الحَدِيثُ الثَّانِي عَنْ أُمِّ المُؤْمِنِينَ أُمِّ عَبْدِ اللهِ عَائِشَةَ بِنْتِ أَبِي بَكْرِ القُرَشِيَّةِ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدُّ». رَوَاهُ الْبُخَارِيُّ وَمُسْلِمٌ. وَفِي رِوَايَةٍ لِمُسْلِمٍ: «مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا؛ فَهُوَ رَدُّ»، وَقَدْ عَلَّقَهَا الْبُخَارِيُّ.
ഖുറൈശി ഗോത്രക്കാരിയും, അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന്റെ മകളുമായ സത്യവിശ്വാസികളുടെ മാതാവ് ഉമ്മു അബ്ദില്ലാഹ് ആയിശ رَضِيَ اللَّهُ عَنْهَا വിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിൽ പെടാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്”. ഇത് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിരിക്കുന്നു. മുസ്‌ലിമിന്റെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: “നമ്മുടെ കൽപ്പനയില്ലാത്ത ഒരു കർമ്മം ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്”. ഇമാം ബുഖാരി ഇത് മുഅല്ലഖായി നിവേദനം ചെയ്തിട്ടുണ്ട്.1
ശൈഖ് സ്വാലിഹ് അൽ-ഉസൈമി:
രചയിതാവ് ഇവിടെ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായി എണ്ണപ്പെടുന്ന നാല് ഹദീസുകളിൽ നിന്നുള്ള ‘രണ്ടാമത്തെ ഹദീസ്’ പരാമർശിച്ചു. അത് ആയിശ رَضِيَ اللَّهُ عَنْهَا വിന്റെ ഹദീസാണ്; അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “നമ്മുടെ ഈ കാര്യത്തിൽ അതിൽ പെടാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ…” എന്ന് തുടങ്ങുന്ന ഹദീസ്. ‘ഇത് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിരിക്കുന്നു’, അതിനാൽ ഇത് മുത്തഫഖുൻ അലൈഹിയാണ്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘മുസ്‌ലിമിന്റെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: “നമ്മുടെ കൽപ്പനയില്ലാത്ത ഒരു കർമ്മം ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്”. ഇമാം ബുഖാരി ഇത് മുഅല്ലഖായി നിവേദനം ചെയ്തിട്ടുണ്ട്.’ അതായത് മുഅല്ലഖ് എന്ന രൂപത്തിലാണ് അദ്ദേഹം അത് നിവേദനം ചെയ്തത്.
മുഹദ്ദിസുകളുടെ സങ്കേതത്തിൽ ‘മുഅല്ലഖ്’ എന്നാൽ, ഒരു നിവേദക പരമ്പരയുടെ തുടക്കത്തിൽ നിന്ന് ഗ്രന്ഥകർത്താവിന് മുകളിലുള്ള ഒന്നോ അതിലധികമോ നിവേദകർ ഒഴിവാക്കപ്പെട്ടതിനാണ് പറയുക.
ഉദാഹരണത്തിന്: നിവേദനം ചെയ്യപ്പെട്ട ഹദീസുകളിൽ പെട്ടതാണ് നാം മുമ്പ് പരാമർശിച്ച «إِنَّمَا الأَعْمَالُ بِالنَّيَّاتِ» എന്ന ഹദീസ്. ഈ ഹദീസ് ഇമാം ബുഖാരി നിവേദനം ചെയ്ത് ഇപ്രകാരം പറഞ്ഞു: അൽ-ഹുമൈദി അബ്ദുല്ലാഹിബ്നു സുബൈർ ഞങ്ങളോട് സംസാരിച്ചു, സുഫ്‌യാനുബ്നു ഉയയ്ന ഞങ്ങൾക്ക് വിവരിച്ചുതന്നു, യഹ്‌യബ്നു സഈദ് അൽ-അൻസ്വാരിയിൽ നിന്ന്, മുഹമ്മദുബ്നു ഇബ്റാഹീമിൽ നിന്ന്, അൽഖമത്തുബ്നു വഖാസ്വിൽ നിന്ന്, ഉമർ ബിൻ അൽ-ഖത്താബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്; അദ്ദേഹം മിമ്പറിൽ വെച്ച് റസൂൽ ﷺ ഇപ്രകാരം പറയുന്നത് കേട്ടു: “കർമ്മങ്ങൾ നിയ്യത്തുകളുടെ അടിസ്ഥാനത്തിലാണ്…”. ഈ ഹദീസ് ബുഖാരിയിൽ ആദ്യഭാഗത്ത് ഈ നിവേദക പരമ്പരയോടെയാണ് വന്നിട്ടുള്ളത്.
ഇമാം ബുഖാരി തന്റെ ശൈഖിനെ ഒഴിവാക്കിക്കൊണ്ട്: “സുഫ്‌യാനുബ്നു ഉയയ്ന പറഞ്ഞു…” എന്ന് പറഞ്ഞ് ഹദീസ് കൊണ്ടുവന്നാൽ; ആ ഹദീസ് മുഅല്ലഖ് ആയിത്തീരുന്നതാണ്.
ഇനി അദ്ദേഹം തന്റെ ശൈഖിനെയും ശൈഖിന്റെ ശൈഖിനെയും ഒഴിവാക്കിയാലും അതിന് ‘മുഅല്ലഖ്’ എന്ന് തന്നെ പറയപ്പെടും.
അതുപോലെ എല്ലാ നിവേദകരെയും ഒഴിവാക്കിക്കൊണ്ട്: “നബി ﷺ പറഞ്ഞു” എന്ന് പറഞ്ഞാലും ഇതിന് ‘മുഅല്ലഖായ ഹദീസ്’ എന്ന് പറയപ്പെടും.
മുഅല്ലഖായ ഹദീസ് പരാമർശിക്കപ്പെട്ടാൽ അതിന്റെ വസ്വ്ൽ ആവശ്യപ്പെടും; അതായത് സനദോടെ നിവേദനം ചെയ്യപ്പെട്ടതായി കണ്ടെത്താൻ ശ്രമിക്കും. ബുഖാരിയുടെ അടുക്കലുള്ള ഈ മുഅല്ലഖായ പദപ്രയോഗം ഇമാം മുസ്‌ലിം തന്റെ പരമ്പരയോടെ നിവേദനം ചെയ്തിട്ടുണ്ട്.
രണ്ട് ശൈഖുമാരിൽ ഒരാളുടെ അടുക്കൽ മൗസൂലായി വരികയും, മറ്റൊരാളുടെ അടുക്കൽ മുഅല്ലഖായി വരികയും ചെയ്താൽ; അതിന് ‘മുത്തഫഖുൻ അലൈഹി’ എന്ന് പറയൽ ശരിയല്ല. മറിച്ച് ‘ഇമാം ബുഖാരി മൗസൂലായി നിവേദനം ചെയ്തു, ഇമാം മുസ്‌ലിം മുഅല്ലഖായി നൽകി’ എന്നോ, അല്ലെങ്കിൽ ‘ഇമാം മുസ്‌ലിം നിവേദനം ചെയ്തു, ഇമാം ബുഖാരി മുഅല്ലഖായി നൽകി’ എന്നോ ആണ് പറയുക.
ഈ അടിസ്ഥാന ഹദീസിൽ ചില വിധികളുണ്ട്:
- ഒന്നാമത്തേത്: മതത്തിൽ പുതിയ കാര്യങ്ങൾ ഉണ്ടാക്കുന്നതിന്റെ നിരോധനം. (ദ)
- രണ്ടാമത്തേത്: ബിദ്അത്തിന്റെ അടിസ്ഥാനത്തിലുള്ള കർമ്മം അത് ചെയ്യുന്നവനിലേക്ക് തന്നെ തള്ളപ്പെടുന്നതാണ്. (ദ)
- മൂന്നാമത്തേത്: ശരീഅത്തിനോട് യോജിക്കാത്ത, മതത്തിൽ പുതുതായി ഉണ്ടാക്കിയ എല്ലാ കാര്യങ്ങളും തള്ളപ്പെടേണ്ടതാണ്. (ല)
- നാലാമത്തേത്: ശരീഅത്തിന്റെ തെളിവുകളിൽ നിന്നോ അല്ലെങ്കിൽ അതിന്റെ പൊതുവായ നിയമങ്ങളിൽ നിന്നോ ഏതൊന്നിന് അനുകൂലമായ സാക്ഷ്യമുണ്ടോ അത് തള്ളപ്പെടേണ്ടതല്ല; മറിച്ച് അത് സ്വീകരിക്കപ്പെടുന്നതാണ്. (ല)
- അഞ്ചാമത്തേത്: നിരോധനം ഫസാദിനെ അനിവാര്യമാക്കുന്നു. (ദ), (ല)
- ആറാമത്തേത്: സൽകർമ്മം മതത്തിൽ കൽപ്പിക്കപ്പെട്ടതല്ലാത്ത രൂപത്തിലാണ് നിർവ്വഹിക്കപ്പെടുന്നതെങ്കിൽ – ഉദാഹരണത്തിന് നിരോധിത സമയങ്ങളിൽ യാതൊരു കാരണവുമില്ലാതെ സുന്നത്ത് നമസ്കരിക്കുക, പെരുന്നാൾ ദിവസം നോമ്പനുഷ്ഠിക്കുക തുടങ്ങിയവ പോലെ – തീർച്ചയായും അത് ബാത്വിലായതാണ്, അത് പരിഗണിക്കപ്പെടുകയില്ല. (ദ)
- ഏഴാമത്തേത്: ന്യായാധിപന്റെ വിധി കാര്യങ്ങളുടെ ആന്തരിക യാഥാർത്ഥ്യത്തെ മാറ്റുകയില്ല; കാരണം അവിടുത്തെ വചനം ഇപ്രകാരമാണ്: «لَيْسَ عَلَيْهِ أَمْرُنَا». (ദ), (ല)
- എട്ടാമത്തേത്: ഫാസിദായ ഒത്തുതീർപ്പ് ബാത്വിലാണ്, അതിന് പകരമായി വാങ്ങിയവ തിരികെ നൽകാൻ അർഹതപ്പെട്ടതുമാണ്; അസീഫിന്റെ ഹദീസിൽ ഉള്ളത് പോലെ. (ദ), (ല)
- ഒമ്പതാമത്തേത്: നിരോധിക്കപ്പെട്ട എല്ലാ കരാറുകളും ബാത്വിലാകലും, അവയുടെ അനന്തരഫലങ്ങൾ ഇല്ലാതാകലും. (ല)
ശൈഖ് സ്വാലിഹ് അൽ-ഉസൈമി:
രചയിതാവ് ഇവിടെ ഈ ഹദീസിൽ അടിസ്ഥാനപരമായി ചില വിധികളുണ്ടെന്ന് പരാമർശിച്ചു:
‘ഒന്നാമത്തേത്: മതത്തിൽ പുതിയ കാര്യങ്ങൾ ഉണ്ടാക്കുന്നതിന്റെ നിരോധനം’. അതായത് മതത്തിൽ പുതുതായി ഉണ്ടാക്കപ്പെട്ടവ ഹറാമാണ്. ഇബ്തിദാഅ് എന്നാൽ ബിദ്അത്ത് ചെയ്യലാണ്. ശരീഅത്തിൽ ബിദ്അത്ത് എന്നാൽ: മതത്തിൽ പെടാത്ത ഒരു കാര്യം, അല്ലാഹുവിലേക്ക് സാമീപ്യം തേടുക എന്ന ലക്ഷ്യത്തോടെ മതത്തിൽ പുതുതായി ഉണ്ടാക്കുന്നതിനാണ് പറയുക.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘രണ്ടാമത്തേത്: ബിദ്അത്തിന്റെ അടിസ്ഥാനത്തിലുള്ള കർമ്മം അത് ചെയ്യുന്നവനിലേക്ക് തന്നെ തള്ളപ്പെടുന്നതാണ്’. അതായത് ആരെങ്കിലും ഒരു കർമ്മം ചെയ്യുകയും അത് ബിദ്അത്തായിത്തീരുകയും ചെയ്താൽ, തീർച്ചയായും അത് അവനിലേക്ക് തന്നെ തള്ളപ്പെടുന്നതാണ്, അത് സ്വീകരിക്കപ്പെടുകയില്ല. അത് അവനിലേക്ക് തള്ളപ്പെടുന്നു എന്നത് രണ്ട് കാര്യങ്ങളെ അറിയിക്കുന്നു:
- അത് ശരിയല്ല എന്നത്; അതിനാൽ അതൊരു ബാത്വിലായ കർമ്മമാണ്.
- അതിന് പ്രതിഫലമില്ല എന്നത്; അതിനാൽ ആ കർമ്മത്തിന് അവന് യാതൊരു പ്രതിഫലവുമോ കൂലിയോ ലഭിക്കുന്നതല്ല.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘മൂന്നാമത്തേത്: ശരീഅത്തിനോട് യോജിക്കാത്ത, മതത്തിൽ പുതുതായി ഉണ്ടാക്കിയ എല്ലാ കാര്യങ്ങളും തള്ളപ്പെടേണ്ടതാണ്’. അതായത് ശരീഅത്തിനോട് യോജിക്കാത്ത മതത്തിലെ ഓരോ പുതിയ കാര്യവും തള്ളപ്പെടേണ്ടതാണ്, സ്വീകരിക്കപ്പെടുന്നതല്ല. ‘അത് ശരീഅത്തിനോട് യോജിക്കുന്നില്ല’ എന്നതിന്റെ അർത്ഥം; അത് അതിന്റെ അടിസ്ഥാനങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും മടങ്ങുന്നില്ല എന്നാണ്. അങ്ങനെ വരുമ്പോൾ ആ പുതിയ കാര്യത്തിന്റെ രൂപത്തിൽ മാത്രമായിരിക്കും പുതുമയുള്ളത്, കർമ്മത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല; ഉദാഹരണത്തിന് ഖുർആൻ ഒരു മുസ്വ്ഹഫിൽ ക്രോഡീകരിച്ചത് പോലെ. കാരണം ഖുർആൻ ഒരു മുസ്വ്ഹഫിൽ ക്രോഡീകരിക്കുന്നത് നബി ﷺ യുടെ കാലത്ത് ഉണ്ടായിരുന്നില്ല, മുസ്വ്ഹഫ് നബി ﷺ യുടെ കാലത്തിന് ശേഷമാണ് ഉണ്ടായത്. ഇതിൽ നിന്നാണ് ഇമാം അദ്ദഹബി പറഞ്ഞത്: “മുസ്വ്ഹഫിനെക്കുറിച്ച് പരാമർശമുള്ള എല്ലാ ഹദീസുകളും സ്വഹീഹല്ല”. കാരണം നബി ﷺ യുടെ കാലത്തിന് ശേഷം മാത്രമാണ് അത് ഉണ്ടായത്. ഖുർആൻ മുസ്വ്ഹഫിൽ ക്രോഡീകരിക്കുന്നത് മതത്തെയും വിജ്ഞാനത്തെയും സംരക്ഷിക്കുക എന്ന അടിസ്ഥാനത്തിലേക്കാണ് മടങ്ങുന്നത്. അതിനാൽ ആ സന്ദർഭത്തിൽ അതൊരു ബിദ്അത്തായി മാറുകയില്ല.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘നാലാമത്തേത്: ശരീഅത്തിന്റെ തെളിവുകളിൽ നിന്നോ അല്ലെങ്കിൽ അതിന്റെ പൊതുവായ നിയമങ്ങളിൽ നിന്നോ ഏതൊന്നിന് അനുകൂലമായ സാക്ഷ്യമുണ്ടോ അത് തള്ളപ്പെടേണ്ടതല്ല; മറിച്ച് അത് സ്വീകരിക്കപ്പെടുന്നതാണ്’. അതിനാൽ വ്യക്തമായി ശരീഅത്തിലേക്ക് മടങ്ങുന്നതോ, അല്ലെങ്കിൽ അതിന്റെ അടിസ്ഥാനങ്ങളും നിയമങ്ങളും സാക്ഷ്യം വഹിക്കുന്നതോ ആയ ഒരു കാര്യത്തെക്കുറിച്ച് അത് തള്ളപ്പെടേണ്ടതാണ് എന്ന് മുത്വ്‌ലഖായി പറയാൻ പാടില്ല; മറിച്ച് അത് സ്വീകരിക്കപ്പെടുന്നതാണ്. മുസ്വ്ഹഫ് ക്രോഡീകരിക്കുന്നതുമായി ബന്ധപ്പെട്ട് നാം പരാമർശിച്ചത് പോലെ അത് സ്വീകരിക്കപ്പെടുന്നതാണ്; അതായത് അത് ശരിയാകുകയും ആ മുസ്വ്ഹഫ് ക്രോഡീകരിക്കാൻ പരിശ്രമിച്ചവന് പ്രതിഫലം ലഭിക്കുകയും ചെയ്യുന്നതാണ്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘അഞ്ചാമത്തേത്: നിരോധനം ഫസാദിനെ അനിവാര്യമാക്കുന്നു’. അതായത് ശരീഅത്ത് നഹ്‌യ് (നിരോധനം) ചെയ്ത ഒരു കാര്യം ഫാസിദാണ്.
ഇത് ബാധകമാകുന്നത്: നിരോധിക്കപ്പെട്ട കാര്യത്തിന് പുറത്തുള്ള മറ്റൊരു കാര്യത്തിലേക്ക് അത് മടങ്ങാതിരിക്കുമ്പോഴാണ്.
നിരോധനത്തിന് നാല് ബന്ധങ്ങളാണുള്ളത്:
- ആ കാര്യം തന്നെ.
- അതിന്റെ നിബന്ധന.
- അതിനോട് ചേർന്നുനിൽക്കുന്ന വിശേഷണം.
- അതിനോട് അനുബന്ധിച്ചുള്ള, അതിന് പുറത്തുള്ള കാര്യം.
നിരോധനം ഇതിലെ ആദ്യത്തെ മൂന്ന് കാര്യങ്ങളിൽ ഒന്നിലേക്കാണ് മടങ്ങുന്നതെങ്കിൽ അത് ഫസാദിനെ അറിയിക്കുന്നു. എന്നാൽ നാലാമത്തെ കാര്യത്തിലേക്കാണ് മടങ്ങുന്നതെങ്കിൽ അത് ഫസാദിനെ അനിവാര്യമാക്കുന്നില്ല.
ഉദാഹരണത്തിന്: നബി ﷺ യുടെ വചനം: “നിങ്ങളിലൊരാൾക്ക് അശുദ്ധിയുണ്ടായാൽ അവൻ വുദൂഅ് ചെയ്യുന്നത് വരെ അവന്റെ നമസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല”. ഈ നിരോധനത്തിന്റെ ബന്ധം നമസ്കാരത്തിന്റെ നിബന്ധനയുമായാണ്. അതിനാൽ വുദൂഅ് ഇല്ലാതെ ആരെങ്കിലും നമസ്കരിച്ചാൽ അവന്റെ നമസ്കാരം ബാത്വിലാണ്; കാരണം നിരോധനം ഫസാദിനെ അനിവാര്യമാക്കുന്നു.
മറ്റൊരു ഉദാഹരണം: പുരുഷന്മാർ പട്ടു വസ്ത്രവും സ്വർണ്ണവും ധരിക്കുന്നത് നബി ﷺ നിരോധിച്ചിരിക്കുന്നു. ഇത് മുത്തഫഖുൻ അലൈഹിയാണ്. ഒരാൾ തലയിൽ പട്ടിന്റെ തലപ്പാവ് ധരിച്ചുകൊണ്ട് നമസ്കരിച്ചാൽ അവന്റെ നമസ്കാരം ശരിയാണ്; കാരണം ഈ നിരോധനം ബന്ധപ്പെട്ടിരിക്കുന്നത് ആ കർമ്മത്തിന്റെ അസ്തിത്വത്തിനോ അതിന്റെ നിബന്ധനയ്ക്കോ അതിനോട് ചേർന്നുനിൽക്കുന്ന വിശേഷണത്തിനോ പുറത്തുള്ള ഒരു കാര്യവുമായാണ്.
ഉസ്വൂൽ പണ്ഡിതന്മാർക്കിടയിലെ നിരോധനം ഫസാദിനെ അനിവാര്യമാക്കുന്നു എന്ന് വിളിക്കപ്പെടുന്ന വലിയൊരു വിഷയത്തിലെ സംസാരത്തിന്റെ ചുരുക്കമാണിത്. നാം പരാമർശിച്ചത് പോലെ നിരോധനത്തിന് നാല് ബന്ധങ്ങളുണ്ടെന്നതാണ് ഇതിന്റെ വിശദീകരണം. അവയിൽ മൂന്നെണ്ണത്തിലേക്കാണ് അത് മടങ്ങുന്നതെങ്കിൽ അത് ഫസാദിനെ അറിയിക്കുന്നു. എന്നാൽ നാലാമത്തേതിലേക്കാണ് അത് മടങ്ങുന്നതെങ്കിൽ അത് ഫസാദിനെ അറിയിക്കുന്നില്ല.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘ആറാമത്തേത്: സൽകർമ്മം മതത്തിൽ കൽപ്പിക്കപ്പെട്ടതല്ലാത്ത രൂപത്തിലാണ് നിർവ്വഹിക്കപ്പെടുന്നതെങ്കിൽ – ഉദാഹരണത്തിന് നിരോധിത സമയങ്ങളിൽ യാതൊരു കാരണവുമില്ലാതെ സുന്നത്ത് നമസ്കരിക്കുക, പെരുന്നാൾ ദിവസം നോമ്പനുഷ്ഠിക്കുക തുടങ്ങിയവ പോലെ – തീർച്ചയായും അത് ബാത്വിലായതാണ്, അത് പരിഗണിക്കപ്പെടുകയില്ല’. അതായത്, ഒരു ദാസൻ മതനിയമങ്ങൾക്ക് വിധേയമായി നിർവ്വഹിക്കുന്നത് വരെ ആ സൽകർമ്മം ശരിയാകുകയോ സ്വീകരിക്കപ്പെടുകയോ ഇല്ല.
ശരീഅത്ത് നിരോധിച്ച കാര്യങ്ങളിൽ പെട്ടതാണ്: യാതൊരു കാരണവുമില്ലാതെ നിരോധിത സമയങ്ങളിൽ നമസ്കരിക്കൽ – പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ വെച്ച് ഏറ്റവും ശരിയായ അഭിപ്രായപ്രകാരം -. എന്നാൽ അതിന് വല്ല കാരണവുമുണ്ടെങ്കിൽ – ഒരാൾ വുദൂഅ് ചെയ്യുകയും വുദൂഇന്റെ കാരണത്താൽ നമസ്കരിക്കാൻ ഉദ്ദേശിക്കുകയും ചെയ്താലോ, അല്ലെങ്കിൽ നിരോധിത സമയത്ത് പള്ളിയിൽ പ്രവേശിക്കുകയും ഇരിക്കാൻ ഉദ്ദേശിച്ചുകൊണ്ട് തഹിയ്യത്തുൽ മസ്ജിദ് നമസ്കരിക്കുകയോ ചെയ്താൽ – അത് ശരിയാണ്. രണ്ട് അഭിപ്രായങ്ങളിൽ ഏറ്റവും ശരിയായ അഭിപ്രായപ്രകാരം അവന്റെ നമസ്കാരം ശരിയാകുകയും അവന് കുറ്റമില്ലാതിരിക്കുകയും ചെയ്യും.
അതുപോലെത്തന്നെയാണ്: പെരുന്നാൾ ദിവസം നോമ്പനുഷ്ഠിക്കൽ. പെരുന്നാൾ ദിവസം നോമ്പനുഷ്ഠിക്കുന്നത് നിരോധിക്കപ്പെട്ടതാണ്. ആരെങ്കിലും അന്ന് നോമ്പനുഷ്ഠിച്ചാൽ അവൻ ചെയ്ത ആ കർമ്മം ബാത്വിലായതും പരിഗണിക്കപ്പെടാത്തതുമാണ്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘ഏഴാമത്തേത്: ന്യായാധിപന്റെ വിധി കാര്യങ്ങളുടെ ആന്തരിക യാഥാർത്ഥ്യത്തെ മാറ്റുകയില്ല; കാരണം അവിടുത്തെ വചനം ഇപ്രകാരമാണ്: «لَيْسَ عَلَيْهِ أَمْرُنَا»’. അതായത് ന്യായാധിപന്റെ വിധി ശരീഅത്തിന്റെ വിധിയെ മാറ്റുകയില്ല. ശരീഅത്ത് ബാത്വിലാണെന്ന് വിധിച്ച ഒരു കാര്യം ആ അവസ്ഥയിൽ നിന്ന് പുറത്തുപോകുന്നതല്ല.
ഒരു തർക്കത്തിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ന്യായാധിപൻ – അദ്ദേഹം ഭരണാധികാരിയുടെ പ്രതിനിധിയാണ് – വിധി കൽപ്പിക്കുകയും, വിധി ലഭിച്ച വ്യക്തിക്ക് അതിൽ തനിക്ക് യാതൊരു അവകാശവുമില്ലെന്ന് അറിയുകയും ചെയ്താൽ; ആ സന്ദർഭത്തിൽ അതിൽ അവൻ നടത്തുന്ന ക്രയവിക്രയങ്ങൾ ബാത്വിലായിരിക്കും. കാരണം ന്യായാധിപന്റെ വിധി ശരീഅത്തിന്റെ വിധിയെ മാറ്റുകയില്ല.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘എട്ടാമത്തേത്: ഫാസിദായ ഒത്തുതീർപ്പ്’ – അതായത് ശരീഅത്തിന് എതിരായുള്ളത് – ‘ബാത്വിലാണ്, അതിന് പകരമായി വാങ്ങിയവ തിരികെ നൽകാൻ അർഹതപ്പെട്ടതുമാണ്’. അതായത് ഒത്തുതീർപ്പിന് പകരമായി വാങ്ങിയ സമ്പത്ത് തിരികെ നൽകൽ നിർബന്ധമാണ്. അദ്ദേഹം പറഞ്ഞു: ‘അസീഫിന്റെ ഹദീസിൽ ഉള്ളത് പോലെ’. അസീഫ് എന്നാൽ കൂലിക്കാരൻ. ഒരു വ്യക്തിയുടെ അടുക്കൽ കൂലിക്കാരനായി നിന്ന തന്റെ മകൻ ആ വ്യക്തിയുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും, തുടർന്ന് പിതാവ് നൂറ് ഒട്ടകങ്ങളെ നൽകി മകന് വേണ്ടി പ്രായശ്ചിത്തം നൽകുകയും ചെയ്ത സംഭവമാണിത്. പിന്നീട് അവർക്കിടയിൽ നടന്ന ഈ ഒത്തുതീർപ്പിനെ നബി ﷺ ബാത്വിലാക്കി; കാരണം അത് ശരീഅത്തിന് എതിരായിരുന്നു.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘ഒമ്പതാമത്തേത്: നിരോധിക്കപ്പെട്ട എല്ലാ കരാറുകളും ബാത്വിലാകലും, അവയുടെ അനന്തരഫലങ്ങൾ ഇല്ലാതാകലും’. അതായത് ശരീഅത്ത് നിരോധിച്ച എല്ലാ കരാറുകളും ബാത്വിലാണ്, അതിനെ തുടർന്നുണ്ടാകുന്ന കാര്യങ്ങളും ബാത്വിലാണ്.
ഈ ഹദീസ് വിജ്ഞാനത്തിലെ രണ്ട് അധ്യായങ്ങളിലെ അടിസ്ഥാനമാണ്:
- പുതുതായി ഉണ്ടാക്കപ്പെട്ട ബിദ്അത്തുകളെ തള്ളിക്കളയൽ.
- സംഭവിക്കുന്ന മുൻകറുകളെ അസാധുവാക്കൽ.
അതിനാൽ ബിദ്അത്തുകളെ അസാധുവാക്കുന്നതിലും, മുൻകറുകളെ തടയുന്നതിലുമുള്ള ശരീഅത്തിന്റെ വാളാണിത്.
- സ്വഹീഹുൽ ബുഖാരി – 2697, സ്വഹീഹു മുസ്‌ലിം – 1718 ↩︎

