ഖവാരിജുകൾ അവരുടെ പ്രത്യേക സവിശേഷതകളാൽ അറിയപ്പെടുന്നവരാണ്, അവ താഴെ പറയുന്നവയാണ്:
(1) സഹമുസ്‌ലിംകളെ കാഫിറാക്കുന്നതിൽ (തക്ഫീർ ചെയ്യുന്നതിൽ) അതിരുകവിയുക; (2) മുസ്‌ലിംകളുടെ നിയമാനുസൃതമായ ഭരണാധികാരിക്കെതിരെ (ഇമാമിനെതിരെ) പുറത്തുവരികയും (കലാപമുണ്ടാക്കുകയും) ചെയ്യുക; (3) തങ്ങളുടെ അഖീദയോട് വിയോജിക്കുന്ന മുസ്‌ലിംകളുടെ രക്തം ചിന്തുന്നത് അനുവദനീയമാക്കുക (ഹലാലാക്കുക).
നബി ﷺ യുടെ കാലത്തുതന്നെ ഖവാരിജുകളുടെ വിത്ത് മുളച്ചിരുന്നു. എന്നാൽ, ഖലീഫഃ അലി ബിൻ അബീ ത്വാലിബിന്റെ رَضِيَ اللَّهُ عَنْهُ കാലത്താണ് അവർ യഥാർത്ഥത്തിൽ പുറത്തുവന്നതും ഒരു വിഭാഗമായി നിലവിൽ വന്നതും [ഖവാരിജുകളുടെ ഉത്ഭവചരിത്രം കൂടുതൽ വിശദമായി മറ്റൊരു ലേഖനത്തിൽ ഞങ്ങൾ നൽകുന്നതാണ്]. അതുകൊണ്ട്, ഖവാരിജുകൾ ആരാണെന്നും അവരുടെ നാശമടഞ്ഞ അഖീദ എന്താണെന്നും നാം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്; അവരിൽ നിന്ന് പൂർണ്ണമായും അകന്നുനിൽക്കാൻ വേണ്ടിയാണത്.
ഈ ലേഖനത്തിൽ, ഖവാരിജുകളുടെ അഖീദയുടെ അടിസ്ഥാനങ്ങൾ (ഉസ്വൂലുകൾ) പരാമർശിക്കുന്നതാണ്. ഖവാരിജുകൾക്ക് നൽകപ്പെട്ടിട്ടുള്ള പേരുകൾ (വിളിപ്പേരുകൾ) പരാമർശിച്ചുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്; ഒറ്റനോട്ടത്തിൽ തന്നെ അവരുടെ അഖീദയുടെ അടിസ്ഥാനങ്ങൾ എങ്ങനെയുള്ളതാണെന്ന് ആ പേരുകൾ വ്യക്തമാക്കുന്നുണ്ട്.
ഖവാരിജുകൾക്കുള്ള പേരുകൾ (വിളിപ്പേരുകൾ)
പണ്ഡിതന്മാർ ഖവാരിജുകളെ പല പേരുകളിലും വിളിച്ചിട്ടുണ്ട്, അവയിൽ ചിലത് താഴെ പറയുന്നവയാണ്.
ഖവാരിജ് (الخوارج)
നബി ﷺ അവരെ ഇപ്രകാരം വിശേഷിപ്പിച്ചതുകൊണ്ടാണ് അവരെ ഖവാരിജ് എന്ന് വിളിക്കുന്നത്:
يَخْرُجُونَ عَلَى حِينِ فُرْقَةٍ مِنَ النَّاسِ
ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുന്ന സമയത്ത് അവർ പുറത്തുവരുന്നതാണ് (ഖുറൂജ് ചെയ്യുന്നതാണ്). [സഹീഹ് ബുഖാരി – 3414, 5810, 6534, സഹീഹ് മുസ്‌ലിം – 1064]
അതായത്, മഹത്തുക്കളായ രണ്ട് സ്വഹാബികൾക്കിടയിൽ – ഖലീഫഃ അലി ബിൻ അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ, മുആവിയ ബിൻ അബീ സുഫ്‌യാൻ رَضِيَ اللَّهُ عَنْهُ എന്നിവർക്കിടയിൽ – അഭിപ്രായവ്യത്യാസമുണ്ടായ സമയത്ത്; മനഃപൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിച്ച പ്രകോപനക്കാരുടെ (കുഴപ്പക്കാരുടെ) സാന്നിധ്യം കാരണമായിരുന്നു ആ അഭിപ്രായവ്യത്യാസം ഉണ്ടായത്. തുടക്കത്തിൽ ഖവാരിജുകൾ ഖലീഫഃ അലി ബിൻ അബീ ത്വാലിബിന്റെ رَضِيَ اللَّهُ عَنْهُ പക്ഷത്തായിരുന്നു നിലകൊണ്ടിരുന്നത്.
മുസ്‌ലിംകളുടെ നിയമാനുസൃതമായ ഭരണാധികാരിയെ അനുസരിക്കുന്നതിൽ നിന്ന് അവർ പുറത്തുപോയതുകൊണ്ടും, ഭരണാധികാരിയോടൊപ്പമുള്ള മുസ്‌ലിം ജമാഅത്തിൽ നിന്ന് (അതായത് ഖലീഫഃ അലി ബിൻ അബീ ത്വാലിബിന്റെ സംഘത്തിൽ നിന്ന്) അവർ പുറത്തുപോയതുകൊണ്ടുമാണ് അവരെ ഖവാരിജ് എന്ന് വിളിക്കുന്നത്. അവരുടെ നാശമടഞ്ഞതും ബാത്വിലായതുമായ അഖീദയുടെ പ്രേരണയാൽ വാളുമേന്തിക്കൊണ്ടാണ് അവർ പുറത്തുവന്നത് (കലാപമുണ്ടാക്കിയത്).
അന്ത്യനാൾ വരെ അവരുടെ പാത പിൻപറ്റുന്ന ഏതൊരാൾക്കുമുള്ള പൊതുവായ സവിശേഷതയാണിത്.
അൽ മുഹക്കിമഃ (المحكمة)
ഖലീഫഃ അലി ബിൻ അബീ ത്വാലിബിന്റെ رَضِيَ اللَّهُ عَنْهُ നേതൃത്വത്തിൽ നിന്നും, അദ്ദേഹത്തിന്റെ കീഴിലുള്ള മുസ്‌ലിം ജമാഅത്തിൽ നിന്നും അവർ പുറത്തുപോയത് ‘തഹ്കീം’ (മധ്യസ്ഥ ശ്രമം / സമാധാന ശ്രമം) എന്ന പ്രശ്നം കാരണമായതുകൊണ്ടാണ് അവരെ അൽ മുഹക്കിമഃ എന്ന് വിളിക്കുന്നത്. ആ സമയത്ത്, സമാധാന ശ്രമങ്ങളുടെ വിഷയം ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കുന്നതിന് പകരം പ്രതിനിധികളെ (മധ്യസ്ഥരെ) ഏൽപ്പിച്ചു എന്ന് അവർ ഖലീഫഃ അലി ബിൻ അബീ ത്വാലിബിന് رَضِيَ اللَّهُ عَنْهُ മേൽ ആരോപണം ഉന്നയിച്ചു. അവർ ഇപ്രകാരം വിളിച്ചുപറയുകയും ചെയ്തു:
لاحكم الا لله
ലാ ഹുക്മ ഇല്ലാ ലില്ലാഹ് (വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു).
മഹാനായ സ്വഹാബി ഖലീഫഃ അലി ബിൻ അബീ ത്വാലിബിനെയും رَضِيَ اللَّهُ عَنْهُ, ഇരുപക്ഷത്തുനിന്നുമുള്ള രണ്ട് മധ്യസ്ഥരെയും (അതായത് അലി ബിൻ അബീ ത്വാലിബിന്റെ رَضِيَ اللَّهُ عَنْهُ പക്ഷത്തുനിന്നുള്ള അബൂമൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ, മുആവിയ ബിൻ അബീ സുഫ്‌യാന്റെ رَضِيَ اللَّهُ عَنْهُ പക്ഷത്തുനിന്നുള്ള അംറ് ബിൻ അൽ ആസ്വ് رَضِيَ اللَّهُ عَنْهُ എന്നിവരെ), അതുപോലെ അലി ബിൻ അബീ ത്വാലിബിന്റെ തീരുമാനത്തെ അനുകൂലിക്കുകയും അതിൽ തൃപ്തിപ്പെടുകയും ചെയ്ത എല്ലാവരെയും അവർ കാഫിറാക്കി.
ആദ്യകാല ഖവാരിജ് വിഭാഗത്തിന് നൽകപ്പെട്ടിട്ടുള്ള ഒരു പേരാണ് അൽ മുഹക്കിമഃ എന്നത്.
അൽ ഹറൂരിയ്യഃ (الحرورية)
ഖലീഫഃ അലി ബിൻ അബീ ത്വാലിബിനെതിരെ رَضِيَ اللَّهُ عَنْهُ അവർ പുറത്തുവന്നപ്പോൾ ഇറാഖിലെ ‘ഹറൂറാഅ്’ (حروراء) എന്ന് പേരുള്ള ഒരു പ്രദേശത്താണ് അവർ ഒരുമിച്ചുകൂടിയത്; അതുകൊണ്ടാണ് അവരെ ഹറൂരിയ്യഃ എന്ന് വിളിക്കുന്നത്. ആദ്യകാല ഖവാരിജ് വിഭാഗത്തിന് നൽകപ്പെട്ട മറ്റൊരു പേര് കൂടിയാണ് അൽ ഹറൂരിയ്യഃ എന്നത്.
അഹ്‌ലുന്നഹ്‌റവാൻ (أهل النهروان)
ആദ്യകാല ഖവാരിജുകളെ ‘അഹ്‌ലുന്നഹ്‌റവാൻ’ എന്നും വിളിക്കാറുണ്ട്. ഖലീഫഃ അലി ബിൻ അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ അവരോട് (അതായത് ഖവാരിജുകളായ അൽ മുഹക്കിമയോട്) അവസാനമായി ഒരു വലിയ യുദ്ധം നടത്തിയ സ്ഥലമായ ‘നഹ്‌റവാൻ’ എന്നതിലേക്ക് ചേർത്തുകൊണ്ടാണ് ഈ പേര് നൽകപ്പെട്ടത്.
അശ്ശുറാത്ത് (الشراة)
ഖവാരിജുകളെ അശ്ശുറാത്ത് എന്നും വിളിക്കാറുണ്ട്. കാരണം, മുസ്‌ലിംകളെ കൊലപ്പെടുത്തുന്ന തങ്ങളുടെ പ്രവർത്തി അല്ലാഹുവിന്റെ പ്രീതിക്ക് പകരമായി അവർ വിൽക്കുകയാണെന്ന് (شَرَى – ശറാ) അവർ കരുതുകയും വാദിക്കുകയും ചെയ്തു. മുസ്‌ലിംകളെ കൊലപ്പെടുത്തുന്നതിലൂടെ അല്ലാഹുവിന്റെ പ്രീതി വാങ്ങാനോ കൊണ്ടുവരാനോ സാധിക്കുമെന്ന് അവർ ധരിച്ചുവെച്ചു. അങ്ങനെ ഈ പേര് ഖവാരിജുകൾക്ക് വളരെ പ്രിയപ്പെട്ട ഒരു പേരായി മാറുകയും ചെയ്തു.
അവരുടെ ഈ പ്രവർത്തി അല്ലാഹുവിന്റെ ഈ വചനത്തിൽ ഉൾപ്പെടുന്നതാണെന്ന് അവർ ധരിച്ചുവെച്ചു:
إِنَّ اللَّهَ اشْتَرَى مِنَ الْمُؤْمِنِينَ أَنْفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ الْجَنَّةَ
തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന് അവരുടെ ദേഹങ്ങളും ധനവും സ്വർഗ്ഗം അവർക്കാണെന്ന വിലയ്ക്ക് അല്ലാഹു വാങ്ങിയിരിക്കുന്നു. [സൂറത്ത് അത്തൗബഃ – 111]
എന്നാൽ വാസ്തവത്തിൽ, അവർ ചെയ്യുന്ന ഈ നീചമായ പ്രവർത്തിയിൽ നിന്ന് അല്ലാഹുവും അവന്റെ റസൂലും പൂർണ്ണമായും ഒഴിവായവരാണ്.
അൽ മാരിഖഃ (المارقة)
നബി ﷺ ഖവാരിജുകളെ വിശേഷിപ്പിക്കാൻ നൽകിയ പേരാണ് ‘അൽ മാരിഖഃ’ എന്നത്; പുറത്തുപോയവർ (തെറിച്ചുപോയവർ) എന്നാണ് അതിനർത്ഥം. നബി ﷺ അരുളി:
يَمْرُقُونَ مِنَ الدِّينِ مُرُوقَ السَّهْمِ مِنَ الرَّمِيَّةِ
വില്ലിൽ നിന്ന് അമ്പ് തെറിച്ചുപോകും പോലെ അവർ മതത്തിൽ നിന്ന് പുറത്തുപോകുന്നതാണ്. [സഹീഹ് ബുഖാരി – 3414, 4771, 5811, 6532, സഹീഹ് മുസ്‌ലിം – 1063]
ഒരു വേട്ടമൃഗത്തിന്റെ ശരീരത്തിൽ തറച്ചുകയറി, അതിശക്തമായി അത് തുളച്ചുകൊണ്ട് പുറത്തേക്ക് പോകുന്ന അമ്പിനെപ്പോലെയാണ് അവർ മതത്തിൽ നിന്ന് പുറത്തുപോകുന്നത് എന്ന് റസൂലുല്ലാഹി ﷺ ഉപമിച്ചിരിക്കുന്നു.
അൽ മുകഫ്ഫിറഃ (المكفرة)
വൻപാപങ്ങളിൽ (വലിയ കുഫ്‌റിന്റെ ഗണത്തിൽ പെടാത്ത പാപങ്ങളിൽ) വീണുപോയ സഹമുസ്‌ലിംകളെ കാഫിറാക്കുക എന്നത് അവരുടെ ഒരു വിനോദമായതുകൊണ്ടാണ് അവരെ അൽ മുകഫ്ഫിറഃ എന്ന് വിളിക്കുന്നത്. തങ്ങളുടെ വിശ്വാസത്തോടും മൻഹജിനോടും വിയോജിക്കുന്ന മുസ്‌ലിംകളെയും അവർ കാഫിറാക്കി.
അസ്സബഇയ്യഃ (السبئية)
ജൂതനായ അബ്ദുല്ലാഹ് ബിൻ സബഇന്റെ ആശയങ്ങളിലൂടെ രൂപപ്പെട്ട ഫിത്‌നയിൽ (കുഴപ്പങ്ങളിൽ) നിന്നാണ് അവരുടെ തുടക്കം എന്നതുകൊണ്ടാണ് അവരെ അസ്സബഇയ്യഃ എന്ന് വിളിക്കുന്നത്. ഖലീഫഃ ഉസ്മാൻ ബിൻ അഫ്ഫാനെ رَضِيَ اللَّهُ عَنْهُ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂഫയിലുള്ള ആളുകളെ മദീനയിലേക്ക് നയിച്ചത് അബ്ദുല്ലാഹ് ബിൻ സബഅ് ആയിരുന്നു. അങ്ങനെ അവസാനം, ഖവാരിജുകളുടെ കൈകളാൽ ഖലീഫഃ ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللَّهُ عَنْهُ കൊല്ലപ്പെട്ടു (രക്തസാക്ഷിയായി).
ആദ്യകാല ഖവാരിജ് തലമുറയ്ക്കും അക്കാലത്തെ അവരുടെ നേതാക്കൾക്കും നൽകപ്പെട്ട പേരാണ് അസ്സബഇയ്യഃ എന്നത്.
അന്നാസ്വിബഃ (الناصبة)
ഖലീഫഃ അലി ബിൻ അബീ ത്വാലിബിനെയും رَضِيَ اللَّهُ عَنْهُ അദ്ദേഹത്തിന്റെ കുടുംബത്തെയും യുദ്ധം ചെയ്യപ്പെടേണ്ട ശത്രുക്കളായി അവർ പ്രതിഷ്ഠിച്ചതുകൊണ്ടും (നാസ്വബ), ഖലീഫഃ അലി ബിൻ അബീ ത്വാലിബിനോട് അവർ പരസ്യമായി ശത്രുത കാണിച്ചതുകൊണ്ടുമാണ് (ഈ പേര് ലഭിച്ചത്). “വൻപാപങ്ങൾ ചെയ്യുന്നവർ കാഫിറാണ്” എന്ന ഖവാരിജുകളുടെ വാദമാണ് മുസ്‌ലിംകളെ ആദ്യമായി ഭിന്നിപ്പിച്ച വാദം. ഖവാരിജുകളുടെ അഖീദയുടെ അടിസ്ഥാനങ്ങളിൽ പെട്ട ഒന്നാണിത്.
ഇവയെല്ലാം ഖവാരിജുകളുടെ അഖീദയുടെ മുദ്രാവാക്യത്തിലേക്ക് തന്നെയാണ് മടങ്ങുന്നത്. നിയമാനുസൃത ഭരണാധികാരിയുടെ (ഖലീഫഃ അലി ബിൻ അബീ ത്വാലിബിന്റെ) കീഴിലുള്ള മുസ്‌ലിം ജമാഅത്തിനെതിരെ പുറത്തുവരാനും കലാപമുണ്ടാക്കാനും അവർ ഉപയോഗിച്ചത് ഈ മുദ്രാവാക്യമാണ്. അവർ വിളിച്ചുപറഞ്ഞു: ലാ ഹുക്മ ഇല്ലാ ലില്ലാഹ് (വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു).
ആ മുദ്രാവാക്യത്തിലൂടെയും വിളിച്ചുപറയലിലൂടെയും, അവരുടെ കാഴ്ചപ്പാടിൽ മുസ്‌ലിംകളും കാഫിറുകളും തുല്യമായിത്തീർന്നു.
അതുകൊണ്ട്, ഖവാരിജുകൾ തങ്ങളുടെ വിഭാഗത്തിന് വേണ്ടി സ്വന്തമായി ഒരു ഭരണാധികാരിയെ (ഖലീഫയെ) നിയമിച്ചു. കാരണം, തങ്ങളുടെ വിഭാഗം മാത്രമാണ് സത്യവിശ്വാസികൾ എന്നും, തങ്ങളല്ലാത്തവർ (ഖലീഫഃ അലിയും അദ്ദേഹത്തോടൊപ്പമുള്ള മുസ്‌ലിംകളും) കാഫിറുകളാണെന്നും അവർ വാദിച്ചു.
ഹിജ്റ 37-ാം വർഷം ശവ്വാൽ മാസം പത്താം തീയതി അവർ ഖലീഫയായി തിരഞ്ഞെടുക്കുകയും ബൈഅത്ത് ചെയ്യുകയും ചെയ്ത വ്യക്തിയാണ് അബ്ദുല്ലാഹ് ബിൻ വഹബ് അർറാസിബി.
അബ്ദുല്ലാഹ് ബിൻ വഹബ് അർറാസിബി ഖവാരിജുകളുടെ വലിയൊരു നേതാവായിരുന്നു; അയാൾ വഴികേടിലായവനും മറ്റുള്ളവരെ വഴികേടിലാക്കുന്നവനുമായിരുന്നു. അറിയപ്പെടുന്ന ഒരു ഗോത്രമായ ബനൂ റാസിബ് ഗോത്രത്തിൽ നിന്നുള്ളവനായിരുന്നു അയാൾ. നഹ്‌റവാൻ യുദ്ധത്തിൽ ഖലീഫഃ അലി ബിൻ അബീ ത്വാലിബിനെതിരെ رَضِيَ اللَّهُ عَنْهُ യുദ്ധം ചെയ്തപ്പോൾ ഖവാരിജുകളുടെ സൈന്യത്തെ നയിച്ചത് അയാളായിരുന്നു. ആ യുദ്ധത്തിൽ ഖലീഫഃ അലി ബിൻ അബീ ത്വാലിബിന്റെ رَضِيَ اللَّهُ عَنْهُ സൈന്യത്താൽ അയാൾ കൊല്ലപ്പെടുകയും ചെയ്തു.
ശൈഖ് ഡോ. മുഹമ്മദ് ബിൻ സഈദ് റസ്‌ലാൻ രചിച്ച ‘ദിറാസാത്തുൻ ഫിൽ ബിദ്അത്തി വൽ മുബ്തദിഈൻ’ എന്ന ഗ്രന്ഥത്തിൽ നിന്ന് സംഗ്രഹിച്ചത്. ദാറുൽ മിൻഹാജ് പബ്ലിഷേഴ്സ്, ഒന്നാം പതിപ്പ്, വർഷം 1436. പേജ് 147-149

