ചോദ്യം 1: താങ്കളുടെ വീക്ഷണത്തിൽ, ഇസ്ലാമിക സമൂഹത്തിൽ ഇന്ന് നിലവിലുള്ള കക്ഷികളിൽ വെച്ച് ഇസ്ലാമിനും മുസ്ലിംകൾക്കും ഏറ്റവും അപകടകാരികളായ, സലഫി മൻഹജിൽ നിന്നും ഏറ്റവും വ്യതിചലിച്ച കക്ഷി ഏതാണ്?
ഉത്തരം
ശൈഖ് റബീഅ് ബിൻ ഹാദീ അൽ-മദ്ഖലി: പ്രവാചകൻ ﷺ തൻ്റെ ഒട്ടുമിക്ക ഖുതുബകളിലും വിശേഷിപ്പിച്ചതുപോലെ ബിദ്അത്തുകൾ അങ്ങേയറ്റത്തെ തിന്മയാണ്. ബിദ്അത്തുകളെ താക്കീത് ചെയ്യാത്തതോ, അവയെ ആക്ഷേപിക്കാത്തതോ, അവയാണ് കാര്യങ്ങളിൽ വെച്ച് ഏറ്റവും മോശപ്പെട്ടത് എന്ന് വ്യക്തമാക്കാത്തതോ ആയ ഖുതുബകൾ പ്രവാചകൻ ﷺ യുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. നബി ﷺ പറഞ്ഞു:
ثُمَّ أَمَّا بَعْدُ فَإِنَّ خَيْرَ الْكَلَامِ كَلَامُ اللَّهِ وَخَيْرَ الْهَدْيِ هَدْيُ مُحَمَّدٍ وَشَرَّ الْأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ وَكُلَّ ضَلَالَةٍ فِي النَّارِ
അതിന് ശേഷം അറിയുക: തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും ഉത്തമമായത് അല്ലാഹുവിൻ്റെ വചനമാണ്. മാർഗ്ഗദർശനങ്ങളിൽ ഏറ്റവും ഉത്തമമായത് മുഹമ്മദ് നബി ﷺ യുടെ മാർഗ്ഗദർശനമാണ്. കാര്യങ്ങളിൽ വെച്ച് ഏറ്റവും മോശപ്പെട്ടത് (മതത്തിൽ) പുതുതായി നിർമ്മിക്കപ്പെട്ടവയാണ്. പുതുതായി നിർമ്മിക്കപ്പെട്ടവയെല്ലാം ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. എല്ലാ വഴികേടുകളും നരകത്തിലാണ്. 1
അതായത്, ബിദ്അത്തുകൾ മുഴുവനും തിന്മയാണ്. അല്ലാഹു തബാറക വതആല ചോദിക്കുന്നു:
أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ
അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ?2
അപ്പോൾ ബിദ്അത്ത് എന്നത് അല്ലാഹുവിൻ്റെ മതത്തിലുള്ള ഒരു നിയമനിർമ്മാണമാണ് (തശ്‌രീഅ്). അങ്ങനെ മതത്തിൽ നിയമനിർമ്മാണം നടത്തുന്നവർ അതിൽ അല്ലാഹുവിൻ്റെ പങ്കാളികളായി ചമയുകയാണ് ചെയ്യുന്നത്—അല്ലാഹു കാത്തുരക്ഷിക്കട്ടെ.
നിയമനിർമ്മാണത്തിനുള്ള അവകാശം അല്ലാഹുവിന് മാത്രമുള്ളതാണ്. അവനാണ് വിശ്വാസങ്ങളും, മാർഗ്ഗങ്ങളും , ആരാധനാകർമ്മങ്ങളും, അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങളുമെല്ലാം നിശ്ചയിക്കുന്നത്. അത് അവൻ്റെ മാത്രം അവകാശമാണ്. പ്രവാചകൻ ﷺ അത് ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്ന ദൂതൻ മാത്രമാണ്. അവിടുന്ന് ഒരിക്കൽ പറയുകയുണ്ടായി:
أَمَّا بَعْدُ: فَإِنِّي لَا أُحِلُّ حَرَامًا وَلَا أُحَرِّمُ حَلَالًا
അതിന് ശേഷം അറിയുക: തീർച്ചയായും ഞാൻ നിഷിദ്ധമായതിനെ അനുവദനീയമാക്കുകയോ, അനുവദനീയമായതിനെ നിഷിദ്ധമാക്കുകയോ ചെയ്യുന്നില്ല. 3
അവിടുന്ന് ﷺ കേവലം ഒരു പ്രബോധകൻ മാത്രമാണ്. അല്ലാഹു പറഞ്ഞു:
إِنْ عَلَيْكَ إِلَّا الْبَلَاغُ
നിൻ്റെ മേൽ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. 4
അതിനാൽ, ബിദ്അത്തുകൾ നിർമ്മിക്കുന്നയാൾ ഈ മഹത്തായ അവകാശത്തിൽ തന്നെത്തന്നെ അല്ലാഹുവിൻ്റെ പങ്കാളിയാക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് തന്നെ, രാഷ്ട്രീയക്കാരായ ചില വിഡ്ഢികൾ ഇന്ന് ചെയ്യാറുള്ളതുപോലെ, മതത്തിലെ നിയമനിർമ്മാണം എന്നത് കേവലം രാഷ്ട്രീയ വിഷയങ്ങളിൽ മാത്രമാണെന്ന് നാം പരിമിതപ്പെടുത്താൻ പാടില്ല. അതുപോലെ, ജനങ്ങളുടെ മുഴുവൻ ശ്രദ്ധയും ഭരണാധികാരികളോടുള്ള പോരാട്ടങ്ങളിലേക്ക് മാത്രം തിരിച്ചുവിടുകയും ചെയ്യരുത്. ജൂതന്മാരിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും മറ്റ് വിഭാങ്ങളിൽ നിന്നും നിയമങ്ങൾ സ്വീകരിക്കുന്ന ദുഷിച്ച ഭരണാധികാരികളേക്കാൾ വലിയ അക്രമികളും വലിയ പാപികളും ഇസ്ലാമിന് ഏറ്റവും വലിയ അപകടകാരികളുമാണ് മതത്തിൽ ബിദ്അത്തുകൾ നിർമ്മിക്കുന്ന ഈ വഴികേടിൻ്റെ വക്താക്കൾ.
കാരണം ആ പാപിയായ ഭരണാധികാരി, അയാൾ പാപിയാണെങ്കിൽ കൂടി താൻ ഈ നിയമങ്ങൾ പാശ്ചാത്യരിൽ നിന്നോ യൂറോപ്പിൽ നിന്നോ അമേരിക്കയിൽ നിന്നോ എടുത്തതാണെന്ന് സമ്മതിക്കും. അത് ആകാശത്തുനിന്ന് ഇറങ്ങിയതാണെന്ന് അയാൾ അവകാശപ്പെടുകയില്ല. എന്നാൽ ഈ അപകടകാരിയായ ബിദ്അത്തുകാരൻ പറയുന്നത്, “ഇതാണ് അല്ലാഹുവിൻ്റെ മതം, ഇതാണ് അല്ലാഹുവിൻ്റെ നിയമം” എന്നാണ്! അതോടൊപ്പം തന്നെ അവൻ യഥാർത്ഥ മതമായ തൗഹീദിനോടും സുന്നത്തിനോടും പോരാടുകയും ജനങ്ങളെ അതിൽ നിന്ന് അകറ്റുകയും, അവൻ്റെ ബിദ്അത്തുകളെ അല്ലാഹുവിൻ്റെ മതമായി അവതരിപ്പിച്ച് ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.
നാം പലപ്പോഴും എഴുത്തുകളിലൂടെയും സദസ്സുകളിലൂടെയും പറഞ്ഞിട്ടുള്ളതുപോലെ: അല്ലാഹു തബാറക വതആല തൻ്റെ ഖുർആനിൽ “നിങ്ങൾ കിസ്‌റയെ നേരിടുക, നിങ്ങൾ ഖൈസറിനെ നേരിടുക, ഇന്ന ഭരണാധികാരിക്കെതിരെ നിങ്ങൾ വിപ്ലവം നയിക്കുക, നജ്ജാശിക്കെതിരെ വിപ്ലവം നടത്തുക” എന്നൊന്നും അവതരിപ്പിച്ചിട്ടില്ല. ഖുർആനിൽ അങ്ങനെയുള്ള കല്പനകളില്ല. മറിച്ച്, ഖുർആനിൽ ഉള്ളത് ഇതാണ്:
اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا وَاحِدًا ۖ لَّا إِلَهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ
അവർ അല്ലാഹുവിന് പുറമെ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും റബ്ബുകളായി (രക്ഷിതാക്കളായി) സ്വീകരിച്ചു. മർയമിൻ്റെ മകൻ മസീഹിനെയും (അവർ റബ്ബായി സ്വീകരിച്ചു). എന്നാൽ ഒരേയൊരു ആരാധ്യനെ (അല്ലാഹുവിനെ) മാത്രം ആരാധിക്കുവാനല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അവൻ എത്രയോ പരിശുദ്ധൻ! 5
അല്ലാഹു ജൂതന്മാരെ അങ്ങേയറ്റം അപമാനിച്ചു; അവർക്ക് ഭരണാധികാരികളോ സ്വന്തമായി ഒരു രാജ്യമോ ഇല്ലാതിരുന്നിട്ടുകൂടി. എന്തായിരുന്നു അതിൻ്റെ കാരണം? അവർ അല്ലാഹുവിൻ്റെ മതത്തെ മാറ്റിമറിക്കുകയും അതിൽ കൃത്രിമങ്ങൾ കാണിക്കുകയും ചെയ്തു എന്നതാണ്.
അതുകൊണ്ട് ജഹ്‌മിയ്യ, മുഅ്തസില, ഖവാരിജ്, സൂഫിയ്യ, അഹ്‌ലുൽ ഹുലൂൽ, വഹ്ദതുൽ വുജൂദ് തുടങ്ങിയ ബിദ്അത്തുകാരായ വഴികേടിൻ്റെ നേതാക്കൾ ഇസ്ലാമിനും മുസ്ലിംകൾക്കും വലിയ അപകടമാണ് വരുത്തിവെക്കുന്നത്.
അതുപോലെത്തന്നെ, ഇന്ന് പുതുതായി ഉയർന്നുവന്നിട്ടുള്ള രാഷ്ട്രീയ കക്ഷികളും അപകടകാരികളാണ്. മുൻകഴിഞ്ഞുപോയ ദുഷിച്ച വിശ്വാസങ്ങളുടെയും വ്യതിയാനങ്ങളുടെയും പിൻതുടർച്ചക്കാരാണവർ. അവർ ആ പഴയ വ്യതിയാനങ്ങൾ ഏറ്റെടുക്കുകയും, പടിഞ്ഞാറ് നിന്നും കിഴക്കുനിന്നുമുള്ള പുതിയ ബിദ്അത്തുകൾ അതിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു. ജനാധിപത്യം, സോഷ്യലിസം, നാടകങ്ങൾ, നശീദകൾ തുടങ്ങി അല്ലാഹുവിന് മാത്രം അറിയുന്ന ഭയാനകമായ അപകടങ്ങൾ അവർ മതത്തിൽ കൂട്ടിച്ചേർത്തു.
മുൻകാല അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ഖുർആനും സുന്നത്തും കൊണ്ട് ചെറുത്തുതോൽപ്പിച്ച പഴയ ബിദ്അത്തുകളിലേക്കാണ് ഇവർ ഈ പുതിയ ബിദ്അത്തുകൾ കൂടി ചേർത്തത്. ശത്രുക്കളായ ജൂതന്മാരും ക്രിസ്ത്യാനികളും മജൂസികളും ബഹുദൈവാരാധകരുമൊക്കെ ഇസ്ലാമിന് വരുത്തുന്നതിനേക്കാൾ വലിയ അപകടമാണ് ബിദ്അത്തുകാരും കെട്ടുകഥകൾ നിർമ്മിക്കുന്നവരും വരുത്തുന്നത് എന്ന് മുൻകാല ഇമാമുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാരണം ഒരു ശത്രു വീടിനെ പുറത്തുനിന്നാണ് ഉപരോധിക്കുന്നതെങ്കിൽ, ഈ ബിദ്അത്തുകാരൻ വീടിനെ ഉള്ളിൽ നിന്നാണ് തകർക്കുന്നത്. അവൻ ഉള്ളിൽ നിന്ന് വീട് തകർക്കുകയും പിന്നീട് ശത്രുവിന് നേരെ വാതിൽ തുറന്നുകൊടുത്തിട്ട് “അകത്തേക്ക് പ്രവേശിച്ചുകൊള്ളൂ” എന്ന് പറയുകയുമാണ് ചെയ്യുന്നത്. ബിദ്അത്തുകാരുടെ തിന്മകളും അപകടങ്ങളും വ്യക്തമാക്കുവാൻ സലഫുകൾ ഇങ്ങനെയുള്ള ഉദാഹരണങ്ങൾ പറഞ്ഞിട്ടുണ്ട്.
എൻ്റെ വീക്ഷണത്തിൽ, ഇന്ന് സലഫി മൻഹജിനും അതിൻ്റെ വക്താക്കൾക്കും ഏറ്റവും വലിയ ഭീഷണിയായിട്ടുള്ളത് രണ്ട് കക്ഷികളാണ്: ജമാഅത്തുത്തബ്‌ലീഗും, ഇഖ്‌വാനുൽ മുസ്ലിമൂനും അതിൻ്റെ വ്യത്യസ്ത ശാഖകളും. മുൻകഴിഞ്ഞുപോയ മറ്റ് ബിദ്അത്തുകാരെക്കാളും ഇവരുടെ തിന്മ അങ്ങേയറ്റം രൂക്ഷമാണ്. ഇവരുടെ ഫിത്നകൾ കയറിച്ചെല്ലാത്ത ഒരു വീടും ഇന്ന് ബാക്കിയില്ല.
കാരണം, പഴയകാലത്തെ ഖവാരിജുകളും റവാഫിളുകളും മുഅ്തസിലുകളുമൊക്കെ അവരുടെ സ്വന്തം ഇടങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുന്നവരും, അഹ്‌ലുസ്സുന്നയുടെ ഇടപെടലുകളാൽ ഒതുക്കപ്പെട്ടവരുമായിരുന്നു. അവർ അഹ്‌ലുസ്സുന്നയുടെ പള്ളികളിൽ കയറി അത് കൈവശപ്പെടുത്തുകയോ, അവിടെ പോയി ഇമാമുമാരും ഖത്തീബുമാരുമായി ഇരിക്കുകയോ ചെയ്തിരുന്നില്ല. അവർ സലഫികളുടെ മദ്രസകളിൽ നുഴഞ്ഞുകയറുകയോ, മുസ്ലിംകളുടെ വീടുകളിലേക്കും സ്ത്രീകളിലേക്കും പെൺകുട്ടികളിലേക്കും രഹസ്യമായി കടന്നുകൂടുകയോ ചെയ്തിരുന്നില്ല.
എന്നാൽ ഈ കക്ഷികളാകട്ടെ, ഒരു ഇടവും ബാക്കിവെക്കാതെ എല്ലായിടത്തും നുഴഞ്ഞുകയറി. ആൺകുട്ടികളിലേക്കും, സ്ത്രീകളിലേക്കും, പെൺകുട്ടികളിലേക്കും, വീടുകളിലേക്കും, പള്ളികളിലേക്കും അഹ്‌ലുസ്സുന്നയുടെ മറ്റ് സകല ഇടങ്ങളിലേക്കും അവർ നുഴഞ്ഞുകയറിയിരിക്കുന്നു.
അതിനാൽ ഇവരുടെ അപകടം വളരെ കടുത്തതാണ് എന്നതിൽ യാതൊരു സംശയവുമില്ല. ഇവർ ഇസ്ലാമിൻ്റെ അടിസ്ഥാനങ്ങളെയും വിശ്വാസങ്ങളെയും വെള്ളംചേർത്ത് ദുർബലപ്പെടുത്തുകയും അതിൻ്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തുകയും ചെയ്തു. വെറും വാക്കുകൾ കൊണ്ടല്ല, മറിച്ച് പ്രായോഗികമായിത്തന്നെ അവരത് ചെയ്തു. ശരിയായ അഖീദയിലേക്ക് ക്ഷണിക്കുന്നവരെ ഇവർ പരിഹസിക്കുകയും അവരോട് പോരാടുകയും ചെയ്യുന്നത് നിങ്ങൾക്ക് കാണാം. കിതാബിലേക്കും സുന്നത്തിലേക്കും ജനങ്ങളെ വിളിക്കുന്നവരെ ഇവർ പരിഹസിക്കുകയും അവരെ നേരിടുകയും ചെയ്യുന്നു.6
അവർ മറ്റ് ബിദ്അത്തുകാരെ സ്നേഹിക്കുകയും അവരോട് ആത്മബന്ധം പുലർത്തുകയും ചെയ്യുന്നു. മനുഷ്യചരിത്രത്തിൻ്റെ തുടക്കം മുതൽ ഇന്നുവരെ പിശാചിന് പോലും കണ്ടെത്താൻ കഴിയാത്തത്ര പുതിയ അടിസ്ഥാനങ്ങൾ (ഉസ്വൂലുകൾ) അവർ മതത്തിൽ ഉണ്ടാക്കിവെച്ചിട്ടുണ്ട്. മുൻകാലത്തെ ഖവാരിജുകളും മുഅ്തസിലുകളും മുർജിഅകളുമൊന്നും ഇങ്ങനെയുള്ള പുതിയ തത്ത്വങ്ങൾ കണ്ടുപിടിച്ചിരുന്നില്ല.
ഖുർആനിൻ്റെയും സുന്നത്തിൻ്റെയും മേൽ വ്യാജം പറഞ്ഞുകൊണ്ടും, പണ്ഡിതന്മാരുടെ വാക്കുകൾ മുറിച്ചുമാറ്റിയും വഞ്ചന കാണിച്ചുമാണ് ഇവർ ഈ പുത്തൻ വാദങ്ങൾ ചമച്ചുണ്ടാക്കിയത്. ഇവർ ‘മൻഹജുൽ മുവാസനാത്ത്’ (നന്മകളും തിന്മകളും ഒരുമിച്ച് പറയണമെന്ന വാദം) പോലെയുള്ള പുതിയ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഗ്രന്ഥങ്ങൾ പുറത്തിറക്കി. എന്തിനുവേണ്ടിയായിരുന്നു അത്? ബിദ്അത്തുകളെയും അതിൻ്റെ വക്താക്കളെയും അവരുടെ ഗ്രന്ഥങ്ങളെയും മൻഹജിനെയും സംരക്ഷിക്കുന്നതിനും, ഒപ്പം അഹ്‌ലുസ്സുന്ന വൽ ജമാഅത്തിനെ ഇടിച്ചുതാഴ്ത്തുന്നതിനും വേണ്ടിയായിരുന്നു. സലഫി മൻഹജിനെയും അതിലെ പണ്ഡിതന്മാരെയും തരംതാഴ്ത്താൻ വേണ്ടി ഇവർ ‘ഫിഖ്‌ഹുൽ വാഖിഅ്’ (സമകാലിക യാഥാർത്ഥ്യങ്ങളുടെ കർമ്മശാസ്ത്രം) എന്നൊരു വാദം തന്നെ പുതുതായി നിർമ്മിച്ചു.7
ബാത്തിസ്റ്റുകൾ, മതേതരവാദികൾ, കമ്മ്യൂണിസ്റ്റുകൾ, ഫ്രീമേസൺസ് തുടങ്ങിയവരിൽ നിന്നാണ് ഇവർ തങ്ങളുടെ രാഷ്ട്രീയ ആരോപണങ്ങൾ കടമെടുത്തത്. അതുകൊണ്ട് തന്നെ സലഫി ദഅ്‌വത്തുമായി മുന്നിട്ടിറങ്ങുന്ന ഏതൊരാളെ കണ്ടാലും അയാൾ ഒരു ‘ചാരൻ’ ആണെന്ന് ഇവർ ആരോപിക്കും. ഈ അഴുക്കുനിറഞ്ഞ ചിന്തകൾ വഴി തങ്ങളുടെ യുവാക്കളുടെ മനസ്സിൽ ഇവർ നട്ടുവളർത്തിയത്, സലഫികളായ ഇത്തരം ചാരന്മാർ ജൂതന്മാരെക്കാളും ക്രിസ്ത്യാനികളെക്കാളും കമ്മ്യൂണിസ്റ്റുകാരെക്കാളും നികൃഷ്ടരാണ് എന്ന ബോധമാണ്!
ഇവർക്കിടയിലുള്ള സകല അപചയങ്ങളെയും കുറ്റങ്ങളെയും ഇവർ അടിച്ചേൽപ്പിക്കുന്നത് നിരപരാധികളായ സലഫികളുടെ മേലാണ്. അതിനാൽ ഇസ്ലാമിനും മുസ്ലിംകൾക്കും ഇവർ പല വഴികളിലൂടെ വരുത്തിവെക്കുന്ന അപകടങ്ങൾ അതിഭീകരമാണ്.
അല്ലാഹു അവർക്ക് സന്മാർഗ്ഗം നൽകട്ടെ എന്ന് നാം പ്രാർത്ഥിക്കുന്നു; അല്ലെങ്കിൽ ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെ അവർ നടത്തുന്ന അക്രമങ്ങളിൽ നിന്ന് അല്ലാഹു അവരെ തടയട്ടെ. കാരണം തങ്ങൾ ചെയ്യുന്ന സകല ദുഷ്പ്രവൃത്തികളെയും അവർ ഇസ്ലാമിലേക്കാണ് ചേർത്തുപറയുന്നത്. അവരുടെ പല കക്ഷികളും അങ്ങേയറ്റത്തെ അക്രമവും വ്യാജവും കളവും നിറച്ച് തങ്ങളെ സലഫി മൻഹജിലേക്കാണ് ചേർത്തുപറയുന്നത്. അല്ലാഹുവിനോട് നാം രക്ഷചോദിക്കുന്നു.
യഥാർത്ഥ ദീൻ എന്താണെന്ന് മനസ്സിലാക്കാനും, ഈ സത്യത്തിലേക്ക് ക്ഷണിക്കുകയും അതിനെ പ്രതിരോധിച്ച് നിൽക്കുകയും ചെയ്യുന്നവർ ആരാണെന്ന് തിരിച്ചറിയാനും അല്ലാഹു സമുദായത്തിലെ യുവാക്കൾക്ക് ഉൾക്കാഴ്ച നൽകട്ടെ എന്ന് നാം പ്രാർത്ഥിക്കുന്നു. അൽഹംദുലില്ലാഹ്, അങ്ങനെയുള്ള യഥാർത്ഥ പ്രബോധകർ ഇന്നുണ്ട്; ഷാമിലും യമനിലും കിഴക്കും പടിഞ്ഞാറുമെല്ലാമായി അവർ നിരവധിയുണ്ട്. അല്ലാഹു അവരിലൂടെ സുന്നത്തിൻ്റെ പതാക ഉയർത്തിപ്പിടിക്കുകയും, അസത്യത്തിൻ്റെ വക്താക്കളെ അടിച്ചമർത്തുകയും ചെയ്യട്ടെ. സത്യത്തെ സഹായിക്കുന്ന അവരുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യുടെ ഈ വചനം അല്ലാഹു പുലർത്തുമാറാകട്ടെ:
لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لَا يَضُرُّهُمْ مَنْ خَذَلَهُمْ وَلَا مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ عَزَّ وَجَلَّ
എൻ്റെ സമുദായത്തിൽ പെട്ട ഒരു വിഭാഗം സത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് എപ്പോഴും വിജയിച്ചുകൊണ്ടിരിക്കും. അവരെ കൈവിട്ടവരോ അവരോട് എതിർപ്പ് കാണിക്കുന്നവരോ അവർക്കൊരു ഉപദ്രവവും വരുത്തുകയില്ല; അല്ലാഹുവിൻ്റെ കൽപന വന്നെത്തുന്നത് വരെ.8
- സഹീഹ് മുസ്ലിം – 1955, സുനനുന്നസാഈ – 1579 ↩︎
- സൂറത്തുശ്ശൂറാ – 21 ↩︎
- അബൂ ജഹ്‌ലിൻ്റെ മകളെ വിവാഹം ചെയ്യാൻ അലി (رَضِيَ اللَّهُ عَنْهُ) ഉദ്ദേശിച്ച സമയത്ത്, പ്രവാചകൻ ﷺ തൻ്റെ മകളായ ഫാത്വിമ (رَضِيَ اللَّهُ عَنْهَا) യെക്കുറിച്ച് സംസാരിച്ച വേളയിലുള്ളതാണ് ഈ ഹദീസ്. അതിൽ പ്രവാചകൻ ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “ഞാൻ നിഷിദ്ധമായതിനെ അനുവദനീയമാക്കുകയോ, അനുവദനീയമായതിനെ നിഷിദ്ധമാക്കുകയോ ചെയ്യുന്നില്ല. എന്നാൽ അല്ലാഹുവാണെ സത്യം, അല്ലാഹുവിൻ്റെ ദൂതൻ്റെ മകളും അല്ലാഹുവിൻ്റെ ശത്രുവിൻ്റെ മകളും ഒരിടത്ത് ഒന്നിച്ചുചേരുകയില്ല.” സഹീഹ് മുസ്ലിം – 2449. ↩︎
- സൂറത്തുശ്ശൂറാ – 48 ↩︎
- സൂറത്തുത്തൗബ – 31 ↩︎
- ‘അത്ത്വരീഖ് ഇലൽ ജമാഅതിൽ ഉമ്മ്’ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് (പേജ്: 8) ഇപ്രകാരം പറയുന്നു: “അവർ ഞങ്ങൾക്ക് പല വിശേഷണങ്ങളും നൽകി അധിക്ഷേപിച്ചു. ‘സമകാലിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് വിവരമില്ലാത്തവർ’, ‘ഞങ്ങളുടെ പ്രബോധനം കേവലം സംസാരം മാത്രമാണെന്നും പ്രവർത്തനമില്ലാത്തതാണെന്നും’, ‘പുസ്തകത്താളുകളിലെ കർമ്മശാസ്ത്രം മാത്രം അറിയുന്നവർ’, ‘പുസ്തകങ്ങളുടെ അടിക്കുറിപ്പുകൾ മാത്രം കാണാപാഠമാക്കിയവർ’, എന്നുമാത്രമല്ല ഭരണാധികാരികളുടെ ഏജൻ്റുമാർ എന്ന് വരെ അവർ ഞങ്ങളെ വിളിച്ചു. ഞങ്ങളുടെ മൻഹജിനെയും ചിന്തകളെയും വിശ്വാസത്തെയും ‘വരണ്ട തത്ത്വശാസ്ത്രം’ എന്ന് വിളിച്ച് അവർ അധിക്ഷേപിച്ചു.” ‘മദാരികുന്നളർ ഫിസ്സിയാസ’ (പേജ്: 82) ൽ അതിൻ്റെ രചയിതാവ് പറയുന്നു: “സമകാലിക കക്ഷികളുടെ പോരാട്ടങ്ങളെക്കുറിച്ച് അറിയുന്ന ആർക്കും ഇഖ്‌വാനികൾക്ക് പണ്ഡിതന്മാരോടുള്ള പുച്ഛം ബോധ്യപ്പെടാതിരിക്കില്ല. അല്ലെങ്കിൽ നിങ്ങൾ തന്നെ പറയൂ; അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരെ ‘ആർത്തവത്തിൻ്റെയും പ്രസവരക്തത്തിൻ്റെയും പണ്ഡിതന്മാർ’, ‘തൊലിയുടെ പണ്ഡിതന്മാർ’, ‘കൊട്ടാരപ്പണ്ഡിതന്മാർ’, ‘മധ്യകാലഘട്ടത്തിൽ ജീവിക്കുന്നവർ’, ‘മഞ്ഞപ്പുസ്തകങ്ങളുടെ പണ്ഡിതന്മാർ’, ‘ബെദുവിയൻ പണ്ഡിതന്മാർ’ എന്നൊക്കെ വിളിച്ച് ആദ്യം ആക്ഷേപിച്ചത് ആരാണ്?!” ഇമാം അബൂ ഹാതിം (رَحِمَهُ اللَّهُ) പറഞ്ഞു: “അഹ്‌ലുൽ അസറിനെ (ഹദീസ് പണ്ഡിതന്മാരെ) ആക്ഷേപിക്കുക എന്നത് ബിദ്അത്തുകാരുടെ അടയാളങ്ങളിൽ പെട്ടതാണ്.” (ശർഹുസ്സുന്ന ലാലകാഈ – 1/179, മുഖ്തസറുൽ ഉലുവ്വ്). ↩︎
- അല്ലാഹുവിൻ്റെ മതം എല്ലാ കാലഘട്ടത്തിലെയും ജനങ്ങളുടെ യാഥാർത്ഥ്യങ്ങൾക്കും അവസ്ഥകൾക്കും അനുയോജ്യമായ നിലയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് ഏതൊരു ബുദ്ധിമാനും അറിയാവുന്ന കാര്യമാണ്. അല്ലാഹുവിൻ്റെ മതത്തിന് സമകാലിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്ന് വല്ലവനും വാദിച്ചാൽ അവൻ കാഫിറായി മാറി. ഇതിൽ നിന്ന് മനസ്സിലാകുന്നത്, യാഥാർത്ഥ്യങ്ങളെ കുറിച്ച് ഏറ്റവും കൂടുതൽ അറിവുള്ളവർ മതനിയമങ്ങളെക്കുറിച്ച് ഏറ്റവും കൂടുതൽ അറിവുള്ള പണ്ഡിതന്മാർ തന്നെയാണ് എന്നാണ്. നമ്മുടെ ശൈഖ് അബൂ മുഹമ്മദ് റബീഅ് ബിൻ ഹാദീ അൽ-മദ്ഖലി പറഞ്ഞതായി ‘മദാരികുന്നളർ ഫിസ്സിയാസ’ (പേജ്: 155) ൽ ഉദ്ധരിക്കുന്നു: “കക്ഷിത്വത്തിൻ്റെ ആളുകളിൽ പെട്ട ചിലർ തങ്ങൾക്ക് സമകാലിക യാഥാർത്ഥ്യങ്ങളെക്കുറിച്ചും മുസ്ലിംകൾക്കെതിരെ നടക്കുന്ന ഗൂഢാലോചനകളെക്കുറിച്ചും അറിയാം എന്ന് അവകാശപ്പെടുന്നുണ്ടല്ലോ. എങ്കിൽ പിന്നെ സമുദായത്തിൻ്റെ യാഥാർത്ഥ്യങ്ങൾ അറിയാത്തവരാണ് സലഫികൾ എന്ന് പറഞ്ഞ് നിങ്ങൾ എന്തിനാണ് അവരെ കുറ്റപ്പെടുത്തുന്നത്? സലഫികൾ ചെയ്യേണ്ട ആ ബാധ്യത നിങ്ങൾ ഏറ്റെടുത്ത് നിർവ്വഹിച്ചതുകൊണ്ട് അവരിൽ നിന്നും ആ ബാധ്യത ഒഴിഞ്ഞുപോയല്ലോ!” ശൈഖിൻ്റെ ഈ വാക്കുകൾ എതിരാളികളോടുള്ള ഒരു സംവാദ ശൈലി (തനസ്സുൽ) മാത്രമാണ്. അല്ലാതെ വാസ്തവത്തിൽ, പത്രങ്ങളും മാസികകളും വായിക്കുകയും, വാർത്താ ചാനലുകളും വഞ്ചകരായ വാർത്താ ഏജൻസികളും നോക്കി മനസ്സിലാക്കുകയും ചെയ്യുന്നതാണോ ഒരുവൻ അവലംബിക്കേണ്ട ഫിഖ്‌ഹുൽ വാഖിഅ്?! യഥാർത്ഥത്തിൽ, സലഫികളായ മതപണ്ഡിതന്മാരുടെ അടുക്കലല്ലാതെ ശരിയായ ഫിഖ്‌ഹുൽ വാഖിഅ് കണ്ടെത്താൻ നമുക്കൊരിക്കലും സാധിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം. ↩︎
- സൗബാൻ (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് ഇമാം തിർമിദി (2229) ഉദ്ധരിച്ചത്. മുആവിയ, മുഗീറ തുടങ്ങിയവരിൽ നിന്നായി ഇതിൻ്റെ അടിസ്ഥാനം സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലുമുണ്ട് ↩︎

