ചോദ്യം: ആളുകൾ വിചാരിക്കുന്നത്, ബിദ്അത്തുകാർക്കും തന്നിഷ്ടക്കാർക്കും മറുപടി നൽകലും അവരെ ഖണ്ഡിക്കലും, ഒരു വിദ്യാർത്ഥി അല്ലാഹുവിലേക്കുള്ള തൻ്റെ പ്രയാണത്തിൽ തിരഞ്ഞെടുക്കുന്ന വിജ്ഞാനാന്വേഷണ വഴിക്ക് തടസ്സമാകുമെന്നും അതിനെ ഇല്ലാതാക്കുമെന്നുമാണ്. ഈ ധാരണ ശരിയാണോ?
ഉത്തരം
ശൈഖ് റബീഅ് ബിൻ ഹാദീ അൽ-മദ്ഖലി: ഇതൊരു വ്യാജമായ ധാരണയാണ്. അഹ്‌ലുസ്സുന്നയുടെ നാവുകളെ നിശബ്ദമാക്കാൻ വേണ്ടി അസത്യത്തിൻ്റെ വക്താക്കളും അഹ്‌ലുൽ ബിദ്അത്തും ഉപയോഗിക്കുന്ന തന്ത്രങ്ങളിലൊന്നാണിത്. കാരണം ബിദ്അത്തുകാരെ എതിർക്കുക എന്നത് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതിൻ്റെ ഏറ്റവും മഹത്തായ വാതിലുകളിൽ പെട്ടതാണ്. മറ്റു സമുദായങ്ങളെക്കാൾ ഈ സമുദായത്തിന് സവിശേഷത ലഭിച്ചത് തന്നെ ഈയൊരു ഗുണം കൊണ്ടാണ്:
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ المُنكَرِ وَتُؤْمِنُونَ بِاللَّهِ
മനുഷ്യർക്കിടയിൽ നിന്ന് പുറത്തുകൊണ്ടുവരപ്പെട്ട സമുദായങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സമുദായമായി നിങ്ങൾ മാറിയിരിക്കുന്നു. നിങ്ങൾ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. 1
അല്ലാഹു തബാറക വതആലയുടെ മതത്തിൽ അവഗാഹം നേടുകയും, വിശുദ്ധ ഖുർആനും പ്രവാചകൻ ﷺ യുടെ സുന്നത്തും പഠിക്കുകയും ചെയ്യുന്ന ഒരു മുസ്ലിമായ യുവാവിനെ സംബന്ധിച്ചിടത്തോളം, ആ വിജ്ഞാനത്തിൻ്റെ പ്രായോഗിക വൽക്കരണമാണ് തിന്മകളെ എതിർക്കുക എന്നത്.
ഇപ്രകാരം നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് – പ്രത്യേകിച്ച് ബിദ്അത്തുകാരുടെ കാര്യത്തിൽ – ഒരാൾ പ്രാവർത്തികമാക്കുന്നില്ലെങ്കിൽ, അല്ലാഹുവിൻ്റെ ഈ വചനത്തിൽ അവനും ഉൾപ്പെട്ടേക്കാം:
لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَى لِسَانِ دَاوُدَ وَعِيسَى ابْنِ مَرْيَمَ ۚ ذَلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ * كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ
ഇസ്രായീൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിൻ്റെയും മർയമിൻ്റെ മകൻ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തതിൻ്റെ ഫലമത്രെ അത്. അവർ ചെയ്തിരുന്ന തിന്മകളിൽ നിന്ന് അവർ പരസ്പരം വിലക്കുമായിരുന്നില്ല. അവർ ചെയ്തുകൊണ്ടിരുന്നത് എത്രയോ ചീത്ത തന്നെ!2
ബിദ്അത്തുകൾ പ്രചരിക്കുന്നത് കാണുകയും, അതിന് സ്വന്തമായി പ്രബോധകരും വാഹകരും സംരക്ഷകരും ഉണ്ടാകുകയും, അഹ്‌ലുസ്സുന്നയോട് അവർ യുദ്ധം ചെയ്യുകയും ചെയ്യുമ്പോൾ അവനെങ്ങനെയാണ് നിശബ്ദനായിരിക്കാൻ സാധിക്കുക?3
ഇത് വിജ്ഞാനത്തെ ഇല്ലാതാക്കും എന്ന അവരുടെ വാദം വലിയൊരു കളവാണ്. യഥാർത്ഥത്തിൽ ഇത് വിജ്ഞാനത്തിൻ്റെയും അത് പ്രാവർത്തികമാക്കുന്നതിൻ്റെയും ഭാഗമാണ്.
ഏതു നിലയ്ക്കും, ഒരു വിജ്ഞാനാന്വേഷി വിജ്ഞാനം കരസ്ഥമാക്കുന്നതിന് കൃത്യമായ സമയങ്ങൾ മാറ്റിവെക്കേണ്ടതുണ്ട്. അതിൽ അവൻ അങ്ങേയറ്റം പരിശ്രമിക്കുന്നവനുമായിരിക്കണം. കാരണം, വ്യക്തമായ വിജ്ഞാനമില്ലാതെ തിന്മകളെ നേരിടാൻ അവന് സാധിക്കുകയില്ല. അവൻ വിജ്ഞാനം കരസ്ഥമാക്കുകയും അതോടൊപ്പം തന്നെ അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു. ഇപ്രകാരം പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവന് അല്ലാഹു തബാറക വതആല അവൻ്റെ വിജ്ഞാനത്തിൽ വലിയ അനുഗ്രഹം നൽകുന്നതാണ്.4
തൻ്റെ അറിവനുസരിച്ച് പ്രവർത്തിക്കാത്തതിൻ്റെ പേരിൽ പരലോകത്ത് അവന് ലഭിക്കുന്ന പ്രതിഫലം നരകമാണ് എന്ന് അബൂ ഹുറൈറയിൽ നിന്നുള്ള മർഫൂആയ ഹദീസിൽ വന്നിട്ടുണ്ട്:
إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ، (فَذَكَرَ مِنْهُمْ): وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتَهُ وَقَرَأْتُ فِيكَ الْقُرْآنَ، قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ: عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ: هُوَ قَارِئٌ، فَقَدْ قِيلَ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ
അന്ത്യനാളിൽ ജനങ്ങളിൽ ആദ്യമായി വിധി കൽപ്പിക്കപ്പെടുന്നത് (മൂന്ന് വിഭാഗം ആളുകളിലാണ്. അവരിൽ ഒരു വിഭാഗത്തെക്കുറിച്ച് നബി ﷺ പറഞ്ഞു): വിജ്ഞാനം പഠിക്കുകയും അത് പഠിപ്പിച്ചുകൊടുക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്ത ഒരു മനുഷ്യൻ. അവനെ കൊണ്ടുവരപ്പെടുകയും അവന് നൽകിയ അനുഗ്രഹങ്ങൾ അല്ലാഹു അവനെ ബോധ്യപ്പെടുത്തുകയും ചെയ്യും. അവനത് തിരിച്ചറിയും. അല്ലാഹു ചോദിക്കും: ‘ഇവയിൽ നീ എന്ത് പ്രവർത്തിച്ചു?’ അവൻ പറയും: ‘ഞാൻ വിജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയും നിൻ്റെ പ്രീതിക്കായി ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു.’ അപ്പോൾ അല്ലാഹു പറയും: ‘നീ കള്ളമാണ് പറയുന്നത്. മറിച്ച്, നീ വിജ്ഞാനം പഠിച്ചത് ആളുകൾ നിന്നെ ഒരു പണ്ഡിതൻ എന്ന് വിളിക്കാൻ വേണ്ടിയാണ്. നീ ഖുർആൻ പാരായണം ചെയ്തത് ആളുകൾ നിന്നെ ഒരു ഖാരിഅ് (പാരായണക്കാരൻ) എന്ന് വിളിക്കാനാണ്. അങ്ങനെയൊക്കെ പറയപ്പെടുകയും ചെയ്തു.’ പിന്നീട് അവനെക്കുറിച്ച് കൽപ്പിക്കപ്പെടുകയും, അങ്ങനെ അവൻ്റെ മുഖം നിലത്തുകുത്തി വലിച്ചിഴക്കപ്പെട്ട് നരകത്തിൽ എറിയപ്പെടുകയും ചെയ്യും.56
എന്നാൽ തൻ്റെ കൺമുന്നിൽ തിന്മകൾ കണ്ടിട്ടും അതിനെതിരെ പ്രതികരിക്കാതെ, “ഇല്ലില്ല, ഞാനെന്തിന് പ്രതികരിക്കണം? ഞാൻ വിജ്ഞാനം തേടുന്നവനാണ്” എന്ന് പറയുന്നവനിൽ നിന്ന് ഒരുപക്ഷേ അല്ലാഹു അനുഗ്രഹം എടുത്തുകളഞ്ഞേക്കാം. ദുർമാർഗ്ഗങ്ങളും അസത്യത്തിൻ്റെ വക്താക്കളും അവരുടെ അസത്യത്തിൻ്റെ ചിഹ്നങ്ങൾ ഉയർത്തിപ്പിടിക്കുകയും, ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും അവരെ വഴിപിഴപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അവൻ പറയുകയാണ്: “ഇല്ലില്ല, ഞാൻ ഈ വിഷയങ്ങളിലൊന്നും ഇടപെടാൻ പോകുന്നില്ല. ഞാൻ എൻ്റെ വിജ്ഞാനവുമായി മുന്നോട്ടുപോകും!” (അതായത്, അസത്യവുമായി സന്ധിചെയ്യാനും മുഖസ്തുതി പറയാനും അവൻ പരിശീലിക്കുകയാണ്).7 അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ!
- സൂറത്ത് ആലുഇംറാൻ – 110 ↩︎
- സൂറത്തുൽ മാഇദ – 78-79 ↩︎
- ശൈഖുൽ ഇസ്ലാം അബൂ ഇസ്മാഈൽ അൽ-ഹറവി പറഞ്ഞു: “അഞ്ച് തവണ എന്നെ വാളിന് മുൻപിൽ ഹാജരാക്കപ്പെട്ടു. അപ്പോഴൊന്നും ‘നിൻ്റെ മദ്ഹബിൽ നിന്ന് നീ പിന്മാറുക’ എന്ന് എന്നോട് ആവശ്യപ്പെട്ടിട്ടില്ല; മറിച്ച് ‘നിന്നോട് വിയോജിക്കുന്നവരെക്കുറിച്ച് സംസാരിക്കാതെ നീ നിശബ്ദനാകുക’ എന്നാണ് എന്നോട് ആവശ്യപ്പെട്ടത്. അപ്പോൾ ഞാൻ പറഞ്ഞു: ‘ഞാൻ നിശബ്ദനാകില്ല’.” (അസ്സിയർ: 18/503).
“ലക്ഷങ്ങൾ നൽകി നമ്മുടെ നിശബ്ദത വിലക്കുവാങ്ങാൻ അവർക്ക് സാധിക്കുമായിരുന്നെങ്കിൽ അവരത് ചെയ്യുമായിരുന്നു. പക്ഷേ, അസത്യത്തിന് മുന്നിൽ നാം നിശബ്ദരാവുക എന്നത് എത്രയോ വിദൂരമാണ്!” (‘അർറദ്ദുൽ വജീഹ് അലാ അസ്ഇലതി അഹ്‌ലി ബൈതിൽ ഫഖീഹ്’ എന്ന ശബ്ദരേഖയിൽ നിന്ന്).
കവി പാടിയതുപോലെ: “കള്ളൻ എൻ്റെ വീട്ടിൽ, എൻ്റെ സ്വന്തക്കാർക്കിടയിൽ കയറി ജീവനുകൾ അപഹരിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുമ്പോൾ, എന്നോട് പറയപ്പെടുകയാണ്: ‘ഇല്ല, നീയൊരിക്കലും അനങ്ങാൻ പാടില്ല, അവൻ്റെ വികാരങ്ങളെ നീ വ്രണപ്പെടുത്തരുത്!'” ↩︎ - ഇമാം ഇബ്നുൽ ഖയ്യിം തൻ്റെ ‘മിഫ്താഹു ദാറുസ്സആദ’ എന്ന ഗ്രന്ഥത്തിൽ മുൻഗാമികളിൽ ചിലർ പറഞ്ഞതായി ഉദ്ധരിക്കുന്നു: “വിജ്ഞാനം പ്രാവർത്തികമാക്കുന്നതിലൂടെയാണ് അത് ഹൃദിസ്ഥമാക്കാൻ ഞങ്ങൾ സഹായം തേടിയിരുന്നത്. അതിനാൽ വിജ്ഞാനമനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്നത് അത് നഷ്ടപ്പെട്ടുപോകാനും മറന്നുപോകാനുമുള്ള ഏറ്റവും വലിയ കാരണങ്ങളിൽ പെട്ടതാണ്.” ↩︎
- സഹീഹ് മുസ്ലിം – 1905 ↩︎
- കവി പാടിയതുപോലെ:“തൻ്റെ അറിവനുസരിച്ച് പ്രവർത്തിക്കാത്ത പണ്ഡിതൻ, ബിംബാരാധകർക്ക് മുൻപേ ശിക്ഷിക്കപ്പെടുന്നതാണ്.” ↩︎
- സുഫ്‌യാനുസ്സൗരി (റഹി) പറഞ്ഞ വാക്കുകളിൽ നിന്ന് ഇത്തരക്കാരുടെ അവസ്ഥ എത്രയോ അകലെയാണ്! അദ്ദേഹം പറയാറുണ്ടായിരുന്നു: “ഞാൻ എൻ്റെ കണ്മുന്നിൽ ഒരു തിന്മ കാണുകയും, എന്നിട്ട് അതിനെതിരെ പ്രതികരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ എൻ്റെ മൂത്രത്തിലൂടെ രക്തം വരാറുണ്ട്!” (അസ്സിയർ: 7/259). ഇതിൻ്റെ അർത്ഥം: ഒരു തിന്മ കാണുമ്പോൾ അതിനെ മാറ്റാൻ അദ്ദേഹത്തിന് സാധിക്കാതെ വരികയാണെങ്കിൽ, അത് നിലനിൽക്കുന്നത് അദ്ദേഹത്തിൻ്റെ മനസ്സിൽ അത്രത്തോളം വലിയ ആഘാതം സൃഷ്ടിക്കുകയും അതിൻ്റെ ഫലമായി മൂത്രത്തിലൂടെ രക്തം വരികയും ചെയ്യുമായിരുന്നു എന്നാണ്. ↩︎

