റാഷിദ് ബിൻ അബ്ദുറഹ്മാൻ ബിൻ റദൻ അൽബദ്ദാഹ്
വിദ്യാർത്ഥിയുടെ (വിജ്ഞാനാന്വേഷിയുടെ) അത്യുന്നതമായ സ്ഥാനം കാരണത്താൽ മദ്ഹബുകളിലെ പണ്ഡിതന്മാർ ആരാധനകൾ, ഇടപാടുകൾ, സ്വഭാവചര്യകൾ എന്നിവയുമായി ബന്ധപ്പെട്ട് ചില മസ്അലകൾ ഉന്നയിച്ചിട്ടുണ്ട്. അവയെല്ലാം അവന് അനുകൂലമായാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. അപ്രകാരമുള്ള ഇരുപതിലധികം ഫിഖ്ഹീ മസ്അലകളാണ് താഴെ നൽകുന്നത്. എന്നാൽ ഇവയെല്ലാം തന്നെ കർമ്മശാസ്ത്രത്തിലെ പ്രബലമായ അഭിപ്രായങ്ങൾ ആകണമെന്നില്ല:
- അബൂ ഹുറൈറ (മരണം ഹി. 57) പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിലുള്ള എഴുപത് യുദ്ധങ്ങളെക്കാൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒരു കൽപ്പനയോ അല്ലെങ്കിൽ നിരോധനമോ അടങ്ങുന്ന വിജ്ഞാനത്തിന്റെ ഒരു അധ്യായം പഠിക്കുന്നതാണ്.” ഇബ്നുൽ ഖയ്യിം റഹിമഹുല്ലാഹു തആലാ (മരണം ഹി. 751) ഇതിനെക്കുറിച്ച് പറഞ്ഞു: “ഇത് സ്ഥിരപ്പെട്ടതാണെങ്കിൽ… ഇതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് ഒരാൾ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന വിജ്ഞാനമാണ്. അങ്ങനെ അന്ത്യനാൾ വരേക്കും അത് പ്രവർത്തിക്കുന്നവരുടെ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കും. കേവലമായ യുദ്ധത്തിൽ ഇത് ലഭിക്കുകയില്ല.”¹ ഇതിനെ ബലപ്പെടുത്തുന്നതാണ് മാലികീ മദ്ഹബിലെ കർമ്മശാസ്ത്ര പണ്ഡിതനും സാഹിദുമായ അൽ-ബഹ്ലൂൽ ബിൻ റാശിദ് റഹിമഹുല്ലാഹു തആലാ (മരണം ഹി. 183) യുടെ വാക്കുകൾ: “മറ്റ് പുണ്യകർമ്മങ്ങളെല്ലാം ജിഹാദുമായി തട്ടിച്ചുനോക്കുമ്പോൾ സമുദ്രത്തിലെ ഒരു തുപ്പൽ പോലെ മാത്രമാണ്. എന്നാൽ ജിഹാദ് ഉൾപ്പെടെയുള്ള സകല പുണ്യകർമ്മങ്ങളും വിജ്ഞാനാന്വേഷണവുമായി തട്ടിച്ചുനോക്കുമ്പോൾ സമുദ്രത്തിലെ ഒരു തുപ്പൽ പോലെ മാത്രമാണ്.”²
- ഇബ്നു അബ്ബാസ് (മരണം ഹി. 68) പറഞ്ഞു: “രാത്രിയിലെ ഒരു മണിക്കൂർ സമയത്തെ വിജ്ഞാന സദസ്സ് ഒരു രാത്രി മുഴുവൻ നമസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.”³
- മാതാപിതാക്കളുടെ സമ്മതമില്ലാതെ ഒരാൾ ശറഇയായ വിജ്ഞാനം തേടി പുറപ്പെട്ടാൽ അതിൽ യാതൊരു തെറ്റുമില്ല. അവന് താടിയുണ്ടെങ്കിൽ (പ്രായപൂർത്തിയായെങ്കിൽ) അത് മാതാപിതാക്കളെ ധിക്കരിക്കലായി കണക്കാക്കപ്പെടുകയില്ല.⁴
- ഒരാൾ ഖുർആനിലെ ചില ഭാഗങ്ങൾ പഠിച്ചു. പിന്നീട് അവന് കുറച്ചു സമയം ലഭിച്ചാൽ, ബാക്കിയുള്ള ഖുർആൻ പഠിക്കുന്നതിനേക്കാൾ അവന് ഉത്തമം ഫിഖ്ഹ് പഠിക്കുന്നതാണ്.⁵
- ഒരാൾ ജനങ്ങളെ പഠിപ്പിക്കാൻ വേണ്ടി നമസ്കാരവുമായി ബന്ധപ്പെട്ട വിജ്ഞാനം പഠിക്കുന്നു, മറ്റൊരാൾ സ്വന്തമായി പ്രവർത്തിക്കാൻ വേണ്ടി പഠിക്കുന്നു. ഇതിൽ ആദ്യത്തെ ആളാണ് ഏറ്റവും ഉത്തമൻ; കാരണം സൃഷ്ടികളെ പഠിപ്പിക്കുന്നതിലൂടെയുള്ള പ്രയോജനം വളരെ വലുതാണ്.⁶
- മറ്റുള്ളവരെക്കാൾ ദരിദ്രനായ പണ്ഡിതന് സ്വദഖ നൽകുന്നതാണ് ഏറ്റവും ഉത്തമം.⁷
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ
നിർബന്ധദാനങ്ങൾ (സകാത്ത്) ദരിദ്രന്മാർക്കും അഗതികൾക്കും അതിന്റെ ജോലിക്കാർക്കും ഹൃദയങ്ങൾ ഇണക്കപ്പെട്ടവർക്കും അടിമകളെ മോചിപ്പിക്കുന്നതിലും കടംകൊണ്ടു വലഞ്ഞവർക്കും അല്ലാഹുവിന്റെ മാർഗ്ഗത്തിലും അവകാശപ്പെട്ടതാണ്. [അത്തൗബ – 60]
പണ്ഡിതന്മാർ പറയുന്നു: ദരിദ്രരായ വിദ്യാർത്ഥികൾക്ക് സ്വദഖ നൽകുന്നതാണ് ഏറ്റവും ഉത്തമം.⁸
- ഒരു വിദ്യാർത്ഥിയെ വിവാഹ സൽക്കാരത്തിലേക്ക് ക്ഷണിച്ചു. എന്നാൽ ദുനിയാവിനോടുള്ള താല്പര്യവും സമപ്രായക്കാരെക്കാൾ ഔന്നത്യം നടിക്കലും പ്രകടമാകുന്ന മറ്റുചില വിദ്യാർത്ഥികളെയും അവിടേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിൽ, ആ സൽക്കാരത്തിൽ പങ്കെടുക്കൽ അവന് നിർബന്ധമില്ല.⁹
- വിദ്യാർത്ഥി വിജ്ഞാനാന്വേഷണത്തിനിടയിൽ മരണപ്പെട്ടാൽ, അവന്റെ മരണം വിരിപ്പിലാണെങ്കിൽ പോലും പരലോകത്തെ വിധി പ്രകാരം അവൻ രക്തസാക്ഷിയാണ് (ശഹീദ്). അതിനാൽ അവനെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും അവനുവേണ്ടി മയ്യിത്ത് നമസ്കാരം നിർവ്വഹിക്കുകയും മറവുചെയ്യുകയും വേണം. ഹജ്ജിനിടയിൽ മരണപ്പെടുന്നവനേക്കാൾ രക്തസാക്ഷിത്വത്തിന് ഏറ്റവും അർഹൻ വിജ്ഞാനാന്വേഷണത്തിനിടയിൽ മരണപ്പെടുന്നവനാണ്.¹⁰
- ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തി വിജ്ഞാനം തേടി പുറത്തുപോയാൽ അവന്റെ ഇഅ്തികാഫ് അസാധുവാകും. അവൻ അത് നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ മാത്രമേ അനുവദനീയമാകൂ.¹¹
- ഭർത്താവ് യാത്ര പോയാൽ തന്റെ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ അവൻ മടങ്ങിവരൽ നിർബന്ധമാണ്. എന്നാൽ വിജ്ഞാനം തേടിപ്പോകുക എന്നത് പോലെയുള്ള വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ യാത്ര എത്ര നീണ്ടാലും അവന് മടങ്ങിവരൽ നിർബന്ധമില്ല.¹²
- പള്ളികളിൽ ശബ്ദമുയർത്തുന്നത് രണ്ട് രൂപത്തിലുണ്ട്: ഒന്ന്, അല്ലാഹുവിനെ സ്മരിക്കുക, ഖുർആൻ പാരായണം ചെയ്യുക, ഉദ്ബോധനങ്ങൾ നടത്തുക, വിജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നിവയിലൂടെ. പള്ളിയിലുള്ള മുഴുവൻ ആളുകൾക്കും ആവശ്യമായ കാര്യമാണെങ്കിൽ അത് കൽപ്പിക്കപ്പെട്ടതും നല്ലതുമായ കാര്യമാണ്.¹³
- വിജ്ഞാനം തേടിപ്പോയ ഒരാളുടെ വിവരം നഷ്ടപ്പെട്ടാൽ അവന്റെ അനന്തര സ്വത്ത് വീതിക്കാൻ പാടില്ല. മറിച്ച്, അവൻ ജനിച്ചത് മുതൽ തൊണ്ണൂറ് വർഷം പൂർത്തിയാകുന്നത് വരെ അതിനായി കാത്തിരിക്കണം.¹⁴
- ഫത്വ നൽകാൻ യോഗ്യതയുള്ള പണ്ഡിതന്മാർ ഉള്ള ഒരു നാട്ടിൽ നിന്ന്, ഫത്വ നൽകാനുള്ള പദവിയിലെത്താൻ ഒരു പണ്ഡിതൻ വിജ്ഞാനം തേടി പുറപ്പെടുകയാണെങ്കിൽ, അവന് തന്റെ മാതാപിതാക്കളോട് അനുവാദം ചോദിക്കൽ നിർബന്ധമില്ല.¹⁵
وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّى يَسْمَعَ كَلَامَ اللَّهِ
ബഹുദൈവാരാധകരിൽ വല്ലവരും നിന്നോട് അഭയം തേടിയാൽ അല്ലാഹുവിന്റെ വചനം അവൻ കേൾക്കുന്നതുവരെ അവന് അഭയം നൽകുക. [അത്തൗബ – 6]
സത്യനിഷേധി വിജ്ഞാനം ആവശ്യപ്പെട്ടാൽ അവനെ പഠിപ്പിക്കൽ നിർബന്ധമാണെന്ന് ഈ വചനം സൂചിപ്പിക്കുന്നു. അപ്പോൾ ഒരു വിശ്വാസിയെ പഠിപ്പിക്കലാണ് കൂടുതൽ അനിവാര്യമായ കാര്യം.¹⁶
- ഒരാൾ സുന്നത്ത് നോമ്പ് നോൽക്കാൻ ഉദ്ദേശിച്ചു, എന്നാൽ വിജ്ഞാനം പഠിക്കുന്നതിനായി അവൻ ആ നോമ്പ് ഒഴിവാക്കിയതിനെക്കുറിച്ച് ഇമാം അഹ്മദ് പറയുന്നു: “അവന് വിജ്ഞാനം പഠിക്കൽ അനിവാര്യമാണെങ്കിൽ അതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.”¹⁷
- വിജ്ഞാനാന്വേഷണവും തൊഴിലും ഒന്നിച്ച് കൊണ്ടുപോകാൻ സാധിച്ചില്ലെങ്കിൽ അവന് സകാത്തിൽ നിന്ന് നൽകാവുന്നതാണ്. എന്നാൽ കേവലം ആരാധനകൾക്ക് വേണ്ടി മാത്രമാണ് അവൻ ഒഴിഞ്ഞിരിക്കുന്നതെങ്കിൽ അവന് സകാത്ത് നൽകാൻ പാടില്ല. കാരണം ആരാധനകളുടെ പ്രയോജനം അവനിൽ മാത്രം ഒതുങ്ങുന്നതാണ്.¹⁸
- അനാവശ്യമായി നാടുചുറ്റൽ ഇസ്ലാമിൽ ഇല്ലാത്ത കാര്യമാണ്. എന്നാൽ വിജ്ഞാനം തേടിയുള്ള സഞ്ചാരം മതപരമായി ആവശ്യപ്പെടുന്ന കാര്യമാണ്.¹⁹
- ഇമാം അഹ്മദ് ബിൻ ഹൻബൽ റഹിമഹുല്ലാഹു തആലാ (മരണം ഹി. 241) യോട് ചോദിക്കപ്പെട്ടു: “താങ്കൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്; രാത്രിയിൽ ഇരുന്ന് ഗ്രന്ഥങ്ങൾ പകർത്തുന്നതാണോ അതോ സുന്നത്ത് നമസ്കാരങ്ങൾ നിർവ്വഹിക്കുന്നതാണോ?” അദ്ദേഹം പറഞ്ഞു: “നിന്റെ ദീനിലെ കാര്യങ്ങൾ നീ പഠിക്കുന്നതിന് വേണ്ടി ഗ്രന്ഥം പകർത്തുന്നതാണ് ഏറ്റവും പ്രിയപ്പെട്ടത്.”²⁰
- അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: “ഒരാളുടെ പക്കൽ അഞ്ഞൂറ് ദിർഹമുണ്ട്; അവൻ അത് യുദ്ധത്തിന് വേണ്ടി ചിലവഴിക്കണോ അതോ വിജ്ഞാനം തേടണോ?” അദ്ദേഹം പറഞ്ഞു: “അവൻ അജ്ഞനാണെങ്കിൽ വിജ്ഞാനം തേടുന്നതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.” അദ്ദേഹം കൂട്ടിച്ചേർത്തു: “വിജ്ഞാനത്തിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നവരെക്കുറിച്ച് ഞാൻ അത്ഭുതപ്പെടുന്നു.”²¹
- ഹനഫീ പണ്ഡിതനായ മുഹമ്മദ് ബിൻ മുഖാതിൽ അൽ-മർവസീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 226) യോട് വിജ്ഞാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ചോദിക്കപ്പെട്ടു; അതാണോ അതോ നമസ്കാരമാണോ ഉത്തമം? അദ്ദേഹം പറഞ്ഞു: “രാത്രിയിൽ നമസ്കരിക്കാനും പകൽ സമയത്ത് വിജ്ഞാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവന് സാധിക്കുമെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ. ഇനി അവന് രാത്രിയിൽ മാത്രമേ വിജ്ഞാനത്തിൽ ശ്രദ്ധിക്കാൻ സാധിക്കൂ എന്നുണ്ടെങ്കിൽ, അവന് അതിനുള്ള ബുദ്ധിശക്തിയുണ്ടെങ്കിൽ, തന്നിൽ തന്നെ വിജ്ഞാനത്തിന്റെ വർദ്ധനവ് അവൻ മനസ്സിലാക്കുന്നുവെങ്കിൽ അവൻ വിജ്ഞാനത്തിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ; കാരണം ‘രാത്രിയിലെ ഒരു മണിക്കൂർ സമയത്തെ വിജ്ഞാന സദസ്സ് ഒരു രാത്രി മുഴുവൻ നമസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്’ എന്ന് മുൻഗാമികളിൽ നിന്ന് വന്നിട്ടുണ്ട്.”²²
- ഒരാൾ ഖുർആനിന്റെ ചില ഭാഗങ്ങൾ പഠിച്ചു. പിന്നീട് അവന് കൂടുതൽ സമയം ലഭിച്ചാൽ, ഫിഖ്ഹ് പഠിക്കുന്നതാണ് ബാക്കിയുള്ള ഖുർആൻ പഠിക്കുന്നതിനേക്കാൾ അവന് ഉത്തമമായിട്ടുള്ളത്.²³
- ഫജ്ർ ഉദിച്ചത് മുതൽ നമസ്കാരം നിർവ്വഹിക്കപ്പെടുന്നത് വരെയുള്ള സമയത്ത് ദിക്റുകളിൽ ഏർപ്പെടുന്നതിനേക്കാൾ ഏറ്റവും ഉത്തമം വിജ്ഞാനം പഠിക്കലാണ്. മാലികീ പണ്ഡിതനായ ഇബ്നു നാജീ അൽ-ഖൈറവാനി റഹിമഹുല്ലാഹു തആലാ (മരണം ഹി. 837) പറയുന്നു: “ഇതാണ് ശരി. വിശേഷിച്ചും നമ്മുടെ ഇന്നത്തെ ഈ കാലഘട്ടത്തിൽ; വിജ്ഞാനത്തെ യഥാർത്ഥത്തിൽ വഹിക്കുന്നവർ കുറവാണ്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ: عِلْمٍ يُنْتَفَعُ بِهِ بَعْدَ مَوْتِهِ..
മനുഷ്യൻ മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങളിലൂടെയല്ലാതെ അവന്റെ കർമ്മങ്ങളെല്ലാം മുറിഞ്ഞുപോകും: അവന് ശേഷം ഉപകാരപ്പെടുന്ന വിജ്ഞാനം… [സ്വഹീഹ് മുസ്ലിം – 4310]
അതിനാൽ വിജ്ഞാനം പകർന്നുനൽകൽ അവൻ മരണപ്പെട്ടതിന് ശേഷവും അവശേഷിക്കുന്ന കാര്യമാണ്.”²⁴
ഇശാ നമസ്കാരത്തിന് ശേഷം ഫജ്ർ ബാങ്ക് വിളിക്കുന്നത് വരെ അവർ വിജ്ഞാന സദസ്സുകളിൽ ഇരുന്നതിനുള്ള ഉദാഹരണങ്ങൾ:
അ. അബ്ദുല്ലാഹി ബ്നു ഉമർ റളിയല്ലാഹു അൻഹു (മരണം ഹി. 73) പറഞ്ഞു: നബിയ്യ് ബനൂ ഇസ്രാഈല്യരെക്കുറിച്ച് രാത്രി മുതൽ പ്രഭാതം വരെ ഞങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു. നിർബന്ധ നമസ്കാരത്തിനല്ലാതെ അവിടുന്ന് എഴുന്നേൽക്കുമായിരുന്നില്ല.²⁵
ബ. അബൂ മൂസാ റളിയല്ലാഹു അൻഹു (മരണം ഹി. 42) ഇശാ നമസ്കാരത്തിന് ശേഷം ഉമർ ബിൻ അൽ-ഖത്താബിന്റെ അടുക്കൽ വന്നു. ഉമർ ചോദിച്ചു: “എന്തിനാണ് നീ വന്നത്?” അദ്ദേഹം പറഞ്ഞു: “ഹദീസ് ചർച്ച ചെയ്യാൻ.” അങ്ങനെ പ്രഭാതമാകുന്നത് വരെ അവർ സംസാരിച്ചിരുന്നു. അപ്പോൾ അബൂ മൂസാ പറഞ്ഞു: “നമസ്കാരം.” ഉമർ പറഞ്ഞു: “നാം നമസ്കാരത്തിലല്ലേ?!”²⁶
ജ. അലി ബിൻ അബീ ത്വാലിബ് റളിയല്ലാഹു അൻഹു (മരണം ഹി. 40) ഇശാ നമസ്കാരത്തിന് നേതൃത്വം നൽകി. ശേഷം ജനങ്ങൾ വിധി തേടിക്കൊണ്ട് അദ്ദേഹത്തിന് ചുറ്റുമിരുന്നു. ആളുകൾ വർദ്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങളിൽ നിന്ന് ഓരോ സംഘവും ഓരോ സദസ്സായി ഇരിക്കുക. എന്നിട്ട് നിങ്ങളിൽ ഒരാൾ തങ്ങളുടെ ആവശ്യം സമർപ്പിക്കട്ടെ, ശേഷം അയാളെ എന്റെ അടുത്തേക്ക് അയക്കുക.” അങ്ങനെ ഞങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുകയും അദ്ദേഹം ഫത്വ നൽകിക്കൊണ്ടിരിക്കുകയും ചെയ്തു. സുബ്ഹി നമസ്കാരത്തിന് ബാങ്ക് വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “എഴുന്നേൽക്കുക, വിത്ർ നമസ്കരിക്കുക; നാം വിത്ർ നമസ്കരിച്ചിട്ടില്ലല്ലോ.”²⁷
ദ. അൽ-ഹാരിഥ് ബിൻ യസീദ് അൽ-ഉക്ലീ, ഇബ്നു ശുബ്റുമ, അൽ-ഖഅ്ഖാഅ് ബിൻ യസീദ്, മുഗീറ തുടങ്ങി താബിഉകളിൽ പെട്ട ധാരാളം ആളുകൾ റഹിമഹുമുല്ലാഹു തആലാ: അവർ ഇശാ നമസ്കാരം കഴിഞ്ഞാൽ ഫിഖ്ഹിന്റെ ചർച്ചകളിലിരിക്കും. സുബ്ഹി ബാങ്ക് മാത്രമാണ് അവരെ വേർപിരിച്ചിരുന്നത്.²⁸
- ഏതാണ് ഏറ്റവും ഉത്തമം; ഖുർആൻ പാരായണവും ളുഹാ നമസ്കാരവുമോ, അതോ വിജ്ഞാന സദസ്സിൽ പങ്കെടുക്കലോ? ഉത്തരം: വിജ്ഞാന സദസ്സാണ് ഏറ്റവും ഉത്തമം. വിജ്ഞാനാന്വേഷണം രാത്രി നമസ്കാരത്തെക്കാളും (ഖിയാമുല്ലൈൽ) ശ്രേഷ്ഠമാണ്. അതുകൊണ്ടാണ് അബൂ ഹുറൈറ രാത്രി ഉറളിയാതിരുന്ന് ഹദീസുകൾ മനഃപാഠമാക്കുകയും തഹജ്ജുദ് നമസ്കരിക്കാതിരിക്കുകയും ചെയ്തിരുന്നത്. അപ്പോൾ റസൂൽ ﷺ അദ്ദേഹത്തോട് പറഞ്ഞു: “ഉറങ്ങുന്നതിന് മുമ്പ് വിത്ർ നമസ്കരിക്കുക.” വിജ്ഞാനം ഉപേക്ഷിച്ചിട്ട് തഹജ്ജുദ് നമസ്കരിക്കാൻ നബി ﷺ പറഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥി അവന്റെ പഠനത്തിലും പുനരവലോകനത്തിലും ചർച്ചകളിലും മനഃപാഠമാക്കുന്നതിലും ഏർപ്പെടുന്നത് നോമ്പുകാരനും രാത്രി നമസ്കരിക്കുന്നവനുമായ ആളേക്കാൾ ഉത്തമമാണ്.²⁹
- ഏതാണ് ഏറ്റവും ഉത്തമം: അല്ലാഹുവിലേക്കുള്ള ദഅ്വത്തിന് വേണ്ടി പൂർണ്ണമായും സമയം കണ്ടെത്തലോ അതോ വിജ്ഞാനം തേടുന്നതിന് വേണ്ടി സമയം കണ്ടെത്തലോ? ശൈഖ് ഇബ്നു ഉഥൈമീൻ റഹിമഹുല്ലാഹു തആലാ (മരണം ഹി. 1421) ഉത്തരം നൽകിയത് ഇപ്രകാരമാണ്: “വിജ്ഞാനം തേടലാണ് ഏറ്റവും ഉത്തമവും മുൻഗണന അർഹിക്കുന്നതും. ഒരു വിദ്യാർത്ഥിക്ക് വിജ്ഞാനം തേടുന്നതിനോടൊപ്പം തന്നെ പ്രബോധനം ചെയ്യാനും സാധിക്കുന്നതാണ്.”³⁰ എന്നാൽ ഇമാം മാലിക് റഹിമഹുല്ലാഹു തആലാ (മരണം ഹി. 179) പറഞ്ഞതുപോലെയാണ് കാര്യങ്ങൾ: “നാം ഇരുവരും നന്മയിലാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ആരാധനകളിലേക്ക് പ്രേരിപ്പിച്ചുകൊണ്ടും വിജ്ഞാനത്തിൽ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടും അൽ-ഉമരീ എന്ന ഭക്തൻ ഇമാം മാലികിന് കത്തെഴുതിയപ്പോൾ അദ്ദേഹത്തിന് മറുപടി നൽകിക്കൊണ്ടാണ് ഇമാം മാലിക് ഇങ്ങനെ പറഞ്ഞത്. ഇമാം മാലിക് അദ്ദേഹത്തിന് മറുപടിയെഴുതി: “അല്ലാഹു ഉപജീവനമാർഗ്ഗങ്ങൾ വിഭജിച്ച് നൽകിയതുപോലെ കർമ്മങ്ങളും വിഭജിച്ച് നൽകിയിട്ടുണ്ട്. ഒരുപക്ഷേ ഒരാൾക്ക് നമസ്കാരത്തിൽ വിശാലത നൽകപ്പെട്ടിട്ടുണ്ടാകാം, എന്നാൽ നോമ്പിൽ അത് ലഭിച്ചിട്ടുണ്ടാകാം. മറ്റൊരാൾക്ക് സ്വദഖയിൽ വിശാലത നൽകപ്പെട്ടിട്ടുണ്ടാകാം, നോമ്പിൽ അത് ലഭിച്ചിട്ടുണ്ടാകില്ല. ഇനിയൊരാൾക്ക് ജിഹാദിൽ വിശാലത ലഭിച്ചിട്ടുണ്ടാകാം, നമസ്കാരത്തിൽ ലഭിച്ചിട്ടുണ്ടാകില്ല. വിജ്ഞാനം പ്രചരിപ്പിക്കലും അത് പഠിപ്പിക്കലും പുണ്യകർമ്മങ്ങളിൽ ഏറ്റവും ഉത്തമമായതാണ്. ഇക്കാര്യത്തിൽ അല്ലാഹു എനിക്ക് നൽകിയ വിശാലതയിൽ ഞാൻ തൃപ്തനാണ്. താങ്കൾ ഏത് അവസ്ഥയിലാണോ ഉള്ളത് അതിനേക്കാൾ താഴെയല്ല ഞാൻ ഉള്ള അവസ്ഥ എന്ന് ഞാൻ കരുതുന്നു. നാം ഇരുവരും നന്മയിലാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”³¹ “നാം ഇരുവരും നന്മയിലാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്ന വാചകം വളരെ അർത്ഥവത്തായ ഒന്നാണ്. അത് പ്രവാചകത്വത്തിന്റെ മാടക്കുഴിയിൽ നിന്ന് പുറത്തുവന്നത് പോലെയുണ്ട്. പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതിനും വിജ്ഞാനപരമായ പൂർണ്ണതയ്ക്ക് വേണ്ടിയുള്ള പരസ്പര ബന്ധത്തിനും ഒരു അടിസ്ഥാന മാതൃകയായി സ്വീകരിക്കാൻ യോഗ്യമായ വാചകമാണത്.
- റമദാനിൽ ഏതാണ് ഏറ്റവും ഉത്തമം; വിജ്ഞാന സദസ്സുകളോ അതോ ഖുർആൻ കൂടുതലായി പാരായണം ചെയ്യലോ? ഇതിൽ മാലികീ മദ്ഹബുകാർക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്.³² ഈ രണ്ട് അഭിപ്രായങ്ങളും ഇമാം മാലികിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ വേർതിരിവുണ്ടാക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു മസ്അലയാണിത്. അതായത് റമദാൻ ആരംഭിച്ചാൽ പല വിദ്യാർത്ഥികളും ജനങ്ങളോടുള്ള തങ്ങളുടെ ഉദ്ബോധനങ്ങളും പഠനക്ലാസുകളും നിർത്തിവെക്കുന്നു. അവർ അതിന് തെളിവായി പറയുന്നത്, റമദാൻ മാസമായാൽ ഇമാം മാലിക് ഹദീസ് പാരായണം ചെയ്യുന്നതിൽ നിന്നും പണ്ഡിത സദസ്സുകളിൽ നിന്നും മാറിനിൽക്കുകയും മുസ്ഹഫ് നോക്കി ഖുർആൻ പാരായണം ചെയ്യുന്നതിലേക്ക് പൂർണ്ണമായും മുന്നിടുകയും ചെയ്തിരുന്നു എന്നതാണ്.³³
എന്നാൽ അത്ഭുതകരമായ കാര്യം, നേരത്തെ സൂചിപ്പിച്ചതുപോലെ ഇമാം മാലികിന് ഇതിന് വിരുദ്ധമായ മറ്റൊരു അഭിപ്രായം കൂടിയുണ്ട് എന്നതാണ്. എന്നാൽ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ആദ്യത്തെ അഭിപ്രായമാണ് പ്രസിദ്ധമായത്. ഇതിനെക്കുറിച്ച് ഇങ്ങനെ പറയാം: “റമദാനിൽ ഖുർആൻ പാരായണം ചെയ്യുന്നത് ഒരു ആരാധനയായത് പോലെത്തന്നെ, വിജ്ഞാനം പഠിപ്പിക്കുന്നതും ഗ്രന്ഥങ്ങൾ രചിക്കുന്നതും ആരാധനയാണ്. ആരാധനകളിലെ വൈവിധ്യം ആവശ്യപ്പെടുന്ന കാര്യമാണ്, അത് ‘റമദാനിലെ ഔദാര്യത്തിൽ’ ഉൾപ്പെടുന്നതാണ്.” ഈ വിഷയത്തിൽ പണ്ഡിതന്മാർ രണ്ട് വിഭാഗമാണ്:
- അവരിൽ ചിലർ പറയുന്നു: റമദാൻ ഖുർആനിന്റെ മാസമാണ്, അതുപോലെ വെള്ളിയാഴ്ച അസറിന് ശേഷമുള്ള സമയം ഉത്തരം ലഭിക്കുന്ന സമയമാണ്. അതിനാൽ മറ്റ് സൽകർമ്മങ്ങളിൽ ഏർപ്പെട്ട് ഒരാൾ ഈ രണ്ട് കാര്യങ്ങളിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല.³⁴
- മറ്റ് ചില പണ്ഡിതന്മാരുണ്ട്; ചില വെള്ളിയാഴ്ചകളിൽ അസറിന് ശേഷമുള്ള സമയങ്ങളിൽ പോലും അവർ ഗ്രന്ഥരചനകളിലും അധ്യാപനത്തിലും പാരായണം ചെയ്തുകൊടുക്കുന്നതിലും വ്യാപൃതരായിരുന്നു എന്ന് അവരുടെ രചനകളിൽ നിന്ന് നമുക്ക് വ്യക്തമാകുന്നു. സൂര്യൻ അസ്തമിക്കാൻ പോകുന്ന സമയങ്ങളിൽ പോലും അവർ വിജ്ഞാനം നുകർന്ന് ആസ്വദിച്ചിരുന്നു. റമദാനിലെ പല പകലുകളിലും, അതിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ പോലും അവരങ്ങനെയായിരുന്നു. അതോടൊപ്പം തന്നെ, ഖുർആൻ ഖത്തം തീർക്കുന്നതിലും സ്വദഖകൾ നൽകുന്നതിലും അവർ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല.³⁵
ഖത്വീബ് അൽ-ബഗ്ദാദി റഹിമഹുല്ലാഹു തആലാ (മരണം ഹി. 463) തന്റെ ‘അൽ-ജാമിഅ് ലി അഖ്ലാഖിർ-റാവീ വ ആദാബിസ്-സാമിഅ്’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം ഒരു അധ്യായം നൽകിയിട്ടുണ്ട്: “ഹദീസ് പണ്ഡിതൻ തന്റെ അധ്യാപനം പള്ളിയിലാക്കലും, വെള്ളിയാഴ്ച ദിവസങ്ങളിൽ ജുമുഅ പള്ളിയിൽ വെച്ചുള്ള പഠിപ്പിക്കൽ ഒഴിവാക്കാതിരിക്കലും സുന്നത്താണ്.”³⁶ അതുകൊണ്ടാണ് ഇമാം അഹ്മദ് ബിൻ ഹൻബൽ റഹിമഹുല്ലാഹു തആലാ (മരണം ഹി. 241) യോട് ഇപ്രകാരം ചോദിക്കപ്പെട്ടത്: “ഒരാൾ പള്ളിയിൽ വെച്ച് (ഖുർആൻ) പാരായണം ചെയ്തു കൊടുക്കുന്നു, അവൻ ഇഅ്തികാഫ് ഇരിക്കാനും ഉദ്ദേശിക്കുന്നു, എല്ലാ ദിവസവും അവൻ ഒരു ഖത്തം പൂർത്തിയാക്കിയേക്കാം?” അദ്ദേഹം പറഞ്ഞു: “അവൻ അങ്ങനെ ചെയ്യുകയാണെങ്കിൽ അത് അവന് മാത്രം പ്രയോജനം ചെയ്യുന്നതാണ്. എന്നാൽ അവൻ പള്ളിയിൽ ഇരുന്ന് പഠിപ്പിക്കുകയാണെങ്കിൽ അത് അവനും മറ്റുള്ളവർക്കും പ്രയോജനം ചെയ്യും. പാരായണം ചെയ്ത് പഠിപ്പിക്കുന്നതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.”³⁷ പണ്ഡിതന്മാർ പറയുന്നു: ഇഅ്തികാഫ് ഇരിക്കുന്നവനും അല്ലാത്തവനും വിജ്ഞാനം ചർച്ച ചെയ്യലും പണ്ഡിതന്മാരുമായി സംവദിക്കലും സുന്നത്താണ്. അല്ലാഹു തആലാ പറഞ്ഞിരിക്കുന്നു:
فِي بُيُوتٍ أَذِنَ اللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ
ചില ഭവനങ്ങളിലാണവർ (അതായത്), അവ ഉയർത്തപ്പെടുവാനും അവയിൽ തന്റെ നാമം സ്മരിക്കപ്പെടുവാനും അല്ലാഹു അനുവാദം നൽകിയിട്ടുള്ള ഭവനങ്ങൾ. [അന്നൂർ – 36]
പള്ളികളെക്കുറിച്ച് റസൂൽ ﷺ പറഞ്ഞു:
إِنَّمَا هِيَ لِذِكْرِ اللَّهِ وَالصَّلَاةِ، وَقِرَاءَةِ الْقُرْآنِ
നിശ്ചയമായും അവ (പള്ളികൾ) അല്ലാഹുവിനെ സ്മരിക്കാനും നമസ്കരിക്കാനും ഖുർആൻ പാരായണം ചെയ്യാനും മാത്രമുള്ളതാണ്.³⁸
ഖാളി അബൂ യഅ്ലാ റഹിമഹുല്ലാഹു തആലാ പറയുന്നു: “ഇഅ്തികാഫിന് വേണ്ടി പാരായണം ചെയ്ത് പഠിപ്പിക്കുന്നത് നിർത്തിവെക്കാൻ ഇഅ്തികാഫ് ഇരിക്കുന്നവനോട് നിർദ്ദേശിക്കപ്പെടുന്നില്ല. ഇഅ്തികാഫിനേക്കാൾ ഉത്തമം പാരായണം ചെയ്ത് പഠിപ്പിക്കുന്നതാണ്; കാരണം അതിന്റെ പ്രയോജനം മറ്റുള്ളവരിലേക്കും എത്തുന്നതാണ്.”³⁹ മറിച്ച്, കൂടുതൽ അറിവുള്ളവരും പിൻപറ്റാൻ ഏറ്റവും അർഹനുമായ ഇബ്നു അബ്ബാസ് (മരണം ഹി. 68), റമദാനിലെ അവസാന പത്തിൽ പോലും വിജ്ഞാനം പഠിപ്പിക്കുന്നതിനായി ഒരു വിഹിതം മാറ്റിവെച്ചിരുന്നു. ബസറയിലെ അമീറായിരുന്ന സമയത്ത് റമദാനിൽ അദ്ദേഹം ജനങ്ങളെ സമീപിച്ചിരുന്നു: “മാസം അവസാനിക്കുന്നത് വരെ അദ്ദേഹം അവരെ ദീൻ പഠിപ്പിക്കാറുണ്ടായിരുന്നു. അവസാനത്തെ രാത്രിയായാൽ അദ്ദേഹം അവരെ ഉദ്ബോധിപ്പിക്കും.”⁴⁰ ഇത് വിജ്ഞാനവും ഉദ്ബോധനവുമാണ്; ഖുർആനിലേക്കും പ്രാർത്ഥനയിലേക്കും മുന്നിടുന്നതിനോടൊപ്പമാണിത്. അതിനാൽ അല്ലയോ ഉന്നതരായ പ്രബോധകരേ, അറിവിന്റെ സമുദ്രമായ ആ മഹാപണ്ഡിതനെ നിങ്ങൾ മാതൃകയാക്കുക.
അവലംബങ്ങൾ: 1.’മിഫ്താഹു ദാരിസ്സആദ വ മൻശൂറു വിലായത്തിൽ ഇൽമി വൽ ഇറാദ’ (1/118). 2. ‘ത്വബഖാതു ഉലമാഇ ഇഫ്രീഖിയ്യ’ (പേജ്: 54), ‘അൽബയാനു വത്തഹ്സ്വീൽ’ (1/346). 3. ഇമാം ബൈഹഖിയുടെ ‘അൽമദ്ഖൽ ഇലാ ഇൽമിസ്സുനൻ’, തഹ്ഖീഖ്: അവ്വാമ (2/722). 4. ‘അദ്ദുർറുൽ മുഖ്താർ ശർഹു തൻവീറിൽ അബ്സ്വാർ വ ജാമിഇൽ ബിഹാർ’ (പേജ്: 665), ‘ദുററുൽ ഹുക്കാം ശർഹു ഗുററിൽ അഹ്കാം’ (1/323). 5. ‘അൽമുഹീതുൽ ബുർഹാനി ഫിൽ ഫിഖ്ഹിന്നഅ്മാനി’ (5/315). 6. ‘ദുററുൽ ഹുക്കാം ശർഹു ഗുററിൽ അഹ്കാം’ (1/333). 7. ‘അദ്ദുർറുൽ മുഖ്താർ ശർഹു തൻവീറിൽ അബ്സ്വാർ വ ജാമിഇൽ ബിഹാർ’ (പേജ്: 138). 8. ‘ദുററുൽ ഹുക്കാം ശർഹു ഗുററിൽ അഹ്കാം’ (1/189). 9. ‘കിഫായതുൽ അഖ്യാർ ഫീ ഹല്ലി ഗായതിൽ ഇഖ്തിസ്വാർ’ (പേജ്: 375). 10. നോക്കുക: ‘തുഹ്ഫതുൽ മുഹ്താജ് ഫീ ശർഹിൽ മിൻഹാജ്’ (3/166), ‘ഇആനതുത്ത്വാലിബീൻ’ (2/124), ‘കശ്ശാഫുൽ ഖിനാഅ്’ (1/413). 11. ‘അദ്ദലാഇലു വൽ ഇശാറാത് അലാ അഖ്സ്വറിൽ മുഖ്തസ്വറാത്’ (1/597). 12. മുൻ അവലംബം (3/123). 13. നോക്കുക: ‘ജാമിഉ ബയാനിൽ ഇൽമി വ ഫള്ലിഹി’ (1/554), ‘അൽആദാബുശ്ശർഇയ്യ വൽ മിനഹുൽ മർഇയ്യ’ (3/382). 14. ‘ഗായതുൽ മുൻതഹാ ഫീ ജംഇൽ ഇഖ്നാഇ വൽ മുൻതഹാ’ (5/112). 15. ‘കിഫായത്തുന്നബീഹ് ഫീ ശർഹിത്തൻബീഹ്’ (16/668). 16. മുഹമ്മദ് ബിൻ ഹസൻ രചിച്ച ‘അൽകസ്ബ്’ (പേജ്: 66). 17. ‘അൽഫുറൂഉ വ തസ്വ്ഹീഹുൽ ഫുറൂഅ്’ (2/345). 18. ‘കശ്ശാഫുൽ ഖിനാഅ് അൻ മത്നിൽ ഇഖ്നാഅ്’ (2/487). 19. ‘മത്വാലിബു ഉലിന്നുഹാ ഫീ ശർഹി ഗായതിൽ മുൻതഹാ’ (1/717). 20. ‘അൽമജ്മൂഉ ശർഹുൽ മുഹദ്ദബ്’ (1/51). 21. ‘അൽആദാബുശ്ശർഇയ്യ വൽ മിനഹുൽ മർഇയ്യ’ (2/40). 22. സമർഖന്ദി അൽഹനഫിയുടെ ‘ഉയൂനുൽ മസാഇൽ’ (പേജ്: 479). 23. ‘അൽമുഹീതുൽ ബുർഹാനി ഫിൽ ഫിഖ്ഹിന്നഅ്മാനി’ (5/315). 24. ‘ശർഹു ഇബ്നു നാജി അത്തനൂഖി അലാ മത്നിർരിസാല’ (1/157). ഈ ഹദീസ് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്തിരിക്കുന്നു (4310). 25. ‘സുനനു അബീദാവൂദ്’ (3665). ഈ ഹദീസ് ഇമാം ഇബ്നു ഖുസൈമ (1342), ഇമാം ഇശ്ബീലി എന്നിവർ ‘അൽഅഹ്കാമുൽ കുബ്റാ’യിൽ (1/313) സ്വഹീഹാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 26. ‘മുഖ്തസ്വറു ഖിയാമില്ലൈലി വ ഖിയാമി റമദാൻ വ കിതാബുൽ വിത്ർ’ (പേജ്: 117). 27. മുൻ അവലംബം (പേജ്: 117). 28. ‘സുനനുദ്ദാരിമി’ (635) [മുഹഖിഖിന്റെ കുറിപ്പ്: ഇതിന്റെ പരമ്പര സ്വഹീഹാണ്]. 29. നോക്കുക: ‘ലിഖാഉൽ ബാബിൽ മഫ്തൂഹ്’ (10/50), ഇബ്നു ഉസൈമീൻ രചിച്ച ‘കിതാബുൽ ഇൽമ്’ (പേജ്: 100). 30. ഇബ്നു ഉസൈമീൻ രചിച്ച ‘കിതാബുൽ ഇൽമ്’ (പേജ്: 92). 31. ‘സിയറു അഅ്ലാമിന്നുബലാഅ്’, രിസാല പതിപ്പ് (8/114). 32. ‘അശ്ശാാമിൽ ഫീ ഫിഖ്ഹിൽ ഇമാം മാലിക്’ (1/149), ഇമാം ഖറാഫിയുടെ ‘അദ്ദഖീറ’ (2/408). 33. ഇമാം ഇബ്നു റജബിന്റെ ‘ലത്വാഇഫുൽ മആരിഫ്’ (പേജ്: 171). 34. ഈ അഭിപ്രായം പ്രകടിപ്പിച്ചവരിൽ ഇമാം ഇബ്നുൽ ഖയ്യിമും ഉൾപ്പെടുന്നു. അദ്ദേഹം പറയുന്നു: “റമദാനിലെ അവസാന പത്തിൽ ഏറ്റവും ഉത്തമമായിട്ടുള്ളത് ആളുകളുമായി ഇടകലരുന്നതിലും അവരുമായി വ്യാപൃതരാകുന്നതിലും നിന്ന് വിട്ടുനിന്നുകൊണ്ട് പള്ളിയിൽ തന്നെ കഴിയുകയും ഏകാന്തവാസം നയിക്കുകയും ഇഅ്തികാഫ് ഇരിക്കുകയും ചെയ്യുക എന്നതാണ്. ഒട്ടുമിക്ക പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ, ആളുകളെ വിജ്ഞാനം പഠിപ്പിക്കുന്നതിലും അവർക്ക് ഖുർആൻ ഓതിക്കൊടുക്കുന്നതിലും മുഴുകുന്നതിനേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത് ഇതാണ്.” നോക്കുക: ‘മദാരിജുസ്സാലികീൻ’ (1/110). 35. അൽഹംദുലില്ലാഹ്, റമദാനിലോ വെള്ളിയാഴ്ച അസ്വറിന് ശേഷമോ ജുമുഅ നമസ്കാരത്തിന് ശേഷമോ ഗ്രന്ഥരചന നിർവ്വഹിക്കുകയോ ക്ലാസുകൾ നൽകുകയോ ചെയ്ത എഴുപത്തിയേഴ് പണ്ഡിതന്മാരുടെ ഒരു പട്ടിക ഉൾക്കൊള്ളുന്ന പഠനം ഞാൻ സമാഹരിച്ചിട്ടുണ്ട്. സമാനമായ വിജ്ഞാന ശകലങ്ങൾ അടങ്ങിയ ഒരു ഗ്രന്ഥമായി ഇത് അച്ചടിച്ചു വരുവാൻ എളുപ്പമാക്കട്ടെ. 36. (2/60). 37. ‘അൽകാഫീ ഫീ ഫിഖ്ഹിൽ ഇമാം അഹ്മദ്’ (1/462). 38. ‘അൽഹാവി അൽകബീർ’ (3/493), ‘അൽവജീസ് ഫീ ഫിഖ്ഹിസ്സുന്നത്തി വൽകിതാബിൽ അസീസ്’ (പേജ്: 211). ഈ ഹദീസ് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്തിരിക്കുന്നു (285). 39. ‘ഇഖ്തിലാഫുൽ അഇമ്മതിൽ ഉലമാഅ്’ (1/267). 40. ഇബ്നു അസാകിറിന്റെ ‘താരീഖു ദിമശ്ഖ്’ (72/405).

