അധികാരം യാഥാർത്ഥ്യമാവുന്നതിൽ അന്താരാഷ്ട്ര ബന്ധങ്ങൾക്കുള്ള പങ്ക്

3 Min Read
The image highlights the role of power in international relations, emphasizing traditional symbols of influence.

നമ്മുടെ കാലഘട്ടത്തിൽ അധികാരം പിടിച്ചടക്കുന്ന ഒരു ഭരണാധികാരിയെ (المتغلب) പരിഗണിക്കണമെങ്കിൽ അയാൾക്ക് കാര്യക്ഷമമായ വിദേശബന്ധങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇതൊരു പുതിയ ‘ശറഇയ്യായ നിബന്ധന’ (شرط شرعي) എന്ന നിലയ്ക്കല്ല ഞാൻ പറയുന്നത്. മറിച്ച്, ഇന്നത്തെ ലോകത്ത് ‘അധികാരത്തിന്റെയും ശക്തിയുടെയും’ ഒരു ഘടകമായി അത് മാറിയിരിക്കുന്നു എന്നതാണ് കാരണം. ഒരു മുസ്ലിം ഭരണാധികാരിക്ക് തന്റെ സ്വാധീനം ഉറപ്പിക്കാനും ഭരണം സുസ്ഥിരമാക്കാനും ഈ ബന്ധങ്ങൾ ഇന്ന് അത്യന്താപേക്ഷിതമാണ്. അന്താരാഷ്ട്ര പിന്തുണയും പരസ്പരമുള്ള അംഗീകാരവും ഒരു ഭരണകൂടത്തിന്റെ ആഭ്യന്തര സ്ഥിരതയെ ശക്തിപ്പെടുത്തുകയും രാജ്യം ഭരിക്കാനുള്ള കഴിവിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സിറിയയിലെ ഇന്നത്തെ അവസ്ഥയിൽ നമുക്കിത് കാണാൻ കഴിയും…

എന്തിനധികം, താലിബാന് പോലും റഷ്യയുടെ നയതന്ത്ര പിന്തുണ ലഭിച്ചിട്ടുണ്ട്. അമേരിക്കയുമായി കൃത്യമായ ആശയവിനിമയം നടക്കുന്നുണ്ടെന്നും ഔദ്യോഗിക അംഗീകാരത്തിനായി ശ്രമിക്കുന്നുണ്ടെന്നും അവരുടെ വക്താവ് ദബീഹുല്ലാ മുജാഹിദ് സ്ഥിരീകരിച്ചിട്ടുണ്ട്…

ഇതുകൊണ്ട് അർത്ഥമാക്കുന്നത് കാഫിറുകൾക്ക് കീഴടങ്ങണമെന്നോ, അംഗീകാരത്തിന് വേണ്ടി പടിഞ്ഞാറൻ കാഫിറുകളെ തൃപ്തിപ്പെടുത്തണമെന്നോ അവരുടെ കൽപ്പനകൾക്ക് വഴങ്ങണമെന്നോ അല്ല. അതല്ല വിഷയം. മറിച്ച്, ആധുനിക രാഷ്ട്രീയ യാഥാർത്ഥ്യത്തിൽ അന്താരാഷ്ട്ര ബന്ധങ്ങൾക്കുള്ള സ്വാധീനം തിരിച്ചറിയുക എന്നതാണ് പ്രധാനം. കാരണം, പണ്ഡിതന്മാർ ഭരണാധികാരിക്ക് നിബന്ധന വെച്ച ‘യഥാർത്ഥ അധികാരം’ (السلطان الفعلي) കൈവരിക്കുന്നതിൽ അന്താരാഷ്ട്ര ബന്ധങ്ങൾ ഇന്ന് നിർണ്ണായകമായ ഒരു ഘടകമായി മാറിയിരിക്കുന്നു.

ഭരണത്തിന്റെ നിയമസാധുത (الشرعية) അടിസ്ഥാനപരമായി ലഭിക്കുന്നത് അധികാരം സ്ഥാപിക്കുന്നതിലൂടെയും ഭരിക്കാനുള്ള കഴിവിലൂടെയുമാണ്, അല്ലാതെ അന്താരാഷ്ട്ര അംഗീകാരത്തിലൂടെയല്ല. പക്ഷേ, സ്വാധീനം ഉറപ്പിക്കുന്നതിന് ഈ അംഗീകാരം ഒരു അനിവാര്യതയായി മാറിയപ്പോൾ, ഉമ്മത്തിന്റെ പൊതുവായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി, ‘യഥാർത്ഥത്തിലുള്ള കഴിവിന്റെ’ (القدرة الفعلية) ആശയത്തിലേക്ക് ഇതും ഉൾച്ചേർന്നു… സൈനിക ശക്തിയും (شوكة) യഥാർത്ഥ അധികാരവുമുള്ളവനാണ് ഭരണാധികാരി എന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.

വിഷയം ശരിയായി മനസ്സിലാക്കാത്ത ചില വിമർശകർ, ‘മുൻകാല പണ്ഡിതന്മാർ വിദേശബന്ധങ്ങളെ ഒരു നിബന്ധനയായി പറഞ്ഞിട്ടില്ല’ എന്ന ന്യായം പറഞ്ഞ് എന്റെ വാദത്തെ നിഷേധിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. യഥാർത്ഥത്തിൽ, ‘കഴിവ്, അധികാരം, സ്വാധീനം’ എന്നിവയെക്കുറിച്ചുള്ള പണ്ഡിതന്മാരുടെ സംസാരത്തിൽ കാലത്തിനനുസരിച്ച് ഈ ആശയവും ഉൾക്കൊള്ളുന്നുണ്ട്. അതായത്, ഇത് ‘യഥാർത്ഥ കഴിവിന്റെ’ ഭാഗമാണ്, അല്ലാതെ ‘ശറഇയ്യായ അംഗീകാരത്തിന്റെ’ നിബന്ധനയല്ല. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (رَحِمَهُ اللَّهُ) പറയുന്നു: “ഭരണവും അധികാരവും എന്നത് ‘കൈവന്ന കഴിവി’നെയാണ് കുറിക്കുന്നത്.” ‘കൈവന്ന കഴിവ്’ എന്നത് കാലത്തിനും സ്ഥലത്തിനും അനുസരിച്ച് വ്യത്യാസപ്പെടാം.

നമ്മുടെ ഈ കാലഘട്ടത്തിൽ, ഇത്തരം ബന്ധങ്ങളില്ലാതെ അധികാരം പിടിച്ചടക്കിയ ഒരാൾക്ക് തന്റെ നിയന്ത്രണവും സ്വാധീനവും ഉറപ്പിക്കാനോ ഭരണം സുസ്ഥിരമാക്കാനോ സാധ്യമല്ല. അതിനാൽ, ഇത് ‘യഥാർത്ഥ കഴിവ്’ പൂർണ്ണമാവുന്നതിന്റെ ഭാഗമായി മാറിയിരിക്കുന്നു.

പഴയകാലത്ത് സൈനിക ശക്തിയായിരുന്നില്ലേ അധികാരത്തിന്റെ അടിസ്ഥാനം? അതുപോലെ, ഇന്നത്തെ കാലത്ത് രാഷ്ട്രീയവും നയതന്ത്രപരവുമായ കഴിവും അന്താരാഷ്ട്ര അംഗീകാരവും യഥാർത്ഥ അധികാരത്തിന്റെ ഘടകങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. അതിനാൽ, ഈയൊരു കാര്യം പരാമർശിക്കുന്നത് കർമ്മശാസ്ത്രത്തിൽ പുതിയൊന്ന് ഉണ്ടാക്കലല്ല. മറിച്ച്, ‘യാഥാർത്ഥ്യത്തെക്കുറിച്ചുള്ള കർമ്മശാസ്ത്രം’ (فقه الواقع) പൂർണ്ണമാവുന്നതിന്റെ ഭാഗവും, പഴയ നിയമങ്ങളെ പുതിയ സാഹചര്യങ്ങളിൽ പ്രയോഗിക്കുന്നതുമാണ്.

ശരിയാണ്, മുസ്ലിം ലോകം ശക്തവും സ്വയം പര്യാപ്തവുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് അന്താരാഷ്ട്ര അംഗീകാരത്തിനോ ബന്ധങ്ങൾക്കോ ഭരണസ്ഥിരതയിൽ ഒരു പങ്കുമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന്, മുസ്ലിങ്ങളുടെ ബലഹീനതയും ലോകത്തെ മാറിമറിഞ്ഞ അധികാര സമവാക്യങ്ങളും കാരണം, ഭരണം ഉറപ്പിക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്നായി അത് മാറിയിരിക്കുന്നു.

ഇന്നത്തെ സാഹചര്യത്തെ, താർത്താരികളുടെ കാലത്തെ ഡമസ്കസിനോട് ഉപമിക്കുന്നതും, താർത്താരികളുടെ അംഗീകാരമില്ലാത്തതിനാൽ അവിടുത്തെ ഭരണാധികാരിയുടെ ഭരണം അസാധുവായിരുന്നു എന്ന് വാദിക്കുന്നതും, താൻ വിവരദോഷിയാണെന്ന് അറിയാത്ത ഒരു വിവരദോഷിയിൽ നിന്ന് മാത്രം വരുന്ന ഒരു തെറ്റിദ്ധാരണയാണ്. കാരണം, ഇന്നത്തെ ലോകം ഒരു അന്താരാഷ്ട്ര ശൃംഖലയാൽ ബന്ധിതമാണ്. എന്നാൽ പഴയകാലത്ത്, ഭരണസ്ഥിരത നിലനിന്നിരുന്നത് പ്രാദേശികമായ സൈനിക ശക്തിയെ ആശ്രയിച്ചായിരുന്നു.

– ശൈഖ് ഡോ. അഹ്മദ് മുഹമ്മദ് അസ്സാദിഖ് അന്നജ്ജാർ

Share This Article
Leave a Comment