തസ്ബീഹിന്റെ മഹത്വം : ഖുർആനിലും ഹദീസിലും

മനുഷ്യശരീരത്തിൽ ഏറ്റവും എളുപ്പത്തിൽ ചലിപ്പിക്കാൻ കഴിയുന്ന അവയവമാണ് നാവ്. എന്നാൽ ഈ നാവിലൂടെ പുറത്തുവരുന്ന വാക്കുകൾക്ക് ഒരു മനുഷ്യനെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കാൻ കരുത്തുണ്ട്. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാല് വാക്കുകളിൽ പ്രധാനപ്പെട്ട ഒന്നാണ് തസ്ബീഹ്.

മനുഷ്യർ മാത്രമല്ല, മലക്കുകളും അമ്പിയാക്കളും പർവ്വതങ്ങളും കല്ലും മണ്ണും ഉൾപ്പെടെ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും അല്ലാഹുവിനെ തസ്ബീഹ് ചെയ്തുകൊണ്ടിരിക്കുന്നു.

അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനാണെന്ന് പ്രഖ്യാപിക്കുന്നതാണ് തസ്ബീഹ് കൊണ്ട് അർത്ഥമാക്കുന്നത്.

തസ്ബീഹ് വിശുദ്ധ ഖുർആനിൽ

വിശുദ്ധ ഖുർആനിലെ ഏഴോളം സൂറത്തുകൾ തസ്ബീഹ് കൊണ്ട് ആരംഭിക്കുന്നുവെന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

അൽ-മുസബ്ബിഹാത്ത് 7 സൂറത്തുകൾ :

ഖുർആനിൽ അല്ലാഹുവിനെ തസ്ബീഹ് ചെയ്യുക എന്ന അർത്ഥം വരുന്ന
سُبْحَانَ / سَبَّحَ / يُسَبِّحُ / سَبِّحْ എന്നീ പദങ്ങളോടെ ആരംഭിക്കുന്ന സൂറത്തുകളെയാണ്
المُسَبِّحَاتُ എന്ന് വിളിക്കുന്നത്. ഇവയാണ്

سُورَةُ الإِسْرَاءِ , سُورَةُ الْحَدِيدِ , سُورَةُ الْحَشْرِ , سُورَةُ الصَّفِّ , سُورَةُ الْجُمُعَةِ , سُورَةُ التَّغَابُنِ , سُورَةُ الْأَعْلَى

ഖുർആനിൽ തസ്ബീഹ് ഏകദേശം മുപ്പതോളം വിവിധ രീതികളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്ന് പണ്ഡിതന്മാർ പറയുന്നു.

1. മലക്കുകളുടെ തസ്ബീഹ്

ഖുർആനിൽ 6 സ്ഥലങ്ങളിൽ മലക്കുകൾ അല്ലാഹുവിനെ തസ്ബീഹ് ചെയ്യുന്നതായി പരാമർശിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അർശ് വഹിക്കുന്ന മലക്കുകളും അവരെ ചുറ്റിപ്പറ്റിയവരും നിരന്തരം അവനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നതായി ഖുർആൻ പറയുന്നു:

الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ | سورةُ غَافِرٍ : 7

2. നബി മുഹമ്മദ് ﷺയുടെ തസ്ബീഹിനെക്കുറിച്ച്

മുഹമ്മദ് നബി ﷺ യുടെ തസ്ബീഹിനെക്കുറിച്ച് ഖുർആനിൽ 9 സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠനായ നബി ﷺ തന്നെയാണ് അല്ലാഹുവിനെ നിരന്തരം വാഴ്ത്തിയിരുന്നത് എന്നത് ഇതിലൂടെ വ്യക്തമാകുന്നു.

فَسَبِّحْ بِحَمْدِ رَبِّكَ وَكُنْ مِنَ السَّاجِدِينَ | سورةُ الحِجْرِ : 98

നിന്‍റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക

മലക്കുകളുടെ കൂട്ടത്തിൽ ഉന്നതസ്ഥാനമുള്ളത് അല്ലാഹുവിന്റെ അർശ് വഹിക്കുന്ന മലക്കുകളാണ്. അങ്ങനെ, സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ മനുഷ്യരും മലക്കുകളും എല്ലാം അല്ലാഹുവിനെ നിരന്തരം വാഴ്ത്തിക്കൊണ്ടിരിക്കുന്നതായി ഖുർആൻ വ്യക്തമാക്കുന്നു.

3. അമ്പിയാക്കളെക്കുറിച്ച് തസ്ബീഹ് :

അമ്പിയാക്കളെക്കുറിച്ച് തസ്ബിഹ് 4 സ്ഥലങ്ങളിൽ ഖുർആൻ പരാമർശിക്കുന്നു. സക്കരിയ്യാ അലൈഹിസ്സലാം ഉൾപ്പെടെ നിരവധി അമ്പിയാക്കളോടും അല്ലാഹു തസ്ബീഹ് ചെയ്യാൻ കല്പിച്ചിരുന്നതായി കാണാം.

وَسَبَّحَ بِالْعَشِيِّ وَالْإِبْكَارِ | سورةُ غَافِرٍ : 55

4. ജീവജാലങ്ങളുടെ തസ്ബീഹ് :
മനുഷ്യനല്ലാത്ത ജീവജാലങ്ങളുടെ തസ്ബീഹിനെക്കുറിച്ച് 3 സ്ഥലങ്ങളിൽ ഖുർആൻ പറയുന്നു. ഏഴ് ആകാശങ്ങളും ഭൂമിയും അവയിൽ ഉള്ള സകല ജീവജാലങ്ങളും അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഖുർആൻ വ്യക്തമാക്കുന്നു.

فَسَبِّحْ بِحَمْدِ رَبِّكَ وَكُنْ مِنَ السَّاجِدِينَ | سورةُ الْحِجْرِ : 98

5. വിശ്വാസികളുടെ തസ്ബീഹ് :

വിശ്വാസികളായ മുമിനീനുകളുടെ തസ്ബീഹിനെക്കുറിച്ചും 3 സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇതിലൂടെ തസ്ബീഹ് എന്ന ഇബാദത്ത് എല്ലാ വിഭാഗം സൃഷ്ടികൾക്കും പൊതുവായ മഹത്തായ ആരാധനയാണെന്ന് മനസ്സിലാക്കാം.

വിശ്വാസികളായ മുമിനീനുകളുടെ തസ്ബീഹിനെക്കുറിച്ചും 3 സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇതിലൂടെ തസ്ബീഹ് എന്ന ഇബാദത്ത് എല്ലാ വിഭാഗം സൃഷ്ടികൾക്കും പൊതുവായ മഹത്തായ ആരാധനയാണെന്ന് മനസ്സിലാക്കാം.

تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَنْ فِيهِنَّ | سورةُ الإِسْرَاءِ : 44

6. സകല ചരാചരങ്ങളുടെയും തസ്ബീഹ് :

ഖുർആനിൽ 6 സ്ഥലങ്ങളിൽ, ആകാശങ്ങളിലും ഭൂമിയിലും ഉള്ള സകല സൃഷ്ടികളും അല്ലാഹുവിനെ തസ്ബീഹ് ചെയ്യുന്നതായി പ്രത്യേകം പരാമർശിച്ചിരിക്കുന്നു.ജീവജാലങ്ങൾ മാത്രമല്ല, കല്ല്, മണ്ണ്, പർവ്വതങ്ങൾ പോലുള്ള നിർജീവ വസ്തുക്കളും യഥാർത്ഥത്തിൽ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഖുർആനിന്റെ ഉറച്ച പ്രഖ്യാപനം.

سُبِّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ. | سورةُ الْحَدِيدِ : 1

7. സ്വർഗവാസികളുടെ പ്രാർത്ഥന

دَعْوَاهُمْ فِيهَا سُبْحَانَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَامٌ ۚ وَآخِرُ دَعْوَاهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَالَمِينَ. | سورةُ يُونُسَ : 10

അതിനകത്ത് അവരുടെ പ്രാര്‍ത്ഥന سُبْحَٰنَكَ ٱللَّهُمَّ (അല്ലാഹുവേ, നിനക്ക് സ്തോത്രം) എന്നായിരിക്കും. അതിനകത്ത് അവര്‍ക്കുള്ള അഭിവാദ്യം സമാധാനം! എന്നായിരിക്കും.അവരുടെ പ്രാര്‍ത്ഥനയുടെ അവസാനം ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്നായിരിക്കും.

തസ്ബീഹ് ഹദീസുകളിൽ

8. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട വാക്കുകൾ :

،عَنْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ، قَالَ: قُلْتُ: يَا رَسُولَ اللَّهِ

أَيُّ الْكَلَامِ أَفْضَلُ؟ قَالَ: مَا اصْطَفَى اللَّهُ لِمَلَائِكَتِهِ، أَوْ لِعِبَادِهِ: سُبْحَانَ اللَّهِ وَبِحَمْدِهِ

رواه مسلم (2731)

അബൂ ദർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ ﷺ, ഏറ്റവും ശ്രേഷ്ഠമായ വചനമേത്?” നബി ﷺ പറഞ്ഞു: “അല്ലാഹു തന്റെ മലക്കുകൾക്കോ തന്റെ അടിമകൾക്കോ വേണ്ടി തെരഞ്ഞെടുത്ത വചനമാണ്: സുബ്ഹാനല്ലാഹി വബിഹംദിഹി.”

9. കടലിലെ നുരയോളം പാപങ്ങളും പൊറുക്കപ്പെടും :

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ ﷺ قَالَ:

مَنْ قَالَ: سُبْحَانَ اللَّهِ وَبِحَمْدِهِ، فِي يَوْمٍ مِائَةَ مَرَّةٍ، حُطَّتْ خَطَايَاهُ، وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ

رواه البخاري (6405)، ومسلم (2691)

അബൂ ഹുറൈറ رَضِيَ ٱللّٰهُ عَنْهُ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:“ഒരു ദിവസം നൂറ് പ്രാവശ്യം ‘സുബ്ഹാനല്ലാഹി വബിഹംദിഹി’ എന്ന് പറയുന്നവന്റെ പാപങ്ങൾ, അവ കടലിലെ നുരപോലെ അനവധി ആയിരുന്നാലും, പൊറുക്കപ്പെടുന്നതായിരിക്കും.”

10. ദിവസത്തെ ഏറ്റവും ശ്രേഷ്ഠമായ അമൽ :

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ ﷺ

مَنْ قَالَ حِينَ يُصْبِحُ: سُبْحَانَ اللَّهِ وَبِحَمْدِهِ مِائَةَ مَرَّةٍ، لَمْ يَأْتِ أَحَدٌ يَوْمَ القِيَامَةِ بِأَفْضَلَ مِمَّا جَاءَ بِهِ، إِلَّا أَحَدٌ قَالَ مِثْلَ مَا قَالَ أَوْ زَادَ عَلَيْهِ.

رواه مسلم (2692)

അബൂ ഹുറൈറ رَضِيَ ٱللّٰهُ عَنْهُ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:“ഒരു വ്യക്തി രാവിലെ ‘സുബ്ഹാനല്ലാഹി വബിഹംദിഹി’എന്ന് നൂറ് പ്രാവശ്യം പറഞ്ഞാൽ, അവൻ ചെയ്തതിലുപരി ഉത്തമമായ അമലുമായികിയാമത്ത് നാളിൽ ആരും വരുകയില്ലഅതേപോലെ പറഞ്ഞവനോ അതിൽ അധികം ചെയ്തവനോ ഒഴികെ.”

11. ആയിരം പുണ്യങ്ങൾ നേടാം ആയിരം പാപങ്ങൾ മായ്ക്കപ്പെടാം :

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ ﷺ:

أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ كُلَّ يَوْمٍ أَلْفَ حَسَنَةٍ؟ قِيلَ: وَكَيْفَ يَكْسِبُ أَلْفَ حَسَنَةٍ؟ قَالَ: يُسَبِّحُ مِائَةَ تَسْبِيحَةٍ، فَيُكْتَبُ لَهُ أَلْفُ حَسَنَةٍ، أَوْ يُحَطُّ عَنْهُ أَلْفُ خَطِيئَةٍ.

رواه مسلم (2698)

അബൂ ഹുറൈറ رَضِيَ ٱللّٰهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഓരോ ദിവസവും ആയിരം പുണ്യങ്ങൾ സമ്പാദിക്കാൻ കഴിയില്ലേ?” ചോദിക്കപ്പെട്ടു: അത് എങ്ങനെ ആയിരം പുണ്യങ്ങൾ ലഭിക്കും? നബി ﷺ പറഞ്ഞു:“അവൻ നൂറ് പ്രാവശ്യം ‘സുബ്ഹാനല്ലാഹ്’ എന്ന് ചൊല്ലുക. അപ്പോൾ അവന് ആയിരം പുണ്യങ്ങൾ രേഖപ്പെടുത്തപ്പെടും, അല്ലെങ്കിൽ അവനിൽ നിന്ന് ആയിരം പാപങ്ങൾ മായ്ക്കപ്പെടും.”

12. മീസാനിൽ ഭാരമേറിയ രണ്ട് കലിമത്തുകൾ :

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ ﷺ:

كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي الْمِيزَانِ، حَبِيبَتَانِ إِلَى الرَّحْمَنِ: سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ.

رواه البخاري (6406)، ومسلم (2694)

അബൂഹുറൈറ رَضِيَ ٱللّٰهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “നാവിൽ വളരെ ലഘുവായ രണ്ട് വചനങ്ങൾ ഉണ്ട്; മീസാനിൽ (കിയാമത്ത് നാളിലെ തുലാസിൽ) അത്യന്തം ഭാരമേറിയവയും,
അർ-റഹ്മാൻ (അല്ലാഹു) ന് ഏറെ പ്രിയപ്പെട്ടവയുമാണ്:

ഈ ഹദീസിൽ, ഈ ദിക്‌റിന്റെ മഹത്വം മൂന്ന് പ്രധാന കാര്യങ്ങളിലൂടെ നബി ﷺ വ്യക്തമാക്കുന്നു.

ഒന്നാമത് — ഇത് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളതാണ്.
ഒരു സത്യവിശ്വാസിക്ക് ഏറ്റവും വലിയ ലക്ഷ്യം അല്ലാഹുവിന്റെ ഇഷ്ടം നേടുക എന്നതാണ്. അല്ലാഹുവിന് എന്താണ് പ്രിയപ്പെട്ടത് എന്ന് അന്വേഷിച്ചു നടക്കുന്ന ഒരാൾക്ക്, ഈ ഹദീസ് അത്യന്തം വിലപ്പെട്ടതാണ്. കാരണം, നാവിൽ വളരെ ലഘുവായ ഈ രണ്ട് വചനങ്ങൾ അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവയാണെന്ന് നബി ﷺ നേരിട്ട് അറിയിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരാൾക്ക്, ഇതിന്റെ മൂല്യം സ്വയം ബോധ്യപ്പെടും.

രണ്ടാമത് — പറയാൻ അത്യന്തം എളുപ്പമാണ്. യാതൊരു അധ്വാനവും ഇല്ല.
ഈ ദിക്‌ർ ചൊല്ലാൻ പ്രത്യേക സമയം, സ്ഥലമോ ശരീരശ്രമമോ ഒന്നും ആവശ്യമില്ല. വെറുതെ ഇരുന്ന്, നടക്കുമ്പോൾ, യാത്രയിൽ, വിശ്രമസമയത്ത് — ഏത് സമയത്തും നാവിലൂടെ ഉരുവിടാൻ കഴിയുന്നതാണ്. എന്നിട്ടും, ഈ എളുപ്പമുള്ള അമൽ സ്ഥിരമായി ചെയ്യാൻ കഴിയുന്നവർ എത്ര കുറവാണ് എന്നത് നമ്മെ ആലോചിപ്പിക്കണം.

ഇവിടെയാണ് പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാന സത്യം മനസ്സിലാകുന്നത്. ഒരു മനുഷ്യന്റെ ജീവിതം നന്നാകുക, ഇബാദത്തുകൾ വർദ്ധിക്കുക, അമലുകളിൽ സ്ഥിരത ലഭിക്കുക — ഇതൊന്നും ശരീരശക്തിയാലോ ബുദ്ധിശക്തിയാലോ ഓർമ്മശക്തിയാലോ തീരുമാനിക്കപ്പെടുന്നതല്ല. ഇതെല്ലാം അല്ലാഹു ﷻ നൽകുന്ന തൗഫീഖ് മാത്രമാണ്.

മൂന്നാമത് — മീസാനിൽ അത്യന്തം ഭാരമേറിയതാണ്.
നാവിൽ ലഘുവായ ഈ വചനങ്ങൾ, കിയാമത്ത് നാളിലെ തുലാസിൽ വലിയ ഭാരമായി മാറുന്നു. മനുഷ്യൻ ചെറുതായി കരുതുന്ന അമലുകൾ പോലും അല്ലാഹുവിന്റെ അടുക്കൽ എത്ര മഹത്തായതാകാം എന്നതാണ് ഇതിലൂടെ നബി ﷺ നമ്മെ പഠിപ്പിക്കുന്നത്.

ഖിയാമത്ത് നാളിൽ അല്ലാഹു സുബ്ഹാനഹു വ തആല മീസാൻ സ്ഥാപിക്കും. അത് യാഥാർത്ഥ്യമായ ഒരു തുലാസാണ്; കഥയോ ഉപമയോ അല്ല. രണ്ട് തട്ടുകളുള്ള ആ മീസാനിൽ മനുഷ്യന്റെ അമലുകൾ തൂക്കപ്പെടും. പുണ്യം കനത്താൽ സ്വർഗ്ഗം; പാപം കനത്താൽ നരകം — അല്ലാഹു ഉദ്ദേശിച്ചാൽ പൊറുത്തുകൊടുക്കുന്നതൊഴികെ.

ആ നിമിഷം അതീവ നിർണായകമാണ്. ഏത് അമലാണ് വിജയത്തിലേക്ക് നയിക്കുക, ഏത് പാപമാണ് നാശത്തിലേക്ക് തള്ളുക എന്നത് ആരും അറിയുന്നില്ല.

അത്തരം മഹത്തായ മീസാനിൽ വളരെയധികം കനം തൂങ്ങുന്ന വചനമാണ് “സുബ്ഹാനല്ലാഹ്”.
ചെറിയ വാക്കായിട്ടും, അതിന്റെ പ്രതിഫലം അത്യന്തം ഭാരമേറിയതാണ് — ഇതാണ് ഈ ദിക്‌റിന്റെ മഹത്വം.

13. സ്വർഗ്ഗത്തിൽ ഒരു ഈത്തപ്പന :

عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ ﷺ

مَنْ قَالَ: سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ، غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ.

رواه الترمذي (3464)

ജാബിർ ഇബ്‌നു അബ്ദുല്ലാഹ് رَضِيَ ٱللّٰهُ عَنْهُ പറയുന്നു:
നബി ﷺ പറഞ്ഞു: “ഒരു വ്യക്തി ‘സുബ്ഹാനല്ലാഹിൽ അളിം വബിഹംദിഹി’ എന്ന് പറഞ്ഞാൽ, അവനുവേണ്ടി സ്വർഗ്ഗത്തിൽ ഒരു ഈത്തപ്പന നട്ടുപിടിപ്പിക്കപ്പെടും.”

14. സദസ്സിലെ പിഴവുകളും അബദ്ധങ്ങളും :

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ:

مَنْ جَلَسَ فِي مَجْلِسٍ، فَكَثُرَ فِيهِ لَغَطُهُ، فَقَالَ قَبْلَ أَنْ يَقُومَ مِنْ مَجْلِسِهِ ذَلِكَ:
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلٰهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ،
إِلَّا غُفِرَ لَهُ مَا كَانَ فِي مَجْلِسِهِ ذَلِكَ.

رواه الترمذي (3433)

അബൂ ഹുറൈറ رَضِيَ ٱللّٰهُ عَنْهُ നിവേദനം :
നബി ﷺ പറഞ്ഞു: “ഒരു വ്യക്തി ഒരു സദസ്സിൽ ഇരിക്കുമ്പോൾ അവിടെ അനാവശ്യമായ സംസാരങ്ങൾ കൂടുതലായാൽ, ആ സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിനുമുമ്പ്:
‘സുബ്ഹാനകല്ലാഹുമ്മ വബിഹംദിക, അശ്ഹദു അൻ ലാ ഇലാഹ ഇല്ലാ അൻത, അസ്തഗ്ഫിരുക വ അതൂബു ഇലൈക’എന്ന് പറഞ്ഞാൽ, ആ സദസ്സിൽ ഉണ്ടായിരുന്ന (പിഴവുകളും അബദ്ധങ്ങളും) അവനുവേണ്ടി പൊറുക്കപ്പെടും.”

15. കല്ലിന്റെ തസ്ബിഹ് :

عَنْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ قَالَ:

كُنَّا مَعَ رَسُولِ اللَّهِ ﷺ، فَأَخَذَ حَصًى فِي يَدِهِ، فَسَبَّحْنَ فِي يَدِهِ حَتَّى سَمِعْنَا التَّسْبِيحَ، ثُمَّ وَضَعَهُنَّ فِي يَدِ أَبِي بَكْرٍ فَسَبَّحْنَ فِي يَدِهِ، ثُمَّ وَضَعَهُنَّ فِي يَدِ عُمَرَ فَسَبَّحْنَ فِي يَدِهِ، ثُمَّ وَضَعَهُنَّ فِي يَدِ عُثْمَانَ فَسَبَّحْنَ فِي يَدِهِ.

رواه الطبراني في المعجم الكبير (1637)، والبيهقي، وصححه الألباني في صحيح الجامع (3413)

അബൂദർ (رَضِيَ ٱللَّٰهُ عَنْهُ) പറയുന്നു: “ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ നബി ﷺ തന്റെ കൈയിൽ കുറച്ച് ചെറിയ കല്ലുകൾ എടുത്തു.
അവ നബി ﷺ യുടെ കൈയിൽ ഇരിക്കെ ‘സുബ്ഹാനല്ലാഹ്’ എന്ന് തസ്ബീഹ് ചെയ്യാൻ തുടങ്ങി.
ആ തസ്ബീഹ് ഞങ്ങൾ കേൾക്കുന്ന തരത്തിലായിരുന്നു.

പിന്നീട് നബി ﷺ ആ കല്ലുകൾ അബൂബകർ (رَضِيَ ٱللَّٰهُ عَنْهُ) യുടെ കൈയിൽ വെച്ചു.
അവ അദ്ദേഹത്തിന്റെ കൈയിലും തസ്ബീഹ് ചെയ്തു.

അതിനുശേഷം ഉമർ (رَضِيَ ٱللَّٰهُ عَنْهُ) യുടെ കൈയിൽ വെച്ചു.
അവ അവിടെയും തസ്ബീഹ് ചെയ്തു.

പിന്നീട് ഉസ്മാൻ (رَضِيَ ٱللَّٰهُ عَنْهُ) യുടെ കൈയിൽ വെച്ചു.
അവ അവിടെയും തസ്ബീഹ് ചെയ്തു.”

16. ദുനിയാവും അതിലുള്ളതിനേക്കാളും ഉത്തമമാണ് :

قَالَ الشَّيْخُ ابْنُ عُثَيْمِين رَحِمَهُ اللَّهُ:
إِنَّ التَّسْبِيحَةَ الْوَاحِدَةَ فِي صَحِيفَةِ الإِنْسَانِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا،
لِأَنَّ الدُّنْيَا وَمَا فِيهَا تَذْهَبُ وَتَزُولُ، وَالتَّسْبِيحُ وَالْعَمَلُ الصَّالِحُ يَبْقَى.

(شرح رياض الصالحين)

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു : നിശ്ചയം, മനുഷ്യന്റെ ഏടിലുള്ള ഒരൊറ്റ തസ്ബീഹ് ഈ ദുനിയാവും അതിലുള്ളതിനേക്കാളും ഉത്തമമാണ്. കാരണം, ഈ ദുനിയാവും അതിലുള്ളതുമെല്ലാം നീങ്ങിപ്പോകുന്നതാണ്. തസ്ബീഹും സൽകർമ്മവും അവശേഷിക്കുന്നതാണ്.

17. മനസ്സിന് ആശ്വാസം ലഭിക്കാൻ

ജീവിതത്തിലെ എല്ലാവിധ മനോവിഷമങ്ങൾക്കും സങ്കടങ്ങൾക്കും ദുഃഖങ്ങൾക്കുമുള്ള വലിയൊരു പരിഹാരമാണ് തസ്ബീഹ്. ശത്രുക്കളുടെ കുത്തുവാക്കുകൾ കേട്ട് വിഷമിച്ചിരുന്ന നബി(സ)യോട് മനസ്സിന് ആശ്വാസം ലഭിക്കാൻ അല്ലാഹു നിർദ്ദേശിച്ചത് തസ്ബീഹ് ചൊല്ലാനായിരുന്നു. ദിക്ർ എന്നത് ആത്മാവിന്റെ (റൂഹിന്റെ) ഭക്ഷണമാണ്. ശരീരം നിലനിൽക്കാൻ ആഹാരം ആവശ്യമുള്ളതുപോലെ ആത്മാവിന് ജീവൻ ലഭിക്കാൻ ദിക്ർ അത്യാവശ്യമാണ്. ആത്മാവിന് ഈ ഭക്ഷണം ലഭിക്കാതിരുന്നാൽ, പട്ടിണി കിടന്ന ശരീരം മരിക്കുന്നത് പോലെ ആത്മാവും മരിച്ചുപോകും; പിന്നീട് തെറ്റുകൾ ചെയ്യുമ്പോൾ ആ മനുഷ്യന് കുറ്റബോധം പോലും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും.

അല്ലാഹുവിനെ ഓർക്കുന്നവനും ഓർക്കാത്തവനും തമ്മിലുള്ള വ്യത്യാസം ജീവനുള്ളവനും മരിച്ചവനും തമ്മിലുള്ള വ്യത്യാസം പോലെയാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. നാവുകൊണ്ട് ദിക്ർ ചൊല്ലിക്കൊണ്ടിരുന്നാൽ റീബത്ത് (പരദൂഷണം), നമീമത്ത് (ഏഷണി) തുടങ്ങിയ തിന്മകളിൽ നിന്ന് നമ്മുടെ നാവിനെ സംരക്ഷിക്കാൻ സാധിക്കും എന്നത് ദിക്റിന്റെ വലിയൊരു ഉപകാരമാണ്. അബൂഹുറൈറ (റ) നെപ്പോലെയുള്ള മുൻഗാമികൾ പരലോകത്തെ ഭയപ്പെട്ടുകൊണ്ട് ഒരു ദിവസം പതിനായിരം തവണ വരെ തസ്ബീഹ് ചൊല്ലുമായിരുന്നു എന്നത് നമുക്ക് വലിയൊരു പാഠമാണ്.

നമ്മുടെ നാവുകൾ അല്ലാഹുവിനെ വാഴ്ത്തുന്നതിലൂടെ ധന്യമാക്കാനും, പരലോകത്തെ മീസാനിൽ കനം തൂങ്ങുന്ന സൽപ്രവൃത്തികൾ വർദ്ധിപ്പിക്കാനും നാം പരിശ്രമിക്കേണ്ടതുണ്ട്. അല്ലാഹു അതിന് നമുക്ക് തൗഫീഖ് നൽകട്ടെ

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ ﴾ سورةُ الْوَاقِعَةِ : 74 ﴿

അതിനാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുക.

Share This Article
Leave a Comment