ദിക്റുകളുമായി ബന്ധപ്പെട്ട സുപ്രധാന വിധികളും ഉണർത്തലുകളും

7 Min Read

ശൈഖ് സ്വാലിഹ് അൽ ഉസൈമി:

‘നമസ്കരിക്കുന്ന വ്യക്തി ഈ ദിക്റുകളല്ലാം ഉറക്കെ ചൊല്ലലും’ എന്നതിലൂടെ, മുമ്പ് പരാമർശിച്ച ദിക്റുകളെല്ലാം ഓരോ നിർബന്ധ നമസ്കാരങ്ങൾക്കും ശേഷം ഉറക്കെ ചൊല്ലൽ സുന്നത്താണെന്ന് ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു.

ജഹർ (ഉറക്കെ ചൊല്ലുക) എന്നാൽ: മറ്റൊരാളെ കേൾപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ശബ്ദമുയർത്തുക എന്നാണ്, അയാൾ അത് കേട്ടില്ലെങ്കിലും ശരി. സിർറ് (പതുക്കെ ചൊല്ലുക) എന്നാൽ: മറ്റൊരാളെ കേൾപ്പിക്കാൻ ഉദ്ദേശിക്കാതെ ശബ്ദം താഴ്ത്തുക എന്നാണ്, അയാൾ അത് കേട്ടാലും ശരി.

ജഹർ, ഇസ്രാർ എന്നിവയെ വ്യക്തമാക്കുന്ന ഈ രണ്ട് വസ്തുതകളും അവ തമ്മിലുള്ള വ്യത്യാസം അറിയിക്കുന്നു. ജഹറിൽ ശബ്ദമുയർത്തലുണ്ടാകും, ഇസ്രാറിൽ ശബ്ദം താഴ്ത്തലായിരിക്കും. അതുപോലെ ജഹറിൽ മറ്റുള്ളവരെ കേൾപ്പിക്കുക എന്ന ഉദ്ദേശ്യമുണ്ടാകും, കേൾവിശക്തി കുറഞ്ഞവനോ അല്ലെങ്കിൽ അകലെ നിൽക്കുന്നവനോ ആയതിനാൽ അവൻ അത് കേട്ടില്ലെങ്കിലും ശരി. എന്നാൽ ഇസ്രാറിൽ മറ്റുള്ളവരെ കേൾപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല, നല്ല കേൾവിശക്തി ഉള്ളവനോ അല്ലെങ്കിൽ വളരെ അടുത്തുനിൽക്കുന്നവനോ ആയതിനാൽ അവൻ അത് കേട്ടാലും ശരി. ഇത് വളരെ സൂക്ഷ്മമായ വിജ്ഞാനങ്ങളിൽ പെട്ടതാണ്. ജഹറും ഇസ്രാറും തമ്മിലുള്ള വ്യത്യാസം നിർണ്ണയിക്കുന്നതിലെ അവ്യക്തത കാരണം ലോകത്തെ ബുദ്ധിമാന്മാരായ പണ്ഡിതന്മാരിൽ ഒരാളായ അബുൽ ഫത്ഹ് ഇബ്നു ദഖീഖ് അൽ ഈദ് അൽ മാലികി അശ്ശാഫിഈ رَحِمَهُ اللَّهُ തനിക്ക് അത് അറിയില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതായത്, ഈ വിഷയം വളരെ സങ്കീർണ്ണവും അവ്യക്തവുമാണ്. അതിനാൽ അതിൽ വ്യക്തമായൊരു അഭിപ്രായത്തിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, തനിക്ക് അതിനെക്കുറിച്ച് അറിയില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.

ഈ ദിക്റുകൾ നമസ്കാരത്തിന് ശേഷം ഉറക്കെ ചൊല്ലലാണ് സുന്നത്ത്. ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا യിൽ നിന്നും ഉദ്ധരിച്ച ഹദീസാണ് ഇതിനാധാരം. അദ്ദേഹം പറയുന്നു:

كَانَ رَفْعُ الصَّوْتِ بِالذِّكْرِ حِينَ يَنْصَرِفُ النَّاسُ مِنَ الْمَكْتُوبَةِ عَلَى عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

നബി ﷺ യുടെ കാലത്ത് ആളുകൾ നിർബന്ധ നമസ്കാരത്തിൽ നിന്നും വിരമിക്കുമ്പോൾ ദിക്ർ ഉറക്കെ ചൊല്ലൽ ഉണ്ടായിരുന്നു. സ്വഹീഹുൽ ബുഖാരി

ഇത് ഉറക്കെ ചൊല്ലുന്നതിനെ അറിയിക്കുന്നു. സൂക്ഷ്മജ്ഞാനികളായ ഒരു കൂട്ടം പണ്ഡിതന്മാർ ഇത് തെരഞ്ഞെടുത്തിട്ടുണ്ട്; അബൂ ജഅ്ഫർ ഇബ്നു ജരീർ, അബൂ മുഹമ്മദ് ഇബ്നു ഹസ്മ്, അബുൽ അബ്ബാസ് ഇബ്നു തൈമിയ്യ, അബുൽ ഫറജ് ഇബ്നു റജബ് رَحِمَهُمُ اللَّهُ തുടങ്ങിയവർ അതിൽ പെട്ടവരാണ്. കർമ്മശാസ്ത്രത്തിലെ നാല് മദ്ഹബുകളിലെ പ്രസിദ്ധമായ അഭിപ്രായത്തിന് വിരുദ്ധമാണിത്. നാല് മദ്ഹബുകളിലെയും പ്രസിദ്ധമായ അഭിപ്രായം പതുക്കെ ചൊല്ലലാണ് സുന്നത്ത് എന്നതാണ്. എന്നാൽ ഏറ്റവും ശരിയായത് അത് ഉറക്കെ ചൊല്ലലാണ് സുന്നത്ത് എന്നതാണ്.

ഈ ദിക്റുകളല്ലാം ഉറക്കെയാണ് ചൊല്ലേണ്ടത്; ആയത്തുൽ കുർസി പാരായണം ചെയ്യുന്നത് ഒഴികെ. എന്നാൽ ഈ ദിക്റുകളുടെ തുടക്കത്തിലുള്ള ഇസ്തിഗ്ഫാറും «اللَّهُمَّ أَنْتَ السَّلَامُ…» ഉം മാത്രം ഉറക്കെ ചൊല്ലുകയും, തസ്ബീഹും തക്ബീറും എത്തുമ്പോൾ ശബ്ദം താഴ്ത്തുകയും ചെയ്യുക എന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത സ്വന്തം വകയായുള്ള തീരുമാനമാണ്. അല്ലാമാ സുലൈമാൻ ബിൻ സഹ്മാൻ رَحِمَهُ اللَّهُ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അതുകൊണ്ട് ചിലരുടെ അഭിപ്രായത്തിൽ ഇതെല്ലാം പതുക്കെ ചൊല്ലലാണ് സുന്നത്ത്. എന്നാൽ മറ്റുചിലരുടെ അഭിപ്രായത്തിൽ – അതാണ് ഏറ്റവും ശരിയായത്, അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ – ആയത്തുൽ കുർസി ഒഴികെ ബാക്കിയെല്ലാം ഉറക്കെ ചൊല്ലലാണ് സുന്നത്ത്. ആയത്തുൽ കുർസി പതുക്കെയാണ് പാരായണം ചെയ്യേണ്ടത് എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. ദിക്റുകൾ പതുക്കെ ചൊല്ലണമെന്ന് പറയുന്നവരും ഉറക്കെ ചൊല്ലണമെന്ന് പറയുന്നവരുമെല്ലാം, ആയത്തുൽ കുർസി ഉറക്കെ പാരായണം ചെയ്യുന്നതിൽ നിന്നും ഒഴിവാക്കി അത് പതുക്കെ പാരായണം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ നമസ്കാരത്തിന് ശേഷമുള്ള മറ്റ് ദിക്റുകളിൽ നിന്നും വ്യത്യസ്തമായി ഇത് പതുക്കെ പാരായണം ചെയ്യേണ്ടതാണ്.

ശബ്ദമുയർത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: മറ്റുള്ളവർക്ക് ശല്യമാകാത്ത രൂപത്തിൽ ആയിരിക്കണം എന്നതാണ്. ഉദാഹരണത്തിന്, തന്നോട് ചേർന്ന് നിന്ന് നമസ്കാരം പൂർത്തിയാക്കുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ; അയാൾക്ക് ഒന്നോ രണ്ടോ റക്അത്തുകൾ നഷ്ടപ്പെട്ടിട്ടുണ്ടാകും, അത് അവൻ പൂർത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ അവന് ശല്യമാകാതിരിക്കാൻ ദിക്ർ ഉറക്കെ ചൊല്ലാൻ പാടില്ല. എന്നാൽ എല്ലാവരും ഒരുമിച്ച് പൂർണ്ണമായി നമസ്കരിച്ച ഒരു സദസ്സിലാണെങ്കിൽ – ഈ ദിവസങ്ങളിൽ ഹറമിൽ നാം നിർവ്വഹിക്കുന്ന നമസ്കാരം പോലെ, അവിടെ തുടർന്ന് നമസ്കരിക്കുന്നവർ മിക്കവാറും മസ്ജിദുൽ ഹറാമിന് പുറത്തായിരിക്കും – അത്തരം സാഹചര്യങ്ങളിൽ അത് ഉറക്കെ ചൊല്ലുന്നത് മറ്റ് മുസ്ലിംകൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. കാരണം അവിടെ മറ്റാരും ആ സമയം നമസ്കരിക്കുന്നില്ല, എല്ലാവരും ദിക്റുകളിൽ മുഴുകിയിരിക്കുകയാണ്. ഓരോരുത്തരും തങ്ങളുടെ ദിക്ർ കൃത്യമായി ചൊല്ലുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉറക്കെ ചൊല്ലുന്നു. എന്നാൽ ഉറക്കെ ദിക്ർ ചൊല്ലുന്നത് ദിക്ർ ചൊല്ലുന്നവന് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചിലർ വാദിക്കുന്നത്, അവർ തങ്ങളുടെ ദിക്റുകൾ മനഃപാഠമാക്കുന്നതിലും അത് ശ്രദ്ധയോടെ ചൊല്ലുന്നതിലുമുള്ള അവരുടെ വീഴ്ച കാരണമാണ്. അല്ലാത്തപക്ഷം, തന്റെ ദിക്ർ ശ്രദ്ധയോടെ ചൊല്ലുന്നവന് താൻ എന്താണ് പറയുന്നത് എന്ന് വ്യക്തമായി അറിയാൻ സാധിക്കും.


ശൈഖ് സ്വാലിഹ് അൽ ഉസൈമി:

നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷമുള്ള ദിക്റുകൾ എണ്ണിപ്പറഞ്ഞതിന് ശേഷം ഗ്രന്ഥകർത്താവ് രണ്ട് ഉണർത്തലുകൾ നൽകുന്നു:

ഒന്നാമത്തേത്: ‘ഒന്നാമത്തെയും രണ്ടാമത്തെയും ദിക്റുകൾ ഒഴികെ, ഇവിടെ പരാമർശിച്ച ക്രമമനുസരിച്ച് അവ ചൊല്ലൽ നിർബന്ധമില്ല’. ഒന്നും രണ്ടും ദിക്റുകൾ ആദ്യം തന്നെ ചൊല്ലണം എന്നതിന് തെളിവ് വന്നിട്ടുണ്ട്, നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷമുള്ള ദിക്റുകളുടെ തുടക്കം അവ രണ്ടും കൊണ്ടാണ്.

അതിന് ശേഷമുള്ളവ മുൻപിൻ ആക്കുന്നതിനെക്കുറിച്ച് യാതൊരു തെളിവും വന്നിട്ടില്ല. ഒരാൾക്ക് വേണമെങ്കിൽ തഹ്‌ലീലുകൾക്ക് മുമ്പായി തസ്ബീഹ്, തക്ബീർ, തഹ്മീദ് എന്നിവ ചൊല്ലാം. അല്ലെങ്കിൽ തഹ്‌ലീലുകൾ ആദ്യം ചൊല്ലി തസ്ബീഹുകൾ അവസാനം ചൊല്ലാം. അതുമല്ലെങ്കിൽ ആദ്യം ആയത്തുൽ കുർസി പാരായണം ചെയ്യുകയും ശേഷം ബാക്കിയുള്ള ദിക്റുകൾ മുഴുവൻ ചൊല്ലുകയും ചെയ്യാം. അവൻ ഇക്കാര്യത്തിൽ പൂർണ്ണ സ്വതന്ത്രനാണ്.

ഈ ലഘുലേഖയിലോ മറ്റു ഗ്രന്ഥങ്ങളിലോ ഇവ ഈ രൂപത്തിൽ ക്രമീകരിച്ചിട്ടുള്ളതിന്റെ ഉദ്ദേശ്യം ‘അവ മനഃപാഠമാക്കാൻ സഹായിക്കുക’ എന്നതാണ്. ദിക്റുകൾ മനഃപാഠമാക്കാൻ സഹായിക്കുന്ന രൂപത്തിൽ ക്രമീകരിക്കുക എന്നത് മതപരമായി ആവശ്യപ്പെടുന്ന കാര്യമാണ്. സ്വഹീഹ് മുസ്‌ലിമിൽ അലി رَضِيَ اللَّهُ عَنْهُ വിന് സന്മാർഗ്ഗവും നേർവഴിയും ചോദിക്കാൻ നബി ﷺ നിർദ്ദേശിച്ചപ്പോൾ ഇപ്രകാരം പറഞ്ഞു:

قُلِ اللهُمَّ اهْدِنِي وَسَدِّدْنِي، وَاذْكُرْ بِالهُدَى هِدَايَتَكَ الطَّرِيقَ، وَبِالسَّدَادِ سَدَادَ السَّهْمِ

നീ പറയുക: അല്ലാഹുവേ, എനിക്ക് നീ സന്മാർഗ്ഗവും നേർവഴിയും നൽകേണമേ. സന്മാർഗ്ഗം എന്ന് പറയുമ്പോൾ വഴി ചോദിച്ചറിയുന്നതിനെയും, നേർവഴി എന്ന് പറയുമ്പോൾ അമ്പ് ഉന്നത്തിൽ കൊള്ളുന്നതിനെയും നീ ഓർക്കുക. സ്വഹീഹ് മുസ്‌ലിം – 2725

പ്രവാചകൻ ﷺ അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ കൽപ്പിച്ച കാര്യങ്ങൾ ഓർമ്മിക്കാൻ സഹായിക്കുന്ന സൂചനയാണ് ഇതിലൂടെ നൽകിയത്.

ദിക്റുകൾ മനഃപാഠമാക്കാൻ സഹായിക്കുന്ന രീതിയിൽ അവയെ ക്രമീകരിക്കുന്ന ഗ്രന്ഥകർത്താക്കളുടെ രീതിയും ഇതിൽ പെട്ടതാണ്. എന്നാൽ പിൽക്കാലക്കാരിൽ ചിലർ ഈ ക്രമീകരണം ബിദ്അത്താണെന്ന് പറയുന്നത്, അതാണ് യഥാർത്ഥത്തിൽ ബിദ്അത്ത്. കാരണം പരിഗണിക്കപ്പെടേണ്ട ഇമാമുമാരിൽ ആരും തന്നെ അപ്രകാരം പറഞ്ഞിട്ടില്ല. ഇത് ചെയ്യുന്നവർ ആ ദിക്റുകൾ കൃത്യമായി ഓർമ്മിക്കാനും മനഃപാഠമാക്കാനും സഹായിക്കുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നത്. ഞാൻ മേൽസൂചിപ്പിച്ച അലി رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസിലടക്കം ഇതിന് വ്യക്തമായ അടിസ്ഥാനമുണ്ട്. ഈ ആശയത്തിലുള്ള നിരവധി ഹദീസുകൾ വേറെയുമുണ്ട്. എന്നാൽ ശരീഅത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അതിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുമുള്ള അജ്ഞതയും, കേവലം ബാഹ്യമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുമാണ് ഇത്തരം തെറ്റായ അഭിപ്രായങ്ങളിലേക്ക് ആളുകളെ നയിക്കുന്നത്. നമസ്കാരാനന്തര ദിക്റുകളെക്കുറിച്ചുള്ള ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّهُ വിന്റെ ലഘുലേഖ പോലുള്ളവ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന് ചിലർ ഫത്‌വ നൽകുന്നതിലേക്ക് വരെ ഇത് എത്തിച്ചിരിക്കുന്നു. കാരണം ഇത്തരം ക്രമത്തിൽ തന്നെ ദിക്റുകൾ പതിവാക്കൽ നിർബന്ധമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാൻ ഇത് കാരണമാകുമെന്നാണ് അവർ വാദിക്കുന്നത്. അദ്ദേഹം رَحِمَهُ اللَّهُ അത് ഉദ്ദേശിക്കുകയോ അപ്രകാരം പറയുകയോ ചെയ്തിട്ടില്ല. മറിച്ച്, ഇത് ആദ്യം, പിന്നെ ഇത്, പിന്നെ ഇത് എന്ന ക്രമത്തിൽ അത് മനഃപാഠമാക്കാൻ സഹായിക്കുക എന്നത് മാത്രമാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇത് തികച്ചും അനുവദനീയമായ കാര്യമാണ്.

തുടർന്ന് അദ്ദേഹം മറ്റൊരു ഉണർത്തൽ കൂടി നൽകുന്നു: നിർബന്ധ നമസ്കാരങ്ങളുടെ ദിക്റുകളുടെ സമയം നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ടാണത്. ആ ദിക്റുകളുടെ സമയം, ആ നമസ്കാരത്തിന്റെ സമയം അവസാനിക്കുന്നത് വരെ ബാക്കിയുണ്ടാകുന്നതാണ്. മസ്ജിദുൽ ഹറാമിൽ വെച്ച് ഒരാൾ നമസ്കരിക്കുകയും, ആ ദിക്റുകൾ ചൊല്ലാതെ തന്റെ താമസസ്ഥലത്ത് എത്തിയതിന് ശേഷം അടുത്ത നമസ്കാരത്തിന്റെ സമയം പ്രവേശിക്കുന്നതിന് മുമ്പായി ആ ദിക്റുകൾ നിർവ്വഹിക്കുകയും ചെയ്തുവെന്ന് കരുതുക; ഇത് ആ ദിക്റുകൾ അതിന്റെ സമയത്ത് തന്നെ നിർവ്വഹിച്ചതായി കണക്കാക്കപ്പെടും. ഇനി അവൻ അശ്രദ്ധനായി അത് ഉപേക്ഷിക്കുകയും, അതിനുശേഷം ആ നമസ്കാരത്തിന്റെ സമയം കഴിഞ്ഞുപോവുകയും ചെയ്താൽ, അത് ഖളാഅ് ആയി നിർവ്വഹിക്കൽ അനുവദനീയമാകുന്നത് രണ്ട് നിബന്ധനകളോടെയാണ്:

ഒന്നാമത്തേത്: അവൻ ആ ദിക്റുകൾ പതിവായി നിർവ്വഹിക്കുന്നവനായിരിക്കണം. അതായത് അവ പതിവായി ചൊല്ലുന്ന ശീലമുള്ളവനായിരിക്കണം.

രണ്ടാമത്തേത്: അത് ഉപേക്ഷിക്കാൻ കാരണം അവന്റെ വീഴ്ചയോ അശ്രദ്ധയോ ആവാൻ പാടില്ല. മറിച്ച്, അപ്രതീക്ഷിതമായി വന്ന എന്തെങ്കിലും തിരക്കുകൾ കാരണമായിരിക്കണം അവൻ അതിൽ നിന്നും ശ്രദ്ധ തിരിഞ്ഞത്.

Share This Article
Leave a Comment