ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി
കഴിഞ്ഞ ഭാഗത്തിൽ ഇമാം ഇബ്നു കസീർ رَحِمَهُ اللَّهُ വിന്റെ ജനനം, ബാല്യകാലം, വിജ്ഞാനാന്വേഷണം, അദ്ദേഹത്തിന്റെ പ്രഗത്ഭരായ ഗുരുക്കന്മാർ എന്നിവ നാം മനസ്സിലാക്കി. ഈ ഭാഗത്തിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെക്കുറിച്ചുള്ള പണ്ഡിതന്മാരുടെ പ്രശംസകൾ, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ വുമായുള്ള അദ്ദേഹത്തിന്റെ സുദൃഢമായ ബന്ധം, ലോകപ്രശസ്തമായ ഗ്രന്ഥരചനകൾ, വിജ്ഞാനത്തിന് വേണ്ടിയുള്ള ത്യാഗങ്ങൾ, വിയോഗം എന്നിവയാണ് നാം പരിശോധിക്കുന്നത്.
പണ്ഡിതന്മാരുടെ പ്രശംസകൾ
ഇമാം ഇബ്നു കസീർ رَحِمَهُ اللَّهُ വിന്റെ പാണ്ഡിത്യത്തെയും ഓർമ്മശക്തിയെയും കുറിച്ച് അക്കാലത്തെയും പിൽക്കാലത്തെയും മഹാപണ്ഡിതന്മാർ അതിയായി പ്രശംസിച്ചിട്ടുണ്ട്. തഫ്സീർ, ഹദീസ്, ചരിത്രം, കർമ്മശാസ്ത്രം എന്നീ മേഖലകളിലെല്ലാം അദ്ദേഹം പകരംവെക്കാനില്ലാത്ത പ്രതിഭയായിരുന്നു.
ഇമാം അദ്ദഹബി رَحِمَهُ اللَّهُ പറയുന്നു, അദ്ദേഹം മികച്ച ഫത്വകൾ നൽകുന്ന പണ്ഡിതനും ഹദീസ് നിവേദകനുമാണ്. കർമ്മശാസ്ത്രത്തിലും തഫ്സീറിലും ചരിത്രത്തിലും വലിയ അവഗാഹമുള്ള വ്യക്തിയാണ് അദ്ദേഹം.
ഹാഫിള് ഇബ്നു ഹജർ അൽഅസ്ഖലാനി رَحِمَهُ اللَّهُ പറയുന്നു, അദ്ദേഹം ഹദീസുകളുടെ പരമ്പരകളും ന്യൂനതകളും കൃത്യമായി അറിയുന്ന വ്യക്തിയായിരുന്നു. ചരിത്രത്തിലും തഫ്സീറിലും അദ്ദേഹത്തിന് വലിയ പാണ്ഡിത്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ നാടുകളിലെല്ലാം പ്രചരിക്കുകയും പിൽക്കാലക്കാർക്ക് അത് വലിയ ഉപകാരമായി മാറുകയും ചെയ്തു.
ഇബ്നു ഹബീബ് رَحِمَهُ اللَّهُ പറയുന്നു, അദ്ദേഹം ഫത്വകൾ നൽകുന്ന പണ്ഡിതന്മാരുടെ നേതാവും ചരിത്രകാരന്മാരുടെ അത്താണിയുമാണ്. അദ്ദേഹത്തിന്റെ ഓർമ്മശക്തി അത്ഭുതകരമായിരുന്നു.
ശൈഖുൽ ഇസ്ലാമുമായുള്ള ബന്ധവും പരീക്ഷണങ്ങളും
ഇമാം ഇബ്നു കസീർ رَحِمَهُ اللَّهُ വിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ പണ്ഡിതനാണ് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ. അദ്ദേഹത്തെ അതിയായി സ്നേഹിക്കുകയും അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സുകളിൽ സ്ഥിരമായി പങ്കെടുക്കുകയും ചെയ്തു. ഇബ്നു തൈമിയ്യയുടെ പാണ്ഡിത്യവും മൻഹജും ഇബ്നു കസീറിനെ വലിയ തോതിൽ സ്വാധീനിച്ചിരുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ വിഷയങ്ങളിൽ ശൈഖുൽ ഇസ്ലാമിന്റെ ഫത്വയാണ് ഇബ്നു കസീർ رَحِمَهُ اللَّهُ പിന്തുടർന്നിരുന്നത്. ഈ നിലപാടിന്റെ പേരിൽ അദ്ദേഹത്തിന് ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അക്കാലത്തെ ചില ആളുകൾ ഈ വിഷയത്തിൽ അദ്ദേഹത്തെ ഉപദ്രവിക്കുകയും ജോലിയിൽ നിന്നും മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ സത്യത്തിൽ ഉറച്ചുനിൽക്കാനാണ് അദ്ദേഹം തയ്യാറായത്. അഹ്ലുസ്സുന്നയുടെ മൻഹജ് മുറുകെപ്പിടിക്കുന്നതിന്റെ പേരിൽ അനേകം ത്യാഗങ്ങൾ അദ്ദേഹം സഹിച്ചിട്ടുണ്ട്.
മഹത്തായ ഗ്രന്ഥരചനകൾ
ഇസ്ലാമിക ലോകത്തിന് അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവനകളാണ് അദ്ദേഹത്തിന്റെ മഹത്തായ ഗ്രന്ഥങ്ങൾ. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
ഒന്ന്, തഫ്സീറുൽ ഖുർആനിൽ അളീം. തഫ്സീർ ഇബ്നു കസീർ എന്ന പേരിൽ ലോകപ്രശസ്തമായ ഈ ഗ്രന്ഥം ഇസ്ലാമിക ലോകത്ത് ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെട്ട തഫ്സീറുകളിൽ ഒന്നാണ്. ഖുർആനിനെ ആദ്യം ഖുർആൻ കൊണ്ടും പിന്നീട് പ്രവാചക സുന്നത്തുകൊണ്ടും ശേഷം സ്വഹാബികളുടെയും മുൻഗാമികളുടെയും വചനങ്ങൾ കൊണ്ടും വ്യാഖ്യാനിക്കുന്ന ഏറ്റവും ഉത്തമമായ ശൈലിയാണ് അദ്ദേഹം ഇതിൽ സ്വീകരിച്ചിട്ടുള്ളത്.
രണ്ട്, അൽബിദായ വന്നിഹായ. ചരിത്രരചനയിൽ സമാനതകളില്ലാത്ത ഒരു വിജ്ഞാനകോശമാണിത്. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പും പ്രവാചകന്മാരുടെ ചരിത്രവും മുതൽ തന്റെ കാലഘട്ടം വരെയുള്ള മനുഷ്യചരിത്രവും അതിനുശേഷം ലോകാവസാനത്തിന്റെ അടയാളങ്ങളും പരലോക കാര്യങ്ങളും സ്വർഗ്ഗനരകങ്ങളുടെ വിവരണങ്ങളും വരെ ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
മൂന്ന്, ജാമിഉൽ മസാനീദ് വസ്സുനൻ. ഹദീസ് ശാസ്ത്രത്തിലെ ബൃഹത്തായ ഒരു ഗ്രന്ഥമാണിത്.
നാല്, ഇഖ്തിസ്വാർ ഉലൂമിൽ ഹദീസ്. ഹദീസ് നിദാനശാസ്ത്രത്തിൽ ഇബ്നു സ്വലാഹ് رَحِمَهُ اللَّهُ രചിച്ച ഗ്രന്ഥത്തിന്റെ ചുരുക്കമാണിത്. ഹദീസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായ ഗ്രന്ഥമാണിത്.
അഞ്ച്, അൽഫുസൂൽ ഫീ സീറത്തിർറസൂൽ. നബി ﷺ യുടെ ജീവചരിത്രം വിവരിക്കുന്ന മഹത്തായ ഗ്രന്ഥമാണിത്.
പ്രമുഖ ശിഷ്യന്മാർ
അദ്ദേഹത്തിൽ നിന്നും വിജ്ഞാനം നുകർന്ന പ്രമുഖ ശിഷ്യന്മാരിൽ ഖിറാഅത്ത് പണ്ഡിതനായ ഇമാം ഇബ്നുൽ ജസരി, ശിഹാബുദ്ദീൻ ഇബ്നു ഹിജ്ജി, അൽഅഖീദത്തു ത്വഹാവിയ്യക്ക് ഏറ്റവും മികച്ച വിശദീകരണം രചിച്ച ഇബ്നു അബിൽ ഇസ്സ് അൽഹനഫി രَحِمَهُمُ اللَّهُ തുടങ്ങിയ മഹാപണ്ഡിതന്മാർ ഉൾപ്പെടുന്നു.
വിയോഗം
തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം ജാമിഉൽ മസാനീദ് എന്ന ബൃഹത്തായ ഗ്രന്ഥത്തിന്റെ രചനയിൽ മുഴുകിയിരുന്നു. അക്കാലത്ത് രാത്രിയും പകലുമില്ലാതെയുള്ള തുടർച്ചയായ വായനയും എഴുത്തും കാരണം അദ്ദേഹത്തിന്റെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ടു. വിജ്ഞാനത്തിനു വേണ്ടിയുള്ള ആ മഹത്തായ സമർപ്പണം അദ്ദേഹത്തെ അന്ധനാക്കി മാറ്റുകയായിരുന്നു.
ഹിജ്റ 774 ശഅ്ബാൻ മാസത്തിൽ ഡമാസ്കസിൽ വെച്ച് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. മഖ്ബറത്തുസ്സൂഫിയ്യ എന്ന ഖബർസ്ഥാനിൽ തന്റെ പ്രിയപ്പെട്ട ഗുരുനാഥൻ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ വിന്റെ ഖബറിനരികിലാണ് ആ മഹാപണ്ഡിതനെ ഖബറടക്കിയത്. അരികിൽ തന്നെ മറവുചെയ്യണം എന്നത് അദ്ദേഹത്തിന്റെ വസ്വിയ്യത്ത് കൂടിയായിരുന്നു. അനേകം പേർ അദ്ദേഹത്തിന്റെ ജനാസ നമസ്കാരത്തിൽ പങ്കെടുക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
മുൻഗാമികളിലും പിൻഗാമികളിലുമുള്ള വിശ്വാസികൾക്കിടയിൽ ഇമാം ഇബ്നു കസീർ رَحِمَهُ اللَّهُ വിന് മേൽ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. പ്രവാചകന്മാരോടും സിദ്ദീഖുകളോടും ശഹീദുകളോടും സ്വാലിഹുകളോടുമൊപ്പം സ്വർഗ്ഗത്തിൽ അദ്ദേഹത്തെയും നമ്മെയും അല്ലാഹു ﷻ ഒരുമിച്ചുകൂട്ടട്ടെ.

