ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി
അല്ലാഹു തന്റെ നാമം ലോകത്ത് നിലനിർത്തുകയും, അദ്ദേഹത്തിന്റെ വിജ്ഞാനത്തിൽ വലിയ അനുഗ്രഹം ചൊരിയുകയും ചെയ്ത മഹാനായ പണ്ഡിതനാണ് ഇമാം ബുഖാരി رَحِمَهُ اللَّهُ. ഇസ്‌ലാമിക ലോകത്ത് പ്രകാശം പരത്തിയ അത്യുന്നത പണ്ഡിതനും, കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ നേതാവും, പ്രവാചകന്മാരുടെ അനന്തരാവകാശിയുമായ അദ്ദേഹത്തെ ‘ഹദീസ് വിജ്ഞാന ശാസ്ത്രത്തിൽ വിശ്വാസികളുടെ നേതാവ്’ (അമീറുൽ മുഅ്മിനീൻ ഫിൽ ഹദീസ്) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആൻ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ആധികാരികവും ശരിയായതുമായ ഗ്രന്ഥത്തിന്റെ (സ്വഹീഹുൽ ബുഖാരി) രചയിതാവാണ് അദ്ദേഹം. വിജ്ഞാനത്തിന്റെ മഹാസമുദ്രമായ ഈ പണ്ഡിതശ്രേഷ്ഠന്റെ ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്.
പേരും ജനനവും
അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ ഇസ്മാഈൽ ബിൻ ഇബ്രാഹീം ബിൻ അൽ-മുഗീറ ബിൻ ബർദിസ്‌ബ അൽ-ജുഅ്ഫി അൽ-ബുഖാരി എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. ‘മാ വറാഅന്നഹ്ർ’ (ട്രാൻസെക്സിയാന) പ്രദേശത്തെ ബുഖാറ എന്ന ദേശത്തേക്ക് ചേർത്തിക്കൊണ്ടാണ് അദ്ദേഹം അൽ-ബുഖാരി എന്ന് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രപിതാമഹനായ ബർദിസ്‌ബ ഒരു പേർഷ്യക്കാരനായിരുന്നു, മജൂസിയ്യത്തിൽ (അഗ്നിയാരാധന) തന്നെയായിരുന്നു അദ്ദേഹം മരണപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന്റെ മകൻ അൽ-മുഗീറ ബുഖാറയിലെ അപ്പോഴത്തെ ഗവർണറായിരുന്ന യമാൻ അൽ-ജുഅ്ഫിയുടെ അടുക്കൽ വെച്ച് ഇസ്‌ലാം സ്വീകരിച്ചു. ഒരാൾ ആരുടെയെങ്കിലും കൈകളിൽ ഇസ്‌ലാം സ്വീകരിച്ചാൽ അയാൾ ആ ഗോത്രത്തിലേക്ക് ചേർക്കപ്പെടുക എന്നത് അക്കാലത്തെ പതിവായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് അൽ-ജുഅ്ഫി എന്ന പേര് ലഭിച്ചത്.
ഹിജ്റ 194 ശവ്വാൽ മാസം 13-ന് ഒരു വെള്ളിയാഴ്ച ദിവസമാണ് ഇമാം ബുഖാരി رَحِمَهُ اللَّهُ ജനിച്ചത്. ശൈഖുൽ ഇസ്‌ലാം അബ്ദുല്ലാഹി ബ്നുൽ മുബാറക്, വകീഅ് ബിൻ അൽ-ജർറാഹ് رَحِمَهُمُ اللَّهُ തുടങ്ങിയ മഹാപണ്ഡിതന്മാർ മരണപ്പെട്ടതിന് ശേഷം ഇസ്‌ലാമിക ലോകത്ത് ഉദയം ചെയ്ത വിജ്ഞാനത്തിന്റെ മറ്റൊരു സൂര്യനായിരുന്നു അദ്ദേഹം.
ബാല്യകാലവും മാതാവിന്റെ പ്രാർത്ഥനയും
വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം അനാഥനായി മാറി. അദ്ദേഹത്തിന്റെ പിതാവ് ഇസ്മാഈൽ ബിൻ ഇബ്രാഹീം ഒരു പണ്ഡിതനായിരുന്നു. ഹമ്മാദ് ബിൻ സെയ്ദ്, ഇമാം മാലിക് ബിൻ അനസ് رَحِمَهُمُ اللَّهُ തുടങ്ങിയവരിൽ നിന്ന് അദ്ദേഹം ഹദീസ് പഠിക്കുകയും, പ്രമുഖ പണ്ഡിതനായ അബ്ദുല്ലാഹി ബ്നുൽ മുബാറക് رَحِمَهُ اللَّهُ വിനോടൊപ്പം സഹവസിക്കുകയും ചെയ്തിരുന്നു. തികഞ്ഞ സൂക്ഷ്മതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ മരണസമയത്ത് അദ്ദേഹം പറഞ്ഞത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്: “എന്റെ സമ്പത്തിൽ ഹറാമായതോ സംശയാസ്പദമായതോ ആയ ഒരു വെള്ളിനാണയം (ദിർഹം) പോലുമുള്ളതായി എനിക്കറിയില്ല.” ഇത്തരം വിശുദ്ധമായ സമ്പത്തിൽ നിന്നാണ് ഇമാം ബുഖാരി വളർന്നുവന്നത്.
പിതാവിന്റെ മരണശേഷം മാതാവിന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. കുട്ടിക്കാലത്ത് അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെടുകയുണ്ടായി. സ്വാലിഹായ അദ്ദേഹത്തിന്റെ മാതാവ് ഈ അവസ്ഥയിൽ അല്ലാഹുവിനോട് കരഞ്ഞുകൊണ്ട് ധാരാളമായി പ്രാർത്ഥിച്ചു. നിരന്തരമായ അവരുടെ പ്രാർത്ഥനക്കൊടുവിൽ ഒരു രാത്രി അവർ ഇബ്രാഹീം നബി (അ) യെ സ്വപ്നത്തിൽ ദർശിച്ചു. ഇബ്രാഹീം നബി (അ) അവരോട് പറഞ്ഞു: “അല്ലയോ സ്ത്രീ, നിന്റെ നിരന്തരമായ പ്രാർത്ഥനകൾ കാരണം അല്ലാഹു നിന്റെ മകന്റെ കാഴ്ചശക്തി തിരികെ നൽകിയിരിക്കുന്നു.” പ്രഭാതത്തിൽ ഉറക്കമുണർന്നപ്പോൾ ഇമാം ബുഖാരിക്ക് തന്റെ കാഴ്ചശക്തി പൂർണ്ണമായും തിരികെ ലഭിച്ചിരുന്നു.
വിജ്ഞാനാന്വേഷണം
തന്റെ പത്താം വയസ്സിലാണ് അദ്ദേഹം ഹദീസുകൾ കേൾക്കാനും പഠിക്കാനും ആരംഭിച്ചത്. പതിനാറാം വയസ്സായപ്പോഴേക്കും ഇബ്നുൽ മുബാറക്, വകീഅ് ബിൻ അൽ-ജർറാഹ് رَحِمَهُمُ اللَّهُ എന്നിവരുടെ ഗ്രന്ഥങ്ങളെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. പതിനാറാം വയസ്സിൽ അദ്ദേഹം തന്റെ മാതാവിനോടും സഹോദരൻ അഹ്‌മദിനോടുമൊപ്പം ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്ക് പോയി. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മാതാവും സഹോദരനും തിരിച്ചുപോയെങ്കിലും, അറിവ് തേടുന്നതിനായി ഇമാം ബുഖാരി رَحِمَهُ اللَّهُ മക്കയിൽ തന്നെ തുടർന്നു. പതിനെട്ടാം വയസ്സിൽ അദ്ദേഹം ഗ്രന്ഥരചനകൾ ആരംഭിച്ചു.
ഹദീസുകൾ അന്വേഷിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്തു. ബൽഖ്, മക്ക, മദീന, ഈജിപ്ത്, ശാമ് (സിറിയ), ബസ്വറ, കൂഫ, ബാഗ്ദാദ് തുടങ്ങിയ വിജ്ഞാന കേന്ദ്രങ്ങളിലേക്കെല്ലാം അദ്ദേഹം സഞ്ചരിച്ചു. ഈ യാത്രകളെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നത് കാണുക: “ഞാൻ ശാമ്, ഈജിപ്ത്, ജസീറ തുടങ്ങിയ പ്രദേശങ്ങളിൽ രണ്ട് തവണ പോയിട്ടുണ്ട്. ബസ്വറയിലേക്ക് നാല് തവണ പോയിട്ടുണ്ട്. ആറ് വർഷത്തോളം ഞാൻ ഹിജാസിൽ (മക്കയും മദീനയും) താമസിച്ചിട്ടുണ്ട്. എന്നാൽ കൂഫയിലും ബാഗ്ദാദിലും ഹദീസ് പണ്ഡിതന്മാരുടെ കൂടെ ഞാൻ എത്ര തവണ പ്രവേശിച്ചിട്ടുണ്ടെന്ന് എനിക്ക് തന്നെ തിട്ടപ്പെടുത്താൻ കഴിയില്ല.”
ഗുരുക്കന്മാരും ശിഷ്യന്മാരും
ആയിരത്തിലധികം പണ്ഡിതന്മാരിൽ നിന്നും അദ്ദേഹം ഹദീസുകൾ കേട്ട് പഠിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: “ആയിരത്തി എൺപതോളം (1080) പണ്ഡിതന്മാരിൽ നിന്നും ഞാൻ ഹദീസ് എഴുതിയെടുത്തിട്ടുണ്ട്. അവരെല്ലാവരും ഹദീസ് പണ്ഡിതന്മാരായിരുന്നു.” മക്കി ബിൻ ഇബ്രാഹീം, അബൂ ആസിം അൽ-നബീൽ, ഉബൈദുല്ല ബിൻ മൂസ, ഇമാം അഹ്‌മദ് ബിൻ ഹൻബൽ, അലി ബിൻ അൽ-മദീനി, യഹ്‌യ ബിൻ മഈൻ رَحِمَهُمُ اللَّهُ തുടങ്ങിയ എണ്ണമറ്റ മഹാപണ്ഡിതന്മാരിൽ നിന്നും അദ്ദേഹം അറിവ് കരസ്ഥമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ എണ്ണം കണക്കാക്കുക എന്നത് അസാധ്യമാണ്. തൊണ്ണൂറായിരത്തിലധികം (90,000) ആളുകൾ അദ്ദേഹത്തിൽ നിന്നും നേരിട്ട് സ്വഹീഹുൽ ബുഖാരി കേട്ടുപഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഏറ്റവും പ്രമുഖർ സ്വഹീഹ് മുസ്‌ലിമിന്റെ രചയിതാവായ ഇമാം മുസ്‌ലിം ബിൻ അൽ-ഹജ്ജാജ്, സുനനുൽ കുബ്റയുടെ രചയിതാവായ ഇമാം അഹ്‌മദ് ബിൻ ശുഐബ് അൽ-നസാഈ, ജാമിഉത്തിർമിദിയുടെ രചയിതാവായ ഇമാം അബൂ ഈസാ അത്തിർമിദി رَحِمَهُمُ اللَّهُ തുടങ്ങിയ അത്യുന്നത പണ്ഡിതന്മാരാണ്.
മഹാന്മാരുടെ പ്രശംസകൾ
ഇമാം ബുഖാരി رَحِمَهُ اللَّهُ വിന്റെ പാണ്ഡിത്യത്തെയും ഹദീസ് വിജ്ഞാന ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തെയും കുറിച്ച് മുൻഗാമികളായ പണ്ഡിതന്മാർ അങ്ങേയറ്റം പ്രശംസിച്ചിട്ടുണ്ട്:
- ഇമാം അഹ്‌മദ് ബിൻ ഹൻബൽ رَحِمَهُ اللَّهُ പറയുന്നു: “ഖുറാസാൻ പ്രദേശം മുഹമ്മദ് ബിൻ ഇസ്മാഈലിനെപ്പോലെ ഒരാൾക്ക് ജന്മം നൽകിയിട്ടില്ല.”
- അലി ബിൻ അൽ-മദീനി رَحِمَهُ اللَّهُ പറയുന്നു: “മുഹമ്മദ് ബിൻ ഇസ്മാഈൽ തന്നെപ്പോലൊരാളെ കണ്ടിട്ടില്ല.” തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹദീസ് പണ്ഡിതനായിരുന്ന അലി ബിൻ അൽ-മദീനിയുടെ ഈ സാക്ഷ്യം ഇമാം ബുഖാരിയുടെ മഹത്വം വ്യക്തമാക്കുന്നു. എന്നാൽ ഇമാം ബുഖാരി رَحِمَهُ اللَّهُ തന്റെ ശൈഖായ അലി ബിൻ അൽ-മദീനിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ വിനയം കാണിക്കുന്നതാണ്. അദ്ദേഹം പറഞ്ഞു: “അലി ബിൻ അൽ-മദീനിയുടെ സദസ്സിലല്ലാതെ മറ്റൊരിടത്തും ഞാൻ എന്നെ നിസ്സാരനായി കണ്ടിട്ടില്ല.”
- അംറ് ബിൻ അലി അൽ-ഫല്ലാസ് رَحِمَهُ اللَّهُ പറയുന്നു: “മുഹമ്മദ് ബിൻ ഇസ്മാഈലിന് അറിയാത്ത ഒരു ഹദീസുണ്ടെങ്കിൽ അത് ഹദീസല്ല.” അക്കാലത്തെ പണ്ഡിതന്മാർ അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം ഇതിൽ നിന്ന് മനസ്സിലാക്കാം.
- യഹ്‌യ ബിൻ ജഅ്ഫർ അൽ-ബീകൻദി رَحِمَهُ اللَّهُ പറയുന്നു: “എന്റെ ആയുസ്സിൽ നിന്നും കുറച്ച് എടുത്ത് മുഹമ്മദ് ബിൻ ഇസ്മാഈലിന് നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ നൽകുമായിരുന്നു. കാരണം, എന്റെ മരണം ഒരു വ്യക്തിയുടെ മരണം മാത്രമാണ്; എന്നാൽ മുഹമ്മദ് ബിൻ ഇസ്മാഈലിന്റെ മരണം വിജ്ഞാനത്തിന്റെ മരണം കൂടിയാണ്.”
- അബൂ സഹ്ൽ رَحِمَهُ اللَّهُ പറയുന്നു: ഈജിപ്തിലെ മുപ്പതിലധികം പണ്ഡിതന്മാർ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “ദുനിയാവിൽ ഞങ്ങളുടെ ഒരേയൊരു ആവശ്യം (ആഗ്രഹം) മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ-ബുഖാരിയെ കാണുക എന്നതാണ്.”
- ഇമാം ഇബ്നു ഖുസൈമ رَحِمَهُ اللَّهُ പറയുന്നു: “ഈ ആകാശത്തിന് താഴെ റസൂൽ ﷺ യുടെ ഹദീസുകൾ മുഹമ്മദ് ബിൻ ഇസ്മാഈലിനേക്കാൾ അറിയുന്ന മറ്റൊരാളില്ല.”
- ഇമാം അത്തിർമിദി رَحِمَهُ اللَّهُ പറയുന്നു: “ഹദീസുകളിലെ ന്യൂനതകളും പരമ്പരകളും അദ്ദേഹത്തേക്കാൾ അറിയുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല.” (ജാമിഉത്തിർമിദിയിൽ പല ഹദീസുകളെക്കുറിച്ചും അദ്ദേഹം നിരന്തരം ചോദിച്ചിരുന്നത് ഇമാം ബുഖാരിയോടായിരുന്നു).
- ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി رَحِمَهُ اللَّهُ പറയുന്നു: “അദ്ദേഹത്തെക്കുറിച്ചുള്ള പിൽക്കാല പണ്ഡിതന്മാരുടെ പ്രശംസകൾ ഞാൻ എഴുതാൻ തുടങ്ങിയാൽ കടലാസുകൾ തീർന്നുപോകുകയും ശ്വാസം നിലക്കുകയും ചെയ്യും. തീരമില്ലാത്ത ഒരു മഹാസമുദ്രമാണദ്ദേഹം.”
ഇമാം ബുഖാരി رَحِمَهُ اللَّهُ വിന്റെ ജീവിതത്തിലെ കൂടുതൽ വിവരങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്ന പരീക്ഷണങ്ങളും അടുത്ത ഭാഗത്തിൽ.

