ചോദ്യം: സാധനങ്ങൾ വാങ്ങാൻ വേണ്ടി താബി, തമാര പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നതിന്റെ വിധി എന്താണ്?
ഉത്തരം
ശൈഖ് സുലൈമാൻ അർ-റുഹൈലി: തവണവ്യവസ്ഥയിൽ (ഇൻസ്റ്റാൾമെന്റ്) കച്ചവടം നടത്തുന്ന ഇത്തരം കമ്പനികൾ, അവർ സ്വന്തമായി സാധനം വാങ്ങുകയും, കച്ചവടം ഉറപ്പിച്ചതിന് ശേഷം വിലയിൽ യാതൊരു വർദ്ധനവും വരുത്താതിരിക്കുകയും ചെയ്താൽ ആ ഇടപാട് അനുവദനീയമാണ്. അതായത് കച്ചവടത്തിന് മുൻപ് തന്നെ അവർ ഒരു വില നിശ്ചയിച്ചു നൽകുകയും, കച്ചവടം നടന്നുകഴിഞ്ഞാൽ പിന്നീട് യാതൊരു അധിക തുകയും അവർ ഈടാക്കാതിരിക്കുകയും ചെയ്യുക.
ജനങ്ങളുടെ ഇടപാടും കമ്പനിയുടെ പ്രവർത്തനവും തമ്മിൽ നാം വേർതിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. പണമടക്കാൻ വൈകുകയാണെങ്കിൽ 10 റിയാൽ പിഴയടക്കണം എന്ന് കമ്പനി ജനങ്ങൾക്ക് സന്ദേശം അയച്ചേക്കാം. ഇത് കമ്പനിയെ സംബന്ധിച്ചിടത്തോളം ഹറാമാണ് (നിഷിദ്ധമാണ്). എന്നാൽ നിങ്ങൾ അവരുമായി ചെയ്ത കരാറിനെ അത് ഹറാമാക്കുന്നില്ല; കാരണം അത് നിങ്ങളുടെ കരാറിന് പുറത്തുള്ള കാര്യമാണ്. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം, കച്ചവടം കഴിഞ്ഞതിന് ശേഷം വില വർദ്ധിപ്പിക്കാനുള്ള യാതൊരു തന്ത്രങ്ങളും അതിൽ ഉണ്ടാകാൻ പാടില്ല.
അതുകൊണ്ട് ഞാൻ പറയുന്നു: നമ്മുടെ രാജ്യത്തെ (സഊദി അറേബ്യയിലെ) നിയമപ്രകാരം, കച്ചവടത്തിന് ശേഷം യാതൊരു അധിക തുകയും ഈടാക്കാൻ പാടില്ല എന്ന് ഇത്തരം കമ്പനികളെ നിർബന്ധിതരാക്കിയതിന് ശേഷം, ജനങ്ങൾക്ക് അവരുമായി ഇടപാട് നടത്തൽ അനുവദനീയമായിട്ടുണ്ട് (ജായിസ്). അത് വളരെ പുണ്യകരമായ കാര്യമാണെന്നോ ഹറാമാണെന്നോ നാം പറയുന്നില്ല, മറിച്ച് അത് അനുവദനീയമാണ്.
എന്നാൽ കമ്പനികളെ സംബന്ധിച്ചിടത്തോളം അവർ ഒഴിവാക്കേണ്ട ചില പ്രശ്നങ്ങൾ ഇനിയുമുണ്ട്. അതുപോലെ തന്നെ, പണമടക്കാൻ ബുദ്ധിമുട്ടുള്ള ഒരാൾക്ക് വേണമെങ്കിൽ 10 റിയാൽ അധികം നൽകി രണ്ട് മാസം കൂടി സാവകാശം നേടാം എന്നൊരു ഓപ്ഷൻ കമ്പനി നൽകിയാൽ, അത് സ്വീകരിക്കാൻ ഒരു വ്യക്തിക്ക് അനുവാദമില്ല. അങ്ങനെ ചെയ്താൽ ആ കച്ചവടം പലിശയായി മാറും. നാം എപ്പോഴും ഹലാലായ കാര്യങ്ങൾ അന്വേഷിക്കുകയും അത് കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യേണ്ടതുണ്ട്.
ശൈഖിന്റെ വാക്കുകൾ അവസാനിച്ചു
ഇന്നത്തെ കാലത്ത് ഓൺലൈൻ പർച്ചേസിംഗിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘Buy Now Pay Later’ (BNPL) സംവിധാനങ്ങളുടെ മതപരമായ വിധിയാണ് ശൈഖ് സുലൈമാൻ അർ-റുഹൈലി ഇവിടെ കൃത്യമായി വിശദീകരിക്കുന്നത്.
ഇസ്‌ലാമിക കർമ്മശാസ്ത്രപ്രകാരം തവണവ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുന്നത് അനുവദനീയമാണ്. എന്നാൽ നിശ്ചിത സമയത്ത് പണമടക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന് മേൽ പിഴയോ (Late fee) അധിക തുകയോ ഈടാക്കുന്നത് വ്യക്തമായ പലിശയാണ്. നേരത്തെ ഇത്തരം ആപ്പുകളിൽ ലേറ്റ് ഫീ ഉണ്ടായിരുന്നു. എന്നാൽ സഊദി അറേബ്യയിലെ നിയമപ്രകാരം ഇത്തരം പിഴകൾ ഈടാക്കുന്നത് ഭരണകൂടം നിരോധിച്ചതിനാൽ, അടിസ്ഥാനപരമായി ഇത്തരം ആപ്പുകൾ വഴി സാധനങ്ങൾ വാങ്ങുന്നത് അനുവദനീയമായി മാറി എന്നാണ് ശൈഖ് വ്യക്തമാക്കുന്നത്.
എന്നാൽ ഈ ആപ്പുകളിൽ തന്നെ, കുറച്ചു പണം അധികം നൽകിയാൽ അടക്കാനുള്ള കാലാവധി നീട്ടിക്കിട്ടുന്ന ഓപ്ഷനുകൾ ഉണ്ടെങ്കിൽ അത് ഒരിക്കലും തിരഞ്ഞെടുക്കാൻ പാടില്ല. അത് അല്ലാഹു ﷻ കർശനമായി നിരോധിച്ച പലിശയാണ്. ആധുനിക സാമ്പത്തിക ഇടപാടുകളിൽ പലിശയുടെ ചെറിയൊരു അംശം പോലും കടന്നുവരാതെ സൂക്ഷിക്കണം എന്ന് ഈ ഫത്‌വ നമ്മെ ഉണർത്തുന്നു.

