സംഭവവികാസങ്ങൾ വിധികൾക്ക് രൂപം നൽകുന്നില്ല; മറിച്ച്, വിധികൾ കൊണ്ടാണ് സംഭവവികാസങ്ങൾ അളക്കപ്പെടുന്നത്

5 Min Read

ശൈഖ് അബ്ദുള്ള അൽ-ഉബൈലാൻ

ഇസ്‌ലാമിക ശരീയത്തിനെ സവിശേഷമാക്കുന്ന ഏറ്റവും വലിയ കാര്യം അതൊരു റബ്ബാനിയ്യായ (ദൈവികമായ) നിയമവ്യവസ്ഥയാണ് എന്നതാണ്. സംഭവവികാസങ്ങളുടെ മാറ്റങ്ങളിൽ നിന്നോ, ശക്തികളുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളിൽ നിന്നോ, പരീക്ഷണങ്ങളുടെ വിജയപരാജയങ്ങളിൽ നിന്നോ അല്ല അത് അതിന്റെ വിധികൾ സ്വീകരിക്കുന്നത്. മറിച്ച്, അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ റസൂലിന്റെ ﷺ സുന്നത്തുമായ അബദ്ധമുക്തമായ വഹ്‌യിൽ (ദിവ്യബോധനത്തിൽ) നിന്നാണ് അത് അതിന്റെ അധികാരം ഉൾക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ, കാലങ്ങൾ മാറിയാലും നാടുകൾ വ്യത്യാസപ്പെട്ടാലും ഭരണകൂടങ്ങൾ മാറിവന്നാലും അതിന്റെ വിധികൾ സ്ഥിരമായി നിലകൊള്ളുന്നു.

ഇതിൽ നിന്നാണ്, സംഭവവികാസങ്ങൾ വിധികൾക്ക് രൂപം നൽകുന്നില്ല, മറിച്ച് വിധികൾ കൊണ്ടാണ് സംഭവവികാസങ്ങൾ അളക്കപ്പെടുന്നത് എന്നത് അഹ്‌ലുസ്സുന്നയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായി മാറിയത്. ഒരു സംഭവം ഒരു ശറഇയ്യായ (മതപരമായ) വിധി നിർമ്മിക്കുന്നില്ല; അത് ദീനിന്റെ അടിസ്ഥാനങ്ങളിൽ നിന്ന് ഒരടിസ്ഥാനത്തെയും മാറ്റുന്നുമില്ല. മറിച്ച്, അത് ശരീയത്തിന്റെ തുലാസിൽ വെക്കപ്പെടുകയാണ് ചെയ്യുന്നത്. അതിനോട് യോജിക്കുന്നത് സ്വീകരിക്കപ്പെടും, അതിന് എതിരായത് തള്ളപ്പെടും; ജനങ്ങൾ അതിന്റെ ഫലങ്ങളിൽ ആശ്ചര്യപ്പെട്ടാലും, അല്ലെങ്കിൽ അതിന്റെ വിജയത്തിന്റെ തിളക്കം അവരെ അമ്പരപ്പിച്ചാലും ശരി.

അതുകൊണ്ടുതന്നെ, ഈ പ്രവൃത്തി എന്താണ് നേടിക്കൊടുത്തത് എന്നതായിരുന്നില്ല സലഫുകൾ ആദ്യം ചോദിച്ചിരുന്നത്. മറിച്ച്, ഇതിൽ അല്ലാഹു എന്ത് പറഞ്ഞു? ഇതിൽ അവന്റെ റസൂൽ ﷺ എന്ത് പറഞ്ഞു? എന്നതായിരുന്നു അവർ ചോദിച്ചിരുന്നത്. കാരണം, സത്യം എന്നത് സംഭവവികാസങ്ങൾക്ക് മുമ്പുള്ളതാണെന്നും, അവയെ വിലയിരുത്തുന്നതിൽ ജനങ്ങൾക്ക് മാർഗ്ഗദർശനം നൽകുന്നത് വഹ്‌യ് ആണെന്നും ഒരു സത്യവിശ്വാസിക്ക് അറിയാം. അല്ലാതെ അവ വഹ്‌യിന് മാർഗ്ഗദർശനം നൽകുകയോ – അത് അസംഭവ്യമാണ് – അല്ലെങ്കിൽ അതിനെ പുനർവ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല.

സംഭവവികാസങ്ങളെ വിധികളുടെ സ്രോതസ്സാക്കി മാറ്റിയിരുന്നുവെങ്കിൽ, ദീനിന് ഒരു സ്ഥിരതയും അവശേഷിക്കുമായിരുന്നില്ല. കാരണം, സംഭവവികാസങ്ങൾ മാറിമറിയുന്നവയാണ്; വ്യക്തികൾ, കാലങ്ങൾ, നാടുകൾ എന്നിവ വ്യത്യാസപ്പെടുന്നതിനനുസരിച്ച് അവയും വ്യത്യാസപ്പെടുന്നു. ഇന്ന് വിജയിക്കുന്നത് നാളെ പരാജയപ്പെട്ടേക്കാം; ഒരു സ്ഥലത്ത് ഉപകാരപ്രദമായത് മറ്റൊരു സ്ഥലത്ത് ഫസാദ് ആയിരിക്കാം. അപ്പോൾ ഈ രൂപങ്ങൾ മാറുന്നതനുസരിച്ച് വിധികൾ മാറുമോ? ഒരിക്കലുമില്ല, മറിച്ച് ശറഇയ്യായ അടിസ്ഥാനം സ്ഥിരമായി നിലകൊള്ളുന്നു; പിന്നീട് അതിന്റെ നിബന്ധനകൾക്കനുസരിച്ച് അത് സംഭവവികാസങ്ങൾക്ക് മേൽ പ്രയോഗവൽക്കരിക്കപ്പെടുന്നു.

ഇന്ന വിപ്ലവം വിജയിച്ചു, അല്ലെങ്കിൽ ഇന്ന പ്രക്ഷോഭം വിജയിച്ചു, അല്ലെങ്കിൽ ഇന്ന അട്ടിമറി ഒരു പ്രത്യേക ഭരണകൂടത്തെ താഴെയിറക്കി; അതുകൊണ്ട് ആ വഴി ശരിയാണെന്ന് അത് അറിയിക്കുന്നു എന്ന് പറഞ്ഞ് ഒരാൾ തെളിവ് പിടിക്കുന്നത് ഏറ്റവും വലിയ അബദ്ധങ്ങളിൽ പെട്ടതാണ്. കാരണം, ഇത് ശറഇയ്യായ ഒരു തെളിവ് പിടിക്കലല്ല; മറിച്ച്, ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള തെളിവ് പിടിക്കലാണ്. ഇഹലോകത്തെ വിജയം സത്യം സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡമായി മാറിയതുപോലെയാണിത്.

ഈ മാനദണ്ഡം ശരിയായിരുന്നുവെങ്കിൽ, വിജയിക്കുന്നവനെല്ലാം സത്യത്തിലാകുമായിരുന്നു; വിജയം വരിക്കുന്നവനെല്ലാം ശരിയിലാകുമായിരുന്നു. കൂടാതെ സത്യനിഷേധികളായ സമുദായങ്ങൾ വ്യവസായത്തിലോ രാഷ്ട്രീയത്തിലോ യുദ്ധത്തിലോ പുരോഗതി പ്രാപിക്കുമ്പോഴെല്ലാം സത്യവിശ്വാസികളെക്കാൾ സന്മാർഗ്ഗത്തിലാകുമായിരുന്നു. ഇസ്‌ലാമിന്റെ യാഥാർത്ഥ്യം അറിയുന്ന ബുദ്ധിയുള്ള ഒരാളും ഇപ്രകാരം പറയുകയില്ല.

ഭൂമിയിൽ അധികാരം നൽകപ്പെടുകയും, മറ്റാർക്കും നൽകപ്പെടാത്ത തരത്തിലുള്ള ശക്തിയും അധികാരവും വിശാലമാക്കി കൊടുക്കപ്പെടുകയും ചെയ്ത ചില ജനവിഭാഗങ്ങളെക്കുറിച്ച് അല്ലാഹു അറിയിച്ചിട്ടുണ്ട്. എന്നിരുന്നിട്ടും അവർ ബാത്വിലിലായിരുന്നു. അല്ലാഹു പറഞ്ഞു:

﴿فَلَا يَغْرُرْكَ تَقَلُّبُهُمْ فِي الْبِلَادِ﴾

നാടുകളിൽ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിക്കാതിരിക്കട്ടെ.1

ഇഹലോകത്തെ അധികാരം ഒരു മൻഹജിന്റെ (മാർഗ്ഗത്തിന്റെ) ശരിയെ അറിയിക്കുന്നില്ല എന്ന് ഇത് വ്യക്തമാക്കുന്നു; അതുപോലെ പരീക്ഷിക്കപ്പെടുന്നത് അതിന്റെ അസാധുത്വത്തെയും അറിയിക്കുന്നില്ല.

അതുകൊണ്ടുതന്നെ, പ്രവാചകന്മാർ عليهم الصلاة والسلام പെട്ടെന്നുള്ള ഫലങ്ങൾ നോക്കി സത്യത്തെ അളന്നിരുന്നില്ല. നൂഹ് عليه السلام അൻപത് വർഷം കുറഞ്ഞ ആയിരം വർഷത്തോളം തന്റെ ജനതയെ പ്രബോധനം ചെയ്തുകൊണ്ട് കഴിഞ്ഞു. കുറച്ചുപേരല്ലാതെ അദ്ദേഹത്തോടൊപ്പം വിശ്വസിച്ചില്ല. പിൻഗാമികൾ കുറവായിരുന്നത് അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ ദൗർബല്യത്തെ അറിയിക്കുന്ന തെളിവായിരുന്നില്ല; അതുപോലെ ബാത്വിലിന്റെ ആളുകൾക്ക് പിൻഗാമികൾ കൂടുതലുള്ളത് അവരുടെ വഴിയുടെ ശരിയെ അറിയിക്കുന്ന തെളിവാകാത്തതുപോലെ.

അല്ലാഹുവിന്റെ വിധി എന്താണ്? എന്ന ചോദ്യത്തിൽ നിന്ന്, ഈ പരീക്ഷണം എന്ത് നേടിക്കൊടുത്തു? എന്ന ചോദ്യത്തിലേക്ക് മാറുമ്പോഴാണ് ജനങ്ങൾ വഴിപിഴക്കുന്നത്. കാരണം, മനുഷ്യന്റെ പരീക്ഷണങ്ങൾ ഒരു നിയമദാതാവാകാൻ യോഗ്യമല്ല. ശറഇയ്യായ വിധി സ്ഥിരപ്പെട്ടതിന് ശേഷം അത് പരിഗണിക്കപ്പെടാനുള്ള ഒരു ഇടമാകാൻ മാത്രമേ അതിന് സാധിക്കൂ; അല്ലാതെ അതിന് മുമ്പല്ല.

അതുകൊണ്ടാണ് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ നസ്സുകളെ (പ്രമാണങ്ങളെ) അടിസ്ഥാനമാക്കുകയും, പിന്നീട് ആ നസ്സുകളുടെ വെളിച്ചത്തിൽ മസ്‌ലഹത്തുകളിലേക്കും (നന്മകളിലേക്കും) മഫ്‌സദത്തുകളിലേക്കും (തിന്മകളിലേക്കും) നോക്കുകയും ചെയ്യുന്നത്; അല്ലാതെ അതിന് പുറത്തല്ല. എന്നാൽ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കുന്നവനാകട്ടെ, സംഭവവികാസങ്ങളെ നസ്സുകൾക്ക് വിധേയമാക്കുന്നതിന് പകരം, സംഭവവികാസങ്ങൾക്ക് അനുയോജ്യമാകുന്ന രൂപത്തിൽ നസ്സുകളെ വ്യാഖ്യാനിക്കാൻ വൈകുകയില്ല.

ഇവിടെനിന്നാണ് പല ബൗദ്ധിക – സംഘടനാ പ്രസ്ഥാനങ്ങളിലും പിഴവ് കടന്നുകൂടിയത്; ചില സംഭവങ്ങളുടെ വിജയത്തെ തങ്ങളുടെ മാർഗ്ഗങ്ങളുടെ ശരിക്ക് തെളിവായി അവർ സ്വീകരിച്ചു. പിന്നീട് ആ ഫലങ്ങളെ ശരിവെക്കുന്ന കാര്യങ്ങൾ നസ്സുകളിൽ അന്വേഷിക്കാൻ അവർ തുടങ്ങി. അങ്ങനെ, പിൻപറ്റപ്പെടേണ്ട ഒരു ഇമാമിൽ (നേതാവിൽ) നിന്ന്, തങ്ങൾ നേരത്തെ തിരഞ്ഞെടുത്ത കാര്യത്തെ ന്യായീകരിക്കാൻ വിളിക്കപ്പെടുന്ന ഒരു സാക്ഷിയായി വഹ്‌യ് മാറി.

ഇത് തലകീഴായ ഒരു രീതിയാണ്. കാരണം, ഒരു സത്യവിശ്വാസി വഹ്‌യിൽ നിന്ന് തുടങ്ങുകയും, അത് നയിക്കുന്നിടത്തേക്ക് അതിനോടൊപ്പം സഞ്ചരിക്കുകയുമാണ് ചെയ്യുന്നത്; അല്ലാതെ സംഭവവികാസങ്ങളിൽ നിന്ന് തുടങ്ങുകയും, അതിനോട് യോജിക്കുന്ന രൂപത്തിൽ വഹ്‌യിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയുമല്ല ചെയ്യുന്നത്.

ഇക്കാരണത്താലാണ്, അഹ്‌ലുസ്സുന്നയുടെ ഏറ്റവും വലിയ അടിസ്ഥാനങ്ങളിൽ ഒന്നായി ഇത് മാറിയത്: ശറഅ് സംഭവവികാസങ്ങൾക്ക് മേൽ വിധി കൽപ്പിക്കുന്നതാണ്, അല്ലാതെ അവയാൽ വിധി കൽപ്പിക്കപ്പെടുന്നതല്ല. നസ്സുകൾ ചരിത്രത്തെ നയിക്കുന്നു, ചരിത്രം നസ്സുകളെ നയിക്കുന്നില്ല. ചില സംഭവവികാസങ്ങൾ നൽകുന്ന പെട്ടെന്നുള്ള നേട്ടങ്ങൾ കൊണ്ടല്ല സത്യം അറിയപ്പെടുന്നത്; മറിച്ച്, അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ ബാത്വിൽ കടന്നുവരാത്ത വഹ്‌യ് എന്താണോ കൊണ്ടുവന്നത് അതിലൂടെയാണ് സത്യം അറിയപ്പെടുന്നത്.

ഈ അടിസ്ഥാനം ഒരാളുടെ ഹൃദയത്തിൽ വേരുറച്ചാൽ, സംഭവവികാസങ്ങൾ മാറിമറിയുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളിൽ നിന്ന് അവൻ സുരക്ഷിതനാകും. ബാത്വിലിന്റെ വിജയത്തിൽ അവൻ വഞ്ചിതനാവുകയില്ല, സത്യം അപരിചിതമാകുമ്പോൾ അവൻ നിരാശനാവുകയുമില്ല. കാരണം, മനുഷ്യർ ധൃതികാണിക്കുന്ന മാനദണ്ഡങ്ങളല്ല അല്ലാഹുവിന്റെ അടുക്കലുള്ള മാനദണ്ഡങ്ങളെന്നും; സിറാത്വിലിന്റെ (നേർമാർഗ്ഗത്തിന്റെ) മേൽ പാദങ്ങൾ ഉറപ്പിച്ചു നിർത്തുക എന്നതിലാണ് കാര്യം, അല്ലാതെ കയ്യടികളുടെ പെരുപ്പത്തിലോ, എത്തിച്ചേരുന്നതിന്റെ വേഗതയിലോ, രാഷ്ട്രീയത്തിന്റെ താളുകളിൽ ചരിത്രകാരന്മാർ എഴുതിവെക്കുന്നതിലോ അല്ല എന്നും അവൻ മനസ്സിലാക്കുന്നു.

  1. സൂറത്തു ഗാഫിർ – 4 ↩︎
Share This Article
Leave a Comment