രണ്ടാമത്തെ ഇനം: സുന്നത്ത് നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകൾ.
അവ രണ്ട് ദിക്റുകളാകുന്നു:
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളിലെ ‘രണ്ടാമത്തെ ഇനം’ ആണിത്. അതായത് ‘സുന്നത്ത് നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകൾ’. അവയിൽ നിന്നും സലാം വീട്ടിയതിന് ശേഷം ചൊല്ലാനുള്ളവയാണിത്.
‘അവ രണ്ട് ദിക്റുകളാകുന്നു’. അവ രണ്ടുമല്ലാത്തവ ഒന്നുകിൽ നിവേദനമായി (രിവായത്തായി) സ്ഥിരപ്പെട്ടിട്ടില്ലാത്തവയാണ്, അവ ധാരാളമുണ്ട്. അല്ലെങ്കിൽ ആശയപരമായി (ദിറായത്തായി) സ്ഥിരപ്പെടാത്തവയാണ്; ഉദാഹരണത്തിന്, ഇസ്തിഖാറ നമസ്കാരത്തിന് ശേഷമുള്ള പ്രാർത്ഥന. അതായത്: «اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ…» എന്ന് തുടങ്ങുന്ന പ്രാർത്ഥന. ഇത് ഇസ്തിഖാറ നമസ്കാരത്തിന് ശേഷം ചൊല്ലേണ്ട ഒരു ദിക്റല്ല, മറിച്ച് അത് ഇസ്തിഖാറ നമസ്കാരത്തിന്റെ യഥാർത്ഥ രൂപത്തിന്റെ ഭാഗമാണ്. കാരണം ഇസ്തിഖാറ നമസ്കാരം രണ്ട് കാര്യങ്ങൾ കൂടിച്ചേർന്നതാണ്:
- ഒന്ന്: രണ്ട് റക്അത്ത് നമസ്കരിക്കൽ.
- രണ്ട്: വന്നിട്ടുള്ള പ്രാർത്ഥന നിർവ്വഹിക്കൽ.
അതുകൊണ്ട് ഒരാൾ രണ്ട് റക്അത്ത് നമസ്കരിക്കുകയും എന്നാൽ പ്രാർത്ഥിക്കാതിരിക്കുകയും ചെയ്താൽ അവൻ ഇസ്തിഖാറ നിർവ്വഹിച്ചവനാകുകയില്ല. അതിനാൽ ഇതിനെ സുന്നത്ത് നമസ്കാരങ്ങളുടെ ദിക്റായി കണക്കാക്കാൻ കഴിയില്ല.
വിത്ർ നമസ്കാരത്തിന് ശേഷം سُبْحَانَ المَلِكِ القُدُّوسِ മൂന്ന് തവണ പറയുക, മൂന്നാമത്തെ തവണ ശബ്ദമുയർത്തുക.
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
സുന്നത്ത് നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളിൽ ഒന്നാമത്തെ ഇനമാണിത്. അതായത് ‘വിത്ർ നമസ്കാരത്തിന് ശേഷം’ ചൊല്ലേണ്ടത്: ‘سُبْحَانَ المَلِكِ القُدُّوسِ. മൂന്ന് തവണ പറയുക, മൂന്നാമത്തെ തവണ ശബ്ദമുയർത്തുക’. അവൻ ഇപ്രകാരം പറയണം: سُبْحَانَ المَلِكِ القُدُّوسِ، سُبْحَانَ المَلِكِ القُدُّوسِ، سُبْحَانَ المَلِكِ القُدُّوسِ. ഇതിൽ ആദ്യത്തെ രണ്ട് തവണ പറയുന്നതിൽ നിന്നും വ്യത്യസ്തമായി മൂന്നാമത്തെ തവണ അവൻ ശബ്ദമുയർത്തണം. ഇമാം നസാഇ സ്വഹീഹായ പരമ്പരയോടെ ഉബയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഉദ്ധരിച്ച ഹദീസാണ് ഇതിനാധാരം. നബി ﷺ തന്റെ വിത്ർ നമസ്കാരത്തിൽ നിന്നും വിരമിച്ചാൽ ഇപ്രകാരം പറയുമായിരുന്നു:
سُبْحَانَ المَلِكِ القُدُّوسِ
പരിശുദ്ധനായ രാജാവിന് സർവ്വ സ്തുതിയും. സുനനു നസാഇ – 1699
ഇത് മൂന്ന് തവണ പറയുകയും അവസാനത്തെ തവണ ശബ്ദം നീട്ടുകയും ചെയ്യുമായിരുന്നു. ഇതിൽ ‘നീട്ടുക’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: ശബ്ദമുയർത്തുക എന്നാണ്. ചില റിപ്പോർട്ടുകളിൽ «يَمُدُّ بِهَا صَوْتَهُ» ‘അതുകൊണ്ട് തന്റെ ശബ്ദം നീട്ടുമായിരുന്നു’ എന്നും, മറ്റു ചിലതിൽ «يَرْفَعُ بِهَا صَوْتَهُ» ‘അതുകൊണ്ട് തന്റെ ശബ്ദമുയർത്തുമായിരുന്നു’ എന്നും വന്നിട്ടുണ്ട്.
ഇമാം ദാറഖുത്നിയുടെ റിപ്പോർട്ടിൽ «رَبُّ المَلَائِكَةِ وَالرُّوحِ» എന്നൊരു വർദ്ധനവ് വന്നിട്ടുണ്ട്. എന്നാൽ ഈ വർദ്ധനവ് ദുർബ്ബലമാണ്, അത് സ്ഥിരപ്പെട്ടിട്ടില്ല. അതിനാൽ വിത്ർ നമസ്കാരത്തിന് ശേഷം നിഷ്കർഷിക്കപ്പെട്ട ദിക്ർ ഇതാണ്: سُبْحَانَ المَلِكِ القُدُّوسِ എന്ന് മൂന്ന് തവണ പറയുകയും മൂന്നാമത്തെ തവണ ശബ്ദമുയർത്തുകയും ചെയ്യുക.
ദുഹാ നമസ്കാരത്തിന് ശേഷം اللَّهُمَّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الغَفُورُ നൂറ് തവണ പറയുക,
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
സുന്നത്ത് നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളിൽ രണ്ടാമത്തെ ഇനമാണിത്. അതായത് ‘ദുഹാ നമസ്കാരത്തിന് ശേഷം’ ചൊല്ലേണ്ടത്: ‘اللَّهُمَّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الغَفُورُ. നൂറ് തവണ പറയുക’. ഇമാം നസാഇ തന്റെ സുനനിൽ അൻസ്വാറുകളിൽ പെട്ട ഒരാളിൽ നിന്നും ഉദ്ധരിച്ച ഹദീസാണ് ഇതിനാധാരം. അദ്ദേഹം പറയുന്നു: നബി ﷺ ദുഹാ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ അവിടുത്തെ അരികിലൂടെ നടന്നുപോയി. അപ്പോൾ അവിടുന്ന് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:
اللَّهُمَّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الغَفُورُ
അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരികയും എന്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. നിശ്ചയമായും നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു. അസ്സുനനുൽ കുബ്റാ ലിന്നസാഇ – 9857
ഇത് നൂറ് തവണ തികയുന്നത് വരെ എണ്ണിയതായി അദ്ദേഹം പറയുന്നു. ഈ ഹദീസിന്റെ പരമ്പരയെ കുറിച്ചും ഉള്ളടക്കത്തെ കുറിച്ചും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാൽ ഇതിൽ സ്ഥിരപ്പെട്ട രൂപം അൻസ്വാറുകളിൽ പെട്ട ഈ വ്യക്തിയിൽ നിന്നും വന്നിട്ടുള്ള ഈ പദങ്ങളാണ്. ഇതിന്റെ പരമ്പര സ്വഹീഹാണ്.
ഏത് നമസ്കാരത്തിന്റെ ദിക്റായാണ് ഇതിനെ പരിഗണിക്കേണ്ടത് എന്ന വിഷയത്തിൽ, ഇതിൽ വന്നിട്ടുള്ള വിവിധ റിപ്പോർട്ടുകൾ കാരണം പണ്ഡിതന്മാർക്കിടയിൽ രണ്ട് അഭിപ്രായങ്ങളുണ്ട്:
- ഒന്നാമത്തെ അഭിപ്രായം: ഇത് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റാണ്. അബൂബക്കർ ഇബ്നു അബീ ശൈബ, അബൂ അബ്ദിറഹ്മാൻ അൽ നസാഇ എന്നിവരുടെ അഭിപ്രായമാണിത്. അല്ലാമാ അൽബാനി അവരെ പിന്തുടർന്നിട്ടുണ്ട്.
- രണ്ടാമത്തെ അഭിപ്രായം: ഇത് ദുഹാ നമസ്കാരത്തിന് ശേഷമാണ് ചൊല്ലേണ്ടത്. ഹാഫിള് അബൂബക്കർ അൽ ബൈഹഖിയുടെ തെരഞ്ഞെടുപ്പ് ഇതാണ്. ഹദീസിന്റെ പദങ്ങളിൽ വെച്ച് സ്ഥിരപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മുൻഗണന അർഹിക്കുന്നതും – അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ – ഈ അഭിപ്രായത്തിനാണ്: ഇത് ദുഹാ നമസ്കാരത്തിന് ശേഷം ചൊല്ലേണ്ട ദിക്റുകളിൽ പെട്ടതാണ്. കേവലം ‘ഒരു നമസ്കാരത്തിന് ശേഷം’ നബി ﷺ യുടെ അരികിലൂടെ നടന്നുപോയി എന്ന് വന്നിട്ടുള്ള റിപ്പോർട്ട് നിരുപാധികമായ റിപ്പോർട്ടാണ്, അത് സ്വഹീഹല്ല. ഇനി അത് സ്വഹീഹാണെന്ന് വെച്ചാൽ തന്നെ, മറ്റൊരു റിപ്പോർട്ടിൽ ദുഹാ നമസ്കാരത്തിന് ശേഷമാണ് അവിടുന്ന് അത് പറഞ്ഞിരുന്നത് എന്ന് പരിമിതപ്പെടുത്തി വന്നിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ ഇതിനെയും അപ്രകാരം മനസ്സിലാക്കേണ്ടതാണ്.
അതുകൊണ്ട് ഈ ദിക്ർ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളിൽ പെട്ടതാണെന്ന കാര്യത്തിൽ ഏകോപനമുണ്ട്. എന്നാൽ ചില പണ്ഡിതന്മാർ ഇതിനെ നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷമുള്ള ദിക്റായും, മറ്റുചിലർ സുന്നത്ത് നമസ്കാരമായ ദുഹാ നമസ്കാരത്തിന് ശേഷമുള്ള ദിക്റായും കണക്കാക്കുന്നു. ഇതാണ് (രണ്ടാമത്തെതാണ്) ശരിയായ അഭിപ്രായം.
സുന്നത്ത് നമസ്കാരങ്ങൾക്ക് ശേഷം മതപരമായി നിഷ്കർഷിക്കപ്പെട്ട രണ്ട് ദിക്റുകൾ ഇവ രണ്ടും മാത്രമാണ്. ഇതല്ലാതെ സുന്നത്ത് നമസ്കാരങ്ങൾക്ക് ശേഷം വേറെ യാതൊരു ദിക്റുമില്ല. അതിനാൽ ഒരാൾ ഫജ്ർ നമസ്കാരത്തിന്റെ സുന്നത്ത് (റവാത്തിബ്) നമസ്കരിച്ചാൽ അതിനുശേഷം യാതൊന്നും ചൊല്ലേണ്ടതില്ല. കാരണം അത് സുന്നത്ത് നമസ്കാരമാണ്, അതിന് പ്രത്യേകമായി ഒരു ദിക്റും വന്നിട്ടില്ല. എന്നാൽ ചില ആളുകൾ «أَسْتَغْفِرُ اللهَ، أَسْتَغْفِرُ اللهَ، أَسْتَغْفِرُ الله، اللهُمَّ أَنْتَ السَّلَامُ…» എന്ന് ചൊല്ലുന്നത് കാണാം. ഇത് നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രം പ്രത്യേകമായുള്ളതാണ്, സുന്നത്ത് നമസ്കാരങ്ങൾക്കില്ല.
ഇതോടുകൂടി ഈ ഗ്രന്ഥത്തിന്റെ ആശയങ്ങളെ സംബന്ധിച്ചുള്ള വിശദീകരണം സന്ദർഭത്തിന് അനുയോജ്യമായ വിധത്തിൽ ഇവിടെ അവസാനിക്കുന്നു.

