ഖവാരിജുകളുടെ അഖീദയുടെ അടിസ്ഥാനങ്ങൾ
ഖവാരിജ് വിഭാഗത്തിന്റെ അഖീദയുടെ അടിസ്ഥാനങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്:
- ഒന്നാമതായി: വൻപാപങ്ങൾ ചെയ്യുന്ന മുസ്‌ലിംകളെ അവർ കാഫിറുകളായി വിധിക്കുന്നു; അവർ നരകത്തിൽ ശാശ്വതവാസികളായിരിക്കുമെന്നും, അവരുടെ സമ്പത്തും രക്തവും ഹലാലാണെന്നും (അതായത്, അവരുടെ സമ്പത്ത് പിടിച്ചെടുക്കാമെന്നും അവരെ കൊലപ്പെടുത്താമെന്നും) അവർ വിധിക്കുന്നു.
- രണ്ടാമതായി: സ്വഹാബികളായ ഖലീഫഃ അലി ബിൻ അബീ ത്വാലിബ്, ഉസ്മാൻ ബിൻ അഫ്ഫാൻ, അലി ബിൻ അബീ ത്വാലിബിന്റെ പക്ഷത്തുനിന്നുള്ള പ്രതിനിധി അബൂമൂസൽ അശ്അരി, മുആവിയ ബിൻ അബീ സുഫ്‌യാന്റെ പക്ഷത്തുനിന്നുള്ള പ്രതിനിധി അംറ് ബിൻ അൽ ആസ്വ് എന്നിവരെയും, അലിക്കും മുആവിയയ്ക്കുമിടയിൽ നടന്ന സമാധാനക്കരാറിൽ തൃപ്തിപ്പെട്ടവരെയും, അല്ലെങ്കിൽ ഏതെങ്കിലും ഒരു പക്ഷത്തെ ശരിവെച്ചവരെയും അവർ കാഫിറാക്കുന്നു. റസൂലുല്ലാഹി ﷺ യുടെ എല്ലാ സ്വഹാബികളെയും അല്ലാഹു തൃപ്തിപ്പെടുമാറാകട്ടെ. എന്നാൽ ‘തഹ്കീം’ (മധ്യസ്ഥ ശ്രമം) നടക്കുന്നതിന് മുമ്പുള്ള ഖിലാഫത്തിനെ അവർ ശരിവെക്കുന്നു. അതുപോലെ ഖലീഫമാരായ അബൂബക്കർ സ്വിദ്ദീഖ് رَضِيَ اللَّهُ عَنْهُ, ഉമർ ബിൻ ഖത്വാബ് رَضِيَ اللَّهُ عَنْهُ എന്നിവരെ അവർ കാഫിറാക്കുന്നില്ല.
- മൂന്നാമതായി: അക്രമികളായ മുസ്‌ലിം ഭരണാധികാരികൾക്കെതിരെ പുറത്തുവരൽ (കലാപമുണ്ടാക്കൽ) നിർബന്ധമാണെന്ന് അവർ വിശ്വസിക്കുന്നു. അക്രമികളായ മുസ്‌ലിം ഭരണാധികാരികളോടുള്ള അഹ്‌ലുസ്സുന്നയുടെ അഖീദയ്ക്ക് വിരുദ്ധമാണിത്
- നാലാമതായി: മുസ്‌ലിംകളുടെ നിയമാനുസൃത ഭരണാധികാരിയോടൊപ്പമുള്ള മുസ്‌ലിം ജമാഅത്തിൽ നിന്ന് പുറത്തുപോകൽ നിർബന്ധമാണ് (എന്ന് അവർ വിശ്വസിക്കുന്നു). കാഫിറുകളോട് പെരുമാറുന്ന അതേ രൂപത്തിലാണ് ഖവാരിജുകൾ മുസ്‌ലിംകളോടും പെരുമാറുന്നത്. ഖവാരിജ് വിഭാഗം മുസ്‌ലിംകളിൽ നിന്ന് അകന്നുനിൽക്കുകയും (ബറാഅ് പ്രഖ്യാപിക്കുകയും), അവർക്ക് വിവിധങ്ങളായ പ്രയാസങ്ങളും വിപത്തുകളും വരുത്തിവെക്കുകയും, മുസ്‌ലിംകളുടെ രക്തം ഹലാലാക്കുകയും ചെയ്യുന്നു.
- അഞ്ചാമതായി: നബി ﷺ യുടെ സുന്നത്ത് തങ്ങളുടെ വിശ്വാസങ്ങളിലെ അടിസ്ഥാനങ്ങൾക്ക് വിരുദ്ധമായാൽ അവർ അത് പ്രവർത്തിക്കാൻ തയ്യാറാകില്ല, മാത്രമല്ല അവർ അത് നിഷേധിക്കുകയും ചെയ്യും. ഖുർആനിൽ ഉള്ളതിനേക്കാൾ കൂടുതലായ വല്ല വിധികളും ഉൾക്കൊള്ളുന്ന ആഹാദായ ഹദീസുകൾ അവർ നിഷേധിക്കുന്നു ആഹാദ് ഹദീസുകൾ എന്നാൽ, മുതവാത്തിറിന്റെ പദവിയിൽ എത്താത്ത, അതായത് മുതവാത്തിർ ഹദീസിന്റെ നിബന്ധനകൾ പൂർത്തീകരിക്കാത്ത ഹദീസുകളാണ്. ഉദാഹരണത്തിന് റജ്മ് (എറിഞ്ഞുകൊല്ലൽ) പോലുള്ളവയുടെ വിധികൾ ഉൾക്കൊള്ളുന്ന ഹദീസുകൾ.
- ആറാമതായി: ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللَّهُ عَنْهُ, അലി ബിൻ അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ, മുആവിയ ബിൻ അബീ സുഫ്‌യാൻ رَضِيَ اللَّهُ عَنْهُ എന്നിവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീസുകളും, ഈ മൂന്ന് സ്വഹാബികളെയും പിന്തുണച്ച മുഴുവൻ ആളുകളിലൂടെയും വന്ന ഹദീസുകളും അവർ നിഷേധിക്കുന്നു.
ഖവാരിജ് ആശയത്തിന്റെയും അഖീദയുടെയും വ്യാപനം
തങ്ങളുടെ ഈ അടിസ്ഥാന വിശ്വാസങ്ങളുടെ മേലാണ് അവർ തങ്ങളുടെ അഖീദയും മൻഹജും പടുത്തുയർത്തിയത്. അങ്ങനെ അവർ ‘നഹ്‌റവാൻ’ എന്ന് പേരുള്ള സ്ഥലത്തേക്ക് നീങ്ങുകയും അവിടെ ഒരുമിച്ചുകൂടുകയും ചെയ്തു. നഹ്‌റവാനിലേക്കുള്ള യാത്രയ്ക്കിടയിൽ, മഹാനായ താബിഈ പണ്ഡിതൻ അബ്ദുല്ലാഹ് ബിൻ ഖബ്ബാബ് അൽ അറത്തി അൽ മദനിയെ رَحِمَهُ اللَّهُ അവർ കണ്ടുമുട്ടുകയും അദ്ദേഹത്തെ അവർ കൊലപ്പെടുത്തുകയും ചെയ്തു. അതിലും ക്രൂരമായി, അബ്ദുല്ലാഹ് ബിൻ ഖബ്ബാബിന്റെ അന്ന് ഗർഭിണിയായിരുന്ന അടിമസ്ത്രീയെയും അവർ നിഷ്കരുണം കൊലപ്പെടുത്തി [അവൾ ‘ഉമ്മു വലാദ്’ എന്ന പദവിയുള്ളവളായിരുന്നു; അതായത് ഉടമസ്ഥനുമായുള്ള ബന്ധത്തിലൂടെ ഗർഭം ധരിച്ച അടിമസ്ത്രീ. ഇസ്‌ലാമിക ശരീഅത്തിൽ ഇത് അനുവദനീയമാണ്]. ഖവാരിജുകൾ അവർ രണ്ടുപേരെയും (ആ മാതാവിനെയും ഗർഭത്തിലുള്ള കുഞ്ഞിനെയും) കൊലപ്പെടുത്തി. ഹിജ്റ 38-ാം വർഷത്തിലായിരുന്നു ഈ കൊലപാതകം നടന്നത്.
ഖവാരിജുകൾ ഒടുവിൽ നഹ്‌റവാനിൽ എത്തിച്ചേരുകയും അവിടെ തമ്പടിക്കുകയും ചെയ്തു. ഈ വിവരം ഖലീഫഃ അലി ബിൻ അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ അറിഞ്ഞു. തുടർന്ന് അദ്ദേഹം നാലായിരം പേരുള്ള ഒരു സൈന്യത്തെ നഹ്‌റവാനിലേക്ക് അയച്ചു. ഖലീഫഃ അലിയുടെ സൈന്യം നഹ്‌റവാന്റെ അടുത്തെത്തിയപ്പോൾ, അബ്ദുല്ലാഹ് ബിൻ ഖബ്ബാബിന്റെ കൊലയാളികളെ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ഖവാരിജുകൾക്ക് അടുത്തേക്ക് ഒരു ദൂതനെ അയച്ചു. എന്നാൽ, അബ്ദുല്ലാഹ് ബിൻ ഖബ്ബാബിനെ കൊലപ്പെടുത്തിയതിൽ തങ്ങൾക്കെല്ലാവർക്കും പങ്കുണ്ടെന്ന മറുപടിയുമായി ഖവാരിജുകൾ തങ്ങളുടെ ദൂതനെ അയച്ചു. ഖലീഫഃ അലി ബിൻ അബീ ത്വാലിബിനെതിരെയുള്ള ഖവാരിജുകളുടെ ധിക്കാരവും (എതിർപ്പും) കൂടിയായിരുന്നു ഇത്. തുടർന്ന് ഖലീഫഃ അലി ബിൻ അബീ ത്വാലിബ് അവരോട് പശ്ചാത്തപിച്ചു മടങ്ങാൻ (തൗബ ചെയ്യാൻ) ആവശ്യപ്പെട്ടുകൊണ്ട് ദഅ്‌വത്ത് നടത്തി. അവരിൽ ചിലർ പശ്ചാത്തപിച്ചു മടങ്ങി, എന്നാൽ മറ്റുചിലർ തങ്ങളുടെ പിടിവാശിയിൽ തന്നെ ഉറച്ചുനിന്നു.
അങ്ങനെ ഒടുവിൽ, ഖലീഫഃ അലി ബിൻ അബീ ത്വാലിബ് അവരോട് നഹ്‌റവാൻ പ്രദേശത്ത് വെച്ച് അതിശക്തമായ ഒരു യുദ്ധം നടത്തി. ഏകദേശം ഒൻപത് പേർ ഒഴികെ ഖവാരിജുകളിൽ മറ്റാരും തന്നെ അവശേഷിച്ചില്ല. എന്നാൽ ഖലീഫഃ അലിയുടെ സൈന്യത്തിൽ നിന്ന് കൊല്ലപ്പെട്ടവരാകട്ടെ പത്തിൽ താഴെ ആളുകൾ മാത്രമായിരുന്നു.
അവശേഷിച്ച ആ ഒൻപതോളം ആളുകളിൽ നിന്ന് രണ്ടുപേർ സിജിസ്താൻ പ്രദേശത്തേക്ക് ഓടിപ്പോയി. അവിടെവെച്ച് അവർക്ക് പുതിയ അനുയായികൾ ഉണ്ടാകുകയും അവർ ‘സിജിസ്താൻ ഖവാരിജുകൾ’ ആയി മാറുകയും ചെയ്തു. മറ്റു രണ്ടുപേർ യമനിലേക്ക് ഓടിപ്പോയി, അവരിൽ നിന്നാണ് യമനിലെ ‘ഇബാദിയ്യഃ ഖവാരിജുകൾ’ എന്ന പുതിയ അനുയായികൾ ജന്മമെടുത്തത്. വേറെ രണ്ടുപേർ ഒമാനിലേക്ക് ഓടിപ്പോയി, അവിടെനിന്നാണ് ‘ഒമാൻ ഖവാരിജുകൾ’ ഉണ്ടായത്. മറ്റൊരു രണ്ടുപേർ ജസീറയിലേക്ക് ഓടിപ്പോയി; അതായത് ശാം രാജ്യത്തിന് സമീപമുള്ള, ദജ്‌ല (ടൈഗ്രിസ്), ഫുറാത്ത് (യൂഫ്രട്ടീസ്) നദികൾക്കിടയിലുള്ള പ്രദേശം. അവിടെനിന്ന് ‘ജസീറ ഖവാരിജുകൾ’ ജന്മമെടുത്തു. ബാക്കിയുള്ള ഒരാൾ തല്ലു മൂസാൻ എന്ന് പേരുള്ള പ്രദേശത്തേക്ക് ഓടിപ്പോയി.
ഖവാരിജ് അനുയായികൾ വികസിക്കാനും വ്യാപിപിക്കാനും, ഇന്ന് കാണുന്നതുപോലെ വ്യത്യസ്ത ചിന്താധാരകളുള്ള നിരവധി കക്ഷികളായി (ഫിർഖകളായി) അവർ മാറാനുമുള്ള കാരണങ്ങളിൽ ചിലത് ഇതാണ്. എങ്കിലും, ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഞങ്ങൾ സൂചിപ്പിച്ച ആ മൂന്ന് പ്രധാന സവിശേഷതകളിൽ നിന്ന് അവരാരും തന്നെ മുക്തരല്ല.
ഖവാരിജുകളുടെ അഖീദയുടെയും ആശയങ്ങളുടെയും അപകടങ്ങളിൽ നിന്ന് അല്ലാഹു മുസ്‌ലിം രാജ്യങ്ങളെ സംരക്ഷിക്കുമാറാകട്ടെ.
ശൈഖ് ഡോ. മുഹമ്മദ് ബിൻ സഈദ് റസ്‌ലാൻ രചിച്ച ‘ദിറാസാത്തുൻ ഫിൽ ബിദ്അത്തി വൽ മുബ്തദിഈൻ’ എന്ന ഗ്രന്ഥത്തിൽ നിന്ന് സംഗ്രഹിച്ചത്. ദാറുൽ മിൻഹാജ് പബ്ലിഷേഴ്സ്, ഒന്നാം പതിപ്പ്, വർഷം 1436. പേജ് 149-152.

