ സ്വദഖ ചെയ്യുമെന്ന് അബൂഹനീഫ സ്വന്തത്തോട് ശപഥം ചെയ്തിരുന്നു. തന്റെ കുടുംബത്തിന് വേണ്ടി എത്ര തുക അദ്ദേഹം ചെലവഴിച്ചിരുന്നോ അത്രയും തുക അദ്ദേഹം സാധുക്കൾക്ക് സ്വദഖയായും നൽകുമായിരുന്നു.”
ഇമാം അബൂഹനീഫ رَحِمَهُ اللَّهُ വിന്റെ ജീവിതവും വിജ്ഞാനത്തോടുള്ള അർപ്പണബോധവും ഇസ്‌ലാമിക പൈതൃകത്തിന്റെ അമൂല്യമായ സ്രോതസ്സുകളിലൊന്നാണ്. കർമ്മശാസ്ത്ര ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പിൽക്കാല തലമുറകൾക്ക് ഉത്തമ മാതൃകയായി ഇന്നും നിലനിൽക്കുന്നു.

