ശക്തിയെ വിവേകം കൊണ്ട് നയിക്കുന്നില്ലെങ്കിൽ, അത് അതിന്റെ ഉടമകളെ നശിപ്പിക്കും – ശൈഖ് അബ്ദുല്ല അൽ ഉബൈലാൻ

3 Min Read

ഈ കാലഘട്ടത്തിൽ യുദ്ധങ്ങളുടെ നാശനഷ്ടങ്ങൾ വളരെ വിശാലവും അതികഠിനവുമായി മാറിയിരിക്കുന്നു. നാശനഷ്ടങ്ങൾ യുദ്ധക്കളങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല; മറിച്ച് അത് ജനങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും രാജ്യങ്ങളുടെ സ്ഥിരതയെയും ഭാവിയെയും ബാധിക്കുന്ന തരത്തിലേക്ക് കടന്നിരിക്കുന്നു. അതിനാൽ വലിയ തീരുമാനങ്ങളെടുക്കുമ്പോഴുള്ള എടുത്തുചാട്ടം വളരെ അപകടകരമാണ്. സാവകാശം കാണിക്കലും തീരുമാനങ്ങളുടെ അനന്തരഫലങ്ങളെ വിലയിരുത്തലുമാണ് ശറഉം (മതവും) ബുദ്ധിയും അറിയിക്കുന്ന വിവേകത്തോട് (ഹിക്മത്തിനോട്) ഏറ്റവും അടുത്ത കാര്യം.

നബി ﷺ യുടെ ജീവചരിത്രം ചിന്തിച്ചുനോക്കുന്ന ഒരാൾക്ക് മനസ്സിലാകുക, യുദ്ധം ചെയ്യുക എന്നത് സ്വയമേവ ഒരു മഹത്തായ കാര്യമല്ല; മറിച്ച് ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങളിലൂടെയും ഏറ്റവും വിവേകപൂർണ്ണമായ വഴികളിലൂടെയും സത്യം പുനഃസ്ഥാപിക്കുകയും തിന്മയെ തടയുകയുമാണ് അതിന്റെ ലക്ഷ്യം. ഖൻദഖ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ ശത്രുസഖ്യങ്ങൾ ഒന്നിച്ചുകൂടിയപ്പോൾ, അത് ഹൃദയങ്ങളെ തൊണ്ടക്കുഴികളിലെത്തിച്ചു. സത്യവിശ്വാസികൾ സാധ്യമായ എല്ലാ ഭൗതിക കാരണങ്ങളും സ്വീകരിച്ചു; അവർ കിടങ്ങ് കുഴിച്ചു, ഉറപ്പിച്ചുനിന്നു, ക്ഷമിച്ചു. പിന്നീട് അല്ലാഹു ﷻ നേരിട്ടുള്ള യുദ്ധത്തിൽ നിന്ന് അവരെ തിരിച്ചുവിട്ടു എന്നതാണ് അതിന്റെ പര്യവസാനമായി ഉണ്ടായത്. അല്ലാഹു ﷻ പറഞ്ഞു: “സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ക്ക് നേടാനായില്ല. സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിന്‍റെ കാര്യത്തില്‍ അല്ലാഹു മതിയായി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.”സൂറത്ത് അൽ-അഹ്സാബ്: 25

ഇത് സത്യവിശ്വാസികളുടെ ധീരതയിലുള്ള കുറവോ അവരുടെ ദൃഢവിശ്വാസത്തിലുണ്ടായ ദൗർബല്യമോ ആയിരുന്നില്ല. മറിച്ച്, യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിക്കാതെ രക്തച്ചൊരിച്ചിൽ ഒഴിവാകുകയും തിന്മ തടയപ്പെടുകയും ചെയ്തു എന്നത് അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ പൂർണ്ണതയായിരുന്നു. എപ്പോഴും ഏറ്റുമുട്ടലുകൾ തേടിപ്പോകുന്നതിലല്ല വിവേകമുള്ളത്; മറിച്ച് ഇസ്‌ലാമിക നിയമങ്ങളും ശരിയായ ബുദ്ധിയും തേടുന്നതനുസരിച്ച് ഗുണങ്ങൾ നേടിയെടുക്കുന്നതിലും ഉപദ്രവങ്ങൾ തടയുന്നതിലുമാണ് യഥാർത്ഥ വിവേകമുള്ളത് എന്നതിലേക്കുള്ള സൂചനയാണിത്.

അതുകൊണ്ടാണ് അനന്തരഫലങ്ങളെ വിലയിരുത്തുക, കേവലമായ ആവേശത്തിന് പിന്നാലെ പോകാതിരിക്കുക എന്നത് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഗ്രാഹ്യത്തിൽ പെട്ടതായി മാറിയത്. തീരുമാനങ്ങൾ രാജ്യങ്ങളെയും രക്തത്തെയും സുരക്ഷയെയും ബാധിക്കുന്നതാണെങ്കിൽ, അവിടെ എടുത്തുചാട്ടത്തിനല്ല സ്ഥാനമുള്ളത്; മറിച്ച് വിവേകത്തിനും, കൃത്യമായ വിലയിരുത്തലുകൾക്കും, കൂടിയാലോചനകൾക്കുമാണ് അവിടെ സ്ഥാനമുള്ളത്. ഖുർആനും സുന്നത്തും ബുദ്ധിമാന്മാരുടെ ചരിത്രവും അറിയിക്കുന്നത് അതാണ്. അതുകൊണ്ടാണ് നബി ﷺ പറഞ്ഞത്: “ശത്രുവുമായുള്ള കണ്ടുമുട്ടൽ നിങ്ങൾ കൊതിക്കരുത്, അല്ലാഹുവിനോട് നിങ്ങൾ സുരക്ഷ (ആഫിയത്ത്) ചോദിക്കുക.” മുത്തഫഖുൻ അലൈഹി

ഈ ഹദീസിൽ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാനുള്ള ഒരു ശിക്ഷണമുണ്ട്. അനന്തരഫലങ്ങളെക്കുറിച്ച് പൂർണ്ണമായി ചിന്തിക്കാതെ ഏറ്റുമുട്ടലുകൾക്ക് വേണ്ടി ആഗ്രഹിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന കേവല ആവേശങ്ങളെ ഇല്ലാതാക്കലും ഇതിലുണ്ട്. ഇബ്നു ബത്വാൽ رَحِمَهُ اللَّهُ വിനെ ഉദ്ധരിച്ചുകൊണ്ട് ഹാഫിദ് ഇബ്നു ഹജർ അൽ-അസ്ഖലാനി رَحِمَهُ اللَّهُ ഫത്ഹുൽ ബാരിയിൽ പറയുന്നു: “ഈ വിലക്കിന്റെ യുക്തി എന്തെന്നാൽ; ഒരു കാര്യത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് ഒരു മനുഷ്യനും അറിയുകയില്ല. കുഴപ്പങ്ങളിൽ (ഫിത്നകളിൽ) നിന്ന് സുരക്ഷ ചോദിക്കുന്നതിന് തുല്യമാണിത്.” മറ്റുള്ള പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്: ശത്രുവുമായുള്ള കണ്ടുമുട്ടൽ ആഗ്രഹിക്കുന്നതിൽ സ്വയം മതിപ്പും, സ്വന്തത്തെക്കുറിച്ചുള്ള അമിത വിശ്വാസവും, ശക്തിയിലുള്ള അഹങ്കാരവും, സൂക്ഷ്മതക്കുറവുമുണ്ട്. അതുകൊണ്ടാണ് അത് വിലക്കിയത്.

ഫിത്നകളുടെയും അസ്ഥിരതയുടെയും കാലഘട്ടങ്ങളിൽ നിർബന്ധമായും മനസ്സിലുണ്ടാകേണ്ട ഏറ്റവും വലിയ കാര്യമാണിത്. രക്തച്ചൊരിച്ചിലുകളുടെയും നാശനഷ്ടങ്ങളുടെയും തിന്മയുടെ വ്യാപനത്തിന്റെയും അനന്തരഫലങ്ങളെ വിലയിരുത്താതെ, വലിയ ഏറ്റുമുട്ടലുകൾക്ക് ആഗ്രഹിക്കാൻ തങ്ങളുടെ ആവേശം പല ആളുകളെയും പ്രേരിപ്പിക്കുന്നു. എന്നാൽ ഇസ്‌ലാമിക ശരീഅത്ത് സുരക്ഷയ്ക്ക് മുൻഗണന നൽകാനും, വിവേകം കാണിക്കാനും, വലിയ തീരുമാനങ്ങളെ കേവലം പെട്ടെന്നുള്ള വികാരങ്ങൾക്ക് പകരം അതിന്റെ അനന്തരഫലങ്ങളുമായി ബന്ധിപ്പിക്കാനുമാണ് പഠിപ്പിക്കുന്നത്. ബുദ്ധിമാനായ ഒരു ഭരണാധികാരി, ലക്ഷ്യം നേടാൻ സമാധാനപരമായ വഴികൾ സാധ്യമാകുന്നിടത്തോളം കാലം, സ്വയം ഇഷ്ടപ്പെട്ടുകൊണ്ട് യുദ്ധങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും തന്നെയോ തന്റെ പ്രജകളെയോ നാശത്തിന്റെ അപകടങ്ങളിലേക്ക് തള്ളിവിടുകയില്ല എന്നതിലേക്കുള്ള ശക്തമായ താക്കീതാണ് ഇതിലുള്ളത്. യാതൊരു വഴിയുമില്ലാതെ അതിലേക്ക് നിർബന്ധിതനായാൽ അല്ലാതെ അയാൾ യുദ്ധത്തിന് മുതിരില്ല. കാരണം ലക്ഷ്യം കേവലം യുദ്ധം ചെയ്യലല്ല; മറിച്ച് ദീനും ജീവനും താല്പര്യങ്ങളും സംരക്ഷിക്കലും, വലിയ തിന്മയെ ചെറിയ തിന്മ കൊണ്ട് പ്രതിരോധിക്കലുമാണ്.

Share This Article
Leave a Comment