ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി
ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതനായ ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ-ബുഖാരി رَحِمَهُ اللَّهُ വിന്റെ വിജ്ഞാനാന്വേഷണം, ഗുരുക്കന്മാർ, ശിഷ്യസമ്പത്ത്, പണ്ഡിതന്മാരുടെ പ്രശംസകൾ എന്നിവയെക്കുറിച്ചാണ് കഴിഞ്ഞ ഭാഗത്തിൽ നാം മനസ്സിലാക്കിയത്. ഇസ്‌ലാമിക സമുദായത്തിന് അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവനയായ ‘സ്വഹീഹുൽ ബുഖാരി’, അദ്ദേഹത്തിന്റെ മറ്റ് ഗ്രന്ഥങ്ങൾ, ജീവിതത്തിൽ നേരിടേണ്ടി വന്ന കടുത്ത പരീക്ഷണങ്ങൾ, അദ്ദേഹത്തിന്റെ അവസാന നാളുകൾ എന്നിവയാണ് ഈ ഭാഗത്തിൽ പരിശോധിക്കുന്നത്.
ഗ്രന്ഥരചനകളും വൈജ്ഞാനിക സംഭാവനകളും
ഇമാം ബുഖാരി رَحِمَهُ اللَّهُ കേവലം ‘സ്വഹീഹുൽ ബുഖാരി’ യുടെ മാത്രം രചയിതാവായിരുന്നില്ല. മറിച്ച്, വിവിധ വിജ്ഞാന ശാഖകളിലായി ഇരുപതിലധികം ഉജ്ജ്വല ഗ്രന്ഥങ്ങൾ അദ്ദേഹം ഇസ്‌ലാമിക ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചില ഗ്രന്ഥങ്ങൾ താഴെ പറയുന്നവയാണ്:
- അൽ-അദബുൽ മുഫ്റദ് (الأدب المفرد): ഇസ്‌ലാമിക മര്യാദകളും സ്വഭാവഗുണങ്ങളും വിവരിക്കുന്ന മഹത്തായ ഹദീസ് ഗ്രന്ഥമാണിത്.
- അത്താരീഖുൽ കബീർ (التاريخ الكبير): ഹദീസ് നിവേദകരുടെ (റുവാത്തുകൾ) ജീവചരിത്രങ്ങൾ അക്ഷരമാലാക്രമത്തിൽ ക്രോഡീകരിച്ച അതിബൃഹത്തായ ഒരു ഗ്രന്ഥമാണിത്. ഹദീസ് നിവേദകരെ വിലയിരുത്തുന്ന (ഇൽമുർരിജാൽ) ശാഖയിലെ അത്ഭുതങ്ങളിലൊന്നാണിത്.
- അത്താരീഖുസ്സഗീർ (التاريخ الصغير): നബി ﷺ യുടെയും സ്വഹാബികളുടെയും അവരെ തുടർന്നുവന്ന ഹദീസ് നിവേദകരുടെയും ഹിജ്റ 256 വരെയുള്ള ചരിത്രം സംക്ഷിപ്തമായി വിവരിക്കുന്ന ഗ്രന്ഥമാണിത്.
- ഖൽഖ് അഫ്ആലിൽ ഇബാദ് (خلق أفعال العباد): ദാസന്മാരുടെ കർമ്മങ്ങൾ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് സമർത്ഥിക്കുന്ന, വിശ്വാസപരമായ ഒരു സുപ്രധാന ഗ്രന്ഥമാണിത്. അദ്ദേഹത്തിന് നേരിടേണ്ടി വന്ന പരീക്ഷണങ്ങളുമായി ഈ ഗ്രന്ഥത്തിന് വലിയ ബന്ധമുണ്ട്.
- ജുസ്ഉ റഫ്ഇൽ യദൈൻ ഫിസ്സലാഹ് (جزء رفع اليدين في الصلاة): നമസ്കാരത്തിൽ കൈകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട ഹദീസുകൾ ക്രോഡീകരിച്ചത്.
- ജുസ്ഉൽ ഖിറാഅത്തി ഖൽഫൽ ഇമാം (جزء القراءة خلف الإمام): ഇമാമിന്റെ പിന്നിൽ നിൽക്കുമ്പോൾ ഫാത്തിഹ പാരായണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗ്രന്ഥം.
- അൽ-കുനാ (الكنى): നിവേദകരുടെ അപരനാമങ്ങൾ (കുൻയത്തുകൾ) പ്രതിപാദിക്കുന്ന ഗ്രന്ഥം.
സ്വഹീഹുൽ ബുഖാരി
ഇമാം ബുഖാരി رَحِمَهُ اللَّهُ വിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലും, വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ആധികാരികവുമായ ഗ്രന്ഥമാണ് ‘സ്വഹീഹുൽ ബുഖാരി’. ഈ ഗ്രന്ഥത്തിന്റെ പൂർണ്ണമായ പേര് ‘അൽ-ജാമിഉൽ മുസ്നദുസ്സഹീഹുൽ മുഖ്തസറു മിൻ ഉമൂരി റസൂലില്ലാഹി ﷺ വസുനനിഹീ വഅയ്യാമിഹീ’ (الجامع المسند الصحيح المختصر من أمور رسول الله ﷺ وسننه وأيامه) എന്നാണ്.
ഈ ബൃഹത്തായ ഗ്രന്ഥത്തിന്റെ രചനയിലേക്ക് അദ്ദേഹത്തെ നയിച്ച പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്:
- ഗുരുവിന്റെ ആഗ്രഹം: തന്റെ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതനായ ഇസ്ഹാഖ് ബിൻ റാഹവൈഹി رَحِمَهُ اللَّهُ വിന്റെ സദസ്സിൽ ഇമാം ബുഖാരി ഇരിക്കുകയായിരുന്നു. അപ്പോൾ ഇസ്ഹാഖ് ബിൻ റാഹവൈഹി പറഞ്ഞു: “പ്രവാചകൻ ﷺ യുടെ സ്വഹീഹായ (സ്ഥിരപ്പെട്ട) ഹദീസുകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സംക്ഷിപ്തമായ ഒരു ഗ്രന്ഥം നിങ്ങളാരെങ്കിലും ക്രോഡീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!” ഈ വാക്ക് ഇമാം ബുഖാരിയുടെ ഹൃദയത്തിൽ പതിയുകയും, ആ ഉദ്യമത്തിന് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു.
- ഒരു സ്വപ്ന ദർശനം: അദ്ദേഹം ഒരു സ്വപ്നം കണ്ടു. നബി ﷺ യുടെ അരികിൽ നിൽക്കുന്ന അദ്ദേഹം, ഒരു വിശറികൊണ്ട് അവിടുത്തെ ശരീരത്തിൽ നിന്നും ഈച്ചകളെ ആട്ടിയകറ്റുകയാണ്. ഇതിന്റെ വ്യാഖ്യാനം ചോദിച്ചപ്പോൾ ഒരു പണ്ഡിതൻ പറഞ്ഞു: “താങ്കൾ പ്രവാചകൻ ﷺ യുടെ മേൽ കെട്ടിച്ചമക്കപ്പെടുന്ന കളവുകളെ (വ്യാജ ഹദീസുകളെ) പ്രതിരോധിക്കുന്നതാണ്.” ഇതും അദ്ദേഹത്തിന് വലിയ പ്രചോദനമായി.
പതിനാറ് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം. അതിനിടയിൽ മൂന്ന് തവണ അദ്ദേഹം ഈ ഗ്രന്ഥം തിരുത്തിയെഴുതുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രന്ഥത്തിന്റെ അന്തിമരൂപം അദ്ദേഹം തയ്യാറാക്കിയത് മദീനയിലെ മസ്ജിദുന്നബവിയിൽ വെച്ചാണ്; പ്രവാചകന്റെ ﷺ ഖബറിനും മിമ്പറിനുമിടയിലുള്ള റൗദയിൽ വെച്ച്. ഇതിലെ ഓരോ ഹദീസും രേഖപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹം വുദു എടുക്കുകയും, രണ്ട് റക്അത്ത് നമസ്കരിക്കുകയും, അല്ലാഹുവിനോട് ഇസ്തിഖാറത്ത് (നന്മ തേടുക) നടത്തുകയും ചെയ്തിരുന്നു. പൂർണ്ണബോധ്യമുണ്ടായതിന് ശേഷം മാത്രമാണ് ഓരോ ഹദീസും അദ്ദേഹം ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയത്.
താഴെ പറയുന്ന കർശനമായ നിബന്ധനകൾ പാലിച്ചുകൊണ്ടാണ് അദ്ദേഹം ഹദീസുകൾ സ്വീകരിച്ചത്:
- നിവേദകർ അങ്ങേയറ്റം സത്യസന്ധരും വിശ്വസ്തരുമായിരിക്കണം .
- അവർക്ക് മികച്ച ഓർമ്മശക്തി ഉണ്ടായിരിക്കണം.
- ഹദീസ് റിപ്പോർട്ട് ചെയ്യുന്ന രണ്ടുപേർ തമ്മിൽ ഒരേ കാലഘട്ടത്തിൽ ജീവിച്ചവരാണെന്ന് മാത്രമല്ല, അവർ തമ്മിൽ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഈ നിബന്ധന ഇമാം ബുഖാരിയുടെ മാത്രം പ്രത്യേകതയാണ് (ഇമാം മുസ്‌ലിം സമകാലികരാണെന്നത് മാത്രം മതിയാക്കിയിട്ടുണ്ട്).
താൻ മനഃപാഠമാക്കിയിരുന്ന ആറ് ലക്ഷത്തോളം ഹദീസുകളിൽ നിന്നുമാണ് ഈ ഗ്രന്ഥത്തിലേക്കുള്ള ഹദീസുകൾ അദ്ദേഹം തിരഞ്ഞെടുത്തത്. ആവർത്തനങ്ങൾ ഉൾപ്പെടെ 7275 ഹദീസുകളാണ് സ്വഹീഹുൽ ബുഖാരിയിലുള്ളത്. ആവർത്തനങ്ങൾ ഒഴിവാക്കിയാൽ അത് ഏകദേശം നാലായിരത്തോളം വരും. ഈ ഗ്രന്ഥം പൂർത്തിയായ ശേഷം അദ്ദേഹം അത് തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതന്മാരായ അഹ്‌മദ് ബിൻ ഹൻബൽ, യഹ്‌യ ബിൻ മഈൻ, അലി ബിൻ അൽ-മദീനി رَحِمَهُمُ اللَّهُ എന്നിവർക്ക് മുൻപിൽ അവതരിപ്പിച്ചു. അവരെല്ലാവരും ആ ഗ്രന്ഥത്തെ പൂർണ്ണമായും അംഗീകരിക്കുകയും അതിലെ ഹദീസുകളുടെ ആധികാരികത ശരിവെക്കുകയും ചെയ്തു. വെറും നാല് ഹദീസുകളുടെ കാര്യത്തിൽ മാത്രമാണ് അവർക്ക് സംശയമുണ്ടായിരുന്നത്; എന്നാൽ ആ നാല് ഹദീസുകളുടെ കാര്യത്തിലും ഇമാം ബുഖാരിയുടെ നിഗമനം തന്നെയായിരുന്നു ശരി എന്ന് പിന്നീട് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
കടുത്ത പരീക്ഷണങ്ങൾ (മിഹ്നത്ത്)
ഇമാം ബുഖാരി رَحِمَهُ اللَّهُ വിന്റെ അറിവും പ്രശസ്തിയും ലോകമെമ്പാടും വ്യാപിച്ചപ്പോൾ, സ്വാഭാവികമായും ചില ആളുകളിൽ അത് അസൂയക്ക് കാരണമായി. അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രധാനമായും രണ്ട് വലിയ പരീക്ഷണങ്ങളാണ് ഉണ്ടായത്.
ഒന്നാമത്തെ പരീക്ഷണം (നൈസാപൂരിൽ): ഇമാം ബുഖാരി അറിവ് തേടി നൈസാപൂരിൽ എത്തിയപ്പോൾ അവിടെ അദ്ദേഹത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ സദസ്സിലേക്ക് ഒഴുകിയെത്തി. അന്ന് അവിടെയുണ്ടായിരുന്ന പ്രമുഖ പണ്ഡിതനും അദ്ദേഹത്തിന്റെ ഗുരുക്കന്മാരിൽ ഒരാളുമായിരുന്ന മുഹമ്മദ് ബിൻ യഹ്‌യ അദ്ദുഹ്‌ലിക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല; അദ്ദേഹത്തിന്റെ സദസ്സിലെ വിദ്യാർത്ഥികൾ കുറയുകയും ഇമാം ബുഖാരിയുടെ സദസ്സ് നിറയുകയും ചെയ്തു. ഈ അസൂയയിൽ നിന്ന് ഇമാം ബുഖാരിക്കെതിരെ അവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി.
“എന്റെ ഖുർആൻ പാരായണം സൃഷ്ടിയാണ്” (ലഫ്‌ളീ ബിൽ ഖുർആനി മഖ്‌ലൂഖ്) എന്ന് ഇമാം ബുഖാരി പറഞ്ഞു എന്നതായിരുന്നു അവർ ഉന്നയിച്ച ആരോപണം. എന്നാൽ ഇമാം ബുഖാരിയുടെ നിലപാട് അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ തികച്ചും വ്യക്തമായ നിലപാടായിരുന്നു. ഖുർആൻ അല്ലാഹുവിന്റെ വചനമാണ്, അത് സൃഷ്ടിയല്ല; എന്നാൽ ദാസന്മാരായ മനുഷ്യരുടെ ശബ്ദവും അവരുടെ കർമ്മങ്ങളും സൃഷ്ടിയാണ് എന്നതാണ് ആ നിലപാട്. എന്നാൽ ഈ വാക്കിനെ അവർ വളച്ചൊടിക്കുകയും, ജനങ്ങളെ അദ്ദേഹത്തിനെതിരെ ഇളക്കിവിടുകയും ചെയ്തു. അവസാനം, കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായി അദ്ദേഹം തന്റെ ജന്മനാടായ ബുഖാറയിലേക്ക് തിരിച്ചുപോകാൻ നിർബന്ധിതനായി.
രണ്ടാമത്തെ പരീക്ഷണം (ബുഖാറയിൽ): ബുഖാറയിൽ എത്തിയ അദ്ദേഹത്തെ വലിയ സന്തോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. എന്നാൽ അവിടെയും അദ്ദേഹത്തിന് പരീക്ഷണം നേരിടേണ്ടി വന്നു. ബുഖാറയിലെ ഗവർണറായിരുന്ന ഖാലിദ് ബിൻ അഹ്‌മദ് അദ്ദുഹ്‌ലി, ഇമാം ബുഖാരിയോട് തന്റെ കൊട്ടാരത്തിൽ വന്ന് തന്റെ മക്കൾക്ക് സ്വഹീഹുൽ ബുഖാരിയും താരീഖും പഠിപ്പിച്ചുകൊടുക്കണമെന്ന് കൽപ്പിച്ചു. ഇതിന് ഇമാം ബുഖാരി നൽകിയ മറുപടി ചരിത്രപ്രസിദ്ധമാണ്: “അറിവ് ഇങ്ങോട്ട് തേടിവരപ്പെടേണ്ടതാണ്; അറിവ് അങ്ങോട്ട് പോയി നൽകേണ്ടതല്ല (العلم يؤتى ولا يأتي).”
ഇത് കേട്ട ഗവർണർ, എങ്കിൽ തന്റെ മക്കൾക്ക് മാത്രമായി ഒരു പ്രത്യേക സദസ്സ് ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ഇമാം ബുഖാരി അതും നിരസിച്ചുകൊണ്ട് പറഞ്ഞു: “വിജ്ഞാനം കേൾക്കുന്നതിൽ നിന്നും സാധാരണക്കാരായ ജനങ്ങളെ തടയാൻ എനിക്ക് സാധ്യമല്ല.” ഈ മറുപടിയിൽ കോപിഷ്ഠനായ ഗവർണർ, തന്റെ അധികാരം ഉപയോഗിച്ച് കുഴപ്പക്കാരായ ചില ആളുകളെ ഇമാം ബുഖാരിക്കെതിരെ തിരിച്ചുവിടുകയും അദ്ദേഹത്തെ ബുഖാറയിൽ നിന്ന് നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.
അവസാന നാളുകളും വിയോഗവും
ബുഖാറയിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം, തന്റെ ബന്ധുക്കൾ താമസിക്കുന്ന സമർഖന്ദിനടുത്തുള്ള ‘ഖർത്തൻക്’ എന്ന ഗ്രാമത്തിലേക്ക് പോയി. അവിടെ അദ്ദേഹം കുറച്ചുകാലം കഴിഞ്ഞുകൂടി. അദ്ദേഹത്തെ നാടുകടത്തിയ വിവരമറിഞ്ഞ സമർഖന്ദിലെ ജനങ്ങൾ അദ്ദേഹത്തെ അങ്ങോട്ടേക്ക് ക്ഷണിക്കാൻ തീരുമാനിച്ചു. എന്നാൽ അവരിൽ ചിലർ അതിനെ അനുകൂലിച്ചപ്പോൾ മറ്റുചിലർ അതിനെ എതിർത്തു. ഈ വിവരമറിഞ്ഞ ഇമാം ബുഖാരിക്ക് വല്ലാത്ത മനോവിഷമമുണ്ടായി. ദുനിയാവ് അദ്ദേഹത്തിന് ഇടുങ്ങിയതായി അനുഭവപ്പെട്ടു.
അബ്ദുൽ ഖുദ്ദൂസ് ബിൻ അബ്ദുൽ ജബ്ബാർ അസ്സമർഖന്ദി رَحِمَهُ اللَّهُ പറയുന്നു: “ഞാൻ അദ്ദേഹത്തോടൊപ്പം ഖർത്തൻകിലുണ്ടായിരുന്നു. ഒരു രാത്രിയിൽ അദ്ദേഹം അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു: ‘അല്ലാഹുവേ, ഭൂമി ഇത്ര വിശാലമായിരുന്നിട്ടും എനിക്കിത് ഇടുങ്ങിയതായി അനുഭവപ്പെടുന്നു. അതിനാൽ എന്നെ നീ നിന്നിലേക്ക് മടക്കിവിളിക്കേണമേ’ (اللَّهُمَّ ضَاقَتْ عَلَيَّ الْأَرْضُ بِمَا رَحُبَتْ فَاقْبِضْنِي إِلَيْكَ). ഈ പ്രാർത്ഥന നടത്തി ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ അല്ലാഹു അദ്ദേഹത്തെ തിരികെവിളിച്ചു.”
സമർഖന്ദുകാർ അവസാനം ഏകാഭിപ്രായത്തിലെത്തുകയും അദ്ദേഹത്തെ അങ്ങോട്ടേക്ക് ക്ഷണിക്കാൻ ആളെ അയക്കുകയും ചെയ്തു. പരീക്ഷണങ്ങൾ ഒഴിവാക്കാൻ അദ്ദേഹം അങ്ങോട്ട് പോകാൻ തയ്യാറായി. യാത്രാസജ്ജനായി തന്റെ വസ്ത്രങ്ങളും കാലുറകളും ധരിച്ച് വീടിന് പുറത്തേക്കിറങ്ങി. ഏകദേശം 20 ചുവടുകൾ നടന്നപ്പോൾ അദ്ദേഹം ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞു: “എന്നെ വിട്ടേക്കുക, ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.” അദ്ദേഹം അവിടെ കിടക്കുകയും, അല്ലാഹുവിനോട് ദുആ ചെയ്യുകയും ചെയ്തു. തുടർന്ന് ആ മഹാനായ പണ്ഡിതൻ തന്റെ സ്രഷ്ടാവിലേക്ക് യാത്രയായി.
ഹിജ്റ 256 ലെ ഈദുൽ ഫിത്വർ രാവിലായിരുന്നു (റമദാനിലെ അവസാനത്തെ രാത്രി/ശവ്വാൽ ഒന്നാം രാവ്) അദ്ദേഹത്തിന്റെ വിയോഗം. ഇശാ നമസ്കാരത്തിന് ശേഷമാണ് അത് സംഭവിച്ചത്. അന്ന് അദ്ദേഹത്തിന് 62 വയസ്സ് തികയാൻ 13 ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ഇസ്‌ലാമിക ലോകത്തിന് ഈ മഹാനായ പണ്ഡിതൻ വിട്ടേച്ചുപോയത് സമാനതകളില്ലാത്ത ഒരു വലിയ വിജ്ഞാന പൈതൃകമാണ്. ആ പൈതൃകത്തിന്റെ തണലിലാണ് ഇന്നും സമുദായം നിലകൊള്ളുന്നത്. ഇമാം ബുഖാരി رَحِمَهُ اللَّهُ വിന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. സ്വർഗ്ഗത്തിൽ പ്രവാചകൻ ﷺ യോടൊപ്പം അദ്ദേഹത്തെയും നമ്മെയും അല്ലാഹു ഒരുമിച്ചുകൂട്ടട്ടെ.

