ചോദ്യോത്തരങ്ങൾ

7 Min Read

നമസ്കാരാനന്തര ദിക്റുകളെക്കുറിച്ചുള്ള ‘അൽ-ബാഖിയാത്തുസ്സ്വാലിഹാത്ത്’ എന്ന ഗ്രന്ഥത്തിന്റെ വിശദീകരണ വേദിയിൽ വിദ്യാർത്ഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ശൈഖ് സ്വാലിഹ് അൽ ഉസൈമി നൽകിയ മറുപടികൾ

ചോദ്യം (1): ധാരാളം പള്ളികളിൽ കാണുന്നതുപോലെ, നമസ്കരിക്കുന്നവർക്ക് മുമ്പിലായി നമസ്കാരാനന്തര ദിക്റുകൾ തൂക്കിയിടുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: ഈ പ്രവൃത്തി അനുവദനീയമല്ല. ഖിബ്‌ലയുടെ ഭാഗം ദിക്റുകൾ കൊണ്ടോ ഘടികാരം കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ വ്യാപൃതമാക്കാൻ പാടില്ല. അത് പൂർണ്ണമായും ഒഴിച്ചിടണമെന്നും, തൂക്കിയിടുന്ന യാതൊന്നും അവിടെ ഉണ്ടാകരുതെന്നുമാണ് മതപരമായ ശാസന. സലഫുകളുടെ رَحِمَهُمُ اللَّهُ രീതിയും ഇതാണ്. ഇതുമായി ബന്ധപ്പെട്ട്, ഇത് വിലക്കിക്കൊണ്ട് ‘ലജ്‌നത്തുദ്ദാഇമ’ ഫത്‌വ നൽകിയിട്ടുണ്ട്. കൂടാതെ ഇത് വിലക്കിക്കൊണ്ട് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ ഉത്തരവുമുണ്ട്. അതിനാൽ പള്ളിയിലെ ഇമാമുമാർ അത് നീക്കം ചെയ്യേണ്ടത് നിർബന്ധമാണ്. ഭരണാധികാരിയെ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ഉത്തരവുള്ളതിനാലും, അവ മുസ്ലിംകളുടെ ഖിബ്‌ലയുടെ ഭാഗത്ത് നിന്നും നീക്കം ചെയ്യേണ്ടതുണ്ട്.

ചോദ്യം (2): ഒരാൾ മുമ്പ് ദിക്റുകൾ പതിവാക്കുന്ന വ്യക്തിയായിരുന്നു, എന്നാൽ ഒരു ദിവസം അയാൾ തന്റെ ദിക്റുകൾ മറന്നുപോയി. മുമ്പ് ചൊല്ലിയിരുന്ന ആ ദിക്റുകൾ അയാൾക്ക് സംരക്ഷണം നൽകുമോ?

ഉത്തരം: അയാളുടെ സംരക്ഷണ കോട്ടയുടെ കരുത്തിനനുസരിച്ചായിരിക്കുമത്. ഒരു മനുഷ്യൻ എപ്പോഴും അല്ലാഹുവിനെ സ്മരിക്കുകയും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുന്നവനാണെങ്കിൽ അവൻ തനിക്കായി ശക്തമായൊരു കോട്ട പണിതിട്ടുണ്ട്. അതിനാൽ ഒരു ദിവസം അവൻ അത് ഉപേക്ഷിച്ചാലും, ആ കോട്ട ശക്തമാണെങ്കിൽ അത് തകർന്നുവീഴുകയില്ല. എന്നാൽ ആ കോട്ട ദുർബ്ബലമാണെങ്കിൽ, ഓരോ ദിവസവും പുതിയ കോട്ട പണിയേണ്ട അവസ്ഥയിലാണെങ്കിൽ, അവന്റെ സംരക്ഷണത്തിൽ കുറവുകൾ സംഭവിച്ചേക്കാം. ഒരു ദാസൻ ദിക്റുകൾ ചൊല്ലുമ്പോൾ ഹൃദയസാന്നിധ്യത്തോടെയും അതിന്റെ അർത്ഥങ്ങൾ ചിന്തിച്ചുകൊണ്ടുമാണ് അത് നിർവ്വഹിക്കേണ്ടത്. എങ്കിൽ മാത്രമേ അവന്റെ ദിക്റിന്റെ കോട്ട ശക്തമാവുകയും, അവന്റെ ജീവിതത്തിലുടനീളം അത് അവന് പ്രയോജനപ്പെടുകയും ചെയ്യുകയുള്ളൂ.

ചോദ്യം (3): മതപരമായി നിഷ്കർഷിക്കപ്പെട്ട ദിക്റുകളിൽ വർദ്ധനവ് വരുത്തുന്നതിന്റെ വിധിയെന്താണ്? ഉദാഹരണത്തിന് അർത്ഥം കൂടുതൽ ചിന്തിക്കുന്നതിനായി ഒരാൾ «بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ…» (അല്ലാഹുവിന്റെ നാമത്തിൽ, അവന്റെ നാമത്തോടൊപ്പം യാതൊന്നും ഉപദ്രവിക്കുകയില്ല…) പത്ത് തവണയോ മറ്റോ ചൊല്ലുക.

ഉത്തരം: എണ്ണം നിജപ്പെടുത്തിക്കൊണ്ട് വന്നിട്ടുള്ള ദിക്റുകളിൽ ആ എണ്ണം തന്നെ കൃത്യമായി പാലിക്കുക എന്നതാണ് അടിസ്ഥാനം. കാരണം ആ എണ്ണം മതപരമായി ഉദ്ദേശിക്കപ്പെട്ടതാണ്. അതിനാൽ അത് പാലിക്കേണ്ടതുണ്ട്, അതൊരു മതപരമായ രൂപമാണ്.

ചോദ്യം (4): «لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ…» എന്ന് പറയുമ്പോൾ ചൂണ്ടുവിരൽ ഉയർത്തൽ അനുവദനീയമാണോ?

ഉത്തരം: അതെ, അനുവദനീയമാണ്. അല്ലാഹുവിനെ സ്മരിക്കുമ്പോൾ ചൂണ്ടുവിരൽ ഉയർത്തുക എന്നത് അനുവദനീയമായ കാര്യങ്ങളിൽ പെട്ടതാണ്.

ചോദ്യം (5): മഅ്മൂം തന്റെ ഇമാമിനെ പിന്തുടർന്നുകൊണ്ട് ഇരുത്തം മാറ്റണം എന്ന് അങ്ങ് പറഞ്ഞുവല്ലോ. നമസ്കാരം അവസാനിച്ചു കഴിഞ്ഞ സ്ഥിതിക്ക് എങ്ങനെയാണ് അവൻ ഇമാമിനെ പിന്തുടരുക? ആരാധനകൾ നിർണ്ണയിക്കപ്പെട്ടതാണ്, അപ്പോൾ ഇതിനുള്ള തെളിവെന്താണ്?

ഉത്തരം: നമ്മുടെ അടുക്കൽ ഇതിന് പ്രത്യേകം തെളിവൊന്നുമില്ല. നീ എവിടെ നിന്നാണ് ഈ വാദം കൊണ്ടുവന്നത്? നിന്റെ പക്കലുള്ള തെളിവെന്താണ്?! നബി ﷺ പള്ളിയുടെ വാതിലിലൂടെ പുറത്തുപോകുന്നത് വരെ സ്വഹാബികളിൽ ഒരു വിഭാഗം പുറത്തുപോകാറില്ലായിരുന്നു. ഇരുത്തത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഇമാമിനെ പിന്തുടരുന്നതിന്റെ പൂർണ്ണതയിൽ പെട്ടതാണ് ഇമാം പുറത്തുപോകുന്നത് വരെ പള്ളിയിൽ നിന്നും പുറത്തുപോകാതിരിക്കുക എന്നത്. ഇത് സ്വഹാബികളിൽ رَضِيَ اللَّهُ عَنْهُمْ നിന്നും സ്ഥിരപ്പെട്ട കാര്യമാണ്. ഇതാണ് ഇതിലുള്ള ചില ആശയങ്ങൾ.

ചോദ്യം (6): രണ്ട് നമസ്കാരങ്ങൾ ഒരുമിച്ച് (ജംഅ്) നമസ്കരിച്ച വ്യക്തിക്ക് ഒരൊറ്റ ദിക്ർ മതിയാകുമോ?

ഉത്തരം: അതെ, ഇത് തദാഖുലുൽ ഇബാദാത്തിൽ (കർമ്മങ്ങൾ പരസ്പരം ലയിക്കൽ) പെട്ടതാണ്. രണ്ടിന്റെയും നിയ്യത്തോടെ അവൻ അത് നിർവ്വഹിക്കുക. ദിക്ർ ചൊല്ലുമ്പോൾ അത് മഗ്‌രിബ് നമസ്കാരത്തിന്റെയും ഇശാ നമസ്കാരത്തിന്റെയും ദിക്റായി അവൻ ഉദ്ദേശിക്കുക. അല്ലെങ്കിൽ ദുഹ്ർ നമസ്കാരത്തിന്റെയും അസ്ർ നമസ്കാരത്തിന്റെയും ദിക്റായി അവൻ ഉദ്ദേശിക്കുക.

ചോദ്യം (7): ഒരാൾ അർത്ഥം ചിന്തിക്കാതെ (തദബ്ബുർ ഇല്ലാതെ) പ്രഭാത-പ്രദോഷ ദിക്റുകൾ ചൊല്ലിയാൽ അവന് സംരക്ഷണം ലഭിക്കുമോ?

ഉത്തരം: ദിക്റുകളുടെ ഉദ്ദേശ്യം സംരക്ഷണം (തഹ്സ്വീൻ) മാത്രമല്ല. അതിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണ് സംരക്ഷണം. ഉദാഹരണത്തിന്: ആരെങ്കിലും പ്രഭാതത്തിൽ «اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ…» (അല്ലാഹുവേ, എനിക്ക് പ്രഭാതത്തിൽ ലഭിച്ച അനുഗ്രഹങ്ങളെല്ലാം…) എന്ന് പറഞ്ഞാൽ അവൻ ആ ദിവസത്തെ നന്ദി പൂർത്തിയാക്കി. «اللَّهُمَّ مَا أَمْسَى بِي مِنْ نِعْمَةٍ…» (അല്ലാഹുവേ, എനിക്ക് പ്രദോഷത്തിൽ ലഭിച്ച അനുഗ്രഹങ്ങളെല്ലാം…) എന്ന് പറഞ്ഞാൽ അവൻ ആ രാത്രിയിലെ നന്ദി പൂർത്തിയാക്കി. അതിനാൽ സംരക്ഷണം മാത്രമല്ല ഇതിന്റെ ലക്ഷ്യം, മറിച്ച് സംരക്ഷണം അതിന്റെ ലക്ഷ്യങ്ങളിൽ ഒന്നുമാത്രമാണ്. സംരക്ഷണമായാലും നന്ദി പ്രകടിപ്പിക്കലായാലും പദവികൾ ഉയർത്തപ്പെടലായാലും, ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന്റെ തോത് ഹൃദയസാന്നിധ്യത്തിന്റെ തോതനുസരിച്ചായിരിക്കും. ഹൃദയസാന്നിധ്യം ശക്തമാണെങ്കിൽ ഉദ്ദേശിച്ച ഫലം പൂർണ്ണമായി ലഭിക്കും. അതിൽ എത്രത്തോളം കുറവ് സംഭവിക്കുന്നുവോ അത്രത്തോളം ആ ഫലത്തിലും കുറവുണ്ടാകും.

ചോദ്യം (8): പ്രഭാത-പ്രദോഷ ദിക്റുകൾ നൽകുന്ന സംരക്ഷണത്തിന്റെ സമയം എപ്പോഴാണ് കൃത്യമായി അവസാനിക്കുന്നത്?

ഉത്തരം: സുബ്ഹാനല്ലാഹ്! ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുകയുണ്ടായി: “നിങ്ങൾ നിങ്ങളുടെ തിന്മകൾ എണ്ണിക്കൊള്ളുക, നിങ്ങളുടെ നന്മകളിൽ നിന്നും യാതൊന്നും നഷ്ടപ്പെടുകയില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു.” മനുഷ്യൻ കർമ്മങ്ങൾ ചെയ്യുക, ആ കർമ്മങ്ങൾക്കുള്ള പ്രതിഫലം അവന് നൽകാൻ അല്ലാഹു ബാധ്യസ്ഥനാണ്. ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: “നിന്റെ കർമ്മങ്ങളിൽ നിനക്ക് ഹൃദയവിശാലതയും മാധുര്യവും അനുഭവപ്പെടുന്നില്ലെങ്കിൽ അതിനെ (നിന്റെ മനസ്സിനെ/കർമ്മത്തെ) നീ കുറ്റപ്പെടുത്തുക. കാരണം അല്ലാഹു തീർച്ചയായും നന്ദി കാണിക്കുന്നവനാണ്.” അതായത്, ദാസന്റെ വഴിപ്പാടുകൾക്ക് അല്ലാഹു നന്ദി കാണിക്കും (പ്രതിഫലം നൽകും), അപ്പോൾ അവനത് അനുഭവവേദ്യമാകും. അതിനാൽ അല്ലാഹുവിനുള്ള അവകാശങ്ങളെക്കുറിച്ച് ഒരു മനുഷ്യൻ അന്വേഷിക്കേണ്ടതില്ല. മറിച്ച് അല്ലാഹു അവനോട് കൽപ്പിച്ച കാര്യങ്ങളെക്കുറിച്ചാണ് അവൻ അന്വേഷിക്കേണ്ടത്. അല്ലാഹുവിന് തൃപ്തികരമായ നിന്റെ കർമ്മങ്ങൾ ഏതൊക്കെയെന്നാണ് നീ പരിശോധിക്കേണ്ടത്.

ചോദ്യം (9): സ്വഹാബികളുടെ കാലഘട്ടത്തിൽ ഇസ്തിഗ്ഫാറിന്റെ രൂപം കൃത്യമായി നിർണ്ണയിക്കപ്പെടാത്തത്, നിരുപാധികമായി പറയുമ്പോൾ ‘അസ്തഗ്ഫിറുല്ലാഹ്’ എന്നതാണ് പതിവായി ഉണ്ടായിരുന്ന രൂപം എന്ന് അറിയിക്കുന്നില്ലേ?

ഉത്തരം: ഏറ്റവും കൂടുതൽ പതിവായി ഉണ്ടായിരുന്നത് നബി ﷺ തന്റെ അവസാന കാലത്ത് പറഞ്ഞിരുന്നതാണ്: «أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ». എന്നാൽ ‘അസ്തഗ്ഫിറുല്ലാഹ്’ എന്നത് അതിന്റെ ചുരുങ്ങിയ രൂപമാണ്. അതുകൊണ്ട് അതാണ് പതിവായി ഉണ്ടായിരുന്ന രൂപം എന്ന് പറയുന്നത് ശരിയല്ല.

ചോദ്യം (10): നമസ്കരിച്ച വ്യക്തി തന്റെ കാൽ മടക്കിവെച്ചുകൊണ്ട് സംസാരിക്കാതെ: «لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ» എന്ന് പറയണം എന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ. ഈ ഹദീസും നബി ﷺ സലാം വീട്ടിയാൽ: «اللَّهُمَّ أَنْتَ السَّلَامُ، وَمِنْكَ السَّلَامُ، تَبَارَكْتَ ذَا الجَلَالِ وَالإِكْرَامِ» എന്ന് പറയാനുള്ള സമയം മാത്രമേ ഇരിക്കാറുണ്ടായിരുന്നുള്ളൂ എന്ന ഹദീസും തമ്മിൽ എങ്ങനെ യോജിപ്പിക്കാം?

ഉത്തരം: അവ തമ്മിൽ യോജിപ്പിക്കാൻ സാധിക്കില്ല; കാരണം രണ്ടാമത്തെ ഹദീസ് ഇമാം മുസ്‌ലിം ഉദ്ധരിച്ചതും സ്വഹീഹാണെന്ന് പണ്ഡിതന്മാർ ഏകോപിച്ചതുമാണ്. എന്നാൽ ഒന്നാമത്തെ ഹദീസിലാകട്ടെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഒട്ടുമിക്ക പണ്ഡിതന്മാരും അത് ദുർബ്ബലമാണെന്നാണ് പറഞ്ഞിട്ടുള്ളത്. അതിനാൽ സ്വഹീഹായ ഹദീസും ളഈഫായ ഹദീസും ഒരുപോലെയാകില്ല. ഇനി അത് സ്വഹീഹാണെന്ന് വെച്ചാൽ തന്നെ, നമുക്ക് അവയെ ഇപ്രകാരം യോജിപ്പിക്കാം: ഈ പറഞ്ഞത് മഗ്‌രിബ് നമസ്കാരത്തിന് മാത്രമുള്ളതാണ് എന്ന് കരുതുക. അപ്പോൾ എല്ലാ നമസ്കാരങ്ങൾക്കും ശേഷം മൂന്ന് തവണ ഇസ്തിഗ്ഫാർ ചെയ്യുകയും തുടർന്ന് «اللَّهُمَّ أَنْتَ السَّلَامُ…» എന്ന് പറയുകയുമാണ് വേണ്ടത്. മഗ്‌രിബ് നമസ്കാരത്തിന് ശേഷം മാത്രം «لَا إِلَهَ إِلَّا اللهُ…» എന്ന് പറഞ്ഞതിന് ശേഷം ഇത് പറയണം. എന്നാൽ ഈ ഹദീസ് സ്വഹീഹല്ല. ചില പണ്ഡിതന്മാർ അത് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ ഇജ്തിഹാദ് മാത്രമാണ്. ഒരിക്കൽ ഒരു ക്ലാസ്സിന് ശേഷം ഒരു വിദ്യാർത്ഥി എന്റെ അടുക്കൽ വന്ന് എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു: “അങ്ങ് ഈ ഹദീസ് ദുർബ്ബലമാണെന്ന് പറഞ്ഞുവല്ലോ, എന്നാൽ ഇന്ന പണ്ഡിതൻ അത് സ്വഹീഹാണെന്നാണ് പറഞ്ഞിട്ടുള്ളത്”. അപ്പോൾ ഞാൻ മൗനം പാലിച്ചു, അവന് മറുപടിയൊന്നും നൽകിയില്ല. കാരണം മറുപടി വ്യക്തമാണ്; അദ്ദേഹം അത് സ്വഹീഹാക്കി, എന്നാൽ ഞാൻ അത് ദുർബ്ബലമാക്കുന്നു. അതിനാൽ അദ്ദേഹത്തിന്റെ ഇജ്തിഹാദ് സ്വീകരിക്കാൻ ഞാൻ ബാധ്യസ്ഥനല്ല, അതുപോലെ എന്റെ ഇജ്തിഹാദ് സ്വീകരിക്കാൻ അദ്ദേഹവും ബാധ്യസ്ഥനല്ല.

ചോദ്യം (11): മുകളിൽ സൂചിപ്പിച്ച നിബന്ധന പ്രകാരം അവർ പതുക്കെ ചൊല്ലിയാൽ അത് നമസ്കരിക്കുന്നവർക്ക് ശല്യമാകില്ലേ?

ഉത്തരം: മറ്റുള്ളവരെ കേൾപ്പിക്കാൻ ഉദ്ദേശിക്കണം എന്ന് നമ്മൾ പറഞ്ഞിട്ടില്ല. മറിച്ച് ‘അവൻ കേട്ടാലും ശരി’ എന്നാണ് നാം പറഞ്ഞത്. അതായത് ചില മനുഷ്യർക്ക് നല്ല കേൾവിശക്തിയുണ്ടാകും, അപ്പോൾ അവർ അത് കേട്ടേക്കാം. അല്ലാതെ തന്റെ അടുത്ത് പതുക്കെ ചൊല്ലുന്നവനോട്: “നീ ഉറക്കെയാണ് ചൊല്ലുന്നത്!” എന്ന് പറയാൻ പാടില്ല. നമ്മുടെ മദ്ഹബ് പ്രകാരം (ഹൻബലി മദ്ഹബ്) നമസ്കാരങ്ങളിലെ ദിക്റുകൾ ഉറക്കെ ചൊല്ലുക എന്നതാണ് അടിസ്ഥാനം. അതുകൊണ്ടാണ് അവർ ഇപ്രകാരം പറയുന്നത്: ‘തക്ബീറത്തുൽ ഇഹ്റാമും അതുപോലെ തനിക്ക് കേൾക്കാൻ സാധിക്കുന്ന വിധത്തിൽ എല്ലാ റുക്‌നുകളും വാജിബുകളും ഉറക്കെ ചൊല്ലൽ നിർബന്ധമാണ്’. അപ്പോൾ മദ്ഹബ് പ്രകാരം നമസ്കരിക്കുന്ന വ്യക്തി ‘സുബ്ഹാന റബ്ബിയൽ അളീം’ എന്ന് പറയുമ്പോൾ അവൻ അത് ഉറക്കെ പറയുകയും അവനെ കേൾപ്പിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. ചുണ്ടും നാവും അനക്കിയാൽ തന്നെ അത് ശരിയാകും എന്നതാണ് ഇതിലെ ശരിയായ അഭിപ്രായമെങ്കിലും, വാക്കുകൾ ഉച്ചരിച്ചുതന്നെ അത് നിർവ്വഹിക്കുക എന്നതാണ് അടിസ്ഥാനം.

ചോദ്യം (12): ആയത്തുൽ കുർസി രാത്രിയിലെ ദിക്റുകളിൽ പെട്ടതാണോ?

ഉത്തരം: ഹദീസുകളിൽ വന്നിട്ടുള്ളത് അത് ഉറങ്ങാൻ നേരത്തുള്ള ദിക്റുകളിൽ പെട്ടതാണ് എന്നാണ്. എന്നാൽ ചിലർ അതിനെ പ്രദോഷ ദിക്റുകളിൽ ഉൾപ്പെടുത്താറുണ്ട്, ഇത് അബദ്ധമാണ്.

Share This Article
Leave a Comment