ഒൻപതാം നിയമം: അതിരുകൾ നിശ്ചയിക്കപ്പെടാത്ത ശർഇയായ വിധികൾക്ക് ഉർഫും പതിവുകളും അവലംബമാക്കാവുന്നതാണ്

7 Min Read

العُرْفُ وَالْعَادَةُ يُرْجَعُ إِلَيْهِ فِي كُلِّ حُكْمٍ حَكَمَ بِهِ الشَّارِعُ, وَلَمْ يَحُدَّهُ بِحَدٍّ

ശർഇൽ കൃത്യമായി അതിരുകൾ (പരിധികൾ) നിശ്ചയിക്കപ്പെടാത്ത ഏതൊരു വിധിയിലും, ഉർഫിലേക്കും (നാട്ടുനടപ്പ്) പതിവുകളിലേക്കുമാണ് (ആദത്ത്) മടങ്ങേണ്ടത്.

ഈ നിയമം ശരീഅത്തിലെ മുആമലാത്തുകൾ (ഇടപാടുകൾ), അവകാശങ്ങൾ നൽകൽ, തുടങ്ങിയ വിവിധ മേഖലകളെ ഉൾക്കൊള്ളുന്നു. കാരണം ശരീഅത്തിൽ ഒരു കാര്യത്തിന് വിധി നിർണ്ണയിക്കുന്നത് രണ്ട് ഘട്ടങ്ങളിലൂടെയാണ്:

  • വിധി നൽകേണ്ട കാര്യത്തിന്റെ പരിധികളും വിശദാംശങ്ങളും മനസ്സിലാക്കുക.
  • ശർഇയ്യായ വ്യവസ്ഥകൾക്കനുസരിച്ച് ആ കാര്യത്തിന് വിധി നിർണ്ണയിക്കുക.

നിർബന്ധം (വാജിബ്), സുന്നത്ത്, നിഷിദ്ധം (ഹറാം), കറാഹത്ത്, അല്ലെങ്കിൽ അനുവദനീയം (മുബാഹ്) എന്നിങ്ങനെ ഏതെങ്കിലുമൊരു കാര്യത്തിന്റെ വിധി അല്ലാഹുവും അവന്റെ റസൂലും വ്യക്തമായി നിശ്ചയിക്കുകയും, അതിന്റെ പരിധികളും വിശദാംശങ്ങളും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഈ ശരീഅത്ത് നിശ്ചയിച്ച അല്ലാഹുവിന്റെ ആ വിശദാംശങ്ങളെ മുറുകെപ്പിടിക്കുക എന്നതാണ് നമ്മുടെ ബാധ്യത. ഉദാഹരണത്തിന്, നമസ്കാരത്തിനുള്ള കൽപ്പനയിൽ അല്ലാഹു അതിന്റെ പരിധികളും വിശദാംശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ആ വിശദാംശങ്ങളെ മുറുകെപ്പിടിക്കൽ നമുക്ക് നിർബന്ധമാണ്. അതുപോലെ സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ മറ്റ് കർമ്മങ്ങളുടെ കാര്യത്തിലും അല്ലാഹുവും അവന്റെ റസൂലും ﷺ അത് വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം നിയമമാക്കുകയും, എന്നാൽ അതിന്റെ പരിധികളും വിശദാംശങ്ങളും വ്യക്തമായി പരാമർശിക്കാതിരിക്കുകയും ചെയ്താൽ, ഇത്തരം വിഷയങ്ങളിൽ സമൂഹത്തിൽ അറിയപ്പെടുന്ന ‘ഉർഫും’ (നാട്ടുനടപ്പ്) പതിവുകളും ആ കാര്യത്തിന്റെ പരിധികളും വിശദാംശങ്ങളും നിർണ്ണയിക്കുന്നതിനുള്ള അവലംബമായി എടുക്കാവുന്നതാണ്.

ഒരു കാര്യത്തിന്റെ പരിധികൾ നാട്ടുനടപ്പിലേക്ക് (ഉർഫിലേക്ക്) മടക്കുന്നതിനെക്കുറിച്ച് അല്ലാഹു നേരിട്ട് തന്നെ ചിലപ്പോൾ പരാമർശിക്കാറുണ്ട്. ഉദാഹരണത്തിന്, ഭാര്യമാരോട് നല്ല രീതിയിൽ വർത്തിക്കാൻ ഭർത്താക്കന്മാരോട് കൽപ്പിച്ചുകൊണ്ട് അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:

وَعَاشِرُوهُنَّ بِالْمَعْرُوفِ

നിങ്ങൾ അവരോട് മര്യാദയോടെ (നല്ല നിലയിൽ) സഹവസിക്കുക. [സൂറത്ത് അന്നിസാഅ് – 19]

ഈ ആയത്തിലെ ‘മഅ്റൂഫ്’ (നല്ല രീതിയിൽ) എന്ന പദം, ശരീഅത്ത് പ്രകാരം നല്ലതെന്ന് കരുതുന്ന കാര്യങ്ങളെയും ബുദ്ധിപരമായി നല്ലതെന്ന് കരുതുന്ന കാര്യങ്ങളെയും ഉൾക്കൊള്ളുന്നു.

അതുപോലെ അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:

وَأْمُرْ بِالْعُرْفِ

സദാചാരം (നല്ല കാര്യങ്ങൾ) കൽപിക്കുകയും ചെയ്യുക. [സൂറത്ത് അൽ അഅ്റാഫ് – 199]

ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, ശരീഅത്തിൽ കൃത്യമായി പരിധികൾ നിശ്ചയിക്കപ്പെടാത്ത ശർഇയ്യായ കാര്യങ്ങളിൽ, അവയുടെ വിശദാംശങ്ങളും പരിധികളും മനുഷ്യർക്കിടയിൽ അറിയപ്പെടുന്ന നാട്ടുനടപ്പിലേക്കാണ് മടക്കേണ്ടത് എന്നാണ്. മഹത്തായ ഈ നിയമത്തിന്റെ പ്രായോഗിക രൂപങ്ങൾ താഴെ പറയുന്ന ഉദാഹരണങ്ങളിൽ കാണാവുന്നതാണ്:

  • മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ, യത്തീമുകൾ (അനാഥകൾ), അഗതികൾ, യാത്രക്കാർ, അതുപോലെ മുഴുവൻ സൃഷ്ടികളോടും ഇഹ്സാൻ (നന്മ) ചെയ്യാൻ അല്ലാഹു നമ്മോട് കൽപ്പിച്ചിട്ടുണ്ട്. അപ്പോൾ, സമൂഹത്തിൽ നല്ലതെന്ന് കരുതപ്പെടുന്ന എല്ലാ കാര്യങ്ങളും ഈ കൽപ്പനയുടെ പരിധിയിൽ വരുന്നതാണ്. കാരണം, അല്ലാഹു ഇഹ്സാൻ എന്ന പദം നിരുപാധികമായാണ് (പൊതുവായിട്ടാണ്) പറഞ്ഞിട്ടുള്ളത്. ഇഹ്സാൻ എന്നത് ‘ഇസാഅത്ത്’ (തിന്മ ചെയ്യുക) എന്നതിന്റെ വിപരീത പദമാണ്. വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ സമ്പത്തുകൊണ്ടോ ഉള്ള നന്മകൾ തടഞ്ഞുവെക്കുന്നതിനും ഇഹ്സാൻ എതിരാണ്.

സ്വഹീഹായ ഹദീസിൽ റസൂലുല്ലാഹി ﷺ അരുളിയിരിക്കുന്നു:

كُلُّ مَعْرُوْفٍ صَدَقَةٌ

എല്ലാ സൽകർമ്മവും (മഅ്റൂഫും) സ്വദഖയാണ് (ധർമ്മമാണ്). [സഹീഹ് ബുഖാരി – 6021, സഹീഹ് മുസ്‌ലിം – 1005]

ഒരാൾ ചെയ്യുന്ന ഏതൊരു ഇഹ്സാനും മഅ്റൂഫും സ്വദഖയാണെന്ന് വ്യക്തമാക്കുന്ന സ്പഷ്ടമായ പ്രമാണമാണ് ഈ ഹദീസ്.

  • ഏതൊരു കരാറിലും അല്ലെങ്കിൽ ദാനധർമ്മങ്ങളിലും, ഇരുപക്ഷത്തിന്റെയും പൊരുത്തപ്പെടൽ (സമ്മതം/തൃപ്തി) അത് സ്വീകാര്യമാകുന്നതിനുള്ള നിബന്ധനകളിൽ പെട്ടതാണ്. എന്നാൽ ഈ കരാർ നടത്തുന്നതിനോ അല്ലെങ്കിൽ ഈ പൊരുത്തപ്പെടൽ അറിയിക്കുന്നതിനോ ശരീഅത്ത് പ്രത്യേകമായ പദങ്ങളൊന്നും തന്നെ നിശ്ചയിച്ചിട്ടില്ല. ശരീഅത്ത് പ്രത്യേക പദങ്ങൾ നിശ്ചയിക്കാത്തതുകൊണ്ട്, ഒരു കരാർ നടന്നുവെന്നും ഇരുപക്ഷത്തിനും സമ്മതമാണെന്നും അറിയിക്കുന്ന എല്ലാ പദങ്ങളും പ്രവർത്തികളും ഇതിനായി ഉപയോഗിക്കാവുന്നതാണ്, ആ കരാർ സ്വീകാര്യവുമായിരിക്കും [അൽ-ഇഖ്തിയാറാത്ത് എന്ന ഗ്രന്ഥത്തിൽ (പേജ് 121) ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യഃ رَحِمَهُ اللَّهُ പറയുന്നു: കച്ചവടമോ പാരിതോഷികം നൽകലോ നടന്നു എന്ന് അറിയിക്കുന്ന, മനുഷ്യർക്കിടയിൽ നാട്ടുനടപ്പുള്ള ഏതൊരു വാക്കും പ്രവർത്തിയും ആ കച്ചവടവും പാരിതോഷികം നൽകലും ആ വാക്കിലൂടെയും പ്രവർത്തിയിലൂടെയും സ്വീകാര്യമാക്കുന്നതാണ്]

എന്നാൽ, ഈ വിഷയത്തിൽ പണ്ഡിതന്മാർ ചില കാര്യങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കരാർ സ്വീകാര്യമാകാൻ ചില പ്രത്യേക വാക്കുകൾ അവർ നിർബന്ധമാക്കിയിട്ടുണ്ട്; ഉദാഹരണത്തിന് വിവാഹക്കരാർ. പണ്ഡിതന്മാർ പറയുന്നു: “വിവാഹക്കരാറിൽ നിർബന്ധമായും ഈജാബും (നൽകൽ) ഖബൂലും (സ്വീകരിക്കൽ) ഉണ്ടായിരിക്കണം.” വിവാഹമോചനത്തിന്റെ (ത്വലാഖ്) വിഷയത്തിലും അപ്രകാരം തന്നെയാണ്. ഭർത്താവിന്റെ വാക്കിലൂടെയോ എഴുത്തിലൂടെയോ അല്ലാതെ ത്വലാഖ് സ്വീകാര്യമാകുകയില്ല.

  • നേരിട്ട് കൈമാറ്റം ചെയ്യൽ നിബന്ധനയുള്ള കരാറുകളിൽ, ഈ കൈമാറ്റം ചെയ്യൽ നിലവിലുള്ള നാട്ടുനടപ്പുകൾക്ക് അനുസരിച്ചായിരിക്കും; അതിന്റെ രൂപങ്ങൾ വ്യത്യസ്തവുമായിരിക്കും. ഏതെങ്കിലും ഒരു സമൂഹത്തിൽ ഒരു പ്രത്യേക പ്രവർത്തി നേരിട്ടുള്ള കൈമാറ്റമായി കണക്കാക്കപ്പെടുന്നുവെങ്കിൽ, ഖബ്ദ് എന്നതിന്റെ അർത്ഥവും അതിന്റെ പ്രായോഗിക രൂപവും വ്യക്തമാക്കാൻ അത് അവലംബമാക്കാവുന്നതാണ്.
  • സുരക്ഷിതമായ സൂക്ഷിപ്പുകേന്ദ്രത്തിന്റെ വിഷയത്തിലും അപ്രകാരം തന്നെയാണ്. മറ്റൊരാളുടെ സമ്പത്ത് സംരക്ഷിക്കാൻ വിശ്വസിച്ചേൽപ്പിക്കപ്പെട്ട (അമാനത്ത് നൽകപ്പെട്ട) ഒരാൾ, തന്റെ സമൂഹത്തിലെ നാട്ടുനടപ്പനുസരിച്ച് യോജിച്ച സൂക്ഷിപ്പുകേന്ദ്രത്തിൽ ആ സമ്പത്ത് സംരക്ഷിക്കലും സൂക്ഷിക്കലും നിർബന്ധമാണ്. ഓരോ സമ്പത്തിനും അതാത് സമൂഹത്തിന്റെ നാട്ടുനടപ്പനുസരിച്ച് അതിന് യോജിച്ച സൂക്ഷിപ്പുകേന്ദ്രങ്ങളുണ്ടാകും. ഇതൊക്കെ ചെയ്തിട്ടും ആ സാധനം നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, അമാനത്ത് നൽകപ്പെട്ട ആൾക്ക് അത് പകരം നൽകൽ നിർബന്ധമില്ല. അതിനർത്ഥം സുരക്ഷയുടെ മാനദണ്ഡം ഉർഫിനെ (നാട്ടുനടപ്പിനെ) ആശ്രയിച്ചാണ് നിൽക്കുന്നത് എന്നാണ്.

എന്നാൽ, അമാനത്ത് നൽകപ്പെട്ട ആൾ അത് സംരക്ഷിക്കുന്നതിൽ സൂക്ഷ്മത കാണിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്തത് കാരണം അത് നശിച്ചുപോകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ, ആ നഷ്ടത്തിന് പകരം നൽകാൻ അയാൾ ബാധ്യസ്ഥനാണ്. ഈ അവസ്ഥയിൽ, അയാൾ സൂക്ഷ്മത കാണിച്ചോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ആ സമൂഹത്തിലെ നാട്ടുനടപ്പനുസരിച്ചാണ്. ആ നാട്ടിലെ മാനദണ്ഡപ്രകാരം അയാൾ സൂക്ഷ്മത കാണിച്ചില്ല എന്ന് വിലയിരുത്തപ്പെട്ടാൽ അയാൾ പകരം നൽകൽ നിർബന്ധമാണ്. എന്നാൽ സൂക്ഷ്മത കാണിച്ചു എന്ന് വിലയിരുത്തപ്പെട്ടാൽ അയാൾ പകരം നൽകേണ്ടതില്ല.

  • കളഞ്ഞുകിട്ടിയ വസ്തു (ലുഖത്വഃ) ലഭിച്ച ഒരാൾ, അതിന്റെ ഉടമസ്ഥനെ കണ്ടെത്താൻ വേണ്ടി ഒരു വർഷക്കാലം അത് പരസ്യപ്പെടുത്തൽ നിർബന്ധമാണ്. പരസ്യപ്പെടുത്തുന്ന രീതി ആ നാട്ടിലെ സമൂഹത്തിന്റെ പതിവുകൾക്ക് (ആദത്ത്) അനുസരിച്ചായിരിക്കും. ഒരു വർഷം പരസ്യപ്പെടുത്തിയിട്ടും ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ആ വസ്തു അത് കിട്ടിയ ആളുടെ അവകാശമായി മാറുന്നതാണ്.
  • വഖ്ഫിനെ സംബന്ധിച്ചിടത്തോളം, വഖ്ഫ് ചെയ്ത സ്വത്തിന്റെ ഉപയോഗം വഖ്ഫ് ചെയ്ത വ്യക്തിയുടെ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും അനുസരിച്ചായിരിക്കും; അത് ശരീഅത്തിന് വിരുദ്ധമാകാത്ത കാലത്തോളം. എന്നാൽ ആ വ്യവസ്ഥകളും നിബന്ധനകളും വഖ്ഫ് ചെയ്ത വ്യക്തിയിൽ നിന്ന് വ്യക്തമല്ലെങ്കിൽ, അതിന്റെ ഉപയോഗം ആ നാട്ടിലെ സമൂഹത്തിന്റെ പതിവുകൾക്ക് അനുസരിച്ചായിരിക്കും.
  • അടിസ്ഥാന വിധിപ്രകാരം, ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം നിശ്ചയിക്കപ്പെടുന്നത് ആ വസ്തു യഥാർത്ഥത്തിൽ ആരുടെ കൈവശമാണുള്ളത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ വസ്തു ഒരാളുടെ കൈവശമാണ് ഉള്ളതെങ്കിൽ അത് അയാളുടെ സ്വന്തമാണെന്ന് കണക്കാക്കപ്പെടുന്നു; എന്നാൽ ആ അടിസ്ഥാന വിധിയിൽ നിന്ന് മാറ്റുന്ന വല്ല തെളിവുകളും ഉണ്ടെങ്കിൽ ഒഴികെ.
  • ഭാര്യ, അടുത്ത ബന്ധുക്കൾ, അടിമകൾ, ജോലിക്കാർ, അതുപോലുള്ളവർക്ക് മഅ്റൂഫായ (നല്ല) രീതിയിൽ ചെലവിന് നൽകാനുള്ള കൽപ്പന. ഭാര്യയുമായി നല്ല രീതിയിൽ സഹവസിക്കുന്നതിൽ (മുആശറത്ത്) ഉർഫിലേക്ക് (നാട്ടിലെ പതിവുകളിലേക്ക്) മടങ്ങണമെന്ന് അല്ലാഹുവും അവന്റെ റസൂലും വ്യക്തമായി പറഞ്ഞിട്ടുണ്ട് [അല്ലാഹു സൂറത്ത് അന്നിസാഇലെ 19-ാമത്തെ ആയത്തിൽ പറഞ്ഞത് ഇതിൽ പെട്ടതാണ്. അതുപോലെ ആഇശ رَضِيَ اللَّهُ عَنْهَا നിവേദനം ചെയ്ത ഹദീസിന്റെ അടിസ്ഥാനത്തിൽ, നബി ﷺ ഹിന്ദ് رَضِيَ اللَّهُ عَنْهَا യോട് ഇപ്രകാരം അരുളി: നിനക്കും നിന്റെ കുട്ടിക്കും മതിയാകുന്നത്ര നല്ലനിലയിൽ (മഅ്റൂഫായ നിലയിൽ) നീ (ആ സമ്പത്തിൽ നിന്ന്) എടുത്തുകൊള്ളുക. (സഹീഹ് ബുഖാരി കിതാബുൽ ബുയൂഅ്, ബാബ്: മൻ അജ്റാ അംറൽ അംസ്വാരി അലാ മാ യതആറഫാൻ… നമ്പർ 2211, സഹീഹ് മുസ്‌ലിം കിതാബുൽ അഖ്ദിയ്യഃ, ബാബ്: ഖദിയ്യത്തു ഹിന്ദ്, നമ്പർ 1714)] മുആശറത്ത് (സഹവാസം) എന്നതിന്റെ അർത്ഥം ചെലവിന് നൽകുക എന്നതിനേക്കാൾ വിശാലമാണ്. കാരണം വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ മറ്റെന്തെങ്കിലുമോ ആയി, ഭാര്യാഭർത്താക്കന്മാർക്കിടയിലെ ബന്ധവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളെയും മുആശറത്ത് ഉൾക്കൊള്ളുന്നു. അതെല്ലാം തന്നെ ആ സമൂഹത്തിൽ നിലനിൽക്കുന്ന പതിവുകളിലേക്കാണ് മടങ്ങുന്നത്.
  • ഇസ്തിഹാദഃ (രോഗരക്തം പുറപ്പെടുന്ന അവസ്ഥ) നേരിടുന്ന ഒരു സ്ത്രീക്ക്, ഇസ്തിഹാദയുടെ രക്തവും തന്റെ ആർത്തവ രക്തവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, ഇസ്തിഹാദഃ ഉണ്ടാകുന്നതിന് മുമ്പുള്ള തന്റെ പതിവുകൾക്കനുസരിച്ച് അവൾ തന്റെ ആർത്തവകാലം നിർണ്ണയിക്കേണ്ടതാണ്. എന്നാൽ മറവി കാരണമോ മറ്റെന്തെങ്കിലും കാരണമോ ഇസ്തിഹാദയ്ക്ക് മുമ്പുള്ള തന്റെ ആർത്തവ പതിവുകൾ അവൾക്ക് ഓർമ്മയില്ലെങ്കിൽ, അവൾ തന്റെ കുടുംബത്തിലെ സ്ത്രീകളുടെ ആർത്തവ പതിവുകൾക്കനുസരിച്ചും, പിന്നീട് അവളുടെ നാട്ടിലെ സ്ത്രീകളുടെ പതിവുകൾക്കനുസരിച്ചും അതിന്റെ സമയം നിർണ്ണയിക്കേണ്ടതാണ്.
  • കച്ചവട വസ്തുക്കളിലെ ന്യൂനതകൾ (‘അയ്ബ്), വലിയ വിലവ്യത്യാസം (ഗബ്ൻ – സാധാരണ വിപണിവിലയേക്കാൾ വലിയ വ്യത്യാസത്തിൽ വിൽക്കുകയോ വാങ്ങുകയോ ചെയ്യുക), കബളിപ്പിക്കൽ (തദ്‌ലീസ് – കച്ചവട വസ്തുവിലെ ന്യൂനതകൾ മറച്ചുവെക്കൽ) എന്നിവയുടെ സാന്നിധ്യം. ഇവയുടെയെല്ലാം പരിധികൾ നിശ്ചയിക്കുന്നത് ഉർഫിലേക്കാണ് മടങ്ങുന്നത്. ഒരു സമൂഹത്തിന്റെ നാട്ടുനടപ്പിൽ ഏതെങ്കിലുമൊരു അവസ്ഥ ന്യൂനതയോ (അയ്ബ്), വിലവ്യത്യാസമോ (ഗബ്ൻ), കബളിപ്പിക്കലോ (തദ്‌ലീസ്) ആണെന്ന് കണക്കാക്കപ്പെട്ടാൽ, അതുമായി ബന്ധപ്പെട്ട വിധികൾ അവിടെ ബാധകമാകുന്നതാണ്.
  • മഹർ (വിവാഹമൂല്യം) വ്യക്തമായി പരാമർശിക്കപ്പെടാത്ത, അല്ലെങ്കിൽ പരാമർശിക്കപ്പെട്ടെങ്കിലും അത് ഫാസിദായ (ശർഇയ്യായ വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത) ഒരു വിവാഹത്തിൽ, മഹർ നിശ്ചയിക്കുന്നത് മഹ്‌റുൽ മിസ്‌ലിലേക്കാണ് (ആ നാട്ടിലെ സമൂഹത്തിൽ പൊതുവായി നിലനിൽക്കുന്ന മഹറിന്റെ മാനദണ്ഡത്തിലേക്ക്) മടങ്ങുന്നത്. സ്ത്രീകളിലെ വ്യത്യാസം, സമയത്തിലെ വ്യത്യാസം, സ്ഥലങ്ങളിലെ വ്യത്യാസം എന്നിവയനുസരിച്ച് ആ മഹറിന്റെ മൂല്യത്തിലും വ്യത്യാസമുണ്ടാകും.

മുകളിലെ നിയമത്തിന്റെ പ്രായോഗിക ഉദാഹരണങ്ങൾ നിരവധിയുണ്ട്; അവ പണ്ഡിതന്മാർ രചിച്ച ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും.

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

അവലംബം: ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദി രചിച്ച ‘അൽ ഖവാഇദു വൽ ഉസ്വൂലുൽ ജാമിഅ വൽ ഫുറൂഖു വത്തഖാസീമുൽ ബദീഅത്തുന്നാഫിഅ’

Share This Article
Leave a Comment