ഖുർആനിലും ഹദീസുകളിലുമായി മുഹമ്മദ് നബി ﷺ യെ വിവിധ പേരുകളിലും വിശേഷണങ്ങളിലും പരാമർശിച്ചിട്ടുണ്ട്. ഈ പേരുകൾ വെറും നാമങ്ങളല്ല, മറിച്ച് അവിടുത്തെ മഹത്വത്തെയും സ്വഭാവഗുണങ്ങളെയും ദൗത്യത്തെയും സൂചിപ്പിക്കുന്ന വിശേഷണങ്ങളാണ്. നബി ﷺ യുടെ വ്യക്തിത്വത്തിൻ്റെ വിവിധ വശങ്ങൾ ഈ പേരുകളിലൂടെ നമുക്ക് മനസ്സിലാക്കാം.
നബി ﷺ യുടെ പേരുകൾ മറ്റുള്ളവരുടെ പേരുപോലെയല്ല.
قَالَ ابْنُ الْقَيِّمِ رَحِمَهُ اللَّهُ: وَكُلُّهَا نُعُوتٌ لَيْسَتْ أَعْلَامًا مَحْضَةً لِمُجَرَّدِ التَّعْرِيفِ. بَلْ أَسْمَاءٌ مُشْتَقَّةٌ مِنْ صِفَاتٍ قَائِمَةٍ بِهِ تُوجِبُ لَهُ الْمَدْحَ وَالْكَمَال
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: കേവലം തിരിച്ചറിയാൻ വേണ്ടി മാത്രമുള്ള പേരുകളല്ല പ്രവാചകന്റേത്. അത് വിശേഷണങ്ങൾ ആണ്. പൂർണതയും പ്രശംസയും അനിവാര്യമായും ഉണ്ടാവുന്ന ചില വിശേഷണങ്ങളിൽ നിന്ന് നിർദ്ധരിച്ചെടുത്തവയാണവ. (زَادُ الْمَعَادِ :1/86)
ചുരുക്കത്തിൽ, നബി ﷺ യുടെ പേരുകൾ കേവലം ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള വാക്കുകളല്ല, മറിച്ച് അവിടുത്തെ മഹത്തായ വ്യക്തിത്വത്തിൻ്റെയും ഉന്നതമായ സ്വഭാവഗുണങ്ങളുടെയും പ്രതിഫലനങ്ങളാണ്. ഈ പേരുകൾ പഠിക്കുന്നത് നബി ﷺ യെ കൂടുതൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
നബി ﷺ യുടെ പേര് ഖുർആനിൽ

1. മുഹമ്മദ് : ഒരു മഹത്തായ നാമം
മുഹമ്മദ് നബി ﷺ യുടെ പേരുകളിൽ ഏറ്റവും പ്രസിദ്ധമായ നാമമാണിത്. പരിശുദ്ധ ഖുർആനിൽ നാല് സ്ഥലങ്ങളിൽ ഈ പേര് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്:
സൂറത്തു ആലു ഇംറാൻ (3:144)
സൂറത്തുൽ അഹ്സാബ് (33:40)
സൂറത്തു മുഹമ്മദ് (47:2)
സൂറത്തുൽ ഫത്ഹ് (48:29)
ഈ നാമത്തിന് “സ്തുത്യർഹമായ വിശേഷണങ്ങൾ ഒരുമിച്ചു ചേർന്നവൻ” എന്ന അർത്ഥം നൽകിയിട്ടുണ്ട്. അഥവാ, സകല സദ്ഗുണങ്ങളും തികഞ്ഞ വ്യക്തിത്വം. അതുപോലെ, “ആവർത്തിച്ച് പ്രശംസിക്കപ്പെടുന്നവൻ” എന്ന ആശയവും ഈ നാമത്തിൽ അടങ്ങിയിരിക്കുന്നു. അല്ലാഹുവും മലക്കുകളും വിശ്വാസികളും അവിടുത്തെ എപ്പോഴും പ്രശംസിക്കുന്നു എന്നതിനെ ഇത് സൂചിപ്പിക്കുന്നു.
ഖുറൈഷി ഗോത്രത്തിൽ മുഹമ്മദ് നബി ﷺ യുടെ ജനനം ഒരു സാധാരണ സംഭവമായിരുന്നില്ല. ഏഴാം ദിവസം അവിടുത്തെ പിതാമഹനായ അബ്ദുൽ മുത്ത്വലിബ് “മുഹമ്മദ്” എന്ന് പേരിട്ടു. ഈ പേര് അന്നത്തെ അറബികൾക്ക് അത്ര പരിചിതമായിരുന്നില്ല. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, നബി ﷺ യുടെ കാലത്ത് ഈ പേരുള്ള ഇരുപതിൽ താഴെ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പുതുമയുള്ള ഈ പേരിനെക്കുറിച്ച് ഖുറൈഷികൾ ചോദിച്ചപ്പോൾ, അബ്ദുൽ മുത്ത്വലിബ് ഇങ്ങനെ മറുപടി പറഞ്ഞു: “ആകാശത്തിലും ഭൂമിയിലുമുള്ളവർ പുകഴ്ത്തുന്നവനായി അവൻ ഈ കുട്ടി മാറട്ടെ എന്ന് ഞാൻ ആഗ്രഹിച്ചു.” ഈ മറുപടി അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്.
മുഹമ്മദ് എന്ന വാക്കിന്റെ അർത്ഥം “സ്തുത്യർഹമായ ഗുണങ്ങൾ ഒരുമിച്ചുകൂടിയവൻ” എന്നാണ്. ഈ പേരിന് ഏറ്റവും യോജിച്ച വ്യക്തിത്വം നബി ﷺ അല്ലാതെ മറ്റാരുമില്ല. അവിടുത്തെ പേരും ജീവിതവും പരസ്പരം പൂരകങ്ങളായിരുന്നു.
ബ്നു കസീർ (റഹിമഹുല്ലാഹ്) പറയുന്നു: “മുഹമ്മദ് എന്ന് പേരിടാൻ അല്ലാഹു അവർക്ക് തോന്നിപ്പിച്ചു. കാരണം, അവിടുത്തെ പേരിലും പ്രവർത്തനത്തിലും സമാനതയുണ്ടായിരുന്നു.
ഹസ്സാൻ ബിൻ ഥാബിത് (റ) അദ്ദേഹത്തിന്റെ കവിതയിൽ പറഞ്ഞതുപോലെ:
وَشََقَّ لَهُ مِنِ اسْمِهِ لِيُجِلَّهُ … فَذُو العَرْشِ مَحْمُودٌ وَهَذا مُحَمَّد
അല്ലാഹു അവന്റെ നാമത്തിൽ നിന്ന് തന്റെ ദൂതന് പേര് പകുത്തു നൽകി. സിംഹാസനത്തിന്റെ ഉടമസ്ഥനായ അല്ലാഹു മഹ്മൂദ് ആണ്, ഇത് മുഹമ്മദല്ലോ.”
2. അഹ്മദ് : അല്ലാഹുവിനെ അധികം സ്തുതിക്കുന്നവരാണ്
ഖുർആനിൽ ‘അഹ്മദ്’ എന്ന് ഒരു തവണയാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്. ഈസാ നബി عليه السلام നബി ﷺ യെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്ന സന്ദർഭത്തിലാണത്. “ജനങ്ങളിൽ ഏറ്റവും കൂടുതൽ റബ്ബിനെ സ്തുതിക്കുന്നവൻ” എന്ന ആശയം ഈ പേരിനുണ്ട്.
അഹ്മദ് എന്ന പേര് പ്രവാചകൻ്റെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നബി ﷺ ജീവിതത്തിലുടനീളം അല്ലാഹുവിനെ ഏറ്റവും കൂടുതൽ സ്തുതിക്കുകയും സ്തുതിപാടി പ്രകീർത്തിക്കുകയും ചെയ്തു. ഈ ഗുണവിശേഷം അവിടുത്തെ വ്യക്തിത്വത്തിൻ്റെ പ്രധാന ഭാഗമാണ്. അതുകൊണ്ടാണ് “അഹ്മദ്” എന്ന പേര് അവിടുത്തേക്ക് ഏറ്റവും അനുയോജ്യമായ ഒന്നായി മാറിയത്.

നബി ﷺ യുടെ പേര് ഹദീസുകളിൽ
عَنْ جُبَيْرِ بْنِ مُطْعِمٍ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لِي خَمْسَةُ أَسْمَاءٍ: أَنَا مُحَمَّدٌ، وَأَحْمَدُ وَأَنَا المَاحِي الَّذِي يَمْحُو اللَّهُ بِي الكُفْرَ، وَأَنَا الحَاشِرُ الَّذِي يُحْشَرُ النَّاسُ عَلَى قَدَمِي، وَأَنَا العَاقِبُ » 0
ജുബൈർ ബ്നു മുത്ഇം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എനിക്ക് അഞ്ചു പേരുകളുണ്ട്. ഞാൻ മുഹമ്മദാണ്; അഹ്മദുമാണ്. ഞാൻ മാഹീ ആണ്; എന്നെ കൊണ്ട് അല്ലാഹു കുഫ്‌ർ (മതനിഷേധം) തുടച്ചു നീക്കുന്നു. ഞാൻ ഹാശിർ ആണ്; എന്റെ പിറകിലാണ് ജനങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുക. ഞാൻ ആഖിബുമാണ്.” (ബുഖാരി: 3532, മുസ്‌ലിം: 2354)
عَنْ أَبِي مُوسَى الْأَشْعَرِيِّ، قَالَ: كَانَ رَسُولُ اللهِ -ﷺ- يُسَمِّي لَنَا نَفْسَهُ أَسْمَاءً، فَقَالَ: «أَنَا مُحَمَّدٌ، وَأَحْمَدُ، وَالْمُقَفِّي، وَالْحَاشِرُ، وَنَبِيُّ التَّوْبَةِ، وَنَبِيُّ الرَّحْمَةِ» [م: 2355]
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഞങ്ങൾക്ക് അവിടുത്തെ പേരുകൾ പറഞ്ഞു തരാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: “ഞാൻ മുഹമ്മദാണ്. ഞാൻ അഹ്മദും, മുഖഫ്ഫിയും, നബിയ്യുത്തൗബയും, നബിയ്യു റഹ്മയുമാണ്.” (മുസ്‌ലിം: 2355)
عَنْ مُعَاوِيَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ، وَاللَّهُ المُعْطِي وَأَنَا القَاسِمُ» [خ: 3116]
മുആവിയ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു ഇസ്‌ലാം ദീനിൽ അവഗാഹം നൽകുന്നതാണ്. അല്ലാഹുവാണ് നൽകുന്നവൻ; ഞാൻ വീതം വെക്കുന്ന ഖാസിമാകുന്നു.” (ബുഖാരി: 3116)
3. മാഹി (المَاحِي) : സത്യനിഷേധത്തെ തുടച്ചു നീക്കുന്നവരാണ്
നബി ﷺ യുടെ പേരായ ‘മാഹി’ എന്നതിന് “തുടച്ചു നീക്കുന്നന്നവൻ ” എന്നാണർത്ഥം. നബി ﷺ തന്നെ ഈ പേരിന്റെ പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്. അവിടുത്തെ ദൗത്യത്തിലൂടെ അല്ലാഹു സത്യനിഷേധത്തെയും ബഹുദൈവാരാധനയെയും ഭൂമിയിൽനിന്ന് തുടച്ചുനീക്കി.
നബി ﷺ ഈ ലോകം വിട്ടുപോകുന്നതിന് മുൻപ് അറേബ്യൻ ഉപദ്വീപിൽനിന്ന് ശിർക്കിന്റെയും കുഫ്‌റിൻ്റെയും എല്ലാ അടയാളങ്ങളും തുടച്ചുമാറ്റപ്പെട്ടിരുന്നു. അന്ത്യനാൾവരെ ബഹുദൈവാരാധനയുടെയും നിഷേധത്തിൻ്റെയും എല്ലാ ന്യായവാദങ്ങളെയും തകർത്തു കളയാൻ ഇസ്‌ലാം എന്ന മതം ശക്തമാണ്. അവസാനകാലഘട്ടത്തിൽ ഈസാ നബി (അ) യുടെ ആഗമനത്തോടെ ഇസ്‌ലാമിൻ്റെ വിജയം ലോകമാകമാനം പൂർണ്ണമാവുകയും മറ്റ് എല്ലാ മതങ്ങൾക്കും മേൽ ഇസ്‌ലാം പരിപൂർണ്ണ ശക്തിയും വിജയവും കൈവരിക്കുകയും ചെയ്യും.
ചുരുക്കത്തിൽ, നബി ﷺ സത്യത്തിൻ്റെ വിളക്ക് കൊളുത്തി അസത്യത്തിൻ്റെ ഇരുട്ടിനെ മായ്ച്ചുകളഞ്ഞ വ്യക്തിയാണ്. അതിനാൽ, ‘മാഹി’ എന്ന പേര് അവിടുത്തെ ദൗത്യത്തെയും വിജയത്തെയും വളരെ കൃത്യമായി സൂചിപ്പിക്കുന്നു.
4. ഹാശിർ (الحاشر): അന്ത്യനാളിൽ ഒരുമിച്ചു കൂട്ടുന്നവരാണ്
നബി -ﷺ- യുടെ പിറകിലായാണ് ജനങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുക എന്നതിനാൽ അവിടുന്ന് “ഒരുമിച്ചുകൂട്ടുന്നവൻ” എന്നാണർത്ഥം. നബി ﷺ യുടെ ദൗത്യത്തിന് തൊട്ടുപിറകിലായാണ് അന്ത്യനാൾ സംഭവിക്കുന്നത്. അതായത്, അവിടുത്തെ കാലഘട്ടത്തിനു ശേഷമുള്ള ലോകം അവസാനദിനത്തിലേക്കാണ് എത്തിച്ചേരുന്നത്.
അന്ത്യനാളിൽ എല്ലാ ജനങ്ങളും ഖബറുകളിൽ നിന്ന് ഒരുമിച്ചു കൂട്ടപ്പെടും. അപ്പോൾ അവർ സഹായത്തിനായി പ്രവാചകന്മാരുടെ അടുക്കൽ ചെല്ലും. എന്നാൽ, ഒരു പ്രവാചകനും അവരെ സഹായിക്കില്ല. ആ സമയത്ത്, മുഴുവൻ മനുഷ്യർക്കും വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യുന്നത് നബി ﷺ മാത്രമായിരിക്കും.
5. ആഖിബ് (العاقب): അവസാനത്തെ പ്രവാചകൻ
പ്രവാചകന്മാരിലും ദൂതന്മാരിലും അവസാനത്തെ കണ്ണിയാണ് അവിടുന്ന് എന്നതാണ് ഈ പേരിന്റെ അടിസ്ഥാന അർത്ഥം.നബി ﷺ തന്നെ ഈ പേരിൻ്റെ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്: “എനിക്ക് ശേഷം മറ്റൊരു നബിയില്ലാത്തവനായ ആഖിബാകുന്നു ഞാൻ” എന്ന് അവിടുന്ന് പറഞ്ഞിരിക്കുന്നു.
ഈ പേര് നബി ﷺ യുടെ പ്രവാചകത്വത്തിൻ്റെ പരിപൂർണ്ണതയെയും അന്തിമതയെയുമാണ് സൂചിപ്പിക്കുന്നത്. അവിടുത്തെ ശേഷം മറ്റൊരു പ്രവാചകൻ വരാനില്ല. അതുകൊണ്ട് അന്ത്യനാൾ വരെയുള്ള മുഴുവൻ മനുഷ്യർക്കും അവിടുത്തെ ശരീഅത്ത് മാത്രമാണ് വഴികാട്ടിയായിട്ടുള്ളത്.
6. മുഖഫ്ഫീ (المقفّى): മുൻഗാമികളുടെ പിൻഗാമി
മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെ ദൗത്യങ്ങളെയും അവരുടെ പാതകളെയും പൂർത്തീകരിക്കുന്നവനാണ് നബി ﷺ എന്ന് ഈ പേര് സൂചിപ്പിക്കുന്നു. അവിടുന്ന് അന്തിമ പ്രവാചകനാണ്. അവിടുത്തേക്ക് ശേഷം മറ്റൊരു പ്രവാചകൻ വരാനില്ല. അതുകൊണ്ട് അല്ലാഹുവിന്റെ സന്ദേശം പൂർണ്ണമായും പൂർത്തീകരിക്കാൻ നബി ﷺ ക്ക് സാധിച്ചു.
‘മുഖഫ്ഫീ’ എന്നതിന് “അവസാനത്തെ പ്രവാചകൻ” അല്ലെങ്കിൽ “പിൻഗാമി” എന്നെല്ലാമാണ് അർത്ഥം. ‘ആഖിബ്’ എന്ന നാമവുമായി ഇതിന് സമാനതകളുണ്ട്.
7.നബിയ്യുത്തൗബ (نَبِيُّ التَّوْبَةِ): പശ്ചാത്താപത്തിന്റെ പ്രവാചകൻ
‘നബിയ്യുത്തൗബ’ എന്ന പേര് നബി ﷺ യുടെ ദൗത്യത്തിലെ ഒരു പ്രധാനപ്പെട്ട വശത്തെയാണ് സൂചിപ്പിക്കുന്നത്. ‘തൗബ’ എന്നാൽ പാപങ്ങളിൽ നിന്നുള്ള പശ്ചാത്താപമാണ്. എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമൂഹങ്ങളെ പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കാൻ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ നബി ﷺ യുടെ ഉമ്മത്താണ് ഏറ്റവുമധികം തൗബ ചെയ്യുന്നതും, അല്ലാഹുവിനാൽ ഏറ്റവുമധികം തൗബ സ്വീകരിക്കപ്പെടുന്നതും. മുൻകാല സമൂഹങ്ങൾക്ക് അവരുടെ തൗബ കാരണം പരലോകത്തെ ശിക്ഷ ഒഴിവാക്കപ്പെട്ടിരുന്നു എങ്കിലും, ഇഹലോകത്തുള്ള ചില ശിക്ഷകൾ അവരെ ബാധിച്ചിരുന്നു. എന്നാൽ നബി ﷺ യുടെ ഉമ്മത്തിന് തൗബയുടെ കാരണത്താൽ ഇഹലോകത്തും പരലോകത്തും ശിക്ഷ ഒഴിവാക്കപ്പെടുന്നു. നബി ﷺ തന്നെ പറഞ്ഞതുപോലെ, “തന്റെ തെറ്റുകളിൽ നിന്ന് തൗബ ചെയ്തവൻ തെറ്റ് ചെയ്യാത്തവനെ പോലെയാണ്.”
8. നബിയ്യുറഹ്മ (نَبِيُّ الرَّحْمَةِ): കാരുണ്യത്തിൻ്റെ പ്രവാചകൻ
നബി ﷺ യുടെ ദൗത്യത്തിൻ്റെ കാതലായ സന്ദേശത്തെ എടുത്തുകാണിക്കുന്ന പേരാണിത്. ‘കാരുണ്യത്തിൻ്റെ പ്രവാചകൻ’ എന്ന് ഈ പേരിനർത്ഥം. അവിടുത്തെ ഉമ്മത്തിന് ലഭിച്ച കാരുണ്യം മറ്റൊരു സമുദായത്തിനും ലഭിച്ചിട്ടില്ല. ഈ പേരിന് ‘നബിയ്യുൽ മർഹമ’ എന്നും ചില ഹദീസുകളിൽ വന്നിട്ടുണ്ട്.
നബി ﷺ യുടെ പ്രബോധനം സ്വീകരിച്ചവർക്ക് ഇഹലോകത്തും പരലോകത്തും ലഭിക്കുന്ന കാരുണ്യം അതുല്യമാണ്. പരലോകത്ത് അവിടുത്തെ ശുപാർശയിലൂടെ ലഭിക്കാനിരിക്കുന്ന കാരുണ്യം ഏറ്റവും വിശാലമായ അനുഗ്രഹമാണ്. പാപങ്ങൾ ചെയ്തവർക്ക് അവിടുത്തെ ശുപാർശയിലൂടെ നരകമോചനം ലഭിക്കുന്നത് ഏറ്റവും അമൂല്യമായ അനുഗ്രഹമാണ്. സ്വർഗ്ഗക്കാരുടെ പദവികൾ പോലും നബി ﷺ യുടെ ശുപാർശയാൽ ഉയർത്തപ്പെടും. ഇതെല്ലാം അല്ലാഹു നബി ﷺ യിലൂടെ ലോകത്തിന് നൽകിയ കാരുണ്യത്തിന്റെ അടയാളങ്ങളാണ്.
അല്ലാഹു നബി -ﷺ- യിലൂടെ ചൊരിഞ്ഞ കാരുണ്യത്തിന്റെ വിശാലത ബോധ്യപ്പെടാൻ ഖുർആനിലെ ഒരു ആയത്ത് മാത്രം മതിയാകും.
وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ
“ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.” (21: 107)
9. അൽ മുതവക്കിൽ (المتوكل) : അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവരാണ്
നബി ﷺ യുടെ മഹത്തായ സ്വഭാവത്തെയും അവിടുത്തെ ദൗത്യത്തെയും ആഴത്തിൽ മനസ്സിലാക്കിത്തരുന്ന പേരാണ് ‘അൽ-മുതവക്കിൽ’. ‘ഭരമേൽപ്പിക്കുന്നവൻ’ എന്ന് അർത്ഥം വരുന്ന ഈ പേര്, അല്ലാഹുവിലുള്ള അവിടുത്തെ അചഞ്ചലമായ വിശ്വാസത്തെയും ആശ്രയത്തെയും സൂചിപ്പിക്കുന്നു. ഖുർആനിൽ മാത്രമല്ല, മുൻ വേദഗ്രന്ഥങ്ങളായ തൗറാത്തിലും ഈ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഇമാം ബുഖാരി (റ) ഉദ്ധരിച്ച ഹദീസിൽ, അബ്ദുല്ലാഹ് ഇബ്നു അംറ് ഇബ്നുൽ ആസ്വ് (റ) തൗറാത്തിൽ നബി ﷺ യെക്കുറിച്ച് വന്ന ഒരു വിവരണം പറയുന്നുണ്ട്:
عَنْ عَطَاءِ بْنِ يَسَارٍ، قَالَ لَقِيتُ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا، قُلْتُ أَخْبِرْنِي عَنْ صِفَةِ رَسُولِ اللَّهِ صلى الله عليه وسلم فِي التَّوْرَاةِ. قَالَ: أَجَلْ، وَاللَّهِ إِنَّهُ لَمَوْصُوفٌ فِي التَّوْرَاةِ بِبَعْضِ صِفَتِهِ فِي الْقُرْآنِ: يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا، وَحِرْزًا لِلأُمِّيِّينَ، أَنْتَ عَبْدِي وَرَسُولِي سَمَّيْتُكَ الْمُتَوَكِّلَ، لَيْسَ بِفَظٍّ وَلاَ غَلِيظٍ وَلاَ سَخَّابٍ فِي الأَسْوَاقِ، وَلاَ يَدْفَعُ بِالسَّيِّئَةِ السَّيِّئَةَ، وَلَكِنْ يَعْفُو وَيَغْفِرُ، وَلَنْ يَقْبِضَهُ اللَّهُ حَتَّى يُقِيمَ بِهِ الْمِلَّةَ الْعَوْجَاءَ بِأَنْ يَقُولُوا: لَا إِلَهَ إِلاَّ اللَّهُ. وَيَفْتَحُ بِهَا أَعْيُنًا عُمْيًا، وَآذَانًا صُمًّا، وَقُلُوبًا غُلْفًا. تَابَعَهُ عَبْدُ الْعَزِيزِ بْنُ أَبِي سَلَمَةَ عَنْ هِلاَلٍ. وَقَالَ سَعِيدٌ عَنْ هِلاَلٍ عَنْ عَطَاءٍ عَنِ ابْنِ سَلاَمٍ. غُلْفٌ كُلُّ شَيْءٍ فِي غِلاَفٍ، سَيْفٌ أَغْلَفُ، وَقَوْسٌ غَلْفَاءُ، وَرَجُلٌ أَغْلَفُ إِذَا لَمْ يَكُنْ مَخْتُونًا.
അത്വാഅ് (റ) പറയുന്നു: ഞാൻ അബ്ദുല്ലാഹ് ഇബ്നു അംറ് ഇബ്നുൽ ആസ്വ് (റ) വിനെ കണ്ടുമുട്ടി. ഞാൻ ചോദിച്ചു: “തൗറാത്തിൽ നബി ﷺ യെക്കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നോട് പറയുക.” അദ്ദേഹം പറഞ്ഞു: “അതെ, അല്ലാഹു സത്യം. നബി ﷺ യെ ഖുർആനിൽ വിശേഷിപ്പിച്ച ഗുണങ്ങളിൽ ചിലത് തൗറാത്തിലും പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
‘അല്ലയോ പ്രവാചകനേ, സത്യദീനിന് സാക്ഷിയായും സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനായും, അക്ഷരജ്ഞാനമില്ലാത്തവർക്ക് ഒരു രക്ഷാസങ്കേതമായിട്ടുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്. താങ്കൾ എൻ്റെ ദാസനും ദൂതനുമാണ്. അൽ-മുതവക്കിൽ എന്നാണ് നിനക്ക് നാം നൽകിയ പേര്. താങ്കൾ ഒരു ദുശ്ശീലമുള്ളവനോ, കഠിനഹൃദയനോ അല്ല. അങ്ങാടിയിലിരുന്ന് ബഹളമുണ്ടാക്കുന്നവനുമല്ല. തിന്മയെ തിന്മകൊണ്ട് താങ്കൾ തടുക്കുകയില്ല. എന്നാൽ വിട്ടുവീഴ്ചയും മാപ്പും ചെയ്യും. വക്രമായ മതത്തെ ചൊവ്വായ നിലയിലാക്കിത്തീർക്കും വരെയും അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുകയില്ല. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് അവർ പറയുന്നതുകൊണ്ട് അതുവഴി അന്ധത ബാധിച്ച കണ്ണുകളും, ബധിരത ബാധിച്ച കാതുകളും, മൂടിവെച്ച മനസ്സുകളും തുറക്കും.'” (ബുഖാരി: 2125)
ഈ വിവരണം നബി ﷺ യുടെ സവിശേഷമായ സ്വഭാവഗുണങ്ങളെ വെളിപ്പെടുത്തുന്നു. അവിടുന്ന് അല്ലാഹുവിൽ പൂർണ്ണമായി ഭരമേൽപ്പിക്കുകയും, അതേസമയം അതിമനോഹരമായ സ്വഭാവത്തോടുകൂടി ജനങ്ങളോട് പെരുമാറുകയും ചെയ്തു. അവിടുത്തെ ലക്ഷ്യം ആളുകളെ സത്യത്തിലേക്ക് ക്ഷണിക്കുകയായിരുന്നു, കഠിനമായ നിലപാടുകളിലൂടെയല്ല, മറിച്ച് കാരുണ്യം, മാപ്പ്, വിട്ടുവീഴ്ച എന്നിവയിലൂടെ. അവിടുത്തെ ദൗത്യം വിജയത്തിലെത്തുന്നതുവരെ അല്ലാഹു അവിടുത്തെ ജീവൻ എടുക്കില്ല എന്ന് നൽകിയ വാഗ്ദാനം, ഈ പേരിന്റെ പ്രാധാന്യത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു.
ഇതോടൊപ്പം നബി -ﷺ- ക്ക് അബുൽ ഖാസിം എന്ന കുൻയതും (പിതാവ് എന്നർത്ഥമുള്ള അബൂ, മകൻ എന്നർത്ഥമുള്ള ഇബ്‌നു എന്നിങ്ങനെയുള്ള പദങ്ങളോടെ ആരംഭിക്കുന്ന വിളിപ്പേരുകളാണ് കുൻയതുകൾ) ഉണ്ടായിരുന്നു. അവിടുത്തേക്ക് ഖാസിം എന്ന പേരുള്ള ഒരു മകൻ ജനിച്ചിരുന്നു. വീതം വെക്കുന്നവൻ എന്നാണ് ഖാസിമിന്റെ അർത്ഥം. അല്ലാഹുവിന്റെ സന്ദേശം ജനങ്ങൾക്ക് കൈമാറുകയും, വിഹിതം വെച്ചു നൽകുകയും ചെയ്യുന്നവൻ എന്ന അർത്ഥത്തിൽ അവിടുന്ന് സ്വയം ‘ഖാസിം’ എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്.


