ശൈഖ് അബ്ദുർറഹ്മാൻ ബിൻ ഫഹദ് അൽ വദ്ആൻ
സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. അല്ലാഹുവിന്റെ ദാസനും ദൂതനുമായ നബി മുഹമ്മദ് (ﷺ) യുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സ്വഹാബികളുടെയും അവരെ സദ്വൃത്തരായി പിൻപറ്റിയവരുടെയും മേൽ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും വർഷിക്കുമാറാകട്ടെ.
കുട്ടികളുടെ തർബിയ്യത്തിനെക്കുറിച്ചാണ് നാം ഇവിടെ പ്രധാനമായും ചർച്ച ചെയ്യുന്നത്. വിഷയത്തിന്റെ വിശാലത പരിഗണിച്ച്, മാതാപിതാക്കൾക്കും സമൂഹത്തിനും വഴികാട്ടിയാകാൻ ഉതകുന്ന ചില സുപ്രധാന നിയമങ്ങളും അടിസ്ഥാന കാര്യങ്ങളും മാത്രമാണ് ഇതിൽ വിവരിക്കുന്നത്. നിലവിൽ മാതാപിതാക്കളായവർക്കും, ഭാവിയിൽ മാതാപിതാക്കളാകാൻ പോകുന്ന തലമുറകൾക്കും ഈ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഖുർആനിലെയും സുന്നത്തിലെയും തെളിവുകളുടെയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തിൽ രൂപപ്പെടുത്തിയ ഈ അടിസ്ഥാന നിയമങ്ങൾ സന്താനപരിപാലനത്തിൽ കൃത്യമായ ദിശാബോധം നൽകുന്നവയാണ്.
ഒന്നാമത്തെ നിയമം: എന്താണ് യഥാർത്ഥ ‘തർബിയ്യത്ത്’ എന്ന് മനസ്സിലാക്കൽ
ഈ വിഷയത്തിൽ നാം മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടതും ഒന്നാമത്തേതുമായ നിയമം തർബിയ്യത്തിന്റെ യഥാർത്ഥ അർത്ഥം തിരിച്ചറിയുക എന്നതാണ്.
പല മാതാപിതാക്കളുടെയും പരാജയം അവർക്ക് തർബിയ്യത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് അറിയില്ല എന്നതാണ്. അവരെ സംബന്ധിച്ചിടത്തോളം തർബിയ്യത്ത് എന്നാൽ കുട്ടികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകലും, അവർ വലുതാകുമ്പോൾ അവർക്ക് വാഹനമോ വീടോ വാങ്ങി നൽകലുമാണ്. ഭൗതികമായ ഇത്തരം കാര്യങ്ങൾ ചെയ്താൽ തർബിയ്യത്ത് പൂർണ്ണമായി എന്ന് അവർ ധരിക്കുന്നു. ഇത് പൂർണ്ണമായും തെറ്റായതും അറിവില്ലായ്മയിൽ നിന്ന് ഉടലെടുത്തതുമായ ഒരു ധാരണയാണ്.
തർബിയ്യത്തിനെക്കുറിച്ചുള്ള അക്കാദമികമായ നിർവ്വചനങ്ങളിലേക്കൊന്നും കടക്കാതെ, ഖുർആനിലെ ഒരൊറ്റ വചനത്തിലൂടെ തർബിയ്യത്തിന്റെ അർത്ഥം വ്യക്തമാക്കാം. തർബിയ്യത്തിന്റെ വചനം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്നത്ര അർത്ഥവത്തായ സൂറത്ത് അത്തഹ്രീമിലെ വചനം ഇതാണ്:
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ
“സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില് നിന്ന് നിങ്ങള് കാത്തുരക്ഷിക്കുക.”1
മുഴുവൻ മുഫസ്സിറുകളും ഈ വചനത്തിന് നൽകിയ വിശദീകരണം, സ്വന്തത്തെയും കുടുംബത്തെയും അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷിക്കുക എന്നതാണ്. ഈ വചനത്തിന് നാലാം ഖലീഫയായ അലി ബിൻ അബീ ത്വാലിബ് (رَضِيَ اللَّهُ عَنْهُ) നൽകിയ വളരെ മനോഹരമായ ഒരു വിശദീകരണമുണ്ട്: عَلِّمُوهُمْ وَأَدِّبُوهُمْ (നിങ്ങൾ അവർക്ക് വിജ്ഞാനം നൽകുകയും, അവരെ മര്യാദകൾ പഠിപ്പിക്കുകയും ചെയ്യുക). ഇതാണ് യഥാർത്ഥ ഇസ്ലാമിക തർബിയ്യത്ത്!
അറിവും മര്യാദകളും പകർന്നുനൽകുന്നതിലൂടെ മക്കളുടെ കൈപിടിച്ച് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുകയും, നരകശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യുക എന്നതാണ് തർബിയ്യത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഹസനുൽ ബസ്വരി, ഖതാദ, അൽ-ഖുർത്വുബി, ഇബ്നുൽ അറബി, ഇബ്നു കസീർ, ത്വബ്രി, ഇബ്നു സഅ്ദി തുടങ്ങിയ ഒട്ടുമിക്ക പണ്ഡിതന്മാരും (رَحِمَهُمُ اللَّهُ) ഈ വചനത്തിന് നൽകിയ വിശദീകരണം ഇതേ അർത്ഥത്തിൽ തന്നെയാണ്.
കുട്ടികൾക്ക് ദീൻ പഠിപ്പിക്കുക, നമസ്കാരം ശീലിപ്പിക്കുക, ഇബാദത്തുകൾ പരിശീലിപ്പിക്കുക, അല്ലാഹുവിനോടും റസൂൽ (ﷺ) യോടുമുള്ള സ്നേഹം അവരുടെ ഹൃദയങ്ങളിൽ വളർത്തുക, ശരീഅത്തിനോടുമുള്ള ആദരവ് അവരിൽ ഉണ്ടാക്കിയെടുക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ചുരുക്കത്തിൽ, അവരെ ഉത്തമരായ മുസ്ലിംകളായി വളർത്തിയെടുക്കുക എന്നതാണ് തർബിയ്യത്ത്. അല്ലാതെ അവർക്ക് വസ്ത്രങ്ങളും ഭൗതിക സൗകര്യങ്ങളും വാങ്ങി നൽകലല്ല; ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ അത് നഫഖാത്ത് എന്ന ഭാഗത്താണ് വരുന്നത്. കുട്ടികൾക്ക് മാതാപിതാക്കളോടുള്ള അവകാശങ്ങളിൽ പെട്ടതാണെങ്കിലും, യഥാർത്ഥ തർബിയ്യത്ത് അതിനുമപ്പുറത്തുള്ള മഹത്തായ ഒരു പ്രക്രിയയാണ്. ഇത് തിരിച്ചറിയാത്തതാണ് പല കുടുംബങ്ങളുടെയും തകർച്ചയ്ക്ക് കാരണം.
രണ്ടാമത്തെ നിയമം: സന്താനപരിപാലനം ഒരു വ്യക്തിപരമായ ബാധ്യതയാണ്
തർബിയ്യത്ത് എന്നത് സുന്നത്തായ ഒരു കാര്യമോ, അല്ലെങ്കിൽ സമൂഹത്തിൽ ചിലർ ചെയ്താൽ മതിയാകുന്ന ഫർദ് കിഫായയോ അല്ല; മറിച്ച് ഓരോ മാതാവിനും പിതാവിനും നിർബന്ധമായ ഫർദ് ഐൻ ആകുന്നു. ഇതൊരു ശരീഅത്ത് നിയമമാണ്. അല്ലാഹു ഈ വിഷയത്തിൽ ഓരോരുത്തരെയും ചോദ്യം ചെയ്യും എന്നതുകൊണ്ടുതന്നെ ഇത് നിർവ്വഹിക്കൽ അനിവാര്യമാണ്. ഇതിനുള്ള ഏറ്റവും വ്യക്തമായ തെളിവ് നബി (ﷺ) യുടെ ഈ ഹദീസാണ്:
كُلُّكُمْ رَاعٍ، وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ…
“നിങ്ങളെല്ലാവരും ഭരണാധികാരികളാണ്. നിങ്ങളെല്ലാവരും നിങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്. പുരുഷൻ തന്റെ കുടുംബത്തിന്റെ നാഥനാണ്; അവൻ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും. സ്ത്രീ ഭർത്താവിന്റെ വീടിന്റെ നാഥയാണ്; അവൾ അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്…”2
ഇവിടെ ഭർത്താവിന്റെ വീട് എന്നത് കേവലം ഫർണിച്ചറുകളോ കെട്ടിടമോ അല്ല, മറിച്ച് അതിലുള്ള സന്താനങ്ങളെയും കൂടിയാണ് ഉൾക്കൊള്ളുന്നത്. അല്ലാഹു ഏൽപ്പിച്ച ഈ വലിയ ഉത്തരവാദിത്തം പാഴാക്കിക്കളഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. മുസ്നദ് അഹ്മദിൽ അബ്ദുല്ല ബിൻ അംറ് ബിൻ അൽ ആസ്വ് (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്ത ഹദീസിൽ നബി (ﷺ) പറഞ്ഞു:
كَفَى بِالْمَرْءِ إِثْمًا أَنْ يُضَيِّعَ مَنْ يَعُولُ
“ഒരാൾക്ക് പാപിയാകാൻ അവൻ സംരക്ഷിക്കേണ്ടവരെ പാഴാക്കിക്കളയുന്നത് തന്നെ മതിയായതാണ്.”3
സൂറത്ത് അത്തഹ്രീമിലെ വചനത്തിൽ തർബിയ്യത്തുമായി ബന്ധപ്പെട്ട ആറ് സുപ്രധാന പാഠങ്ങൾ അടങ്ങിയിട്ടുണ്ട്:
- ഖുർആനിലെ ഏറ്റവും മനോഹരമായ വിളിയായ يَا أَيُّهَا الَّذِينَ آمَنُوا എന്ന അഭിസംബോധനയോടെയാണ് ഇത് ആരംഭിക്കുന്നത്. അബ്ദുല്ല ബിൻ മസ്ഊദ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: അല്ലാഹു يَا أَيُّهَا الَّذِينَ آمَنُوا എന്ന് വിളിക്കുന്നത് നീ കേട്ടാൽ, അതിലേക്ക് നിന്റെ കാതുകൾ തുറന്നുവെക്കുക. കാരണം, ഒന്നുകിൽ അതൊരു നന്മയിലേക്കുള്ള കൽപ്പനയായിരിക്കും, അല്ലെങ്കിൽ ഒരു തിന്മയിൽ നിന്നുള്ള വിലക്കായിരിക്കും.
- قُوا എന്ന കൽപ്പനാരൂപമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഈ ബാധ്യതയുടെ വുജൂബിനെ കുറിക്കുന്നു.
- നരകത്തിൽ നിന്നും മക്കളെ രക്ഷിക്കലാണ് തർബിയ്യത്ത് എന്ന് ഇത് വ്യക്തമാക്കുന്നു.
- അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നുള്ള സംരക്ഷണമാണ് തർബിയ്യത്തിന്റെ പ്രാഥമിക ലക്ഷ്യം.
- ഈ സംരക്ഷണം സ്വർഗ്ഗപ്രവേശനം എന്ന മഹത്തായ ഫലത്തിലേക്ക് നയിക്കുന്നു.
- തർബിയ്യത്ത് ഒഴിവാക്കുന്നവർക്കുള്ള ശക്തമായ താക്കീതാണിത്. സ്വന്തത്തെയും മക്കളെയും രക്ഷിച്ചില്ലെങ്കിൽ ആ നരകത്തിന്റെ ഇന്ധനമായി അവർ മാറേണ്ടിവരും. അവിടെ പരുഷസ്വഭാവമുള്ള അതിശക്തരായ മലക്കുകളുമുണ്ട്; അവർ അല്ലാഹു കൽപ്പിച്ചതൊന്നും ധിക്കരിക്കുകയില്ല.
മൂന്നാമത്തെ നിയമം: സന്താനപരിപാലനത്തിലുള്ള നേട്ടങ്ങൾ
സന്താനങ്ങളെ ഇസ്ലാമികമായി വളർത്തുന്നതിൽ ഇഹലോകത്തും പരലോകത്തുമുള്ള നിരവധി നേട്ടങ്ങളുണ്ട്:
- അല്ലാഹു നിർബന്ധമാക്കിയ ഒരു കാര്യം നിർവ്വഹിക്കുന്നതിലൂടെ സത്യവിശ്വാസികൾ കുറ്റവിമുക്തരാകുകയും മഹത്തായ പ്രതിഫലത്തിന് അർഹരാകുകയും ചെയ്യുന്നു.
- മക്കൾ നന്നായാൽ ആ കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയും. എന്നാൽ അവർ വഴിപിഴച്ചാൽ അത് കുടുംബത്തിൽ എപ്പോഴും പ്രശ്നങ്ങളും കുടുംബബന്ധം മുറിക്കലും, ചിലപ്പോൾ പരസ്പരം ഉപദ്രവിക്കാനും വരെ കാരണമായേക്കാം.
- കുടുംബങ്ങളുടെ കൂട്ടായ്മയാണ് സമൂഹം. ഓരോ കുടുംബവും നന്നാകുമ്പോൾ സമൂഹം മുഴുവൻ നന്നാകുന്നു.
- ദുനിയാവിൽ മക്കളിൽ നിന്നുള്ള ഗുണവും പുണ്യവും മാതാപിതാക്കൾക്ക് ലഭിക്കുന്നു. പരലോകത്താകട്ടെ, മാതാപിതാക്കൾ മരിച്ചാലും അവരുടെ സൽകർമ്മങ്ങൾ അവസാനിക്കാതെ നിലനിൽക്കാൻ ഇത് കാരണമാകുന്നു. ദീൻ പഠിപ്പിച്ചു വളർത്തിയ മക്കൾ ചെയ്യുന്ന ഓരോ ഇബാദത്തിന്റെയും സമാനമായ പ്രതിഫലം മാതാപിതാക്കളെ തേടിയെത്തും. അതോടൊപ്പം അവരുടെ പ്രാർത്ഥനയും ലഭിക്കും. നബി (ﷺ) പറഞ്ഞു:
إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ… أَوْ وَلَدٍ صَالِحٍ يَدْعُو لَهُ
“മനുഷ്യൻ മരിച്ചാൽ അവന്റെ കർമ്മങ്ങളെല്ലാം മുറിഞ്ഞുപോകും; മൂന്ന് കാര്യങ്ങളൊഴികെ… അല്ലെങ്കിൽ അവനുവേണ്ടി പ്രാർത്ഥിക്കുന്ന സ്വാലിഹായ സന്താനം.”4
സ്വാലിഹായ സന്താനമേ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കൂ; വഴിപിഴച്ചവൻ പ്രാർത്ഥിക്കില്ല. കുട്ടികൾ മാതാപിതാക്കൾക്ക് വേണ്ടി നേരിട്ട് പ്രാർത്ഥിക്കുന്നതിന് പുറമെ, ജനങ്ങൾ മുഖേനയുള്ള പ്രാർത്ഥനകളും ലഭിക്കാൻ സൽസന്താനങ്ങൾ കാരണമാകുന്നു.
5. ഏറ്റവും വലിയ കച്ചവടം മക്കളിൽ നടത്തുന്ന നിക്ഷേപമാണ്. അവർ വളർന്ന് തലമുറകൾ വർദ്ധിക്കുമ്പോഴും, അവരെല്ലാം നേർവഴിയിലൂടെ ജീവിക്കുകയും തങ്ങളുടെ മാതാപിതാക്കൾക്കും പൂർവ്വികർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് സൽകർമ്മങ്ങളുടെ ഒരു വൻശേഖരമാണ് മാതാപിതാക്കൾ ഖബറിലായിരിക്കുമ്പോഴും അവരിലേക്ക് ഒഴുകിയെത്തുന്നത്.
നാലാമത്തെ നിയമം: തർബിയ്യത്തിന് കുടുംബത്തിൽ ഒന്നാം സ്ഥാനം നൽകുക
കുടുംബകാര്യങ്ങളിൽ ഏറ്റവും പ്രാധാന്യം നൽകേണ്ട വിഷയം കുട്ടികളുടെ തർബിയ്യത്ത് ആയിരിക്കണം. ഭാര്യയുടെയും ഭർത്താവിന്റെയും പരസ്പരമുള്ള തർബിയ്യത്തും ഇതിൽ ഉൾപ്പെടും. കൂടുതൽ അറിവുള്ളവർ മറ്റുള്ളവരെ തിരുത്താനും നന്നാക്കാനും പരിശ്രമിക്കണം.
തർബിയ്യത്തിനെ അതിന്റെ ശരിയായ സ്ഥാനത്ത് പ്രതിഷ്ഠിക്കാത്തതാണ് പല കുടുംബങ്ങളുടെയും പരാജയം. മുഹാദറത്തുൽ ഉദബാഅ് എന്ന ഗ്രന്ഥത്തിൽ അർ-റാഗിബ് അൽ-അസ്വ്ബഹാനി പരാമർശിച്ച ഒരു സംഭവമുണ്ട്. അബ്ബാസിയ്യ ഭരണകൂടത്തിന്റെ യഥാർത്ഥ സ്ഥാപകനും ശക്തനായ ഭരണാധികാരിയുമായിരുന്ന അബൂ ജഅ്ഫർ അൽ-മൻസൂർ ഒരിക്കൽ തന്റെ സദസ്സിലുള്ളവരോട് ചോദിച്ചു: “ബനൂ ഉമയ്യ ഭരണകൂടം തകർക്കപ്പെട്ടല്ലോ; അവരുടെ അവശേഷിക്കുന്ന ആളുകൾ ഇപ്പോൾ ജയിലിലാണ്. അവർ ജയിലിൽ കിടന്നുകൊണ്ട് ഏറ്റവും കൂടുതൽ ദുഃഖിക്കുന്നതും നഷ്ടബോധം തോന്നുന്നതുമായ കാര്യം എന്തായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്?”
ചിലർ നഷ്ടപ്പെട്ട സമ്പത്തിനെക്കുറിച്ചാകുമെന്ന് പറഞ്ഞു, മറ്റു ചിലർ നഷ്ടപ്പെട്ട അധികാരത്തെക്കുറിച്ചാകുമെന്നും പറഞ്ഞു. അപ്പോൾ ഖലീഫ ജയിലിലുള്ള ഉമയ്യ ഭരണാധികാരികളിലേക്ക് ദൂതനെ അയച്ചു ചോദിച്ചു. അവരുടെ മറുപടി ഇപ്രകാരമായിരുന്നു: “ഞങ്ങൾക്ക് ഞങ്ങളുടെ മക്കളുടെ തർബിയ്യത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്താണ് ഞങ്ങൾ ഏറ്റവും കൂടുതൽ ദുഃഖിക്കുന്നത്!”
അഹ്മദ് ശൗഖി എന്ന കവി പാടിയ വരികൾ വളരെ അർത്ഥവത്താണ്: “മാതാപിതാക്കൾ ഇഹലോകവാസം വെടിഞ്ഞ് ഒരുവനെ അനാഥനാക്കി മാറ്റുമ്പോഴല്ല യഥാർത്ഥത്തിൽ അവനൊരു യത്തീം ആകുന്നത്; മറിച്ച്, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ഒരു മാതാവോ, എപ്പോഴും ഭൗതിക കാര്യങ്ങളിൽ തിരക്കിലായ ഒരു പിതാവോ അവനുണ്ടാകുമ്പോഴാണ് അവൻ യഥാർത്ഥത്തിൽ അനാഥനായി മാറുന്നത്.” അതിനാൽ തർബിയ്യത്ത് മുൻഗണനകളിൽ ആദ്യത്തേതാകണം.
അഞ്ചാമത്തെ നിയമം: തർബിയ്യത്ത് അങ്ങേയറ്റം പ്രയാസകരവും ക്ഷമയാവശ്യമുള്ളതുമായ കാര്യമാണെന്ന തിരിച്ചറിവ്
തർബിയ്യത്ത് എന്നത് വളരെ ദീർഘമായ, ക്ഷമയും പ്രയത്നവും ആവശ്യമുള്ള ഒരു പ്രക്രിയയാണ്. പഴയകാലത്തേക്കാൾ ഇന്ന് തർബിയ്യത്ത് കൂടുതൽ സങ്കീർണ്ണവും പ്രയാസകരവുമായി മാറിയിരിക്കുന്നു. മാതാപിതാക്കൾ കൈകാര്യം ചെയ്യുന്നത് നിർജീവ വസ്തുക്കളെയല്ല, മറിച്ച് ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണ്ണമായ സൃഷ്ടിയായ മനുഷ്യനെയാണ് ഇതിന് കാരണം.
അല്ലാഹു ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ചത് മനുഷ്യനുവേണ്ടിയാണ്. മനുഷ്യനെയും ജിന്നിനെയും സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടിയുമാണ്. പ്രവാചകന്മാർ വന്നതും ഈ മനുഷ്യനിലേക്കാണ്. മനുഷ്യപ്രകൃതത്തെ കൈകാര്യം ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കുട്ടികളിൽ തന്നെ ഒരാൾ വേഗത്തിൽ ദേഷ്യം വരുന്നവനാകാം, മറ്റൊരാൾ എപ്പോഴും ചിരിക്കുന്നവനാകാം, വേറൊരാൾ ഗൗരവക്കാരനാകാം. ഒരാളോട് കർശനമായി സംസാരിച്ചാലേ കാര്യങ്ങൾ മനസ്സിലാകൂ, എന്നാൽ മറ്റൊരാളോട് കർശനമായി സംസാരിച്ചാൽ അത് വിപരീതഫലം ഉണ്ടാക്കും. ഇത്രയും സങ്കീർണ്ണമായ മനുഷ്യപ്രകൃതങ്ങളെയാണ് മാതാപിതാക്കൾ കൈകാര്യം ചെയ്യുന്നത്.
അതുകൊണ്ട് കേവലം പ്രകൃതിദത്തമായ അറിവുകൾ വെച്ചുകൊണ്ട് മാത്രം ഇന്നത്തെ കാലത്ത് തർബിയ്യത്ത് നടത്താനാകില്ല. ഇതിനെക്കുറിച്ച് പഠിക്കുകയും വായിക്കുകയും പണ്ഡിതന്മാരോട് ചോദിച്ചറിയുകയും വേണം. പ്രസിദ്ധനായ ഒരു ഇസ്ലാമിക ചിന്തകന്റെ അടുക്കൽ ഒരാൾ വന്ന് തന്റെ ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ എങ്ങനെ വളർത്തണം എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഒരാഴ്ചയായിട്ടും അവനെ എങ്ങനെ വളർത്തണമെന്ന് നിനക്കറിയില്ലേ? നിനക്ക് ഒരുപാട് സമയവും അവസരങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു!”
ആറാമത്തെ നിയമം: തർബിയ്യത്ത് എവിടെ നിന്ന് ആരംഭിക്കുന്നു?
തർബിയ്യത്ത് എവിടെ നിന്ന് തുടങ്ങണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. വിവാഹത്തിന് മുമ്പ് ഇണയെ തിരഞ്ഞെടുക്കുന്നതിലൂടെ തന്നെ ഭാവി തലമുറയുടെ തർബിയ്യത്ത് ആരംഭിക്കുന്നു. പുരുഷൻ തന്റെ ഇണയെ തിരഞ്ഞെടുക്കുന്നതുപോലെ, ഒരു സ്ത്രീക്കും തന്റെ ഇണയെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശമുണ്ട്. ദീനും സ്വഭാവദൂഷ്യവുമുള്ളവരെ ഒഴിവാക്കി ഉത്തമരായവരെ കണ്ടെത്തണം. നബി (ﷺ) പുരുഷന്മാരോട് പറഞ്ഞു:
تُنْكَحُ الْمَرْأَةُ لِأَرْبَعٍ… فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ
“ഒരു സ്ത്രീ നാല് കാര്യങ്ങൾക്കായി വിവാഹം ചെയ്യപ്പെടുന്നു… എന്നാൽ നീ ദീനുള്ളവളെ തിരഞ്ഞെടുക്കുക; അല്ലാത്തപക്ഷം നീ നശിച്ചുപോകും.”5
രക്ഷിതാക്കളോട് നബി (ﷺ) പറഞ്ഞു:
إِذَا أَتَاكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَزَوِّجُوهُ، إِلَّا تَفْعَلُوا تَكُنْ فِتْنَةٌ فِي الْأَرْضِ، وَفَسَادٌ عَرِيضٌ
“ദീനും സ്വഭാവവും നിങ്ങൾക്ക് തൃപ്തികരമായ ഒരാൾ നിങ്ങളെ സമീപിച്ചാൽ നിങ്ങൾ അവന് വിവാഹം ചെയ്തുകൊടുക്കുക. നിങ്ങളത് ചെയ്തില്ലെങ്കിൽ ഭൂമിയിൽ വലിയ ഫിത്നയും അതിവിപുലമായ നാശവുമുണ്ടാകും.”6
വിവാഹാന്വേഷണങ്ങൾ വരുമ്പോൾ അതിനെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് പഠിക്കാൻ മുൻഗാമികൾ മാസങ്ങളോളം സമയമെടുത്തിരുന്നു. വാതിലിൽ മുട്ടുന്ന ആദ്യത്തെയാൾക്ക് മകളെ വിവാഹം ചെയ്തു കൊടുക്കുന്ന രീതി ഇസ്ലാമിനില്ല.
മാതാപിതാക്കൾക്കിടയിൽ തർബിയ്യത്തിന്റെ കാര്യത്തിലുള്ള ഭിന്നതകൾ പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. ഒരാൾ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാനുണ്ടായ പ്രധാന കാരണം, താൻ പഠിപ്പിക്കുന്ന നന്മകളെല്ലാം ഭാര്യ കുട്ടികളിൽ നിന്ന് ഇല്ലാതാക്കുന്നു എന്നതായിരുന്നു. ഇതിന് വിപരീതമായി, മാതാവ് കുട്ടികളെ ദീൻ പഠിപ്പിക്കുമ്പോൾ പിതാവ് അവരെ തെറ്റുകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഇമാം ഇബ്നുൽ ഖയ്യിം (رَحِمَهُ اللَّهُ) രേഖപ്പെടുത്തിയത് വളരെ കൃത്യമാണ്: “മക്കൾ വഴിപിഴച്ചു പോകുന്നതിന്റെ പ്രധാന കാരണം മാതാപിതാക്കൾ തന്നെയാണ്.”
ഏഴാമത്തെ നിയമം: കാലികമായ മാറ്റങ്ങൾക്കനുസരിച്ച് തർബിയ്യത്ത് പഠിക്കേണ്ടതിന്റെ അനിവാര്യത
ഇന്നത്തെ കാലത്ത് തർബിയ്യത്തിന് കൂടുതൽ അറിവും ശ്രദ്ധയും ആവശ്യമാണ്. പഴയകാലത്തെ ലളിതമായ സാഹചര്യങ്ങളല്ല ഇന്നുള്ളത്. ഇന്ന് കുട്ടികൾ മാതാപിതാക്കളോടൊപ്പമോ മുതിർന്നവരോടൊപ്പമോ ചെലവഴിക്കുന്ന സമയം വളരെ കുറവാണ്. ഒപ്പമിരുന്നാൽ തന്നെ അവരുടെ ശ്രദ്ധ മറ്റു പലതിലുമായിരിക്കും. അതുകൊണ്ട് കേവലം ഒരു സ്വാഭാവിക ഒഴുക്കിലൂടെ അവരെ വളർത്താനാകില്ല.
ഇന്നത്തെ പല ചുറ്റുപാടുകളും കുട്ടികളെ നന്നാക്കുന്നതിന് പകരം നശിപ്പിക്കുന്നവയാണ്. അതുകൊണ്ട് അവരെ തെരുവുകളിലേക്കോ മോശം സാഹചര്യങ്ങളിലേക്കോ അഴിച്ചുവിടരുത്. അവർക്ക് നല്ല കൂട്ടുകാരെയും, നല്ല അധ്യാപകരെയും, ഖുർആൻ പഠിക്കാനുള്ള സദസ്സുകളും മാതാപിതാക്കൾ തന്നെ ഒരുക്കിക്കൊടുക്കണം. എപ്പോഴും സമപ്രായക്കാരുമായി മാത്രം ഇടപഴകാൻ വിടുന്നത് പലപ്പോഴും ദോഷകരമായി മാറാറുണ്ട്.
നിർമ്മാണം വളരെ പ്രയാസകരമാണ്, എന്നാൽ നശിപ്പിക്കാൻ വളരെ എളുപ്പമാണ്. വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത കുട്ടിയുടെ സ്വഭാവം ഒരൊറ്റ മോശം അനുഭവം കൊണ്ടോ തെറ്റായ കൂട്ടുകെട്ടുകൊണ്ടോ നശിച്ചുപോയേക്കാം. തർബിയ്യത്ത് എന്നത് ഒരു നിമിഷത്തിൽ അവസാനിക്കുന്നതല്ല; മറിച്ച് മരണം വരെയുള്ള ഒരു ദീർഘയാത്രയാണ്. കുട്ടികൾ വിവാഹിതരായാൽ പോലും മാതാപിതാക്കളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അവർക്ക് ആവശ്യമാണ്. വിവാഹം കഴിഞ്ഞ പെൺകുട്ടികൾക്ക് പ്രശ്നങ്ങൾ വരുമ്പോൾ മാതാപിതാക്കളോട് ചർച്ച ചെയ്യാൻ ശീലിപ്പിക്കണം. എല്ലാം സ്വയം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ കാര്യങ്ങൾ വഷളാകാൻ സാധ്യതയുണ്ട്. മാതാപിതാക്കളോട് മനസ്സ് തുറക്കാൻ അവരെ അനുവദിക്കേണ്ടത് അനിവാര്യമാണ്.
എട്ടാമത്തെ നിയമം: തർബിയ്യത്ത് അല്ലാഹുവുമായും ദീനുമായും ബന്ധിപ്പിക്കുക
കുട്ടികളെ ചെറുപ്പം മുതൽക്കേ അല്ലാഹുവുമായും നബി (ﷺ) യോടുമുള്ള സ്നേഹവുമായും ദീനുമായും ബന്ധിപ്പിച്ചു വളർത്തണം. പലപ്പോഴും മുതിർന്നവരോട് പോലും അല്ലാഹുവിനെയാണോ മാതാപിതാക്കളെയാണോ കൂടുതൽ സ്നേഹിക്കുന്നത് എന്ന് ചോദിച്ചാൽ, വ്യക്തമായ ഉത്തരം നൽകാൻ അവർ പതറുന്നത് കാണാം. മാതാപിതാക്കളെയാണ് ഏറ്റവും സ്നേഹിക്കുന്നതെന്ന് പറയുന്നവരുണ്ട്. ഇതൊരു അടിസ്ഥാന അഖീദയുടെ വിഷയമാണ്. നബി (ﷺ) ഉമർ (رَضِيَ اللَّهُ عَنْهُ) വിനോട് പറഞ്ഞത് അതാണ്:
لَا يَا عُمَرُ، حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ
“അല്ല ഉമർ, നിന്റെ സ്വന്തം ശരീരത്തേക്കാൾ ഞാൻ നിനക്ക് പ്രിയപ്പെട്ടവനാകുന്നതുവരെ (നിന്റെ ഈമാൻ പൂർണ്ണമാകില്ല).”7
നബി (ﷺ) യെ മാതാപിതാക്കളെക്കാളും മറ്റെല്ലാവരെക്കാളും സ്നേഹിക്കണം എന്നത് ദീനിന്റെ അടിസ്ഥാനമാണ്. ഇത് ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കണം. കുട്ടികളോട് ആരെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്ന് ചോദിക്കുകയും, അല്ലാഹുവിനെയും റസൂലിനെയുമാണ് ഏറ്റവും സ്നേഹിക്കേണ്ടതെന്ന് അവരെ പഠിപ്പിക്കുകയും വേണം. അനുഗ്രഹങ്ങളെല്ലാം നൽകിയത് അല്ലാഹുവാണെന്നും, അവനോടുള്ള സ്നേഹം കൊണ്ടാണ് ഇബാദത്തുകൾ ചെയ്യുന്നതെന്നും അവരെ ബോധ്യപ്പെടുത്തണം. ഈമാനിന്റെ മാധുര്യം അവരുടെ ഹൃദയങ്ങളിൽ ഊട്ടിയുറപ്പിക്കണം. നബി (ﷺ) പറഞ്ഞു:
ثَلَاثٌ مَنْ كُنَّ فِيهِ وَجَدَ حَلَاوَةَ الْإِيمَانِ: أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا…
“മൂന്ന് കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവൻ ഈമാനിന്റെ മാധുര്യം ആസ്വദിച്ചു: അല്ലാഹുവും അവന്റെ റസൂലും മറ്റെല്ലാവരെക്കാളും അവന് പ്രിയപ്പെട്ടവരാകുക…”8
അതോടൊപ്പം, അവർക്ക് വേണ്ടി എപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്തുകൊണ്ടിരിക്കണം. ഖുർആൻ അത്തരം നിരവധി പ്രാർത്ഥനകൾ പഠിപ്പിച്ചുതന്നിട്ടുണ്ട്:
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില് നിന്നും സന്താനങ്ങളില് നിന്നും ഞങ്ങള്ക്ക് നീ കണ്കുളിര്മ നല്കുകയും ഭയഭക്തിയുള്ളവര്ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.”9
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ
“എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്വഹിക്കുന്നവനാക്കേണമേ. എന്റെ സന്താനങ്ങളില് നിന്നും (അങ്ങനെ ചെയ്യുന്നവരെ ഉണ്ടാക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.”10
رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ
“എന്റെ രക്ഷിതാവേ, നിന്റെ അടുക്കല് നിന്ന് എനിക്ക് നീ ഒരു ഉത്തമ സന്താനത്തെ നല്കേണമേ. തീര്ച്ചയായും നീ പ്രാര്ത്ഥന കേള്ക്കുന്നവനാണല്ലോ.”11
ഒരു കാരണവശാലും സ്വന്തം മക്കൾക്കെതിരെ പ്രാർത്ഥിക്കുകയോ ശാപവാക്കുകൾ പറയുകയോ ചെയ്യരുത്. അങ്ങനെ സംഭവിച്ചാൽ അല്ലാഹുവിനോട് പാപമോചനം തേടുകയും, അതിന് പകരമായി അവർക്ക് നന്മ വരാൻ ആത്മാർത്ഥമായി ദുആ ചെയ്യുകയും വേണം.
ഒമ്പതാമത്തെ നിയമം: ഉത്തമ മാതൃകയിലൂടെയുള്ള തർബിയ്യത്ത്
കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെയാണ് ഏറ്റവും കൂടുതൽ അനുകരിക്കുന്നത്. അതുകൊണ്ട് മാതാപിതാക്കളുടെ സ്വഭാവവും സംസാരവും അവർക്ക് മികച്ച മാതൃകയായിരിക്കണം. കുട്ടികളെ തെറിവാക്കുകളോ മോശം സംസാരങ്ങളോ പഠിപ്പിക്കാൻ ഇടവരുത്തരുത്.
മുതിർന്നവർ കുട്ടികളുടെ മുന്നിൽ വെച്ച് മോശം വാക്കുകൾ ഉപയോഗിക്കുന്നത് അവരുടെ ഭാവിയെ ഗുരുതരമായി ബാധിക്കും. എത്ര അടുത്ത ബന്ധുക്കളായാലും കുട്ടികളെ തെറ്റായ കാര്യങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചാൽ അതിനെ മുളയിലേ നുള്ളിക്കളയാൻ മാതാപിതാക്കൾ ജാഗ്രത കാണിക്കണം. കുട്ടികളുടെ മുന്നിൽ വെച്ചുള്ള ഇത്തരം സംസാരങ്ങളും ശീലങ്ങളും ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ്.
പത്താമത്തെ നിയമം: സ്നേഹത്തിലൂടെയുള്ള തർബിയ്യത്ത്
കുട്ടികളോട് സ്നേഹം തുറന്നു പറയുക എന്നത് തർബിയ്യത്തിലെ സുപ്രധാനമായ ഭാഗമാണ്. നബി (ﷺ) ഹസനെയും ഹുസൈനെയും (رَضِيَ اللَّهُ عَنْهُمَا) അങ്ങേയറ്റം സ്നേഹിക്കുകയും വാത്സല്യം കാണിക്കുകയും ചെയ്തിരുന്നു. പ്രവാചകൻ (ﷺ) ഖുതുബ നിർവ്വഹിക്കുമ്പോൾ അവർ വന്നാൽ മിമ്പറിൽ നിന്നിറങ്ങി അവരെ എടുക്കുമായിരുന്നു. നമസ്കാരത്തിൽ സുജൂദിലായിരിക്കുമ്പോൾ അവർ നബി (ﷺ) യുടെ പുറത്തുകയറിയിരുന്നാൽ അവർ ഇറങ്ങുന്നതുവരെ സുജൂദ് ദീർഘിപ്പിക്കുമായിരുന്നു.
കുട്ടികളോട് തങ്ങളുടെ സ്നേഹം മാതാപിതാക്കൾ വ്യക്തമാക്കണം. അവർ തിരിച്ചും സ്നേഹം പ്രകടിപ്പിക്കാൻ അത് കാരണമാകും. പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതും സമ്മാനങ്ങൾ കൈമാറുന്നതും കുടുംബബന്ധങ്ങളെ ദൃഢമാക്കും. നബി (ﷺ) പറഞ്ഞു:
تَهَادَوْا تَحَابُّوا
“നിങ്ങൾ പരസ്പരം സമ്മാനങ്ങൾ കൈമാറുക, നിങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും.”12
പതിനൊന്നാമത്തെ നിയമം: പ്രോത്സാഹനത്തിലൂടെയുള്ള തർബിയ്യത്ത്
കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരം അവരുടെ നന്മകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് വളരെ ഫലപ്രദമായ മാർഗ്ഗമാണ്. ബുദ്ധിയില്ലാത്തവനെന്നും ഒന്നും മനസ്സിലാകാത്തവനെന്നും എപ്പോഴും കുറ്റപ്പെടുത്തുന്നതിന് പകരം, നല്ല വാക്കുകൾ ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കണം. കുട്ടികൾ കൃത്യമായി നമസ്കരിക്കുന്നവരാണല്ലോ എന്ന് മാതാപിതാക്കൾ സന്തോഷത്തോടെ പറയുമ്പോൾ, അത് അവരിൽ ഇബാദത്തുകളോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നു. വാക്കുകൾ കൊണ്ടും, പ്രവൃത്തികൾ കൊണ്ടും, സമ്മാനങ്ങൾ നൽകിയും അവരെ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ മാനസിക വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തും.
സന്താനപരിപാലനം എന്നത് കേവലം ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റൽ മാത്രമല്ല, മറിച്ച് അവരെ സ്വർഗ്ഗത്തിലേക്ക് നയിക്കാനുള്ള മഹത്തായ ഉത്തരവാദിത്തമാണ്. അല്ലാഹു മാതാപിതാക്കൾക്കും സന്താനങ്ങൾക്കും ഉപകാരപ്രദമായ വിജ്ഞാനവും സൽകർമ്മങ്ങളും നൽകി അനുഗ്രഹിക്കട്ടെ. എല്ലാവരെയും നേർവഴിയിലാക്കുകയും സന്മാർഗ്ഗത്തിൽ ഉറപ്പിച്ചുനിർത്തുകയും ചെയ്യുമാറാകട്ടെ.
നബി മുഹമ്മദ് (ﷺ) യുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സ്വഹാബികളുടെയും മേൽ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും വർഷിക്കുമാറാകട്ടെ.
- സൂറത്ത് അത്തഹ്രീം – 6 ↩︎
- സ്വഹീഹുൽ ബുഖാരി – 893, സ്വഹീഹ് മുസ്ലിം – 1829 ↩︎
- സുനൻ അബീദാവൂദ് – 1692, മുസ്നദ് അഹ്മദ് ↩︎
- സ്വഹീഹ് മുസ്ലിം – 1631 ↩︎
- സ്വഹീഹുൽ ബുഖാരി – 5090, സ്വഹീഹ് മുസ്ലിം – 1466 ↩︎
- സുനൻ അത്തീർമിദി – 1084, ഇബ്നു മാജ ↩︎
- സ്വഹീഹുൽ ബുഖാരി – 6632 ↩︎
- സ്വഹീഹുൽ ബുഖാരി – 16, സ്വഹീഹ് മുസ്ലിം – 43 ↩︎
- സൂറത്ത് അൽ ഫുർഖാൻ – 74 ↩︎
- സൂറത്ത് ഇബ്രാഹീം – 40 ↩︎
- സൂറത്ത് ആലു ഇംറാൻ – 38 ↩︎
- അൽ അദബുൽ മുഫ്റദ് – 594 ↩︎

