സത്യത്തിന്റെ ആളുകൾ മൗനം ദീക്ഷിക്കുമ്പോൾ – ശൈഖ് അബ്ദുല്ല അൽ ഉബൈലാൻ

4 Min Read

സത്യത്തിന്റെ ആളുകൾ സത്യം വ്യക്തമാക്കാതെ മൗനം ദീക്ഷിച്ചാൽ, അസത്യത്തിന്റെ ആളുകൾ തങ്ങളാണ് സത്യത്തിലെന്ന് തെറ്റിദ്ധരിക്കും.

സത്യം വ്യക്തമാക്കാനും അതിലേക്ക് ക്ഷണിക്കാനും, അതുപോലെ അസത്യം തുറന്നുകാണിക്കാനും അതിനെതിരെ മുന്നറിയിപ്പ് നൽകാനും ഓരോ കാലഘട്ടത്തിലും ആളുകളെ നിശ്ചയിച്ചു എന്നത് അല്ലാഹു ﷻ തന്റെ അടിമകൾക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അങ്ങനെയാകുമ്പോൾ വഴികൾ പരസ്പരം കൂടിക്കലരുകയോ അടയാളങ്ങൾ അവ്യക്തമാകുകയോ ഇല്ല. അല്ലാഹു ﷻ പറയുന്നു: “നശിക്കുന്നവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കുവാനും, ജീവിക്കുന്നവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കുവാനും വേണ്ടിയത്രെ അത്‌.” സൂറത്ത് അൽ-അൻഫാൽ: 42

ഇതുകൊണ്ടുതന്നെ, പണ്ഡിതന്മാർക്കും അറിവ് തേടുന്ന വിദ്യാർത്ഥികൾക്കും പ്രബോധകർക്കും അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ വലിയൊരു ഉത്തരവാദിത്തമുണ്ട്. സത്യം മനസ്സിലാക്കുക എന്നത് മാത്രമല്ല അവരെക്കൊണ്ട് ഉദ്ദേശിക്കുന്നത്; മറിച്ച് അത് വ്യക്തമാക്കലും, അത് പ്രചരിപ്പിക്കലും, അതിനെ പ്രതിരോധിക്കലും, അതിന് വിരുദ്ധമായതിനെതിരെ മുന്നറിയിപ്പ് നൽകലും അവരുടെ ബാധ്യതയാണ്.

പറയപ്പെട്ടിട്ടുണ്ട്: “സത്യത്തിന്റെ ആളുകൾ സത്യം വ്യക്തമാക്കാതെ മൗനം ദീക്ഷിച്ചാൽ, അസത്യത്തിന്റെ ആളുകൾ തങ്ങളാണ് സത്യത്തിലെന്ന് തെറ്റിദ്ധരിക്കും.” മതപരമായ പ്രമാണങ്ങളും ചരിത്ര സംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്ന മഹത്തായ ഒരു വചനമാണിത്. കാരണം, പലപ്പോഴും അസത്യം സ്വയം കരുത്താർജ്ജിക്കാറില്ല; മറിച്ച് സത്യത്തിന്റെ ആളുകൾ അതിനോട് മൗനം ദീക്ഷിക്കുമ്പോഴാണ് അത് കരുത്താർജ്ജിക്കുന്നത്. അപ്രകാരം സത്യം വ്യക്തമാക്കപ്പെടാതെ വരുമ്പോൾ, അറിവില്ലാത്തവൻ ആ മൗനത്തെ ഒരു അംഗീകാരമായി കരുതും. സംശയിച്ചുനിൽക്കുന്നവനാകട്ടെ ആ കാര്യത്തിൽ യാതൊരു തെറ്റുമില്ലെന്നും കരുതും. ഒരുപക്ഷേ അസത്യത്തിന്റെ വക്താവ് താൻ ശരിയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തേക്കാം.

അതുകൊണ്ടാണ് അറിവ് മറച്ചുവെക്കുന്നതിനെ അല്ലാഹു ﷻ ആക്ഷേപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്: “നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാര്‍ഗദര്‍ശനവും … മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌.” സൂറത്ത് അൽ-ബഖറ: 159. കാരണം സത്യം മറച്ചുവെക്കുന്നത് അസത്യം വെളിപ്പെടാനും അത് പ്രചരിക്കാനുമുള്ള വാതിലുകൾ തുറന്നുകൊടുക്കുന്നു.

തെറ്റുകളും ബിദ്അത്തുകളും പ്രത്യക്ഷപ്പെട്ടാൽ സലഫുസ്വാലിഹുകൾ അതിനോട് ഒരിക്കലും മൗനം ദീക്ഷിച്ചിരുന്നില്ല. മറിച്ച് സൃഷ്ടികളോടുള്ള കാരുണ്യവും സമുദായത്തോടുള്ള ഗുണകാംക്ഷയും കാരണം അവർ അത് വ്യക്തമാക്കുകയും അതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതൊരിക്കലും തങ്ങളുടെ സ്വന്തം താല്പര്യങ്ങളെ വിജയിപ്പിക്കാനോ, ഭൂമിയിൽ ഔന്നത്യം കാംക്ഷിച്ചുകൊണ്ടോ ആയിരുന്നില്ല.

ഏതെങ്കിലുമൊരു സമുദായത്തിൽ ഏതെങ്കിലുമൊരു ബിദ്അത്ത് പ്രചരിച്ചിട്ടുണ്ടെങ്കിൽ, അത് പ്രചരിക്കാനുള്ള കാരണങ്ങളിലൊന്ന് സത്യം വ്യക്തമാക്കുന്നതിലെ ദൗർബല്യമോ, അത് വ്യക്തമാക്കേണ്ട ആളുകളുടെ അസാന്നിധ്യമോ, അല്ലെങ്കിൽ സത്യം വെളിപ്പെടുത്തുന്നതിൽ അവർ കാണിച്ച അമാന്തമോ ആയിരിക്കും. കാരണം മനുഷ്യപ്രകൃതം അനുകരിക്കാൻ താല്പര്യം കാണിക്കുന്നതാണ്. ഒരു തെറ്റ് ആരും എതിർക്കാതെ പരസ്യമായി നടക്കുന്നത് കണ്ടാൽ മനുഷ്യർ അത് ശീലമാക്കുകയും പൊരുത്തപ്പെടുകയും ചെയ്യും. പിന്നീട് ആ തെറ്റ് എതിർക്കപ്പെടേണ്ട ഒന്നിൽ നിന്ന് സ്വീകാര്യമായ ഒരു അഭിപ്രായമായി മാറും. ശേഷം അതൊരു പിൻപറ്റപ്പെടുന്ന മദ്ഹബായി മാറും. അങ്ങനെ തലമുറകൾക്ക് ശേഷം, ദീനിൽ പെട്ടതല്ലാത്ത ആ കാര്യം ദീനിന്റെ ഭാഗമായിത്തന്നെ മാറ്റപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തിയേക്കാം.

എന്നാൽ സത്യം വ്യക്തമാക്കുക, അസത്യത്തിനെതിരെ മുന്നറിയിപ്പ് നൽകുക എന്നതിനർത്ഥം അക്രമം പ്രവർത്തിക്കുകയോ, അനീതി കാണിക്കുകയോ, മറ്റുള്ളവരുടെ വീഴ്ചകൾ മാത്രം അന്വേഷിച്ചുനടക്കുകയോ ചെയ്യുക എന്നതല്ല. മറിച്ച് അറിവ്, നീതി, കാരുണ്യം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം കാര്യങ്ങൾ വ്യക്തമാക്കേണ്ടത്. തെറ്റുകളെ ഖണ്ഡിക്കുമ്പോൾ തന്നെ തെറ്റ് ചെയ്തവന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും, ശ്രേഷ്ഠരായ ആളുകളുടെ സ്ഥാനം അംഗീകരിക്കപ്പെടുകയും വേണം. ഒരു തെറ്റിനോടുള്ള വെറുപ്പ് അത് ചെയ്ത വ്യക്തിയോട് അക്രമം കാണിക്കാൻ നമ്മെ പ്രേരിപ്പിക്കരുത്; അതുപോലെ വ്യക്തികളോടുള്ള സ്നേഹം അവരുടെ തെറ്റുകൾക്ക് നേരെ മൗനം ദീക്ഷിക്കാനും നമ്മെ പ്രേരിപ്പിക്കരുത്.

സമകാലിക വിപത്തുകളിലൊന്നാണ്, ചില ആളുകൾ സൗമ്യതക്കും തെറ്റുകൾ മറച്ചുവെക്കുന്നതിനും വേണ്ടിയുള്ള ക്ഷണത്തെ, സത്യം വ്യക്തമാക്കുന്നതും തിന്മകളെ എതിർക്കുന്നതും ഉപേക്ഷിക്കാനുള്ള ഒരു ഒഴിവുകഴിവായി മാറ്റുന്നു എന്നത്. അങ്ങനെ തെറ്റുകൾക്കെതിരെ മുന്നറിയിപ്പ് നൽകുക എന്നത് തെറ്റിനേക്കാൾ വലിയ പാതകമായി അയാൾ കാണുന്നു. സുന്നത്തിന്റെ അടയാളങ്ങൾ നഷ്ടപ്പെടുന്നതിലേക്കും നിയമലംഘനങ്ങൾ പ്രചരിക്കുന്നതിലേക്കും നയിക്കുന്ന ഒരു രീതിയാണിത്. കാരണം, ഇസ്‌ലാം പഠിപ്പിക്കുന്ന രൂപത്തിൽ തെറ്റുകൾ മറച്ചുവെക്കുക എന്നത് ഒരു കാര്യമാണ്; എന്നാൽ സത്യം മറച്ചുവെക്കുന്നതും അത് വ്യക്തമാക്കാതിരിക്കുന്നതും മറ്റൊരു കാര്യമാണ്.

അതുപോലെ ചില ആളുകൾ ഇതിന് നേർവിപരീതമായി അമിതത്വം കാണിക്കുന്നവരുണ്ട്. അവർ ഖണ്ഡനങ്ങളെ ഒരു ലക്ഷ്യമാക്കി മാറ്റുകയും, അറിവിലും സന്മാർഗ്ഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ കൂടുതൽ വ്യക്തികളെക്കുറിച്ച് സംസാരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. എന്നാൽ സത്യം എന്നത് ഈ രണ്ട് അറ്റങ്ങൾക്കും ഇടയിലുള്ള മധ്യനിലപാടാണ്; അതായത്, സത്യം വ്യക്തമാക്കുക, അസത്യത്തിനെതിരെ മുന്നറിയിപ്പ് നൽകുക, സൃഷ്ടികളോട് നീതി കാണിക്കുക.

അസത്യത്തിന്റെ ആളുകൾ തങ്ങളുടെ അസത്യം പ്രചരിപ്പിക്കുന്നതിലും അതിലേക്ക് ക്ഷണിക്കുന്നതിലും യാതൊരു മടുപ്പും കാണിക്കുന്നില്ലെങ്കിൽ; സത്യത്തിന്റെ ആളുകൾ സത്യം വ്യക്തമാക്കുന്നതിലും അതിലേക്ക് ക്ഷണിക്കുന്നതിലും കൂടുതൽ ഉറപ്പിച്ചുനിൽക്കാൻ അർഹരാണ്. ദീനിന്റെ അടയാളങ്ങൾ വ്യക്തമായി നിലനിൽക്കാനും, അല്ലാഹുവിന്റെ പ്രമാണം നിലനിൽക്കാനും, പാത വ്യക്തമായി തുടരാനും വേണ്ടി ഹിക്മത്തോടും ഉൾക്കാഴ്ചയോടും ക്ഷമയോടും കൂടിയായിരിക്കണം അത്.

Share This Article
Leave a Comment