ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ
രണ്ടാമത്തെ പദവി: ഈമാൻ.
അതിന് എഴുപതിലധികം ശാഖകളുണ്ട്. അവയിൽ ഏറ്റവും ഉന്നതമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യമാണ്. ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവകരമായ വസ്തുക്കളെ നീക്കം ചെയ്യലാണ്. ലജ്ജ ഈമാനിന്റെ ഒരു ശാഖയാകുന്നു.
അതിന്റെ സ്തംഭങ്ങൾ ആറെണ്ണമാകുന്നു: അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അന്ത്യദിനത്തിലും, നന്മയും തിന്മയുമായ ഖദറിലും നീ വിശ്വസിക്കലാണത്; അതെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ്.
ഈ ആറ് സ്തംഭങ്ങൾക്കുമുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ﴾
നിങ്ങളുടെ മുഖങ്ങള് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല് അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാരിലും വിശ്വസിച്ചവനാകുന്നു പുണ്യവാന്. [
ഖദറിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ﴾
തീര്ച്ചയായും ഏതു കാര്യവും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
മതത്തിന്റെ പദവികളിൽ ഒന്നാമത്തേതായ ഇസ്‌ലാമിന്റെ സ്തംഭങ്ങളെക്കുറിച്ച് വ്യക്തമാക്കി കഴിഞ്ഞപ്പോൾ ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) അതിലെ രണ്ടാമത്തെ പദവിയായ ഈമാനിന്റെ സ്തംഭങ്ങളെക്കുറിച്ച് പരാമർശിച്ചു.
ശർഇൽ ‘ഈമാൻ’ എന്നതിന് രണ്ട് അർത്ഥങ്ങളുണ്ട്:
- ഒന്നാമത്തേത്: പൊതുവായ അർത്ഥം; അത് മുഹമ്മദ് നബി (ﷺ) നിയോഗിക്കപ്പെട്ട മതമാണ്. അതിനാൽ അതിനെ ‘ഈമാൻ’ എന്ന് വിളിക്കപ്പെടുന്നു.
അതിന്റെ ശർഇയ്യായ യാഥാർത്ഥ്യം: അല്ലാഹു നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു (മുറാഖബത്ത്) എന്ന ബോധ്യത്തോടെയോ, അല്ലെങ്കിൽ നാം അവനെ കാണുന്നു (മുശാഹദത്ത്) എന്ന ബോധ്യത്തോടെയോ; മുഹമ്മദ് നബിക്ക് (ﷺ) അവതരിപ്പിക്കപ്പെട്ട നിയമങ്ങൾ അനുസരിച്ച് അല്ലാഹുവിന് ആരാധനകൾ അർപ്പിച്ചുകൊണ്ട് ബാഹ്യവും ആന്തരികവുമായ കാര്യങ്ങളെ ഉറപ്പോടെ സത്യപ്പെടുത്തലാണ് (അത്തസ്ദീഖുൽ ജാസിം).
- രണ്ടാമത്തേത്: പ്രത്യേകമായ അർത്ഥം; അത് ആന്തരികമായ വിശ്വാസങ്ങളാണ് (ഇഅ്തിഖാദാത് ബാത്വിന). അതിനാൽ അവയെ ‘ഈമാൻ’ എന്ന് വിളിക്കപ്പെടുന്നു. ഇസ്‌ലാമിനോടും ഇഹ്സാനോടും ചേർത്ത് ഈമാനിനെ പരാമർശിക്കുമ്പോൾ ഇതാണ് ഉദ്ദേശിക്കുന്നത്.
ഈമാനിന് ധാരാളം ശാഖകളുണ്ട്. “അവയിൽ ഏറ്റവും ഉന്നതമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യമാണ്. ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവകരമായ വസ്തുക്കളെ നീക്കം ചെയ്യലാണ്. ലജ്ജ ഈമാനിന്റെ ഒരു ശാഖയാകുന്നു”.
ഈമാനിന്റെ ശാഖകളുടെ എണ്ണത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഹദീസുകൾ ഉദ്ധരിച്ച സ്വഹീഹായ ഗ്രന്ഥങ്ങളിൽ വന്നിട്ടുള്ള പദങ്ങളിലെ വ്യത്യാസമാണ് ഇതിന് കാരണം. ഇമാം ബുഖാരിയുടെ ഗ്രന്ഥത്തിൽ വന്നിട്ടുള്ളത് ഇപ്രകാരമാണ്:
«الإِيمَانُ بِضْعٌ وَسِتُّونَ» “ഈമാനിന് അറുപതിലധികം (ശാഖകളുണ്ട്).” [സ്വഹീഹുൽ ബുഖാരി: 9]
ഇമാം മുസ്‌ലിമിന്റെ ഗ്രന്ഥത്തിൽ വന്നിട്ടുള്ളത് ഇപ്രകാരമാണ്:
«الْإِيمَانُ بِضْعُ وَسَبْعُونَ» “ഈമാനിന് എഴുപതിലധികം (ശാഖകളുണ്ട്).” [സ്വഹീഹ് മുസ്‌ലിം: 35]
അദ്ദേഹത്തിന്റെ (ഇമാം മുസ്‌ലിമിന്റെ) മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം വന്നിട്ടുണ്ട്:
«الإِيمَانُ بِضْعُ وَسِتُّونَ، أَوْ وَسَبْعُونَ شُعْبَةٌ» “ഈമാനിന് അറുപതിലധികം അല്ലെങ്കിൽ എഴുപതിലധികം ശാഖകളുണ്ട്.”
ഇതിൽ ഏറ്റവും കൃത്യമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള റിപ്പോർട്ട് ഇമാം ബുഖാരിയുടെ പദപ്രയോഗമാണ്:
«الإِيمَانُ بِضْعٌ وَسِتُّونَ شُعْبَةٌ» “ഈമാനിന് അറുപതിലധികം ശാഖകളുണ്ട്.”
ഈമാനിന്റെ ശാഖകൾ എന്നത്: അതിൽ ഉൾപ്പെടുന്ന അതിൻ്റെ സ്വഭാവഗുണങ്ങളും ഭാഗങ്ങളുമാണ്. അവയിൽ നാവുകൊണ്ട് പറയുന്നവയുണ്ട്; ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്നത് പോലെ. പ്രവൃത്തികൊണ്ടുള്ളവയുണ്ട്; വഴിയിൽ നിന്ന് ഉപദ്രവകരമായവ നീക്കുന്നത് പോലെ. ഹൃദയം കൊണ്ടുള്ളവയുണ്ട്; ലജ്ജ പോലെ.
മുമ്പ് പറഞ്ഞ ഹദീസിൽ ഈ മൂന്ന് ഇനങ്ങളും ഒരുമിച്ച് പരാമർശിച്ചിട്ടുണ്ട്.
ഈമാനിന്റെ സ്തംഭങ്ങൾ ആറെണ്ണമാണ്; അവ: “അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അന്ത്യദിനത്തിലും, നന്മയും തിന്മയുമായ ഖദറിലും നീ വിശ്വസിക്കലാണത്”.
ഗ്രന്ഥകർത്താവ് പരാമർശിച്ച ഈ രണ്ട് ആയത്തുകൾ ഈമാനിന്റെ ആറ് സ്തംഭങ്ങളെയും മൊത്തത്തിൽ അറിയിക്കുന്നതാണ്.
ഈമാനിന്റെ ആറ് സ്തംഭങ്ങളിൽ ഒരാൾ നിർബന്ധമായും പഠിച്ചിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം: അവയിലോരോന്നിലും ഒരു ദാസൻ അടിസ്ഥാനപരമായി നിർബന്ധമായും വിശ്വസിച്ചിരിക്കേണ്ട, ഒരിക്കലും അജ്ഞത നടിക്കാൻ പാടില്ലാത്ത അടിസ്ഥാനപരമായ അറിവാണ്. വളരെ മഹത്തായ ഒരു വിഷയമാണിതെങ്കിലും വളരെ കുറച്ചാളുകൾ മാത്രമാണ് ഇതിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ടുള്ളത്.
ശർഇയ്യായ തെളിവുകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, ഈമാൻ ശരിയാകാൻ ഒരു ദാസൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു അടിസ്ഥാന കാര്യമുണ്ടെന്നാണ്. അല്ലാഹു, മലക്കുകൾ, ഗ്രന്ഥങ്ങൾ, പ്രവാചകന്മാർ, അന്ത്യദിനം, നന്മയും തിന്മയുമായ ഖദർ എന്നിവയിലുള്ള വിശ്വാസത്തിൽ അവ നിർബന്ധമാണ്. ഇതിൽ ഓരോന്നിന്റെയും വിശദീകരണം അതിന്റേതായ സ്ഥാനങ്ങളിൽ വരുന്നതാണ്.
- അല്ലാഹുവിലുള്ള വിശ്വാസത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാനം: ആരാധനക്കർഹനായ രക്ഷിതാവായി അവൻ നിലനിൽക്കുന്നുണ്ടെന്നും, അവന് ഏറ്റവും ഉത്തമമായ നാമങ്ങളും ഉന്നതമായ ഗുണവിശേഷണങ്ങളും ഉണ്ടെന്നും വിശ്വസിക്കലാണ്.
- മലക്കുകളിലുള്ള വിശ്വാസത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാനം: അവർ അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ട ഒരു സൃഷ്ടിയാണെന്നും, അവരിൽ അല്ലാഹുവിന്റെ കൽപ്പനപ്രകാരം പ്രവാചകന്മാർക്ക് ദിവ്യബോധനവുമായി (വഹ്‌യ്) ഇറങ്ങിവരുന്നവരുണ്ടെന്നും വിശ്വസിക്കലാണ്.
- ഗ്രന്ഥങ്ങളിലുള്ള വിശ്വാസത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാനം: ജനങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിൽ വിധികൽപ്പിക്കാൻ വേണ്ടി അല്ലാഹു താൻ ഉദ്ദേശിച്ച പ്രവാചകന്മാർക്ക് ചില ഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും, ആ ഗ്രന്ഥങ്ങൾ പ്രതാപിയും ഉന്നതനുമായ അല്ലാഹുവിന്റെ വചനങ്ങളാണെന്നും, അവയെല്ലാം ഖുർആൻ മുഖേന ദുർബലപ്പെടുത്തപ്പെട്ടതാണെന്നും വിശ്വസിക്കലാണ്.
- പ്രവാചകന്മാരിലുള്ള വിശ്വാസത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാനം: അല്ലാഹുവിനെ ആരാധിക്കാൻ കൽപ്പിക്കാനായി മനുഷ്യരിലേക്ക് അവരിൽ നിന്നുതന്നെയുള്ള പ്രവാചകന്മാരെ അവൻ അയച്ചിട്ടുണ്ടെന്നും, അവരിൽ അവസാനത്തെ പ്രവാചകൻ മുഹമ്മദ് നബി (ﷺ) യാണെന്നും വിശ്വസിക്കലാണ്.
- അന്ത്യദിനത്തിലുള്ള വിശ്വാസത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാനം: സൃഷ്ടികൾക്ക് പ്രതിഫലം നൽകാൻ വേണ്ടി മഹത്തായ ഒരു ദിവസത്തിൽ – അത് ഖിയാമത്ത് നാളാകുന്നു – എല്ലാവരും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നും, നന്മ ചെയ്തവന് ഏറ്റവും ഉത്തമമായ പ്രതിഫലം ലഭിക്കുമെന്നും – അത് സ്വർഗ്ഗമാകുന്നു, അല്ലാഹു നമ്മെയും നിങ്ങളെയും സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുത്തട്ടെ -, തിന്മ ചെയ്തവന് താൻ ചെയ്തതിന് തത്തുല്യമായത് ലഭിക്കുമെന്നും, അവന്റെ പ്രതിഫലം നരകമാണെന്നും വിശ്വസിക്കലാണ്.
- ഖദറിലുള്ള വിശ്വാസത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാനം: നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹു അനാദിയിൽ തന്നെ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെന്നും, അവന്റെ ഉദ്ദേശ്യവും (മശീഅത്ത്) സൃഷ്ടിപ്പും കൊണ്ടല്ലാതെ യാതൊന്നും സംഭവിക്കുകയില്ലെന്നും വിശ്വസിക്കലാണ്.
അപ്പോൾ ഈ പറഞ്ഞവയാണ് ഓരോ സ്തംഭങ്ങളിലും അടിസ്ഥാനപരമായി നിർബന്ധമായും വിശ്വസിച്ചിരിക്കേണ്ട കാര്യങ്ങളുടെ നെടുംതൂൺ. ഒരു ദാസന് ഇതിൽ അജ്ഞത നടിക്കാൻ പാടുള്ളതല്ല, ഇത് കൂടാതെ അവന്റെ ഈമാൻ ശരിയാകുകയുമില്ല. അതിനാൽ ഈ അർത്ഥങ്ങൾ സാക്ഷ്യപ്പെടുത്തലും അവയെക്കുറിച്ചുള്ള അറിവും അനിവാര്യമാണ്; അത് വ്യക്തമാക്കുന്ന പദങ്ങൾ (ഇബാറത്തുകൾ) അവന് നഷ്ടപ്പെട്ടാൽ കൂടി.
അതുകൊണ്ട് ഇവയെക്കുറിച്ചുള്ള അറിവും വിശ്വാസവും ഉണ്ടാകുമ്പോൾ അത് ദാസന്റെ ഈമാൻ ശരിയാകുന്നതിന് പര്യാപ്തമാണ്. ഇതിന് പുറമെയുള്ള ഈമാനിക വിഷയങ്ങൾ: ഒന്നുകിൽ തെളിവുകൾ ലഭിക്കുകയും അവയെക്കുറിച്ച് അറിവ് ലഭിക്കുകയും ചെയ്യുന്നതിനനുസരിച്ച് നിർബന്ധമായിത്തീരുന്നവയായിരിക്കും, അല്ലെങ്കിൽ നിർബന്ധമില്ലാത്ത ഐച്ഛികമായ അറിവുകളിൽ (നഫ്‌ലുൽ ഇൽമ്) പെട്ടവയായിരിക്കും.
ഉദാഹരണത്തിന്, ഇസ്‌ലാമിലേക്ക് ചേർത്തുപറയപ്പെടുന്ന ഒരു സാധാരണക്കാരനായ വ്യക്തിയോട് മലക്കുകളെക്കുറിച്ച് ചോദിക്കപ്പെട്ടു എന്ന് കരുതുക. അപ്പോൾ അയാൾ ഇപ്രകാരം മറുപടി പറഞ്ഞു: “എനിക്ക് മലക്കുകളെക്കുറിച്ച് അറിയില്ല, മലക്കുകൾ എന്ന പേരിൽ യാതൊന്നുമില്ല.” എങ്കിൽ അയാൾ ഒരിക്കലും ഒരു മുസ്‌ലിമാകുകയില്ല. കാരണം അയാൾക്ക് ഈമാനിന്റെ അടിസ്ഥാനം തന്നെ സ്ഥിരപ്പെട്ടിട്ടില്ല; മലക്കുകളിലുള്ള വിശ്വാസത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന അറിവ് അയാൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ അവർ അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ടവരാണെന്നും, അവരിൽ അല്ലാഹുവിന്റെ കൽപ്പനപ്രകാരം പ്രവാചകന്മാർക്ക് ദിവ്യബോധനവുമായി ഇറങ്ങിവരുന്നവരുണ്ടെന്നും അയാൾ നിർബന്ധമായും വിശ്വസിക്കേണ്ടതുണ്ട്.
ഇനി മറ്റൊരാളോട് അവരെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ ഇപ്രകാരം മറുപടി നൽകി: “അവർ അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ടവരാണ്, അവരിൽ പ്രവാചകന്മാർക്ക് സന്ദേശം എത്തിക്കാൻ അല്ലാഹു അയക്കുന്നവരുമുണ്ട്.” ഈ മറുപടി അയാളുടെ ഈമാൻ ശരിയാകാൻ പര്യാപ്തമാണ്.
അയാളോട് ഇപ്രകാരം ചോദിക്കപ്പെടുന്നു: “ദിവ്യബോധനവുമായി ഇറങ്ങിവരുന്ന ഈ മലക്കിന്റെ പേരെന്താണ്?” അപ്പോൾ അയാൾ “എനിക്കറിയില്ല” എന്ന് മറുപടി പറഞ്ഞാൽ; ദിവ്യബോധനവുമായി വരുന്ന മലക്കിന്റെ പേര് അയാൾക്കറിയില്ല എന്നത് അയാളുടെ ഈമാനിനെ അസാധുവാക്കുന്നില്ല. മറിച്ച്, മലക്കുകളുമായി ബന്ധപ്പെട്ട് അയാളുടെ ഈമാൻ ശരിയാകാൻ ആവശ്യമായ നിർബന്ധ കാര്യങ്ങൾ അയാൾ കരസ്ഥമാക്കിയതുകൊണ്ട് അയാളുടെ ഈമാൻ സ്ഥിരപ്പെട്ടതാണ്.
അതിന് ശേഷം അയാൾക്ക് അത് പഠിപ്പിച്ചു കൊടുക്കുകയും, “അത് ജിബ്‌രീലാകുന്നു” എന്ന് പറയുകയും, ജിബ്‌രീലിനെക്കുറിച്ച് പരാമർശിച്ചിട്ടുള്ള ഖുർആൻ വചനങ്ങളും ഹദീസുകളും അയാൾക്ക് വായിച്ചുകേൾപ്പിക്കുകയും ചെയ്താൽ; അയാൾക്ക് തെളിവുകൾ ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ ‘ജിബ്‌രീൽ’ എന്നത് മലക്കുകളിൽ പെട്ട ഒരാളാണെന്ന പേര് വിശ്വസിക്കൽ അയാൾക്ക് നിർബന്ധമായിത്തീരുന്നു. എന്നാൽ ഇതിന് മുമ്പ് ഈ കാര്യം അയാളുടെ മേൽ നിർബന്ധമായിരുന്നില്ല.
ഇനി മറ്റൊരു സാധാരണക്കാരനായ വ്യക്തിയോട് മലക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ, മലക്കുകളിലുള്ള വിശ്വാസത്തിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളെല്ലാം അയാൾ മറുപടിയായി പറഞ്ഞു എന്ന് കരുതുക. ശേഷം ജിബ്‌രീലിനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രവാചകന്മാർക്ക് ദിവ്യബോധനം നൽകുന്ന ആ മലക്കിന്റെ പേര് ‘ജിബ്‌രീൽ’ ആണെന്നും അയാൾ മറുപടി നൽകി. പിന്നീട് അറിവിന്റെ സൂക്ഷ്മമായ തലത്തിലുള്ള മറ്റൊരു വിഷയം അയാളോട് ചോദിക്കുന്നു: “ജിബ്‌രീൽ മരിക്കുമോ ഇല്ലയോ? മരിക്കുമെങ്കിൽ അത് എപ്പോഴാണ്? ഇസ്‌റാഫീലിന് മുമ്പാണോ ശേഷമാണോ?” അപ്പോൾ അയാൾ ഇപ്രകാരം മറുപടി നൽകി: “എനിക്ക് ഈ വിഷയത്തെക്കുറിച്ച് യാതൊരറിവുമില്ല.” എങ്കിൽ ആ അജ്ഞത അയാളുടെ ഈമാനിനെ അസാധുവാക്കുകയോ അതിൽ കുറവ് വരുത്തുകയോ ചെയ്യുന്നില്ല. കാരണം ഈ വിഷയം ഈമാനിക കാര്യങ്ങളിലെ ഐച്ഛികമായ അറിവുകളിൽ പെട്ടതാണ്.
ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഇതിലെ തെളിവുകളും അയാൾക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടപ്പോൾ അയാൾ ഇപ്രകാരം പറഞ്ഞു: “എനിക്ക് ഈ സംസാരം അറിയില്ല, എനിക്കിത് മനസ്സിലാകുന്നുമില്ല.” എങ്കിൽ ഈ വിഷയത്തിലുള്ള അയാളുടെ അജ്ഞത അയാളുടെ ഈമാനിനെ ചോദ്യം ചെയ്യുന്നില്ല, അതിൽ കുറവ് വരുത്തുന്നുമില്ല.
അതിനാൽ ഈമാനിക വിഷയങ്ങളിൽ ഒരു ദാസന്റെ മേൽ നിർബന്ധമായ കാര്യങ്ങൾ രണ്ട് ഇനങ്ങളുണ്ട്:
- ഒന്നാമത്തേത്: അടിസ്ഥാനപരമായി നിർബന്ധമുള്ള കാര്യങ്ങൾ (അൽ-വാജിബ് ഇബ്തിദാഅൻ). ഇതുകൂടാതെ ഒരു ദാസന്റെ മതം ശരിയാകുകയില്ല.
- രണ്ടാമത്തേത്: തെളിവുകൾ അറിയുന്നതും അവ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പരോക്ഷമായി നിർബന്ധമായിത്തീരുന്ന കാര്യങ്ങൾ (അൽ-വാജിബ് തബഅൻ).
ഈ രണ്ട് ഇനങ്ങൾക്കും പുറമെയുള്ള കാര്യങ്ങളൊന്നും ഒരു ദാസന്റെ മേൽ നിർബന്ധമില്ല, മുമ്പ് സൂചിപ്പിച്ചതുപോലെ.
അറിവ് തേടുന്ന ഒരു വിദ്യാർത്ഥി താൻ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഈ മഹത്തായ വിഷയത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. അങ്ങനെ അവൻ തൻ്റെ ഈമാനിനെ ശരിയാക്കുകയും തന്നിൽ അതിനെ ശക്തിപ്പെടുത്തുകയും വേണം. അവൻ ജനങ്ങൾക്ക് ഈമാനിനെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുമ്പോൾ, ഏത് അടിസ്ഥാന കാര്യങ്ങളാണോ അവരുടെ ഈമാൻ ശരിയാകാൻ തുടക്കത്തിൽ ആവശ്യമായുള്ളത് അത് അവർക്ക് വിശദീകരിച്ചു കൊടുക്കണം. അതിന് ശേഷമുള്ള കാര്യങ്ങൾ നിർബന്ധമാകുന്നത്, അതിനെ നിർബന്ധമാക്കുന്ന തെളിവുകളെ ആശ്രയിച്ചാണെന്നും അവൻ അവർക്ക് വിശദീകരിച്ചുകൊടുക്കണം. അതിനും അപ്പുറമുള്ള കാര്യങ്ങൾ ഐച്ഛികമായ അറിവുകളിൽ പെട്ടതാണ്.

