ഹദീസ് ലോകത്തെ അമീറുൽ മുഅ്മിനീൻ: ഇമാം ബുഖാരി

മുസ്‌ലിം ഉമ്മത്തിന് അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തായ ഒന്നാണ് പ്രവാചകചര്യയെ (സുന്നത്തിനെ) സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പണ്ഡിതന്മാർ. അവരിൽ അഗ്രഗണ്യനും, ഹദീസ് പണ്ഡിതന്മാരുടെ നേതാവുമായ അമീറുൽ മുഅ്മിനീൻ ഫിൽ-ഹദീസ്, ഇമാം ബുഖാരിയുടെ (رَحِمَهُ اللَّهُ) ജീവിതം ഓരോ വിശ്വാസിക്കും പാഠപുസ്തകമാണ്. അബൂ അബ്ദില്ലാഹ് മുഹമ്മദ് ബ്നു ഇസ്മാഈൽ ബ്നു ഇബ്രാഹിം ബ്നുൽ മുഗീറ ബ്നു ബർദിസ്ബ (أبو عبد الله محمد بن إسماعيل بن إبراهيم بن المغيرة بن بردزبه) എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. ‘ബർദിസ്ബ’ എന്നത് ബുഖാറയിലെ ഒരു പദമാണ്, കർഷകൻ എന്നാണതിനർത്ഥം. ഇമാം നവവി (رَحِمَهُ اللَّهُ) ഉദ്ധരിക്കുന്നത് പ്രകാരം, അദ്ദേഹത്തിന്റെ മുൻഗാമിയായ ബർദിസ്ബ ഒരു മജൂസിയായി (അഗ്നിയാരാധകൻ) ക്കൊണ്ടാണ് മരണപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന്റെ മകൻ മുഗീറ, യമാൻ അൽ-ജുഅ്ഫി എന്ന ബുഖാറയിലെ ഗവർണറുടെ കൈകളിലൂടെ ഇസ്ലാം സ്വീകരിച്ചു. അതുകൊണ്ടാണ് ഇമാം ബുഖാരിയെ ‘ജുഅ്ഫി’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് രക്തബന്ധം കൊണ്ടുള്ളതല്ല, മറിച്ച് ഇസ്ലാം സ്വീകരിച്ചതിലൂടെയുള്ള ബന്ധമാണ്. ഇസ്‌ലാം മുസ്‌ലിംകൾക്കിടയിലുള്ള സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ബന്ധങ്ങളെ നിശ്ചയിച്ചിട്ടുള്ളത്.

​ഇമാം ബുഖാരിയുടെ പിതാവ് ഇസ്മാഈൽ ബ്നു ഇബ്രാഹിം വലിയൊരു പണ്ഡിതനും മുഹദ്ദിസുമായിരുന്നു. ഇമാം മാലിക് (رَحِمَهُ اللَّهُ), ഹമ്മാദ് ബ്നു സയ്ദ് (رَحِمَهُ اللَّهُ) എന്നിവരിൽ നിന്നെല്ലാം അദ്ദേഹം ഹദീസ് കേൾക്കുകയും ഇറാഖിലുള്ളവർ അദ്ദേഹത്തിൽ നിന്ന് ഹദീസ് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹിബ്നു മുബാറക്കിനെ (رَحِمَهُ اللَّهُ) അദ്ദേഹം നേരിൽ കാണുകയും ഇരു കൈകളും പിടിച്ച് മുസാഫഹത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട്. പിതാവ് ഇസ്മാഈൽ മരണപ്പെടുമ്പോൾ മുഹമ്മദ് (ഇമാം ബുഖാരി) ചെറിയ കുട്ടിയായിരുന്നു. ആ പിതാവ് മരണശയ്യയിൽ വെച്ച് പറഞ്ഞ, തന്റെ ജീവിതവിശുദ്ധിയെ അടയാളപ്പെടുത്തുന്ന ഒരു വാചകം ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടേണ്ടതാണ്. അദ്ദേഹം പറഞ്ഞു: “എന്റെ സമ്പാദ്യത്തിൽ ഹറാമായതോ, അല്ലെങ്കിൽ സംശയിക്കാവുന്നതോ (ശൂബുഹത്ത്) ആയ ഒരു ദിർഹം പോലും ഉള്ളതായി എനിക്കറിയില്ല” (لا أعلم في مالي درهما من حرام ولا من شبهه). ഇത്തരത്തിൽ, ഹറാമും സംശയകരവുമായ കാര്യങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തമായ, ശുദ്ധമായ സമ്പത്തിൽ വളർന്ന ശരീരമായിരുന്നു ഇമാം ബുഖാരിയുടേത്. ഈ പശ്ചാത്തലം അദ്ദേഹത്തിന്റെ സ്വഭാവരൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

​പിതാവിന്റെ വിയോഗശേഷം മാതാവിന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. അവർ വലിയ ഭക്തയും ആരാധനകളിൽ മുഴുകിയവരും കറാമത്തുകൾക്ക് ഉടമയുമായിരുന്നു. ബാല്യത്തിൽ ഇമാം ബുഖാരിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. ആ മാതാവ് തന്റെ മകന് വേണ്ടി അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഇബ്രാഹിം നബി (عليه السلام) യെ അവർ സ്വപ്നത്തിൽ കണ്ടു. ഇബ്രാഹിം നബി (عليه السلام) അവരോട് പറഞ്ഞു: “ഹേ സ്ത്രീ, നിന്റെ പ്രാർത്ഥനയുടെ ഫലമായി അല്ലാഹു നിന്റെ മകന് കാഴ്ച തിരികെ നൽകിയിരിക്കുന്നു” (يا هذه قد رد الله على ابنك بصره بكثرة دعائك). പ്രഭാതമായപ്പോഴേക്കും അത്ഭുതകരമെന്നോണം അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടിയിരുന്നു. അല്ലാഹുവിന്റെ തൗഫീഖിന് ശേഷം, അദ്ദേഹത്തിന്റെ ഈ ഉന്നതിക്ക് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വിശുദ്ധിയും പ്രാർത്ഥനയുമാണ്.

​വളരെ ചെറുപ്പത്തിൽ തന്നെ ജ്ഞാന സമ്പാദനത്തിനായുള്ള തീക്ഷ്ണത അദ്ദേഹത്തിൽ പ്രകടമായി. പത്ത് വയസ്സിനോടടുത്ത് പ്രായമുള്ളപ്പോൾ തന്നെ അദ്ദേഹം ഹദീസുകൾ മനഃപാഠമാക്കാൻ തുടങ്ങി. പതിനൊന്നാം വയസ്സിൽ അദ്ദേഹം തന്റെ ഗുരുവായ ദാഖിലിയെ (الداخلي) തിരുത്തിയ ഒരു സംഭവം അദ്ദേഹത്തിന്റെ സൂക്ഷ്മജ്ഞാനം വെളിപ്പെടുത്തുന്നു. ഗുരു ഒരു സനദ് (നിവേദക പരമ്പര) പറയുന്നതിനിടയിൽ “സുഫ്യാൻ, അബൂ സുബൈറിൽ നിന്ന്, അദ്ദേഹം ഇബ്രാഹിമിൽ നിന്ന്” എന്ന് പറഞ്ഞു. ഉടനെ കൊച്ചു കുട്ടിയായ ബുഖാരി പറഞ്ഞു: “അബൂ സുബൈർ ഇബ്രാഹിമിൽ നിന്ന് നിവേദനം നടത്തിയിട്ടില്ല.” ഗുരു അത് നിരസിച്ചു. എന്നാൽ ബുഖാരി പറഞ്ഞു: “താങ്കളുടെ പക്കൽ രേഖയുണ്ടെങ്കിൽ എടുത്തു നോക്കൂ.” ഗുരു അകത്തു പോയി നോക്കിയപ്പോൾ ബുഖാരി പറഞ്ഞതാണ് ശരിയെന്ന് ബോധ്യപ്പെട്ടു. ഗുരു ചോദിച്ചു: “പിന്നെ ഏതാണ് ശരി?” കുട്ടി പറഞ്ഞു: “അത് സുബൈർ ബ്നു അദിയ്യ്, ഇബ്രാഹിമിൽ നിന്ന് എന്നാണ്.” ആ ഗുരു കുട്ടിയോട് പേന വാങ്ങി തന്റെ ഗ്രന്ഥം തിരുത്തി. പതിനാറ് വയസ്സാകുമ്പോഴേക്കും ഇബ്നുൽ മുബാറക്കിന്റെയും വകീഇന്റെയും ഗ്രന്ഥങ്ങൾ അദ്ദേഹം മനഃപാഠമാക്കിയിരുന്നു.

​തുടർന്ന് അദ്ദേഹം മാതാവിനും സഹോദരൻ അഹ്മദിനുമൊപ്പം ഹജ്ജ് കർമ്മത്തിനായി മക്കയിലേക്ക് യാത്ര തിരിച്ചു. ഹജ്ജ് കഴിഞ്ഞ് മാതാവും സഹോദരനും തിരിച്ചുപോയെങ്കിലും, വിജ്ഞാനം തേടുന്നതിനായി മക്കയിൽ തന്നെ തുടരാൻ ബുഖാരി തീരുമാനിച്ചു. അവിടെയും മദീനയിലുമായി അദ്ദേഹം ചരിത്രരചനയിൽ ഏർപ്പെട്ടു. പ്രവാചകന്റെ (صلى الله عليه وعلى آله وسلم) ഖബറിനരികെ ഇരുന്നുകൊണ്ട്, നിലാവുള്ള രാത്രികളിലാണ് അദ്ദേഹം തന്റെ പ്രസിദ്ധമായ ‘അത്താരീഖുൽ കബീർ’ (التاريخ الكبير) എന്ന ഗ്രന്ഥം രചിച്ചത്. “ചരിത്രത്തിലെ ഒരു പേരും അതിനെക്കുറിച്ച് എനിക്കൊരു കഥ പറയാനില്ലാത്തതായി ഇല്ല” എന്ന് അദ്ദേഹം പറയുമായിരുന്നു.

​ വിജ്ഞാനത്തിലേക്കുള്ള യാത്രകളും ജീവിതവിശുദ്ധിയും

​ഇമാം ബുഖാരിയുടെ ജീവിതം വിജ്ഞാന സമ്പാദനത്തിനായുള്ള കഠിനാധ്വാനത്തിന്റെ പര്യായമായിരുന്നു. അറിവ് തേടി അദ്ദേഹം ശാം, ഈജിപ്ത്, ജസീറ, ബസ്ര, കൂഫ, ബാഗ്ദാദ് തുടങ്ങിയ നാടുകളിലേക്ക് പലതവണ യാത്ര ചെയ്തു. ബാഗ്ദാദിൽ വെച്ച് ഇമാം അഹ്മദ് ബ്നു ഹമ്പലുമായി (رَحِمَهُ اللَّهُ) അദ്ദേഹം പലതവണ കൂടിക്കാഴ്ച നടത്തി. ഖുറാസാനിൽ താമസിക്കുന്നതിന് പകരം, വിജ്ഞാനത്തിന്റെ കേന്ദ്രമായ ബാഗ്ദാദിൽ താമസിക്കാൻ ഇമാം അഹ്മദ് അദ്ദേഹത്തെ പ്രേരിപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പഠനരീതി അതിശയകരമായിരുന്നു. രാത്രിയിൽ ഉറക്കത്തിൽ നിന്ന് ഉണർന്ന് വിളക്ക് കത്തിച്ച്, മനസ്സിൽ വന്ന ഒരു കാര്യം കുറിച്ചുവെക്കും. വീണ്ടും കിടക്കും. വീണ്ടും ഉണരും. ഇങ്ങനെ ഒരു രാത്രിയിൽ തന്നെ ഇരുപതോളം തവണ അദ്ദേഹം ചെയ്യാറുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും അദ്ദേഹം അതീവ മിതത്വം പാലിച്ചു. ഓർമ്മശക്തിയെ ബാധിക്കുമെന്നതിനാൽ കറികളിൽ മസാലകൾ ഉപയോഗിക്കുന്നത് അദ്ദേഹം ഒഴിവാക്കിയിരുന്നു. പകരം, ഒന്നോ രണ്ടോ ബദാം പരിപ്പുകൾ മാത്രം കഴിച്ച് അദ്ദേഹം വിശപ്പടക്കുമായിരുന്നു.

​അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെ എണ്ണം ആയിരത്തിലധികമാണ്. എന്നാൽ ഹദീസ് സ്വീകരിക്കുന്നതിൽ അദ്ദേഹം ഒരു കർശന നിബന്ധന വെച്ചിരുന്നു: “ഈമാൻ എന്നത് വാക്കും പ്രവർത്തിയുമാണ്” (الإيمان قول وعمل) എന്ന് വിശ്വസിക്കുന്നവരിൽ നിന്നല്ലാതെ ഞാൻ ഹദീസ് സ്വീകരിച്ചിട്ടില്ല. ബിദ്അത്തുകാരെയും ദേഹേച്ഛയെ പിൻപറ്റുന്നവരെയും അദ്ദേഹം പൂർണ്ണമായും ഒഴിവാക്കി. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാതയിൽ ഉറച്ചുനിൽക്കുന്നവരിൽ നിന്ന് മാത്രമാണ് അദ്ദേഹം വിജ്ഞാനം നുകർന്നത്.

ഹാഫിള് ഇബ്നു ഹജർ (رَحِمَهُ اللَّهُ) ഇമാം ബുഖാരിയുടെ ഗുരുക്കന്മാരെ അഞ്ച് തട്ടുകളായി തരംതിരിച്ചിട്ടുണ്ട്:
​ഒന്നാം തട്ട്: താബിഉകളിൽ നിന്ന് നേരിട്ട് ഹദീസ് കേട്ടവർ. ഉദാഹരണത്തിന് മുഹമ്മദ് ബ്നു അബ്ദുല്ലാഹ് അൽ-അൻസാരി, മക്കി ബ്നു ഇബ്രാഹിം എന്നിവർ.
​രണ്ടാം തട്ട്: ഇവരുടെ കാലഘട്ടത്തിൽ ജീവിച്ചവരാണെങ്കിലും വിശ്വസ്തരായ താബിഉകളിൽ നിന്ന് കേൾക്കാൻ സാധിക്കാത്തവർ.
​മൂന്നാം തട്ട്: മധ്യവർത്തികൾ. ഇവർ താബിഉകളെ കണ്ടിട്ടില്ല, മറിച്ച് മുതിർന്ന താബിഉ-ത്താബിഉകളിൽ നിന്ന് പഠിച്ചവരാണ്. അഹ്മദ് ബ്നു ഹമ്പൽ, ഇസ്ഹാഖ് ബ്നു റാഹവൈഹി, അലി ബ്നുൽ മദീനി, യഹ്‌യ ബ്നു മഈൻ (رَحِمَهُمُ اللَّهُ) തുടങ്ങിയ മഹാരഥന്മാർ ഈ ഗണത്തിലാണ്. (ഇമാം മുസ്‌ലിമിനും ഈ ഗുരുക്കന്മാരിൽ പങ്കുണ്ട്).
​നാലാം തട്ട്: വിജ്ഞാന സമ്പാദനത്തിൽ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നവർ. മുഹമ്മദ് ബ്നു യഹ്‌യ അദ്ദുഹ്‌ലി, അബൂ ഹാത്തിം തുടങ്ങിയവർ.
​അഞ്ചാം തട്ട്: പ്രായത്തിലും പദവിയിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി കണക്കാക്കാവുന്നവർ.
​ജാഫർ ബ്നു മുഹമ്മദ് അൽ-ഖത്വാൻ പറയുന്നു: ഇമാം ബുഖാരി പറയുന്നത് ഞാൻ കേട്ടു: “ആയിരത്തിലധികം (1080) പണ്ഡിതന്മാരിൽ നിന്ന് ഞാൻ ഹദീസ് എഴുതിയിട്ടുണ്ട്. അവരിലോരോരുത്തരും ഹദീസ് പണ്ഡിതന്മാരായിരുന്നു. ഞാൻ ഉദ്ധരിക്കുന്ന ഏതൊരു ഹദീസിന്റെയും പരമ്പര (ഇസ്നാദ്) എന്റെ പക്കലുണ്ട്.”

​ഇമാം ബുഖാരിയുടെ സൂക്ഷ്മതയും ഭയഭക്തിയും എത്രത്തോളമായിരുന്നു എന്നത് അദ്ദേഹത്തിന്റെ നമസ്കാരത്തിലെ ഏകാഗ്രതയിൽ നിന്ന് മനസ്സിലാക്കാം. ഒരിക്കൽ അദ്ദേഹം നമസ്കരിക്കുകയായിരുന്നു. നമസ്കാരശേഷം അദ്ദേഹം വസ്ത്രം ഉയർത്തി നോക്കിയപ്പോൾ ഒരു കടന്നൽ അദ്ദേഹത്തെ 16-ഓ 17-ഓ തവണ കുത്തിയിരിക്കുന്നു. ശരീരം മുഴുവൻ വീങ്ങിയിരിക്കുന്നു. സുഹൃത്തുക്കൾ ചോദിച്ചു: “ആദ്യത്തെ കുത്തേറ്റപ്പോൾ തന്നെ നിങ്ങൾക്ക് നമസ്കാരം നിർത്താമായിരുന്നില്ലേ?” അദ്ദേഹം നൽകിയ മറുപടി, അല്ലാഹുവിനോടുള്ള അദ്ദേഹത്തിന്റെ സാമീപ്യം വ്യക്തമാക്കുന്നതാണ്: “ഞാൻ ഒരു സൂറത്ത് ഓതുകയായിരുന്നു, അത് പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചു” (كنت في سورة فأحببت أن أتمها). അല്ലാഹുവിനോടുള്ള സാമീപ്യത്തിൽ ഭൗതികമായ വേദനകൾ പോലും അദ്ദേഹം മറന്നുപോയി.

​കച്ചവടത്തിലും ഇടപാടുകളിലും അദ്ദേഹം കാണിച്ച സൂക്ഷ്മത അത്ഭുതാവഹമാണ്. പിതാവിൽ നിന്ന് ലഭിച്ച സമ്പത്ത് മുളാരിബ (ലാഭവിഹിത വ്യവസ്ഥ) അടിസ്ഥാനത്തിൽ മറ്റുള്ളവർക്ക് കച്ചവടത്തിന് നൽകുകയാണ് അദ്ദേഹം ചെയ്തിരുന്നത്. ഒരിക്കൽ ഒരു കച്ചവടക്കാരൻ അദ്ദേഹത്തിന് 25,000 ദിർഹം നൽകാനുണ്ടായിരുന്നു. അത് കിട്ടാതെ വന്നപ്പോൾ, ഗവർണറുടെ കത്ത് വാങ്ങി അയാളെ സമീപിക്കാൻ ചിലർ ഉപദേശിച്ചു. എന്നാൽ ഇമാം ബുഖാരി പറഞ്ഞു: “ഞാൻ അവരിൽ നിന്ന് കത്ത് വാങ്ങിയാൽ അവർ എന്നിൽ നിന്ന് (ദീനിയായ കാര്യങ്ങളിൽ) വല്ലതും പ്രതീക്ഷിക്കും. ഭൗതികമായ ലാഭത്തിന് വേണ്ടി എന്റെ ദീനിനെ വിൽക്കാൻ ഞാൻ തയ്യാറല്ല” (لن أبيع ديني بدنياي). അവസാനം മാസം പത്ത് ദിർഹം വെച്ച് തന്നാൽ മതി എന്ന വ്യവസ്ഥയിൽ അദ്ദേഹം അത് ഒത്തുതീർപ്പാക്കി.

​മറ്റൊരു സംഭവം ഇതാണ്: അദ്ദേഹത്തിന് കുറച്ച് സാധനങ്ങൾ വിൽക്കാനുണ്ടായിരുന്നു. വൈകുന്നേരം ചില കച്ചവടക്കാർ വന്ന് 5,000 ദിർഹം ലാഭം നൽകാമെന്ന് പറഞ്ഞു. അദ്ദേഹം അവരോട് പിറ്റേദിവസം വരാൻ പറഞ്ഞു. പിറ്റേന്ന് മറ്റൊരു കൂട്ടർ വന്ന് 10,000 ദിർഹം ലാഭം നൽകാമെന്ന് പറഞ്ഞു. എന്നാൽ ഇമാം ബുഖാരി അത് നിരസിച്ചു. അദ്ദേഹം പറഞ്ഞു: “ഇന്നലെ വന്നവർക്ക് 5,000 ദിർഹമിന് നൽകാമെന്ന് ഞാൻ മനസ്സിൽ നിയ്യത്ത് വെച്ചു പോയി. കൂടുതൽ ലാഭം കിട്ടുമെന്നതിനാൽ എന്റെ നിയ്യത്ത് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

​അദ്ദേഹത്തിന്റെ സ്വഭാവശുദ്ധി (അഖ്ലാഖ്) എത്ര ഉന്നതമായിരുന്നു! ഒരിക്കൽ അദ്ദേഹം ഇരിക്കുമ്പോൾ ഒരു അടിമപെണ്ണ് (ജാരിയെ) കടന്നുവരികയും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്ന മഷിക്കുപ്പി തട്ടിമറിഞ്ഞ് മഷി പരക്കുകയും ചെയ്തു. അദ്ദേഹം അവരോട് ചോദിച്ചു: “നീ എങ്ങനെയാണ് നടക്കുന്നത്?” അവർ ധിക്കാരത്തോടെ മറുപടി പറഞ്ഞു: “വഴിയൊന്നുമില്ലെങ്കിൽ പിന്നെ ഞാൻ എങ്ങനെ നടക്കും?” അദ്ദേഹം ദേഷ്യപ്പെട്ടില്ല, അവളെ ശകാരിച്ചില്ല. അദ്ദേഹം പറഞ്ഞു: “നീ പോകുക, നിന്നെ ഞാൻ അല്ലാഹുവിന്റെ പ്രീതിക്കായി മോചിപ്പിച്ചിരിക്കുന്നു.” ഇത് കണ്ട് അത്ഭുതപ്പെട്ടവരോട് അദ്ദേഹം പറഞ്ഞു: “അവൾ എന്നെ ദേഷ്യം പിടിപ്പിച്ചു, അതിന് പകരമായി അവളെ മോചിപ്പിച്ചുകൊണ്ട് ഞാൻ എന്റെ നഫ്സിനെ തൃപ്തിപ്പെടുത്തി.”

വിമർശന ശാസ്ത്രത്തിൽ (ജർഹു വത്തഅ്ദീൽ) അദ്ദേഹം അതീവ സൂക്ഷ്മതയും മാന്യതയും പുലർത്തിയിരുന്നു. ഒരാൾ കള്ളം പറയുന്നവനാണെന്ന് ബോധ്യപ്പെട്ടാൽ പോലും “അയാൾ കളവ് പറയുന്നവനാണ്” എന്ന് അദ്ദേഹം തുറന്നടിക്കാറില്ല. മറിച്ച് “അയാളിൽ ചില നിരൂപണങ്ങളുണ്ട്”, അല്ലെങ്കില്‍ “അയാളെക്കുറിച്ച് അവർ മൗനം പാലിച്ചിരിക്കുന്നു” എന്നിങ്ങനെയുള്ള പദങ്ങളാണ് ഉപയോഗിക്കുക. അദ്ദേഹം ഒരാളെക്കുറിച്ച് ഉപയോഗിക്കുന്ന ഏറ്റവും കടുപ്പമേറിയ വാക്ക് “മുൻകറുൽ ഹദീസ്” (ഹദീസ് നിഷേധിക്കപ്പെട്ടവൻ) എന്നാണ്.

​എന്നിരുന്നാലും സംശയമുള്ളവരിൽ നിന്ന് ഹദീസ് സ്വീകരിക്കുന്നതിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. അദ്ദേഹം പറഞ്ഞു: “നിരൂപണം ആവശ്യമുള്ള ഒരാളിൽ നിന്ന് പത്തായിരത്തോളം ഹദീസുകൾ ഞാൻ ഉപേക്ഷിച്ചിട്ടുണ്ട്. അതുപോലെ അത്രതന്നെ ഹദീസുകൾ വേറെയും ഉപേക്ഷിച്ചു.”

ഇമാം ബുഖാരിയുടെ ഓർമ്മശക്തിയെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നത് കാണുക: “ഒരു ലക്ഷം സ്വഹീഹായ ഹദീസുകളും, രണ്ട് ലക്ഷം സ്വഹീഹല്ലാത്ത ഹദീസുകളും എനിക്ക് മനഃപാഠമാണ്.” (ഇവിടെ ഹദീസുകൾ എന്ന് ഉദ്ദേശിക്കുന്നത് ഒരേ ഹദീസിന്റെ തന്നെ പല വഴികളിലൂടെയുള്ള നിവേദനങ്ങളെക്കൂടി പരിഗണിച്ചാണ്. അതായത് ഒരേ ഹദീസ് പല സനദുകളിലൂടെ വരുമ്പോൾ അവയെല്ലാം അദ്ദേഹം മനഃപാഠമാക്കിയിരുന്നു എന്ന് സാരം).

​അദ്ദേഹം തുടർന്നു പറയുന്നു: “സ്വഹാബിമാരിൽ നിന്നോ താബിഉകളിൽ നിന്നോ ഞാൻ ഒരു ഹദീസ് ഉദ്ധരിക്കുകയാണെങ്കിൽ, അവരിൽ ഭൂരിഭാഗം പേരുടെയും ജനനം, മരണം, താമസസ്ഥലം എന്നിവ എനിക്കറിയാം. അവരിൽ നിന്ന് ഞാൻ ഉദ്ധരിക്കുന്ന ഏതൊരു ഹദീസിനും (മൗഖൂഫായവ ഉൾപ്പെടെ) എന്റെ അടുക്കൽ കൃത്യമായ അടിസ്ഥാനമുണ്ട്.”

​ഇമാം ബുഖാരിയുടെ ഓർമ്മശക്തിയെ പരീക്ഷിക്കാൻ ബാഗ്ദാദിലെ പണ്ഡിതന്മാർ ഒത്തുകൂടിയ സംഭവം ചരിത്രപ്രസിദ്ധമാണ്. അവർ പത്തുപേർ വീതം പത്ത് ഹദീസുകൾ വീതം ആകെ 100 ഹദീസുകൾ തിരഞ്ഞെടുത്തു. പക്ഷേ, അവർ ഹദീസുകളുടെ സനദുകളും (പരമ്പര) മത്‌നുകളും (വാചകം) പരസ്പരം മാറ്റിമറിച്ചു. എന്നിട്ട് സദസ്സിൽ വെച്ച് ഓരോരുത്തരായി ഈ മാറിപ്പോയ ഹദീസുകൾ ബുഖാരിയോട് ചൊല്ലിക്കൊടുത്തു. ഓരോ ഹദീസ് കേൾക്കുമ്പോഴും ബുഖാരി പറയും: “എനിക്കിത് അറിയില്ല” (لا أعرفه). പണ്ഡിതന്മാർ പരസ്പരം നോക്കി, അദ്ദേഹത്തിന് കാര്യം മനസ്സിലായി എന്ന് അവർക്ക് ബോധ്യപ്പെട്ടു. എന്നാൽ വിവരമില്ലാത്തവർ കരുതിയത് ബുഖാരിക്ക് ഹദീസ് അറിയില്ല എന്നാണ്. എല്ലാവരും ചോദ്യങ്ങൾ അവസാനിപ്പിച്ചപ്പോൾ ബുഖാരി എഴുന്നേറ്റു. ആദ്യത്തെ ആളിനോട് പറഞ്ഞു: “നിങ്ങൾ പറഞ്ഞ ആദ്യത്തെ ഹദീസ് ഇന്നതാണ്, അത് തെറ്റാണ്, അതിന്റെ ശരിയായ രൂപം ഇതാണ്.” അങ്ങനെ നൂറ് ഹദീസുകളുടെയും തെറ്റുകൾ തിരുത്തി, ഓരോ മത്‌നിനും യോജിച്ച ശരിയായ സനദ് അദ്ദേഹം ചൊല്ലിക്കൊടുത്തു. അന്ന് ബാഗ്ദാദിലെ പണ്ഡിതസഭ ഒന്നടങ്കം അദ്ദേഹത്തിന്റെ ഇമാമത്ത് അംഗീകരിച്ചു. അവർ തെറ്റായി ഉദ്ധരിച്ച ഹദീസുകൾ അപ്പോൾ തന്നെ ക്രമത്തിൽ മനഃപാഠമാക്കുകയും പിന്നെ അത് അവിടെ തന്നെ തിരുത്തി പറയുകയും ചെയ്തതാണ് യഥാർത്ഥ അത്ഭുതം.

അദ്ദേഹത്തിൽ നിന്ന് നേരിട്ട് ‘സ്വഹീഹുൽ ബുഖാരി’ കേട്ടുപഠിച്ചവരുടെ എണ്ണം തൊണ്ണൂറായിരം (90,000) വരുമെന്ന് പറയപ്പെടുന്നു. ഇമാം മുസ്‌ലിം, തിർമിദി, നസാഈ, ഇബ്നു ഖുസൈമ (رَحِمَهُمُ اللَّهُ) തുടങ്ങിയ ഹദീസ് ലോകത്തെ നക്ഷത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.

​തന്റെ ഗുരുവായ ബുഖാരിയോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഇമാം മുസ്‌ലിം (رَحِمَهُ اللَّهُ) ഒരിക്കൽ അദ്ദേഹത്തിന്റെ ഇരു കണ്ണുകൾക്കിടയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു: “ഉസ്താദുമാരുടെ ഉസ്താദേ, മുഹദ്ദിസുകളുടെ നേതാവേ, ഹദീസിലെ ‘ഇലലുകളുടെ’ (സൂക്ഷ്മ ന്യൂനതകളുടെ) വൈദ്യനേ, അങ്ങയുടെ കാലുകൾ ചുംബിക്കാൻ എന്നെ അനുവദിച്ചാലും.”

​ഇമാം ഇബ്നു ഖുസൈമ (رَحِمَهُ اللَّهُ) പറഞ്ഞു: “ആകാശത്തിന് കീഴിൽ ബുഖാരിയേക്കാൾ ഹദീസ് അറിയുന്നവനായി മറ്റാരും തന്നെയില്ല.” ഖുതൈബ ബ്നു സഈദ് പറഞ്ഞു: “ഞാൻ പല ഫുഖഹാക്കളെയും സാഹിദുകളെയും കണ്ടിട്ടുണ്ട്, എന്നാൽ മുഹമ്മദ് ബ്നു ഇസ്മാഈലിനെപ്പോലെ ഒരാളെ (അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ) ഞാൻ കണ്ടിട്ടില്ല.”

​ പരീക്ഷണങ്ങളും വിയോഗവും

​എങ്കിലും, ഇത്രയേറെ ആദരിക്കപ്പെട്ടിട്ടും അല്ലാഹുവിന്റെ പരീക്ഷണം അദ്ദേഹത്തെയും തേടിയെത്തി. നിശാപൂരിലായിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഗുരുവായ മുഹമ്മദ് ബ്നു യഹ്‌യ അദ്ദുഹ്‌ലിയുമായുണ്ടായ അഭിപ്രായവ്യത്യാസം വലിയൊരു പരീക്ഷണമായി മാറി. ഖുർആൻ പാരായണം ചെയ്യുമ്പോൾ നമ്മുടെ നാവിലൂടെ വരുന്ന ശബ്ദം (ലഫ്ള്) സൃഷ്ടിയാണോ അല്ലയോ എന്ന വിഷയത്തിലായിരുന്നു തർക്കം. ഇമാം ബുഖാരിയുടെ നിലപാട് വ്യക്തമായിരുന്നു: “ഖുർആൻ അല്ലാഹുവിന്റെ വചനമാണ് (കലാമുല്ലാഹ്), അത് സൃഷ്ടിയല്ല. എന്നാൽ അടിമകളുടെ പ്രവർത്തനങ്ങൾ (നമ്മുടെ ശബ്ദവും പാരായണവും) സൃഷ്ടിക്കപ്പെട്ടതാണ്” (القرآن كلام الله غير مخلوق وافعال العباد مخلوقة). ഇത് അഹ്‌ലുസ്സുന്നയുടെ കൃത്യമായ നിലപാടാണ്. എന്നാൽ അസൂയക്കാരായ ചിലർ അദ്ദേഹം “ഖുർആൻ സൃഷ്ടിയാണ്” എന്ന് പറയുന്നുവെന്ന് പ്രചരിപ്പിച്ചു.

യഥാർത്ഥത്തിൽ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടേയില്ല. “എന്റെ ലഫ്ള് സൃഷ്ടിയാണ് എന്ന് ഞാൻ പറഞ്ഞു എന്ന് ആരെങ്കിലും വാദിച്ചാൽ അവൻ കള്ളം പറയുകയാണ്” (من زعم أني قلت لفظي بالقرآن مخلوق فهو كذاب) എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന് നിശാപൂരിൽ നിന്ന് അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നു. ഇമാം മുസ്ലിം (رَحِمَهُ اللَّهُ) മാത്രമാണ് ആ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നത്.

​അദ്ദേഹം തന്റെ നാട്ടായ ബുഖാറയിലേക്ക് മടങ്ങി. അവിടെ ജനങ്ങൾ അദ്ദേഹത്തെ രാജകീയമായി സ്വീകരിച്ചു. എന്നാൽ അവിടെയും പരീക്ഷണം അദ്ദേഹത്തെ കാത്തിരുന്നു. ബുഖാറയിലെ ഗവർണറായ ഖാലിദ് ബ്നു അഹ്മദ്, തന്റെ കൊട്ടാരത്തിൽ വന്ന് മക്കൾക്ക് ഹദീസ് ഓതിക്കൊടുക്കണമെന്ന് ബുഖാരിയോട് ആവശ്യപ്പെട്ടു. എന്നാൽ, “വിജ്ഞാനത്തെ നിന്ദിക്കാൻ ഞാൻ തയ്യാറല്ല, വിജ്ഞാനത്തെ തേടി ഇങ്ങോട്ട് വരണം, അങ്ങോട്ട് കൊണ്ടുപോകില്ല” എന്ന് പറഞ്ഞ് അദ്ദേഹം ആ ആവശ്യം നിരസിച്ചു. ഇത് ഗവർണർക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ അവിടെ നിന്നും അദ്ദേഹത്തിന് പുറത്താക്കപ്പെടേണ്ടി വന്നു. അവസാനം അദ്ദേഹം ഖർത്തങ്ക് (خرتنك) എന്ന ഗ്രാമത്തിൽ തന്റെ ബന്ധുക്കളുടെ അടുക്കൽ അഭയം തേടി. അവിടെ വെച്ച് രോഗബാധിതനായി. ഏകാന്തതയുടെയും പരീക്ഷണങ്ങളുടെയും നാളുകളിൽ അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു. ആ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. ഹിജ്റ 256, ശവ്വാൽ മാസത്തിലെ ഈദുൽ ഫിത്തർ രാവിൽ, 62-ാം വയസ്സിൽ ഹദീസ് ലോകത്തെ ആ സൂര്യൻ അസ്തമിച്ചു.​മൂന്ന് വെള്ള വസ്ത്രങ്ങളിൽ (ഖമീസോ തലപ്പാവോ ഇല്ലാതെ) തന്നെ കഫൻ ചെയ്യണമെന്ന് അദ്ദേഹം വസിയ്യത്ത് ചെയ്തിരുന്നു. അല്ലാഹു ആ മഹാനുഭാവന് വിശാലമായ കാരുണ്യം നൽകട്ടെ.

അല്ലാഹുവിന്റെ വചനമായ ഖുർആൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആധികാരികതയുള്ള ഗ്രന്ഥം (സ്വഹീഹുൽ ബുഖാരി), അൽ-അദബുൽ മുഫ്റദ്, അത്താരീഖുൽ കബീർ എന്നിവ കൂടാതെ ​അൽ-അദബുൽ മുഫ്റദ് (الأدب المفرد): പ്രവാചകന്റെ (صلى الله عليه وعلى آله وسلم) സ്വഭാവമഹിമകളും മര്യാദകളും ചർച്ച ചെയ്യുന്ന ഗ്രന്ഥം, ​ഖൽഖു അഫ്ആലിൽ ഇബാദ് (خلق أفعال العباد): അല്ലാഹുവിന്റെ വചനമായ ഖുർആൻ സൃഷ്ടിയല്ല എന്ന് സമർത്ഥിക്കുന്ന ഗ്രന്ഥം, ജുസ്ഉ റഫ്ഇൽ യദൈനി (جزء رفع اليدين): നമസ്കാരത്തിൽ കൈ ഉയർത്തുന്നതിനെക്കുറിച്ചുള്ള ഗ്രന്ഥം, ​ജുസ്ഉൽ ഖിറാഅഃ ഖൽഫൽ ഇമാം (جزء القراءة خلف الإمام): ഇമാമിന് പിന്നിലുള്ള ഓത്തിനെ സംബന്ധിച്ച ഗ്രന്ഥം,​അത്താരീഖുൽ ഔസത്, അത്താരീഖുസ്സ്വഗീർ ഇങ്ങനെ ഒട്ടനവധി അമൂല്യ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

പ്രവാചകന്മാരോടും സ്വിദ്ദീഖീങ്ങളോടും ശുഹദാക്കളോടും ഒപ്പം സ്വർഗ്ഗത്തിൽ അല്ലാഹു നമ്മെയും അദ്ദേഹത്തെയും ഒരുമിച്ചു കൂട്ടട്ടെ.

ഈ ലേഖനം ശൈഖ് മുഹമ്മദ് സഈദ് റസ്ലാൻ (حفظه الله) നൽകിയ ദർസിലെ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. ഇതിൽ പരാമർശിച്ചിരിക്കുന്ന ചരിത്ര സംഭവങ്ങളും ഉദ്ധരണികളും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഗ്രന്ഥങ്ങളിൽ സ്ഥിരപ്പെട്ടതാണ്.

വിവർത്തനം : മുഹമ്മദ് അമീൻ

Share This Article
Leave a Comment