ഇസ്‌ലാമിക ചരിത്രത്തിൽ വ്യതിയാനം സംഭവിച്ച ആദ്യത്തെ കക്ഷിയാണ് ഖവാരിജുകൾ. ഖവാരിജുകളെക്കുറിച്ച് നബി ﷺ പ്രത്യേകമായ വസിയ്യത്ത് തന്നെ നൽകിയിട്ടുണ്ട്. അവിടുന്ന് ﷺ അരുളി:
تَمْرُقُ مَارِقَةٌ عَلَى حِينِ فُرْقَةٍ مِنْ أُمَّتِي يَحْقِرُ أَحَدُكُمْ صَلاَتَهُ مَعَ صَلاَتِهِمْ، وَقِرَاءَتَهُ مَعَ قِرَاءَتِهِمْ، يَمْرُقُونَ مِنَ الإِسْلاَمِ مُرُوقَ السَّهْمِ مِنَ الرَّمِيَّةِ، أَيْنَمَا لَقِيتُمُوهُمْ فَاقْتُلُوهُمْ، فَإِنَّ فِي قَتْلِهِمْ أَجْرًا لِمَنْ قَتَلَهُمْ
എന്റെ സമുദായത്തിൽ ഭിന്നിപ്പുണ്ടാകുന്ന സമയത്ത് മതത്തിൽ നിന്ന് തെറിച്ചുപോകുന്ന ഒരു വിഭാഗം പുറത്തുവരും. അവരുടെ നമസ്കാരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നിങ്ങളിലൊരാൾ തന്റെ നമസ്കാരത്തെ നിസ്സാരമായി കാണും. അവരുടെ ഖുർആൻ പാരായണവുമായി തട്ടിച്ചുനോക്കുമ്പോൾ നിങ്ങളുടെ പാരായണത്തെ നിങ്ങൾ നിസ്സാരമായി കാണും. വില്ലിൽ നിന്ന് അമ്പ് തെറിച്ചുപോകും പോലെ അവർ ഈ മതത്തിൽ നിന്ന് പുറത്തുപോകുന്നതാണ്. അവരെ നിങ്ങൾ എവിടെ വെച്ച് കണ്ടുമുട്ടിയാലും അവരെ നിങ്ങൾ കൊലപ്പെടുത്തുക. കാരണം അവരെ കൊലപ്പെടുത്തുന്നതിൽ, അങ്ങനെ ചെയ്തവർക്ക് പ്രതിഫലമുണ്ട്. [സഹീഹ് ബുഖാരി – 3611]
വൻപാപങ്ങൾ ചെയ്യുന്ന മുസ്‌ലിംകളെ കാഫിറുകളായി കണക്കാക്കുക എന്നതും, അവർ നരകത്തിൽ ശാശ്വതവാസികളായിരിക്കുമെന്ന് വിശ്വസിക്കുക എന്നതും ഖവാരിജുകളുടെ അഖീദയിൽ പെട്ടതാണ്. ഒരു മുസ്‌ലിമിനെ വളരെ പെട്ടെന്ന് കാഫിറാക്കുക എന്നത് ഖവാരിജുകളുടെ പ്രധാന സവിശേഷതയാണ്. പണ്ട് അലി ബിൻ അബീ ത്വാലിബിന്റെ കാലത്ത്, ഖലീഫയായിരുന്ന അലി ബിൻ അബീ ത്വാലിബിനെയും رَضِيَ اللَّهُ عَنْهُ, തങ്ങളുടെ അഭിപ്രായത്തോട് യോജിക്കാത്ത മറ്റ് മുസ്‌ലിംകളെയും അവർ കാഫിറാക്കി.
അതിനും മുമ്പ്, ഖലീഫഃ ഉസ്മാൻ ബിൻ അഫ്ഫാനെതിരെ رَضِيَ اللَّهُ عَنْهُ അവർ കലാപം അഴിച്ചുവിടുകയും അത് അദ്ദേഹത്തിന്റെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഭരണാധികാരികളുടെ തെറ്റുകുറ്റങ്ങൾ എപ്പോഴും ചികഞ്ഞുനടക്കുക എന്നതും അവരുടെ സവിശേഷതകളിൽ ഒന്നാണ്. തെറ്റുകാരനെന്നും അക്രമിയെന്നും തങ്ങൾ കരുതുന്ന ഭരണാധികാരിയെ അധികാരത്തിൽ നിന്ന് പുറത്താക്കൽ നിർബന്ധമാണെന്നും അവർ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ നിയമമല്ലാത്തത് കൊണ്ട്, അതായത് മനുഷ്യരുടെ വിധികൊണ്ട് ഭരണം നടത്തി എന്ന കാരണം പറഞ്ഞാണ് അവർ അലി ബിൻ അബീ ത്വാലിബിനെ കാഫിറാക്കിയത്. അവർ തെളിവ് പിടിച്ചത് അല്ലാഹുവിന്റെ ഈ വചനം കൊണ്ടാണ്:
وَمَن لَّمْ يَحْكُم بِمَآأَنزَلَ اللهُ فَأُوْلاَئِكَ هُمُ الْكَافِرُونَ
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു കാഫിറുകൾ (സത്യനിഷേധികൾ). [സൂറത്ത് അൽ മാഇദഃ – 44]
എന്നാൽ നബി ﷺ യുടെ സ്വഹാബികൾക്കിടയിലെ ഫഖീഹായ പണ്ഡിതൻ അബ്ദുല്ലാഹ് ബിൻ അബ്ബാസിന് رَضِيَ اللَّهُ عَنْهُമാ, അവരോട് സംവദിക്കാനും അവരുടെ വാദമുഖങ്ങളെ പൊളിച്ചടുക്കാനും അവരെ നേരായ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനും വേണ്ടി അവരുമായി സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നി. അബ്ദുല്ലാഹ് ബിൻ അബ്ബാസും ഖവാരിജുകളും തമ്മിൽ നടന്ന ആ സംവാദം താഴെ നൽകുന്നു.
ഇമാം നസാഈ തന്റെ അമീറുൽ മുഅ്മിനീൻ അലി ബിൻ അബീ ത്വാലിബിന്റെ ‘അൽ ഖസ്വാഇസ്വ്’ (190) എന്ന ഗ്രന്ഥത്തിൽ ഹസനായ സനദോടെ റിപ്പോർട്ട് ചെയ്യുന്നു:
അംറ് ബിൻ അലി എന്നോട് വാർത്ത അറിയിച്ചു, അദ്ദേഹം പറഞ്ഞു: അബ്ദുറഹ്മാൻ ബിൻ മഹ്ദി ഞങ്ങളോട് പറഞ്ഞു, ഇക്രിമഃ ബിൻ അമ്മാർ ഞങ്ങളോട് പറഞ്ഞു, അബൂ സുമൈൽ എന്നോട് പറഞ്ഞു, അബ്ദുല്ലാഹ് ബിൻ അബ്ബാസ് رَضِيَ اللَّهُ عَنْهُമാ പറഞ്ഞു:
ഹറൂരിയ്യകൾ (ഖവാരിജുകൾ) കലാപവുമായി ഇറങ്ങിയപ്പോൾ അവർ ഒരു പ്രദേശത്ത് മാറിത്താമസിച്ചു. ആ സമയത്ത് അവർ ആറായിരത്തോളം പേരുണ്ടായിരുന്നു. അപ്പോൾ ഞാൻ അലി ബിൻ അബീ ത്വാലിബിനോട് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “അമീറുൽ മുഅ്മിനീൻ, ചൂട് കുറയുന്നതുവരെ ളുഹർ നമസ്കാരം അൽപ്പം പിന്തിച്ചാലും, എനിക്ക് ആ ആളുകളോട് (ഖവാരിജുകളോട്) ഒന്ന് സംസാരിക്കാമല്ലോ.” അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: “നിന്റെ കാര്യത്തിൽ എനിക്കവരെ ഭയമുണ്ട് (അവർ നിന്നെ ഉപദ്രവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു).” ഞാൻ പറഞ്ഞു: “ഒരിക്കലുമില്ല (ഭയക്കേണ്ടതില്ല).”
അങ്ങനെ ഞാൻ നല്ല വസ്ത്രങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി. പകൽ പകുതിയായപ്പോൾ ഞാൻ അവരുടെ പ്രദേശത്ത് ചെന്നു, ആ സമയത്ത് അവരിൽ മിക്കവരും ഭക്ഷണം കഴിക്കുകയായിരുന്നു. അവർ പറഞ്ഞു: “മർഹബൻ (സ്വാഗതം) ഇബ്നു അബ്ബാസ്, താങ്കളെ എന്താണ് ഇങ്ങോട്ട് കൊണ്ടുവന്നത്?” ഞാൻ അവരോട് പറഞ്ഞു: “മുഹാജിറുകളും അൻസ്വാറുകളുമായ നബി ﷺ യുടെ സ്വഹാബികളെ പ്രതിനിധീകരിച്ചുകൊണ്ടും, നബി ﷺ യുടെ പിതൃവ്യപുത്രനും (മരുമകനുമായ അലിയെ) പ്രതിനിധീകരിച്ചുകൊണ്ടുമാണ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നിട്ടുള്ളത്. അവർക്കിടയിലാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടത്, അതുകൊണ്ട് ഖുർആനിന്റെ അർത്ഥം നിങ്ങളെക്കാൾ കൂടുതൽ അറിയുന്നവരാണവർ. നബി ﷺ യുടെ സ്വഹാബികളിൽ ഒരാൾ പോലും നിങ്ങൾക്കിടയിലില്ല. അവർ പറയുന്ന ഏറ്റവും ശരിയായ കാര്യങ്ങൾ നിങ്ങളെ അറിയിക്കാനും, നിങ്ങൾ പറയുന്ന കാര്യങ്ങൾ അവരെ അറിയിക്കാനുമാണ് ഞാൻ വന്നിട്ടുള്ളത്.” അപ്പോൾ അവരിൽ ചിലർ എന്നെ സംസാരിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ചു.
ഞാൻ അവരോട് ചോദിച്ചു: “റസൂലുല്ലാഹി ﷺ യുടെ സ്വഹാബികളോടും അവിടുത്തെ പിതൃവ്യപുത്രനോടും യുദ്ധം ചെയ്യാൻ നിങ്ങൾക്കുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് എന്നോട് പറയൂ?”. അവർ മറുപടി പറഞ്ഞു: “മൂന്ന് കാര്യങ്ങളുണ്ട്.” ഞാൻ ചോദിച്ചു: “അതെന്തൊക്കെയാണ്?”. അവർ മറുപടി പറഞ്ഞു: “ഒന്നാമത്തേത്: അല്ലാഹുവിന്റെ കാര്യത്തിൽ അദ്ദേഹം മനുഷ്യരെ വിധികർത്താക്കളാക്കി (മധ്യസ്ഥരാക്കി). എന്നാൽ അല്ലാഹു തന്റെ വചനത്തിൽ പറഞ്ഞിട്ടുള്ളത്: ‘വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു’ എന്നാണ് (സൂറത്ത് അൽ അൻആം: 57, സൂറത്ത് യൂസുഫ്: 40). എന്നിരിക്കെ വിധികൾ തീരുമാനിക്കാൻ മനുഷ്യർക്കെന്ത് കാര്യം (അവർക്കെങ്ങനെ അതിന് ധൈര്യം വന്നു)!”. ഞാൻ പറഞ്ഞു: “ഇത് ഒന്നാമത്തേത്, പിന്നെ എന്താണ്?”. അവർ മറുപടി പറഞ്ഞു: “രണ്ടാമത്തേത്: അദ്ദേഹം (ആഇശയുടെ رَضِيَ اللَّهُ عَنْهَا പക്ഷത്തോട്) യുദ്ധം ചെയ്തു, എന്നാൽ ആരെയും തടവുകാരായി പിടിച്ചില്ല, യുദ്ധമുതൽ (ഗനീമത്ത്) എടുത്തതുമില്ല. ഇനി അവർ യുദ്ധം ചെയ്തത് കാഫിറുകളോടാണെങ്കിൽ അവരെ തടവുകാരാക്കൽ ഹലാലാണ്. എന്നാൽ അവർ യുദ്ധം ചെയ്തത് മുഅ്മിനുകളോടാണെങ്കിൽ അവരെ തടവുകാരാക്കൽ ഹലാലല്ല, അവരോട് യുദ്ധം ചെയ്യാൻ തന്നെ പാടില്ല.” ഞാൻ പറഞ്ഞു: “ഇത് രണ്ടാമത്തേത്, അപ്പോൾ മൂന്നാമത്തേത് എന്താണ്?”. (മൂന്നാമതായി) അവർ ഒരു കാര്യം പറഞ്ഞു, അതിന്റെ അർത്ഥം ഇതാണ്: “അദ്ദേഹം തന്നിൽ നിന്ന് ‘അമീറുൽ മുഅ്മിനീൻ’ (സത്യവിശ്വാസികളുടെ നേതാവ്) എന്ന പദവി മായ്ച്ചുകളഞ്ഞു, അപ്പോൾ പിന്നെ അദ്ദേഹം സത്യനിഷേധികളുടെ നേതാവ് (അമീറുൽ കാഫിരീൻ) ആണല്ലോ.” ഞാൻ അവരോട് ചോദിച്ചു: “ഇതല്ലാതെ വേറെയെന്തെങ്കിലും കാരണങ്ങൾ നിങ്ങൾക്കുണ്ടോ?”. അവർ മറുപടി പറഞ്ഞു: “ഞങ്ങൾക്ക് ഇത് തന്നെ മതി.”
ഞാൻ അവരോട് ചോദിച്ചു: “നിങ്ങളുടെ വാദങ്ങളെ ഖണ്ഡിക്കുന്ന അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ (ഖുർആനിൽ) നിന്നുള്ള ആയത്തുകളും അവന്റെ നബിയുടെ ﷺ സുന്നത്തും ഞാൻ നിങ്ങൾക്ക് വായിച്ചുകേൾപ്പിച്ചാൽ, നിങ്ങൾ (സത്യത്തിലേക്ക്) മടങ്ങുമോ (തൗബ ചെയ്യുമോ)?”. അവർ പറഞ്ഞു: “അതെ”. ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ കാര്യത്തിൽ അലി മനുഷ്യരെ വിധികർത്താക്കളാക്കി എന്ന നിങ്ങളുടെ വാദത്തെ സംബന്ധിച്ചിടത്തോളം, വെറുമൊരു കാൽ ദിർഹം (അര ദിർഹമിന്റെ പകുതി) വിലവരുന്ന കാര്യത്തിൽ മനുഷ്യരെ വിധികർത്താക്കളാക്കാൻ അല്ലാഹു തന്നെ കൽപ്പിച്ച കാര്യം അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ഞാൻ നിങ്ങൾക്ക് വായിച്ചുകേൾപ്പിക്കാം. അല്ലാഹു തബാറക വ തആലാ ഈ വിഷയത്തിൽ മനുഷ്യരെ വിധികർത്താക്കളാക്കാൻ കൽപ്പിച്ചിരിക്കുന്നു. അല്ലാഹു തബാറക വ തആലാ യുടെ ഈ വചനം നിങ്ങൾ വായിച്ചിട്ടില്ലേ:
يَا أَيُّهَا الَّذِينَ آمَنُوا لَا تَقْتُلُوا الصَّيْدَ وَأَنْتُمْ حُرُمٌ ۚ وَمَنْ قَتَلَهُ مِنْكُمْ مُتَعَمِّدًا فَجَزَاءٌ مِثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِنْكُمْ
സത്യവിശ്വാസികളേ, നിങ്ങൾ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗങ്ങളെ കൊല്ലരുത്. നിങ്ങളിൽ നിന്നാരെങ്കിലും മനഃപൂർവ്വം അതിനെ കൊല്ലുന്ന പക്ഷം അവൻ കൊന്നതിന് തുല്യമായ ഒരു വളർത്തുമൃഗമാണ് പ്രായശ്ചിത്തം. നിങ്ങളിൽ നിന്നുള്ള നീതിമാന്മാരായ രണ്ടുപേർ അക്കാര്യത്തിൽ തീർപ്പുകൽപിക്കേണ്ടതാണ്. [സൂറത്ത് അൽ മാഇദഃ – 95]
അല്ലാഹു മനുഷ്യരെ വിധികർത്താക്കളാക്കിയ വിധികൾക്ക് ഉദാഹരണമാണിത്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അല്ലാഹുവിന് തന്നെ അതിൽ വിധികൽപ്പിക്കാമായിരുന്നു. എങ്കിലും അല്ലാഹു മനുഷ്യരെ വിധികർത്താക്കളാക്കുന്നത് അനുവദിച്ചു. അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിങ്ങളോട് ചോദിക്കുന്നു, ഭിന്നതയിലായ ഭാര്യക്കും ഭർത്താവിനുമിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിലും, മുസ്‌ലിംകളുടെ രക്തം സംരക്ഷിക്കുന്നതിലും ഒരു മനുഷ്യൻ വിധികർത്താവാകുന്നതാണോ ഏറ്റവും ശ്രേഷ്ഠം, അതല്ല ഒരു മുയലിന്റെ (മൃഗത്തിന്റെ) വിഷയത്തിലോ? അവർ മറുപടി പറഞ്ഞു: “അതെ, അതുതന്നെയാണ് ഏറ്റവും ശ്രേഷ്ഠം.” ഭാര്യാഭർത്താക്കന്മാർക്കിടയിലെ പ്രശ്നങ്ങളിൽ അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا
ഇനി അവർ (ഭാര്യാഭർത്താക്കന്മാർ) തമ്മിൽ ഭിന്നിച്ചുപോകുമെന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ അവന്റെ ആളുകളിൽ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആളുകളിൽ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങൾ നിയോഗിക്കുക. [സൂറത്ത് അന്നിസാഅ് – 35]
അതുകൊണ്ട് അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിങ്ങളോട് ചോദിക്കുന്നു, തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും തങ്ങളുടെ രക്തം സംരക്ഷിക്കാനും വേണ്ടി മനുഷ്യരെ വിധികർത്താക്കളാക്കുന്നതാണോ, അതല്ല ഒരു സ്ത്രീയുടെ വിഷയത്തിലുള്ള തീരുമാനങ്ങളാണോ ഏറ്റവും ശ്രേഷ്ഠം? ഈ ഒരു വാദത്തിന് നിങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ലേ? അവർ പറഞ്ഞു: “അതെ”.
ഞാൻ പറഞ്ഞു: “അദ്ദേഹം യുദ്ധം ചെയ്തു, എന്നാൽ ആരെയും തടവുകാരായി പിടിച്ചില്ല, യുദ്ധമുതൽ എടുത്തതുമില്ല എന്ന നിങ്ങളുടെ വാദത്തെ സംബന്ധിച്ചിടത്തോളം; നിങ്ങളുടെ മാതാവായ ആഇശയെ رَضِيَ اللَّهُ عَنْهَا നിങ്ങൾ തടവുകാരിയാക്കുമോ? മറ്റ് തടവുകാരികളെ നിങ്ങൾക്ക് അനുവദനീയമാകുന്നതുപോലെ അവരെയും നിങ്ങൾ നിങ്ങൾക്ക് അനുവദനീയമാക്കുമോ? അവർ നിങ്ങളുടെ മാതാവാണ്. മറ്റ് തടവുകാരികളെപ്പോലെ അവരും ഞങ്ങൾക്ക് അനുവദനീയമാണ് എന്ന് നിങ്ങൾ പറഞ്ഞാൽ തീർച്ചയായും നിങ്ങൾ കാഫിറുകളായി. ഇനി, അവർ ഞങ്ങളുടെ മാതാവല്ല എന്ന് നിങ്ങൾ പറഞ്ഞാലും നിങ്ങൾ കാഫിറുകളായി. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ
പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വന്തം ദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു. [സൂറത്ത് അൽ അഹ്‌സാബ് – 6]
അതുകൊണ്ട് നിങ്ങൾ രണ്ട് വഴികേടുകൾക്കിടയിലാണ്. അതിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി നിങ്ങൾ കണ്ടെത്തൂ. ഈ വാദത്തിനും നിങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ലേ? അവർ പറഞ്ഞു: “അതെ”.
ഇബ്നു അബ്ബാസ് പറഞ്ഞു: “അദ്ദേഹം തന്നിൽ നിന്ന് ‘അമീറുൽ മുഅ്മിനീൻ’ എന്ന പദവി മായ്ച്ചുകളഞ്ഞു എന്ന നിങ്ങളുടെ വാദത്തെ സംബന്ധിച്ചിടത്തോളം, നിങ്ങൾ തൃപ്തിപ്പെടുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. ഹുദൈബിയ്യാ സന്ധി നടക്കുന്ന ദിവസം അല്ലാഹുവിന്റെ നബി ﷺ മുശ്‌രിക്കുകളുമായി സമാധാനക്കരാർ ഉണ്ടാക്കിയല്ലോ. റസൂലുല്ലാഹി ﷺ അലിയോട് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “അലി, നീ എഴുതുക, അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് അംഗീകരിച്ച സമാധാനക്കരാറാണിത്.” അപ്പോൾ മുശ്‌രിക്കുകൾ പറഞ്ഞു: “ഇല്ല! താങ്കൾ അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നെങ്കിൽ ഞങ്ങൾ താങ്കളോട് യുദ്ധം ചെയ്യുമായിരുന്നില്ലല്ലോ.” അപ്പോൾ റസൂലുല്ലാഹി ﷺ അരുളി: “അലി, അത് മായ്ച്ചുകളയുക. അല്ലാഹുവേ, ഞാൻ നിന്റെ റസൂലാണെന്ന് തീർച്ചയായും നിനക്കറിയാമല്ലോ. അലി, നീ അത് മായ്ച്ചുകളയുക. എന്നിട്ട് ഇപ്രകാരം എഴുതുക: അബ്ദുല്ലാഹിന്റെ മകൻ മുഹമ്മദ് അംഗീകരിച്ച സമാധാനക്കരാറാണിത്.” അല്ലാഹുവാണെ സത്യം, അലിയെക്കാൾ ഉത്തമനായ റസൂലുല്ലാഹി ﷺ തന്റെ പേരിനൊപ്പമുള്ള ആ പദവി മായ്ച്ചുകളഞ്ഞല്ലോ. എന്നാൽ ആ പദവി മായ്ച്ചുകളഞ്ഞത് അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ (നുബുവ്വത്തിനെ) ഇല്ലാതാക്കിയിട്ടില്ലല്ലോ. ഈ വാദത്തിനും നിങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ലേ?”. അവർ പറഞ്ഞു: “അതെ”.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُമാ പറഞ്ഞു: “അങ്ങനെ അവരിൽ നിന്ന് രണ്ടായിരത്തോളം ആളുകൾ പശ്ചാത്തപിച്ചു മടങ്ങി. ബാക്കിയുള്ളവർ കലാപവുമായി തന്നെ പുറപ്പെട്ടു. അങ്ങനെ അവർ തങ്ങളുടെ വഴികേടിൽ തന്നെ കൊല്ലപ്പെട്ടു. മുഹാജിറുകളും അൻസ്വാറുകളുമാണ് അവരെ കൊലപ്പെടുത്തിയത്.” (ഇവിടെ അവസാനിക്കുന്നു).
ഈ ചരിത്രത്തിൽ നിന്ന് ധാരാളം പാഠങ്ങൾ ഉൾക്കൊള്ളാൻ നമുക്ക് സാധിക്കട്ടെ. അല്ലാഹു അവന്റെ നേരായ പാതയിൽ നമ്മെ ഉറപ്പിച്ചുനിർത്തുമാറാകട്ടെ.

