الأَحْكَامُ اْلأُصُوْلِيَّةُ وَالْفُرُوْعِيَّةُ لاَ تَتِمُّ إِلاَّ بِأَمْرَيْنِ : وُجُوْدُ شُرُوْطِهَا وَأَرْكَانِهَا وَانْتِفَاءُ مَوَانِعِهَا
അടിസ്ഥാനപരമായതോ ശാഖാപരമായതോ ആയ ശർഇയ്യായ വിധികൾ രണ്ട് കാര്യങ്ങൾ കൊണ്ടല്ലാതെ പൂർണ്ണമാകുകയില്ല: അവയുടെ നിബന്ധനകളും (ശുറൂത്തുകൾ) സ്തംഭങ്ങളും (അർക്കാനുകൾ) പൂർത്തീകരിക്കപ്പെടുക, അവയ്ക്ക് തടസ്സമാകുന്ന കാര്യങ്ങൾ ഇല്ലാതിരിക്കുക എന്നിവയാണവ.
മഹത്തായ ഈ നിയമം ശരീഅത്തിലെ അടിസ്ഥാനപരമായതും ശാഖാപരമായതുമായ വിഷയങ്ങളെ ഉൾക്കൊള്ളുന്നതാണ്.
ഈ നിയമത്തിന്റെ ഏറ്റവും വലിയ പ്രയോജനങ്ങളിൽ ഒന്ന്, ചില പ്രത്യേക കർമ്മങ്ങൾ ചെയ്യുന്നതിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്നും നരകത്തിൽ നിന്ന് രക്ഷപ്പെടാമെന്നും വാഗ്ദാനം ചെയ്യുന്ന നിരവധി പ്രമാണങ്ങൾ നാം കാണാറുണ്ട് എന്നതാണ്. അതുപോലെ തന്നെ നരകത്തിൽ പ്രവേശിക്കുമെന്നോ, സ്വർഗ്ഗപ്രവേശം തടയപ്പെടുമെന്നോ, അല്ലെങ്കിൽ സ്വർഗ്ഗത്തിലെ ചില അനുഗ്രഹങ്ങൾ ലഭിക്കില്ലെന്നോ താക്കീത് നൽകുന്ന (ഭയപ്പെടുത്തുന്ന) ധാരാളം പ്രമാണങ്ങളും വന്നിട്ടുണ്ട്. ഈ പ്രമാണങ്ങളെ മനസ്സിലാക്കാൻ അവയുടെ ബാഹ്യമായ അർത്ഥം മാത്രം നോക്കിയാൽ പോരാ (മറ്റ് ശർഇയ്യായ ദലീലുകളുമായും നിയമങ്ങളുമായും ബന്ധിപ്പിക്കാതെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല).
അതുപോലെ, വിലക്കപ്പെട്ട ഒരു കാര്യം ചെയ്യുന്ന ആൾ നരകത്തിൽ പ്രവേശിക്കുമെന്നോ, അവന് സ്വർഗ്ഗം ഹറാമാക്കപ്പെടുമെന്നോ, സ്വർഗ്ഗത്തിലെ ചില അനുഗ്രഹങ്ങൾ ഹറാമാക്കപ്പെടുമെന്നോ താക്കീത് നൽകുന്ന പ്രമാണങ്ങളുടെ പ്രായോഗികവൽക്കരണവും അവയ്ക്ക് നിശ്ചയിക്കപ്പെട്ട നിബന്ധനകൾ പൂർത്തീകരിക്കപ്പെടുന്നതുമായും അവയ്ക്ക് തടസ്സമാകുന്ന കാരണങ്ങൾ ഇല്ലാതിരിക്കുന്നതുമായും ബന്ധിപ്പിക്കേണ്ടതുണ്ട്.
ഈ വിശദീകരണത്തിലൂടെ, വാഗ്ദാനങ്ങളും താക്കീതുകളും ഉൾക്കൊള്ളുന്ന ധാരാളം പ്രമാണങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കുമുള്ള മറുപടി ലഭിക്കുന്നു.
അതുകൊണ്ട്, ആരെങ്കിലും ഇപ്രകാരം ചോദിച്ചാൽ: “ഒരാൾ ഒരു പ്രത്യേക വാക്ക് പറയുകയോ അല്ലെങ്കിൽ ഒരു പ്രത്യേക കർമ്മം ചെയ്യുകയോ ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന് ശരീഅത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഒരാൾക്ക് ആ കർമ്മം മാത്രം ചെയ്താൽ മതിയാകുമോ?”
അതിനുള്ള മറുപടി ഇതാണ്: ഖുർആനിലെയും ഹദീസിലെയും മുഴുവൻ പ്രമാണങ്ങളിലും വിശ്വസിക്കൽ നമുക്ക് നിർബന്ധമാണ്. അതിനാൽ, സ്വർഗ്ഗപ്രവേശത്തിന് കാരണമാകുന്ന ഒരു കർമ്മം ചെയ്യുന്നതോടൊപ്പം, വിശ്വാസവും, ശരീഅത്തിൽ നിബന്ധനയാക്കപ്പെട്ട മറ്റ് കാര്യങ്ങളും ഉണ്ടായിരിക്കേണ്ടതുണ്ട്. ഇതിനുപുറമെ, ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുക, അല്ലെങ്കിൽ സൽകർമ്മങ്ങളെ നശിപ്പിച്ചുകളയുന്ന മറ്റ് കാര്യങ്ങൾ പോലുള്ള തടസ്സങ്ങൾ ഇല്ലാതിരിക്കുകയും വേണം.
അതുപോലെ, ആരെങ്കിലും ഇപ്രകാരം ചോദിച്ചാൽ: “സത്യവിശ്വാസിയായ ഒരാളെ മനഃപൂർവ്വം കൊല്ലുന്നവൻ നരകത്തിൽ ശാശ്വതവാസിയായിരിക്കും എന്ന പ്രതിഫലത്തെക്കുറിച്ച് അല്ലാഹു തന്റെ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടല്ലോ, അത് തീർച്ചയായും അങ്ങനെത്തന്നെ സംഭവിക്കുമോ?”
അതിനുള്ള മറുപടി ഇതാണ്, സത്യവിശ്വാസിയായ ഒരാളെ മനഃപൂർവ്വം കൊല്ലുക എന്നത് കൊലയാളി നരകത്തിൽ ശാശ്വതമായി പ്രവേശിക്കാൻ കാരണമാകുന്ന ഒരു ഘടകമാണ്. എന്നിരുന്നാലും, കൊലയാളി ഒരു മുഅ്മിനാണെങ്കിൽ, അവനിൽ അതിനെ തടയുന്ന ഒരു കാര്യം (അതായത് നരകത്തിൽ ശാശ്വതമായി കിടക്കുന്നതിന് തടസ്സമാകുന്ന കാര്യം) ഉണ്ട്; അവന്റെ ഈമാനാണ് ആ തടസ്സം. ഈ വിഷയത്തിലുള്ള പ്രമാണങ്ങൾ ധാരാളമായി (മുതവാത്തിറായി) വന്നിട്ടുള്ളതാണ്. ശരിയായ ഈമാനും തൗഹീദുമുള്ള ഒരാൾ നരകത്തിൽ പ്രവേശിച്ചാലും അവൻ അവിടെ ശാശ്വതവാസിയായിരിക്കില്ല എന്ന കാര്യത്തിൽ സലഫുകളായ പണ്ഡിതന്മാർ ഏകാഭിപ്രായമുള്ളവരാണ്.
അതിന്റെ അടിസ്ഥാനത്തിൽ, ഇതിന് സമാനമായ മറ്റ് പ്രമാണങ്ങളെയും (നസ്സുകളെയും) മനസ്സിലാക്കേണ്ടത് മുകളിലെ ഉദാഹരണത്തിൽ പറഞ്ഞതുപോലെയാണ്.
ഈ നിയമത്തിൽ നിന്ന് തുടങ്ങിക്കൊണ്ട്, അഹ്‌ലുസ്സുന്നത്തി വൽ ജമാഅഃ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ചിലപ്പോൾ ഒരാളിൽ ഈമാനിന്റെ ശാഖകളും കുഫ്‌റിന്റെയോ നിഫാഖിന്റെയോ ശാഖകളും ഒരുമിച്ചുകൂടിയേക്കാം. ചിലപ്പോൾ അവനിൽ നന്മയുടെ ശാഖകളും തിന്മയുടെ ശാഖകളും ഒരുമിച്ചുണ്ടാകാം. ധാരാളം പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ, ഒരാളിൽ തന്നെ പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളും ശിക്ഷ ലഭിക്കുന്ന കാര്യങ്ങളും ഒരുമിച്ചുകൂടിയേക്കാം. അതിനാൽ, കർമ്മങ്ങൾക്ക് പ്രതിഫലം നൽകുന്ന സമയത്ത്, കർമ്മങ്ങളുടെ വിചാരണ നടത്തുന്നതാണ്. ഇത് അല്ലാഹുവിന്റെ നീതിയുടെയും യുക്തിയുടെയും ഫലം കൂടിയാണ്.
നിയമത്തിന്റെ പ്രായോഗിക രൂപങ്ങൾ
- ഈ നിയമത്തിന്റെ പ്രായോഗിക രൂപങ്ങളിൽ പെട്ടതാണ് നമസ്കാരത്തിന്റെ നിർവ്വഹണം. അതിലെ നിബന്ധനകൾ (ശുറൂത്തുകൾ), സ്തംഭങ്ങൾ (അർക്കാനുകൾ), അതിലുള്ള നിർബന്ധ ബാധ്യതകൾ (വാജിബുകൾ) എന്നിവ പൂർത്തീകരിക്കപ്പെടാതെ ആ ആരാധന സ്വീകാര്യമാകുകയില്ല. അതുപോലെ, ന്യായമായ കാരണമില്ലാതെ നിബന്ധനകളിലോ സ്തംഭങ്ങളിലോ കുറവ് വരുത്തുകയോ, നമസ്കാരം ബാത്വിലാക്കുന്ന മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യുകയോ പോലുള്ള നമസ്കാരം ദുർബ്ബലപ്പെടുത്തുന്ന കാര്യങ്ങൾ ഇല്ലാതിരിക്കുകയും വേണം.
- നോമ്പ്. നോമ്പിലെ മുഴുവൻ നിർബന്ധ കാര്യങ്ങളും, നിബന്ധനകളും പൂർത്തീകരിക്കുകയും, നോമ്പ് സ്വീകാര്യമാകുന്നതിന് തടസ്സമാകുന്ന കാര്യങ്ങൾ – അതായത് നോമ്പ് മുറിക്കുന്ന കാര്യങ്ങൾ – ഇല്ലാതിരിക്കുകയും ചെയ്യാതെ ഒരാളുടെ നോമ്പ് സ്വീകാര്യമാകുകയില്ല.
- ഹജ്ജും ഉംറയും അപ്രകാരം തന്നെ.
- അതുപോലെ, കച്ചവടം (ബൈഅ്), എല്ലാവിധത്തിലുള്ള ഇടപാടുകൾ (മുആമലാത്ത്), കൈമാറ്റങ്ങൾ, എല്ലാത്തരം ദാനധർമ്മങ്ങൾ (തബറുആത്ത്). ഇവയെല്ലാം സ്വീകാര്യമാകണമെങ്കിൽ അതിന്റെ നിബന്ധനകൾ പൂർത്തീകരിക്കപ്പെടുകയും, അതിനെ നശിപ്പിക്കുന്നതും ബാത്വിലാക്കുന്നതുമായ കാര്യങ്ങൾ ഇല്ലാതിരിക്കുകയും വേണം.
- അനന്തരാവകാശ (മീറാസ്) വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു. അനന്തരാവകാശം ലഭിക്കുന്നതിനുള്ള കാരണങ്ങൾ ഇല്ലാതിരിക്കുകയോ, അതിനുള്ള നിബന്ധനകൾ പൂർത്തീകരിക്കപ്പെടാതിരിക്കുകയോ ചെയ്താൽ ഒരാൾക്ക് അനന്തരാവകാശം ലഭിക്കുകയില്ല. അതുപോലെ, കൊലപാതകിയാണെന്ന് തെളിയുക (അതായത് അനന്തരാവകാശം ലഭിക്കേണ്ട വ്യക്തിയെ കൊല്ലുക), അടിമയായിരിക്കുക, മതത്തിലുള്ള വ്യത്യാസം തുടങ്ങിയ, അനന്തരാവകാശം ലഭിക്കുന്നതിന് തടസ്സമാകുന്ന കാര്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാതെ അനന്തരാവകാശം ഭാഗിക്കാൻ പാടുള്ളതല്ല.
- വിവാഹത്തിന്റെ നിബന്ധനകളും സ്തംഭങ്ങളും പൂർത്തീകരിക്കപ്പെടുകയും, ആ വിവാഹം സ്വീകാര്യമാകുന്നതിന് തടസ്സമാകുന്ന കാര്യങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യാതെ ഒരു വിവാഹം സ്വീകാര്യമാകുകയില്ല.
- അതുപോലെ, ശിക്ഷാവിധികൾ (ഹുദൂദ്), പ്രതികാരം (ഖിസ്വാസ്), മറ്റ് നിയമങ്ങൾ എന്നിവ നടപ്പിലാക്കുന്ന വിഷയത്തിലും, അതിന്റെ നിബന്ധനകൾ പൂർത്തീകരിക്കപ്പെടുകയും തടസ്സമാകുന്ന മുഴുവൻ കാര്യങ്ങളും ഇല്ലാതിരിക്കുകയും ചെയ്യേണ്ടതുണ്ട്. ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ ഇവയെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഏതൊരു ആരാധനയോ ഇടപാടോ കരാറോ സ്വീകാര്യമല്ലാതെ വരുന്നുണ്ടെങ്കിൽ, അത് രണ്ട് സാധ്യതകളിൽ ഒന്നായിരിക്കും: ഒന്നുകിൽ അതിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു കാര്യം പൂർത്തീകരിക്കപ്പെടാതിരുന്നതുകൊണ്ട്; അല്ലെങ്കിൽ അതിനെ ബാത്വിലാക്കുന്ന എന്തെങ്കിലും ഒരു പ്രത്യേക തടസ്സം അവിടെ ഉണ്ടായതുകൊണ്ട്.
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
അവലംബം: ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദി രചിച്ച ‘അൽ ഖവാഇദു വൽ ഉസ്വൂലുൽ ജാമിഅ വൽ ഫുറൂഖു വത്തഖാസീമുൽ ബദീഅത്തുന്നാഫിഅ’

