ശൈഖ് മുഹമ്മദ് ബിൻ സഈദ് റസ്‌ലാൻ
മുസ്ലിംകളിൽ ഭൂരിഭാഗം പേർക്കും തെറ്റിദ്ധാരണയുണ്ടാക്കുന്ന, പരസ്പരം സാമ്യം തോന്നിക്കുന്ന ചില സ്വഭാവഗുണങ്ങളുണ്ട്. ചിലർ അല്ലാഹുവിന്റെ വലിയ ഔലിയാക്കളായി (اولياء الله) കണക്കാക്കുന്നത്, വസ്ത്രധാരണത്തിലോ ശുചിത്വത്തിലോ ശ്രദ്ധിക്കാത്ത, ബുദ്ധിമാന്ദ്യം സംഭവിച്ചവരെപ്പോലെയുള്ളവരെയാണ്. ഇത് വലിയൊരു അബദ്ധമാണ്. ഹൃദയനൈർമല്യം (سلامة القلب) എന്നത് മൗഢ്യമല്ല.
1. ഹൃദയനൈർമല്യവും (سلامة القلب) മൗഢ്യവും (البله)
ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.
ഹൃദയനൈർമല്യം (سلامة القلب): തിന്മയെക്കുറിച്ചുള്ള അറിവുണ്ടായിരിക്കെത്തന്നെ (معرفة الشر), അത് പ്രവർത്തിക്കാൻ ഉദ്ദേശിക്കാതിരിക്കലാണ് (عدم إرادة الشر) ഹൃദയനൈർമല്യം. തിന്മ എന്താണെന്ന് അവനറിയാം, പക്ഷേ അവന്റെ ഹൃദയം അതിൽ നിന്ന് സുരക്ഷിതമാണ്. തിന്മയെക്കുറിച്ച് അറിവില്ലാത്തവനല്ല അവൻ; മറിച്ച് തിന്മയെ തിരിച്ചറിയുകയും അതിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവനാണ്. പൂർണ്ണത എന്നത്, തിന്മയുടെ വിശദാംശങ്ങൾ അറിയുകയും, എന്നാൽ അതിനെ പ്രവർത്തിക്കാനുള്ള ഇച്ഛയിൽ (إرادة) നിന്ന് ഹൃദയം സുരക്ഷിതമായിരിക്കുകയും ചെയ്യുക എന്നതാണ്.
മൗഢ്യം/അജ്ഞത (البله / الغفلة): ഇത് തിന്മയെക്കുറിച്ചുള്ള അറിവില്ലായ്മയും (جهل) വിവരക്കുറവുമാണ്. തിന്മ എന്താണെന്ന് പോലും അവനറിയില്ല. ജനങ്ങൾ ഇക്കൂട്ടരെ പുകഴ്ത്തുന്നത്, ഇവരിൽ നിന്ന് ഉപദ്രവമുണ്ടാകില്ല എന്നതുകൊണ്ടാണ്. അല്ലാതെ അതൊരു ഉന്നത ഗുണമയതുകൊണ്ടല്ല.
ഉമർ ബിൻ ഖത്താബ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞ വാചകം ശ്രദ്ധേയമാണ്: “ഞാൻ വഞ്ചകനല്ല (خب); എന്നാൽ ഒരു വഞ്ചകന് എന്നെ വഞ്ചിക്കാനുമാകില്ല (لا يخدعني الخب).” ഉമർ (رَضِيَ اللَّهُ عَنْهُ) വഞ്ചകനായിരുന്നില്ല. എന്നാൽ വഞ്ചകന്മാരുടെ രീതികളും തന്ത്രങ്ങളും അറിയാത്ത വിഡ്ഢിയുമായിരുന്നില്ല അദ്ദേഹം. വഞ്ചിക്കപ്പെടാൻ മാത്രം വിവരമില്ലാത്തവനല്ല അദ്ദേഹം; മറിച്ച് വഞ്ചനയുടെ വഴികൾ കൃത്യമായി അറിയുന്നവനും, എന്നാൽ സ്വന്തം ഹൃദയത്തെ വഞ്ചനയിൽ നിന്ന് കാത്തുസൂക്ഷിച്ചവനുമായിരുന്നു.
അല്ലാഹുവിന്റെ വചനം കാണുക: {ധനമോ സന്താനങ്ങളോ ഉപകരിക്കാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി (قلب سليم) അല്ലാഹുവിന്‍റെ അടുക്കൽ ചെന്നവർക്കൊഴികെ} [അൽ-ശുഅറാ: 88-89]. രോഗബാധിതമായ ഹൃദയങ്ങളിൽ നിന്ന് വ്യത്യസ്തമായി, ‘സംശയങ്ങൾ’ (ശൂബുഹാത്ത്), ‘ദേഹേച്ഛകൾ’ (ശഹവാത്ത്) എന്നിവയിൽ നിന്ന് സുരക്ഷിതമായ ഹൃദയമാണ് ‘ഖൽബുൻ സലീം’ (കുറ്റമറ്റ ഹൃദയം).
- ശൂബുഹാത്ത് (شبهات): ഇത് ഊഹങ്ങളെ (ظن) പിന്തുടരാൻ പ്രേരിപ്പിക്കുന്നു.
- ശഹവാത്ത് (شهوات): ഇത് മനസ്സിനെ ഇച്ഛകൾക്ക് (هوى) പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നു.
ഈ രണ്ട് രോഗങ്ങളിൽ നിന്നും മുക്തമായി, തിന്മയെ തിരിച്ചറിഞ്ഞ് അതിൽ നിന്ന് അകന്നുനിൽക്കുന്നവനാണ് യഥാർത്ഥ ഹൃദയനൈർമല്യമുള്ളവൻ.
2. ആത്മവിശ്വാസവും (الثقة) വഞ്ചന/അഹന്തയും (الغرور)
പലപ്പോഴും ഒരാൾക്ക് ‘ആത്മവിശ്വാസ’മാണുള്ളതെന്ന് (الثقة بالنفس) പറയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അത് ‘അഹന്ത’യോ ‘വഞ്ചന’യോ (غرور) ആയിരിക്കാം.
ആത്മവിശ്വാസം (الثقة): ഇത് വ്യക്തമായ തെളിവുകളെയും അടയാളങ്ങളെയും (أدلة وأمارات) അടിസ്ഥാനമാക്കി ഹൃദയത്തിനുണ്ടാകുന്ന ശാന്തതയാണ് (سكون). അനുഭവങ്ങളും സത്യസന്ധമായ ഉൾക്കാഴ്ചയും (فراسة) ഇതിന് ബലം നൽകുന്നു. ‘തിഖ’ (الثقة) എന്ന പദം ‘വിഥാഖ്’ (وثاق – കെട്ട്/ബന്ധനം) എന്നതിൽ നിന്നാണ് വരുന്നത്. ഹൃദയം അല്ലാഹുവുമായി ഉറപ്പുള്ള ബന്ധത്തിലായിരിക്കുമ്പോഴാണ് യഥാർത്ഥ ആത്മവിശ്വാസം ഉണ്ടാകുന്നത്. അവൻ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നു (توكل). പ്രയാസങ്ങളിൽ അവന് മറ്റൊരു അഭയസ്ഥാനമില്ല. അവന്റെ ആത്മവിശ്വാസം അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ബലത്തിലാണ് നിൽക്കുന്നത്.
അഹന്ത/വഞ്ചന (الغرور): ഇത് സ്വന്തം ദേഹേച്ഛകളാലും (نفس), പിശാചിനാലും, വ്യാമോഹങ്ങളാലും വഞ്ചിക്കപ്പെടുന്ന അവസ്ഥയാണ്. വിശ്വസിക്കാൻ പാടില്ലാത്തതിനെ വിശ്വസിക്കലും, പ്രതീക്ഷിക്കാൻ പാടില്ലാത്തതിൽ പ്രതീക്ഷ വെക്കലുമാണിത്. മരുഭൂമിയിലെ മരീചിക (കാനൽജലം) കണ്ട് വെള്ളമാണെന്ന് കരുതി പോകുന്നവനെപ്പോലെയാണിത്.
അല്ലാഹുവിന്റെ വചനം: {അവിശ്വസിച്ചവരാകട്ടെ അവരുടെ കർമ്മങ്ങൾ മരുഭൂമിയിലെ മരീചിക (سراب) പോലെയാകുന്നു. ദാഹിച്ചവൻ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവനതിനടുത്ത് ചെന്നാൽ അങ്ങനെയൊന്നു ഉള്ളതായി അവൻ കാണുകയില്ല. എന്നാൽ തന്റെ അടുത്ത് അല്ലാഹുവിനെ അവൻ കണ്ടെത്തും. അപ്പോൾ അല്ലാഹു അവന് അവന്റെ കണക്ക് തീർത്തു കൊടുക്കും…} [അൻ-നൂർ: 39].
ചിലർക്ക് അല്ലാഹു അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു നൽകും; അവർ പാപങ്ങളിൽ മുഴുകിയിരിക്കുമ്പോഴും. ഇത് അവരെ വഞ്ചിക്കാനാണ് (استدراج). അല്ലാഹുവിന്റെ വചനം: {അങ്ങനെ അവർക്ക് നൽകപ്പെട്ട ഉൽബോധനം അവർ മറന്നപ്പോൾ എല്ലാ കാര്യങ്ങളുടെയും കവാടങ്ങൾ നാം അവർക്ക് തുറന്നുകൊടുത്തു. അങ്ങനെ അവർക്ക് നൽകപ്പെട്ടതിൽ അവർ ആഹ്ലാദിച്ചപ്പോൾ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോൾ അവരതാ നിരാശപ്പെട്ടവരാകുന്നു.} [അൽ-അൻആം: 44]. അല്ലാഹു നൽകുന്ന അനുഗ്രഹങ്ങൾ കണ്ട് താൻ അല്ലാഹുവിന്റെ പ്രിയപ്പെട്ടവനാണെന്ന് അവൻ തെറ്റിദ്ധരിക്കുന്നു. ഇതാണ് ഏറ്റവും വലിയ വഞ്ചന (الغرور).
പിശാച് മനുഷ്യനെ മോഹിപ്പിക്കുന്നത് പാപമോചനത്തെക്കുറിച്ചുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടാണ്. “പിന്നീട് തൗബ ചെയ്യാം” എന്ന് പറഞ്ഞ് അവൻ മനുഷ്യനെ വഞ്ചിക്കുന്നു. അങ്ങനെ മരണം പെട്ടെന്ന് വന്നെത്തുന്നു.
അഹന്തയുടെ വാക്കുകൾ (ശ്രദ്ധിക്കുക): മൂന്ന് വാക്കുകൾ വലിയ പരീക്ഷണമാണ്: “ഞാൻ” (أنا), “എനിക്ക്” (لي), “എന്റെ അടുക്കൽ” (عندي).
- “ഞാൻ” (أنا): ഇബ്ലീസ് പറഞ്ഞു: {“ഞാൻ അവനെക്കാൾ (ആദമിനെക്കാൾ) ഉത്തമനാണ്”.}
- “എനിക്ക്” (لي): ഫിർഔൻ പറഞ്ഞു: {“ഈജിപ്തിലെ രാജാധികാരം എനിക്കല്ലയോ?”}
- “എന്റെ അടുക്കൽ” (عندي): ഖാറൂൻ പറഞ്ഞു: {“എന്റെ പക്കലുള്ള അറിവ് മുഖേനയാണ് എനിക്കിത് ലഭിച്ചത്”.}
അതേസമയം, ഈ വാക്കുകൾ നല്ല നിലയിലും ഉപയോഗിക്കാം:
- “ഞാൻ പാപിയായ ദാസനാണ്, ഞാൻ മാപ്പിരക്കുന്നവനാണ്.”
- “എനിക്ക് പാപങ്ങളുണ്ട്, എനിക്ക് അല്ലാഹുവിന്റെ മുന്നിൽ ദാരിദ്ര്യമുണ്ട്.”
- “എന്റെ അടുക്കൽ തെറ്റുകുറ്റങ്ങളുണ്ട്, പൊറുത്തുതരേണമേ.”
3. മത്സരവും (المنافسة) അസൂയയും (الحسد)
ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തവർ ധാരാളമാണ്.
മത്സരം (المنافسة): മറ്റൊരാളിൽ കാണുന്ന നന്മകളും പൂർണ്ണതയും കണ്ട്, അതുപോലെയാകാൻ അല്ലെങ്കിൽ അതിനേക്കാൾ മുന്നിലെത്താൻ (മുസ്ലിമായ സഹോദരന് ദോഷം വരാത്ത നിലയിൽ) പരിശ്രമിക്കലാണിത്. ഇത് ആത്മാവിന്റെ മഹത്വത്തിൽ (شرف النفس) നിന്നും ഉയർന്ന ചിന്തയിൽ (علو الهمة) നിന്നും ഉണ്ടാകുന്നതാണ്. അല്ലാഹുവിന്റെ വചനം: {അക്കാര്യത്തിലായിരിക്കട്ടെ മത്സരിക്കുന്നവർ മത്സരിക്കുന്നത് (فليتنافس المتنافسون)} [അൽ-മുത്വഫ്ഫിഫീൻ: 26]. ‘മുനാഫസ’ (മത്സരം) എന്ന വാക്ക് ‘നഫീസ്’ (വിലപിടിപ്പുള്ള വസ്തു) എന്നതിൽ നിന്നാണ് വരുന്നത്. നന്മയിൽ മുന്നിലെത്താൻ സ്വഹാബികൾ മത്സരിച്ചിരുന്നു.
ഉമർ (رَضِيَ اللَّهُ عَنْهُ) വിന്റെയും അബൂബക്കർ (رَضِيَ اللَّهُ عَنْهُ) വിന്റെയും സംഭവം പ്രസിദ്ധമാണ്. തബൂക്ക് യുദ്ധവേളയിൽ നബി ﷺ ധർമ്മം ചെയ്യാൻ കൽപ്പിച്ചപ്പോൾ ഉമർ (رَضِيَ اللَّهُ عَنْهُ) വിചാരിച്ചു: “ഇന്ന് ഞാൻ അബൂബക്കറിനെ മുൻകടക്കും.” അദ്ദേഹം തന്റെ സമ്പത്തിന്റെ പകുതി കൊണ്ടുവന്നു. എന്നാൽ അബൂബക്കർ (رَضِيَ اللَّهُ عَنْهُ) തന്റെ സമ്പത്ത് മുഴുവനായും കൊണ്ടുവന്നു. നബി ﷺ ചോദിച്ചു: “താങ്കൾ വീട്ടുകാർക്ക് എന്ത് ബാക്കിയാക്കി?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിനെയും അവന്റെ റസൂലിനെയും.” അപ്പോൾ ഉമർ (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: “ഇനി ഒരിക്കലും ഞാൻ താങ്കളോട് മത്സരിക്കില്ല (താങ്കളെ പരാജയപ്പെടുത്താൻ എനിക്ക് കഴിയില്ല).” ഇവിടെ ഉമർ (رَضِيَ اللَّهُ عَنْهُ) വിന് അബൂബക്കർ (رَضِيَ اللَّهُ عَنْهُ) വിനോട് അസൂയയായിരുന്നില്ല; മറിച്ച് നന്മയിൽ മുന്നിലെത്താനുള്ള ആഗ്രഹമായിരുന്നു.
അസൂയ (الحسد): ഇത് വളരെ മോശമായ സ്വഭാവമാണ്. മറ്റുള്ളവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ (نعمة) നീങ്ങിപ്പോകാൻ ആഗ്രഹിക്കലാണിത്. ആ അനുഗ്രഹം തനിക്ക് ലഭിച്ചില്ലെങ്കിലും വേണ്ടില്ല, മറ്റേയാൾക്ക് അത് ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവനാണ് അസൂയക്കാരൻ. അസൂയക്കാരൻ അല്ലാഹുവിന്റെ വിധിയിൽ അതൃപ്തനാണ്.
യൂസുഫ് നബി (عَلَيْهِ ٱلسَّلَام) യുടെ സഹോദരന്മാർക്ക് അദ്ദേഹത്തോടുണ്ടായിരുന്നത് അസൂയയായിരുന്നു. അവർ വിശ്വാസികളായിരുന്നിട്ടു കൂടി, അസൂയ കാരണം സഹോദരനെ കിണറ്റിലെറിയാൻ അവർ തയ്യാറായി. അസൂയ ഇല്ലാത്ത ശരീരങ്ങളില്ല. എന്നാൽ മാന്യൻ അത് മറച്ചുവെക്കുന്നു; മോശക്കാരൻ അത് വെളിപ്പെടുത്തുന്നു.
ഗിബ്ത (الغبطة): മറ്റൊരാൾക്ക് ലഭിച്ച അനുഗ്രഹം നീങ്ങിപ്പോകാൻ ആഗ്രഹിക്കാതെ, അതുപോലൊന്ന് തനിക്കും ലഭിക്കാൻ ആഗ്രഹിക്കുന്നതിനെ ‘ഗിബ്ത’ എന്ന് പറയുന്നു. ഇത് അനുവദനീയമാണ്, ചിലപ്പോൾ പ്രശംസനീയവുമാണ്. നബി ﷺ പറഞ്ഞു: “രണ്ടുകാര്യങ്ങളിലല്ലാതെ അസൂയ (ഇവിടെ ഉദ്ദേശ്യം ‘ഗിബ്ത’യാണ്) പാടില്ല.
- അല്ലാഹു ഒരാൾക്ക് ഖുർആൻ പഠിപ്പിച്ചു കൊടുത്തു; അവൻ രാപ്പകലുകളിൽ അതനുസരിച്ച് ജീവിക്കുന്നു.
- അല്ലാഹു ഒരാൾക്ക് സമ്പത്ത് നൽകി; അവൻ അത് നല്ല മാർഗ്ഗത്തിൽ ചെലവഴിക്കുന്നു.” [ബുഖാരി, മുസ്ലിം].
ഇവരെപ്പോലെയാകാൻ ആഗ്രഹിക്കുന്നത് നല്ലതാണ്. “അല്ലാഹുവേ, ഇവർക്ക് നൽകിയതിൽ നീ ബറക്കത്ത് നൽകേണമേ, എനിക്കും നീ അത് നൽകേണമേ” എന്ന് പ്രാർത്ഥിക്കാം. എന്നാൽ “അവർക്ക് ലഭിച്ചത് ഇല്ലാതാക്കേണമേ” എന്ന് ചിന്തിക്കുന്നത് അസൂയയാണ്; അത് ഹറാം ആകുന്നു. അല്ലാഹു നമ്മുടെ ഹൃദയങ്ങളെ കാത്തുരക്ഷിക്കുമാറാകട്ടെ.

