ശമ്മാസ് അൽ ഹികമി
മനുഷ്യജീവിതത്തിൽ അല്ലാഹു നിശ്ചയിച്ച ഏറ്റവും അത്യത്ഭുതകരമായ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ് വിവാഹം. കേവലം ഒരു ഭൗതിക ഉടമ്പടി എന്നതിലുപരി, അല്ലാഹു ഇതിനെ ‘മീസാഖൻ ഗലീളാ’ (ബലിഷ്ഠമായ കരാർ) എന്നാണ് വിശേഷിപ്പിച്ചത്. അല്ലാഹുവിന്റെ വചനം കാണുക:
وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ
“നിങ്ങള്‍ക്ക് സമാധാനപൂർവ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതരികയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.” [സൂറത്തുർറൂം – 21]
പരസ്പരം സമാധാനവും ശാന്തിയും ലഭിക്കുന്നതിന് വേണ്ടിയാണ് ഇസ്ലാം ഈ ഇണചേരലിനെ പ്രോത്സാഹിപ്പിക്കുന്നത്.
പ്രാപ്തിയെത്തിയാൽ വിവാഹം വൈകിപ്പിക്കരുതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നബി ﷺ യുവാക്കളോട് ഇപ്രകാരം കൽപ്പിച്ചു: “അല്ലയോ യുവാക്കളേ, നിങ്ങളിൽ വിവാഹത്തിന് (സാമ്പത്തികമായും ശാരീരികമായും) കഴിവുള്ളവർ വിവാഹം കഴിക്കട്ടെ. തീർച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതിനും ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നതിനും ഏറ്റവും ഉത്തമമാണ്. ആർക്കെങ്കിലും അതിന് സാധിക്കുന്നില്ലെങ്കിൽ അവൻ നോമ്പനുഷ്ഠിക്കട്ടെ; തീർച്ചയായും അത് അവനൊരു പരിചയാണ് (വിജാഅ്).” [ബുഖാരി, മുസ്‌ലിം]
മനുഷ്യന്റെ സ്വാഭാവിക വികാരങ്ങളെ ധാർമ്മികമായ വഴിയിലൂടെ പൂർത്തീകരിക്കാനുള്ള മാർഗ്ഗമാണ് വിവാഹം. വിവാഹത്തോട് വിമുഖത കാണിച്ചുകൊണ്ട് ഇബാദത്തിൽ മാത്രം മുഴുകാൻ ആഗ്രഹിച്ച സ്വഹാബിയോട് നബി ﷺ കർശനമായി പറഞ്ഞത്, “വിവാഹം കഴിക്കുക എന്നത് എന്റെ സുന്നത്തിൽ പെട്ടതാണ്; എന്റെ സുന്നത്തിനെ ആരെങ്കിലും വെറുക്കുന്നുവെങ്കിൽ അവൻ എന്നിൽ പെട്ടവനല്ല” എന്നാണ്. ഇസ്ലാമിൽ ബ്രഹ്മചര്യം അനുവദനീയമല്ല; മറിച്ച് ഉത്തരവാദിത്തബോധമുള്ള കുടുംബജീവിതമാണ് ഇസ്ലാം കൽപ്പിക്കുന്നത്.
എന്നാൽ ഇന്ന് പല കാരണങ്ങൾ പറഞ്ഞും വിവാഹം നീട്ടിവെക്കുന്ന പ്രവണത സമൂഹത്തിൽ കണ്ടുവരുന്നുണ്ട്. പഠനം, ജോലി എന്നിവയുടെ പേരിൽ പെൺകുട്ടികളും, നൂറുകണക്കിന് നിബന്ധനകൾ വെച്ച് ആലോചനകൾ തട്ടിക്കളഞ്ഞ് 35-40 വയസ്സുവരെ കാത്തിരിക്കുന്ന പുരുഷന്മാരും സമൂഹത്തിലുണ്ട്. മനസ്സിനിണങ്ങിയ, മതബോധമുള്ള ഒരാളെ ലഭിച്ചാൽ അനാവശ്യ കാരണങ്ങൾ പറഞ്ഞ് വിവാഹം വൈകിപ്പിക്കുന്നത് ഇസ്ലാമികമല്ല. അതുപോലെ, സ്വന്തം പിതാവിന്റെ മോശമായ പെരുമാറ്റം കണ്ട് പുരുഷന്മാരോടും വിവാഹത്തോടും വെറുപ്പ് തോന്നുന്ന പെൺകുട്ടികളുമുണ്ട്; ഈ വിഷയത്തിൽ കുടുംബനാഥന്മാർ മാതൃകാപരമായി പെരുമാറാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
വിവാഹം എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല. കുടുംബം, മതബോധം, സ്വഭാവം എന്നിവ കൃത്യമായി അന്വേഷിക്കണം. പള്ളിയിൽ ജമാഅത്തായി സുബ്ഹി നമസ്കരിക്കാറുണ്ടോ എന്ന് അന്വേഷിച്ചറിയണം. നാട്ടിൽ അന്വേഷിക്കുന്നതിന് പുറമെ അവർ പഠിച്ച കാമ്പസുകളിലും ജോലിസ്ഥലങ്ങളിലും അന്വേഷിക്കണം.
ഇവിടെ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് ന്യൂനതകൾ മറച്ചുവെക്കാതിരിക്കുക എന്നത്. ഫാത്വിമ ബിൻത് ഖൈസ് رَضِيَ اللَّهُ عَنْهَا യോട് നബി ﷺ കാണിച്ച മാതൃക ചരിത്രത്തിലുണ്ട്. അവർക്ക് വന്ന വിവാഹാലോചനകളെക്കുറിച്ച് ചോദിച്ചപ്പോൾ നബി ﷺ പറഞ്ഞു: “മുആവിയയ്ക്ക് സമ്പത്തില്ല; എന്നാൽ അബൂ ജഹ്മാകട്ടെ സ്ത്രീകളെ അടിക്കുന്നവനാണ്. നീ ഉസാമ ബിൻ സെയ്ദിനെ വിവാഹം ചെയ്യുക.” [മുസ്‌ലിം]
മതബോധമില്ലാത്ത ഒരാൾക്ക് ദീനിയായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചുകൊടുക്കുന്നത് വലിയ അപകടമാണ്. നമസ്കരിക്കാത്തതോ സ്വഭാവദൂഷ്യമുള്ളതോ ആയ കാര്യങ്ങൾ മറച്ചുവെക്കുന്നത് ചതിയാണ്; അതൊരിക്കലും ഗീബത്തല്ല, മറിച്ച് തുറന്നുപറയേണ്ട ബാധ്യതയാണ്.
ആലോചനകൾ ഉറപ്പിക്കുന്നതിന് മുൻപായി പെണ്ണിനെ പോയി കാണുക (പെണ്ണ് കാണൽ) എന്നത് കേവലം ഒരു നാട്ടുനടപ്പല്ല, മറിച്ച് ഇസ്ലാമിലെ സുന്നത്താണ്. നബി ﷺ കല്യാണം കഴിക്കാൻ പോകുന്ന സ്വഹാബിയോട് “നീ പോയി അവളെ കാണുക” എന്ന് കൽപ്പിച്ചിട്ടുണ്ട്. പരസ്പരം ഇഷ്ടം തോന്നാൻ അതാണ് ഉത്തമം. ഉപ്പയ്ക്കും ഉമ്മയ്ക്കും മാത്രം ഇഷ്ടപ്പെട്ടാൽ പോരാ, ജീവിക്കേണ്ടത് അവരായതുകൊണ്ട് ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെടണം. പെൺകുട്ടിക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. ഗൾഫിലിരുന്ന് എഡിറ്റ് ചെയ്ത ഫോട്ടോ മാത്രം കണ്ട് വിവാഹം കഴിച്ച് വഞ്ചിതരാകുന്ന അവസ്ഥകൾ ഉണ്ടാകരുത്.
പെണ്ണ് കാണുന്നതിന് ഇസ്ലാം കൃത്യമായ അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്. മുഖവും മുൻകയ്യും കാണാം. മുടിയോ കാലോ കാണാമെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെങ്കിലും, വിവാഹം മുടങ്ങിയാൽ പെൺകുട്ടിക്ക് അത് പ്രയാസമാകുമെന്നതിനാൽ വീട്ടിലെ സ്ത്രീകളെ (ഉമ്മ, സഹോദരിമാർ) വിട്ട് അത്തരം കാര്യങ്ങൾ അന്വേഷിക്കുന്നതാണ് ഉത്തമം. എന്നാൽ ഇന്നത്തെ ‘പെണ്ണ് കാണൽ’ ചടങ്ങുകൾ ഇസ്ലാമിക വിരുദ്ധമായ ആഭാസങ്ങളായി മാറിയിരിക്കുന്നു:
- പ്രദർശന വസ്തുവാക്കൽ: ചന്തയിൽ ചരക്ക് നോക്കുന്നതുപോലെ നിരവധി ഫോട്ടോകൾ പരിശോധിച്ച്, ഒരു വലിയ സംഘം ആളുകളുമായി വന്ന് പെൺകുട്ടിയെ പ്രദർശന വസ്തുവാക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. ചെറുക്കൻ, അവന്റെ ഉമ്മ, ഉപ്പ, സഹോദരിമാർ എന്നിവർ മാത്രം പോയി കാണുന്നതാണ് ഏറ്റവും ലളിതമായ രീതി.
- അന്യരെ കൂട്ടിക്കൊണ്ട് പോകൽ: ചെറുക്കന്റെ സുഹൃത്തുക്കളെയും (അന്യപുരുഷന്മാർ) കൂട്ടി പെണ്ണ് കാണാൻ വരികയും, അവരോട് പെൺകുട്ടിയെക്കുറിച്ച് അഭിപ്രായം ചോദിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം മോശപ്പെട്ടതും നിഷിദ്ധവുമായ കാര്യമാണ്.
- കുറ്റപ്പെടുത്തലുകൾ: നാട്ടിലെ എല്ലാ പെണ്ണ് കാണൽ ചടങ്ങുകളിലും പോയി പെൺകുട്ടികളുടെ ശാരീരിക ന്യൂനതകൾ പറഞ്ഞ് അവരെ അപഹസിക്കുന്ന ചില സ്ത്രീകളുണ്ട്; ഇത് വലിയ തെറ്റാണ്. ഒരു മനുഷ്യന്റെയും ന്യൂനതകൾ പരസ്യമായി ചർച്ച ചെയ്യാൻ ഇസ്ലാം അനുവദിച്ചിട്ടില്ല.
- സ്വകാര്യ കൂടിക്കാഴ്ച: പെണ്ണ് കാണാൻ വരുമ്പോൾ ചെറുക്കനെയും പെണ്ണിനെയും സ്വകാര്യമായി സംസാരിക്കാൻ ഒരു റൂമിലേക്ക് വിടുക എന്നത് ഇസ്ലാം കർശനമായി വിലക്കിയതാണ്. അന്യരായ സ്ത്രീപുരുഷന്മാർ തനിച്ചാകുമ്പോൾ അവിടെ മൂന്നാമനായി പിശാച് ഉണ്ടാകുമെന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ അവർക്ക് സംശയങ്ങൾ ചോദിച്ചറിയാവുന്നതാണ്.
നബി ﷺ പഠിപ്പിച്ചു: “വിവാഹാലോചനയും മഹ്‌റും എളുപ്പമാക്കപ്പെടുക എന്നത് ഒരു സ്ത്രീയുടെ ബറക്കത്തിൽ (അനുഗ്രഹത്തിൽ) പെട്ടതാണ്.” എന്നാൽ ഇന്ന് ലക്ഷങ്ങൾ മുടക്കി ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്ത് നടത്തുന്ന പെണ്ണ് കാണൽ ചടങ്ങുകളും ‘എൻഗേജ്മെന്റ്’ (നിശ്ചയം) പാർട്ടികളും ഇസ്ലാമിൽ ഇല്ലാത്തതാണ്.
മറ്റ് മതസ്ഥരുടെ ആചാരങ്ങളെ അനുകരിച്ചുകൊണ്ട് ‘മോതിരം മാറ്റം’ എന്ന പേരിൽ, വിവാഹത്തിന് മുൻപ് അന്യപുരുഷൻC പെൺകുട്ടിയുടെ കയ്യിൽ മോതിരം അണിയിച്ചുകൊടുക്കുകയും, ഫോട്ടോയെടുക്കാൻ വേണ്ടി പരസ്പരം സ്പർശിക്കുകയും കെട്ടിപ്പിടിക്കുകയും കൈപിടിച്ച് നടക്കുകയും ചെയ്യുന്നത് തികച്ചും ഹറാമാണ്. നിക്കാഹ് കഴിയുന്നതുവരെ അവർ പരസ്പരം അന്യരാണ്. അതുപോലെ, വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കാനും ചാറ്റ് ചെയ്യാനും ഇസ്ലാം അനുവദിക്കുന്നില്ല.
ചുരുക്കത്തിൽ, ഇസ്ലാം അങ്ങേയറ്റം ലളിതമാക്കിയ വിവാഹമെന്ന പുണ്യകർമ്മത്തെ നാം സങ്കീർണ്ണമാക്കുകയും അതിൽ അനാചാരങ്ങൾ കുത്തിനിറക്കുകയും ചെയ്യരുത്. നമ്മുടെ മക്കളെ ഇത്തരം തിന്മകളിൽ നിന്നും ഹറാമുകളിൽ നിന്നും മാറ്റിനിർത്തി, പ്രവാചകൻ ﷺ പഠിപ്പിച്ച വിശുദ്ധമായ മാർഗ്ഗത്തിലൂടെ വിവാഹ കർമ്മങ്ങൾ നിർവ്വഹിക്കാൻ നാം തയ്യാറാകണം. അല്ലാഹു നമുക്കേവർക്കും അതിന് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.

