ശമ്മാസ് അൽ ഹികമി
വിവാഹാലോചനകളുടെയും പെണ്ണുകാണലിന്റെയും ഇസ്ലാമിക മര്യാദകളെക്കുറിച്ചാണ് നാം ഒന്നാം ഭാഗത്തിൽ മനസ്സിലാക്കിയത്. വിവാഹത്തിന്റെ കാതലായ ഭാഗങ്ങളായ നികാഹ്, മഹർ (വിവാഹമൂല്യം), വലീമ (വിവാഹസദ്യ) എന്നിവയും, ഈ പുണ്യകർമ്മത്തിലേക്ക് ഇന്ന് നമ്മുടെ സമൂഹം കടത്തിക്കൂട്ടിയ നിരവധി നൂലാമാലകളെയും അനാചാരങ്ങളെയും കുറിച്ചുമാണ് ഈ ഭാഗത്തിൽ നാം പരിശോധിക്കുന്നത്. ഇസ്ലാം അങ്ങേയറ്റം ലളിതമാക്കിയ വിവാഹമെന്ന ഇബാദത്തിനെ ഇന്ന് നാം എത്രത്തോളം സങ്കീർണ്ണവും സാമ്പത്തിക ബാധ്യതകൾ നിറഞ്ഞതുമാക്കി മാറ്റിയിരിക്കുന്നു എന്നത് ഗൗരവകരമായ ഒരു ചിന്താവിഷയമാണ്.
ഇസ്ലാമിലെ വിവാഹക്കരാർ (നികാഹ്) വളരെ ലളിതമായ ഒരു പ്രക്രിയയാണ്. പെൺകുട്ടിയുടെ വലിയ്യ് (രക്ഷാധികാരി – സാധാരണയായി പിതാവ്), വരൻ, രണ്ട് സാക്ഷികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈജാബും (വിവാഹം ചെയ്തുകൊടുക്കൽ) ഖബൂലും (അത് സ്വീകരിക്കൽ) മാത്രമാണ് ഇതിന്റെ അടിസ്ഥാനം. ഇതിന് വലിയ പന്തലുകളോ ആർഭാടങ്ങളോ ആവശ്യമില്ല. പള്ളികളിൽ വെച്ച് വളരെ ലളിതമായി നടക്കേണ്ട ഈ കർമ്മത്തെ ഇന്ന് നാം വലിയൊരു ആഘോഷമാക്കി മാറ്റിയിരിക്കുന്നു. പള്ളിക്കകത്ത് വരെ വലിയ ഡെക്കറേഷനുകളും വീഡിയോ ഗ്രാഫർമാരുടെ ബഹളങ്ങളും സൃഷ്ടിച്ച് പള്ളിയുടെ പവിത്രതയെപ്പോലും നാം നശിപ്പിക്കുന്നു. അനാവശ്യമായ ഇത്തരം ആർഭാടങ്ങൾ ഒഴിവാക്കി നികാഹ് തികച്ചും ലളിതവും ഭക്തിസാന്ദ്രവുമാക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
മഹർ (വിവാഹമൂല്യം) എന്നത് വിവാഹവേളയിൽ പുരുഷൻ സ്ത്രീക്ക് നിർബന്ധമായും നൽകേണ്ട അവളുടെ അവകാശമാണ്. വിശുദ്ധ ഖുർആനിലെ അല്ലാഹുവിന്റെ വചനം കാണുക:
وَءَاتُوا۟ ٱلنِّسَآءَ صَدُقَـٰتِهِنَّ نِحْلَةً ۚ فَإِن طِبْنَ لَكُمْ عَن شَىْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيٓـًٔا مَّرِيٓـًٔا
“സ്ത്രീകള്ക്ക് അവരുടെ വിവാഹമൂല്യങ്ങള് മനഃസംതൃപ്തിയോടു കൂടി നിങ്ങള് നല്കുക. ഇനി അതില് നിന്ന് വല്ലതും സന്മനസ്സോടെ അവര് വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്വ്വം സുഖമായി അനുഭവിച്ചു കൊള്ളുക.” [സൂറത്തുന്നിസാഅ് – 4]
ഇസ്ലാം സ്ത്രീക്ക് നൽകിയ ഈ അവകാശത്തെ ഇന്ന് സമൂഹം പല രൂപത്തിലും ചൂഷണം ചെയ്യുന്നു. ഭർത്താവ് തന്റെ സമ്പാദ്യത്തിൽ നിന്നാണ് മഹർ നൽകേണ്ടത്. എന്നാൽ ഇന്ന് പലയിടങ്ങളിലും പെൺകുട്ടിയുടെ വീട്ടുകാർ തന്നെ പണം നൽകി മഹറിനുള്ള സ്വർണ്ണം വാങ്ങി ചെറുക്കനെ ഏൽപ്പിക്കുകയും, അത് സദസ്സിൽ വെച്ച് അവൻ മഹറായി നൽകുന്ന നാടകം കളിക്കുകയും ചെയ്യുന്നു. ഇത് അങ്ങേയറ്റം വഞ്ചനയാണ്. സ്ത്രീധനം എന്നത് ഇസ്ലാം കർശനമായി വിലക്കിയ, കടുത്ത പാപമാണ്.
മഹർ എത്രത്തോളം ലളിതമാകുന്നുവോ അത്രത്തോളം ആ വിവാഹത്തിൽ ബറക്കത്ത് ഉണ്ടാകുമെന്നാണ് നബി ﷺ പഠിപ്പിച്ചത്. ഉമർ رَضِيَ اللَّهُ عَنْهُ ജനങ്ങളെ ഉപദേശിച്ചുകൊണ്ട് പറഞ്ഞു: “നിങ്ങൾ സ്ത്രീകളുടെ മഹർ അധികരിപ്പിക്കരുത്. അത് ദുനിയാവിൽ ഒരു ആദരവോ അല്ലാഹുവിന്റെ അടുക്കൽ ഒരു തഖ്വയോ ആയിരുന്നെങ്കിൽ നബി ﷺ നിങ്ങളെക്കാൾ അതിന് അർഹനാകുമായിരുന്നു. എന്നാൽ നബി ﷺ തന്റെ ഭാര്യമാർക്കോ പെൺമക്കൾക്കോ പന്ത്രണ്ടര ഊഖിയയിൽ കൂടുതൽ മഹർ നിശ്ചയിച്ചിട്ടില്ല.” മഹർ എന്നത് ഒരു സ്റ്റാറ്റസ് സിംബലായി കണ്ട്, കിലോക്കണക്കിന് സ്വർണ്ണം ചോദിച്ചുവാങ്ങുന്ന പ്രവണത ഇസ്ലാമികമല്ല.
നികാഹിന് ശേഷം ഭക്ഷണം നൽകുക എന്നത് പുരുഷന്റെ (വരന്റെ) ബാധ്യതയും ഇസ്ലാമിലെ സുന്നത്തുമാണ്. അബ്ദുറഹ്മാൻ ഇബ്നു ഔഫ് رَضِيَ اللَّهُ عَنْهُ വിവാഹിതനായതറിഞ്ഞപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞത്: «أَوْلِمْ وَلَوْ بِشَاةٍ» (ഒരാടിനെയെങ്കിലും അറുത്ത് നീ വലീമ നൽകുക) എന്നാണ്. [ബുഖാരി]
എന്നാൽ ഇന്ന് നാട്ടിൽ നടക്കുന്നത് എന്താണ്? പെൺകുട്ടിയുടെ പിതാവാണ് ആയിരക്കണക്കിന് ആളുകൾക്ക് സദ്യ നൽകേണ്ടത് എന്ന ഒരു അലിഖിത നിയമം സമൂഹം ഉണ്ടാക്കിവെച്ചിരിക്കുന്നു. തന്റെ മകളെ വളർത്തി വലുതാക്കി, മറ്റൊരുവന്റെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ ആ പിതാവ് തന്നെ നാട്ടുകാർക്ക് മുഴുവൻ ബിരിയാണി വെച്ചുകൊടുക്കണം എന്നത് ഇസ്ലാമിലില്ലാത്ത, മനുഷ്യത്വമില്ലാത്ത ഒരു ആചാരമാണ്. ഇതിന് വേണ്ടി വീടും പറമ്പും പണയപ്പെടുത്തിയും പലിശക്ക് ലോണെടുത്തും കടക്കെണിയിലാകുന്ന ലക്ഷക്കണക്കിന് പിതാക്കന്മാർ നമ്മുടെ നാട്ടിലുണ്ട്. “നാട്ടുകാർ എന്ത് പറയും” എന്ന മിഥ്യാബോധമാണ് ഇതിന് കാരണം. വലീമ നൽകേണ്ടത് വരനാണ്, അത് അവന്റെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് ലളിതമായി നൽകിയാൽ മതിയാകുന്നതാണ്.
ഇന്നത്തെ വിവാഹസദ്യകളെക്കുറിച്ച് നബി ﷺ യുടെ ഒരു താക്കീത് നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്:
شَرُّ الطَّعَامِ طَعَامُ الْوَلِيمَةِ، يُدْعَى إِلَيْهَا الْأَغْنِيَاءُ وَيُتْرَكُ الْفُقَرَاءُ (ഏറ്റവും മോശപ്പെട്ട ഭക്ഷണം വലീമയിലെ ഭക്ഷണമാണ്; കാരണം പാവപ്പെട്ടവരെ ഒഴിവാക്കി പണക്കാരെ മാത്രമാണ് അതിലേക്ക് ക്ഷണിക്കപ്പെടുന്നത്). പാവപ്പെട്ടവരും അഗതികളുമായ ബന്ധുക്കളെയും അയൽവാസികളെയും മാറ്റിനിർത്തി, പണക്കാരെയും പ്രമാണിമാരെയും മാത്രം ക്ഷണിച്ചുവരുത്തുന്ന ഇന്നത്തെ വിവാഹസദ്യകൾ ഇസ്ലാമിക ദൃഷ്ട്യാ ഏറ്റവും മോശപ്പെട്ടതാണ്.
വിവാഹം ലളിതമാക്കാൻ ഇസ്ലാം കൽപ്പിക്കുമ്പോൾ, അതിലേക്ക് ഹറാമായ പല കാര്യങ്ങളും കൂട്ടിചേർത്ത് അല്ലാഹുവിന്റെ ബറക്കത്ത് നശിപ്പിക്കാനാണ് ഇന്ന് ചിലർ ശ്രമിക്കുന്നത്.
- പ്രീ-വെഡ്ഡിങ് / പോസ്റ്റ്-വെഡ്ഡിങ് ഷൂട്ടുകൾ: യാതൊരു നാണവുമില്ലാതെ (ഹയാഅ് ഇല്ലാതെ) അന്യരുടെ മുൻപിൽ പലവിധ പോസുകളിൽ ഫോട്ടോയെടുക്കുകയും, അത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന പ്രവണത ഇന്ന് വ്യാപകമാണ്. വിവാഹം കഴിഞ്ഞാലും സ്വന്തം ഭാര്യയുടെ സൗന്ദര്യം മറ്റുള്ളവർക്ക് ആസ്വദിക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്ന ഭർത്താക്കന്മാർക്ക് ഇസ്ലാമിലെ ‘ദയ്യൂസ്’ (സ്വന്തം കുടുംബത്തിൽ അനാശാസ്യം നടക്കുന്നത് കണ്ടിട്ട് രോഷം വരാത്തവൻ) എന്ന പദവി മാത്രമാണുള്ളത്. അവർക്ക് സ്വർഗ്ഗം നിഷിദ്ധമാണ്.
- ബ്രൈഡൽ മേക്കപ്പും ബ്യൂട്ടി പാർലറുകളും: വിവാഹദിവസം മണിക്കൂറുകളോളം അന്യരായ ആളുകൾക്ക് മുന്നിൽ തങ്ങളുടെ ഔറത്ത് വെളിപ്പെടുത്തിക്കൊണ്ട് മേക്കപ്പ് ചെയ്യുന്ന രീതി ഇസ്ലാം കർശനമായി വിലക്കുന്നു. അതുപോലെ, പുരികം വടിക്കുകയും പറിക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ശാപം (ലഅനത്ത്) ലഭിക്കുന്ന വൻപാപമാണ്. നബി ﷺ പറഞ്ഞു: “മുഖത്തെ രോമം പറിച്ചുമാറ്റുന്നവളെയും, പറിച്ചുമാറ്റാൻ ആവശ്യപ്പെടുന്നവളെയും അല്ലാഹു ശപിച്ചിരിക്കുന്നു.” [ബുഖാരി]. അല്ലാഹുവിന്റെ ശാപം ഏറ്റുവാങ്ങിക്കൊണ്ടാണോ ഒരു പെൺകുട്ടി തന്റെ പുതിയ ജീവിതത്തിലേക്ക് കടക്കേണ്ടത്?
- സംഗീതവും ഡിജെ പാർട്ടികളും: ഇസ്ലാം കർശനമായി നിരോധിച്ച സംഗീതവും നൃത്തവും അന്യസ്ത്രീ-പുരുഷ കലർപ്പും വിവാഹ വീടുകളിൽ ഇന്ന് സർവ്വസാധാരണമാണ്. ഹൽദിയുടെയും മറ്റും പേരിൽ നടക്കുന്ന ആഭാസങ്ങൾ ഒരു ഇബാദത്തിനെ വൻപാപമാക്കി മാറ്റുന്നു.
സന്തോഷകരമായ ഒരു കുടുംബജീവിതത്തിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ ബറക്കത്താണ്. അത് ലഭിക്കണമെങ്കിൽ വിവാഹം പ്രവാചകൻ ﷺ പഠിപ്പിച്ച രൂപത്തിൽ അങ്ങേയറ്റം ലളിതവും ഹലാലായ രൂപത്തിലുമാകണം. കടക്കെണിയിലാക്കുന്ന ദുരാചാരങ്ങളെയും ആർഭാടങ്ങളെയും വലിച്ചെറിഞ്ഞ്, ഇസ്ലാമിന്റെ യഥാർത്ഥ സൗന്ദര്യവും ലാളിത്യവും ഉൾക്കൊള്ളുന്ന വിവാഹങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ചെടുക്കാൻ നാം തയ്യാറാകണം. അല്ലാഹു അതിന് നമുക്കേവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.

