الحَدِيثُ الأَوَّلُ عَنْ أَمِيرِ المُؤْمِنِينَ أَبِي حَفْصِ عُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ القُرَشِيِّ؛ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «إِنَّمَا الأَعْمَالُ بِالنَّيَّةِ، وَإِنَّمَا لِامْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، فَهِجَرَتُهُ إِلَى اللهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا أَوِ امْرَأَةٍ يَتَزَوَّجُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ».
ഖുറൈശി ഗോത്രക്കാരനായ, സത്യവിശ്വാസികളുടെ അമീർ അബൂഹഫ്സ് ഉമർ ബിൻ അൽ-ഖത്താബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു: “കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത് നിയ്യത്തുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും താൻ നിയ്യത്ത് വെച്ചത് മാത്രമാണുള്ളത്. എതൊരാളുടെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാണോ, എന്നാൽ അയാളുടെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാകുന്നു. ഇനി ഏതൊരാളുടെ ഹിജ്റ അവൻ ലക്ഷ്യംവെക്കുന്ന ഭൗതിക നേട്ടത്തിലേക്കോ, അല്ലെങ്കിൽ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന ഒരു സ്ത്രീയിലേക്കോ ആണെങ്കിൽ, അയാളുടെ ഹിജ്റ എന്തിലേക്കാണോ അവൻ ഹിജ്റ ചെയ്തത് അതിലേക്ക് മാത്രമായിരിക്കും.”1
رَوَاهُ إِمَامَا المُحَدِّثِينَ : أَبُو عَبْدِ اللهِ مُحَمَّدُ بْنُ إِسْمَاعِيلَ البُخَارِيُّ فِي الجَامِعِ الْمُسْنَدِ الصَّحِيحِ المُخْتَصَرِ ، مِنْ أُمُورِ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَسُنَنِهِ وَأَيَّامِهِ»، وَأَبُو الحُسَيْنِ مُسْلِمُ بْنُ الحَجَّاجِ القُشَيْرِيُّ فِي المُسْتَدِ الصَّحِيحِ المُخْتَصَرِ مِنَ السُّنَنِ، بِنَقْلِ العَدْلِ عَنِ العَدْلِ عَنْ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ » – اللَّذَيْنِ هُمَا أَصَحُ الكُتُبِ المُصَنَّفَةِ -، وَاللَّفْظُ لِلْبُخَارِيِّ.
മുഹദ്ദിസുകളുടെ രണ്ട് ഇമാമുമാർ ഇത് നിവേദനം ചെയ്തിരിക്കുന്നു: അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ-ബുഖാരി തന്റെ ‘അൽ-ജാമിഉൽ മുസ്നദുസ്സ്വഹീഹുൽ മുഖ്തസ്വർ മിൻ ഉമൂരി റസൂലില്ലാഹി വ സുന്നനിഹീ വ അയ്യാമിഹീ’ എന്ന ഗ്രന്ഥത്തിലും, അബുൽ ഹുസൈൻ മുസ്‌ലിം ബിൻ അൽ-ഹജ്ജാജ് അൽ-ഖുശൈരി തന്റെ ‘അൽ-മുസ്നദുസ്സ്വഹീഹുൽ മുഖ്തസ്വർ മിനസ്സുനനി ബി നഖ്ലിൽ അദ്‌ലി അനിൽ അദ്‌ലി അൻ റസൂലില്ലാഹി’ എന്ന ഗ്രന്ഥത്തിലും. രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും സ്വഹീഹായ രണ്ട് ഗ്രന്ഥങ്ങളാണിവ. ഈ പദപ്രയോഗങ്ങൾ ബുഖാരിയിലേതാണ്.
ശൈഖ് സ്വാലിഹ് അൽ-ഉസൈമി:
പ്രവാചക സുന്നത്തിൽ നിന്നുള്ള ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായി എണ്ണപ്പെടുന്ന നാല് ഹദീസുകളിൽ നിന്നുള്ള ‘ഒന്നാമത്തെ ഹദീസ്’ രചയിതാവ് ഇവിടെ പരാമർശിച്ചു. അത് ഉമർ ബിൻ അൽ-ഖത്താബ് رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസാണ്; അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു: “കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത് നിയ്യത്തുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്…” എന്ന് തുടങ്ങുന്ന ഹദീസ്.
തുടർന്ന് അദ്ദേഹം ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടത് ഹദീസ് വിജ്ഞാനീയത്തിൽ മുൻപന്തിയിലുള്ള രണ്ട് ഇമാമുമാരുടെ പ്രസിദ്ധമായ രണ്ട് ഗ്രന്ഥങ്ങളിലാണെന്ന് വ്യക്തമാക്കി. അതാണ് അദ്ദേഹം ‘മുഹദ്ദിസുകളുടെ രണ്ട് ഇമാമുമാർ ഇത് നിവേദനം ചെയ്തിരിക്കുന്നു’ എന്ന് പറഞ്ഞത്. ജനങ്ങൾക്കിടയിൽ ‘ഇമാം’ എന്നാൽ, പിന്തുടരപ്പെടുന്ന മുൻഗാമിയായ വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്. അവർ അദ്ദേഹത്തെ മുൻനിർത്തുകയും അദ്ദേഹത്തെ പിൻപറ്റുകയും ചെയ്യുന്നു.
ആ രണ്ട് വ്യക്തികൾ ഇവരാണ്:
- ഒന്നാമത്തെയാൾ: ബുഖാരി; അദ്ദേഹത്തിന്റെ പേര്: ‘മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ-ബുഖാരി’.
- രണ്ടാമത്തെയാൾ: മുസ്‌ലിം; അദ്ദേഹത്തിന്റെ പേര്: ‘മുസ്‌ലിം ബിൻ അൽ-ഹജ്ജാജ് അൽ-ഖുശൈരി അൻ-നൈസാബൂരി’.
നബി ﷺ യുടെ ഹദീസുകളിൽ നിന്നും സ്വഹീഹായവ മാത്രം ഒരുമിച്ചുകൂട്ടുന്നതിൽ അവർ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഇരുവരുടെയും ഗ്രന്ഥങ്ങൾക്ക് വലിയ മഹത്വമുണ്ട്.
ചുരുക്കത്തിൽ അവ ‘സ്വഹീഹുൽ ബുഖാരി’, ‘സ്വഹീഹു മുസ്‌ലിം’ എന്ന് വിളിക്കപ്പെടുന്നു. അല്ലാത്തപക്ഷം, ഗ്രന്ഥകർത്താവ് പരാമർശിച്ചതുപോലെത്തന്നെയാണ് ആ ഗ്രന്ഥങ്ങളുടെ പൂർണ്ണമായ പേരുകൾ. ‘സ്വഹീഹുൽ ബുഖാരി’യുടെ പേര് ഇപ്രകാരമാണ്: ‘അൽ-ജാമിഉൽ മുസ്നദുസ്സ്വഹീഹുൽ മുഖ്തസ്വർ മിൻ ഉമൂരി റസൂലില്ലാഹി വ സുന്നനിഹീ വ അയ്യാമിഹീ’. ‘സ്വഹീഹു മുസ്‌ലിം’മിന്റെ പേര് ഇപ്രകാരമാണ്: ‘അൽ-മുസ്നദുസ്സ്വഹീഹുൽ മുഖ്തസ്വർ മിനസ്സുനനി ബി നഖ്ലിൽ അദ്‌ലി അനിൽ അദ്‌ലി അൻ റസൂലില്ലാഹി’.
ഈ രണ്ട് ഗ്രന്ഥങ്ങളും ‘രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും സ്വഹീഹായവയാണ്’. ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വഹീഹായ രണ്ട് പുസ്തകങ്ങൾ ‘സ്വഹീഹുൽ ബുഖാരി’യും ‘സ്വഹീഹു മുസ്‌ലിം’മുമാണ്.
അവയിലേക്കുള്ള ചേർത്തുവെക്കൽ തന്നെ അത് സ്വഹീഹാണ് എന്നതിന്റെ അറിയിപ്പാണ്. അതിനാൽ നിങ്ങളുടെ കാതുകളിൽ ‘ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തത്’ എന്നോ, അല്ലെങ്കിൽ ‘ബുഖാരി നിവേദനം ചെയ്തത്’ എന്നോ, അല്ലെങ്കിൽ ‘മുസ്‌ലിം നിവേദനം ചെയ്തത്’ എന്നോ കേട്ടാൽ, അത് സ്വഹീഹായ ഹദീസാണ്. അവ രണ്ടും കൂടി ചുരുക്കിപ്പറയുമ്പോൾ ‘മുത്തഫഖുൻ അലൈഹി’ എന്ന് പറയപ്പെടുന്നു.
ഈ രിസാലയിൽ പരാമർശിക്കപ്പെട്ട നാല് ഹദീസുകളും ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തവയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങൾ എന്ന നിലയിൽ അവയ്ക്കുള്ള വലിയ സ്ഥാനത്തെയും, സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നീ രണ്ട് ഗ്രന്ഥങ്ങളുടെ ഉന്നതമായ മഹത്വത്തെയുമാണ് ഇത് അറിയിക്കുന്നത്; കാരണം റസൂൽ ﷺ യുടെ സുന്നത്തിൽ നിന്നും അനിവാര്യമായവ അവർ അതിൽ ഒരുമിച്ചുകൂട്ടിയിട്ടുണ്ട്.
ഈ അടിസ്ഥാന ഹദീസിൽ ചില വിധികളുണ്ട്:
- ഒന്നാമത്തേത്: അല്ലാഹുവിന് ഇഖ്ലാസ്വ് കാണിക്കുന്നതിനുള്ള പ്രോത്സാഹനം. (ല)
- രണ്ടാമത്തേത്: നിയ്യത്തില്ലാതെ ഒരു കർമ്മവുമില്ല. (ദ)
- മൂന്നാമത്തേത്: കർമ്മങ്ങൾ പരിഗണിക്കപ്പെടുന്നത് അവയുടെ നിയ്യത്തുകളുടെ അടിസ്ഥാനത്തിലാണ്. (ദ)
- നാലാമത്തേത്: കർമ്മം ചെയ്യുന്നവന് അവന്റെ കർമ്മത്തിനുള്ള പ്രതിഫലം അവന്റെ നിയ്യത്തനുസരിച്ചായിരിക്കും. (ദ), അല്ലാഹുവിങ്കലേക്ക് സാമീപ്യം തേടിക്കൊണ്ട് ചെയ്യുന്ന കർമ്മങ്ങൾ, മുകല്ലഫ് (മതപരമായ ബാധ്യതയുള്ള വ്യക്തി) ഒരു പതിവെന്ന നിലക്കാണ് ചെയ്യുന്നതെങ്കിൽ; ആ കർമ്മം ശരിയാണെങ്കിൽ പോലും അല്ലാഹുവിലേക്കുള്ള സാമീപ്യം അതുകൊണ്ട് അവൻ ഉദ്ദേശിക്കുന്നത് വരെ ആ കേവല കർമ്മത്തിന് പ്രതിഫലം ലഭിക്കുന്നതല്ല. (ല)
- അഞ്ചാമത്തേത്: മനുഷ്യന് പ്രതിഫലം ലഭിക്കുകയോ, അല്ലെങ്കിൽ പാപം ലഭിക്കുകയോ, അല്ലെങ്കിൽ തടയപ്പെടുകയോ ചെയ്യുന്നത് അവന്റെ നിയ്യത്തനുസരിച്ചാണ്. (ദ)
- ആറാമത്തേത്: കർമ്മങ്ങൾ എന്തിലേക്കുള്ള മാർഗ്ഗമാണോ അതിനനുസരിച്ചായിരിക്കും (അതിന്റെ വിധി). (ദ)
- ഏഴാമത്തേത്: ഒരേ കർമ്മം തന്നെ ഒരാൾക്ക് പ്രതിഫലമായും മറ്റൊരാൾക്ക് നഷ്ടമായും (തടയപ്പെടലായും) ഭവിക്കും. (ദ)
- എട്ടാമത്തേത്: കാര്യങ്ങൾ വ്യക്തമാക്കാനും വിശദീകരിക്കാനുമായി പണ്ഡിതന്മാർ ഉദാഹരണങ്ങൾ നൽകൽ. (ദ)
- ഒമ്പതാമത്തേത്: അല്ലാഹുവിലേക്കും അവന്റെ റസൂൽ ﷺ യിലേക്കും ഹിജ്റ ചെയ്യുന്നതിന്റെ ശ്രേഷ്ഠത. (ദ), (ല)
ശൈഖ് സ്വാലിഹ് അൽ-ഉസൈമി പറയുന്നു:
ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ ഒന്നായി എണ്ണപ്പെടുന്ന ഈ ഒന്നാമത്തെ ഹദീസിൽ ഒമ്പത് വിധികളടങ്ങിയിട്ടുണ്ടെന്ന് രചയിതാവ് പരാമർശിച്ചു. ‘അർബഈന നവവിയ്യ’യുടെ വിശദീകരണത്തിൽ നിന്നും പാഠങ്ങൾ വേർതിരിച്ചെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് വ്യക്തികളിൽ നിന്നും പകർത്തിയെടുത്തതാണ് ഇത്. ‘അർബഈ’ന് ധാരാളം വിശദീകരണങ്ങളുണ്ട്. എന്നാൽ ഈ രണ്ട് വിശദീകരണങ്ങളുടെ പ്രത്യേകത എന്തെന്നാൽ, അവയിലോരോന്നിലും ഓരോ ഹദീസിന്റെയും വിശദീകരണത്തിന് ശേഷം ആ ഹദീസിൽ നിന്നും വേർതിരിച്ചെടുത്ത പാഠങ്ങൾ നൽകാൻ ഒരു പ്രത്യേക തലക്കെട്ട് നൽകിയിട്ടുണ്ട് എന്നതാണ്.
അവരിൽ ഒരാൾക്ക് ‘ലാം’ (ل) എന്നും, മറ്റൊരാൾക്ക് ‘ദാൽ’ (د) എന്നും അടയാളം നൽകിയിരിക്കുന്നു. മുൻഗാമികളുടെ സംസാരത്തിൽ ഈ അടയാളത്തിന് ‘റഖ്മ്’ (رقم) എന്നാണ് പറയുക. ‘റഖ്മ്’ എന്നതിന്റെ അടിസ്ഥാന അർത്ഥം: ഒരു അടയാളമായി രേഖപ്പെടുത്തുന്നതും വ്യക്തമാക്കുന്നതുമായ ഒന്നാണ്. സംഖ്യകൾക്ക് ‘റഖ്മ്’ എന്ന് പേരുനൽകിയതും ഇതിൽ നിന്നാണ്. അതിനാൽ ‘റഖ്മ്’ എന്ന പദം സംഖ്യകൾക്ക് മാത്രമുള്ളതല്ല, മറിച്ച് അത് അതിൽ പ്രസിദ്ധമായെന്ന് മാത്രം. ഒരു പുസ്തകത്തെയോ രചയിതാവിനെയോ സൂചിപ്പിക്കുന്ന അടയാളങ്ങളെയും ‘റഖ്മ്’ എന്ന് വിളിക്കുന്നതാണ്.
അവ പരാമർശിക്കപ്പെട്ടാൽ, അവ ഉൾക്കൊള്ളുന്ന യഥാർത്ഥ അർത്ഥമാണ് വായിക്കേണ്ടത്. ഉദാഹരണത്തിന്: വിജ്ഞാനന്വേഷികൾക്കിടയിൽ അറിയപ്പെടുന്ന ഗ്രന്ഥമാണ് ‘തഖ്‌രീബുത്തഹ്‌ദീബ്’. ഗ്രന്ഥകർത്താക്കൾക്കെല്ലാം അതിൽ ഓരോ അടയാളം നൽകിയിട്ടുണ്ട്. അതിനാൽ ഏതെങ്കിലും ഒരു നിവേദകനെക്കുറിച്ച് പരാമർശിക്കുകയും, അവസാനം ‘ഖാഅ്’, ‘ദാൽ’ (خ، د) എന്നീ അക്ഷരങ്ങൾ അടയാളമായി നൽകുകയും ചെയ്താൽ; ഈ രണ്ട് അടയാളങ്ങളും ബുഖാരി, അബൂദാവൂദ് എന്നിവരെയാണ് സൂചിപ്പിക്കുന്നത്. അപ്പോൾ (ഇത് ബുഖാരിയും അബൂദാവൂദും നിവേദനം ചെയ്തിരിക്കുന്നു) എന്നാണ് വായിക്കേണ്ടത്. അല്ലാതെ ‘ഖാഅ്’, ‘ദാൽ’ എന്ന് വായിക്കരുത്; കാരണം അപ്പോൾ അക്ഷരം മാത്രമാണ് നിങ്ങൾ വായിക്കുന്നത്. എന്നാൽ അടയാളം എന്തിനെയാണോ സൂചിപ്പിക്കുന്നത് അതാണ് വായിക്കേണ്ടത്.
ഈ ഫവാഇദുകൾ (പാഠങ്ങൾ) എടുക്കപ്പെട്ട രണ്ട് ശാരീഹുമാരെ (വിശദീകരണം നൽകിയവരെ) കുറിക്കാനാണ് (د), (ل) എന്നീ രണ്ട് അടയാളങ്ങൾ നൽകിയിട്ടുള്ളത്. ‘ദാൽ’ എന്നത് ശൈഖ് അബ്ദുൽ മുഹ്സിൻ അൽ-അബ്ബാദിനെയും, ‘ലാം’ എന്നത് ശൈഖ് ഇസ്മാഈൽ അൽ-അൻസ്വാരിയെയും കുറിക്കുന്നു. ജീവിച്ചിരിക്കുന്നവരെ അല്ലാഹു കാത്തുരക്ഷിക്കുകയും, മരണപ്പെട്ടവരോട് അവൻ കരുണ കാണിക്കുകയും ചെയ്യട്ടെ.
മുമ്പ് സൂചിപ്പിച്ചതുപോലെ, ‘അർബഈൻ’ ഹദീസുകളിൽ നിന്നും വേർതിരിച്ചെടുത്ത പാഠങ്ങൾ പ്രത്യേകം നൽകുന്നതിലൂടെ ഇവർ രണ്ടുപേരും സവിശേഷമായിരിക്കുന്നു. ഈ നാല് ഹദീസുകളും ‘അർബഈന നവവിയ്യ’യിലെ ഹദീസുകളിൽ പെട്ടതാണ്.
പണ്ഡിതന്മാരും ശൈഖുമാരും വേർതിരിച്ചെടുത്ത പാഠങ്ങൾ നൽകിക്കൊണ്ട് പഠിതാവിനെ സഹായിക്കുന്നത് വളരെ പ്രയോജനകരമാണ്. കാരണം, പഠിതാവിന്റെ ഗ്രഹണശേഷി വർദ്ധിപ്പിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് വിവരങ്ങൾ ലഭിക്കുന്ന സ്രോതസ്സുകളുടെ വൈവിധ്യം. ഈ ഗ്രന്ഥത്തിന്റെ രചയിതാവല്ലാത്ത മറ്റൊരാൾ നൽകിയ പാഠങ്ങൾ മനസ്സിലാക്കുന്നത് അവന് കൂടുതൽ പ്രയോജനകരമാണ്; കാരണം ചില പണ്ഡിതന്മാർ ഈ ഹദീസുകളിൽ നിന്നും നൽകിയ പാഠങ്ങൾ പഠിക്കുന്നതിലൂടെ അവന്റെ അറിവിന്റെ ശേഖരം വർദ്ധിക്കുന്നു.
അദ്ദേഹം പറഞ്ഞു: ‘ഒന്നാമത്തേത്: അല്ലാഹുവിന് ഇഖ്ലാസ്വ് കാണിക്കുന്നതിനുള്ള പ്രോത്സാഹനം’. പ്രോത്സാഹനം (الحث) എന്നാൽ: ശക്തമായി പ്രേരിപ്പിക്കുക എന്നാണ്. അതിനാൽ അല്ലാഹുവിനുള്ള ഇഖ്ലാസ്വ് കരസ്ഥമാക്കുന്നതിനുള്ള പ്രേരണയാണിത്.
ശരീഅത്തിൽ ഇഖ്ലാസ്വ് എന്നാൽ, അല്ലാഹുവല്ലാത്തവരെ ഉദ്ദേശിക്കുന്നതിൽ നിന്നും ഹൃദയത്തെ ശുദ്ധിയാക്കലാണ്. ഹൃദയത്തിൽ നിന്ന് ദുഷിച്ച ഉദ്ദേശ്യങ്ങളെ പുറത്താക്കിക്കൊണ്ടാണിത് സാധ്യമാവുക. അതിനാൽ ഐഹിക ലോകം, ജനങ്ങളുടെ സ്തുതിയും പ്രശംസയും, സ്ഥാനമാനങ്ങൾ, അധികാരങ്ങൾ എന്നിവയൊന്നും നേടിയെടുക്കാനുള്ള ലക്ഷ്യം അവന്റെ ഹൃദയത്തിലുണ്ടാകരുത്. എന്റെ ഈ വരിയിലൂടെ ഞാൻ സൂചിപ്പിച്ചത് അതാണ്:
إِخْلَاصُنَا لِلَّهِ صَفِّ القَلْبَ مِنْ إِرَادَةٍ سِوَاهُ فَاحْذَرْ يَا فَطِنْ
നമ്മുടെ ഇഖ്ലാസ്വ് അല്ലാഹുവിനാകുന്നു; അവനല്ലാത്തവരെ ഉദ്ദേശിക്കുന്നതിൽ നിന്നും ഹൃദയത്തെ നീ ശുദ്ധിയാക്കുക, ഓ ബുദ്ധിമാനേ, നീ ജാഗ്രത പാലിക്കുക.
അദ്ദേഹം പറഞ്ഞു: ‘രണ്ടാമത്തേത്: നിയ്യത്തില്ലാതെ ഒരു കർമ്മവുമില്ല’. അതായത്, നിയ്യത്തില്ലാതെ ഒരു ദാസനും തന്റെ കർമ്മത്തിന്റെ സാധുത ലഭിക്കുകയില്ല. അതിനാൽ കർമ്മം ശരിയാകാൻ നിയ്യത്ത് അനിവാര്യമാണ്.
ഹൃദയം ഒരു കർമ്മം അല്ലാഹുവിങ്കലേക്ക് സാമീപ്യം തേടിക്കൊണ്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതിനാണ് നിയ്യത്ത് എന്ന് പറയുന്നത്.
സാധുവാകാൻ നിയ്യത്ത് ആവശ്യമായ കർമ്മങ്ങൾ ഇവയാണ്: പൂർത്തീകരിക്കാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങൾ; ഉദാഹരണത്തിന് വുദൂഅ്, നമസ്കാരം തുടങ്ങിയവ.
എന്നാൽ വിലക്കപ്പെട്ട കാര്യങ്ങൾ അവ ഒഴിവാക്കാനാണ് ആവശ്യപ്പെടുന്നത്: അവ നിയ്യത്തില്ലാതെ തന്നെ ശരിയാകുന്നതാണ്; ഉദാഹരണത്തിന് നജസ് (അശുദ്ധി) നീക്കം ചെയ്യൽ പോലെ.
ഒരാൾ വുദൂഅ് ചെയ്യാൻ നിയ്യത്ത് വെക്കാതെ തന്നെ പരിചിതമായ അവയവങ്ങളിലൂടെ വെള്ളം ഒഴുക്കിയാൽ; അവന്റെ വുദൂഅ് ശരിയാകുകയില്ല, അവൻ നിയ്യത്ത് വെക്കുന്നത് വരെ. അതായത്, മതത്തിൽ പഠിപ്പിക്കപ്പെട്ട രൂപത്തിൽ അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ട് വുദൂഅ് എന്ന കർമ്മം ചെയ്യാൻ അവന്റെ ഹൃദയം ഉദ്ദേശിക്കുന്നത് വരെ.
ഇനി വുദൂഅ് ചെയ്യുന്ന അവസ്ഥയിൽ തന്റെ വസ്ത്രത്തിൽ നജസ് പറ്റിപ്പിടിച്ചിരിക്കുന്നത് കാണുകയും, യാതൊരു നിയ്യത്തുമില്ലാതെ അവൻ അത് നീക്കം ചെയ്യുകയും ചെയ്താൽ; ആ കർമ്മം ശരിയായതാണ്. ഇതാണ് അവർ (പണ്ഡിതന്മാർ) പറഞ്ഞതിന്റെ അർത്ഥം: “കൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ കർമ്മങ്ങൾ ശരിയാകാൻ നിയ്യത്ത് ആവശ്യമാണ്, വിലക്കപ്പെട്ട കാര്യങ്ങളിൽ അതില്ലാതെയും ശരിയാകും”. അതായത് ഒഴിവാക്കാനും പിന്തിരിയാനും ആവശ്യപ്പെട്ട കാര്യങ്ങൾ.
അദ്ദേഹം പറഞ്ഞു: ‘മൂന്നാമത്തേത്: കർമ്മങ്ങൾ പരിഗണിക്കപ്പെടുന്നത് അവയുടെ നിയ്യത്തുകളുടെ അടിസ്ഥാനത്തിലാണ്’. അതായത്, നിയ്യത്ത് ഉണ്ടായാൽ മാത്രമേ കർമ്മം പരിഗണിക്കപ്പെടുകയുള്ളൂ. അല്ലാഹുവിങ്കലേക്ക് സാമീപ്യം തേടിക്കൊണ്ട് ഈ കർമ്മത്തിലേക്ക് തന്റെ ഹൃദയം തിരിക്കാൻ കർമ്മം ചെയ്യുന്നവൻ ഉദ്ദേശിക്കണം.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘നാലാമത്തേത്: കർമ്മം ചെയ്യുന്നവന് അവന്റെ കർമ്മത്തിനുള്ള പ്രതിഫലം അവന്റെ നിയ്യത്തനുസരിച്ചായിരിക്കും’. അതായത്, ഒരു ദാസന് അവന്റെ കർമ്മത്തിന് പ്രതിഫലമായി ലഭിക്കുന്നത് അവന്റെ നിയ്യത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. അവന്റെ നിയ്യത്ത് നന്നായാൽ അവന്റെ പ്രതിഫലവും നന്നാകും. അവന്റെ നിയ്യത്ത് മോശമായാൽ അവന്റെ പ്രതിഫലവും മോശമാകും. അവന്റെ നിയ്യത്ത് പൂർണ്ണമായാൽ അവന്റെ പ്രതിഫലവും പൂർണ്ണമാകും. അവന്റെ നിയ്യത്ത് കുറഞ്ഞാൽ അവന്റെ പ്രതിഫലവും കുറയുന്നതാണ്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിങ്കലേക്ക് സാമീപ്യം തേടിക്കൊണ്ട് ചെയ്യുന്ന കർമ്മങ്ങൾ, മുകല്ലഫ് ഒരു പതിവെന്ന നിലക്കാണ് ചെയ്യുന്നതെങ്കിൽ; ആ കർമ്മം ശരിയാണെങ്കിൽ പോലും അല്ലാഹുവിലേക്കുള്ള സാമീപ്യം അതുകൊണ്ട് അവൻ ഉദ്ദേശിക്കുന്നത് വരെ ആ കേവല കർമ്മത്തിന് പ്രതിഫലം ലഭിക്കുന്നതല്ല’. അതായത്, അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ട് ചെയ്യുന്ന ആരാധനകൾ, ഒരു പതിവെന്ന നിലക്കാണ് ചെയ്യുന്നതെങ്കിൽ; ആ കർമ്മം ശരിയാണെങ്കിൽ പോലും അല്ലാഹുവിലേക്ക് സാമീപ്യം തേടുക എന്ന നിയ്യത്ത് അതിനോട് ചേരുന്നത് വരെ ആ കേവല കർമ്മത്തിന് പ്രതിഫലം ലഭിക്കുന്നതല്ല. നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് അല്ലാഹുവിലേക്ക് സാമീപ്യം തേടുക എന്ന നിയ്യത്തില്ലാതെയാണെങ്കിൽ, അത് ആരോഗ്യത്തിന് വേണ്ടിയോ മറ്റോ ഒരു പതിവെന്ന നിലക്കാണ് ചെയ്യുന്നത്; അതിനാൽ അതിന് പ്രതിഫലം ലഭിക്കുന്നതല്ല.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘അഞ്ചാമത്തേത്: മനുഷ്യന് പ്രതിഫലം ലഭിക്കുകയോ, അല്ലെങ്കിൽ പാപം ലഭിക്കുകയോ, അല്ലെങ്കിൽ തടയപ്പെടുകയോ ചെയ്യുന്നത് അവന്റെ നിയ്യത്തനുസരിച്ചാണ്’. അതായത്, കർമ്മം ചെയ്യുന്നവന് അവന്റെ നിയ്യത്തനുസരിച്ചാണ് പ്രതിഫലമോ, അല്ലെങ്കിൽ വിസ്റ് (وزر) – അതായത് പാപവും കുറ്റവും – ലഭിക്കുകയോ, അല്ലെങ്കിൽ തടയപ്പെടുകയോ ചെയ്യുന്നത്. അതിനാൽ കാര്യങ്ങളെല്ലാം തിരിയുന്നത് നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘ആറാമത്തേത്: കർമ്മങ്ങൾ എന്തിലേക്കുള്ള മാർഗ്ഗമാണോ അതിനനുസരിച്ചായിരിക്കും’. അതായത്, മാർഗ്ഗങ്ങൾക്ക് (വസീലകൾക്ക്) അവയുടെ ലക്ഷ്യങ്ങളുടെ (മഖാസ്വിദുകളുടെ) വിധിയാണുള്ളത്.
മതനിയമങ്ങളിൽ കൽപ്പിക്കപ്പെട്ടതും വിലക്കപ്പെട്ടതുമായ കാര്യങ്ങളിൽ ഉദ്ദേശിക്കപ്പെടുന്നവയാണ് ലക്ഷ്യങ്ങൾ (മഖാസ്വിദുകൾ). അതിലേക്ക് എത്തിക്കുന്നവയാണ് മാർഗ്ഗങ്ങൾ (വസീലകൾ).
അതിനാൽ മാർഗ്ഗങ്ങൾക്ക് ലക്ഷ്യങ്ങളുടെ വിധിയാണുള്ളത്. ഹലാലിലേക്കുള്ള മാർഗ്ഗം ഹലാലും, ഹറാമിലേക്കുള്ള മാർഗ്ഗം ഹറാമുമാണ്.
അദ്ദേഹം പറഞ്ഞു: ‘ഏഴാമത്തേത്: ഒരേ കർമ്മം തന്നെ ഒരാൾക്ക് പ്രതിഫലമായും മറ്റൊരാൾക്ക് നഷ്ടമായും ഭവിക്കും’. കാരണം കർമ്മത്തിന്റെ രൂപത്തിൽ അവർ രണ്ടുപേരും പങ്കുചേരുന്നു, എന്നാൽ അവരുടെ നിയ്യത്തുകളിൽ അവർ വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ട് പേർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദിനായി പുറപ്പെടുന്നു. അവരിലൊരാൾ അല്ലാഹുവിന്റെ വചനം ഉയർത്താൻ ഉദ്ദേശിക്കുന്നു. മറ്റൊരാൾ പ്രശസ്തിയും പേരും ഉദ്ദേശിക്കുന്നു. അപ്പോൾ ഒന്നാമൻ നേടിയെടുക്കുന്നത് രണ്ടാമൻ നേടിയെടുക്കുന്നതിൽ നിന്നും വ്യത്യസ്തമായിരിക്കും. അതിനാൽ ഒന്നാമന് പ്രതിഫലവും തൗഫീഖും ലഭിക്കും, രണ്ടാമനാകട്ടെ നഷ്ടവും (പ്രതിഫലം തടയപ്പെടലും) കൈവിട്ടുപോകലുമാണ് ഉണ്ടാകുക.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘എട്ടാമത്തേത്: കാര്യങ്ങൾ വ്യക്തമാക്കാനും വിശദീകരിക്കാനുമായി പണ്ഡിതന്മാർ ഉദാഹരണങ്ങൾ നൽകൽ’. അറിവ് വ്യക്തമാക്കിക്കൊടുക്കുന്ന രീതികളിൽ പെട്ടതാണ് സംസാരം വ്യക്തമാകുന്ന ഉദാഹരണങ്ങൾ നൽകൽ. കർമ്മത്തിലും കർമ്മം ചെയ്യുന്നവനിലും നിയ്യത്തുണ്ടാക്കുന്ന സ്വാധീനം പരാമർശിച്ചപ്പോൾ നബി ﷺ ഹിജ്റയെ ഉദാഹരണമായി നൽകിയത് പോലെ; വ്യക്തമാക്കാനും വിശദീകരിക്കാനും അത് സഹായകമാകുന്നതിന് വേണ്ടിയാണത്.
മറ്റു കാര്യങ്ങൾക്ക് പകരം ഹിജ്റയെത്തന്നെ ഉദാഹരണമായി നൽകാൻ നബി ﷺ തിരഞ്ഞെടുത്തു; കാരണം ഹിജ്റ – ഒരു വ്യക്തി തന്റെ നാട് ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പോകൽ – അറബികൾക്കിടയിൽ വെറുക്കപ്പെട്ട കാര്യമായിരുന്നു, അവർക്കത് പരിചിതമായിരുന്നില്ല. അറബികൾ തങ്ങളുടെ നാടിനോട് കടുത്ത അടുപ്പമുള്ളവരാണ്. ശത്രുക്കൾ കീഴടക്കുകയോ അല്ലെങ്കിൽ വസന്തകാലത്ത് പുല്ല് അന്വേഷിച്ചോ അല്ലാതെ അവർ അതിൽ നിന്നും പുറത്തുപോകില്ല. അത് കഴിഞ്ഞാൽ അവർ തങ്ങളുടെ ജന്മസ്ഥലത്തേക്കും നാട്ടിലേക്കും മടങ്ങിവരും. പിന്നീട് ഇസ്‌ലാം വന്നപ്പോൾ, മുസ്ലിംകളോട് തങ്ങളുടെ നാടുകളിൽ നിന്ന് മറ്റ് നാടുകളിലേക്ക് പുറപ്പെടാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ ഇതുമുണ്ടായിരുന്നു. ഇത് അത്ര പരിചയമില്ലാത്ത അറബികളുടെ മനസ്സുകൾക്ക് പ്രയാസമുള്ള കാര്യമായിരുന്നു. അതിനാൽ അതിന്റെ മഹത്വം ബോധ്യപ്പെടുത്താനും അതിലേക്ക് പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് നബി ﷺ ഹിജ്റയെ ഉദാഹരണമായി നൽകിയത്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘ഒമ്പതാമത്തേത്: അല്ലാഹുവിലേക്കും അവന്റെ റസൂൽ ﷺ യിലേക്കും ഹിജ്റ ചെയ്യുന്നതിന്റെ ശ്രേഷ്ഠത’. കാരണം നബി ﷺ അതിനുള്ള പ്രതിഫലത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “എതൊരാളുടെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാണോ, എന്നാൽ അയാളുടെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാകുന്നു”. കർമ്മത്തെത്തന്നെയാണ് പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ളത്.
അവ രണ്ടും തമ്മിലുള്ള വ്യത്യാസം: ഒന്നാമത്തേത്: കർമ്മമാണ്. രണ്ടാമത്തേത്: പ്രതിഫലമാണ്.
അതായത് ഏതൊരാളുടെ ഹിജ്റ ഒരു കർമ്മമെന്ന നിലക്ക് അല്ലാഹുവിലേക്കും അവന്റെ റസൂൽ ﷺ യിലേക്കുമാണോ; അയാളുടെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ഒരു പ്രതിഫലവും കൂലിയുമാകുന്നു.
അവ രണ്ടും തമ്മിൽ യോജിപ്പിച്ചു (ഒരേ രൂപത്തിലാക്കി) പറഞ്ഞിരിക്കുന്നു; പ്രതിഫലം ഉറപ്പായും ലഭിക്കുമെന്ന് സ്ഥിരീകരിക്കാൻ വേണ്ടിയാണിത്. അതായത്, പ്രതിഫലത്തിന്റെ പേര് കർമ്മത്തിന്റെ പേരായിത്തന്നെ നൽകിയിരിക്കുന്നു, അല്ലാഹുവിങ്കൽ നിന്നും അതിനുള്ള പ്രതിഫലം ഉറപ്പായുമുള്ളതാണ് എന്ന് അറിയിക്കാൻ വേണ്ടിയാണിത്.
- സ്വഹീഹുൽ ബുഖാരി – 1, സ്വഹീഹു മുസ്‌ലിം – 1907 ↩︎

