വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം – ആമുഖം

2 Min Read

സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. നമ്മുടെ നബി മുഹമ്മദ് (ﷺ) യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും എല്ലാ സ്വഹാബികളുടെയും മേൽ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും ഉണ്ടാകുമാറാകട്ടെ.

വിശുദ്ധ ഖുർആൻ സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ സംസാരമാകുന്നു. അതിൽ പ്രകാശവും സന്മാർഗ്ഗദർശനവും ഉൾക്കൊള്ളുന്നു; അതിന്റെ ആഗമനത്തെക്കുറിച്ച് മുൻവേദങ്ങൾ സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്.

അല്ലാഹു പറഞ്ഞു:

وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ

തീർച്ചയായും അതിന്‍റെ (ഖുർആനിന്‍റെയും പ്രവാചകൻ മുഹമ്മദ് നബിക്കുള്ള അതിന്റെ അവതരണത്തിന്റെയും) വിവരം പൂർവ്വികന്മാരുടെ വേദഗ്രന്ഥങ്ങളിൽ (തൗറാത്തിലും ഇൻജീലിലും) ഉണ്ട്. [അശ്ശുഅറാഅ് – 196]

നമ്മുടെ നബി മുഹമ്മദിന് (ﷺ) ഖുർആനിൽ നിന്ന് അവതരിപ്പിക്കപ്പെടുന്നതിൽ വേദക്കാർ സന്തോഷിക്കുമായിരുന്നു.

അത്യുന്നതനായ അല്ലാഹു പറഞ്ഞു:

وَالَّذِينَ ءَاتَيْنَاهُمُ الْكِتَابَ يَفْرَحُونَ بِمَا أُنزِلَ إِلَيْكَ

നാം വേദം നൽകിയിട്ടുള്ളവർ (അബ്ദുല്ല ഇബ്നു സലാം ഉൾപ്പെടെ ഇസ്‌ലാം സ്വീകരിച്ച ജൂതന്മാർ) നിനക്ക് അവതരിപ്പിക്കപ്പെട്ടതിൽ (ഖുർആനിൽ) സന്തോഷിക്കുന്നു. [അർറഅ്ദ് – 36]

അല്ലാഹുവിന്റെ വചനത്തെക്കുറിച്ച് ഇബ്നു കസീർ (رَحِمَهُ اللَّهُ) പറഞ്ഞു: “നാം വേദം നൽകിയിട്ടുള്ളവർ,” (അതായത്) ആ ഗ്രന്ഥം ഉൾക്കൊള്ളുന്ന കാര്യങ്ങൾ നിറവേറ്റുകയും നടപ്പിലാക്കുകയും ചെയ്യുന്നവരാണവർ.

അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച്: “(അവർ) നിനക്ക് അവതരിപ്പിക്കപ്പെട്ടതിൽ സന്തോഷിക്കുന്നു,” ഇത് ഖുർആനിനെയാണ് സൂചിപ്പിക്കുന്നത്. കാരണം അവരുടെ ഗ്രന്ഥങ്ങളിൽ ഖുർആനിന്റെ സത്യസന്ധതയെക്കുറിച്ചുള്ള തെളിവുകളും അതിന്റെ അവതരണത്തെക്കുറിച്ചുള്ള സന്തോഷവാർത്തയും ഉൾക്കൊള്ളുന്നുണ്ട്.1

ഖുർആൻ പ്രവാചകനും (ﷺ) അദ്ദേഹത്തിന്റെ ജനതയ്ക്കും ഒരു ആദരവാകുന്നു. അത്യുന്നതനായ അല്ലാഹു പറഞ്ഞു:

وَإِنَّهُ لَذِكْرٌ لَّكَ وَلِقَوْمِكَ

തീർച്ചയായും അത് (ഖുർആൻ) നിനക്കും നിന്‍റെ ജനതയ്ക്കും ഒരു ഉൽബോധനം (ആദരവ്) തന്നെയാകുന്നു. [അസ്സുഖ്റുഫ് – 44]

അത് പാരായണം ചെയ്യുന്നവർക്ക് പദവികൾ ഉയർത്തപ്പെടുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണത്. നബി (ﷺ) പറഞ്ഞു:

مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا

“അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ആരെങ്കിലും ഒരു അക്ഷരം പാരായണം ചെയ്താൽ അവന് അതുമുഖേന ഒരു നന്മയുണ്ട്. ഒരു നന്മയ്ക്ക് പത്തിരട്ടി പ്രതിഫലമാണുള്ളത്.”2

അതുകൊണ്ട്, ഖുർആൻ മനഃപാഠമാക്കിക്കൊണ്ട് ഈ പ്രതിഫലം കരസ്ഥമാക്കാൻ പരിശ്രമിക്കുക എന്നത് മുസ്‌ലിംകളുടെ ബാധ്യതയാണ്. അത് മനഃപാഠമാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിരവധിയുണ്ട്. വളരെ വേഗത്തിൽ മനഃപാഠമാക്കാനും, പൂർണ്ണതയിലെത്തിക്കാനും, പാരായണം എളുപ്പമാക്കാനും സഹായിക്കുന്ന സവിശേഷവും എളുപ്പമുള്ളതുമായ ഒരു മാർഗ്ഗം ഇവിടെ വിവരിക്കുന്നു. ഇത് ഉപകാരപ്രദമാക്കാനും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുള്ളതാക്കി തീർക്കാനും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

നമ്മുടെ നബി മുഹമ്മദ് (ﷺ) യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും എല്ലാ സ്വഹാബികളുടെയും മേൽ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും ഉണ്ടാകുമാറാകട്ടെ.

  • ഡോ. അബ്ദുൽ മുഹ്സിൻ ഇബ്നു മുഹമ്മദ് അൽ-ഖാസിം

മസ്ജിദുന്നബവിയിലെ ഇമാമും ഖത്വീബും

(ഹിജ്റ 1442 ഈദുൽ അദ്ഹായുടെ അന്നാണ് ഈ രചന പൂർത്തിയായത്)

  1. തഫ്സീർ ഇബ്നു കസീർ, 4/467 ↩︎
  2. ത്തിർമിദി. അബ്വാബ് ഫദാഇലിൽ ഖുർആൻ – 2910. അബ്ദുല്ല ഇബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്തത് ↩︎
Share This Article
Leave a Comment