ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ
ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: «الدُّعَاءُ مُخُ العِبَادَةِ» “പ്രാർത്ഥന ആരാധനയുടെ മജ്ജയാകുന്നു.”
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴾
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച. [സൂറത്തു ഗാഫിർ: 60]
ഭയത്തിനുള്ള (ഖൗഫ്) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿إِنَّمَا ذَلِٰكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ﴾
അത് പിശാചാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പിക്കുകയാണ്. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍. [സൂറത്ത് ആലു ഇംറാൻ: 175]
പ്രതീക്ഷക്കുള്ള (റജാഅ്) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿فَمَن كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾
അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ. [സൂറത്തുൽ കഹ്ഫ്: 110]
ഭരമേൽപ്പിക്കാനുള്ള (തവക്കുൽ) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿وَعَلَى اللَّهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ﴾
അല്ലാഹുവിന്‍റെ മേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. [സൂറത്തുൽ മാഇദ: 23]
അല്ലാഹുവിൻ്റെ മറ്റൊരു വചനം:
﴿وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ﴾
വല്ലവനും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്. [സൂറത്തുത്ത്വലാഖ്: 3]
ആഗ്രഹം (റഗ്ബത്ത്), പേടി (റഹ്ബത്ത്), ഭയഭക്തി (ഖുശൂഅ്) എന്നിവക്കുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ﴾
തീര്‍ച്ചയായും അവര്‍ ഉത്തമകാര്യങ്ങളില്‍ ബദ്ധശ്രദ്ധരാവുകയും, ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് ഭക്തി കാണിക്കുന്നവരുമായിരുന്നു. [സൂറത്തുൽ അൻബിയാഅ്: 90]
ഭയപ്പാടിനുള്ള (ഖശ്‌യത്ത്) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿فَلَا تَخْشَوْهُمْ وَاخْشَوْنِي﴾
അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. [സൂറത്തുൽ ബഖറ: 150]
ഖേദിച്ചുമടങ്ങുന്നതിനുള്ള (ഇനാബത്ത്) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ﴾
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഖേദിച്ചുമടങ്ങുകയും, അവന് കീഴ്പെടുകയും ചെയ്യുവിന്‍. [സൂറത്തുസ്സുമർ: 54]
സഹായതേട്ടത്തിനുള്ള (ഇസ്തിആനത്ത്) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. [സൂറത്തുൽ ഫാതിഹ: 5]
ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: «إِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ» “നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.”
അഭയംതേടലിനുള്ള (ഇസ്തിആദത്ത്) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿قُلْ أَعُوذُ بِرَبِّ الْفَلَقِ﴾
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. [സൂറത്തുൽ ഫലഖ്: 1]
അല്ലാഹുവിൻ്റെ മറ്റൊരു വചനം:
﴿قُلْ أَعُوذُ بِرَبِّ النَّاسِ﴾
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. [സൂറത്തുന്നാസ്: 1]
രക്ഷാതേട്ടത്തിനുള്ള (ഇസ്തിഗാസത്ത്) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ﴾
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായമഭ്യര്‍ത്ഥിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടര്‍ന്ന് അവന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കി. [സൂറത്തുൽ അൻഫാൽ: 9]
ബലിയറുക്കലിനുള്ള (ദബ്ഹ്) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ﴾
പറയുക: തീര്‍ച്ചയായും എന്‍റെ നമസ്കാരവും എന്‍റെ ബലികര്‍മ്മവും എന്‍റെ ജീവിതവും എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന് പങ്കുകാരേയില്ല. [സൂറത്തുൽ അൻആം: 162-163]
സുന്നത്തിൽ നിന്നുള്ള തെളിവ് നബി (ﷺ) യുടെ ഈ വചനമാണ്: «لَعَنَ اللهُ مَنْ ذَبَحَ لِغَيْرِ اللهِ» “അല്ലാഹുവല്ലാത്തവർക്ക് ബലിയറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു.”
നേർച്ചക്കുള്ള (നദ്ർ) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا﴾
അവര്‍ നേര്‍ച്ച നിറവേറ്റുകയും, തിന്മ പടര്‍ന്നുപിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. [സൂറത്തുൽ ഇൻസാൻ: 7]
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) ആരാധനയുടെ വിവിധ ഇനങ്ങൾ പരാമർശിക്കാൻ തുടങ്ങുകയാണ്. അല്ലാഹുവിലേക്ക് സാമീപ്യം തേടാനുള്ള പതിനാല് ആരാധനകളാണ് അദ്ദേഹം ഇവിടെ പരാമർശിച്ചിട്ടുള്ളത്. ഓരോന്നിനും തെളിവാകുന്ന പ്രമാണങ്ങളോടൊപ്പമാണ് അദ്ദേഹം അത് നൽകിയിട്ടുള്ളത്. കാരണം ഒരു കാര്യം ആരാധനയാണെന്നതിന് തെളിവില്ലെങ്കിൽ, അതുകൊണ്ട് പ്രതാപിയായ അല്ലാഹുവിനെ ആരാധിക്കാൻ പാടുള്ളതല്ല. ഇവിടെ ആകെ പതിനാറ് തെളിവുകളാണുള്ളത്; പതിനാല് ആയത്തുകളും രണ്ട് ഹദീസുകളും. ഇബ്നു അബ്ബാസിൽ (رَضِيَ اللَّهُ عَنْهُمَا) നിന്ന് ഹസനായ പരമ്പരയോടെ ഇമാം തിർമിദി ഉദ്ധരിച്ച «إِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ» (നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക) എന്ന ഹദീസും, അലി (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ച «لَعَنَ اللهُ مَنْ ذَبَحَ لِغَيْرِ اللهِ» (അല്ലാഹുവല്ലാത്തവർക്ക് ബലിയറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു) എന്ന ഹദീസുമാണവ.
ഈ പതിനാല് ആരാധനകൾ ഗ്രന്ഥകർത്താവ് ആരംഭിച്ചത് പ്രാർത്ഥന കൊണ്ടാണ്. അതിന് അദ്ദേഹം പരാമർശിച്ച ഹദീസിനെ ഒരു അധ്യായത്തിൻ്റെ തലക്കെട്ട് (തർജമത്ത്) പോലെയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. «الدُّعَاءُ مُخُ العِبَادَةِ» (പ്രാർത്ഥന ആരാധനയുടെ മജ്ജയാകുന്നു) എന്ന ഹദീസ് പരാമർശിച്ചുകൊണ്ട് അദ്ദേഹം തുടങ്ങിയത്, പുതിയൊരു വിഷയത്തിലേക്കുള്ള പ്രവേശനമെന്ന നിലയ്ക്കാണ്. അല്ലാതെ മുൻപ് പറഞ്ഞ കാര്യത്തിനുള്ള മറ്റൊരു തെളിവായിട്ടല്ല. അദ്ദേഹത്തിൻ്റെ ശൈലി വെച്ചുനോക്കുമ്പോൾ (പ്രാർത്ഥനക്കുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്…) എന്നായിരുന്നു പറയേണ്ടിയിരുന്നത്.
എന്നാൽ മറ്റു ആരാധനകളിൽ പിന്തുടർന്ന ആ പതിവ് ശൈലിയിൽ നിന്ന് മാറി പ്രാർത്ഥനയുടെ കാര്യത്തിൽ മാത്രം അദ്ദേഹം മറ്റൊരു ശൈലി സ്വീകരിക്കാൻ കാരണം: പ്രാർത്ഥനയുടെ മഹത്വവും സ്ഥാനവും പരിഗണിച്ചുകൊണ്ടാണ്. പ്രാർത്ഥനയ്ക്ക് ആരാധനയിലുള്ള ആ മഹത്തായ സ്ഥാനവും ഉന്നതമായ പദവിയും മുൻനിർത്തി അദ്ദേഹം ഇമാം തിർമിദി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിലൂടെ – അതിൽ ദുർബലതയുണ്ടെങ്കിലും – അത് വ്യക്തമാക്കി. മുൻകഴിഞ്ഞുപോയ ഇമാമുമാരെ പിന്തുടർന്നുകൊണ്ടാണിത്. ഇമാം ബുഖാരി (رَحِمَهُ اللَّهُ) തന്നെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്; തൻ്റെ അധ്യായങ്ങൾക്ക് തലക്കെട്ട് നൽകുമ്പോൾ അദ്ദേഹം ചിലപ്പോൾ ദുർബലമായ നബിവചനങ്ങൾ നൽകാറുണ്ട്.
ഈ ഭാഗത്ത് ഗ്രന്ഥകർത്താവ് ആരംഭിച്ചിട്ടുള്ളത് ആരാധനയുടെ ഒരു കൂട്ടം ഇനങ്ങളെ വിശദീകരിക്കുന്നതിനാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രാർത്ഥന (ദുആ) ആകുന്നു. അപ്പോൾ മുൻപ് പറഞ്ഞതുവെച്ച് നോക്കുമ്പോൾ അവിടെ അദ്ദേഹം ഉദ്ദേശിച്ചത് ഇപ്രകാരമാണ്: (പ്രാർത്ഥനക്കുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച” [സൂറത്തു ഗാഫിർ: 60].
ശർഇയ്യായി അല്ലാഹുവിനോടുള്ള പ്രാർത്ഥനയ്ക്ക് രണ്ട് അർത്ഥങ്ങളുണ്ട്:
- ഒന്നാമത്തേത്: പൊതുവായ അർത്ഥം; അത് സ്നേഹത്തോടും താഴ്മയോടും (ഖുദൂഅ്) കൂടി ശർഇന്റെ സംബോധനകൾ അനുസരിക്കലാണ്. ഇത് ആരാധനയുടെ എല്ലാ ഇനങ്ങളെയും ഉൾക്കൊള്ളുന്നു. കാരണം ആരാധനകളെ മുഴുവനായും ഉൾക്കൊള്ളുന്ന അർത്ഥത്തിൽ ‘ദുആ’ എന്ന് ഉപയോഗിക്കാറുണ്ട്. ഇതിനെ ‘ആരാധനയായുള്ള പ്രാർത്ഥന’ (ദുആഉൽ ഇബാദഃ) എന്ന് വിളിക്കുന്നു. ഉദാഹരണത്തിന്, നമസ്കാരം ദുആ ആണ്, സകാത്ത് ദുആ ആണ്, ഹജ്ജ് ദുആ ആണ്. കാരണം അവയെല്ലാം ‘ആരാധന’ (ഇബാദത്ത്) എന്ന പേരിലേക്ക് മടങ്ങുന്നവയാണ്. അതിനാൽ ഈ അർത്ഥത്തിൽ ദുആ അതിനെ മുഴുവൻ ഉൾക്കൊള്ളുന്നു.
- രണ്ടാമത്തേത്: പ്രത്യേകമായ അർത്ഥം; അത് തനിക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ നേടിയെടുക്കുന്നതിനോ, അല്ലെങ്കിൽ ഉപദ്രവകരമായ കാര്യങ്ങൾ തടയുന്നതിനോ നീക്കുന്നതിനോ വേണ്ടി ഒരു ദാസൻ തൻ്റെ രക്ഷിതാവിനോട് ചോദിക്കലാണ്. ഇതിനെ ‘ആവശ്യങ്ങൾ ചോദിച്ചുകൊണ്ടുള്ള പ്രാർത്ഥന’ (ദുആഉൽ മസ്അല) എന്ന് വിളിക്കുന്നു.
ആയത്തിൽ പരാമർശിച്ച ﴿دَاخِرِينَ﴾ (ദാഖിരീൻ) എന്നതിൻ്റെ അർത്ഥം: നിന്ദ്യരും നിസ്സാരരുമായിക്കൊണ്ട് എന്നാണ്.
രണ്ടാമത്തെ ആരാധന: ഭയം (ഖൗഫ്) ആകുന്നു. ഭയത്തിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “അത് പിശാചാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പിക്കുകയാണ്. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.”[സൂറത്ത് ആലു ഇംറാൻ: 175]. ശർഇയ്യായി അല്ലാഹുവിനെ ഭയപ്പെടുക എന്നത്: ഭയവിഹ്വലതയോടെ ഹൃദയം അല്ലാഹുവിലേക്ക് ഓടിയടുക്കലാണ്.
മൂന്നാമത്തെ ആരാധന: പ്രതീക്ഷ (റജാഅ്) ആകുന്നു. പ്രതീക്ഷക്കുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ” [സൂറത്തുൽ കഹ്ഫ്: 110]. ശർഇയ്യായി അല്ലാഹുവിലുള്ള പ്രതീക്ഷ എന്നത്: പരിശ്രമങ്ങൾ (ബദ്‌ലുൽ ജുഹ്ദ്) പൂർത്തീകരിക്കുകയും നല്ല നിലയിൽ ഭരമേൽപ്പിക്കുകയും (തവക്കുൽ) ചെയ്തുകൊണ്ട്, ഉദ്ദേശിച്ച കാര്യം നേടിയെടുക്കുന്നതിനായി ദാസൻ തൻ്റെ രക്ഷിതാവിലർപ്പിക്കുന്ന പ്രതീക്ഷയാണത്.
നാലാമത്തെ ആരാധന: ഭരമേൽപ്പിക്കൽ (തവക്കുൽ) ആകുന്നു. ഭരമേൽപ്പിക്കാനുള്ള (തവക്കുൽ) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “അല്ലാഹുവിന്‍റെ മേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍”. [സൂറത്തുൽ മാഇദ: 23]. അതുപോലെ അവൻ്റെ ഈ വചനവുമാണ്: “വല്ലവനും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്.” [സൂറത്തുത്ത്വലാഖ്: 3]. ശർഇയ്യായി അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുക എന്നത്: ദാസൻ തൻ്റെ നിസ്സഹായത അല്ലാഹുവിന് മുന്നിൽ പ്രകടിപ്പിക്കലും, അവനെ മാത്രം അവലംബിക്കലുമാണ്.
രണ്ടാമത്തെ ആയത്തിൽ വന്ന ﴿حَسْبُهُ﴾ (ഹസ്ബുഹു) എന്നതിൻ്റെ അർത്ഥം: അവന് അവൻ തന്നെ മതിയായവൻ എന്നാണ്.
[ചോദ്യം]: തവക്കുലിൻ്റെ (ഭരമേൽപ്പിക്കലിൻ്റെ) നിർവചനം പറയുന്നിടത്ത് ‘കാരണങ്ങൾ സ്വീകരിക്കുക’ (ബദ്‌ലുൽ അസ്ബാബ്) എന്നത് എവിടെപ്പോയി? (ദാസൻ തൻ്റെ നിസ്സഹായത അല്ലാഹുവിന് മുന്നിൽ പ്രകടിപ്പിക്കലും അവനെ മാത്രം അവലംബിക്കലും, അതോടൊപ്പം കാരണങ്ങൾ സ്വീകരിക്കലുമാണ്) എന്ന് നാം പറയാത്തത് എന്തുകൊണ്ടാണ്?
[മറുപടി]: കാരണം, കാരണങ്ങൾ സ്വീകരിക്കുക എന്നത് തവക്കുലിൻ്റെ ഒരു നിബന്ധന (ശർത്ത്) മാത്രമാണ്. ഒരു കാര്യത്തിൻ്റെ നിബന്ധന എന്നത് അതിൻ്റെ അടിസ്ഥാന യാഥാർത്ഥ്യത്തിൽ (ഹഖീഖത്ത്) നിന്ന് പുറത്തുള്ള കാര്യമാണ്. നമസ്കാരത്തിൻ്റെ നിബന്ധനകളും അതിൻ്റെ യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കറിയാമല്ലോ. തക്ബീർ കൊണ്ട് ആരംഭിച്ച് സലാം കൊണ്ട് അവസാനിക്കുന്ന ചില പ്രത്യേക വാക്കുകളും പ്രവൃത്തികളുമാണ് നമസ്കാരം എന്ന് നിങ്ങൾക്കറിയാം. നമസ്കാരത്തിന് ചില നിബന്ധനകളുമുണ്ട്; എന്നാൽ അശുദ്ധി നീക്കുക, നജസ് (മാലിന്യം) നീക്കുക തുടങ്ങിയ നിബന്ധനകളൊന്നും തന്നെ നമസ്കാരത്തിൻ്റെ ആ നിർവചനത്തിൽ ഉൾപ്പെടുന്നില്ല, അവ അതിന് പുറത്തുള്ള കാര്യങ്ങളാണ്. ഇതേ ഗണത്തിൽ പെട്ടതാണ് കാരണങ്ങൾ സ്വീകരിക്കുക എന്നത് തവക്കുലുമായി ബന്ധപ്പെട്ടിരിക്കുന്നത്. അത് അതിൻ്റെ ഒരു നിബന്ധനയാണ്, അല്ലാതെ അതിൻ്റെ യാഥാർത്ഥ്യത്തിൽ പെട്ട ഒന്നല്ല.
അഞ്ചാമത്തെ ആരാധന: ആഗ്രഹം (റഗ്ബത്ത്) ആകുന്നു. ആറാമത്തെ ആരാധന: പേടി (റഹ്ബത്ത്) ആകുന്നു. ഏഴാമത്തെ ആരാധന: ഭയഭക്തി (ഖുശൂഅ്) ആകുന്നു. ഇവക്കുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “തീര്‍ച്ചയായും അവര്‍ ഉത്തമകാര്യങ്ങളില്‍ ബദ്ധശ്രദ്ധരാവുകയും, ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് ഭക്തി കാണിക്കുന്നവരുമായിരുന്നു.” [സൂറത്തുൽ അൻബിയാഅ്: 90]. ഇവ മൂന്നിനും ഗ്രന്ഥകർത്താവ് ഒരൊറ്റ ആയത്ത് നൽകിയത് ഒരേ തെളിവിൽ തന്നെ അവ മൂന്നും ഉൾപ്പെട്ടിട്ടുള്ളതിനാലാണ്.
ശർഇയ്യായി അല്ലാഹുവിലേക്കുള്ള ആഗ്രഹം (റഗ്ബത്ത്) എന്നത്: അല്ലാഹുവിനോടുള്ള സ്നേഹവും പ്രതീക്ഷയും കാരണം ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ അല്ലാഹുവിൻ്റെ പൊരുത്തം ആഗ്രഹിക്കലാണ്. ശർഇയ്യായി അല്ലാഹുവിനോടുള്ള പേടി (റഹ്ബത്ത്) എന്നത്: അല്ലാഹുവിന് പൊരുത്തമുള്ള കർമ്മങ്ങൾ ചെയ്യുന്നതോടൊപ്പം തന്നെ, ഭയവിഹ്വലതയോടെ ഹൃദയം അവനിലേക്ക് ഓടിയടുക്കലാണ്. ശർഇയ്യായി അല്ലാഹുവിനോടുള്ള ഭയഭക്തി (ഖുശൂഅ്) എന്നത്: അല്ലാഹുവിനോടുള്ള താഴ്മയോടുകൂടി (ഖുദൂഅ്), ഭയവിഹ്വലതയോടെ ഹൃദയം അവനിലേക്ക് ഓടിയടുക്കലാണ്.
എട്ടാമത്തെ ആരാധന: ഭയപ്പാട് (ഖശ്‌യത്ത്) ആകുന്നു. ഭയപ്പാടിനുള്ള (ഖശ്‌യത്ത്) തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക”. [സൂറത്തുൽ ബഖറ: 150]. ശർഇയ്യായി അല്ലാഹുവിനോടുള്ള ഭയപ്പാട് (ഖശ്‌യത്ത്) എന്നത്: അല്ലാഹുവിനെയും അവൻ്റെ കൽപ്പനകളെയും കുറിച്ചുള്ള അറിവോടുകൂടി, ഭയവിഹ്വലതയോടെ ഹൃദയം അവനിലേക്ക് ഓടിയടുക്കലാണ്.
ഒമ്പതാമത്തെ ആരാധന: ഖേദിച്ചുമടങ്ങൽ (ഇനാബത്ത്) ആകുന്നു. ഇതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഖേദിച്ചുമടങ്ങുകയും, അവന് കീഴ്പെടുകയും ചെയ്യുവിന്‍” [സൂറത്തുസ്സുമർ: 54]. ശർഇയ്യായി അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക (ഇനാബത്ത്) എന്നത്: സ്നേഹവും ഭയവും പ്രതീക്ഷയുമായി ഹൃദയം അല്ലാഹുവിലേക്ക് മടങ്ങലാണ്.
പത്താമത്തെ ആരാധന: സഹായതേട്ടം (ഇസ്തിആനത്ത്) ആകുന്നു. ഇതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ [സൂറത്തുൽ ഫാതിഹ: 5]. ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: «إِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ» (നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക). ശർഇയ്യായി അല്ലാഹുവിനോടുള്ള സഹായതേട്ടം (ഇസ്തിആനത്ത്) എന്നത്: ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ അല്ലാഹുവിനോട് സഹായം (അവ്ൻ) തേടലാണ്. അവ്ൻ എന്നാൽ സഹായം (മുസാഅദത്ത്) എന്നാണ് അർത്ഥം.
പതിനൊന്നാമത്തെ ആരാധന: അഭയംതേടൽ (ഇസ്തിആദത്ത്) ആകുന്നു. ഇതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു”. [സൂറത്തുൽ ഫലഖ്: 1], അവൻ്റെ മറ്റൊരു വചനം: “പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.” [സൂറത്തുന്നാസ്: 1]. ശർഇയ്യായി അല്ലാഹുവിനോട് അഭയംതേടുക (ഇസ്തിആദത്ത്) എന്നത്: ഭയപ്പെടുത്തുന്ന കാര്യങ്ങൾ വന്നെത്തുമ്പോൾ അല്ലാഹുവിനോട് അഭയം (അവ്ദ്) തേടലാണ്. അവ്ദ് എന്നാൽ അഭയം പ്രാപിക്കൽ (ഇൽതിജാഅ്) എന്നാണ് അർത്ഥം. ഒന്നാമത്തെ ആയത്തിൽ വന്ന അൽ-ഫലഖ് (الْفَلَقِ) എന്നാൽ പുലരി (പ്രഭാതം) എന്നാണ് അർത്ഥം.
പന്ത്രണ്ടാമത്തെ ആരാധന: രക്ഷാതേട്ടം (ഇസ്തിഗാസത്ത്) ആകുന്നു. ഇതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായമഭ്യര്‍ത്ഥിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടര്‍ന്ന് അവന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കി” [സൂറത്തുൽ അൻഫാൽ: 9]. ശർഇയ്യായി അല്ലാഹുവിനോട് രക്ഷാതേടുക (ഇസ്തിഗാസത്ത്) എന്നത്: പ്രയാസങ്ങളും ഉപദ്രവങ്ങളും വന്നെത്തുമ്പോൾ അല്ലാഹുവിനോട് രക്ഷ (ഗൗസ്) തേടലാണ്. ഗൗസ് എന്നാൽ പ്രതിസന്ധിഘട്ടങ്ങളിലെ സഹായമാണ്.
പതിമൂന്നാമത്തെ ആരാധന: ബലിയറുക്കൽ (ദബ്ഹ്) ആകുന്നു. ഇതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “പറയുക: തീര്‍ച്ചയായും എന്‍റെ നമസ്കാരവും എന്‍റെ ബലികര്‍മ്മവും എന്‍റെ ജീവിതവും എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന് പങ്കുകാരേയില്ല”. [സൂറത്തുൽ അൻആം: 162-163]. സുന്നത്തിൽ നിന്നുള്ള തെളിവ് നബി (ﷺ) യുടെ ഈ വചനമാണ്: «لَعَنَ اللهُ مَنْ ذَبَحَ لِغَيْرِ اللهِ» (അല്ലാഹുവല്ലാത്തവർക്ക് ബലിയറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു).
ശർഇയ്യായി അല്ലാഹുവിനുള്ള ബലിയറുക്കൽ (ദബ്ഹ്) എന്നത്: ഒരു പ്രത്യേക രൂപത്തിൽ, അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ട് നാൽക്കാലികളായ മൃഗങ്ങളുടെ (ബഹീമത്തുൽ അൻആം) തൊണ്ടക്കുഴിയും (ഹുൽഖൂം) അന്നനാളവും (മരീഅ്) മുറിക്കലാണ്.
അതിനെ ‘രക്തം ചിന്തൽ’ എന്ന് വ്യാഖ്യാനിക്കുന്നത്, ഒരു പദത്തെ അതിൻ്റെ അനിവാര്യമായ താല്പര്യം വെച്ച് വ്യാഖ്യാനിക്കുന്നതിൽ പെട്ടതാണ്. എന്നാൽ ഒരു പദം വ്യാഖ്യാനിക്കപ്പെടേണ്ടത് അറബി ഭാഷയിൽ അത് ഏത് അർത്ഥത്തിലാണോ ഉപയോഗിച്ചിട്ടുള്ളത് അതുകൊണ്ടാണ്, അല്ലാതെ അതിൻ്റെ അനിവാര്യമായ താല്പര്യം കൊണ്ടല്ല. കാരണം, രക്തം ചിന്തൽ ബലിയറുക്കുന്നതിലൂടെയല്ലാതെയും സംഭവിക്കാം. നിങ്ങളിലൊരാൾ ബലിയറുക്കാൻ ഉപയോഗിക്കുന്ന ഒരു കത്തികൊണ്ട് ഒരു നാൽക്കാലി മൃഗത്തിൻ്റെ വശത്ത് വെട്ടിയാൽ അതിൽ നിന്ന് ധാരാളം രക്തം പുറത്തുവരും. എന്നാൽ അറബികൾ ഇതിനെ ‘ദബ്ഹ്’ (ബലിയറുക്കൽ) എന്ന് വിളിക്കുകയില്ല, ശർഇലും ഇതിനെ അങ്ങനെ പരിഗണിക്കുകയില്ല. അറബികളുടെ സംസാരത്തിൽ ‘ദബ്ഹ്’ എന്ന പദം തൊണ്ടക്കുഴിയും അന്നനാളവും മുറിക്കാനുള്ള ആയുധം ഉപയോഗിക്കുന്നതുമായി മാത്രം പ്രത്യേകമായുള്ളതാണ്.
പിന്നീട് ശർഇൽ അതിനെ നാൽക്കാലികളായ മൃഗങ്ങളുമായി (ബഹീമത്തുൽ അൻആം) ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ശർഇൽ ബലികർമ്മങ്ങൾ നടക്കുന്ന ഇടങ്ങളിൽ അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ട് അറുക്കപ്പെടുന്നത് ഒട്ടകം, പശു, ആട് എന്നീ നാൽക്കാലികളാണ്. ശർഇയ്യായ ബലികർമ്മങ്ങളായ ഹദ്‌യ്, ഉള്ഹിയ്യത്ത് (ബലിപെരുന്നാൾ ബലി), അഖീഖ എന്നിവ അവയുമായി പ്രത്യേകമായതാണ്. അവയല്ലാത്ത മറ്റ് ജീവികളെ അറുത്തുകൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടാൻ പാടുള്ളതല്ല. മറിച്ച് അവയുടെ മാംസവും തൂവലും ധർമ്മമായോ (സ്വദഖ) പാരിതോഷികമായോ (ഹദിയ്യ) നൽകാനാണ് സാധിക്കുക.
അതുകൊണ്ട് ഒരു ദാസൻ ഒരു താറാവിനെയോ കോഴിയെയോ മറ്റോ അറുത്താൽ, അല്ലാഹുവിനുള്ള ബലിയറുക്കൽ എന്ന ആരാധന അവൻ അവിടെ നിർവ്വഹിക്കുന്നില്ല. കാരണം, അല്ലാഹുവിനുള്ള ബലിയറുക്കൽ എന്ന ആരാധന നാൽക്കാലികളായ മൃഗങ്ങളുമായി മാത്രം പ്രത്യേകമായതാണ്. ഇത് നമസ്കാരമില്ലാതെ വെറുതെ റുകൂഅ് ചെയ്യുന്നതുപോലെയോ, അല്ലെങ്കിൽ ത്വവാഫ് ഇല്ലാതെ സ്വഫാ-മർവ്വകൾക്കിടയിൽ സഅ്‌യ് (ഓടൽ) നടത്തുന്നതുപോലെയോ ആണ്. ഒരാൾ നിന്ന് നമസ്കാരമൊന്നുമില്ലാതെ ഐച്ഛികമായി റുകൂഅ് ചെയ്താൽ അതൊരിക്കലും അല്ലാഹുവിനുള്ള ആരാധനയാകില്ല. അതുപോലെ ഹജ്ജോ ഉംറയോ ഇല്ലാതെ സ്വഫാക്കും മർവ്വക്കും ഇടയിൽ സഅ്‌യ് നടത്തിയാലും അത് അല്ലാഹുവിനുള്ള ആരാധനയാകില്ല. അതിനാൽ അതുകൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടാൻ സാധിക്കുകയില്ല. ഇതേ ഗണത്തിൽ പെട്ടതാണ് നാൽക്കാലികളല്ലാത്ത ജീവികളെ അറുക്കുന്നതും. അതിനാൽ ആരെങ്കിലും ഈ ആരാധനയിലൂടെ അല്ലാഹുവിലേക്ക് സാമീപ്യം തേടാനും, അല്ലാഹു പൊരുത്തപ്പെടുന്ന രൂപത്തിൽ അത് നിർവ്വഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ തൻ്റെ ബലിമൃഗമായി നാൽക്കാലികളെ (ബഹീമത്തുൽ അൻആം) തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്.
അല്ലാഹുവിലേക്ക് സാമീപ്യം തേടാൻ അറുക്കാൻ പാടില്ലാത്ത ഒരു ജീവിയെ ആരെങ്കിലും അല്ലാഹുവല്ലാത്തവർക്ക് വേണ്ടി അറുത്താൽ അവൻ കാഫിറായി (സത്യനിഷേധിയായി) തീർന്നു. കാരണം അവൻ അതുകൊണ്ട് അല്ലാഹുവല്ലാത്തവരിലേക്ക് സാമീപ്യം തേടാനാണ് ഉദ്ദേശിച്ചത്. ഉദാഹരണത്തിന്, ഒരാൾ ഒരു ഖബ്റിനോ വിഗ്രഹത്തിനോ സാമീപ്യം തേടിക്കൊണ്ട് ഒരു താറാവിനെയോ കോഴിയെയോ അറുത്താൽ അത് കുഫ്റാണ് (സത്യനിഷേധമാണ്) – അല്ലാഹുവിനുള്ള ആരാധനയായി ഈ മൃഗങ്ങളെ അറുത്താൽ അത് സ്വീകരിക്കപ്പെടുകയില്ലെങ്കിലും ശരി. കാരണം അവൻ തൻ്റെ ബലികർമ്മം ഇതിലൂടെ നിർവ്വഹിച്ചുകൊണ്ട് ആ ഖബ്റിലേക്കോ വിഗ്രഹത്തിലേക്കോ സാമീപ്യം തേടാനാണ് ഉദ്ദേശിച്ചത്. എന്നാൽ ശർഇൽ അല്ലാഹുവിലേക്ക് ഒരു ബലികർമ്മത്തിലൂടെ സാമീപ്യം തേടാൻ അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ നാൽക്കാലികളിലൂടെയാണ് അത് ചെയ്യേണ്ടത്. അല്ലാഹുവിനുള്ള ബലിയറുക്കൽ ഒരു പ്രത്യേക രൂപത്തിലായിരിക്കണം (അലാ സ്വിഫത്തിൻ മഅ്‌ലൂമത്തിൻ) എന്ന് നാം പറഞ്ഞതിൻ്റെ അർത്ഥം: കർമ്മശാസ്ത്ര പണ്ഡിതന്മാർ (ഫുഖഹാഅ്) പറഞ്ഞിട്ടുള്ള നിബന്ധനകളോടെ ശർഇൽ വ്യക്തമാക്കപ്പെട്ട രൂപത്തിലായിരിക്കണം എന്നാണ്.
പതിനാലാമത്തെ ആരാധന: നേർച്ച (നദ്ർ) ആകുന്നു. ഇതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: “അവര്‍ നേര്‍ച്ച നിറവേറ്റുകയും, തിന്മ പടര്‍ന്നുപിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും.” [സൂറത്തുൽ ഇൻസാൻ: 7].
ശർഇയ്യായി അല്ലാഹുവിനുള്ള നേർച്ചയ്ക്ക് രണ്ട് അർത്ഥങ്ങളുണ്ട്:
- ഒന്നാമത്തേത്: പൊതുവായ അർത്ഥം; ശർഇന്റെ സംബോധനകൾ അനുസരിക്കുക എന്നത് ദാസൻ സ്വന്തം മേൽ നിർബന്ധമാക്കലാണ്. അതായത് ഇസ്‌ലാം മതത്തെ മുറുകെപ്പിടിക്കൽ.
- രണ്ടാമത്തേത്: പ്രത്യേകമായ അർത്ഥം; നിരുപാധികമായി (മുഅല്ലഖ് അല്ലാത്ത), നിർബന്ധമില്ലാത്ത (സുന്നത്തായ) ഒരു നിർദ്ദിഷ്ട ആരാധന (നഫ്ൽ മുഅയ്യൻ) അല്ലാഹുവിനായി സ്വന്തത്തിന്റെ മേൽ ഒരു ദാസൻ നിർബന്ധമാക്കലാണ്.
നേർച്ചയുടെ ഈ പ്രത്യേക അർത്ഥത്തിലുള്ള ശർഇയ്യായ നിർവചനത്തിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ ഒത്തുവന്നാൽ മാത്രമേ അതൊരു ആരാധനയായി മാറുകയുള്ളൂ.
- “നഫ്ൽ” എന്ന് നാം പറഞ്ഞതിലൂടെ നിർബന്ധമായ (ഫർള്) കാര്യങ്ങൾ അതിൽ നിന്ന് ഒഴിവായി. കാരണം അത് അടിസ്ഥാനപരമായി തന്നെ ദാസൻ്റെ മേൽ നിർബന്ധമുള്ള കാര്യമാണ്.
- “മുഅയ്യൻ – നിർദ്ദിഷ്ടമായത്” എന്ന് നാം പറഞ്ഞതിലൂടെ വ്യക്തമല്ലാത്ത കാര്യങ്ങൾ (മുബ്ഹം) അതിൽ നിന്ന് ഒഴിവായി. കാരണം വ്യക്തമല്ലാത്ത കാര്യങ്ങളിൽ നേർച്ച പൂർത്തിയാകുകയില്ല, മറിച്ച് അതിൽ പ്രായശ്ചിത്തം (കഫാറത്ത്) നൽകൽ നിർബന്ധമാകും. ഉദാഹരണത്തിന് ഒരാൾ “അല്ലാഹുവിനായി എൻ്റെ മേൽ ഒരു നേർച്ചയുണ്ട്” എന്ന് പറയുകയും അത് എന്താണെന്ന് അവൻ വ്യക്തമാക്കാതിരിക്കുകയും ചെയ്താൽ, അതിലൂടെ അവനൊരു സാമീപ്യകർമ്മം നിർവ്വഹിക്കപ്പെടുന്നില്ല. അവൻ ആ നേർച്ചയുടെ പ്രായശ്ചിത്തം നൽകേണ്ടതുണ്ട്.
- “മുഅല്ലഖ് അല്ലാത്തത് – നിരുപാധികമായത് “എന്ന് നാം പറഞ്ഞതിലൂടെ, ഒരു കാര്യത്തിന് പകരമായി ദാസൻ നേർച്ചയാക്കുന്ന കാര്യങ്ങൾ ഒഴിവായി. ഉദാഹരണത്തിന് ഒരാൾ “എൻ്റെ രോഗിക്ക് ശമനം ലഭിച്ചാൽ ഞാൻ മൂന്ന് ദിവസം നോമ്പെടുക്കുന്നതാണ്” എന്ന് പറഞ്ഞാൽ, ഇതൊരു സാമീപ്യകർമ്മമായി (ഖുർബത്ത്) പരിഗണിക്കപ്പെടുകയില്ല. കാരണം അത് ഒരു കാര്യത്തിന് പകരമായി (ഇവള്) ഉപാധിവെച്ചാണ് ഉണ്ടായിട്ടുള്ളത്.
നേർച്ച നേരുന്നത് ആവശ്യപ്പെടുന്ന ഒരു ആരാധനയാണോ അല്ലയോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. നാം മുമ്പ് പറഞ്ഞതുപോലെയുള്ള നിരുപാധികമായ, സുന്നത്തായ നിർദ്ദിഷ്ട ആരാധനകളാണ് അവൻ സ്വന്തം മേൽ നിർബന്ധമാക്കുന്നതെങ്കിൽ അതൊരു ആരാധനയായി മാറുന്നതാണ്. അങ്ങനെ ഈ മൂന്ന് നിബന്ധനകളും അതിൽ ഒത്തുവരുമ്പോൾ അത് പ്രതാപിയും ഉന്നതനുമായ അല്ലാഹുവിലേക്ക് സാമീപ്യം തേടാനുള്ള ഒരു ആരാധനയായിത്തീരുന്നു.

