ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ
മൂന്നാമത്തെ അടിസ്ഥാനം: നിങ്ങളുടെ പ്രവാചകൻ മുഹമ്മദ് നബിയെ (ﷺ) അറിയൽ.
അദ്ദേഹം: ഹാശിമിൻ്റെ മകൻ അബ്ദുൽ മുത്ത്വലിബിൻ്റെ മകൻ അബ്ദുല്ലയുടെ മകൻ മുഹമ്മദ് (ﷺ) ആകുന്നു. ഹാശിം ഖുറൈശ് ഗോത്രത്തിൽ പെട്ടയാളാണ്. ഖുറൈശികൾ അറബികളിൽ പെട്ടവരാണ്. അറബികൾ ഇബ്രാഹീം ഖലീലിൻ്റെ മകൻ ഇസ്മാഈലിൻ്റെ (അലൈഹിസ്സലാം) സന്തതിപരമ്പരയിൽ പെട്ടവരാണ്. അദ്ദേഹത്തിൻ്റെയും നമ്മുടെ പ്രവാചകൻ്റെയും മേൽ ഏറ്റവും ഉത്തമമായ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ.
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
മൂന്ന് അടിസ്ഥാനങ്ങളിൽ പെട്ട രണ്ടാമത്തെ അടിസ്ഥാനം വ്യക്തമാക്കിക്കഴിഞ്ഞപ്പോൾ ഗ്രന്ഥകർത്താവ് അതിന് പിന്നാലെ മൂന്നാമത്തെ അടിസ്ഥാനം വ്യക്തമാക്കുകയാണ്. അത് ഒരു ദാസൻ തൻ്റെ പ്രവാചകനെ അറിയൽ ആകുന്നു.
ഒന്നാമത്തെ അടിസ്ഥാനമായ രക്ഷിതാവിനെ അറിയുക എന്നതിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു അടിസ്ഥാന കാര്യമുണ്ടെന്നും അത് നാല് കാര്യങ്ങളിലേക്കാണ് മടങ്ങുന്നതെന്നും താങ്കൾ നേരത്തെ മനസ്സിലാക്കിയല്ലോ. അതുപോലെ രണ്ടാമത്തെ അടിസ്ഥാനമായ മതത്തെ അറിയുക എന്നതിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു അടിസ്ഥാന കാര്യമുണ്ടെന്നും അത് മൂന്ന് കാര്യങ്ങളിലേക്കാണ് മടങ്ങുന്നതെന്നും നാം മനസ്സിലാക്കി. അതുപോലെത്തന്നെ നബിയെ അറിയുന്നതിലും ഓരോ വ്യക്തിക്കും നിർബന്ധമായ ചില അടിസ്ഥാന കാര്യങ്ങളുണ്ട്, അതുകൂടാതെ ഒരാളുടെ മതം ശരിയാകുകയില്ല.
ഓരോ വ്യക്തിക്കും നബിയെ അറിയുന്നതിൽ നിർബന്ധമായ കാര്യങ്ങൾ നാല് അടിസ്ഥാനങ്ങളിലേക്കാണ് മടങ്ങുന്നത്:
ഒന്നാമത്തെ അടിസ്ഥാനം: അദ്ദേഹത്തിൻ്റെ മറ്റ് പരമ്പരകൾ അറിഞ്ഞില്ലെങ്കിലും ‘മുഹമ്മദ്’ എന്ന അദ്ദേഹത്തിൻ്റെ ആദ്യത്തെ പേര് അറിയുക എന്നതാണ്. നമ്മിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ്റെ പേര് ‘മുഹമ്മദ്’ എന്നാണെന്ന് അറിഞ്ഞിരിക്കൽ ഓരോ മുസ്ലിമിൻ്റെയും മേൽ നിർബന്ധമാണ്. കാരണം അദ്ദേഹത്തിൻ്റെ പേര് അറിയാതിരിക്കുന്നത് അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ചും വിശേഷണങ്ങളെക്കുറിച്ചും നമ്മിലേക്ക് അദ്ദേഹം കൊണ്ടുവന്ന കാര്യങ്ങളെക്കുറിച്ചുമുള്ള അജ്ഞതയെയാണ് അറിയിക്കുന്നത്. അദ്ദേഹത്തിൻ്റെ പേര് പോലും അറിയാത്ത ഒരാൾ, അല്ലാഹു നമ്മിലേക്ക് നിയോഗിച്ച പ്രവാചകനാണ് അദ്ദേഹമെന്ന് എങ്ങനെയാണ് തിരിച്ചറിയുക?!
ഗ്രന്ഥകർത്താവ് ഇവിടെ നബിയുടെ പരമ്പര പിതാക്കളിലൂടെ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പിതാമഹനായ ഹാശിം വരെ തുടർച്ചയായി പരാമർശിച്ചിരിക്കുന്നു. പിന്നീട് അതിൻ്റെ അടിസ്ഥാനങ്ങളിലേക്ക് ചുരുക്കിക്കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: ഹാശിം ഖുറൈശ് ഗോത്രത്തിൽ പെട്ടയാളാണ്. ഖുറൈശികൾ അറബികളിൽ പെട്ടവരാണ്.
രണ്ടാമത്തെ അടിസ്ഥാനം: അദ്ദേഹം അല്ലാഹുവിൻ്റെ ദാസനും പ്രവാചകനുമാണെന്നും, മനുഷ്യരിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും വിശിഷ്ടമാക്കുകയും ചെയ്തുവെന്നും, പ്രവാചകത്വം നൽകി അവനെ ശ്രേഷ്ഠനാക്കിയെന്നും, അദ്ദേഹമാണ് പ്രവാചകന്മാരിലും ദൂതന്മാരിലും വെച്ച് അവസാനത്തെ പ്രവാചകൻ എന്നും വിശ്വസിക്കലാണ്.
മൂന്നാമത്തെ അടിസ്ഥാനം: വ്യക്തമായ തെളിവുകളും സന്മാർഗ്ഗവും സത്യമതവും കൊണ്ടാണ് അദ്ദേഹം നമ്മിലേക്ക് വന്നതെന്ന് വിശ്വസിക്കലാണ്.
നാലാമത്തെ അടിസ്ഥാനം: അദ്ദേഹത്തിൻ്റെ സത്യസന്ധതയെ അറിയിക്കുന്നതും അദ്ദേഹത്തിൻ്റെ പ്രവാചകത്വം സ്ഥിരപ്പെടുത്തുന്നതുമായ കാര്യം അല്ലാഹുവിൻ്റെ വചനമായ ഖുർആനാണെന്ന് വിശ്വസിക്കലാണ്.
അദ്ദേഹത്തിന് അറുപത്തിമൂന്ന് വയസ്സാണ് ഉണ്ടായിരുന്നത്. അതിൽ നാൽപത് വർഷം പ്രവാചകത്വത്തിന് മുമ്പുള്ളതാണ്. ബാക്കി ഇരുപത്തിമൂന്ന് വർഷം നബിയും റസൂലുമായിട്ടായിരുന്നു.
ഇഖ്റഅ് എന്നതിലൂടെ അദ്ദേഹം നബിയായി, മുദ്ദസ്സിർ എന്നതിലൂടെ അദ്ദേഹം റസൂലുമായി. അദ്ദേഹത്തിൻ്റെ ജന്മദേശം മക്കയാകുന്നു.
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
നബിക്ക് അറുപത്തിമൂന്ന് വയസ്സായിരുന്നു പ്രായമെന്നും, അത് രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്നും ഗ്രന്ഥകർത്താവ് പരാമർശിച്ചു; അതിൽ നാൽപത് വർഷം പ്രവാചകത്വത്തിന് മുമ്പുള്ളതാണ്. ബാക്കി ഇരുപത്തിമൂന്ന് വർഷം നബിയും റസൂലുമായിട്ടായിരുന്നു. അദ്ദേഹത്തിന് നാൽപത് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന് ദിവ്യബോധനം നൽകപ്പെടുകയും നിയോഗിക്കപ്പെടുകയും ചെയ്തത്. പിന്നീട് തൻ്റെ ജീവിതത്തിൻ്റെ ബാക്കി ഭാഗം അദ്ദേഹം നബിയും റസൂലുമായി പൂർത്തിയാക്കി.
തൻ്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുന്ന ദിവ്യബോധനത്തോടെയുള്ള നിയോഗിക്കപ്പെടൽ രണ്ട് ഇനങ്ങളുണ്ട്:
- ഒന്നാമത്തേത്: പ്രവാചകത്വത്തിൻ്റെ ദിവ്യബോധനം.
- രണ്ടാമത്തേത്: ദൂതനായുള്ള ദിവ്യബോധനം. ഇത് പ്രവാചകത്വത്തേക്കാൾ ഉയർന്ന പദവിയാണ്.
നമ്മുടെ നബിക്ക് ആദ്യമായി അവതരിപ്പിക്കപ്പെട്ട ദിവ്യബോധനം സൂറത്തുൽ അലഖിൻ്റെ തുടക്കമാണ്, അതിൻ്റെ തുടക്കം:
﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ﴾ സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. [സൂറത്തുൽ അലഖ്: 1]
എന്ന വചനമാണ്. ഇതാണ് അദ്ദേഹത്തിലേക്കുള്ള ദിവ്യബോധനത്തിൻ്റെ ആരംഭം. ഇത് അവതരിപ്പിക്കപ്പെട്ടതോടെ നിയോഗിക്കപ്പെടുന്ന ദിവ്യബോധനത്തിൻ്റെ ഏറ്റവും ചുരുങ്ങിയ പദവി അദ്ദേഹത്തിന് സ്ഥിരപ്പെട്ടു; അതാണ് പ്രവാചകത്വം.
പിന്നീട്, അദ്ദേഹത്തോട് എതിർപ്പ് പുലർത്തുന്ന ഒരു ജനതയ്ക്ക് താക്കീത് നൽകാനുള്ള കൽപ്പന ഉൾക്കൊള്ളുന്ന സൂറത്തുൽ മുദ്ദസ്സിർ അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ നിയോഗിക്കപ്പെടൽ ദൂതനായുള്ള നിയോഗിക്കപ്പെടലായി മാറി. അങ്ങനെ അദ്ദേഹം പ്രവാചകത്വം എന്ന പദവിയിൽ നിന്ന് ദൂതൻ എന്ന പദവിയിലേക്ക് ഉയർന്നു.
ഇതാണ് ഗ്രന്ഥകർത്താവിൻ്റെ ഇഖ്റഅ് എന്നതിലൂടെ അദ്ദേഹം നബിയായി, മുദ്ദസ്സിർ എന്നതിലൂടെ അദ്ദേഹം റസൂലുമായി എന്ന വാക്കിൻ്റെ അർത്ഥം. അതായത്: ഇഖ്റഅ് എന്ന് തുടങ്ങുന്ന സൂറത്തുൽ അലഖിൻ്റെ തുടക്കത്തിലെ ആയത്തുകൾ അവതരിച്ചതിലൂടെ അദ്ദേഹത്തിന് പ്രവാചകത്വം സ്ഥിരപ്പെട്ടു. പിന്നീട് സൂറത്തുൽ മുദ്ദസ്സിർ അവതരിച്ചതിലൂടെ അദ്ദേഹത്തിന് ദൂതൻ എന്ന പദവി സ്ഥിരപ്പെട്ടു. അങ്ങനെ നബിയും റസൂലുമായുള്ള അദ്ദേഹത്തിൻ്റെ പദവി പൂർണ്ണമായി.
അദ്ദേഹത്തിൻ്റെ നാട് മക്കയായിരുന്നു. അതായത് അദ്ദേഹം ജനിച്ചതും നബിയും റസൂലുമായി നിയോഗിക്കപ്പെട്ടതുമായ നാട്. തുടർന്ന് അദ്ദേഹം തൻ്റെ പ്രബോധനം മക്കയിൽ ആരംഭിച്ചു, പിന്നീട് അവിടെ നിന്ന് മദീനയിലേക്ക് ഹിജ്റ പോയി.
ശിർക്കിനെതിരെ താക്കീത് നൽകാനും തൗഹീദിലേക്ക് പ്രബോധനം ചെയ്യാനുമാണ് അല്ലാഹു അദ്ദേഹത്തെ നിയോഗിച്ചത്.
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿يَا أَيُّهَا الْمُدَّثِّرُ قُمْ فَأَنذِرْ وَرَبَّكَ فَكَبِّرْ وَثِيَابَكَ فَطَهِّرْ وَالرُّجْزَ فَاهْجُرْ وَلَا تَمْنُن تَسْتَكْثِرُ وَلِرَبِّكَ فَاصْبِرْ﴾
വസ്ത്രം മൂടിപ്പുതച്ചവനേ, എഴുന്നേറ്റ് നിന്ന് (ജനങ്ങള്‍ക്ക്) താക്കീത് നല്‍കുക. നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക. നിന്റെ വസ്ത്രങ്ങള് ശുദ്ധിയാക്കുക. പാപം വെടിയുക. കൂടുതല് നേട്ടം ആഗ്രഹിച്ച് കൊണ്ട് നീ ഔദാര്യം ചെയ്യരുത്. നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമിക്കുക.
എഴുന്നേറ്റ് നിന്ന് താക്കീത് നൽകുക എന്നതിൻ്റെ അർത്ഥം: ശിർക്കിനെതിരെ അദ്ദേഹം താക്കീത് നൽകുകയും തൗഹീദിലേക്ക് പ്രബോധനം ചെയ്യുകയും ചെയ്യുക എന്നാണ്.
നിൻ്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക അതായത്: തൗഹീദിലൂടെ അവനെ മഹത്വപ്പെടുത്തുക.
നിൻ്റെ വസ്ത്രങ്ങൾ ശുദ്ധിയാക്കുക അതായത്: നിൻ്റെ കർമ്മങ്ങളെ ശിർക്കിൽ നിന്ന് ശുദ്ധിയാക്കുക.
പാപം വെടിയുക; റുജ്സ് എന്നാൽ വിഗ്രഹങ്ങൾ എന്നാണ്. അവയെ വെടിയുക എന്നാൽ: ആ വിഗ്രഹങ്ങളെയും അതിൻ്റെ ആളുകളെയും ഉപേക്ഷിക്കലും, അവയോടും അതിൻ്റെ ആളുകളോടുമുള്ള ബന്ധം വിച്ഛേദിക്കലും, അവയോടും അതിൻ്റെ ആളുകളോടും ശത്രുത പുലർത്തലും, അവയിൽ നിന്നും അതിൻ്റെ ആളുകളിൽ നിന്നും വേർപിരിയലുമാണ്.
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
നബി നിയോഗിക്കപ്പെട്ടതിൻ്റെ ലക്ഷ്യം രണ്ട് കാര്യങ്ങളാണെന്ന് ഗ്രന്ഥകർത്താവ് പരാമർശിച്ചു:
- ഒന്നാമത്തേത്: ശിർക്കിനെതിരെയുള്ള താക്കീത്. താക്കീത് നൽകൽ എന്ന പദത്തിൽ മുന്നറിയിപ്പ് നൽകലും ഭയപ്പെടുത്തലും ഉൾപ്പെടുന്നു.
- രണ്ടാമത്തേത്: തൗഹീദിലേക്കുള്ള പ്രബോധനം. പ്രബോധനം എന്ന പദത്തിൽ ആവശ്യപ്പെടലും പ്രോത്സാഹിപ്പിക്കലും ഉൾപ്പെടുന്നു.
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿قُمْ فَأَنذِرْ وَرَبَّكَ فَكَبِّرْ﴾
എഴുന്നേറ്റ് നിന്ന് (ജനങ്ങള്‍ക്ക്) താക്കീത് നല്‍കുക. നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക. [സൂറത്തുൽ മുദ്ദസ്സിർ: 2-3]
അതിൽ എഴുന്നേറ്റ് നിന്ന് താക്കീത് നൽകുക എന്ന വചനം ഒന്നാമത്തെ കാര്യത്തെ അറിയിക്കുന്നു. കാരണം അത് ഭയപ്പെടേണ്ട എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള താക്കീത് നൽകാനുള്ള കൽപ്പനയാണ്, ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത് ശിർക്കിനെയാണ്.
നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക എന്ന വചനം രണ്ടാമത്തെ കാര്യത്തെ അറിയിക്കുന്നു. കാരണം അത് അല്ലാഹുവിനെ മഹത്വപ്പെടുത്താനും വലുതാക്കാനുമുള്ള കൽപ്പനയാണ്. അല്ലാഹുവിനെ ഏറ്റവും കൂടുതൽ മഹത്വപ്പെടുത്തുന്നത് തൗഹീദിലൂടെയാണ്.
പദങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിൽ പ്രധാനപ്പെട്ട ഒരു കാര്യം, അറബിയിലെ അന്നിദാരത്ത് എന്ന പദം അതിൻ്റെ ആദ്യ അക്ഷരത്തിന് കസറ് നൽകിക്കൊണ്ടാണ് വായിക്കേണ്ടതെന്ന് താങ്കൾ അറിഞ്ഞിരിക്കലാണ്; അതായത് അൽബിശാരത്ത് എന്നത് പോലെ. അതിനാൽ അതിൻ്റെ വിപരീതപദത്തോട് ചേർത്തുകൊണ്ട് താങ്കൾക്കത് ഓർമ്മിച്ചുവെക്കാം. പദഘടനയിലും ആദ്യത്തെ അക്ഷരം കസറ് കൊണ്ടാണെന്നതിലും അന്നിദാരത്ത് എന്നത് അൽബിശാരത്ത് എന്നത് പോലെയാണ്. ആശയത്തിലും അവ രണ്ടും പരസ്പരം വിപരീതമാണ്. എന്നാൽ ജനങ്ങൾക്കിടയിൽ വ്യാപകമായിട്ടുള്ളതും തെറ്റായതുമായ ഒരു പ്രയോഗമാണ് നദാരത്ത് എന്ന് പറയുന്നത്.
തുടർന്ന് ഗ്രന്ഥകർത്താവ് അല്ലാഹുവിൻ്റെ നിൻ്റെ വസ്ത്രങ്ങൾ ശുദ്ധിയാക്കുക എന്ന വചനത്തെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: അതായത് നിൻ്റെ കർമ്മങ്ങളെ ശിർക്കിൽ നിന്ന് ശുദ്ധിയാക്കുക. സലഫുകളിലെ ഭൂരിഭാഗം പണ്ഡിതന്മാരും ഇതേ അഭിപ്രായക്കാരാണ്. ഇബ്നു ജരീർ അത്ത്വബ്‌രി ഇത് ഉദ്ധരിച്ചിട്ടുണ്ട്.
തഅ്ളീമുൽ ഇൽമ് എന്ന ഗ്രന്ഥത്തിൻ്റെ വിശദീകരണത്തിൽ നാം വ്യക്തമാക്കിയതുപോലെ, ഈ ആയത്ത് വന്നിട്ടുള്ള സന്ദർഭം പരിഗണിക്കുമ്പോൾ, ആയത്തിലെ വസ്ത്രങ്ങൾ എന്നതിന് ധരിക്കുന്ന വസ്ത്രങ്ങൾ എന്നല്ല, മറിച്ച് മനുഷ്യനിൽ അള്ളിപ്പിടിച്ചിരിക്കുന്ന കർമ്മങ്ങൾ എന്നാണ് ഇവിടെ ഏറ്റവും ഉചിതമായ വ്യാഖ്യാനം എന്ന് മുൻപ് നാം പറഞ്ഞിട്ടുണ്ട്.
തുടർന്ന് വിഗ്രഹങ്ങളെ വെടിയുന്നതിൻ്റെ അടിസ്ഥാനങ്ങൾ ഗ്രന്ഥകർത്താവ് പരാമർശിച്ചു; അവ നാലെണ്ണമാണ്:
- ഒന്നാമത്തേത്: അവയെയും അതിൻ്റെ ആളുകളെയും ഉപേക്ഷിക്കൽ.
- രണ്ടാമത്തേത്: അവയിൽ നിന്നും അതിൻ്റെ ആളുകളിൽ നിന്നും വേർപിരിയൽ. ഉപേക്ഷിക്കുന്നതിനേക്കാൾ കൂടുതലായ കാര്യമാണിത്; കാരണം വേർപിരിയുന്നവൻ പൂർണ്ണമായും അകലം പാലിക്കുന്നവനാണ്.
- മൂന്നാമത്തേത്: അവയോടും അതിൻ്റെ ആളുകളോടുമുള്ള ബന്ധം വിച്ഛേദിക്കൽ.
- നാലാമത്തേത്: അവയോടും അതിൻ്റെ ആളുകളോടും ശത്രുത പുലർത്തൽ. ശത്രുത വെളിപ്പെടുത്തുക എന്നതിനാൽ തൊട്ടുമുമ്പുള്ളതിനേക്കാൾ അധികരിച്ച ഒന്നാണിത്; കാരണം ബന്ധം വിച്ഛേദിച്ചവൻ ചിലപ്പോൾ ശത്രുത വെളിപ്പെടുത്തിയേക്കാം, ചിലപ്പോൾ വെളിപ്പെടുത്തിയില്ലെന്നും വരാം.
ഈ നാല് അടിസ്ഥാനങ്ങളും വിഗ്രഹാരാധനയുമായി മാത്രം പ്രത്യേകമായുള്ളതല്ല, മറിച്ച് അല്ലാഹുവിന് പുറമെ ആരാധ്യരായി സ്വീകരിക്കപ്പെട്ട എല്ലാറ്റിനും ഇത് ബാധകമാണ്. അതിനാൽ അല്ലാഹുവിന് പുറമെ ആരാധ്യനായി സ്വീകരിക്കപ്പെട്ടത് എന്തുതന്നെയായാലും, ഈ നാല് അടിസ്ഥാനങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ മാത്രമാണ് അവയെ വെടിയുക എന്നത് യാഥാർത്ഥ്യമാകുന്നത്.

