മൻഹജുൽ മുവാസനാത്ത്? ബിദ്അത്തുകാരെ വിമർശിക്കുമ്പോഴുള്ള ഇസ്ലാമിക നിലപാട്

5 Min Read

ചോദ്യം: സന്മാർഗ്ഗത്തിലൂടെയുള്ള പ്രയാണത്തിൽ വീഴ്ചകൾ സംഭവിക്കാത്തവരായി നമ്മിലാരുമില്ല. അതിനാൽ ഒരാളുടെ നന്മകളും തിന്മകളും ഒരുമിച്ച് പറയേണ്ടത് അനിവാര്യമാണ്. അങ്ങനെയെങ്കിൽ, ഒരു വ്യക്തിയെ വിലയിരുത്തുമ്പോൾ അയാളുടെ നന്മകളും തിന്മകളും ഒരുമിച്ച് പറയുക എന്ന ‘മൻഹജുൽ മുവാസനാത്ത്’ (നന്മ-തിന്മകളെ തുലനം ചെയ്യുന്ന രീതി) അംഗീകരിക്കുന്നതിൽ എന്താണ് തെറ്റുള്ളത്? പ്രത്യേകിച്ചും ഈ വിഷയത്തിൽ ധാരാളം തെളിവുകളും മാതൃകകളുമുണ്ടല്ലോ?

ഉത്തരം

ശൈഖ് റബീഅ് ബിൻ ഹാദീ അൽ-മദ്ഖലി: നമുക്കും നിങ്ങൾക്ക് ഇടയിലുള്ള വിധികർത്താവ് അല്ലാഹുവിൻ്റെ ഗ്രന്ഥവും റസൂൽ ﷺ യുടെ സുന്നത്തും സച്ചരിതരായ മുൻഗാമികളുടെ പ്രായോഗിക മാതൃകയുമാണ്. നാം ഈ വിഷയം പലതവണ ആവർത്തിക്കുകയും അവർക്ക് അത് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ അവർ തെളിവുകളാണെന്ന് വാദിച്ചുകൊണ്ട് ഉന്നയിക്കാറുള്ള കാര്യങ്ങളെല്ലാം നാം ഖണ്ഡിച്ചിട്ടുണ്ട്. അല്ലാഹുവിൻ്റെ വചനം ഉയർത്തിപ്പിടിക്കാനും, സത്യനിഷേധികളായ വഴികേടിൻ്റെ വക്താക്കളെയും വ്യതിയാനക്കാരെയും നിന്ദിക്കാനും വേണ്ടിയുള്ള കൃത്യമായ തെളിവുകൾ ഖുർആനിലും സുന്നത്തിലുമുണ്ട്.

എന്നാൽ ഇവർ ചില പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് അവ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള തെളിവുകളാണെന്ന് വാദിക്കുകയാണ്. യഥാർത്ഥത്തിൽ അവ്യക്തമായ വചനങ്ങളെ (മുതശാബിഹാത്ത്) പിൻപറ്റുക മാത്രമാണവർ ചെയ്യുന്നത്. വ്യതിയാനം സംഭവിച്ചവരെക്കുറിച്ച് അല്ലാഹുവിൻ്റെ വചനം ഇപ്രകാരമാണ്:

فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَـٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ

എന്നാൽ മനസ്സുകളിൽ വക്രതയുള്ളവർ കുഴപ്പമുണ്ടാക്കാനും ദുർവ്യാഖ്യാനം ചെയ്യാനും ഉദ്ദേശിച്ചുകൊണ്ട് അതിലെ അവ്യക്തമായ വചനങ്ങളെ പിൻപറ്റുന്നു. 1

അവിശ്വാസികൾക്കും പാപികൾക്കും എതിരെയുള്ള അതികഠിനമായ വിമർശനങ്ങൾ കൊണ്ട് നിറഞ്ഞതാണ് വിശുദ്ധ ഖുർആൻ. അവിടെയൊക്കെയുണ്ടോ അവരുടെ നന്മ-തിന്മകൾ ഒരുമിച്ച് പറയുന്ന ഈ തുലനം ചെയ്യൽ? സുന്നത്തിലും ഇത്തരം വിമർശനങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട്; അവിടെയും മുവാസനാത്ത് ഇല്ല.

സച്ചരിതരായ മുൻഗാമികൾ ഈ മൻഹജ് കൃത്യമായി ഗ്രഹിക്കുകയും, ബിദ്അത്തുകാരുടെ മേലും ഹദീസ് നിവേദകരുടെ മേലുമെല്ലാം നന്മകൾ ചേർത്തുപറയാതെ തന്നെ അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു. ജർഹിന് (വ്യക്തികളിലെ ന്യൂനതകൾ വ്യക്തമാക്കുന്നതിന്) വേണ്ടി മാത്രം അവർ പ്രത്യേക ഗ്രന്ഥങ്ങൾ രചിച്ചു. അത്തരം ഗ്രന്ഥങ്ങൾ നിരവധിയുണ്ട്. ഫിഖ്ഹിലും ഹദീസിലുമെല്ലാം ഇമാം അഹ്‌മദ് ബിൻ ഹൻബലിന് (رَحِمَهُ اللَّهُ) ശേഷം വിശ്വാസികളുടെ നേതാവായി അറിയപ്പെടുന്ന ഇമാം ബുഖാരിയുടെ (رَحِمَهُ اللَّهُ) ‘അള്ള്വുഅഫാഅ്’ (ദുർബലരായ നിവേദകർ) എന്ന ഗ്രന്ഥം അതിൽ മുൻപന്തിയിലുള്ളതാണ്. മതവിജ്ഞാനത്തിലും ഹദീസ് വിജ്ഞാനത്തിലും ഇമാം ബുഖാരിയുടെ സ്ഥാനത്തോട് അടുത്തുനിൽക്കുന്ന ഇമാം നസാഈ (رَحِمَهُ اللَّهُ) യും ഇതേ മാതൃക പ്രാവർത്തികമാക്കിയിട്ടുണ്ട്.

ഉഖൈലി, ഇബ്നു അദീ, ഇബ്നു ഹിബ്ബാൻ (رَحِمَهُمُ اللَّهُ) തുടങ്ങി അനേകം ഇമാമുമാർ നിവേദകരിലെ അബദ്ധങ്ങളും ന്യൂനതകളും വ്യക്തമാക്കുന്നതിന് (ജർഹിന്) വേണ്ടി പ്രത്യേക ഗ്രന്ഥങ്ങൾ രചിച്ചു. അതുപോലെ വിശ്വസ്തരായ ആളുകളെ (സികാത്ത്) ക്കുറിച്ച് പറയാനും അവർ പ്രത്യേക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവർ വിശ്വസ്തരെക്കുറിച്ച് പ്രത്യേകമായി ഗ്രന്ഥങ്ങളെഴുതിയപ്പോൾ അതിൽ മുവാസനാത്ത് (തിന്മകൾ കൂടി പറയൽ) ഇല്ല. ന്യൂനതകളെക്കുറിച്ച് (ജർഹ്) പ്രത്യേക ഗ്രന്ഥങ്ങൾ എഴുതിയപ്പോഴും അവിടെയും അവർ മുവാസനാത്ത് നടത്തിയിട്ടില്ല. ഇനി ജർഹും തഅ്ദീലും (ന്യൂനതകളും വിശ്വസ്തതയും) ഒരുമിച്ച് പറയുന്ന ഗ്രന്ഥങ്ങളെടുത്താൽ, അവിടെ അവർ പറയുക ‘ഇന്നയാൾ വിശ്വസ്തനാണ്’, ‘ഇന്നയാൾ വലിയ കളവുകാരനാണ്’, ‘ഇന്നയാൾ ഒന്നിനും കൊള്ളാത്തവനാണ്’, അല്ലെങ്കിൽ ‘ഇന്നയാൾ ഒരു ചില്ലിക്കാശിന് കൊള്ളാത്തവനാണ്’ എന്നെല്ലാമാണ്. അതിനോടൊപ്പം തന്നെ അവർ ‘ഇന്നയാൾ മനഃപാഠമുള്ളവനും വിശ്വസ്തനും കൃത്യതയുള്ളവനുമാണ്’ എന്ന് പറയുമെങ്കിലും, അവിടെ അയാളുടെ മോശം വശങ്ങളോ ന്യൂനതകളോ ഒപ്പമവർ എടുത്തുപറയാറില്ല.

നാം നേരത്തെ പറഞ്ഞതുപോലെയും, ശൈഖ് അൽബാനി (رَحِمَهُ اللَّهُ) യും മറ്റുള്ളവരും വ്യക്തമാക്കിയതുപോലെയും ഈ ‘മൻഹജുൽ മുവാസനാത്ത്’ (നന്മ-തിന്മകൾ ഒരുമിച്ച് പറയണമെന്ന വാദം) ഒരു ബിദ്അത്താണ് എന്നതിൽ യാതൊരു സംശയവുമില്ല. ഞാൻ അതിനോട് കൂട്ടിച്ചേർത്ത് പറയുന്നു: ഇതിനേക്കാൾ അപകടകരമായ മറ്റൊരു ബിദ്അത്തില്ല! ഈ ബിദ്അത്തിനേക്കാൾ വലിയൊരു അപകടമില്ല. കാരണം, ഇതിൻ്റെ അനന്തരഫലം—ഇതിൻ്റെ വക്താക്കൾക്ക് അത് മനസ്സിലാകുന്നില്ലെങ്കിലും—ഇസ്ലാമിനെ തകർക്കുക എന്നതാണ്. നാം കമ്മ്യൂണിസ്റ്റുകാരെയോ ജൂതന്മാരെയോ ക്രിസ്ത്യാനികളെയോ മതേതരവാദികളെയോ വിമർശിക്കുമ്പോൾ, അവരുടെയും നന്മകൾ കൂടി പറയണം എന്ന് ആവശ്യപ്പെടാനുള്ള വലിയൊരു വാതിൽ അവർക്ക് മുമ്പിൽ തുറന്നിട്ടുകൊടുക്കലാണ് അതിൻ്റെ ഫലം.

കാരണം, ഈ വാദക്കാർ മദ്യത്തെക്കുറിച്ചുള്ള ആയത്തുകളും, പിശാചുക്കളെക്കുറിച്ചുള്ള ഹദീസുകളും, അതുപോലെ ബഹുദൈവാരാധകരായ അവിശ്വാസികളെക്കുറിച്ചുള്ള ആയത്തുകളും, ജൂത-ക്രിസ്ത്യാനികളെക്കുറിച്ചുള്ള ആയത്തുകളുമൊക്കെ തെളിവായി ഉദ്ധരിച്ചുകൊണ്ട് പറയുന്നു: “ഇതൊക്കെ മുവാസനാത്തിന് തെളിവാണ്, ഇസ്ലാം ഈ വിഭാഗങ്ങൾക്കെല്ലാം മുവാസനാത്തിലൂടെ കൃത്യമായ നീതി നൽകിയിട്ടുണ്ട്.”

അങ്ങനെയാണെങ്കിൽ നാം ഇന്ന് ജൂതന്മാരുടെ നേതാവിനെയോ (ഉദാഹരണത്തിന് നെതന്യാഹുവിനെയോ) അവരുടെ പുരോഹിതന്മാരെയോ വിമർശിച്ചാൽ അവർ നമ്മോട് പറയും: “ഇസ്ലാം നന്മയും തിന്മയും ഒരുമിച്ച് പരിഗണിക്കുന്ന മതമാണെന്നാണല്ലോ നിങ്ങൾ അവകാശപ്പെടുന്നത്; പിന്നെന്തുകൊണ്ട് നിങ്ങൾ ഞങ്ങളുടെ നന്മകൾ കൂടി പറയുന്നില്ല?!”

ഏതൊരു വ്യക്തിയെക്കുറിച്ച് സംസാരിക്കുമ്പോഴും അയാളുടെ നന്മകളും തിന്മകളും എണ്ണിയെണ്ണി പറയുകയും, നീതി നടപ്പിലാക്കാൻ വേണ്ടി അത് രണ്ടും തുലാസിൻ്റെ ഇരുതട്ടുകളിലായി വെക്കുകയും വേണമെന്ന് ഇവർ നിർബന്ധം പിടിക്കുന്നു. നിങ്ങൾ ചിന്തിച്ചുനോക്കൂ, ഇത് ഏതെങ്കിലും മനുഷ്യർക്ക് താങ്ങാൻ കഴിയുന്ന കാര്യമാണോ? ഇത് ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യമാണ്.

നാം ഒരു ബിദ്അത്തുകാരനെ (വ്യതിയാനക്കാരനെ) വിമർശിക്കുന്നത് ഗുണകാംക്ഷയുടെ (നസീഹത്തിൻ്റെ) ഭാഗമായാണ്; ആ തിന്മയിൽ നിന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ്.2

വ്യതിയാനക്കാരുടെ നന്മകൾ കണക്കാക്കാൻ അല്ലാഹു നമ്മെ ചുമതലപ്പെടുത്തിയിട്ടില്ല. നന്മകളും തിന്മകളും കണക്കാക്കുകയും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അത് തൂക്കിനോക്കുകയും ചെയ്യുന്നത് അല്ലാഹുവിൻ്റെ മാത്രം ബാധ്യതയാണ്. അല്ലാഹുവിൻ്റെ വചനം ശ്രദ്ധിക്കുക:

فَمَن ثَقُلَتْ مَوَازِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ * وَمَنْ خَفَّتْ مَوَازِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُم بِمَا كَانُوا۟ بِـَٔايَـٰتِنَا يَظْلِمُونَ

അപ്പോൾ ആരുടെ തുലാസുകൾ ഘനം തൂങ്ങിയോ അവർ തന്നെയാണ് വിജയികൾ. ആരുടെ തുലാസുകൾ ഘനം കുറഞ്ഞുവോ അവർ തന്നെയാണ് ഞങ്ങളുടെ ദൃഷ്ടാന്തങ്ങളോട് അക്രമം കാണിച്ചിരുന്നതിൻ്റെ ഫലമായി സ്വദേഹങ്ങൾക്ക് തന്നെ നഷ്ടം വരുത്തിവെച്ചവർ. 3

ഇതൊരിക്കലും അല്ലാഹുവിനല്ലാതെ മറ്റാർക്കും സാധ്യമല്ല. നമുക്ക് താങ്ങാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ അല്ലാഹു നമ്മോട് കൽപിച്ചിട്ടുള്ളൂ. എന്നാൽ ഈ ‘മൻഹജുൽ മുവാസനാത്ത്’ താങ്ങാൻ കഴിയാത്ത ഒരു ഭാരമാണ് നമ്മിൽ അടിച്ചേൽപ്പിക്കുന്നത്. പ്രവാചകന്മാർക്ക് പോലും അത് സാധ്യമല്ല. ഈസാ നബി (عليه الصلاة والسلام) അല്ലാഹുവിനോട് പറയുന്നതായി ഖുർആനിൽ അല്ലാഹുവിൻ്റെ വചനം കാണുക:

وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ

ഞാൻ അവരോടൊപ്പമുണ്ടായിരുന്ന കാലത്തൊക്കെ ഞാൻ അവരുടെ മേൽ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂർണ്ണമായി ഏറ്റെടുത്തപ്പോൾ നീ തന്നെയായിരുന്നു അവരുടെ മേൽ നിരീക്ഷകനായി ഉണ്ടായിരുന്നത്. നീ എല്ലാ കാര്യങ്ങൾക്കും സാക്ഷിയാകുന്നു. 4

നബി ﷺ ജനങ്ങളുടെ സകല അബദ്ധങ്ങളും നന്മകളും തിന്മകളും അറിയുന്നവരായിരുന്നില്ല, അത് കണക്കാക്കാൻ അവിടുന്ന് നിയോഗിക്കപ്പെട്ടവനുമായിരുന്നില്ല. അതുപോലെ നബി ﷺ യോട് അങ്ങനെയൊരു ബാധ്യത കൽപ്പിക്കപ്പെട്ടിട്ടുമില്ല. ഒരിക്കൽ ഒരു പ്രസംഗകനോട് അവിടുന്ന് പറഞ്ഞു:

بِئْسَ الْخَطِيبُ أَنْتَ

നീ എത്ര മോശപ്പെട്ട പ്രസംഗകനാണ്! 5

അപ്പോൾ അവിടെയുണ്ടായിരുന്ന സ്വഹാബിമാർ ആരെങ്കിലും “അല്ലാഹുവിൻ്റെ റസൂലേ, അയാൾക്ക് മറ്റ് നന്മകളൊന്നുമില്ലേ?” എന്ന് ചോദിച്ചോ?! ഇല്ല.

ചുരുക്കത്തിൽ: തീർത്തും അബദ്ധജടിലമായ ഒരു വാദമാണിത്. ഇതിൻ്റെ ലക്ഷ്യങ്ങൾ വളരെ നീചമാണ്. അതിൽ ഏറ്റവും മോശപ്പെട്ട ലക്ഷ്യം ബിദ്അത്തുകളെയും വ്യതിയാനങ്ങളെയും അസത്യത്തിൻ്റെ വക്താക്കളെയും സംരക്ഷിക്കുക എന്നതാണ്.

ഇതാണ് ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത്. ഈ ആരോപണങ്ങൾക്കും സംശയങ്ങൾക്കുമുള്ള വിശദമായ മറുപടികൾക്ക് എൻ്റെ ‘മൻഹജുന്നഖ്ദ്’ (منهج النقد), ‘അൽ-മഹജ്ജ’ (المحجة), ‘അന്നസ്റുൽ അസീസ്’ (النصر العزيز) എന്നീ ഗ്രന്ഥങ്ങൾ പരിശോധിക്കാവുന്നതാണ്.

  1. സൂറത്ത് ആലുഇംറാൻ – 7 ↩︎
  2. അതായത് ഗുണകാംക്ഷയോടെ അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുന്നത് തിന്മകളെ കുറയ്ക്കാനും ഇല്ലാതാക്കാനും സഹായിക്കും. അഹ്‌ലുസ്സുന്നയുടെ അടുക്കൽ മാത്രമേ യഥാർത്ഥത്തിൽ ഈ ഗുണം നമുക്ക് കാണാൻ സാധിക്കുകയുള്ളൂ. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (رَحِمَهُ اللَّهُ) പറഞ്ഞതുപോലെ: “സത്യത്തെക്കുറിച്ച് ഏറ്റവും കൂടുതൽ അറിവുള്ളവരും, സൃഷ്ടികളോട് ഏറ്റവും കൂടുതൽ കരുണയുള്ളവരും അഹ്‌ലുസ്സുന്നയാണ്.” അതുപോലെ അദ്ദേഹം പറഞ്ഞു: “ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവരും, മുസ്ലിംകളിലെ ഏറ്റവും ഉത്തമരുമാണ് അഹ്‌ലുസ്സുന്ന.” (മിൻഹാജുസ്സുന്ന അന്നബവിയ്യ). ↩︎
  3. സൂറത്തുൽ അഅ്റാഫ് – 8-9 ↩︎
  4. സൂറത്തുൽ മാഇദ – 117 ↩︎
  5. അദിയ്യ് ബിൻ ഹാതിം (رَضِيَ اللَّهُ عَنْهُ) ഉദ്ധരിക്കുന്ന ഹദീസിലാണിത് വന്നിട്ടുള്ളത്. റസൂലുള്ളാഹി ﷺ യുടെ അടുക്കൽ വെച്ച് ഒരാൾ പ്രസംഗിച്ചു. അയാൾ പറഞ്ഞു: “ആരെങ്കിലും അല്ലാഹുവെയും അവൻ്റെ റസൂലിനെയും അനുസരിച്ചാൽ അവൻ നേർമാർഗ്ഗം പ്രാപിച്ചു; ആരെങ്കിലും അവരെ രണ്ടുപേരെയും ധിക്കരിച്ചാൽ അവൻ വഴിപിഴച്ചു.” അപ്പോൾ നബി ﷺ അയാളോട് പറഞ്ഞു: “നീ എത്ര മോശപ്പെട്ട പ്രസംഗകനാണ്! ‘ആരെങ്കിലും അല്ലാഹുവെയും റസൂലിനെയും ധിക്കരിച്ചാൽ’ എന്ന് നീ പറയുക.” ഇബ്നു നുമൈർ തൻ്റെ ഉദ്ധരണിയിൽ ഇപ്രകാരം കൂട്ടിച്ചേർത്തു: “എങ്കിൽ അവൻ വഴിപിഴച്ചു.” സഹീഹ് മുസ്ലിം – 870. ↩︎
Share This Article
Leave a Comment