ഇസ്‌ലാമിൽ സൃഷ്ടികളെ സൃഷ്ടിച്ചതിന്റെ ആത്യന്തിക ലക്ഷ്യം രണ്ട് ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു:
ഒന്നാമത്തേത് വിജ്ഞാനാധിഷ്ഠിതമാണ്; അനുഗ്രഹപൂർണ്ണനും ഉന്നതനുമായ തങ്ങളുടെ സ്രഷ്ടാവിനെ തിരിച്ചറിയുക എന്നതാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. അല്ലാഹു പറയുന്നു:
اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ۞
‘അല്ലാഹുവാണ് ഏഴ് ആകാശങ്ങൾ സൃഷ്ടിച്ചവൻ. ഭൂമിയിൽ നിന്നും അവയ്ക്ക് തുല്യമായത് അവൻ സൃഷ്ടിച്ചിരിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണെന്നും, അല്ലാഹുവിന്റെ അറിവ് എല്ലാ കാര്യങ്ങളെയും ചൂഴ്ന്നുനിൽക്കുന്നതാണെന്നും നിങ്ങൾ മനസ്സിലാക്കാൻ വേണ്ടി അവയ്ക്കിടയിൽ അല്ലാഹുവിന്റെ കൽപ്പന ഇറങ്ങിക്കൊണ്ടിരിക്കുന്നു.’¹
രണ്ടാമത്തേത് പ്രായോഗികമായതാണ്; സ്തുത്യർഹനും ഉന്നതനുമായ അവനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. അല്ലാഹു പറയുന്നു:
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ۞ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ۞ إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ ۞
‘എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചിട്ടില്ല. അവരിൽ നിന്ന് ഞാൻ ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് ഭക്ഷണം നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും അജയ്യനും.’²
തന്റെ സ്വന്തം കുറവുകൾ നികത്തുന്നതിന് വേണ്ടിയല്ല അല്ലാഹു തന്റെ സൃഷ്ടികളെ സൃഷ്ടിച്ചത്, കാരണം തികഞ്ഞ അർത്ഥത്തിൽ അവൻ പൂർണ്ണതയുള്ളവനാണ്. അവനെ സഹായിക്കാൻ വേണ്ടിയല്ല അവരെ സൃഷ്ടിച്ചത്, കാരണം സമ്പൂർണ്ണമായ അർത്ഥത്തിൽ അവൻ സർവ്വശക്തനാണ്. സമ്പൂർണ്ണമായ അർത്ഥത്തിൽ അവൻ തികച്ചും സ്വയംപര്യാപ്തനും പരാശ്രയമുക്തനുമാണ്. അല്ലാഹു പറയുന്നു:
وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ ۞
‘അല്ലാഹു തന്നെയാകുന്നു സ്വയംപര്യാപ്തനും സ്തുത്യർഹനും.’³
തീർച്ചയായും, അവരെ പരീക്ഷിക്കാനും പരിശോധിക്കാനും വേണ്ടിയാണ് അവൻ അവരെ സൃഷ്ടിച്ചത്; നന്മചെയ്യുന്നവരെ ആദരിക്കാനും തെറ്റുചെയ്യുന്നവരെ ശിക്ഷിക്കാനുമായി നന്മയുടെയും തിന്മയുടെയും വഴികൾ അവൻ അവർക്ക് പഠിപ്പിച്ചുനൽകി.
അല്ലാഹു പറയുന്നു:
إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا ۞ إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا ۞
‘കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽ നിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചു. അവനെ പരീക്ഷിക്കാൻ വേണ്ടി. അങ്ങനെ നാം അവനെ കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കി. തീർച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് അവന് ഒന്നുകിൽ നന്ദിയുള്ളവനാകാം, അല്ലെങ്കിൽ നന്ദികെട്ടവനാകാം.’⁴
അല്ലാഹു വീണ്ടും പറയുന്നു:
تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ۞ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ۞
‘ഏതൊരുവന്റെ കൈയിലാണോ ആധിപത്യമുള്ളത് അവൻ അനുഗ്രഹപൂർണ്ണനായിരിക്കുന്നു. അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരീക്ഷിക്കാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാണവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.’⁵
- അത്ത്വലാഖ് 65:12.
- അദ്ദാരിയാത്ത് 51:56-58.
- ഫാത്വിർ 35:15.
- അൽഇൻസാൻ 76:2-3.
- അൽമുൽക് 67:1-2.