الحَدِيثُ الثَّالِثُ عَنْ أَبِي عَبْدِ اللَّهِ النُّعْمَانِ بْنِ بَشِيرٍ الأَنْصَارِيِّ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «إِنَّ الحَلَالَ بَيِّنٌ، وَإِنَّ الحَرَامَ بَيِّنٌ، وَبَيْنَهُمَا مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الحَرَامِ كَالرَّاعِي يَرْعَى حَوْلَ الحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمَى، أَلَا وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلَا وَإِنَّ فِي الجَسَدِ مُضْغَةً؛ إِذَا صَلَحَتْ صَلَحَ الجَسَدُ كُلُّهُ، وَإِذَا فَسَدَت فَسَدَ الجَسَدُ كُلُّهُ، أَلَا وَهِيَ القَلْبُ». رَوَاهُ البُخَارِيُّ وَمُسْلِمٌ، وَاللَّفْظُ لَهُ.
അബൂ അബ്ദില്ലാഹ് അന്നഅ്മാൻ ബിൻ ബഷീർ അൽ-അൻസ്വാരി رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു: “തീർച്ചയായും ഹലാൽ വ്യക്തമാണ്, ഹറാമും വ്യക്തമാണ്. അവ രണ്ടിനുമിടയിൽ വ്യക്തമല്ലാത്ത കാര്യങ്ങളുണ്ട് (മുശ്തബിഹാത്തുകളുണ്ട്). ജനങ്ങളിൽ അധികപേർക്കും അവയെക്കുറിച്ച് അറിയില്ല. അതിനാൽ ആരെങ്കിലും അവ്യക്തമായ കാര്യങ്ങളെ (ശുബുഹാത്തുകളെ) സൂക്ഷിച്ചാൽ, അവൻ തന്റെ മതത്തെയും അഭിമാനത്തെയും കാത്തുരക്ഷിച്ചു. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളിൽ (ശുബുഹാത്തുകളിൽ) അകപ്പെട്ടാൽ, അവൻ ഹറാമിൽ അകപ്പെട്ടു; വേലിക്കെട്ടിന് ചുറ്റും മേയ്ക്കുന്ന ഇടയനെപ്പോലെ, അവൻ അതിൽ മേയാൻ സാധ്യതയുണ്ട്. അറിയുക, ഓരോ രാജാവിനും ഒരു വേലിക്കെട്ടുണ്ട്. അറിയുക, അല്ലാഹുവിന്റെ വേലിക്കെട്ട് അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക, ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്; അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു. അറിയുക, അതാണ് ഹൃദയം”. ഇത് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിരിക്കുന്നു. പദപ്രയോഗങ്ങൾ ബുഖാരിയിലേതാണ്. 1
ശൈഖ് സ്വാലിഹ് അൽ-ഉസൈമി പറയുന്നു:
നബി ﷺ യുടെ സുന്നത്തിൽ വന്നിട്ടുള്ള, ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായി എണ്ണപ്പെടുന്ന നാല് ഹദീസുകളിൽ നിന്നുള്ള ‘മൂന്നാമത്തെ ഹദീസ്’ ആണിത്. ഇതും ‘ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത’ ഹദീസുകളിൽ പെട്ടതാണ്. അതിനാൽ ഇതൊരു മുത്തഫഖുൻ അലൈഹിയായ ഹദീസാണ്.
ഈ അടിസ്ഥാന ഹദീസിൽ ചില വിധികളുണ്ട്:
- ഒന്നാമത്തേത്: ശരീഅത്തിൽ കാര്യങ്ങളെ വ്യക്തമായ ഹലാൽ, വ്യക്തമായ ഹറാം, അവ രണ്ടിനുമിടയിലുള്ള വ്യക്തമല്ലാത്ത കാര്യം (മുശ്തബിഹ്) എന്നിങ്ങനെ വിഭജിച്ചതിന്റെ വിശദീകരണം. (ദ)
- രണ്ടാമത്തേത്: ഹലാലായ കാര്യങ്ങൾ പ്രവർത്തിക്കുന്നതിലേക്കുള്ള പ്രോത്സാഹനം. (ല)
- മൂന്നാമത്തേത്: അവ്യക്തമായ കാര്യങ്ങൾക്ക് (ശുബുഹാത്തുകൾക്ക്) പ്രത്യേകമായൊരു വിധിയുണ്ട്. ഒരുപാട് പേർക്ക് അത് അജ്ഞാതമാണെങ്കിലും ചിലർക്ക് എത്തിച്ചേരാൻ കഴിയുന്ന ശറഇയായ തെളിവുകൾ അതിനുണ്ട്. (ല), വ്യക്തമല്ലാത്ത കാര്യങ്ങൾ (മുശ്തബിഹായ കാര്യങ്ങൾ) ഒരുപാട് പേർക്ക് അറിയില്ലെങ്കിലും ചിലർ അതിന്റെ തെളിവ് മുഖേന വിധി മനസ്സിലാക്കുന്നതാണ്. (ദ)
- നാലാമത്തേത്: ഹറാമും അവ്യക്തമായ കാര്യങ്ങളും (ശുബുഹാത്തുകളും) വർജ്ജിക്കൽ. (ല), ഹലാലാണെന്ന് ബോധ്യപ്പെടുന്നത് വരെ വ്യക്തമല്ലാത്ത കാര്യങ്ങളെ (മുശ്തബിഹായ കാര്യങ്ങളെ) സമീപിക്കുന്നത് ഉപേക്ഷിക്കൽ. (ദ)
- അഞ്ചാമത്തേത്: നിഷിദ്ധങ്ങളിലേക്ക് നയിക്കുന്ന വഴികളെ അടയ്ക്കൽ; ശരീഅത്തിൽ ഇതിന് ധാരാളം തെളിവുകളുണ്ട്. (ല)
- ആറാമത്തേത്: ഒരാൾ തന്റെ സമ്പാദ്യത്തിലും ഉപജീവനത്തിലും അവ്യക്തമായ കാര്യങ്ങളെ (ശുബുഹാത്തുകളെ) സൂക്ഷിക്കുന്നില്ലെങ്കിൽ അവൻ തന്നെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് സ്വയം വിധേയനാകുന്നു. ഈ ഹദീസ് ജർഹ്-തഅ്ദീൽ നിയമങ്ങളുടെ അടിസ്ഥാനങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. (ല)
- ഏഴാമത്തേത്: മതപരമായ കാര്യങ്ങളെ സംരക്ഷിക്കലും, മാന്യത (മുറൂഅത്ത്) നിലനിർത്തലും. (ല), അവ്യക്തമായ കാര്യങ്ങളെ (ശുബുഹാത്തുകളെ) സൂക്ഷിക്കുന്നതിലൂടെ ഒരു വ്യക്തി ന്യൂനതകളിൽ നിന്ന് തന്റെ മതത്തെയും, വീഴ്ചകളിൽ നിന്നും ആക്ഷേപങ്ങളിൽ നിന്നും തന്റെ അഭിമാനത്തെയും സംരക്ഷിക്കുന്നു. (ദ)
- എട്ടാമത്തേത്: മനുഷ്യൻ വ്യക്തമല്ലാത്ത കാര്യങ്ങളിൽ (മുശ്തബിഹായ കാര്യങ്ങളിൽ) അകപ്പെട്ടാൽ, വ്യക്തമായ ഹറാമുകളിൽ അകപ്പെടാൻ അവന് എളുപ്പമായിത്തീരും. (ദ)
- ഒമ്പതാമത്തേത്: ആന്തരികമായ ആശയങ്ങളെ ഭൗതികമായ കാര്യങ്ങളോട് ഉപമിച്ചുകൊണ്ട് വ്യക്തമാക്കാൻ ഉദാഹരണങ്ങൾ നൽകൽ. (ദ), (ല)
- പത്താമത്തേത്: ഹൃദയത്തിന്റെ മഹത്തായ സ്ഥാനം വ്യക്തമാക്കലും (ദ), (ല), അതിനെ നന്നാക്കിയെടുക്കാനുള്ള പ്രോത്സാഹനവും. (ല), അവയവങ്ങൾ അതിനെ പിന്തുടരുന്നതാണ്, അത് നന്നായാൽ അവയവങ്ങളും നന്നാകും, അത് ദുഷിച്ചാൽ അവയവങ്ങളും ദുഷിക്കും. (ദ), തീർച്ചയായും അത് ശരീരത്തിന്റെ രാജാവാണ്, അത് നന്നാകുന്നതോടെ ശരീരം നന്നാകുന്നു, അത് ദുഷിക്കുന്നതോടെ ശരീരം ദുഷിക്കുന്നു. (ല)
- പതിനൊന്നാമത്തേത്: സമ്പാദ്യത്തിന്റെ പരിശുദ്ധിക്ക് ഹൃദയത്തെ നന്നാക്കുന്നതിൽ സ്വാധീനമുണ്ട്. (ല)
- പന്ത്രണ്ടാമത്തേത്: ബാഹ്യമായ കാര്യങ്ങളിലെ നാശം (ഫസാദ്) ആന്തരികമായ നാശത്തിന്റെ തെളിവാണ്. (ദ)
ശൈഖ് സ്വാലിഹ് അൽ-ഉസൈമി:
ഈ അടിസ്ഥാന ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുള്ള നിരവധി വിധികൾ രചയിതാവ് ഇവിടെ പരാമർശിച്ചു:
അദ്ദേഹം പറഞ്ഞു: ‘ഒന്നാമത്തേത്: ശരീഅത്തിൽ കാര്യങ്ങളെ വ്യക്തമായ ഹലാൽ, വ്യക്തമായ ഹറാം, അവ രണ്ടിനുമിടയിലുള്ള വ്യക്തമല്ലാത്ത കാര്യം (മുശ്തബിഹ്) എന്നിങ്ങനെ വിഭജിച്ചതിന്റെ വിശദീകരണം’. ശരീഅത്തിലെ വിധികൾ ഒന്നുകിൽ വെള്ളം ഹലാലായതുപോലെ വ്യക്തമായ ഹലാലായിരിക്കും, അല്ലെങ്കിൽ വ്യഭിചാരം ഹറാമായതുപോലെ വ്യക്തമായ ഹറാമായിരിക്കും. അല്ലെങ്കിൽ അത് വ്യക്തമല്ലാത്ത (മുശ്തബിഹായ) വിധിയായിരിക്കും. വിധികളിലെ ‘മുശ്തബിഹ്’ എന്നാൽ ഹലാലിനും ഹറാമിനും ഇടയിലുള്ളതാണ്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘രണ്ടാമത്തേത്: ഹലാലായ കാര്യങ്ങൾ പ്രവർത്തിക്കുന്നതിലേക്കുള്ള പ്രോത്സാഹനം’. അതായത്, വ്യക്തമായ ഹലാലായിട്ടുള്ള കാര്യങ്ങൾ ചെയ്യാനും അത് ഉപയോഗിക്കാനുമുള്ള കൽപ്പനയാണിത്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘മൂന്നാമത്തേത്: അവ്യക്തമായ കാര്യങ്ങൾക്ക് (ശുബുഹാത്തുകൾക്ക്) പ്രത്യേകമായൊരു വിധിയുണ്ട്. ഒരുപാട് പേർക്ക് അത് അജ്ഞാതമാണെങ്കിലും ചിലർക്ക് എത്തിച്ചേരാൻ കഴിയുന്ന ശറഇയായ തെളിവുകൾ അതിനുണ്ട്…’. അവ്യക്തമായ കാര്യങ്ങളുടെ വിധികൾ പലർക്കും അജ്ഞാതമായിരിക്കുമെന്നും, എന്നാൽ ആളുകൾക്കിടയിൽ അതിന്റെ വിധി അറിയുന്നവരുണ്ടാകുമെന്നും അറിയിക്കുന്നതാണ് ഈ വാക്കുകൾ. കാരണം നബി ﷺ അവയുടെ അജ്ഞതയെക്കുറിച്ച് പരാമർശിച്ചപ്പോൾ ‘ജനങ്ങളിൽ അധികപേർക്കും അവയെക്കുറിച്ച് അറിയില്ല’ എന്നാണ് പറഞ്ഞത്. അതിനാൽ അവരിൽ ഭൂരിഭാഗം പേരിൽ നിന്നും അവിടുന്ന് അറിവിനെ നിഷേധിച്ചു, എന്നാൽ മറ്റു പലരിൽ നിന്നും അവിടുന്ന് അറിവിനെ നിഷേധിച്ചിട്ടില്ല. വ്യക്തമല്ലാത്ത കാര്യങ്ങളെക്കുറിച്ച് അറിവുള്ളവർക്ക് ആ വിധിയുടെ മേലുള്ള അവ്യക്തതയുടെ മറ നീക്കാൻ സഹായിക്കുന്ന വ്യക്തമായ തെളിവുകൾ ലഭിക്കുന്നതാണ്. അങ്ങനെ അവർ അതിന്റെ ഹലാലിലേക്കോ അല്ലെങ്കിൽ ഹറാമിലേക്കോ എത്തിച്ചേരുന്നു.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘നാലാമത്തേത്: ഹറാമും അവ്യക്തമായ കാര്യങ്ങളും (ശുബുഹാത്തുകളും) വർജ്ജിക്കൽ’. അതായത് അവയെ ഉപേക്ഷിക്കുകയും അവയിൽ നിന്നും അകന്നുനിൽക്കുകയും ചെയ്യുക. ഇജ്തിനാബ് എന്നാൽ അകന്നുനിൽക്കലാണ്; അതൊരു നിരോധനവും അതിലുപരിയുമാണ്. കാരണം ഒരു കാര്യത്തിൽ നിന്നും, അതിലേക്ക് എത്തിക്കുന്ന മുഴുവൻ മാർഗ്ഗങ്ങളിൽ നിന്നുമുള്ള നിരോധനമാണ് ഇജ്തിനാബ് എന്നത്. അതുകൊണ്ടാണ് ശരീഅത്തിന്റെ കൽപ്പനകളിൽ ഇജ്തിനാബ് ചെയ്യാനുള്ള കൽപ്പന ധാരാളമായി വന്നിട്ടുള്ളത്. അല്ലാഹുവിന്റെ ഈ വചനം പോലെ:
﴿ وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ﴾
തീർച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും, ത്വാഗൂത്തിനെ നിങ്ങൾ വെടിയുകയും (ഇജ്തിനാബ് ചെയ്യുകയും) ചെയ്യുക എന്ന് കൽപിച്ചുകൊണ്ട്. മറ്റു പല ആയത്തുകളിലും ഇതുപോലെ വന്നിട്ടുണ്ട്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘അഞ്ചാമത്തേത്: നിഷിദ്ധങ്ങളിലേക്ക് നയിക്കുന്ന വഴികളെ അടയ്ക്കൽ; ശരീഅത്തിൽ ഇതിന് ധാരാളം തെളിവുകളുണ്ട്’. ദറാഇഅ് (ذرائع) എന്നാൽ ഒരു കാര്യത്തിലേക്ക് എത്തിക്കുന്ന മാർഗ്ഗങ്ങളാണ് (വസീലകളാണ്). ശരീഅത്തിന്റെ വിധിയനുസരിച്ച് ആ മാർഗ്ഗങ്ങൾ ചിലപ്പോൾ തുറക്കപ്പെടുകയും ചിലപ്പോൾ അടയ്ക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ളത്: മാർഗ്ഗങ്ങളെ അടയ്ക്കുക എന്ന നിയമവുമായി ശരീഅത്ത് വന്നിരിക്കുന്നു എന്നതാണ്. കാരണം, കാര്യങ്ങൾ വ്യക്തമല്ലാത്തവർ അവ്യക്തമായ കാര്യങ്ങളെ (ശുബുഹാത്തുകളെ) സമീപിക്കുന്നത് നബി ﷺ നിരോധിച്ചിരിക്കുന്നു; അവനെ അത് ഹറാമിലേക്ക് വലിച്ചിഴക്കും എന്നതിനാലാണത്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘ആറാമത്തേത്: ഒരാൾ തന്റെ സമ്പാദ്യത്തിലും ഉപജീവനത്തിലും അവ്യക്തമായ കാര്യങ്ങളെ (ശുബുഹാത്തുകളെ) സൂക്ഷിക്കുന്നില്ലെങ്കിൽ അവൻ തന്നെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് സ്വയം വിധേയനാകുന്നു’. അതായത് ഒരു വ്യക്തി അവ്യക്തമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നില്ലെങ്കിൽ, ആളുകൾ അവന്റെ ദീനിലും അഭിമാനത്തിലും ആക്ഷേപം ഉന്നയിക്കുന്നതാണ്. ഇതാണ് നബി ﷺ യുടെ വചനത്തിന്റെ അർത്ഥം: ‘അതിനാൽ ആരെങ്കിലും അവ്യക്തമായ കാര്യങ്ങളെ (ശുബുഹാത്തുകളെ) സൂക്ഷിച്ചാൽ, അവൻ തന്റെ മതത്തെയും അഭിമാനത്തെയും കാത്തുരക്ഷിച്ചു’. അതായത് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് അവൻ സുരക്ഷിതനായി, അങ്ങനെ അവന്റെ മതത്തിൽ യാതൊരു ന്യൂനതയുമുണ്ടാകില്ല. ജനങ്ങളുടെ ഭാഗത്ത് നിന്നും അവൻ സുരക്ഷിതനായി, അങ്ങനെ അവന്റെ അഭിമാനത്തിൽ യാതൊരു ആക്ഷേപവുമുണ്ടാകില്ല. അതിനാൽ നിരന്തരം അവ്യക്തമായ കാര്യങ്ങളിലേക്ക് പോകുന്നവനും അതിലേക്ക് തിരിയുന്നവനും അവന്റെ മതത്തിൽ പരിഹസിക്കപ്പെടാനും അഭിമാനത്തിൽ ആക്ഷേപിക്കപ്പെടാനുമുള്ള സ്ഥാനത്തായിരിക്കും; കാരണം അവൻ തനിക്ക് വ്യക്തമല്ലാത്ത കാര്യങ്ങളെ പരിഗണിക്കാതെ അതിൽ പ്രവേശിച്ചു.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘ഈ ഹദീസ് ജർഹ്-തഅ്ദീൽ നിയമങ്ങളുടെ അടിസ്ഥാനങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു’. അതായത് സൃഷ്ടികൾക്കിടയിൽ ജർഹും തഅ്ദീലും നടപ്പിലാക്കാമെന്നതിന്റെ തെളിവാണിത്. ഒരു ദാസൻ സൂക്ഷ്മത പാലിച്ചാൽ അവൻ തന്റെ അഭിമാനത്തെ കാത്തുരക്ഷിച്ചു എന്ന് നബി ﷺ പറഞ്ഞപ്പോൾ, അവൻ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിക്കുന്നില്ലെങ്കിൽ അവൻ ആക്ഷേപിക്കപ്പെടാനുള്ള സ്ഥാനത്താണെന്ന് അതിൽ നിന്നും മനസ്സിലാക്കാം. ഖിയാമത്ത് നാൾ വരെ ജർഹും തഅ്ദീലും നിലനിൽക്കുമെന്ന് ഖുർആനും സുന്നത്തും ഇജ്മാഉം അറിയിക്കുന്നുണ്ട്. അതിനാൽ ജർഹും തഅ്ദീലും നിവേദകരിൽ മാത്രം പരിമിതമല്ല. മറിച്ച് ഇമാം നവവിയും മറ്റും രേഖപ്പെടുത്തിയ ഇജ്മാഅ് പ്രകാരം, നിവേദകരിലും ഗ്രന്ഥകർത്താക്കളിലും അധ്യാപകരിലുമെല്ലാം ജർഹും തഅ്ദീലും ബാധകമാണ്.
എന്നാൽ ഈ വിഷയം അതിന്റെ ആളുകൾക്കിടയിൽ ചില നിബന്ധനകളുമായി ബന്ധപ്പെട്ടിരിക്കുന്നു: അവയിൽ പ്രധാനപ്പെട്ടത്: ജർഹും തഅ്ദീലും നടത്തുന്ന വ്യക്തി ജർഹിനോ തഅ്ദീലിനോ കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് അറിവുള്ളവനായിരിക്കണം, ഒപ്പം ഉന്നതമായ മതനിഷ്ഠയുള്ളവനുമായിരിക്കണം. കാരണം ചിലപ്പോൾ ജർഹ് അല്ലാത്ത ഒരു കാരണത്താൽ ഒരാൾ ജർഹ് ചെയ്യപ്പെട്ടേക്കാം, അല്ലെങ്കിൽ തഅ്ദീൽ അല്ലാത്ത ഒരു കാരണത്താൽ തഅ്ദീൽ ചെയ്യപ്പെട്ടേക്കാം. മതനിഷ്ഠയോടൊപ്പം ഇവയെക്കുറിച്ച് കൃത്യമായ അറിവുള്ള ഒരാൾക്കല്ലാതെ ഇതിന് സാധിക്കുകയില്ല. കാരണം ജർഹും തഅ്ദീലും നരകത്തിലെ ഗർത്തങ്ങളിൽ നിന്നുള്ള ഒരു ഗർത്തമാണ്. അതിനാൽ ഈ ഗർത്തത്തിലേക്ക് വീഴുന്നതിൽ നിന്നും തന്നെത്തന്നെ തടഞ്ഞുനിർത്താൻ ഉന്നതമായ മതനിഷ്ഠയുള്ള ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.
അവയിൽ പെട്ട മറ്റൊന്ന്: ജർഹിനോ തഅ്ദീലിനോ അവിടെ ആവശ്യമുണ്ടായിരിക്കണം. ആവശ്യമില്ലെങ്കിൽ ജർഹും തഅ്ദീലും അനുവദനീയമാകുകയില്ല. ഉദാഹരണത്തിന്: ഒരാൾ തന്റെ നാട്ടിലുള്ള പലചരക്കുകാരന്റെയും റൊട്ടിക്കാരന്റെയും ഫാർമസിസ്റ്റിന്റെയും അരികിലൂടെ നടന്നുപോകുമ്പോൾ, “ഇയാൾ മജ്റൂഹാണ് (ജർഹ് ചെയ്യപ്പെട്ടവനാണ്), ഇയാൾ മുസക്കയാണ് (തഅ്ദീൽ ചെയ്യപ്പെട്ടവനാണ്), ഇയാൾ മജ്റൂഹാണ്, ഇയാൾ മുസക്കയാണ്…” എന്ന് പറയുന്നത് നിങ്ങൾക്ക് കാണാം; ഇത് ഒരിക്കലും അനുവദനീയമല്ല; കാരണം അവിടെ അതിന്റെ യാതൊരു ആവശ്യവുമില്ല. ജർഹിന്റെയും തഅ്ദീലിന്റെയും ആളുകൾ അതിനെക്കുറിച്ച് സംസാരിച്ചത് ജർഹും തഅ്ദീലും ആവശ്യമുള്ള കാര്യങ്ങളിൽ മാത്രമാണ്, അല്ലാതെ അത് എല്ലാവർക്കും നേരെ എയ്യാനുള്ള അമ്പുകളല്ല.
അവയിൽ പെട്ട മറ്റൊന്ന്: അത് ആവശ്യത്തിന് മാത്രമായിരിക്കണം, അതിൽ കവിയാൻ പാടില്ല. തഅ്ദീൽ ആവശ്യമായി വന്നാൽ ആവശ്യത്തിന് മാത്രം തഅ്ദീൽ ചെയ്യുക, ജർഹ് ആവശ്യമായി വന്നാൽ ആവശ്യത്തിന് മാത്രം ജർഹ് ചെയ്യുക. ആവശ്യത്തിൽ കൂടുതലായാൽ അത് അനുവദനീയമല്ല. പരദൂഷണം എന്നത് അടിസ്ഥാനപരമായി ഹറാമാണ്. അതിൽ നിന്നും ആറ് സാഹചര്യങ്ങളിൽ അത്യാവശ്യമായ കാര്യങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ആ കൂട്ടത്തിൽ പെട്ടതാണ് ജർഹും തഅ്ദീലുമായി ബന്ധപ്പെട്ടവ. എന്നാൽ ഹറാമായ ഒരു കാര്യം അനുവദനീയമാക്കപ്പെടുമ്പോൾ അത് എത്രത്തോളം ആവശ്യമുണ്ടോ അതുമായി മാത്രം ബന്ധപ്പെട്ടതായിരിക്കും, അതിൽ കവിയാൻ പാടില്ല. ഉദാഹരണത്തിന്: ഒരാൾ മറ്റൊരാളെക്കുറിച്ച് ജർഹ് ചെയ്തുകൊണ്ട് സംസാരിക്കുകയും, എന്നിട്ട് “ഇയാളുടെ മുഖം കണ്ടാൽ തന്നെ നിങ്ങൾക്ക് വെറുപ്പ് തോന്നും” എന്ന് പറയുകയും ചെയ്യുന്നു. ഇത് ഒരിക്കലും അനുവദനീയമല്ല; കാരണം ഇതിൽ മുഖത്തിന് യാതൊരു പങ്കുമില്ല. ഈ രൂപത്തിൽ അയാളെ സൃഷ്ടിച്ചത് അല്ലാഹു സബ്ഹാനഹു വതആല യാണ്.
അതിനാൽ അറിവ് അന്വേഷിക്കുന്ന ഒരു വിദ്യാർത്ഥി ഈ വിഷയത്തിന്റെ പരിധികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്.
[മസ്അല]: ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ “ജർഹും തഅ്ദീലും എന്ന് പറയപ്പെടുന്ന ഒന്നില്ല” എന്ന് പറയുന്ന ഒരു ശബ്ദരേഖയുണ്ട്. ശൈഖ് സ്വാലിഹ് അൽ-ലുഹൈദാനും അതുപോലെ പറയുന്നുണ്ട്. ഇതിനെക്കുറിച്ച് അങ്ങ് എന്താണ് പറയുന്നത്?
[മറുപടി]: ഇന്നത്തെ കാലത്ത് ജനങ്ങൾക്കിടയിൽ നടക്കുന്ന ജർഹും തഅ്ദീലുമാണ് അവർ അതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാരണം ഒരു ഫഖീഹിനോ ഖാദിക്കോ “ജർഹും തഅ്ദീലുമില്ല” എന്ന് പറയാൻ ഒരിക്കലും സാധിക്കുകയില്ല. ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ ഫിഖ്ഹിലെ ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നവരാണ്. നിങ്ങൾ ബാങ്കിന്റെ അധ്യായത്തിൽ വന്നാൽ മുഅദ്ദിൻ അദ്ൽ (നീതിമാൻ) ആയിരിക്കണം എന്ന് അവർ നിബന്ധന വെക്കുന്നുണ്ട്. ഒരു ജർഹോ തഅ്ദീലോ ഇല്ലാതെ നമുക്ക് അദാലത്ത് അറിയാൻ സാധിക്കുകയില്ല. ഫിഖ്ഹിലെ വിവിധ അധ്യായങ്ങളിൽ ജർഹും തഅ്ദീലുമുണ്ട്. അതുപോലെ ശൈഖ് സ്വാലിഹ് അൽ-ലുഹൈദാൻ ഒരു ന്യായാധിപനായിരുന്നു. ന്യായാധിപന്മാർക്കിടയിൽ സാക്ഷികളെ ജർഹ് ചെയ്യലും തഅ്ദീൽ ചെയ്യലുമുണ്ട്. അതുപോലെ ന്യായാധിപ പദവിയുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളിലെ മറ്റു മേഖലകളിലുമുണ്ട്. അതിനാൽ പ്രത്യേകമായ ജർഹും തഅ്ദീലുമാണ് അവർ ഉദ്ദേശിക്കുന്നത്; അതായത് ജനങ്ങൾക്കിടയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ജർഹും തഅ്ദീലും. കാരണം ഇന്ന് അവയിൽ മിക്കതും പരിഗണിക്കപ്പെടുകയോ അവലംബിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇത് മനസ്സിലാക്കിയവൻ കാര്യങ്ങളെ അതിന്റെ സ്ഥാനത്ത് നിർത്തുന്നതാണ്.
സത്യം എന്നത് രണ്ട് തിന്മകൾക്കിടയിലുള്ള ഒരു നന്മയും, രണ്ട് അറ്റങ്ങൾക്കിടയിലുള്ള ഒരു മധ്യമാർഗ്ഗവും, രണ്ട് വഴികേടുകൾക്കിടയിലുള്ള ഒരു സന്മാർഗ്ഗവുമാണ്. അല്ലാഹു ഇതിലേക്ക് ആരെ വഴിനടത്തിയോ അവന് സത്യത്തിലേക്ക് തൗഫീഖ് ലഭിച്ചു. ഈ ആശയങ്ങൾ ആർക്ക് നഷ്ടപ്പെട്ടുവോ അവൻ വഴികേടുകളിൽ അകപ്പെടുകയും ചെയ്തു.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘ഏഴാമത്തേത്: മതപരമായ കാര്യങ്ങളെ സംരക്ഷിക്കലും, മാന്യത (മുറൂഅത്ത്) നിലനിർത്തലും’. അതായത് ഹലാലിന്റെയും ഹറാമിന്റെയും പരിധികൾ അറിഞ്ഞുകൊണ്ട് ഓരോ വ്യക്തിയും തന്റെ മതത്തെ സംരക്ഷിക്കൽ നിർബന്ധമാണ്. അതുപോലെ മാന്യത നിലനിർത്താൻ ശ്രദ്ധിക്കലും നിർബന്ധമാണ്. മുറൂഅത്ത് എന്നാൽ ഒരാളെ ഭംഗിയാക്കുന്നതും അലങ്കരിക്കുന്നതുമായ കാര്യങ്ങൾ ഉപയോഗിക്കലും, അവനെ മലിനമാക്കുന്നതും വിരൂപമാക്കുന്നതുമായ കാര്യങ്ങളെ വെടിയലുമാണ്; അൽ-മജ്ദ് ഇബ്നു തൈമിയ്യ അൽ-ജദ്ദ്, അദ്ദേഹത്തിന്റെ പൗത്രൻ അബുൽ അബ്ബാസ് അഹ്മദ് ബിൻ അബ്ദുൽ ഹലീം ഇബ്നു തൈമിയ്യ رَحِمَهُمَا اللَّهُ എന്നിവർ ഇത് പരാമർശിച്ചിട്ടുണ്ട്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘അവ്യക്തമായ കാര്യങ്ങളെ സൂക്ഷിക്കുന്നതിലൂടെ ഒരു വ്യക്തി ന്യൂനതകളിൽ നിന്ന് തന്റെ മതത്തെയും, വീഴ്ചകളിൽ നിന്നും ആക്ഷേപങ്ങളിൽ നിന്നും തന്റെ അഭിമാനത്തെയും സംരക്ഷിക്കുന്നു’.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘എട്ടാമത്തേത്: മനുഷ്യൻ വ്യക്തമല്ലാത്ത കാര്യങ്ങളിൽ (മുശ്തബിഹായ കാര്യങ്ങളിൽ) അകപ്പെട്ടാൽ, വ്യക്തമായ ഹറാമുകളിൽ അകപ്പെടാൻ അവന് എളുപ്പമായിത്തീരും’. അതായത് അവ്യക്തമായ കാര്യങ്ങളുടെ മറ നീക്കിയവൻ ഹറാമിൽ അകപ്പെട്ടു. കാരണം ഹറാമിൽ അകപ്പെടുന്നതിൽ നിന്നും ദാസനെ തടഞ്ഞുനിർത്താനുള്ള ഒരു വേലിയായിട്ടാണ് അവ്യക്തമായ കാര്യങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ ഹലാലിനും ഹറാമിനും ഇടയിലുള്ള വ്യക്തമല്ലാത്ത കാര്യങ്ങളുടെ മറ അവൻ ഭേദിച്ചാൽ, വ്യക്തമായ ഹറാമിൽ അകപ്പെടാൻ അവന് എളുപ്പമായിത്തീരും.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘ഒമ്പതാമത്തേത്: ആന്തരികമായ ആശയങ്ങളെ ഭൗതികമായ കാര്യങ്ങളോട് ഉപമിച്ചുകൊണ്ട് വ്യക്തമാക്കാൻ ഉദാഹരണങ്ങൾ നൽകൽ’. അതായത് നബി ﷺ ഈ ഹദീസിൽ പരാമർശിച്ചതുപോലെ: ‘വേലിക്കെട്ടിന് ചുറ്റും മേയ്ക്കുന്ന ഇടയനെപ്പോലെ’ – ഭൂമിയിൽ നിന്നും രാജാക്കന്മാർ തടഞ്ഞുവെക്കുന്നതിനാണ് ഹിമ (വേലിക്കെട്ട്) എന്ന് പറയുന്നത് – ‘അവൻ അതിൽ മേയാൻ സാധ്യതയുണ്ട്’. അതായത്, ആടുകൾ ആ വേലിക്കെട്ടിനുള്ളിൽ പ്രവേശിക്കുകയും ആ കുറ്റത്തിന് അവൻ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യാൻ സാധ്യതയുണ്ട്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘പത്താമത്തേത്: ഹൃദയത്തിന്റെ മഹത്തായ സ്ഥാനം വ്യക്തമാക്കലും, അതിനെ നന്നാക്കിയെടുക്കാനുള്ള പ്രോത്സാഹനവും. അവയവങ്ങൾ അതിനെ പിന്തുടരുന്നതാണ്, അത് നന്നായാൽ അവയവങ്ങളും നന്നാകും, അത് ദുഷിച്ചാൽ അവയവങ്ങളും ദുഷിക്കും. തീർച്ചയായും അത് ശരീരത്തിന്റെ രാജാവാണ്, അത് നന്നാകുന്നതോടെ ശരീരം നന്നാകുന്നു, അത് ദുഷിക്കുന്നതോടെ ശരീരം ദുഷിക്കുന്നു’. അതായത് ദാസന്റെ ഹൃദയം നന്നായാൽ അവന്റെ അവയവങ്ങൾ നന്നാകും. ദാസന്റെ ഹൃദയം ദുഷിച്ചാൽ അവന്റെ അവയവങ്ങൾ ദുഷിക്കുന്നതാണ്; കാരണം ചിന്തയുടെയും ഉദ്ദേശ്യങ്ങളുടെയും സ്ഥാനം അതാണ്.
ഇബ്നു തൈമിയ്യ അൽ-ഹഫീദ് പറഞ്ഞു: “ഹൃദയം ശരീരത്തിന്റെ രാജാവാണ്, അവയവങ്ങൾ അതിന്റെ സൈന്യവും. അതിനാൽ രാജാവ് നന്നായാൽ സൈന്യവും നന്നാകും, രാജാവ് ദുഷിച്ചാൽ സൈന്യവും ദുഷിക്കും.” അദ്ദേഹത്തിന്റെ വാക്കുകൾ അവസാനിച്ചു.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘പതിനൊന്നാമത്തേത്: സമ്പാദ്യത്തിന്റെ പരിശുദ്ധിക്ക് ഹൃദയത്തെ നന്നാക്കുന്നതിൽ സ്വാധീനമുണ്ട്’. അതായത് ശുദ്ധവും ഹലാലായതുമായ സമ്പാദ്യം കഴിക്കുന്നതിൽ ഒരു ദാസൻ തന്നെത്തന്നെ നിർത്തുകയാണെങ്കിൽ അത് അവന്റെ ഹൃദയത്തെ നന്നാക്കുകയും, അങ്ങനെ അതൊരു നല്ല ഹൃദയമായി മാറുകയും ചെയ്യും. കാരണം ഹറാം കൊണ്ട് പോഷിപ്പിക്കപ്പെട്ടത് ദുഷിച്ചുപോകും, ഹലാൽ കൊണ്ട് പോഷിപ്പിക്കപ്പെട്ടത് നന്നാകുകയും ശുദ്ധമാകുകയും ചെയ്യും.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘പന്ത്രണ്ടാമത്തേത്: ബാഹ്യമായ കാര്യങ്ങളിലെ നാശം (ഫസാദ്) ആന്തരികമായ നാശത്തിന്റെ തെളിവാണ്’. അതായത് ഒരു ദാസന്റെ ബാഹ്യമായ കാര്യങ്ങളിൽ നാശം മികച്ചുനിൽക്കുന്നുവെങ്കിൽ, അത് അവന്റെ ആന്തരികമായ നാശത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും ആദരിക്കുകയും ചെയ്യുക എന്ന കൽപ്പനയെ പരിഗണിക്കുന്നതിൽ നിന്നും അവന്റെ ഹൃദയം ശൂന്യമായിരിക്കുന്നുവെന്നും ഇത് അറിയിക്കുന്നു. അതിനാൽ അല്ലാഹുവിന്റെ കൽപ്പനകൾ ഉപേക്ഷിക്കുന്നതിലൂടെയും അവൻ നിരോധിച്ച കാര്യങ്ങളിൽ അകപ്പെടുന്നതിലൂടെയും അവന്റെ ബാഹ്യമായ കാര്യങ്ങൾ ദുഷിക്കാൻ അത് കാരണമായിത്തീർന്നു.
- സ്വഹീഹുൽ ബുഖാരി – 52, സ്വഹീഹു മുസ്‌ലിം – 1599 ↩︎

