ഒരാൾ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നതും (സത്യത്തെ സഹായിക്കുന്നതും), സ്വന്തം നഫ്സിനോ കക്ഷിക്കോ വേണ്ടി നിലകൊള്ളുന്നതും തമ്മിലുള്ള വ്യത്യാസം അവരുടെ ലക്ഷ്യങ്ങളിലും മാർഗ്ഗങ്ങളിലും നിലപാടുകളിലും അനന്തരഫലങ്ങളിലുമാണ് പ്രകടമാകുന്നത്; അവരുടെ വാക്കുകളും മുദ്രാവാക്യങ്ങളും കാഴ്ചയിൽ ഒരുപോലെയാണെങ്കിലും ശരി.
അവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്:
- അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവൻ സത്യം വിജയിക്കാനാണ് ആഗ്രഹിക്കുന്നത്; അത് തനിക്കെതിരെയോ താൻ സ്നേഹിക്കുന്നവർക്കെതിരെയോ ആണെങ്കിൽ പോലും. എന്നാൽ സ്വന്തം നഫ്സിനോ കക്ഷിക്കോ വേണ്ടി നിലകൊള്ളുന്നവൻ ആഗ്രഹിക്കുന്നത് തന്റെ ഗ്രൂപ്പിന്റെ വിജയമാണ്; അത് അസത്യത്തിലൂടെയോ വളച്ചൊടിച്ച വ്യാഖ്യാനങ്ങളിലൂടെയോ ആണെങ്കിൽ പോലും.
അല്ലാഹു ﷻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ നീതി നിലനിര്‍ത്തുന്നവരായിരിക്കുക. ഒരു ജനതയോടുള്ള ശത്രുത നീതി കാണിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി കാണിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് (തഖ്‌വയോട്) ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.” സൂറത്ത് അൽ-മാഇദ: 8.
- അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവൻ മറ്റൊരാളിലൂടെ സത്യം വെളിപ്പെടുമ്പോഴും അതിൽ സന്തോഷിക്കുന്നു. തനിക്ക് തെറ്റുപറ്റുമ്പോൾ തന്റെ അഭിപ്രായം തിരുത്തപ്പെടുന്നതിൽ അവൻ പ്രയാസം കാണിക്കുന്നില്ല. കാരണം ജനങ്ങൾ നേർവഴിയിലാകുക എന്നതാണ് അവന്റെ ലക്ഷ്യം; അല്ലാതെ തന്നെത്തന്നെ മഹത്വപ്പെടുത്തലല്ല. എന്നാൽ ദേഹേച്ഛകളെ പിൻപറ്റുന്നവനാകട്ടെ, നന്മയുടെ നേട്ടം തന്നിലേക്ക് ചേർക്കപ്പെട്ടില്ലെങ്കിൽ അയാൾ കോപിക്കുന്നു; അതുപോലെ തന്റെ എതിരാളി സത്യത്തിലാണെങ്കിൽ പോലും അവൻ വിജയിക്കുന്നതിൽ അയാൾ രോഷം കൊള്ളുന്നു.
- അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവൻ ജനങ്ങളെ സത്യത്തിന്റെ തുലാസിലാണ് അളക്കുന്നത്. അതിനാൽ അവൻ തന്റെ അനുയായികളുടെ തെറ്റുകളെ ന്യായീകരിക്കില്ല; അതുപോലെ തന്നോട് വിയോജിക്കുന്നവരോട് അക്രമം കാണിക്കുകയുമില്ല. എന്നാൽ കക്ഷിത്വമുള്ളവനാകട്ടെ, അയാൾ സത്യത്തെ ആളുകളെ വെച്ചാണ് അളക്കുന്നത്. അതിനാൽ അയാൾ തന്റെ ഗ്രൂപ്പിന്റെ വീഴ്ചകളെ ന്യായീകരിക്കുകയും അവരുടെ തെറ്റുകളെ നിസ്സാരവൽക്കരിക്കുകയും ചെയ്യും; എന്നാൽ മറ്റുള്ളവരോട് അയാൾ കടുപ്പം കാണിക്കുകയും ചെയ്യും.
- അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവനെ അവന്റെ ഇഖ്‌ലാസ് (ആത്മാർത്ഥത), എതിരാളിയോട് പോലും നീതിയും കാരുണ്യവും ഗുണകാംക്ഷയും കാണിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ സ്വന്തം നഫ്സിനുവേണ്ടി നിലകൊള്ളുന്നവനെ അതിന് പ്രേരിപ്പിക്കുന്നത് പലപ്പോഴും കോപവും, മേൽക്കൈ നേടാനുള്ള ആഗ്രഹവും, പ്രതികാരദാഹവും, മറ്റുള്ളവരെ വീഴ്ത്താനുള്ള താല്പര്യവുമായിരിക്കും.
- അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവൻ തനിക്ക് തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ടാൽ അതിൽ നിന്ന് മടങ്ങുന്നു. കാരണം അല്ലാഹുവിന്റെ പൊരുത്തം കരസ്ഥമാക്കുക എന്നതാണ് അവന്റെ ലക്ഷ്യം. എന്നാൽ അന്ധമായ പക്ഷപാതിത്വമുള്ളവന് തെറ്റിൽ നിന്ന് മടങ്ങുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരിക്കും; കാരണം തെറ്റ് തിരുത്തുന്നതിനെ വ്യക്തിപരമായോ കക്ഷിപരമായോ ഉള്ള ഒരു തോൽവിയായിട്ടാണ് അയാൾ കാണുന്നത്.
- അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവൻ തർക്കങ്ങളിൽ ശറഇന്റെ (മതത്തിന്റെ) അതിരുകൾ പാലിക്കുന്നു. അവൻ കളവ് പറയുകയോ, അപവാദം പ്രചരിപ്പിക്കുകയോ, അക്രമം കാണിക്കുകയോ ഇല്ല. എന്നാൽ തന്റെ ദേഹേച്ഛകൾക്കുവേണ്ടി നിലകൊള്ളുന്നവൻ, “ദഅ്‌വത്തിനെ സഹായിക്കാൻ”, അല്ലെങ്കിൽ “മൻഹജിനെ സംരക്ഷിക്കാൻ” എന്ന ന്യായങ്ങൾ പറഞ്ഞ് അക്രമങ്ങൾ പ്രവർത്തിക്കുന്നതിൽ അതിരുകടന്നേക്കാം.
ഇതുകൊണ്ടാണ് ഖണ്ഡനങ്ങളുടെയും തർക്കങ്ങളുടെയും കാര്യങ്ങളിൽ സ്വന്തം നഫ്സിന്റെ താല്പര്യങ്ങൾ കടന്നുവരുന്നതിനെ സലഫുകൾ ഭയപ്പെട്ടിരുന്നത്. കാരണം, ദീനിനോടുള്ള ഗൈറത്തിന്റെ (അഭിമാനത്തിന്റെ) വസ്ത്രമണിഞ്ഞുകൊണ്ട് നഫ്സ് അതിന്റേതായ രഹസ്യ താല്പര്യങ്ങൾ തേടിയേക്കാം. സുഫ്‌യാൻ അഥൗരി رَحِمَهُ اللَّهُ പറഞ്ഞു: “എന്റെ നിയ്യത്തിനെക്കാൾ (ഉദ്ദേശ്യത്തെക്കാൾ) കഠിനമായി എനിക്ക് മറ്റൊന്നിനെയും ചികിത്സിക്കേണ്ടി (നേരെയാക്കേണ്ടി) വന്നിട്ടില്ല.”
അതിനാൽ ഇഖ്‌ലാസിനും നീതിക്കും നിഷ്പക്ഷതക്കും വേണ്ടി സ്വന്തം നഫ്സിനോട് പോരാടുന്നവനാണ്, നഫ്സിനോടും കക്ഷിയോടുമല്ല മറിച്ച് അല്ലാഹുവിനോട് നിലകൊള്ളുന്നതിനോട് ഏറ്റവും അടുത്തവൻ.

