റാഷിദ് ബിൻ അബ്ദുറഹ്മാൻ ബിൻ റദൻ അൽബദ്ദാഹ്
വിജ്ഞാനത്തിൽ വ്യാപൃതനാകുന്നതാണ് ഐച്ഛികമായ ആരാധനകളിൽ മുഴുകുന്നതിനേക്കാൾ ഏറ്റവും ഉത്തമം എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. നാല് ഇമാമുകളുടെയും അഭിപ്രായം ഇതാണ്. വിജ്ഞാനമാണ് മറ്റുള്ളവരിലേക്ക് ഉപകാരം എത്തുന്നതും അതിന്റെ ഉടമയെ അനശ്വരനാക്കുന്നതും.
ഇവ രണ്ടും തമ്മിൽ സന്തുലിതമായ രൂപത്തിൽ ഒരുമിച്ചുകൊണ്ടുപോകുന്നതാണ് യഥാർത്ഥ മതവിജ്ഞാനവും (ഫിഖ്ഹ്) അല്ലാഹുവിൽ നിന്നുള്ള തൗഫീഖും എന്നതിലും, അവയിലോരോന്നും മറ്റൊന്നിനെ സഹായിക്കുന്നതാണെന്നതിലും പണ്ഡിതന്മാർക്കിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല.
അബുൽ ഖൈർ അത്തീനാത്തീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 349) പറഞ്ഞു: “നിങ്ങൾ മിഹ്‌റാബുകളെയും (പള്ളികളെയും) അല്ലാഹുവിന്റെ മുന്നിലുള്ള നിൽപ്പിനെയും മുറുകെ പിടിക്കുക; കാരണം മിഹ്‌റാബുകളിൽ നിന്നല്ലാതെ വിജ്ഞാനങ്ങൾ നേടിയെടുക്കാൻ സാധിക്കുകയില്ല.”¹
എന്നാൽ ഇവ രണ്ടും ഒരുമിച്ചു വരികയും അതിലൊന്നിന് മുൻഗണന നൽകാൻ നിർബന്ധിതനാവുകയും ചെയ്യുന്ന സാഹചര്യത്തിൽ വിജ്ഞാനത്തിനാണ് മുൻഗണന നൽകേണ്ടത്.
مَنْ لَمْ يَرَ العِلْمَ أَغْلَى … مِنْ كُلِّ شَيْءٍ يُصَابُ فَلَيْسَ يُفْلِحُ حَتَّى … يُحْثَى عَلَيْهِ التُّرَابُ
വിജ്ഞാനമാണ് നേടാൻ കഴിയുന്ന സകലതിനേക്കാളും ഏറ്റവും വിലപിടിപ്പുള്ളതെന്ന് ആർക്കെങ്കിലും ബോധ്യപ്പെടുന്നില്ലെങ്കിൽ, അവന് മണ്ണുമൂടുന്നത് വരെ (മരണം വരെ) അവൻ വിജയിക്കുകയില്ല.²
ഉമറുൽ ഫാറൂഖ് റളിയല്ലാഹു അൻഹുവിന്റെ മഹത്തായ രണ്ട് കർമ്മങ്ങൾ തമ്മിലുള്ള ഈ താരതമ്യം താങ്കളൊന്ന് ചിന്തിച്ചുനോക്കുക: ഖൈബറിൽ വെച്ച് ഉമർ നൽകിയ സ്വദഖയും, ‘ഇന്നമൽ അഅ്മാലു ബിന്നിയ്യാത്’ (കർമ്മങ്ങൾ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്) എന്ന ഹദീസ് അദ്ദേഹം റിപ്പോർട്ട് ചെയ്തതും തമ്മിൽ താരതമ്യം ചെയ്യുക. ഇവ രണ്ടിലും നന്മയുണ്ട് – എന്നാൽ ഇവയിൽ ഏതിന്റെ പ്രയോജനമാണ് ഇന്നത്തെ ദിവസം വരെ അവശേഷിക്കുന്നത്?! വിജ്ഞാനമാണോ അതോ സമ്പത്താണോ?!
ഇബ്നു റജബ് അൽ-ഹൻബലീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 795) പറഞ്ഞു: “സുന്നത്ത് നമസ്കാരങ്ങളേക്കാൾ ഏറ്റവും ഉത്തമം വിജ്ഞാനാന്വേഷണമാണെന്ന് നാല് ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. കാരണം അജ്ഞതയുടെയും ദേഹേച്ഛയുടെയും അന്ധകാരത്തിൽ വെളിച്ചം നൽകുന്ന വിളക്കാണ് വിജ്ഞാനം. അതിനാൽ വിളക്കില്ലാതെ ഒരു വഴിയിലൂടെ സഞ്ചരിക്കുന്നവൻ നാശത്തിന്റെ ഗർത്തത്തിൽ വീഴില്ലെന്ന് നിർഭയനാകാൻ കഴിയില്ല; അങ്ങനെ അവൻ നശിച്ചുപോകും.”³
ഈ മുൻഗണന നൽകുന്നതിനുള്ള തെളിവുകളിൽ ചിലത്:
- വിജ്ഞാനത്തിന്റെ പ്രയോജനം മുസ്‌ലിംകൾക്ക് മുഴുവനും ലഭിക്കുന്നു. എന്നാൽ സുന്നത്ത് കർമ്മങ്ങളുടെ പ്രയോജനം അത് ചെയ്യുന്നവന് മാത്രമായി ചുരുങ്ങുന്നു.
- പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. എന്നാൽ ആരാധനകളിൽ മാത്രം മുഴുകുന്നവർ അപ്രകാരം വിശേഷിപ്പിക്കപ്പെടുന്നില്ല.
- ആരാധകൻ പണ്ഡിതനെ പിന്തുടരുന്നവനും തന്റെ ആരാധനയുടെ വിധികൾക്കായി അദ്ദേഹത്തെ അനുകരിക്കുന്നവനുമാണ്.
- വിജ്ഞാനത്തിന്റെ പ്രയോജനവും ഫലവും അത് നേടിയവന് ശേഷവും അവശേഷിക്കുന്നു. എന്നാൽ സുന്നത്ത് കർമ്മങ്ങൾ അത് ചെയ്യുന്നവന്റെ മരണത്തോടെ മുറിഞ്ഞുപോകുന്നു.⁴
ഇമാം ദഹബീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 748) ഈ അധ്യായത്തിലുള്ള അതേ ചോദ്യം ഉന്നയിക്കുകയും അതിന് ഇപ്രകാരം ഉത്തരം നൽകുകയും ചെയ്തു: “വിജ്ഞാനാന്വേഷണമാണോ അതോ സുന്നത്ത് നമസ്കാരവും ഖുർആൻ പാരായണവും ദിക്റുകളുമാണോ ഏറ്റവും ഉത്തമം? വിജ്ഞാനാന്വേഷണത്തിൽ അല്ലാഹുവിന് വേണ്ടി ആത്മാർത്ഥത പുലർത്തുകയും നല്ല ബുദ്ധിശക്തിയുള്ളവനുമാണെങ്കിൽ അവന് വിജ്ഞാനമാണ് ഏറ്റവും ഉത്തമം. എന്നാൽ അതോടൊപ്പം തന്നെ നമസ്കാരത്തിലും ആരാധനകളിലും അവന് ഒരു വിഹിതം ഉണ്ടായിരിക്കണം. ഇനി ഒരാൾ വിജ്ഞാനാന്വേഷണത്തിൽ കഠിനാധ്വാനം ചെയ്യുന്നവനും എന്നാൽ പുണ്യകർമ്മങ്ങളിൽ അവന് യാതൊരു വിഹിതവുമില്ലാത്തതുമായി നീ കണ്ടാൽ, അവൻ അലസനും നിന്ദ്യനുമാണ്. അവന്റെ നിയ്യത്തിന്റെ കാര്യത്തിൽ അവൻ സത്യസന്ധനുമല്ല. എന്നാൽ ഒരുവന്റെ ഹദീസ്, ഫിഖ്ഹ് പഠനം വഴിപിഴച്ചതും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയുമാണെങ്കിൽ അവന് ആരാധനകളാണ് ഏറ്റവും ഉത്തമം. എന്നാൽ ഇവ രണ്ടും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമുള്ള യാതൊരു ബന്ധവുമില്ല.”⁵
ഈ മസ്അലയുമായി ബന്ധപ്പെട്ട സമകാലികവും പ്രായോഗികവുമായ ചില ഉദാഹരണങ്ങൾ:
- വീണ്ടെടുക്കാൻ കഴിയാത്ത ഒരു വിജ്ഞാന സദസ്സിൽ പങ്കെടുക്കുന്നതിന് വേണ്ടി ജനാസ നമസ്കാരം നഷ്ടപ്പെടുത്തൽ.
- ഒരു പഠന കോഴ്സിൽ പങ്കെടുക്കുന്നതിനായി ഉംറ മാറ്റിവെക്കൽ.
- ഇശാ നമസ്കാരത്തിന് ശേഷം നീണ്ട പഠന ചർച്ചകൾക്ക് വേണ്ടി ചിലപ്പോൾ രാത്രി നമസ്കാരം (ഖിയാമുല്ലൈൽ) ഒഴിവാക്കൽ.
- ഓൺലൈൻ ആയി ഒരു പഠന ക്ലാസ്സ് ശ്രദ്ധിക്കുന്നതിന് വേണ്ടി പള്ളിയിലേക്ക് നേരത്തെ പോകാൻ വൈകൽ.
- ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയത്ത് മനഃപാഠമാക്കിയ വിജ്ഞാനങ്ങൾ പുനരവലോകനം ചെയ്യൽ.
- ഒരു പണ്ഡിതനെ കണ്ടുമുട്ടുന്നതിനോ അദ്ദേഹത്തിന്റെ ക്ലാസ്സിൽ പങ്കെടുക്കുന്നതിനോ വേണ്ടി റവാത്തിബ് സുന്നത്തുകൾ ഒഴിവാക്കൽ.
മാലികീ, ശാഫിഈ മദ്ഹബുകളിലെ രണ്ട് ഇമാമുകളുടെ ഈ രണ്ട് അനുഭവങ്ങൾ താങ്കൾ നോക്കുക:
- അബ്ദുല്ലാഹി ബിൻ വഹ്ബ് റഹിമഹുല്ലാഹു തആലാ (മരണം ഹി. 197) പറഞ്ഞു: “ഞാൻ മാലിക് ബിൻ അനസിന്റെ മുമ്പിലിരിക്കുകയായിരുന്നു. അങ്ങനെ എന്റെ എഴുത്തുപലകകൾ മാറ്റിവെച്ച് ഞാൻ നമസ്കരിക്കാൻ വേണ്ടി എഴുന്നേറ്റു. അപ്പോൾ അദ്ദേഹം ചോദിച്ചു: ‘നീ ഇപ്പോൾ മാറ്റിവെച്ച കാര്യത്തേക്കാൾ ശ്രേഷ്ഠമായ എന്ത് കാര്യത്തിലേക്കാണ് നീ എഴുന്നേറ്റ് പോകുന്നത്?'”⁶ അതായത്: സുന്നത്ത് നമസ്കാരങ്ങളേക്കാൾ ശ്രേഷ്ഠം വിജ്ഞാനം പഠിപ്പിക്കുന്നതിലാണ്.
- അൽ-മുസനീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 264) തന്റെ സുഹൃത്തുക്കൾ പഠന ചർച്ചകളിലിരിക്കെ അവരുടെ സാന്നിധ്യത്തിൽ സുന്നത്ത് നമസ്കരിക്കുകയായിരുന്നു. അപ്പോൾ അവർ പറഞ്ഞു: “താങ്കൾ ഞങ്ങളെ പഠിപ്പിക്കുന്നതാണ് സുന്നത്ത് നമസ്കരിക്കുന്നതിനേക്കാൾ താങ്കൾക്ക് ഉത്തമം.” അദ്ദേഹം ചോദിച്ചു: “അതെങ്ങനെ?” അവർ പറഞ്ഞു: “കാരണം താങ്കളുടെ പഠിപ്പിക്കലിന്റെ പ്രയോജനം മറ്റുള്ളവരിലേക്കും എത്തുന്നതാണ്, എന്നാൽ താങ്കളുടെ നമസ്കാരത്തിന്റെ പ്രയോജനം താങ്കളിൽ മാത്രം ഒതുങ്ങുന്നതാണ്.” അപ്പോൾ അദ്ദേഹം നമസ്കാരം ഒഴിവാക്കുകയും അവരെ പഠിപ്പിക്കുന്നതിലേക്ക് മുന്നിടുകയും ചെയ്തു.⁷
ആരാധനകളുടെ സമയത്ത് പോലും വിജ്ഞാനം ചർച്ച ചെയ്യലും അതിൽ ഫത്‌വ നൽകലും അവർ സുന്നത്തായി കണ്ടിരുന്നു. അതുകൊണ്ടാണ് ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഇപ്രകാരം ഒരു അധ്യായം നൽകിയത്: ‘ജംറകളിൽ കല്ലെറിയുമ്പോൾ ഫത്‌വ ചോദിക്കലും ഫത്‌വ നൽകലും’. ഇബ്നു ഹജർ ഇതിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: “ഒരു പണ്ഡിതൻ ആരാധനകളിൽ മുഴുകിയിരിക്കുകയാണെങ്കിലും അവനോട് വിജ്ഞാനത്തെക്കുറിച്ച് ചോദിക്കുന്നത് അത് തടയുന്നില്ല എന്നതാണ് അദ്ദേഹം ഇതിലൂടെ ഉദ്ദേശിക്കുന്നത്; അദ്ദേഹം അതിൽ പൂർണ്ണമായും വ്യാപൃതനായിട്ടില്ലെങ്കിൽ.”⁸
വിജ്ഞാനത്തിനും ആരാധനകൾക്കുമിടയിൽ ഒരുമിച്ചുകൊണ്ടുപോകലും അതിലൊന്നിന് മുൻഗണന നൽകലും ചില പണ്ഡിതന്മാരെ അലട്ടിയിരുന്ന ഒരു പ്രശ്നമായിരുന്നു. ചരിത്രകാരനായ അഫീഫുദ്ദീൻ അൽ-യാഫിഈ റഹിമഹുല്ലാഹു തആലാ (മരണം ഹി. 768) പറഞ്ഞു: “എന്റെ വിജ്ഞാനാന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ രണ്ട് ചിന്തകൾ എന്നെ പിടികൂടുകയും അവ രണ്ടും എന്നെ പരസ്പരം വലിക്കുകയും ചെയ്തു: അതിലൊന്ന് അതിന്റെ ശ്രേഷ്ഠത ആഗ്രഹിച്ചുകൊണ്ട് എന്നെ വിജ്ഞാനത്തിലേക്ക് വലിച്ചു, മറ്റൊന്ന് അതിലുള്ള മാധുര്യം കാരണം എന്നെ ആരാധനകളിലേക്കും വലിച്ചു.. മേൽപ്പറഞ്ഞ ഈ ആകർഷണങ്ങൾ കാരണം കത്തിജ്വലിക്കുന്ന അഗ്നി പോലെ എന്റെ ഉള്ളിൽ ആളിക്കത്തി. ഉറങ്ങാനോ സ്വസ്ഥമായിരിക്കാനോ എനിക്ക് കഴിഞ്ഞില്ല. പിന്നീട്, അൽഹംദുലില്ലാഹ്, ആ എരിച്ചിൽ എന്നിൽ നിന്ന് ഇല്ലാതാക്കുന്ന ഒരു സൂചന എനിക്ക് ലഭിച്ചു.. രാവും പകലും ഞാൻ വായിച്ചിരുന്ന ഒരു ഗ്രന്ഥം എന്റെ പക്കലുണ്ടായിരുന്നു. ആ സമയത്ത് ഞാനത് തുറന്നു, അപ്പോൾ ഞാൻ ആദ്യമായി തുറന്നപ്പോൾ തന്നെ എന്റെ കണ്ണിലുടക്കിയത് മുമ്പ് ഞാൻ കണ്ടിട്ടില്ലാത്ത ഒരു പേജായിരുന്നു.. ഞാൻ ഇത്രയും കാലം അത് വായിച്ചിട്ടും ഞാൻ കേട്ടിട്ടില്ലാത്ത ചില കവിതാ ശകലങ്ങളായിരുന്നു അതിലുണ്ടായിരുന്നത്:
كُنْ عَنْ هُمُومِكَ مُعْرِضًا … وَكِلِ الأُمُورَ إِلَى القَضَا وَلَرُبَّ أَمْرٍ مُتْعِبٍ … لَكَ فِي عَوَاقِبِهِ رِضَا اللَّهُ يَفْعَلُ مَا يَشَاءُ … فَلَا تَكُنْ مُتَعَرِّضًا
നിന്റെ ആകുലതകളിൽ നിന്ന് നീ തിരിഞ്ഞുകളയുക, എല്ലാ കാര്യങ്ങളും നീ വിധിക്ക് ഏൽപ്പിക്കുക. എത്രയോ ക്ഷീണിപ്പിക്കുന്ന കാര്യങ്ങളുണ്ട്, എന്നാൽ അതിന്റെ പര്യവസാനം നിനക്ക് തൃപ്തി നൽകുന്നതായിരിക്കും. അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു, അതിനാൽ നീ അതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവനാകരുത്.
ഞാനിത് വായിച്ചപ്പോൾ ആ തീയിൽ വെള്ളം ഒഴിച്ചത് പോലെ എനിക്കനുഭവപ്പെട്ടു, അങ്ങനെ ആ എരിച്ചിൽ അടങ്ങുകയും ആ കാർമേഘങ്ങൾ ഒഴിഞ്ഞുപോവുകയും ചെയ്തു. പിന്നീട് കുറഞ്ഞ കാലം ചില ജോലികളിലും അതുപോലെ വിജ്ഞാനാന്വേഷണത്തിലുമായി ഞാൻ തുടർന്നു.”⁹
ഈ മുൻഗണനാക്രമത്തിന് സന്തുലിതാവസ്ഥയും സ്വന്തത്തെക്കുറിച്ചുള്ള അവബോധവും സാഹചര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും ആവശ്യമാണ്. അല്ലാത്തപക്ഷം ഏറ്റവും ഉത്തമമായ ആരാധന വിജ്ഞാനം തന്നെയാണ്.¹⁰
ഈ സന്തുലിതാവസ്ഥയിൽ ചിലപ്പോൾ അനീതിയും ദേഹേച്ഛയും കടന്നുകൂടിയേക്കാം, അതിനാൽ ഈ രംഗത്ത് ദീർഘകാലത്തെ പരിചയമുള്ളവരോട് കൂടിയാലോചിക്കേണ്ടത് അനിവാര്യമാണ്. അല്ലാഹു മാത്രമാണ് സംരക്ഷകൻ.
ഇബ്നുൽ ജൗസി റഹിമഹുല്ലാഹു തആലാ (മരണം ഹി. 597) പറഞ്ഞു: “മനുഷ്യനെ ഏറ്റവും ഉത്തമമായ ആരാധനയായ വിജ്ഞാനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി അവന് ആരാധനകളെ അലങ്കരിച്ചുകാണിക്കുക എന്നത് പിശാചിന്റെ കുതന്ത്രങ്ങളിൽ പെട്ടതാണ്.” അദ്ദേഹം വീണ്ടും പറഞ്ഞു: “ചിലപ്പോൾ ഗ്രന്ഥത്താളുകൾ മറിക്കുന്നതായിരിക്കും നോമ്പ്, നമസ്കാരം, ഹജ്ജ്, യുദ്ധം എന്നിവയേക്കാൾ ഏറ്റവും ഉത്തമം.”¹¹
അതിനാൽ വിജ്ഞാനത്തിൽ മുഴുകിയിരിക്കുന്ന വിദ്യാർത്ഥീ, നീ ആരാധനയുടെയും ഭക്തിയുടെയും മിഹ്‌റാബിലാണുള്ളത്. അതുകൊണ്ടാണ് പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞത്: “പേനയുടെ ശബ്ദം തസ്ബീഹാണ്, അത് എഴുതുന്നതും തസ്ബീഹാണ്.”¹²
അപ്പോൾ ആരെങ്കിലും ചോദിക്കുകയാണെങ്കിൽ: “എനിക്കേറ്റവും ഉപകാരപ്രദമായത് ഏതാണ്; വിജ്ഞാനത്തിൽ മുഴുകലാണോ അതോ സുന്നത്ത് ആരാധനകൾ അധികരിപ്പിക്കലാണോ?” അതിന് ഇപ്രകാരം മറുപടി നൽകാം: ഇതിൽ അബുൽ വലീദ് ഇബ്നു റുശ്ദ് റഹിമഹുല്ലാഹു തആലാ (മരണം ഹി. 520) ചൂണ്ടിക്കാണിച്ചതുപോലെ ഒരു വിശദീകരണമുണ്ട്, അദ്ദേഹം പറഞ്ഞു: “ഭാവിയിൽ ഒരു നേതൃസ്ഥാനം (ഇമാമത്ത്) പ്രതീക്ഷിക്കപ്പെടുന്ന, മികച്ച ബുദ്ധിശക്തിയും ഗ്രഹണശേഷിയുമുള്ള ഒരാൾക്ക് നമസ്കാരത്തേക്കാൾ ഉത്തമം വിജ്ഞാനാന്വേഷണമാണ്. എന്നാൽ നേതൃസ്ഥാനം പ്രതീക്ഷിക്കപ്പെടാത്ത ഒരാൾക്ക് വിജ്ഞാനാന്വേഷണത്തേക്കാൾ ഉത്തമം നമസ്കാരമാണ്; വുദു, നമസ്കാരം, നോമ്പ് എന്നിവയെക്കുറിച്ച് അവൻ വ്യക്തിപരമായി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അവന് അറിയാമെങ്കിൽ.”¹³
അബൂ ഹാമിദ് അൽ-ഗസാലി റഹിമഹുല്ലാഹു തആലാ (മരണം ഹി. 505) ഈ ആശയത്തെ സ്ഥിരീകരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഉപകാരപ്രദമായ വിജ്ഞാനം കരസ്ഥമാക്കുന്നതിൽ നിനക്ക് താല്പര്യം പ്രകടമാകുകയും, അതിലൂടെ നീ അല്ലാഹുവിന്റെ പ്രീതിയും പരലോകവും മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അതാണ് നിനക്ക് സുന്നത്ത് ആരാധനകളേക്കാൾ ഏറ്റവും ഉത്തമം.”¹⁴
പിന്നീട് ശൈഖ് ഇബ്നു ഉഥൈമീൻ റഹിമഹുല്ലാഹു തആലാ (മരണം ഹി. 1421) ഈ വിഷയം കൂടുതൽ വ്യക്തമാക്കുകയും അതിന് ഉദാഹരണങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: “ഒരു വിദ്യാർത്ഥി നമ്മുടെ അടുത്ത് വന്ന് ഇപ്രകാരം പറഞ്ഞു: ‘ഞാൻ നോമ്പെടുക്കുകയാണെങ്കിൽ എന്റെ പഠനത്തിൽ എനിക്ക് വീഴ്ച സംഭവിക്കുകയും, എനിക്ക് ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ ഞാൻ നോമ്പെടുത്തില്ലെങ്കിൽ എനിക്ക് പഠനത്തിൽ കൂടുതൽ ഉന്മേഷം ലഭിക്കുന്നു. അപ്പോൾ എനിക്ക് ഏറ്റവും ഉത്തമം നോമ്പെടുക്കുന്നതാണോ അതോ വിജ്ഞാനം പഠിക്കുന്നതാണോ?’ അപ്പോൾ നാം പറയും: നിനക്കേറ്റവും ഉത്തമം വിജ്ഞാനം പഠിക്കലാണ്.”¹⁵
അദ്ദേഹം വീണ്ടും പറഞ്ഞു: “ശാരീരിക കരുത്തോ ഹൃദയവിശാലതയോ ഇല്ലാത്ത ഒരു വ്യക്തി, എന്നാൽ അവന് മനഃപാഠമാക്കാനുള്ള കഴിവും ഗ്രഹണശേഷിയും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയുമുണ്ട്; ഇങ്ങനെയുള്ള ഒരാൾക്ക് വിജ്ഞാനം തേടലാണ് ഏറ്റവും ഉത്തമം. ഇനി ഇവ രണ്ടും ഒരുപോലെയാണെങ്കിൽ, പണ്ഡിതന്മാരിൽ ചിലർ വിജ്ഞാനാന്വേഷണത്തിന് മുൻതൂക്കം നൽകിയിട്ടുണ്ട്; കാരണം അതാണ് അടിസ്ഥാനം. ജീവിച്ചിരിക്കുന്നവർക്കും ജനിക്കാനിരിക്കുന്നവർക്കും അത് പ്രയോജനപ്പെടുന്നു എന്നതാണ് അതിന്റെ കാരണം.”¹⁶
വിജ്ഞാനത്തിന്റെയും ആരാധനയുടെയും മാധുര്യം അവർ ഒരുമിച്ചുകൂട്ടി
മുൻഗാമികൾ വിജ്ഞാനത്തിന്റെയും ആരാധനയുടെയും രണ്ട് സ്വർഗ്ഗങ്ങൾക്കും മാധുര്യങ്ങൾക്കുമിടയിൽ വിഹരിക്കുന്നവരായിരുന്നു; അതിൽ കുറഞ്ഞവരും കൂടിയവരുമുണ്ടായിരുന്നു. ഇവ രണ്ടും കുറഞ്ഞ അളവിൽ ചെയ്യുന്നവരുടെ കാര്യത്തിലാണ് ഈ സന്തുലിതാവസ്ഥ കൂടുതൽ അനിവാര്യമാകുന്നത്.
ഇസ്മാഈൽ ബിൻ അയ്യാശ് റഹിമഹുല്ലാഹു തആലാ (മരണം ഹി. 182) രാത്രി നമസ്കരിക്കുന്ന വ്യക്തിയായിരുന്നു, ചിലപ്പോൾ അദ്ദേഹം അത് മുറിക്കുകയും പിന്നീട് മടങ്ങിവരികയും ചെയ്യുമായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “ആ അധ്യായത്തിലുള്ള ഒരു ഹദീസ് എനിക്ക് ഓർമ്മവരും, അപ്പോൾ ഞാൻ നമസ്കാരം മുറിക്കുകയും അത് എഴുതിവെക്കുകയും ചെയ്യും.”¹⁷
മറിച്ച്, വിജ്ഞാനത്തെത്തന്നെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഒരു ആരാധനയായി അവർ മാറ്റി. സുഫ്‌യാൻ അഥ്ഥൗരീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 161) പറഞ്ഞു: “ജനങ്ങളെ വിജ്ഞാനം പഠിപ്പിക്കുന്നതിനേക്കാൾ ഉത്തമമായ മറ്റൊരു ആരാധന എനിക്കറിയില്ല.”¹⁸
താരതമ്യങ്ങൾ വരുമ്പോൾ മിക്കവാറും വിജ്ഞാനത്തിനാണ് മുൻഗണന നൽകപ്പെടാറുള്ളത്. ഇമാം സുയൂത്വി റഹിമഹുല്ലാഹു തആലാ (മരണം ഹി. 911) പറഞ്ഞു: “അല്ലാഹു ഈ അറിവുകൾക്കും അവസ്ഥകൾക്കും ആരാധനകൾക്കും പരലോകത്തെ അനുഗ്രഹങ്ങളിലും ശാരീരികവും ആത്മീയവുമായ സന്തോഷങ്ങളിലും വ്യത്യസ്ത പദവികൾ നിശ്ചയിച്ചിട്ടുണ്ട്.. ഒരുവന്റെ ആരാധനകൾ വർദ്ധിക്കുകയും മറ്റൊരാളുടെ അറിവുകളും അവസ്ഥകളും കുറയുകയും ചെയ്താൽ പോലും, കർമ്മങ്ങളുടെയും വാക്കുകളുടെയും ശ്രേഷ്ഠതയേക്കാൾ വിജ്ഞാനത്തിന്റെയും അവസ്ഥകളുടെയും ശ്രേഷ്ഠതക്കാണ് മുൻഗണന നൽകപ്പെടുക.”¹⁹
ആരാധനയുടെയും പുണ്യകർമ്മങ്ങളുടെയും സമയത്ത് ഗ്രന്ഥരചനയിൽ ആനന്ദം കണ്ടെത്തിയതിന്റെ ഉദാഹരണങ്ങൾ
വിജ്ഞാനത്തിന് വേണ്ടി അവർ കൂടുതൽ സമയവും നീണ്ട നേരവും തെരഞ്ഞെടുത്തിരുന്നു. ആളുകൾ വിശ്രമിക്കുന്ന സമയങ്ങളിൽ പോലും അവർ വിജ്ഞാനത്തിൽ മുഴുകിയിരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ അത് വളരെ നീളുന്നതും മനോഹരവുമായ ഒരു വിഷയമാണ്. ആരാധനയുടെയും പുണ്യകർമ്മങ്ങളുടെയും സന്തോഷത്തിന്റെയും വേളകളിൽ അവർ പൂർത്തിയാക്കിയ അതിശയകരമായ ഏഴ് ഉദാഹരണങ്ങൾ താഴെ നൽകുന്നു:
- ഹാഫിദ് അൽ-മിസ്സീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 742) തന്റെ ‘തഹ്ദീബുൽ കമാൽ’ എന്ന ഗ്രന്ഥം പൂർത്തിയാക്കിയത് ഹിജ്റ 712 ലെ ബലിപെരുന്നാൾ ദിവസമാണ്.²⁰ പെരുന്നാൾ ദിവസത്തിൽ പോലും വിജ്ഞാനവും ഗ്രന്ഥരചനയുമായിരുന്നു!
- ഇബ്നുൽ ഖയ്യിം റഹിമഹുല്ലാഹു തആലാ (മരണം ഹി. 751) യുടെ ‘തഹ്ദീബ് സുനൻ അബീദാവൂദ്’: ഇതിന്റെ രചനക്കായി അദ്ദേഹം നാല് മാസം ചിലവഴിച്ചു. മക്കയിലെ മീസാബിന് താഴെയുള്ള ഹിജ്‌റിൽ വെച്ചാണ് ഇതിന്റെ രചന പൂർത്തിയാക്കിയത്. അന്ന് ഇബ്നുൽ ഖയ്യിമിന് നാൽപ്പത്തിയൊന്ന് വയസ്സായിരുന്നു പ്രായം.²¹
- ‘അത്തംഹീദ് ഫീ ഇൽമിത്തജ്‌വീദ്’: ഇതിന്റെ രചയിതാവ് ഇബ്നുൽ ജസരി റഹിമഹുല്ലാഹു തആലാ (മരണം ഹി. 833) പറഞ്ഞു: “അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരുന്ന സമയത്തിന്റെ അവസാന മൂന്നിലൊന്ന് സമയം പിന്നിട്ടപ്പോഴാണ് ഞാനിതിന്റെ രചന പൂർത്തിയാക്കിയത്.”²²
- ഇബ്നു ഹജർ റഹിമഹുല്ലാഹു തആലാ (മരണം ഹി. 852) തന്റെ ‘തഹ്ദീബുത്തഹ്ദീബ്’ എന്ന ഗ്രന്ഥത്തിന്റെ അവസാനത്തിൽ പറയുന്നു: “ബലിപെരുന്നാൾ ദിവസമാണ് ഞാനിതിന്റെ രചന പൂർത്തിയാക്കിയത്.”²³
- ഇമാം സുയൂത്വി റഹിമഹുല്ലാഹു തആലാ (മരണം ഹി. 911) പറഞ്ഞു: “ഹിജ്റ 898 ലെ ചെറിയ പെരുന്നാൾ ദിവസമാണ് ‘അദ്ദുർറുൽ മൻഥൂർ’ എന്ന ഗ്രന്ഥം പകർത്തിയെഴുതി പൂർത്തിയാക്കിയത്.”²⁴
- ‘സുള്ളമുൽ വുസൂൽ ഇലാ ത്വബഖാതിൽ ഫുഹൂൽ’: ഇതിന്റെ രചയിതാവ് കാതിബ് ജലബി റഹിമഹുല്ലാഹു തആലാ (മരണം ഹി. 1067) തന്റെ ഗ്രന്ഥം പൂർത്തിയാക്കിയത് ഹിജ്റ 1053 ലെ ലൈലത്തുൽ ഖദ്റിലാണ്.²⁵ (ലൈലത്തുൽ ഖദ്റാണെന്ന് ഉറപ്പിച്ചു പറയുന്നത് ചിന്തനീയമാണ്, എന്നാൽ ഇരുപത്തിയേഴാം രാവാണെന്ന പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലാകാം അദ്ദേഹം അങ്ങനെ പറഞ്ഞത്).
- അൽ-മഖ്‌രി റഹിമഹുല്ലാഹു തആലാ (മരണം ഹി. 1041) തന്റെ ‘നഫ്ഹുത്ത്വീബ്’ എന്ന ഗ്രന്ഥം പൂർത്തിയാക്കിയത് കെയ്‌റോയിൽ വെച്ച് റമദാൻ ഇരുപത്തിയേഴാം രാവിലാണ്.²⁶
ലഭിക്കുന്ന പാഠങ്ങൾ:
ഏറ്റവും ശ്രേഷ്ഠമായ ആരാധനകളുടെ സമയത്ത് അവർ എങ്ങനെയാണ് വിജ്ഞാനമെന്ന ആരാധനയിലൂടെ അല്ലാഹുവിന് വഴിപ്പെട്ടിരുന്നതെന്ന് താങ്കൾ കണ്ടില്ലേ? ശ്രേഷ്ഠമായ പുണ്യദിനങ്ങളിൽ പോലും പണ്ഡിതന്മാർ എങ്ങനെയാണ് തങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും വിജ്ഞാനത്തിനായി ചിലവഴിച്ചതെന്ന് താങ്കൾ കണ്ടില്ലേ?! അവരുടെ അവിടെയുള്ള തീരുമാനങ്ങൾ താങ്കൾ കണ്ടാൽ; വിജ്ഞാനത്തിൽ നിന്നുള്ള അനുഗ്രഹങ്ങളും വലിയ ആനന്ദവുമാണ് താങ്കൾക്ക് കാണാൻ സാധിക്കുക.
പ്രധാനപ്പെട്ട ഒരു ഓർമ്മപ്പെടുത്തൽ
ഇതൊരിക്കലും സുന്നത്ത് ആരാധനകളോടുള്ള താല്പര്യം കുറക്കാനോ, അവ ഒഴിവാക്കാനുള്ള പ്രേരണയായോ താങ്കൾ തെറ്റിദ്ധരിക്കരുത്. മറിച്ച്, സന്തുലിതാവസ്ഥയും മുൻഗണനാക്രമവും മനസ്സിലാക്കുക എന്നത് മതവിജ്ഞാനത്തിന്റെ ഭാഗമാണ്. രാത്രി നമസ്കാരത്തിലും ഖുർആൻ പാരായണത്തിലും ദിക്റുകളിലും യാതൊരു വിഹിതവുമില്ലാത്ത ഒരുവൻ പിന്നോട്ട് പോകാനും ഇല്ലാതായിപ്പോകാനും സാധ്യതയുണ്ട്!
ഒരാൾ അഹ്‌മദ് ബിൻ ഹൻബൽ റഹിമഹുല്ലാഹു തആലാ (മരണം ഹി. 241) യുടെ അടുത്ത് ഒരു രാത്രി ചിലവഴിച്ചു. അഹ്‌മദ് ബിൻ ഹൻബൽ അയാൾക്ക് വുദുവെടുക്കാൻ കുറച്ചു വെള്ളം കൊണ്ടുക്കൊടുത്തു. പ്രഭാതമായപ്പോൾ അദ്ദേഹം ആ വെള്ളത്തിലേക്ക് നോക്കിയപ്പോൾ അത് കൊടുത്തതുപോലെ തന്നെയുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “സുബ്ഹാനല്ലാഹ്! വിജ്ഞാനം തേടുന്ന ഒരാൾക്ക് രാത്രിയിൽ ഒരു വിഹിതം (രാത്രി നമസ്കാരം) ഇല്ലെന്നോ!”²⁷
വിജ്ഞാനത്തിന്റെയും ആരാധനയുടെയും മാധുര്യം ഒരുമിച്ച് കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
സന്ന്യാസിയായ അഹ്‌മദ് ബിൻ അബിൽ ഹവാരി റഹിമഹുല്ലാഹു തആലാ (മരണം ഹി. 230) പറഞ്ഞു: “ദിക്റുകളിൽ നിന്ന് മാധുര്യവും ആനന്ദവും ലഭിക്കുന്നത് വരെ ഒരു ദാസൻ യഥാർത്ഥ പശ്ചാത്താപം ചെയ്തവനാകുകയില്ല. ആനന്ദത്തിന് ശേഷം അല്ലാഹുവുമായുള്ള അടുപ്പവുമുണ്ടാകും.”²⁸
ഇബ്നുൽ ഖയ്യിം പറഞ്ഞു: “പഠനവും ചർച്ചയും വിജ്ഞാനത്തിലേക്കുള്ള വാതിലായതുപോലെത്തന്നെ, ദിക്റുകൾ സ്നേഹത്തിലേക്കുള്ള വാതിലും അതിന്റെ വിശാലമായ പാതയും ഏറ്റവും ചൊവ്വായ മാർഗ്ഗവുമാണ്.”²⁹
വിജയികളും ആനന്ദം കണ്ടെത്തുന്നവരുമായ ആളുകളെ താങ്കൾക്ക് കാണാം; അവർ വിജ്ഞാനത്തിന്റെ മാധുര്യവും ആരാധനയുടെ മാധുര്യവും ഒരേസമയം കരസ്ഥമാക്കിയവരാണ്. അങ്ങനെ അവർ രഹസ്യമായി ഇബാദത്തെടുക്കുന്നവരായ പണ്ഡിതന്മാരായി മാറി. അതാണ് ആഗ്രഹിക്കപ്പെടുന്ന പൂർണ്ണത. അതുകൊണ്ടാണ് അവർ നമസ്കരിക്കുമ്പോൾ പോലും ആയത്തുകളുടെ രഹസ്യങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ചിന്തിക്കുന്നത് താങ്കൾക്ക് കാണാൻ സാധിക്കുന്നത്.
ഇബ്നുൽ ഖയ്യിം പറഞ്ഞു: “നമസ്കാരത്തിൽ വെച്ച് ഖുർആനിന്റെ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുകയും അതിൽ നിന്ന് വിജ്ഞാനത്തിന്റെ നിധികൾ പുറത്തെടുക്കുകയും ചെയ്യുന്നത്.. നമസ്കാരത്തെയും വിജ്ഞാനത്തെയും ഒരുമിച്ചുകൂട്ടലാണ്. ഇത് ഒരു വിഭാഗമാണ്. എന്നാൽ അശ്രദ്ധരായ ആളുകളുടെ ശ്രദ്ധ തിരിയലും അവരുടെ ചിന്തകളും മറ്റൊരു വിഭാഗവുമാണ്.”³⁰
അവലംബങ്ങൾ: 1. അത്ത്വുയൂരിയ്യാത്ത് (1013/3). 2. ഇൻബാഹുർ-റുവാത്ത് അലാ അൻബാഇന്നുഹാത്ത് (233/2). 3. ലത്വാഇഫുൽ മആരിഫ് ലി ഇബ്നി റജബ് (പേജ്: 125). 4. അൽ-മജ്മൂഅ് ശർഹുൽ മുഹദ്ദബ് ലിന്നവവി (22/1) ൽ നിന്നുള്ള സംക്ഷിപ്ത രൂപം. 5. സിയറു അഅ്ലാമിന്നുബലാഅ് ത്വ. അർ-രിസാല (167/7). 6. ജാമിഉ ബയാനിൽ ഇൽമി വ ഫദ്‌ലിഹി (122/1). 7. മനാഖിബുശ്ശാഫിഈ ലിൽ ബൈഹഖീ (350/2). 8. ഫത്ഹുൽ ബാരി ലി ഇബ്നി ഹജർ (223/1). 9. മിർആത്തുൽ ജിനാൻ വ ഇബ്റത്തുൽ യഖ്ളാൻ (158/3). 10. പണ്ഡിതനും വിദ്യാർത്ഥിയും തങ്ങളെ വിജ്ഞാനത്തിൽ നിന്ന് അധികം അകറ്റാത്ത രൂപത്തിൽ മുസ്ലിംകളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക എന്നത് സന്തുലിതാവസ്ഥയുടെ ഭാഗമാണ്. ഈജിപ്ഷ്യൻ പണ്ഡിതനായിരുന്ന ശൈഖ് അഹ്‌മദ് അൽ-മുനൈരി റഹിമഹുല്ലാഹു തആലാ (മരണം ഹി. 1000-ന് മുമ്പ്) ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും ദരിദ്രർ അദ്ദേഹത്തിന്റെ അടുത്ത് വരുമായിരുന്നു. അപ്പോൾ അദ്ദേഹം ക്ലാസ്സ് നിർത്തിവെക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുകയും ചെയ്തിട്ട് ഇപ്രകാരം പറയുമായിരുന്നു: “ഇത് ഇപ്പോൾ നിറവേറ്റേണ്ട അത്യാവശ്യ കാര്യമാണ്, എന്നാൽ വിജ്ഞാനത്തിന്റെ ആവശ്യം സാവകാശം നൽകപ്പെടാവുന്നതാണ്.” നോക്കുക: അൽ-കവാകിബുസ്സാഇറ ബി അഅ്‌യാനിൽ മിഅതിൽ ആശിറ (117/2). 11. സ്വൈദുൽ ഖാത്വിർ (പേജ്: 112, 113). 12. അൽ-ഖാമിസു വത്ത്ഥലാഥൂന മിനൽ മശ്‌യഖത്തിൽ ബഗ്ദാദിയ്യ ലി അബീ ത്വാഹിർ അസ്സലഫീ (പേജ്: 31). 13. അൽ-ബയാനു വത്തഹ്സ്വീൽ (339/17), (585/18). 14. ബിദായത്തുൽ ഹിദായ (പേജ്: 39). 15. അശ്ശർഹുൽ മുംതിഅ് അലാ സാദിൽ മുസ്തഖ്‌നിഅ് (473/6). 16. ശർഹു രിയാദിസ്സ്വാലിഹീൻ (പേജ്: 1578). 17. തദ്കിറത്തുൽ ഹുഫ്ഫാദ് ലിദ്ദഹബീ (186/1). 18. ജാമിഉ ബയാനിൽ ഇൽമി വ ഫദ്‌ലിഹി (124/1). 19. അൽ-ഹബാഇക് ഫീ അഖ്ബാറിൽ മലാഇക് (പേജ്: 227, 230). 20. മുഖദ്ദിമതു തഹ്ദീബിൽ കമാൽ ഫീ അസ്മാഇർ-രിജാൽ (77/1). 21. തഹ്ദീബുസ്സുനൻ ലി ഇബ്നിൽ ഖയ്യിം (519/9). 22. അത്തംഹീദ് ഫീ ഇൽമിത്തജ്‌വീദ് (പേജ്: 224). 23. തഹ്ദീബുത്തഹ്ദീബ് (996/12). 24. അദ്ദുർറുൽ മൻഥൂർ ഫിത്തഫ്സീരി ബിൽ മഅ്ഥൂർ ലിസ്സുയൂത്വി (824/15). 25. സുള്ളമുൽ വുസൂൽ ഇലാ ത്വബഖാതിൽ ഫുഹൂൽ (417/5). ലൈലത്തുൽ ഖദ്റാണെന്ന് ഉറപ്പിച്ചു പറയുന്നത് ചിന്തനീയമാണ്, എന്നാൽ ഇരുപത്തിയേഴാം രാവാണെന്ന പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലാകാം അദ്ദേഹം അങ്ങനെ പറഞ്ഞത്. 26. നഫ്ഹുത്ത്വീബ് മിൻ ഗുസ്നിൽ അന്ദലുസിർ-റത്വീബ് ത. ഇഹ്സാൻ അബ്ബാസ് (519/7). 27. മനാഖിബുൽ ഇമാം അഹ്‌മദ് (പേജ്: 273). 28. ഹിൽയതുൽ ഔലിയാഇ വ ത്വബഖാതുൽ അസ്വ്ഫിയാഅ് (8/10). 29. അൽ-വാബിലുസ്സ്വയ്യിബ് മിനൽ കലിമിത്ത്വയ്യിബ് (പേജ്: 42). 30. സാദുൽ മആദ് ഫീ ഹദ്‌യി ഖൈറിൽ ഇബാദ് (243/1).

