മകനുള്ള ഹൃദയസ്പർശിയായ ഉപദേശം

30 Min Read
ഉള്ളടക്കം
മുഖവുരബുദ്ധികൊണ്ട് മനുഷ്യനുള്ള സവിശേഷതതെളിവുകളിലൂടെ അല്ലാഹുവിനെ അറിയുക എന്നതാണ് ആദ്യം പരിഗണിക്കേണ്ടത്ദുർബലനായ ദാസനെക്കുറിച്ചുള്ള അല്ലാഹുവിന്റെ സൂക്ഷ്മമായ നിയന്ത്രണംസമയം ബാക്കിയുള്ളപ്പോൾ പരിശ്രമിക്കുകദുൻയാവിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ചിന്തനന്മയുടെ കാര്യത്തിൽ നിരാശനാകരുത്ഉസ്‌ലത്ത് ആണ് എല്ലാ നന്മയുടെയും അടിസ്ഥാനംഖനാഅത്ത് കൈക്കൊള്ളുക, പ്രതാപം നേടുകതഖ്‌വ ശരിയായാൽ എല്ലാ നന്മയും നിനക്ക് കാണാംപൂർണ്ണതയിലേക്കുള്ള ഉന്നതമായ ഹിമ്മത്ത്ഹിഫ്ള് ആണ് മൂലധനം, അത് ഉപയോഗപ്പെടുത്തലാണ് ലാഭംകർമ്മങ്ങൾ ഉപേക്ഷിക്കുന്നവന് ബറകത്ത് തടയപ്പെടുംനീ അറിവുകൊണ്ട് പ്രയോജനമെടുക്കുന്നതിന് അനുസരിച്ചായിരിക്കും കേൾവിക്കാർക്ക് പ്രയോജനപ്പെടുകഈ ഗ്രന്ഥങ്ങൾ നിർബന്ധമായും പാരായണം ചെയ്യുകജനങ്ങളുമായുള്ള നല്ല പെരുമാറ്റംഅവകാശപ്പെട്ടവർക്കെല്ലാം അവരുടെ അവകാശം നൽകുകനാം അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിന്റെ പരമ്പരയിൽ പെട്ടവരാണ്

ഇമാം അബുൽ ഫറജ് ഇബ്നുൽ ജൗസി

മുഖവുര

മണ്ണിനാൽ ആദിപിതാവിനെ സൃഷ്ടിക്കുകയും, മുതുകെല്ലുകളിൽ നിന്നും നെഞ്ചെല്ലുകളിൽ നിന്നും അദ്ദേഹത്തിന്റെ സന്തതികളെ പുറത്തുകൊണ്ടുവരികയും, കുടുംബബന്ധങ്ങളിലൂടെയും വംശപരമ്പരകളിലൂടെയും ഗോത്രങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അറിവും ശരിയായ ബോധവും നൽകി അവൻ എന്നെ അനുഗ്രഹിച്ചു. കുട്ടിക്കാലത്ത് എനിക്ക് മികച്ച ശിക്ഷണം നൽകുകയും യൗവനത്തിൽ എന്നെ സംരക്ഷിക്കുകയും ചെയ്തു. അവർ മുഖേന എനിക്ക് വലിയ പ്രതിഫലം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്ന സന്താനങ്ങളെ അവൻ എനിക്ക് നൽകി.

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ ﴿٤٠﴾ رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ

“എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളിൽ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവിൽ വരുന്ന ദിവസത്തിൽ എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ.” [14 – 40, 41]

വിവാഹത്തിന്റെ മഹത്വവും സന്താനങ്ങളുടെ ശ്രേഷ്ഠതയും മനസ്സിലാക്കിയപ്പോൾ ഞാൻ അല്ലാഹുവിനോട് പത്ത് മക്കളെ നൽകാൻ പ്രാർത്ഥിച്ചു. അവൻ എനിക്കത് നൽകി. അഞ്ച് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും. പെൺകുട്ടികളിൽ നിന്ന് രണ്ടുപേരും ആൺകുട്ടികളിൽ നിന്ന് നാലുപേരും മരണപ്പെട്ടു. ആൺകുട്ടികളിൽ എന്റെ മകൻ അബുൽ ഖാസിം മാത്രമാണ് അവശേഷിക്കുന്നത്. അവനെ ഒരു സദ്‌വൃത്തനായ പിൻഗാമിയാക്കാനും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നവനാക്കാനും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു.

പിന്നീട് അറിവ് തേടുന്നതിൽ അവനിൽ ഒരുതരം അലസതയും വീഴ്ചയും ഞാൻ കണ്ടു. അതിനാൽ അറിവ് സമ്പാദിക്കുന്നതിൽ എന്റെ വഴി പിന്തുടരാൻ അവനെ പ്രേരിപ്പിക്കുവാനും ഉണർത്തുവാനും വേണ്ടിയാണ് ഞാൻ ഈ കത്ത് അവനെഴുതുന്നത്. തൗഫീഖ് നൽകുന്നവനായ അല്ലാഹുവിലേക്ക് അവനെ ഞാൻ വഴിതിരിച്ചുവിടുന്നു. കാരണം അവൻ തൗഫീഖ് നൽകിയവനെ കൈവിടാൻ ആരുമില്ലെന്നും, അവൻ വഴികേടിലാക്കിയവനെ നേർവഴിയിലാക്കാൻ ആരുമില്ലെന്നും എനിക്ക് വ്യക്തമായി അറിയാം. എങ്കിലും അല്ലാഹു പറയുന്നു:

وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ

“സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമകൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവർ ഒഴികെ.” [103 – 3]

അവൻ വീണ്ടും പറയുന്നു:

فَذَكِّرْ إِن نَّفَعَتِ الذِّكْرَى

“അതിനാൽ ഉപദേശം ഫലപ്രദമാകുന്നുവെങ്കിൽ നീ ഉപദേശിച്ചു കൊള്ളുക.” [87 – 9]

ഉന്നതനും മഹാനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല.

ബുദ്ധികൊണ്ട് മനുഷ്യനുള്ള സവിശേഷത

എന്റെ പ്രിയ മകനേ, അല്ലാഹു നിനക്ക് ശരിയായ വഴിയിലേക്ക് തൗഫീഖ് നൽകട്ടെ. മനുഷ്യനെ ബുദ്ധികൊണ്ട് സവിശേഷമാക്കിയത് അതിനനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടി മാത്രമാണെന്ന് നീ മനസ്സിലാക്കുക. അതിനാൽ നിന്റെ ബുദ്ധിയെ നീ സജ്ജമാക്കുക, നിന്റെ ചിന്തയെ ഉണർത്തുക, നിനക്കായി നീ സമയം കണ്ടെത്തുക.

നീ ബാധ്യതകൾ ഏൽപ്പിക്കപ്പെട്ട ഒരു സൃഷ്ടിയാണെന്നും, നിന്നോട് ആവശ്യപ്പെട്ട നിർബന്ധ കർമ്മങ്ങൾ നിനക്കുണ്ടെന്നും തെളിവുകളിലൂടെ നീ മനസ്സിലാക്കണം. നിന്റെ വാക്കുകളും നോട്ടങ്ങളും മലക്കുകൾ രേഖപ്പെടുത്തുന്നുണ്ട്. ജീവിച്ചിരിക്കുന്നവന്റെ ഓരോ ശ്വാസവും അവന്റെ മരണത്തിലേക്കുള്ള കാൽവെപ്പുകളാണ്. ദുൻയാവിലെ വാസം വളരെ കുറച്ചും ഖബ്റുകളിലെ തടവറ വളരെ ദൈർഘ്യമേറിയതുമാണ്. സ്വന്തം ഇച്ഛകളെ പിൻപറ്റിയാലുള്ള ശിക്ഷ അതികഠിനവുമാണ്. ഇന്നലത്തെ ആസ്വാദനങ്ങൾ എവിടെപ്പോയി? അവയെല്ലാം കടന്നുപോവുകയും ഖേദം മാത്രം ബാക്കിയാക്കുകയും ചെയ്തു!! സ്വന്തം ശരീരത്തിന്റെ ആഗ്രഹങ്ങൾ എവിടെ? അത് എത്രത്തോളം തലകളെ കുനിപ്പിക്കുകയും കാലുകളെ ഇടറിക്കുകയും ചെയ്തു. സ്വന്തം ഇച്ഛകൾക്ക് എതിരു പ്രവർത്തിച്ചവരല്ലാതെ മറ്റാരും വിജയം വരിച്ചിട്ടില്ല. ഐഹികലോകത്തിന് മുൻഗണന നൽകിയവരല്ലാതെ മറ്റാരും പരാജയപ്പെട്ടിട്ടുമില്ല.

കടന്നുപോയ രാജാക്കന്മാരിൽ നിന്നും സുഹ്ദ് നേടിയ സലഫുകളിൽ നിന്നും നീ പാഠം ഉൾക്കൊള്ളുക. അവരുടെയൊക്കെ ആസ്വാദനങ്ങൾ എവിടെ? ആ സജ്ജനങ്ങളുടെ ത്യാഗങ്ങൾ എവിടെ? അവർക്ക് മഹത്തായ പ്രതിഫലവും സൽകീർത്തിയും ബാക്കിയായി. എന്നാൽ പാപികൾക്ക് മോശമായ സംസാരങ്ങളും കഠിനമായ ശിക്ഷയും ലഭിച്ചു. വിശന്നവൻ വിശന്നിട്ടില്ലെന്നും, വയറുനിറച്ചവൻ വയറുനിറച്ചിട്ടില്ലെന്നും തോന്നുംവിധം എല്ലാം അവസാനിച്ചു.

പുണ്യകർമ്മങ്ങളോടുള്ള അലസത എത്ര മോശപ്പെട്ട കൂട്ടുകാരനാണ്. വിശ്രമത്തോടുള്ള അമിതമായ താല്പര്യം, ഓരോ ആസ്വാദനത്തിലും വർദ്ധിച്ചുവരുന്ന ഖേദമാണ് ബാക്കിയാക്കുക. അതിനാൽ നീ ഉണരുക, നിന്റെ ശരീരത്തിന് വേണ്ടി നീ അധ്വാനിക്കുക.

നിർബന്ധ കർമ്മങ്ങൾ നിർവ്വഹിക്കലും ഹറാമുകൾ ഒഴിവാക്കലും അനിവാര്യമാണെന്ന് നീ അറിയുക. മനുഷ്യൻ അതിക്രമം കാണിച്ചാൽ അവന്റെ സങ്കേതം നരകം തന്നെയാണ് നരകം!!

പുണ്യങ്ങൾ കരസ്ഥമാക്കുക എന്നതാണ് പരിശ്രമിക്കുന്നവരുടെ അവസാന ലക്ഷ്യമെന്ന് നീ മനസ്സിലാക്കുക.

പുണ്യകർമ്മങ്ങൾ പലവിധത്തിലാണ്. ദുൻയാവിനോടുള്ള സുഹ്ദ് ആണ് പുണ്യമെന്ന് കാണുന്നവരുണ്ട്. ആരാധനകളിൽ മുഴുകുന്നതാണ് പുണ്യമെന്ന് കാണുന്നവരുമുണ്ട്.

യഥാർത്ഥത്തിൽ പൂർണ്ണമായ പുണ്യം എന്നത് ഇൽമും അമലും ഒരുമിച്ചുകൂട്ടുക എന്നതാണ്. അത് രണ്ടും കരസ്ഥമായാൽ, അത് അതിന്റെ വക്താവിനെ സ്രഷ്ടാവിനെക്കുറിച്ചുള്ള യഥാർത്ഥ അറിവിലേക്ക് ഉയർത്തുകയും, അവനോടുള്ള സ്നേഹത്തിലേക്കും ഭയത്തിലേക്കും അവനിലേക്കുള്ള ആഗ്രഹത്തിലേക്കും അത് അവനെ പ്രേരിപ്പിക്കുകയും ചെയ്യും.

അതാണ് ഉദ്ദേശിക്കപ്പെടുന്ന അവസാന ലക്ഷ്യം. നിശ്ചയദാർഢ്യമുള്ള ആളുകളുടെ കഴിവിനനുസരിച്ചാണ് മഹത്തായ കാര്യങ്ങൾ കൈവരുന്നത്. ആഗ്രഹിക്കുന്ന എല്ലാവരും ആഗ്രഹിക്കപ്പെടുന്ന ലക്ഷ്യത്തിലെത്തുന്നില്ല. അന്വേഷിക്കുന്നവരെല്ലാം അത് കണ്ടെത്തുന്നതുമില്ല. എങ്കിലും ദാസന്റെ ബാധ്യത പരിശ്രമിക്കുക എന്നതാണ്.

كُلٌّ مُيَسَّرٌ لِمَا خُلِقَ لَهُ

“എല്ലാവർക്കും എന്തിനാണോ അവർ സൃഷ്ടിക്കപ്പെട്ടത് അത് എളുപ്പമാക്കപ്പെടുന്നതാണ്.”1

അല്ലാഹുവാണ് സഹായം തേടപ്പെടുന്നവൻ.

തെളിവുകളിലൂടെ അല്ലാഹുവിനെ അറിയുക എന്നതാണ് ആദ്യം പരിഗണിക്കേണ്ടത്

ആദ്യമായി പരിഗണിക്കേണ്ട കാര്യം: തെളിവുകളിലൂടെ ഉന്നതനായ അല്ലാഹുവിനെ അറിയുക എന്നതാണ്. ഉയർത്തപ്പെട്ട ആകാശവും, സ്ഥാപിക്കപ്പെട്ട ഭൂമിയും, പ്രത്യേകിച്ച് സ്വന്തം ശരീരത്തിലെ തന്നെ സൂക്ഷ്മമായ നിർമ്മിതികളും കാണുന്ന ഏതൊരാൾക്കും, ആ സൃഷ്ടിക്ക് പിന്നിൽ ഒരു സ്രഷ്ടാവുണ്ടെന്നും, ആ നിർമ്മിതിക്ക് പിന്നിൽ ഒരു നിർമ്മാതാവുണ്ടെന്നും മനസ്സിലാക്കാൻ കഴിയും.

പിന്നീട് അവനിലേക്ക് നിയോഗിക്കപ്പെട്ട റസൂൽ ﷺ യുടെ സത്യസന്ധതയെക്കുറിച്ച് അവൻ ചിന്തിക്കേണ്ടതുണ്ട്. അതിനുള്ള ഏറ്റവും വലിയ തെളിവ്, അതുപോലൊന്ന് കൊണ്ടുവരാൻ സൃഷ്ടികളെ അശക്തരാക്കിയ ഖുർആൻ തന്നെയാണ്.

അങ്ങനെ സ്രഷ്ടാവായ അല്ലാഹുവിന്റെ അസ്തിത്വവും റസൂൽ ﷺ യുടെ സത്യസന്ധതയും അവന് ബോധ്യപ്പെട്ടാൽ, ശരീഅത്തിന് അവൻ പൂർണ്ണമായും കീഴടങ്ങൽ നിർബന്ധമാണ്. അവൻ അങ്ങനെ ചെയ്തില്ലെങ്കിൽ, അവന്റെ അഖീദയിൽ തകരാറുണ്ടെന്നാണ് അത് അറിയിക്കുന്നത്.

വുദൂഅ്, സ്വലാത്ത്, സാമ്പത്തികശേഷിയുണ്ടെങ്കിൽ സകാത്ത്, ഹജ്ജ് തുടങ്ങിയവയും മറ്റ് നിർബന്ധ ബാധ്യതകളും എന്തൊക്കെയാണെന്ന് അവൻ അറിയൽ നിർബന്ധമാണ്. നിർബന്ധ ബാധ്യതകളെക്കുറിച്ച് അറിഞ്ഞാൽ അവനത് നിർവ്വഹിക്കണം.

ഹിമ്മത്ത്2 ഉള്ളവൻ ഉന്നതമായ പുണ്യങ്ങളിലേക്ക് ഉയരേണ്ടതുണ്ട്. അങ്ങനെ അവൻ ഖുർആൻ മനഃപാഠമാക്കുന്നതിലും അതിന്റെ തഫ്‌സീറിലും, റസൂൽ ﷺ യുടെ ഹദീസുകളിലും, അവിടുത്തെയും സ്വഹാബത്തിന്റെയും അവർക്ക് ശേഷമുള്ള പണ്ഡിതന്മാരുടെയും സീറകൾ പഠിക്കുന്നതിലും മുഴുകണം. ഉന്നതമായ തലങ്ങളിൽ നിന്ന് ഉന്നതമായവ തിരഞ്ഞെടുക്കാൻ വേണ്ടിയാണിത്. സംസാരം ശരിയാക്കുന്നതിനുള്ള നഹ്‌വ് പരിജ്ഞാനവും, ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള അറിവും അവന് അനിവാര്യമാണ്.

ഫിഖ്ഹ് ആണ് ഇൽമുകളുടെ അടിസ്ഥാനം. വഅ്ള് അതിന്റെ മധുരവുമാണ്. അതാണ് ഏറ്റവും കൂടുതൽ പ്രയോജനം നൽകുന്നത്. ഈ പറഞ്ഞ വിഷയങ്ങളിലായി മുൻഗാമികളുടെയും അല്ലാത്തവരുടെയും ഗ്രന്ഥങ്ങളെ ആശ്രയിക്കേണ്ടതില്ലാത്ത വിധം ഞാൻ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവുമാണത്. അതിനാൽ പുസ്തകങ്ങൾ അന്വേഷിച്ചു നടക്കുന്നതിൽ നിന്നും രചനകൾക്കായി സമയം മാറ്റിവെക്കുന്നതിൽ നിന്നും ഞാൻ നിനക്ക് പര്യാപ്തത നൽകിയിട്ടുണ്ട്. നീചമായ ലക്ഷ്യങ്ങളിലേക്ക് മാത്രമേ ഹിമ്മത്ത് താഴ്ന്നുപോവുകയുള്ളൂ. അല്ലാത്തപക്ഷം ഹിമ്മത്ത് ഉന്നതമായാൽ അത് താഴ്ന്ന കാര്യങ്ങൾ കൊണ്ട് തൃപ്തിപ്പെടുകയില്ല.

ഹിമ്മത്ത് എന്നത് മനുഷ്യനോടൊപ്പം ജനിക്കുന്നതാണെന്ന് തെളിവുകളിലൂടെ എനിക്ക് മനസ്സിലായിട്ടുണ്ട്. ചില ഹിമ്മത്തുകൾ ചില സമയങ്ങളിൽ ദുർബലമാകാറുണ്ട്. അവ ഉണർത്തപ്പെട്ടാൽ അത് മുന്നോട്ട് പോകും. നിന്നിൽ നീ വല്ല കഴിവുകേടും കാണുകയാണെങ്കിൽ അനുഗ്രഹങ്ങൾ നൽകുന്നവനായ അല്ലാഹുവിനോട് നീ ചോദിക്കുക. അല്ലെങ്കിൽ അലസത തോന്നുകയാണെങ്കിൽ തൗഫീഖ് നൽകുന്നവനിലേക്ക് നീ അഭയം തേടുക. അവനെ അനുസരിക്കുന്നതിലൂടെയല്ലാതെ നിനക്ക് യാതൊരു നന്മയും ലഭിക്കില്ല. അവനെ ധിക്കരിക്കുന്നതിലൂടെയല്ലാതെ നിനക്ക് യാതൊരു നന്മയും നഷ്ടപ്പെടുകയുമില്ല. അവനിലേക്ക് മുന്നിട്ടിട്ട് തന്റെ ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കാത്തതായി ആരുണ്ട്? അവനിൽ നിന്ന് തിരിഞ്ഞുകളഞ്ഞിട്ട് എന്തെങ്കിലും നേട്ടം കരസ്ഥമാക്കിയതായിട്ടോ ഏതെങ്കിലും താല്പര്യങ്ങൾ നേടിയെടുത്തതായിട്ടോ ആരെങ്കിലുമുണ്ടോ?! ഒരു കവിയുടെ വാക്കുകൾ നീ കേട്ടിട്ടില്ലേ:

അല്ലാഹുവാണെ സത്യം, നിങ്ങളെ സന്ദർശിക്കാനായി ഞാൻ വന്നപ്പോഴൊക്കെ എനിക്കായി ഭൂമി ചുരുട്ടപ്പെടുന്നതായി എനിക്ക് അനുഭവപ്പെട്ടു.

നിങ്ങളുടെ വാതിൽക്കൽ നിന്ന് എന്റെ ലക്ഷ്യങ്ങളെ ഞാൻ പിന്തിരിപ്പിച്ചപ്പോഴൊക്കെ എന്റെ വസ്ത്രത്തിന്റെ അറ്റങ്ങളിൽ തട്ടി ഞാൻ വീഴുകയുമുണ്ടായി.

ദുർബലനായ ദാസനെക്കുറിച്ചുള്ള അല്ലാഹുവിന്റെ സൂക്ഷ്മമായ നിയന്ത്രണം

എന്റെ പ്രിയ മകനേ, അല്ലാഹുവിന്റെ ഹുദൂദുകളുടെ വിഷയത്തിൽ നിന്റെ അവസ്ഥ നീ പരിശോധിക്കുക. നീ അത് എപ്രകാരമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് ചിന്തിക്കുക. കാരണം, അത് സൂക്ഷിക്കുന്നവനെ അല്ലാഹു സൂക്ഷിക്കും. അത് ഉപേക്ഷിക്കുന്നവൻ കൈവിടപ്പെടുകയും ചെയ്യും.

എന്റെ ചില അവസ്ഥകൾ ഞാൻ നിന്നോട് പറയാം. ഒരുപക്ഷേ എന്റെ കഠിനാധ്വാനം നീ കണ്ടേക്കാം, അതിലൂടെ തൗഫീഖ് നൽകുന്നവനായ അല്ലാഹുവിനോട് നീ ചോദിച്ചേക്കാം. എനിക്ക് ലഭിച്ച മിക്ക അനുഗ്രഹങ്ങളും എന്റെ സമ്പാദ്യമായിരുന്നില്ല, മറിച്ച് എന്നെ സൂക്ഷ്മമായി നിയന്ത്രിക്കുന്ന അല്ലാഹുവിന്റെ ഇടപെടലായിരുന്നു. എന്റെ ചെറിയ പ്രായം ഞാൻ ഓർക്കുന്നു, എനിക്ക് ഉയർന്ന ഹിമ്മത്ത് ഉണ്ടായിരുന്നു. ഞാൻ ആറ് വയസ്സുള്ളപ്പോൾ മക്തബിലായിരുന്നു. മുതിർന്ന കുട്ടികളോടൊപ്പമാണ് ഞാൻ പഠിച്ചിരുന്നത്. ചെറുപ്പത്തിൽ തന്നെ പ്രായമായവരേക്കാൾ കൂടുതൽ ബുദ്ധി എനിക്ക് നൽകപ്പെട്ടിരുന്നു. കുട്ടികളോടൊപ്പം വഴിയിൽ കളിച്ചതായി ഞാൻ ഓർക്കുന്നില്ല. അതിരുകടന്ന രീതിയിൽ ഞാൻ ചിരിച്ചിട്ടുമില്ല. എനിക്ക് ഏഴ് വയസ്സോ മറ്റോ ഉള്ളപ്പോൾ ഞാൻ പള്ളിമുറ്റത്ത് ഹാജരാകുമായിരുന്നു. അവിടെ മായാജാലക്കാരുടെ സദസ്സുകൾ ഞാൻ തിരഞ്ഞെടുത്തിരുന്നില്ല. മറിച്ച്, ഹദീസ് പണ്ഡിതനെ ഞാൻ അന്വേഷിക്കും. അദ്ദേഹം നീണ്ട സീറകൾ പറയുമായിരുന്നു. ഞാൻ കേൾക്കുന്നതെല്ലാം മനഃപാഠമാക്കുകയും, വീട്ടിൽ പോയി അതെല്ലാം എഴുതിവെക്കുകയും ചെയ്യുമായിരുന്നു.

നമ്മുടെ ശൈഖ് അബുൽ ഫദ്ൽ ഇബ്നു നാസിർ رَحِمَهُ اللَّهُ മുഖേന എനിക്ക് വലിയ തൗഫീഖ് ലഭിച്ചു. അദ്ദേഹം എന്നെ പണ്ഡിതന്മാരുടെ സദസ്സുകളിലേക്ക് കൊണ്ടുപോകുമായിരുന്നു. എന്നിൽ നിന്ന് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് അറിയാത്ത പ്രായത്തിൽ തന്നെ, അദ്ദേഹം എന്നെ മുസ്നദും മറ്റ് വലിയ ഗ്രന്ഥങ്ങളും കേൾപ്പിച്ചു. ഞാൻ പ്രായപൂർത്തിയാകുന്നതുവരെ ഞാൻ കേട്ടതെല്ലാം അദ്ദേഹം എനിക്കായി രേഖപ്പെടുത്തിവെച്ചു. അങ്ങനെ അദ്ദേഹം എനിക്ക് അതിന്റെ ഥബത് (സനദുകളുടെ രേഖ) നൽകി.ദ്ദേഹം എനിക്ക് അതിന്റെ സബത് നൽകി. അദ്ദേഹം മരണപ്പെടുന്നതുവരെ ഞാൻ അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. അങ്ങനെ അദ്ദേഹത്തിലൂടെ ഹദീസും നിവേദനങ്ങളും ഞാൻ മനസ്സിലാക്കി.

കുട്ടികൾ ദിജ്‌ല നദിയിലേക്ക് ഇറങ്ങുകയും പാലത്തിൽ നിന്ന് വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ, ഞാൻ എന്റെ ചെറുപ്പത്തിൽ ഒരു പുസ്തകമെടുത്ത് ആളുകളിൽ നിന്ന് മാറി റഖ്ഖയുടെ ഭാഗത്ത് ഇരിക്കുകയും ഇൽമിൽ മുഴുകുകയും ചെയ്യുമായിരുന്നു.

പിന്നീട് എനിക്ക് സുഹ്ദ് തോന്നി. ഞാൻ തുടർച്ചയായി നോമ്പെടുക്കാൻ തുടങ്ങി. ഭക്ഷണം കുറച്ചു. ഞാൻ എന്നെത്തന്നെ ക്ഷമ പഠിപ്പിച്ചു, അത് തുടർന്നു. ഞാൻ തയ്യാറെടുത്തു, ഉറക്കമൊഴിച്ച് പഠിച്ചു. ഒരു വിജ്ഞാന ശാഖ കൊണ്ട് മാത്രം ഞാൻ തൃപ്തിപ്പെട്ടില്ല. ഫിഖ്ഹും വഅ്ളും ഹദീസും ഞാൻ കേട്ടു, സാഹിദുകളെ ഞാൻ പിന്തുടർന്നു.

പിന്നീട് ഞാൻ ഭാഷ പഠിച്ചു. ഹദീസ് റിപ്പോർട്ട് ചെയ്യുന്നവരെയോ വഅ്ള് പറയുന്നവരെയോ ഞാൻ ഒഴിവാക്കിയില്ല. പുറത്തുനിന്ന് വരുന്ന ഓരോ പണ്ഡിതന്റെയും സദസ്സിൽ ഞാൻ ഹാജരാകുകയും ഉന്നതമായ കാര്യങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു.

എനിക്ക് രണ്ട് കാര്യങ്ങൾ നേരിട്ടാൽ, മിക്ക അവസ്ഥകളിലും സത്യത്തിനാണ് ഞാൻ മുൻഗണന നൽകിയിരുന്നത്. അങ്ങനെ അല്ലാഹു എന്റെ കാര്യങ്ങൾ ഭംഗിയാക്കി, എനിക്ക് നല്ല ശിക്ഷണം നൽകി. എനിക്ക് ഏറ്റവും അനുയോജ്യമായത് അവൻ നൽകി. ശത്രുക്കളെയും അസൂയാലുക്കളെയും എന്നെ ചതിക്കാൻ ശ്രമിക്കുന്നവരെയും അവൻ എന്നിൽ നിന്ന് തടഞ്ഞു. ഇൽമിന്റെ കാരണങ്ങൾ അവൻ എനിക്ക് എളുപ്പമാക്കിത്തന്നു. ഞാൻ വിചാരിക്കാത്ത വഴികളിലൂടെ എനിക്ക് പുസ്തകങ്ങൾ എത്തിച്ചുതന്നു. ഗ്രഹണശേഷിയും, വേഗത്തിൽ മനഃപാഠമാക്കാനുള്ള കഴിവും, നല്ല ഭാഗ്യവും, രചനാപാടവവും അവൻ എനിക്ക് നൽകി. ദുൻയാവിലെ യാതൊന്നിന്റെയും കുറവ് അവൻ എനിക്ക് വരുത്തിയില്ല. മറിച്ച്, എനിക്ക് ആവശ്യമായതും അതിൽ കൂടുതലും ഉപജീവനമായി അവൻ എനിക്ക് നൽകി.

ജനങ്ങളുടെ ഹൃദയങ്ങളിൽ കണക്കില്ലാത്ത വിധം എനിക്ക് സ്വീകാര്യത അവൻ നൽകി. എന്റെ വാക്കുകൾ അവരുടെ മനസ്സുകളിൽ അവൻ പതിപ്പിച്ചു, അതിന്റെ സത്യാവസ്ഥയിൽ അവർ സംശയിച്ചിരുന്നില്ല. എന്റെ കൈകളിലൂടെ ദിമ്മികളിൽ (ഇസ്ലാമിക രാഷ്ട്രത്തിൽ ജീവിക്കുന്ന അമുസ്‌ലിംകൾ) പെട്ട ഇരുനൂറോളം പേർ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്.കളിൽ പെട്ട ഇരുനൂറോളം പേർ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. എന്റെ സദസ്സുകളിൽ ഒരു ലക്ഷത്തിലധികം പേർ പശ്ചാത്തപിച്ചു മടങ്ങിയിട്ടുണ്ട്. പശ്ചാത്തപിച്ചു മടങ്ങിയ ഇരുപതിനായിരത്തിലധികം പേരുടെ മുടികൾ (തിന്മയുടെ അടയാളങ്ങൾ) ഞാൻ മുറിച്ചുമാറ്റിയിട്ടുണ്ട്.

ഹദീസ് കേൾക്കുന്നതിനായി ഞാൻ പണ്ഡിതന്മാരുടെ അടുക്കലേക്ക് ഓടിപ്പോകുമായിരുന്നു. മറ്റാരും എനിക്കുമുമ്പേ എത്താതിരിക്കാൻ ഓടി എന്റെ ശ്വാസം മുട്ടുമായിരുന്നു. എനിക്ക് കഴിക്കാൻ ഒന്നുമില്ലാതെ ഞാൻ പ്രഭാതം പിന്നിടും, കഴിക്കാൻ ഒന്നുമില്ലാതെ പ്രദോഷവും എത്തും. ഒരു സൃഷ്ടിയുടെ മുന്നിലും അല്ലാഹു എന്നെ അപമാനിച്ചിട്ടില്ല. എന്റെ അഭിമാനം സംരക്ഷിക്കാനായി അവൻ എനിക്ക് ഉപജീവനം എത്തിച്ചുതന്നു. എന്റെ അവസ്ഥകൾ വിശദീകരിക്കുകയാണെങ്കിൽ അത് വളരെ നീളും.

എന്റെ അവസ്ഥ എവിടെയെത്തിയെന്ന് ഇപ്പോൾ നിനക്ക് കാണാം. അതെല്ലാം ഒരൊറ്റ വാക്കിൽ ഞാൻ നിനക്ക് ചുരുക്കിത്തരാം. ഉന്നതനായ അല്ലാഹുവിന്റെ വചനമാണത്:

وَاتَّقُوا اللَّهَ ۖ وَيُعَلِّمُكُمُ اللَّهُ

“നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചുതരികയാണ് ചെയ്യുന്നത്.” [2 – 282]

സമയം ബാക്കിയുള്ളപ്പോൾ പരിശ്രമിക്കുക

എന്റെ പ്രിയ മകനേ, നീ നിനക്കുവേണ്ടി ഉണരുക. നിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ നീ ഖേദിക്കുക. സമയം ബാക്കിയുള്ളപ്പോൾ തന്നെ പൂർണ്ണത നേടിയവരോടൊപ്പം ചേരാൻ നീ പരിശ്രമിക്കുക. നിന്റെ യുവത്വത്തിന്റെ ശാഖകളിൽ നനവുള്ളപ്പോൾ (ചെറുപ്പത്തിൽ) തന്നെ അതിന് നീ നനവ് നൽകുക. നഷ്ടപ്പെട്ടുപോയ നിന്റെ സമയത്തെക്കുറിച്ച് നീ ഓർക്കുക, അതൊരു പാഠമായി തന്നെ മതിയാകും. അലസതയുടെ ആസ്വാദനങ്ങൾ അതിൽ കടന്നുപോയി, ഉന്നതമായ പദവികൾ നഷ്ടപ്പെടുകയും ചെയ്തു.

സച്ചരിതരായ സലഫുകൾ എല്ലാ പുണ്യങ്ങളും ഒരുമിച്ചുകൂട്ടാൻ ആഗ്രഹിക്കുന്നവരായിരുന്നു. അവയിൽ ഏതെങ്കിലുമൊന്ന് നഷ്ടപ്പെട്ടാൽ അവർ കരയുമായിരുന്നു. ഇബ്രാഹീം ബ്നു അദ്ഹം رَحِمَهُ اللَّهُ പറഞ്ഞു: ഞങ്ങൾ രോഗിയായ ഒരു ആബിദിന്റെ അടുക്കൽ ചെന്നു. അദ്ദേഹം തന്റെ കാലുകളിലേക്ക് നോക്കി കരയുകയായിരുന്നു. ഞങ്ങൾ ചോദിച്ചു: നിങ്ങളെന്താണ് കരയുന്നത്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നമ്മുടെ കാലുകളിൽ പൊടിപുരണ്ടിട്ടില്ലല്ലോ. മറ്റൊരാൾ കരഞ്ഞപ്പോൾ ആളുകൾ ചോദിച്ചു: നിങ്ങളെ കരയിപ്പിക്കുന്നതെന്താണ്? അദ്ദേഹം പറഞ്ഞു: ഞാൻ നോമ്പെടുക്കാതെ ഒരു പകൽ കടന്നുപോയി, ഞാൻ നമസ്കരിക്കാതെ ഒരു രാത്രിയും കഴിഞ്ഞുപോയി.

എന്റെ പ്രിയ മകനേ, ദിനങ്ങൾ മണിക്കൂറുകളായും മണിക്കൂറുകൾ ശ്വാസങ്ങളായും വിരിക്കപ്പെട്ടിരിക്കുകയാണെന്ന് നീ മനസ്സിലാക്കുക. ഓരോ ശ്വാസവും ഓരോ ഖജനാവാണ്. യാതൊന്നുമില്ലാതെ ഒരു ശ്വാസം കടന്നുപോകുന്നത് നീ സൂക്ഷിക്കുക. അങ്ങനെ സംഭവിച്ചാൽ അന്ത്യനാളിൽ ശൂന്യമായ ഒരു ഖജനാവ് നീ കാണുകയും നീ ഖേദിക്കുകയും ചെയ്യും.

ഒരാൾ ആമിർ ബ്നു അബ്ദി ഖൈസിനോട് പറഞ്ഞു: ഒന്നു നിൽക്കൂ, ഞാൻ നിങ്ങളോട് സംസാരിക്കട്ടെ. അദ്ദേഹം മറുപടി നൽകിയത് ഇപ്രകാരമാണ്: സൂര്യനെ പിടിച്ചു നിർത്തൂ.

മഅ്റൂഫ് رَحِمَهُ اللَّهُ വിന്റെ അടുക്കൽ കുറച്ചുപേർ ഇരിക്കുകയായിരുന്നു. അദ്ദേഹം അവരോട് ചോദിച്ചു: നിങ്ങൾ എഴുന്നേറ്റു പോകുന്നില്ലേ; സൂര്യനെ തെളിക്കുന്ന മലക്ക് അത് വലിച്ചുകൊണ്ടുപോവുകയാണ്, അവനൊരിക്കലും തളരുന്നില്ല!

ഹദീസിൽ ഇപ്രകാരം കാണാം:

مَنْ قَالَ : سُبْحَانَ اللهِ العَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الجَنَّةِ

“ആരെങ്കിലും സുബ്ഹാനല്ലാഹിൽ അളീമി വബിഹംദിഹി എന്ന് പറഞ്ഞാൽ അവനായി സ്വർഗ്ഗത്തിൽ ഒരു ഈന്തപ്പന നടപ്പെടുന്നതാണ്.”3

സമയം പാഴാക്കുന്നവനെ നീ നോക്കൂ, എത്രയെത്ര ഈന്തപ്പനകളാണ് അവന് നഷ്ടപ്പെടുന്നത്!

സലഫുകൾ ഓരോ നിമിഷവും മുതലെടുക്കുന്നവരായിരുന്നു. കഹ്മസ് رَحِمَهُ اللَّهُ രാവും പകലും ഉൾക്കൊള്ളുന്ന ഒരു ദിവസത്തിൽ മൂന്ന് തവണ ഖുർആൻ പൂർത്തീകരിക്കുമായിരുന്നു. സലഫുകളിൽ പെട്ട നാല്പത് ആളുകൾ ഇശാഇന്റെ വുദൂഅ് കൊണ്ട് ഫജ്ർ നമസ്കരിക്കുന്നവരായിരുന്നു. റാബിഅത്തുൽ അദവിയ്യ രാത്രി മുഴുവൻ നമസ്കരിക്കുമായിരുന്നു. ഫജ്ർ ഉദിച്ചാൽ അവർ അല്പനേരം മയങ്ങും. ഭയത്തോടെ എഴുന്നേറ്റിട്ട് സ്വന്തത്തോട് ഇപ്രകാരം പറയും: ഖബ്റുകളിലെ ഉറക്കം വളരെ ദൈർഘ്യമുള്ളതാണ്.

ദുൻയാവിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ചിന്ത

ഒരാൾ ജനിക്കുന്നതിന് മുമ്പുള്ള ദുൻയാവിനെക്കുറിച്ച് ചിന്തിച്ചാൽ, അതൊരു വലിയ കാലയളവാണെന്ന് അവൻ കാണും. അതിൽ നിന്ന് പുറത്തുപോയതിന് ശേഷമുള്ള കാലത്തെക്കുറിച്ച് ചിന്തിച്ചാലും വലിയൊരു ദൈർഘ്യം അവൻ കാണും. ഖബ്റുകളിലെ വാസം വളരെ നീണ്ടതാണെന്ന് അവൻ മനസ്സിലാക്കും. അന്ത്യനാളിനെക്കുറിച്ച് ചിന്തിച്ചാൽ അത് അമ്പതിനായിരം വർഷങ്ങളാണെന്ന് അവനറിയാം. സ്വർഗ്ഗത്തിലോ നരകത്തിലോ ഉള്ള വാസത്തെക്കുറിച്ച് ചിന്തിച്ചാൽ അതിന് അവസാനമില്ലെന്നും അവൻ മനസ്സിലാക്കും. തുടർന്ന് ദുൻയാവിൽ അവൻ ജീവിക്കുന്ന കാലയളവിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഉദാഹരണത്തിന് അറുപത് വർഷമാണെന്ന് സങ്കൽപ്പിക്കുക. അതിൽ മുപ്പത് വർഷം അവൻ ഉറക്കത്തിൽ ചിലവഴിക്കുന്നു. പതിനഞ്ച് വർഷത്തോളം കുട്ടിക്കാലത്തും. ബാക്കിയുള്ളത് കണക്കുകൂട്ടിയാൽ അതിൽ ഭൂരിഭാഗവും ആഗ്രഹങ്ങൾക്കും ഭക്ഷണത്തിനും സമ്പാദ്യത്തിനുമായിട്ടാണ്. ആഖിറത്തിന് വേണ്ടിയുള്ളത് വേർതിരിച്ചെടുത്താൽ അതിൽ തന്നെ റിയാഉം അശ്രദ്ധയും ധാരാളമായി അവൻ കണ്ടെത്തും. പിന്നെന്തുകൊണ്ടാണ് ശാശ്വതമായ ജീവിതം നീ വിലയ്ക്കുവാങ്ങുന്നത്, അതിന്റെ വില ഈ കുറഞ്ഞ മണിക്കൂറുകൾ മാത്രമാണല്ലോ?

നന്മയുടെ കാര്യത്തിൽ നിരാശനാകരുത്

എന്റെ പ്രിയ മകനേ, കഴിഞ്ഞുപോയ വീഴ്ചകളുടെ പേരിൽ നന്മയിൽ നിന്ന് നീ നിരാശനാകരുത്. നീണ്ട ഉറക്കത്തിന് ശേഷം എത്രയോ ആളുകൾ ഉണർന്നിട്ടുണ്ട്.

ശൈഖ് അബൂ ഹകീം, ഖാദിയുൽ ഖുദാത് ശൈഖ് അബുൽ ഹസൻ അദ്ദാമഗാനി رَحِمَهُ اللَّهُ പറഞ്ഞതായി ശൈഖ് അബൂ ഹകീം എന്നോട് വിവരിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ചെറുപ്പത്തിൽ അറിവിലേക്ക് ശ്രദ്ധിക്കാതെ ഞാൻ വിനോദങ്ങളിൽ മുഴുകി നടക്കുകയായിരുന്നു. അപ്പോൾ എന്റെ പിതാവ് അബൂ അബ്ദുല്ല رَحِمَهُ اللَّهُ എന്നെ വിളിപ്പിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു: എന്റെ പ്രിയ മകനേ, ഞാൻ നിനക്കായി എക്കാലവും ജീവിച്ചിരിക്കില്ല. അതിനാൽ നീ ഈ ഇരുപത് ദീനാർ എടുക്കുക, ഒരു റൊട്ടിക്കട തുറന്ന് നീ ഉപജീവനം കണ്ടെത്തുക. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: ഇതെന്ത് വർത്തമാനമാണ്? അദ്ദേഹം പറഞ്ഞു: എങ്കിൽ നീ ഒരു തുണിക്കട തുറക്കുക. ഞാൻ ചോദിച്ചു: നിങ്ങൾക്കെങ്ങനെ എന്നോട് ഇങ്ങനെ പറയാൻ കഴിയും, ഞാൻ ഖാദിയുൽ ഖുദാത് അബൂ അബ്ദുല്ല അദ്ദാമഗാനിയുടെ മകനല്ലേ?! അദ്ദേഹം പറഞ്ഞു: നീ ഇൽമ് അന്വേഷിക്കുന്നതായി ഞാൻ കാണുന്നില്ലല്ലോ. അപ്പോൾ ഞാൻ പറഞ്ഞു: എനിക്ക് ഒരു മണിക്കൂർ ക്ലാസ്സ് എടുത്തു തരൂ. അങ്ങനെ അദ്ദേഹം എനിക്ക് ക്ലാസ്സെടുത്തു തന്നു. ഞാൻ ഇൽമിൽ മുഴുകുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തു. അങ്ങനെ അല്ലാഹു എനിക്ക് ഇൽമിന്റെ വാതിലുകൾ തുറന്നുതന്നു.

അബൂ മുഹമ്മദ് അൽ ഹുൽവാനി رَحِمَهُ اللَّهُ വിന്റെ ചില സുഹൃത്തുക്കൾ എന്നോട് പറഞ്ഞു: എനിക്ക് ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോൾ എന്റെ പിതാവ് മരണപ്പെട്ടു. ഞാൻ അലസനായി നടക്കുകയായിരുന്നു. എനിക്ക് അനന്തരാവകാശമായി ലഭിച്ച ഒരു വീട്ടിലെ വാടകക്കാരിൽ നിന്ന് വാടക വാങ്ങാനായി ഞാൻ ചെന്നു. അപ്പോൾ അവർ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: യാതൊരു പ്രയോജനവുമില്ലാത്ത അലസൻ വന്നിട്ടുണ്ട്.. അപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു: എന്നെക്കുറിച്ചാണോ ഇങ്ങനെ പറയുന്നത്!! ഞാൻ എന്റെ മാതാവിന്റെ അടുത്ത് വന്ന് പറഞ്ഞു: നിങ്ങൾക്ക് എന്നെ അന്വേഷിക്കണമെങ്കിൽ ശൈഖ് അബുൽ ഖത്വാബിന്റെ സദസ്സിൽ നിന്ന് എന്നെ അന്വേഷിച്ചോളൂ. ഞാൻ അദ്ദേഹത്തെ പറ്റിപ്പിടിച്ചു നിന്നു. ഖാദി സ്ഥാനത്തേക്ക് മാത്രമാണ് ഞാൻ പിന്നീട് അവിടെ നിന്ന് പുറത്തുപോയത്. അങ്ങനെ ഞാൻ കുറച്ചുകാലം ഖാദിയായി.

ഞാൻ പറയുന്നു: അദ്ദേഹം ഫത്‌വ നൽകുന്നതും സംവാദം നടത്തുന്നതും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

അതിനാൽ പ്രിയ മകനേ, ഫജ്ർ ഉദിക്കുമ്പോൾ നീ ഉണരുക. ഭൗതികമായ കാര്യങ്ങളെക്കുറിച്ച് നീ സംസാരിക്കരുത്. സച്ചരിതരായ സലഫുകൾ ആ സമയത്ത് ദുൻയാവിന്റെ കാര്യങ്ങളൊന്നും സംസാരിക്കാറില്ലായിരുന്നു. നീ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ ഇപ്രകാരം പറയുക:

الحَمْدُ للهِ الَّذِي أَحْيَانِي بَعْدَمَا أَمَاتَنِي وَإِلَيْهِ النُّشُورُ

“എന്നെ മരിപ്പിച്ചതിന് ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അവങ്കലേക്കാണ് മടക്കം.”4

അതുപോലെ നീ പറയുക:

وَيُمْسِكُ السَّمَاءَ أَن تَقَعَ عَلَى الْأَرْضِ إِلَّا بِإِذْنِهِ ۗ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَّحِيمٌ

“അവന്റെ അനുമതിയോടെയല്ലാതെ ഭൂമിയിൽ വീഴാതിരിക്കാൻ തക്കവണ്ണം ആകാശത്തെ അവൻ പിടിച്ചു നിർത്തുകയും ചെയ്യുന്നു. തീർച്ചയായും അല്ലാഹു മനുഷ്യരോട് അത്യന്തം കൃപയുള്ളവനും കരുണാനിധിയുമാകുന്നു.” [22 – 65]

തുടർന്ന് നീ വുദൂഅ് ചെയ്യുക, ഫജ്റിന്റെ സുന്നത്ത് നമസ്കരിക്കുക. ഭയഭക്തിയോടെ പള്ളിയിലേക്ക് പുറപ്പെടുക. വഴിയിൽ വെച്ച് നീ ഇപ്രകാരം പറയുക:

اللَّهُمَّ إِنِّي أَسْأَلُكَ بِحَقِّ السَّائِلِينَ عَلَيْكَ، وَبِحَقِّ مَمْشَايَ هَذَا، إِنِّي لَمْ أَخْرُجْ أَشَرًا وَلَا بَطَرًا، وَلَا رِيَاءً وَلَا سُمْعَةً، خَرَجْتُ اتِّقَاءَ سَخَطِكَ، وَابْتِغَاءَ مَرْضَاتِكَ، وَأَسْأَلُكَ أَنْ تُجِيرَنِي مِنَ النَّارِ، وَأَنْ تَغْفِرَ لِي ذُنُوبِي، إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ

“അല്ലാഹുവേ, നിന്നോട് ചോദിക്കുന്നവരോടുള്ള ബാധ്യത മുൻനിർത്തി, എന്റെ ഈ നടത്തം മുൻനിർത്തി ഞാൻ നിന്നോട് ചോദിക്കുന്നു. അഹങ്കാരത്തോടെയോ ഗർവ്വോടെയോ ജനങ്ങളെ കാണിക്കാനോ അവരെ കേൾപ്പിക്കാനോ വേണ്ടിയല്ല ഞാൻ പുറപ്പെട്ടിട്ടുള്ളത്. മറിച്ച്, നിന്റെ കോപത്തെ ഭയന്നും നിന്റെ തൃപ്തി ആഗ്രഹിച്ചുമാണ് ഞാൻ പുറപ്പെട്ടിട്ടുള്ളത്. നരകത്തിൽ നിന്ന് എന്നെ നീ രക്ഷിക്കണമെന്നും എന്റെ പാപങ്ങൾ നീ പൊറുത്തുതരണമെന്നും ഞാൻ നിന്നോട് അപേക്ഷിക്കുന്നു. തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുത്തുതരുന്നവനായി ആരുമില്ല.”5

ഇമാമിന്റെ വലതുവശത്ത് നിന്ന് നമസ്കരിക്കാൻ നീ ഉദ്ദേശിക്കുക. നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ നീ ഇപ്രകാരം പറയുക:

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، يُحْيِي وَيُمِيتُ، بِيَدِهِ الخَيْرُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

“അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. ആധിപത്യം അവനാണ്. സർവ്വ സ്തുതിയും അവനാണ്. അവൻ ജീവിപ്പിക്കുന്നു, അവൻ മരിപ്പിക്കുന്നു. അവന്റെ കയ്യിലാണ് നന്മയുള്ളത്. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.” – ഇത് പത്ത് തവണ പറയുക.6

പിന്നീട് നീ പത്ത് തവണ സുബ്ഹാനല്ലാഹ് എന്നും, പത്ത് തവണ അൽഹംദുലില്ലാഹ് എന്നും, പത്ത് തവണ അല്ലാഹു അക്ബർ എന്നും പറയുക. ആയത്തുൽ കുർസി പാരായണം ചെയ്യുക. നമസ്കാരം സ്വീകരിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക.

നിനക്കതിന് സാധിച്ചാൽ, സൂര്യൻ ഉദിച്ച് ഉയരുന്നതുവരെ അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് നീ ഇരിക്കുക. തുടർന്ന് നിനക്ക് നിശ്ചയിക്കപ്പെട്ടത് നീ നമസ്കരിക്കുക. അത് എട്ട് റക്അത്താണെങ്കിൽ അത് വളരെ നല്ലതാണ്.

ഉയർന്ന ദുഹാ സമയം വരെ നിന്റെ പാഠങ്ങൾ നീ ആവർത്തിക്കുകയാണെങ്കിൽ, ദുഹാ എട്ട് റക്അത്ത് നീ നമസ്കരിക്കുക. ശേഷം അസർ വരെ വായനയിലോ പകർത്തിയെഴുതുന്നതിലോ നീ മുഴുകുക. അസറിന് ശേഷം മഗ്‌രിബ് വരെ നിന്റെ പാഠങ്ങളിലേക്ക് നീ മടങ്ങുക. മഗ്‌രിബിന് ശേഷം രണ്ട് ജുസ്അ് പാരായണം ചെയ്തുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കുക. ഇശാ നമസ്കരിച്ചാൽ വീണ്ടും നിന്റെ പാഠങ്ങളിലേക്ക് നീ മടങ്ങുക.

തുടർന്ന് നിന്റെ വലതുവശം ചരിഞ്ഞ് കിടക്കുക. മുപ്പത്തിമൂന്ന് തവണ സുബ്ഹാനല്ലാഹ് എന്നും, മുപ്പത്തിമൂന്ന് തവണ അൽഹംദുലില്ലാഹ് എന്നും, മുപ്പത്തിനാല് തവണ അല്ലാഹു അക്ബർ എന്നും പറയുക. എന്നിട്ട് ഇപ്രകാരം പ്രാർത്ഥിക്കുക:

اللَّهُمَّ قِنِي عَذَابَكَ، يَوْمَ تَجْمَعُ عِبَادَكَ

“അല്ലാഹുവേ, നീ നിന്റെ ദാസന്മാരെ ഒരുമിച്ചുകൂട്ടുന്ന ദിവസം നിന്റെ ശിക്ഷയിൽ നിന്നും എന്നെ നീ കാത്തുരക്ഷിക്കേണമേ.”7

ഉറക്കത്തിൽ നിന്ന് നീ നിന്റെ കണ്ണുകൾ തുറന്നാൽ, നിന്റെ ശരീരത്തിന് അതിന്റെ വിഹിതം ലഭിച്ചുവെന്ന് നീ മനസ്സിലാക്കുക. തുടർന്ന് വുദൂഅ് ചെയ്യാനായി എഴുന്നേൽക്കുക. രാത്രിയുടെ ഇരുളിൽ നിനക്ക് സാധിക്കുന്നത്ര നമസ്കരിക്കുക. ലഘുവായ രണ്ട് റക്അത്ത് കൊണ്ട് നീ തുടങ്ങുക. അതിനുശേഷം ഖുർആനിലെ രണ്ട് ജുസ്അ് പാരായണം ചെയ്തുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കുക. ശേഷം ഇൽമ് പഠിക്കുന്നതിലേക്ക് തന്നെ മടങ്ങുക. കാരണം ഇൽമ് ഏതൊരു സുന്നത്ത് കർമ്മത്തേക്കാളും ശ്രേഷ്ഠമായതാണ്.

ഉസ്‌ലത്ത് ആണ് എല്ലാ നന്മയുടെയും അടിസ്ഥാനം

നീ ഉസ്‌ലത്ത് (ഏകാന്തത) കൈക്കൊള്ളുക. അത് എല്ലാ നന്മയുടെയും അടിസ്ഥാനമാണ്. മോശപ്പെട്ട കൂട്ടുകാരനെ നീ സൂക്ഷിക്കുക. നിന്റെ കൂട്ടുകാർ പുസ്തകങ്ങളും സലഫുകളുടെ ചരിത്രങ്ങളിലേക്കുള്ള വായനയുമായിരിക്കട്ടെ.

ഒരു ഇൽമ് പഠിച്ച് അത് ഉറപ്പിക്കുന്നതിന് മുമ്പ് മറ്റൊരു ഇൽമിലേക്ക് നീ പ്രവേശിക്കരുത്. ഇൽമിലും അമലിലും പൂർണ്ണത നേടിയവരുടെ ചരിത്രങ്ങൾ നീ വായിക്കുക. താഴെക്കിടയിലുള്ളതുകൊണ്ട് നീ തൃപ്തിപ്പെടരുത്. ഒരു കവി ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

وَلَمْ أَرَ فِي عُيُوْبِ النَّاسِ شَيْئًا كَنَقْصِ القَادِرِينَ عَلَى التَّمَامِ

“കഴിവുള്ളവർ അത് പൂർണ്ണതയിലെത്തിക്കുന്നതിൽ വീഴ്ചവരുത്തുന്നതുപോലെ മനുഷ്യരുടെ ന്യൂനതകളിൽ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല.”

ഇൽമ് താഴെക്കിടയിലുള്ളവരെ ഉയർത്തുമെന്ന് നീ മനസ്സിലാക്കുക. എടുത്തുപറയത്തക്ക യാതൊരു തറവാട്ടു മഹിമയോ കാണാൻ കൊള്ളാവുന്ന രൂപമോ ഇല്ലാത്ത എത്രയോ ആളുകൾ പണ്ഡിതന്മാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

അതാഅ് ബ്നു അബീ റബാഹ് رَحِمَهُ اللَّهُ കറുത്ത നിറമുള്ളവരും രൂപഭംഗിയില്ലാത്തവരുമായിരുന്നു. ഖലീഫയായിരിക്കെ സുലൈമാൻ ബ്നു അബ്ദിൽ മലിക് അദ്ദേഹത്തിന്റെ അടുക്കൽ വന്നു. കൂടെ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളുമുണ്ടായിരുന്നു. ഹജ്ജിന്റെ കർമ്മങ്ങളെക്കുറിച്ച് ചോദിക്കാനായി അവർ അദ്ദേഹത്തിന്റെ അടുക്കൽ ഇരുന്നു. അവരിൽ നിന്നും മുഖം തിരിച്ചുപിടിച്ചുകൊണ്ട് അദ്ദേഹം അവർക്ക് മറുപടി നൽകി. അപ്പോൾ ഖലീഫ തന്റെ രണ്ട് മക്കളോടായി പറഞ്ഞു: നിങ്ങളെഴുന്നേൽക്കുക. ഇൽമ് അന്വേഷിക്കുന്നതിൽ നിങ്ങൾ അലസതയോ വീഴ്ചയോ കാണിക്കരുത്. ഈ കറുത്ത അടിമയുടെ മുമ്പിൽ നാം എത്രമാത്രം ചെറുതായെന്നത് ഞാൻ ഒരിക്കലും മറക്കുകയില്ല.

ഹസൻ അൽ ബസ്വരി, ഇബ്നു സിരീൻ, മക്ഹൂൽ رَحِمَهُمُ اللَّهُ തുടങ്ങി ഒട്ടേറെപ്പേർ അടിമകളായിരുന്നു. ഇൽമും തഖ്‌വയും കൊണ്ടുമാത്രമാണ് അവർ ആദരിക്കപ്പെട്ടത്.

ഖനാഅത്ത് കൈക്കൊള്ളുക, പ്രതാപം നേടുക

എന്റെ പ്രിയ മകനേ, ദുൻയാവിനെ അന്വേഷിച്ചു പോകുന്നതിൽ നിന്നും അതിന്റെ ആളുകൾക്ക് മുന്നിൽ നിന്ദ്യനാകുന്നതിൽ നിന്നും നിന്റെ അഭിമാനം കാത്തുസൂക്ഷിക്കാൻ നീ പരിശ്രമിക്കുക. നീ ഖനാഅത്ത് (സംതൃപ്തി) കൈക്കൊള്ളുക, നിനക്ക് പ്രതാപം നേടാം. ഇപ്രകാരം പറയപ്പെട്ടിട്ടുണ്ട്: റൊട്ടിയും പച്ചക്കറിയും കൊണ്ട് തൃപ്തിപ്പെടുന്നവനെ ആർക്കും അടിമയാക്കാൻ കഴിയില്ല.

ഒരു ഗ്രാമീണൻ ബസ്വറയിലൂടെ നടന്നുപോകുമ്പോൾ ചോദിച്ചു: ഈ നാടിന്റെ നേതാവ് ആരാണ്? അദ്ദേഹത്തോട് പറയപ്പെട്ടു: ഹസൻ അൽ ബസ്വരിയാണ്. അദ്ദേഹം ചോദിച്ചു: എന്തുകൊണ്ടാണ് അദ്ദേഹം അവരുടെ നേതാവായത്? അവർ പറഞ്ഞു: ജനങ്ങളുടെ കയ്യിലുള്ള ദുൻയാവ് അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു, അവർക്കാകട്ടെ അദ്ദേഹത്തിന്റെ ഇൽമ് ആവശ്യമായി വരികയും ചെയ്തു.

എന്റെ പ്രിയ മകനേ, നീ അറിയുക. എന്റെ പിതാവ് സമ്പന്നനായിരുന്നു, ആയിരക്കണക്കിന് ദീനാറുകൾ അദ്ദേഹം ബാക്കിയാക്കിയിട്ടുമുണ്ട്. ഞാൻ പ്രായപൂർത്തിയായപ്പോൾ അവർ എനിക്ക് ഇരുപത് ദീനാറും രണ്ട് വീടുകളും നൽകി. അവർ എന്നോട് പറഞ്ഞു: ഇതാണ് ആകെയുള്ള അനന്തരാവകാശം. അങ്ങനെ ഞാൻ ആ ദീനാറുകൾ വാങ്ങുകയും അത് കൊടുത്ത് ഇൽമിന്റെ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു. ആ രണ്ട് വീടുകളും ഞാൻ വിൽക്കുകയും അതിൽ നിന്ന് ലഭിച്ച പണം ഇൽമ് തേടുന്നതിനായി ഞാൻ ചെലവഴിക്കുകയും ചെയ്തു. അങ്ങനെ എന്റെ പക്കൽ സമ്പത്തായി യാതൊന്നും ബാക്കിയുണ്ടായിരുന്നില്ല. നിന്റെ പിതാവ് ഇൽമ് അന്വേഷിക്കുന്നതിൽ ഒരിക്കലും നിന്ദ്യനായിട്ടില്ല. മറ്റ് വഅ്ള് പറയുന്നവരെപ്പോലെ നാടുകൾ ചുറ്റി നടന്നിട്ടുമില്ല. യാതൊരാളിൽ നിന്നും ഒന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തുപോലും അദ്ദേഹം അയച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം നേരായ രീതിയിലാണ് മുന്നോട്ട് പോയത്.

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ

“വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കികൊടുക്കുന്നതും, അവൻ കണക്കാക്കാത്ത വിധത്തിൽ അവന് ഉപജീവനം നൽകുന്നതുമാണ്.” [65 – 2, 3]

തഖ്‌വ ശരിയായാൽ എല്ലാ നന്മയും നിനക്ക് കാണാം

എന്റെ പ്രിയ മകനേ, തഖ്‌വ ശരിയായാൽ എല്ലാ നന്മയും നിനക്ക് കാണാം. മുത്തഖിയായ ഒരാൾ സൃഷ്ടികളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുകയില്ല. തന്റെ ദീനിന് ഉപദ്രവമേൽപ്പിക്കുന്ന കാര്യങ്ങളിൽ അവൻ ഇടപെടുകയുമില്ല. ആരെങ്കിലും അല്ലാഹുവിന്റെ ഹുദൂദുകൾ8 കാത്തുസൂക്ഷിച്ചാൽ അല്ലാഹു അവനെ കാത്തുസൂക്ഷിക്കും. റസൂൽ ﷺ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു:

احْفَظِ اللَّهَ يَحْفَظْكَ، احْفَظِ اللَّهَ تَجِدْهُ أَمَامَكَ

“നീ അല്ലാഹുവിനെ കാത്തുസൂക്ഷിക്കുക, അവൻ നിന്നെ കാത്തുസൂക്ഷിക്കും. നീ അല്ലാഹുവിനെ കാത്തുസൂക്ഷിക്കുക, അവനെ നിന്റെ മുന്നിൽ നിനക്ക് കണ്ടെത്താം.”9

എന്റെ പ്രിയ മകനേ, നീ മനസ്സിലാക്കുക. യൂനുസ് നബി عليه السلام യുടെ പക്കൽ നന്മയുടെ ശേഖരമുണ്ടായിരുന്നതിനാലാണ് പ്രയാസഘട്ടത്തിൽ അതിലൂടെ അദ്ദേഹം രക്ഷപ്പെട്ടത്. അല്ലാഹു عز وجل പറയുന്നു:

فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ

“അദ്ദേഹം അല്ലാഹുവെ പ്രകീർത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കിൽ, മനുഷ്യർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ ആ മത്സ്യത്തിന്റെ വയറ്റിൽ തന്നെ അദ്ദേഹം കഴിച്ചുകൂട്ടേണ്ടി വരുമായിരുന്നു.” [37 – 143, 144]

എന്നാൽ ഫിർഔനാകട്ടെ, അവന് നന്മയുടെ യാതൊരു ശേഖരവും ഉണ്ടായിരുന്നില്ല. അതിനാൽ തന്റെ പ്രയാസഘട്ടത്തിൽ അവനൊരു രക്ഷാമാർഗ്ഗവും ലഭിച്ചില്ല. അവനോട് ഇപ്രകാരം പറയപ്പെട്ടു:

آلْآنَ وَقَدْ عَصَيْتَ قَبْلُ

“ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്‌?) മുമ്പ് നീ ധിക്കരിക്കുകയും (കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിരിക്കുന്നു.)” [10 – 91]

അതിനാൽ തഖ്‌വയിൽ നിന്നുള്ള നന്മയുടെ ശേഖരങ്ങൾ നീ നിനക്കായി ഒരുക്കിവെക്കുക. അതിന്റെ സ്വാധീനം നിനക്ക് കാണാം. ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്:

مَا مِنْ شَابٍّ اتَّقَى اللَّهَ فِي شَبَابِهِ إِلَّا رَفَعَهُ اللهُ فِي كِبَرِهِ

“തന്റെ യൗവനകാലത്ത് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന ഏതൊരു യുവാവിനെയും അവന്റെ വാർദ്ധക്യകാലത്ത് അല്ലാഹു ഉയർത്താതിരിക്കുകയില്ല.”10

ഉന്നതനായ അല്ലാഹു പറയുന്നു:

وَلَمَّا بَلَغَ أَشُدَّهُ آتَيْنَاهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ

“അദ്ദേഹം പൂർണ്ണവളർച്ച പ്രാപിച്ചപ്പോൾ അദ്ദേഹത്തിന് നാം തത്വജ്ഞാനവും അറിവും നൽകി. സദ്‌വൃത്തർക്ക് അപ്രകാരമാണ് നാം പ്രതിഫലം നൽകുന്നത്.” [12 – 22]

അല്ലാഹു വീണ്ടും പറയുന്നു:

إِنَّهُ مَن يَتَّقِ وَيَصْبِرْ فَإِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ

“തീർച്ചയായും ആരെങ്കിലും ധർമ്മനിഷ്ഠ പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന പക്ഷം സദ്‌വൃത്തർക്കുള്ള പ്രതിഫലം അല്ലാഹു ഒരിക്കലും നശിപ്പിച്ചു കളയുകയില്ല.” [12 – 90]

ഹറാമിൽ നിന്ന് ദൃഷ്ടി താഴ്ത്തുക, അനാവശ്യ വാക്കുകളിൽ നിന്ന് നാവ് കാത്തുസൂക്ഷിക്കുക, അല്ലാഹുവിന്റെ ഹുദൂദുകൾ പാലിക്കുക, ശരീരത്തിന്റെ ഇച്ഛകളേക്കാൾ ഉന്നതനായ അല്ലാഹുവിന് മുൻഗണന നൽകുക എന്നിവയാണ് നന്മയുടെ ഏറ്റവും വലിയ ശേഖരങ്ങളെന്ന് നീ മനസ്സിലാക്കുക.

ഗുഹയിൽ പ്രവേശിച്ച മൂന്ന് പേരുടെ ഹദീസ് നിനക്കറിയാമല്ലോ.

الثَّلَاثَةِ الَّذِينَ دَخَلُوْا إِلَى غَارِ، فَانْطَبَقَتْ عَلَيْهِمْ صَخْرَةٌ، فَقَالَ أَحَدُهُمْ : اللَّهُمَّ إِنَّهُ كَانَ لِيَ أَبَوَانِ وَأَوْلَادٌ، فَكُنْتُ أَقِفُ بِالحَلِيْبِ عَلَى أَبَوَيَّ أَسْقِيْهِمَا قَبْلَ أَوْلَادِي، فَإِنْ كُنْتُ فَعَلَتُ ذَلِكَ لأَجْلِكَ فَافْرُجْ عَنَّا، فَانْفَرَجَ ثُلُثُ الصَّخْرَةِ. وَقَالَ الآخَرُ : اللَّهُمَّ إِنِّي اسْتَأَجْرَتُ أَجِيْرًا ، فَتَسَخَّطَ أَجْرَهُ، فَاتَّجَرْتُ بِهِ، فَجَاءَ يَوْمًا فَقَالَ : أَلَا تَخَافُ اللَّهَ وَتُعْطِينِي أَجْرَتِي ؟ فَقُلْتُ : انْظُر إِلَى تِلْكَ البَقَرِ وَرُعَاتِهَا فَخُذْهَا ، فَإِنْ كُنْتُ فَعَلْتُ ذَلِكَ لأَجْلِكَ فَفَرِّجْ عَنَّا ، فَانْفَرَجَ ثُلُنَا الصَّخْرَةِ، فَقَالَ الْآخَرُ : اللَّهُمَّ إِنِّي عَلِقْتُ بِنَتَ عَمَّ لِي ، فَلَمَّا دَنَوْتُ مِنْهَا قَالَتْ : اتَّقِ اللَّهَ، وَلَا تَفُضَ الخَاتَمَ إِلَّا بِحَقِّهِ ، فَقُمْتُ عَنْهَا ، فَإِنْ كُنْتُ فَعَلْتُ ذلِك لأَجْلِكَ فَفَرِّجْ عَنَّا، فَرُفِعَتِ الصَّخْرَةُ، وَخَرَجُوا

“ഗുഹയിൽ പ്രവേശിച്ച മൂന്ന് പേർ, ഒരു വലിയ പാറക്കല്ല് വന്ന് അവർക്ക് മേൽ ഗുഹാമുഖം അടഞ്ഞുപോയി. അപ്പോൾ അവരിലൊരാൾ പറഞ്ഞു: അല്ലാഹുവേ, എനിക്ക് പ്രായമായ മാതാപിതാക്കളും കുട്ടികളുമുണ്ടായിരുന്നു. പാലിന്റെ പാത്രവുമായി എന്റെ കുട്ടികൾക്ക് നൽകുന്നതിന് മുമ്പായി മാതാപിതാക്കളെ കുടിപ്പിക്കാൻ ഞാൻ അവരുടെ അടുക്കൽ നിൽക്കുമായിരുന്നു. നിനക്ക് വേണ്ടിയാണ് ഞാനത് ചെയ്തതെങ്കിൽ ഞങ്ങളിൽ നിന്ന് നീ ഈ പ്രയാസം നീക്കിത്തരേണമേ. അപ്പോൾ ആ പാറക്കല്ലിന്റെ മൂന്നിലൊന്ന് ഭാഗം നീങ്ങി. മറ്റൊരാൾ പറഞ്ഞു: അല്ലാഹുവേ, ഞാൻ ഒരു ജോലിക്കാരനെ വാടകക്കെടുത്തു. എന്നാൽ അയാൾക്ക് തന്റെ കൂലിയുടെ കാര്യത്തിൽ അതൃപ്തി തോന്നി അത് വാങ്ങാതെ പോയി. ഞാൻ ആ പണം ഉപയോഗിച്ച് കച്ചവടം ചെയ്തു. അങ്ങനെ ഒരു ദിവസം അയാൾ വന്നിട്ട് ചോദിച്ചു: നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ, എന്റെ കൂലി എനിക്ക് നൽകുക? ഞാൻ പറഞ്ഞു: നീ ആ കാണുന്ന പശുക്കളെയും അതിന്റെ ഇടയന്മാരെയും നോക്കുക, അതെല്ലാം നീ എടുത്തുകൊള്ളുക. നിനക്ക് വേണ്ടിയാണ് ഞാനത് ചെയ്തതെങ്കിൽ ഞങ്ങളിൽ നിന്ന് നീ ഈ പ്രയാസം നീക്കിത്തരേണമേ. അപ്പോൾ ആ പാറക്കല്ലിന്റെ മൂന്നിലൊന്ന് ഭാഗം കൂടി നീങ്ങി. മൂന്നാമൻ പറഞ്ഞു: അല്ലാഹുവേ, എന്റെ പിതൃവ്യപുത്രിയോട് എനിക്ക് കടുത്ത പ്രണയമായിരുന്നു. അങ്ങനെ ഞാൻ അവളെ പ്രാപിക്കാൻ അടുത്തപ്പോൾ അവൾ പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവകാശമില്ലാതെ നീ ഈ മുദ്ര പൊട്ടിക്കരുത്. അപ്പോൾ ഞാൻ അവളിൽ നിന്ന് പിന്തിരിഞ്ഞു. നിനക്ക് വേണ്ടിയാണ് ഞാനത് ചെയ്തതെങ്കിൽ ഞങ്ങളിൽ നിന്ന് നീ ഈ പ്രയാസം നീക്കിത്തരേണമേ. അപ്പോൾ ആ പാറക്കല്ല് പൂർണ്ണമായും നീങ്ങുകയും അവർ പുറത്തിറങ്ങുകയും ചെയ്തു.”11

സുഫ്‌യാൻ അസ്സൗരി رَحِمَهُ اللَّهُ വിനെ സ്വപ്നത്തിൽ കാണുകയുണ്ടായി. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: അല്ലാഹു നിങ്ങളോട് എപ്രകാരമാണ് വർത്തിച്ചത്? അദ്ദേഹം പറഞ്ഞു: എന്നെ ഖബ്റിൽ വെക്കുക മാത്രമേ ചെയ്തുള്ളൂ, ഉടനെ ഞാൻ ലോകരക്ഷിതാവിന്റെ മുമ്പിലായി. ഞാൻ പ്രവേശിച്ചപ്പോൾ ഒരാൾ വിളിച്ചുപറയുന്നു: സുഫ്‌യാൻ? ഞാൻ പറഞ്ഞു: അതെ, സുഫ്‌യാൻ. അവൻ ചോദിച്ചു: നിന്റെ ഇച്ഛകളേക്കാൾ അല്ലാഹുവിന് നീ മുൻഗണന നൽകിയ ദിവസം നീ ഓർക്കുന്നുണ്ടോ? ഞാൻ പറഞ്ഞു: അതെ. അപ്പോൾ സ്വർഗ്ഗത്തിൽ നിന്നുള്ള മധുരപലഹാരങ്ങൾ നിറഞ്ഞ താലങ്ങൾ എന്നെ പൊതിഞ്ഞു.

പൂർണ്ണതയിലേക്കുള്ള ഉന്നതമായ ഹിമ്മത്ത്

നിന്റെ ഹിമ്മത്ത് പൂർണ്ണതയിലേക്ക് ഉയരേണ്ടതുണ്ട്. ഒരു കൂട്ടം ആളുകൾ സുഹ്ദിൽ മാത്രം ഒതുങ്ങിനിന്നു. മറ്റൊരു കൂട്ടർ ഇൽമിൽ മാത്രം മുഴുകി. പൂർണ്ണമായ ഇൽമും പൂർണ്ണമായ അമലും ഒരുമിച്ചുകൂട്ടിയവർ വളരെ അപൂർവ്വമാണ്.

താബിഉകളെയും അവർക്ക് ശേഷമുള്ളവരെയും ഞാൻ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ഈ നാല് പേരിലല്ലാതെ പൂർണ്ണതയുടെ ഉന്നത പദവി ഞാൻ കണ്ടില്ല. സഈദ് ബ്നുൽ മുസയ്യബ്, ഹസൻ അൽ ബസ്വരി, സുഫ്‌യാൻ അസ്സൗരി, അഹ്മദ് ബ്നു ഹൻബൽ رَحِمَهُمُ اللَّهُ എന്നിവരാണവർ. അവർ ഉന്നതരായ പുരുഷന്മാരായിരുന്നു. അവരുടെ ഹിമ്മത്തുകൾ നമ്മിൽ വളരെ ദുർബലമായിരിക്കുന്നു. ഉന്നതമായ ഹിമ്മത്തുകളുള്ള ഒട്ടേറെപ്പേർ സലഫുകളിലുണ്ടായിരുന്നു. അവരുടെ അവസ്ഥകൾ നീ നോക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നീ ‘സ്വിഫതു സ്വഫ്‌വ’ (صِفَةِ الصَّفْوَةِ) എന്ന ഗ്രന്ഥം നോക്കുക. നീ ഉദ്ദേശിക്കുന്നുവെങ്കിൽ സഈദ്, ഹസൻ, സുഫ്‌യാൻ, അഹ്മദ് رَحِمَهُمُ اللَّهُ എന്നിവരുടെ ചരിത്രങ്ങൾ നീ ചിന്തിച്ചുനോക്കുക. അവരോരോരുത്തർക്കും വേണ്ടി ഞാൻ ഓരോ ഗ്രന്ഥം രചിച്ചിട്ടുണ്ട്.

ഹിഫ്ള് ആണ് മൂലധനം, അത് ഉപയോഗപ്പെടുത്തലാണ് ലാഭം

എന്റെ പ്രിയ മകനേ, ഞാൻ നൂറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെന്ന് നിനക്കറിയാമല്ലോ. അതിൽ ഇരുപത് വാല്യങ്ങളുള്ള വലിയ തഫ്‌സീർ ഉണ്ട്, ഇരുപത് വാല്യങ്ങളുള്ള ചരിത്രമുണ്ട്, ഇരുപത് വാല്യങ്ങളുള്ള ‘തഹ്ദീബുൽ മുസ്നദ്’ ഉണ്ട്. ബാക്കിയുള്ള ഗ്രന്ഥങ്ങൾ വലുതും ചെറുതുമായി അഞ്ചും രണ്ടും മൂന്നും നാലും വാല്യങ്ങളുള്ളവയാണ്, അതിൽ കൂടുതലും കുറവുമുള്ളവയുണ്ട്. ഗ്രന്ഥങ്ങൾ കടമെടുക്കുന്നതിൽ നിന്നും, ഗ്രന്ഥരചനകൾക്കായി നീ ഹിമ്മത്ത് ഒരുമിച്ചുകൂട്ടുന്നതിൽ നിന്നും ഈ രചനകളിലൂടെ ഞാൻ നിനക്ക് പര്യാപ്തത നൽകിയിട്ടുണ്ട്.

അതിനാൽ നീ ഹിഫ്ള് നിർബന്ധമാക്കുക. ഹിഫ്ള് ആണ് മൂലധനം, അത് ഉപയോഗപ്പെടുത്തലാണ് ലാഭം. ഈ രണ്ട് അവസ്ഥകളിലും ഉന്നതനായ അല്ലാഹുവിങ്കൽ അഭയം പ്രാപിക്കുന്നതിൽ നീ സത്യസന്ധത കാണിക്കുക. അവന്റെ ഹുദൂദുകൾ നീ കാത്തുസൂക്ഷിക്കുക. ഉന്നതനായ അല്ലാഹു പറയുന്നു:

إِن تَنصُرُوا اللَّهَ يَنصُرْكُمْ

“നിങ്ങൾ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവൻ നിങ്ങളെ സഹായിക്കും.” [47 – 7]

فَاذْكُرُونِي أَذْكُرْكُمْ

“ആകയാൽ നിങ്ങൾ എന്നെ ഓർക്കുക. ഞാൻ നിങ്ങളെയും ഓർക്കാം.” [2 – 152]

وَأَوْفُوا بِعَهْدِي أُوفِ بِعَهْدِكُمْ

“എന്നോടുള്ള കരാർ നിങ്ങൾ നിറവേറ്റുക. നിങ്ങളോടുള്ള കരാർ ഞാനും നിറവേറ്റാം.” [2 – 40]

കർമ്മങ്ങൾ ഉപേക്ഷിക്കുന്നവന് ബറകത്ത് തടയപ്പെടും

ഇൽമ് പ്രവർത്തിക്കാതെ അതിന്റെ ബാഹ്യരൂപത്തിൽ മാത്രം നീ ഒതുങ്ങിനിൽക്കുന്നത് നീ കർശനമായി സൂക്ഷിക്കുക. അമീറുമാരുടെ അടുക്കൽ കയറിച്ചെല്ലുന്നവരും, ദുൻയാവിന്റെ ആളുകളുടെ അടുത്തേക്ക് മുന്നിട്ടുപോകുന്നവരും ഇൽമ് അനുസരിച്ച് പ്രവർത്തിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞവരാണ്. അതിനാൽ അവർക്ക് ഇൽമിലെ ബറകത്തും അതിൽ നിന്നുള്ള ഉപകാരവും തടയപ്പെട്ടു.

നീ അറിവുകൊണ്ട് പ്രയോജനമെടുക്കുന്നതിന് അനുസരിച്ചായിരിക്കും കേൾവിക്കാർക്ക് പ്രയോജനപ്പെടുക

ഇൽമ് ഇല്ലാതെ ആരാധനകളിൽ മുഴുകുന്നതിനെ നീ സൂക്ഷിക്കുക. സുഹ്ദ് സ്വീകരിച്ചവരിലും സൂഫികളിലും പെട്ട വലിയൊരു വിഭാഗത്തിന് നേർവഴി നഷ്ടപ്പെട്ടിട്ടുണ്ട്.. ഇൽമ് ഇല്ലാതെ അവർ പ്രവർത്തിച്ചതുകൊണ്ടാണത്.

നിന്നെ നീ രണ്ട് ഭംഗിയുള്ള വസ്ത്രങ്ങൾ കൊണ്ട് മറയ്ക്കുക. അവയുടെ ഉയർന്ന നിലവാരം കാരണം ദുൻയാവിന്റെ ആളുകൾക്കിടയിൽ അവ നിന്നെ പ്രസിദ്ധനാക്കാതിരിക്കട്ടെ. അതുപോലെ അതിന്റെ താഴ്ന്ന നിലവാരം കാരണം സുഹ്ദ് സ്വീകരിച്ചവർക്കിടയിലും അവ നിന്നെ പ്രസിദ്ധനാക്കാതിരിക്കട്ടെ.

ഓരോ നോട്ടത്തിലും ഓരോ വാക്കിലും ഓരോ ചുവടുവെപ്പിലും നീ നിന്നെത്തന്നെ വിചാരണ ചെയ്യുക. കാരണം അതെല്ലാം നീ ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇൽമ് കൊണ്ട് നീ എത്രത്തോളം പ്രയോജനമെടുക്കുന്നുവോ അതിനനുസരിച്ചായിരിക്കും കേൾവിക്കാർക്ക് പ്രയോജനപ്പെടുക. വഅ്ള് പറയുന്നവൻ തന്റെ ഇൽമനുസരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിൽ, പാറക്കല്ലിൽ നിന്ന് വെള്ളം വഴുതിമാറുന്നതുപോലെ അവന്റെ വഅ്ള് ഹൃദയങ്ങളിൽ നിന്ന് വഴുതിമാറുന്നതാണ്. അതിനാൽ നിയ്യത്തോടുകൂടിയല്ലാതെ നീ വഅ്ള് പറയരുത്, നിയ്യത്തോടുകൂടിയല്ലാതെ നീ നടക്കരുത്, നിയ്യത്തോടുകൂടിയല്ലാതെ നീ ഒരു ഉരുള ഭക്ഷണം പോലും കഴിക്കരുത്. സലഫുകളുടെ സ്വഭാവഗുണങ്ങൾ പഠിക്കുന്നതിലൂടെ ഈ വിഷയം നിനക്ക് വ്യക്തമാകുന്നതാണ്.

ഈ ഗ്രന്ഥങ്ങൾ നിർബന്ധമായും പാരായണം ചെയ്യുക

നീ ‘മിൻഹാജുൽ മുരീദീൻ’ (مِنْهَاجِ المُرِيدِيْنَ) എന്ന ഗ്രന്ഥം നിർബന്ധമാക്കുക. അത് നിനക്ക് സുലൂക് പഠിപ്പിച്ചുതരും. അതിനെ നിന്റെ കൂട്ടുകാരനും ഗുരുവുമാക്കുക. ‘സ്വയ്ദുൽ ഖാത്വിർ’ (صَيْدِ الخَاطِرِ) എന്ന ഗ്രന്ഥം നീ പരിശോധിക്കുക. നിന്റെ ദീനിനും ദുൻയാവിനും ഗുണകരമാകുന്ന കാര്യങ്ങൾ അതിൽ നിനക്ക് കാണാം. ‘ജന്നത്തുന്നളർ’ (جَنَّةَ النَّظَرِ) എന്ന ഗ്രന്ഥം നീ മനഃപാഠമാക്കുക. ഫിഖ്ഹിലുള്ള നിന്റെ ഗ്രാഹ്യശേഷി വർദ്ധിപ്പിക്കാൻ അത് മതിയായതാണ്. നീ ‘അൽ ഹദാഇഖ്’ (الحَدَائِقِ) എന്ന ഗ്രന്ഥത്തിൽ മുഴുകിയാൽ അത് മിക്ക ഹദീസുകളെയും കുറിച്ച് നിനക്ക് അറിവ് നൽകുന്നതാണ്. ‘അൽകശ്ഫ്’ (الكَشْفِ) എന്ന ഗ്രന്ഥത്തിലേക്ക് നീ തിരിഞ്ഞാൽ, സ്വഹീഹൈനിയിലുള്ള ഹദീസുകളിൽ ഒളിഞ്ഞുകിടക്കുന്ന കാര്യങ്ങൾ അത് നിനക്ക് വ്യക്തമാക്കുന്നതാണ്. അജമുകൾ രചിച്ച തഫ്സീർ ഗ്രന്ഥങ്ങളിൽ നീ മുഴുകരുത്. തഫ്സീർ വിജ്ഞാനീയങ്ങളിൽ നിനക്കാവശ്യമായതെല്ലാം ‘അൽ മുഗ്നി’ (المُغْنِي), ‘സാദുൽ മസീർ’ (زَادُ المَسِيْرِ) എന്നീ ഗ്രന്ഥങ്ങൾ നൽകുന്നതാണ്. വഅ്ളിന്റെ വിഷയത്തിൽ ഞാൻ നിനക്കായി ക്രോഡീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ വായിച്ചു കഴിഞ്ഞാൽ പിന്നീട് അതിൽ യാതൊരു കൂട്ടിച്ചേർക്കലിന്റെയും ആവശ്യമില്ല.

ജനങ്ങളുമായുള്ള നല്ല പെരുമാറ്റം

ജനങ്ങളിൽ നിന്ന് പൂർണ്ണമായി അകന്നുനിൽക്കുന്നതോടൊപ്പം തന്നെ, അവരോട് നല്ല പെരുമാറ്റം (മുദാറാത്ത്12) ഉള്ളവനാകുക. കാരണം മോശപ്പെട്ട കൂട്ടുകാരിൽ നിന്നുള്ള ആശ്വാസവും ഗാംഭീര്യം നിലനിർത്തുന്നതുമാണ് ഉസ്‌ലത്ത്. പ്രത്യേകിച്ച് വഅ്ള് പറയുന്ന വ്യക്തി ഒരിക്കലും തരംതാഴ്ന്നവനായോ, അങ്ങാടിയിലൂടെ നടക്കുന്നവനായോ, ചിരിക്കുന്നവനായോ കാണപ്പെടാൻ പാടില്ല. ജനങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് നല്ല വിചാരം ഉണ്ടാകാനും അദ്ദേഹത്തിന്റെ വഅ്ള് കൊണ്ട് അവർക്ക് പ്രയോജനം ലഭിക്കാനും വേണ്ടിയാണിത്. ജനങ്ങളുമായി ഇടപഴകാൻ നീ നിർബന്ധിതനായാൽ അവരോടുള്ള സഹനത്തോടെ അവരുമായി നീ സഹവസിക്കുക. കാരണം, നീ അവരുടെ സ്വഭാവങ്ങൾ പരിശോധിക്കാൻ നിന്നാൽ അവരോട് നല്ലനിലയിൽ പെരുമാറാൻ നിനക്ക് കഴിയുകയില്ല.

അവകാശപ്പെട്ടവർക്കെല്ലാം അവരുടെ അവകാശം നൽകുക

ഭാര്യ, സന്താനങ്ങൾ, ബന്ധുക്കൾ തുടങ്ങി അവകാശപ്പെട്ടവർക്കെല്ലാം അവരുടെ അവകാശം നീ നൽകുക. നിന്റെ ഓരോ മണിക്കൂറുകളെയും നീ നോക്കുക, എന്തിലാണ് അത് കടന്നുപോകുന്നതെന്ന്? സാധ്യമാകുന്നതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ കാര്യങ്ങളിലല്ലാതെ നീ അതിനെ ഏൽപ്പിക്കരുത്. നിന്റെ ശരീരത്തെ നീ പ്രയാസപ്പെടുത്തരുത്. അമൽ ചെയ്യുന്നതിൽ ഏറ്റവും ശ്രേഷ്ഠമായതും മികച്ചതുമായ കാര്യങ്ങൾ അതിനെ നീ ശീലിപ്പിക്കുക. അവിടെയെത്തുമ്പോൾ നിന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ഖബ്ർ ആകുന്ന പെട്ടിയിലേക്ക് നീ അയച്ചുകൊടുക്കുക. ഇപ്രകാരം പറയപ്പെട്ടിട്ടുള്ളത് പോലെ:

يَا مَنْ بِدُنْيَاهُ اشْتَغَلْ وَغَرَّهُ طُوْلُ الأَمَل المَوْتُ يَأْتِي بَغْتَةً وَالقَبْرُ صُنْدُوْقُ العَمَل

“ദുൻയാവിൽ മുഴുകുകയും നീണ്ട പ്രതീക്ഷകൾ വഞ്ചിതനാക്കുകയും ചെയ്തവനേ, മരണം പെട്ടെന്നാണ് വന്നെത്തുന്നത്. കർമ്മങ്ങൾ നിക്ഷേപിക്കാനുള്ള പെട്ടിയാണ് ഖബ്ർ.”

കാര്യങ്ങളുടെ പര്യവസാനങ്ങളെക്കുറിച്ച് നീ ചിന്തിക്കുക. എന്നാൽ നീ ആഗ്രഹിക്കുന്നതും നീ വെറുക്കുന്നതുമായ കാര്യങ്ങളിൽ ക്ഷമിക്കാൻ നിനക്ക് എളുപ്പമാകും. നിന്നിൽ നീ വല്ല അശ്രദ്ധയും കാണുകയാണെങ്കിൽ അതിനെ നീ ഖബ്റിടങ്ങളിലേക്ക് കൊണ്ടുപോവുക, യാത്ര തിരിക്കാൻ സമയമായെന്ന് അതിനെ ഓർമ്മിപ്പിക്കുകയും ചെയ്യുക.

ചെലവഴിക്കുന്ന കാര്യങ്ങളിൽ അമിതവ്യയമില്ലാതെ നീ നിന്റെ കാര്യങ്ങൾ നിയന്ത്രിക്കുക. അല്ലാഹുവാണ് യഥാർത്ഥ നിയന്താവ്. ജനങ്ങളെ ആശ്രയിക്കേണ്ടിവരാതിരിക്കാനാണ് ഇത്. കാരണം, സമ്പത്ത് സംരക്ഷിക്കൽ ദീനിന്റെ ഭാഗമാണ്. നീ ജനങ്ങളിലേക്ക് ആവശ്യക്കാരനാകുന്നതിനേക്കാൾ നിന്റെ അനന്തരാവകാശികൾക്കായി നീ വല്ലതും ബാക്കിയാക്കുന്നതാണ് ഉത്തമം.

നാം അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിന്റെ പരമ്പരയിൽ പെട്ടവരാണ്

എന്റെ പ്രിയ മകനേ, നീ മനസ്സിലാക്കുക. തീർച്ചയായും നാം അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിന്റെ മക്കളിൽ പെട്ടവരാണ്. നമ്മുടെ പിതാമഹൻ അൽ ഖാസിം ബ്നു മുഹമ്മദ് ബ്നു അബ്ദുറഹ്മാൻ ബ്നു അബീബക്കർ ബ്നു മുഹമ്മദ് ബ്നു അബീബക്കർ رَضِيَ اللَّهُ عَنْهُ ആണ്. അദ്ദേഹത്തിന്റെ വിവരങ്ങൾ ‘സ്വിഫതു സ്വഫ്‌വ’ (صِفَةِ الصَّفْوَةِ) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് നമ്മുടെ മുൻഗാമികൾ കച്ചവടം, ക്രയവിക്രയം എന്നിവയിൽ മുഴുകി. പിൽക്കാലക്കാരിൽ ഞാനല്ലാതെ ഇൽമ് അന്വേഷിക്കുന്നതിൽ ഹിമ്മത്ത് നൽകപ്പെട്ട മറ്റാരുമുണ്ടായിട്ടില്ല. ഇപ്പോൾ ആ കാര്യം നിന്നിലേക്ക് എത്തിയിരിക്കുന്നു. അതിനാൽ നിന്നിലും നിനക്കായും ഞാൻ പ്രതീക്ഷിച്ച കാര്യങ്ങളിൽ എന്റെ വിചാരം നീ തെറ്റിക്കാതിരിക്കാൻ കഠിനമായി പരിശ്രമിക്കുക. നിന്നെ ഞാൻ അല്ലാഹുവിന് ഏൽപ്പിച്ചിരിക്കുന്നു. ഇൽമിനും അമലിനും നിനക്ക് തൗഫീഖ് നൽകാൻ അവനോട് ഞാൻ അപേക്ഷിക്കുന്നു.

എന്റെ വസ്വിയ്യത്തിൽ ഞാൻ എന്റെ കഴിവ് ഉപയോഗിച്ചിട്ടുള്ളത് ഇത്രയുമാണ്. ഉന്നതനും മഹാനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല. സർവ്വ സ്തുതിയും അല്ലാഹുവിനാണ്, സ്തുതിക്കുന്നവർക്ക് അവൻ കൂടുതൽ നൽകുന്നവനാണ്. നമ്മുടെ സയ്യിദായ മുഹമ്മദ് നബിക്കും അവിടുത്തെ കുടുംബത്തിനും സ്വഹാബത്തിനും അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ.13

  1. സ്വഹീഹുൽ ബുഖാരി – 4949, സ്വഹീഹ് മുസ്‌ലിം – 2647 ↩︎
  2. ഉന്നതമായ ലക്ഷ്യബോധം, നിശ്ചയദാർഢ്യം, താല്പര്യം ↩︎
  3. ജാമിഉത്തിർമുദി – 3464 ↩︎
  4. സ്വഹീഹുൽ ബുഖാരി – 6314 ↩︎
  5. സുനനു ഇബ്നുമാജ – 778 ↩︎
  6. സുനനുന്നസാഈ – 125 ↩︎
  7. ജാമിഉത്തിർമുദി – 3398 ↩︎
  8. അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകളും നിയമങ്ങളും ↩︎
  9. ജാമിഉത്തിർമുദി – 2516 ↩︎
  10. കൻസുൽ ഉമ്മാൽ – 43105 ↩︎
  11. സ്വഹീഹുൽ ബുഖാരി – 2215 ↩︎
  12. ജനങ്ങളോട് വിട്ടുവീഴ്ചയോടെയും നല്ലനിലയിലുമുള്ള പെരുമാറ്റം ↩︎
  13. കൈയെഴുത്തുപ്രതിയുടെ അവസാനമുള്ള കുറിപ്പ്:
    നമ്മൾ പകർത്തിയെഴുതിയ, ഈജിപ്ഷ്യൻ ദാറുൽ കുതുബിൽ 125-ാം നമ്പർ മജ്‌മൂഇൽ ഉള്ള കൈയെഴുത്തുപ്രതിയുടെ അവസാനം ഇപ്രകാരം വന്നിട്ടുണ്ട്:
    ലഫ്തതുൽ കബദ് ഇലാ നസ്വീഹതിൽ വലദ് (لفتة الكبد إلى نصيحة الولد) എന്ന ഗ്രന്ഥം പൂർത്തിയായി. സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിനാണ് സ്തുതി. നമ്മുടെ സയ്യിദായ മുഹമ്മദ് നബിക്കും അവിടുത്തെ ആദരണീയരായ കുടുംബത്തിനും സ്വഹാബത്തിനും അല്ലാഹുവിന്റെ സ്വലാത്തുകൾ ഉണ്ടാകട്ടെ. ഹിജ്റ 703 ശഅ്ബാൻ 13 തിങ്കളാഴ്ചയാണ് ഇത് എഴുതപ്പെട്ടത്.

    ദാറുൽ കുതുബിലെ 123-ാം നമ്പർ മജ്‌മൂഇലുള്ള മറ്റൊരു പതിപ്പുമായി ഇത് ഒത്തുനോക്കിയിട്ടുണ്ട്. ഹിജ്റ 1349 റമദാൻ 23 ബുധനാഴ്ച ഉസ്മാൻ ഖലീലിന്റെ മേൽനോട്ടത്തിലാണിത് നടന്നത്. ↩︎
Share This Article
Leave a Comment