തെറ്റായ വിശ്വാസങ്ങളും വ്യാജ പ്രത്യയശാസ്ത്രങ്ങളും പിൻപറ്റുന്നതിൻ്റെ അനന്തരഫലങ്ങൾ

21 Min Read
ഹനീഫ് ഒലിവർ

അറിവോ ഉദ്ദേശ്യമോ കഴിവോ ഇല്ലാതെ അസ്തിത്വത്തിലേക്ക് കൊണ്ടുവരപ്പെട്ട ഒരു സൃഷ്ടിയോ?

സ്രഷ്ടാവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്ന ഒരു വിഭാഗം മനുഷ്യരുണ്ടെന്നും, കേവലം പ്രകൃതിയുടെ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് തങ്ങൾ അസ്തിത്വത്തിൽ വന്നതെന്ന് അവർ വിശ്വസിക്കുന്നുവെന്നും ഈ ഗ്രന്ഥത്തിൽ നേരത്തെ തന്നെ പരാമർശിച്ചിട്ടുണ്ട്. ശൈഖ് അബ്ദുർറഹ്മാൻ അസ്സഅ്ദി വ്യക്തമാക്കുന്നു: ഈ ആളുകളുടെ വാദപ്രകാരം, “ഈ പ്രകൃതിക്ക് അതിൽ നിന്ന് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു ബോധവുമില്ല. മറിച്ച്, അതൊരു കേവല യന്ത്രം മാത്രമാണ്. ഇതൊക്കെയാണെങ്കിലും, ഉത്ഭവത്തിന്റെയും പ്രാവീണ്യത്തിന്റെയും ഉന്നതിയിലുള്ള വലിയ നേട്ടങ്ങളും, അങ്ങേയറ്റത്തെ യുക്തിയും കാരുണ്യവും, എല്ലാ കാര്യങ്ങളും നേരെയാകുന്നതും എല്ലാ സാഹചര്യങ്ങളും ശരിയാക്കപ്പെടുന്നതുമായ ഉയർന്ന തലത്തിലുള്ള ഐക്യവും ഈ പ്രകൃതിയിൽ നിന്ന് പുറപ്പെടുന്നു. (ഇതെല്ലാം പ്രത്യക്ഷത്തിൽ സംഭവിക്കുന്നത്) ഒരു ആസൂത്രകനോ, സ്രഷ്ടാവോ, തുടക്കക്കാരനോ ഇല്ലാതെയാണ്.”¹

ഈ പ്രാവീണ്യവും യുക്തിയും കാരുണ്യവും നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെ സൃഷ്ടിപ്പിൽ തന്നെ കാണാൻ കഴിയുമെന്ന് ശൈഖ് അബ്ദുർറസ്സാഖ് അൽ-അബ്ബാദ് കുറിക്കുന്നു: “നിങ്ങളുടെ സൃഷ്ടിപ്പിന്റെ ആദ്യവും മധ്യവും അവസാനവും ചിന്തിച്ചുനോക്കുക. നിങ്ങളുടെ സൃഷ്ടിപ്പിന്റെ തുടക്കത്തിലേക്ക് പൂർണ്ണ ഉൾക്കാഴ്ചയോടെ നോക്കുക; നിസ്സാരമായ ഒരു സ്രവത്തിൽ നിന്നാണ് അത് ആരംഭിച്ചത്; സർവ്വ നാഥനായ രക്ഷിതാവ് നട്ടെല്ലിനും വാരിയെല്ലുകൾക്കുമിടയിൽ നിന്ന് ഈ സ്രവം പുറത്തെടുക്കുകയും, അത് അതിന്റെ വാസസ്ഥലത്തും ശേഖരണ കേന്ദ്രത്തിലും എത്തിക്കുന്നത് വരെ, ഇടുങ്ങിയ ചാലുകളിലൂടെയും വൈവിധ്യമാർന്ന പാതകളിലൂടെയും തന്റെ ശക്തിയാൽ അതിനെ നയിക്കുകയും ചെയ്തു.

അല്ലാഹു എങ്ങനെയാണ് ആണും പെണ്ണും ഒന്നിക്കുകയും അവർക്കിടയിൽ സ്നേഹം നിക്ഷേപിക്കുകയും ചെയ്തതെന്നും, ഒരു കുട്ടിയുടെ രൂപീകരണത്തിനും സംയോജനത്തിനും കാരണമാകുന്ന ഒത്തുചേരലിലേക്ക് ആഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും ചങ്ങലയാൽ അവരെ എങ്ങനെ നയിച്ചുവെന്നും നോക്കുക.

ആ രണ്ട് സ്രവങ്ങൾ തമ്മിലുള്ള അകലം ഉണ്ടായിരുന്നിട്ടും അവയുടെ സംഗമം അവൻ എങ്ങനെ മുൻകൂട്ടി നിശ്ചയിച്ചുവെന്ന് നോക്കുക. അവൻ ആ രണ്ട് സ്രവങ്ങളെ ഞരമ്പുകളുടെയും അവയവങ്ങളുടെയും ആഴങ്ങളിൽ നിന്ന് കൊണ്ടുവരികയും അവയെ ഒരിടത്ത് ശേഖരിക്കുകയും ചെയ്തു. അവർക്ക് ഉറപ്പായ ഒരു വാസസ്ഥലം അവൻ നിശ്ചയിച്ചു. അതിനെ നശിപ്പിക്കാൻ വായുവിന് അതിലേക്ക് കടക്കാൻ കഴിയില്ല; അതിനെ കഠിനമാക്കാനോ മരവിപ്പിക്കാനോ തണുപ്പിനും കഴിയില്ല, ഒരു തടസ്സത്തിനും അതിൽ എത്താനാവില്ല.

തുടർന്ന് അവൻ വെളുത്ത ആ സ്രവത്തെ കടും ചുവപ്പ് നിറത്തിലുള്ള ഒട്ടിപ്പിടിക്കുന്ന ഒന്നാക്കി മാറ്റുന്നു, പിന്നീട് അവൻ അതിനെ മാംസക്കഷണമായി മാറ്റുന്നു, അതിന്റെ നിറത്തിലും സത്തയിലും രൂപത്തിലും ആ ഒട്ടിപ്പിടിക്കുന്ന രൂപത്തിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമാണ് അത്. പിന്നീട് അല്ലാഹു അതിനെ വെറും അസ്ഥികളാക്കി രൂപപ്പെടുത്തുന്നു, രൂപം, കാഴ്ച, അനുപാതം, സ്പർശനം, നിറം എന്നിവയിൽ അത് മാംസക്കഷണത്തിൽ നിന്ന് വ്യത്യസ്തമാണ്. ഈ രീതിയിൽ, അല്ലാഹു അവനെ രൂപപ്പെടുത്തിയ ഈ രൂപങ്ങളിൽ അവൻ പുറത്തുവരുന്നത് വരെ ഒരു വ്യക്തിയുടെ സൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ ക്രമാനുഗതമായി പുരോഗമിക്കുന്നു; അല്ലാഹു അവനുവേണ്ടി കേൾവി, കാഴ്ച, വായ, മൂക്ക്, മറ്റ് ദ്വാരങ്ങൾ എന്നിവ സൃഷ്ടിച്ചു. അവൻ അവന്റെ കാലുകളും കൈകളും നീട്ടുകയും വികസിപ്പിക്കുകയും ചെയ്തു, അവയുടെ അറ്റങ്ങൾ വിരലുകളും കാൽവിരലുകളുമായി വേർതിരിച്ചു, തുടർന്ന് അവയെ ഫലാഞ്ചുകളായി വിഭജിച്ചു. ഹൃദയം, ആമാശയം, കരൾ, പ്ലീഹ, ശ്വാസകോശം, ഗർഭപാത്രം, മൂത്രസഞ്ചി, കുടൽ തുടങ്ങിയ ആന്തരിക അവയവങ്ങളും അവൻ സംയോജിപ്പിച്ചു; അവയോരോന്നിനും അതിന്റേതായ അനുപാതവും പ്രത്യേക പ്രയോജനവുമുണ്ട്. അപ്പോൾ (ഓരോ കാര്യവും അനുയോജ്യമായ രീതിയിൽ) സൃഷ്ടിക്കുകയും, അനുപാതം നിശ്ചയിക്കുകയും, അളവുകൾ തീരുമാനിക്കുകയും, മാർഗ്ഗദർശനം നൽകുകയും ചെയ്തവൻ എത്ര പൂർണ്ണനാണ്.”²

وَهُوَ الَّذِي أَنشَأَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ

‘അവനാണ് നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും സൃഷ്ടിച്ചുതന്നവൻ. കുറച്ച് മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ.’³

ഈ നിരീശ്വരവാദ വിശ്വാസങ്ങൾ സ്വീകരിക്കുന്നവരോട് അസ്സഅ്ദി താഴെ പറയുന്ന ചോദ്യങ്ങൾ ചോദിക്കുന്നു: “ആരാണ് ഈ എണ്ണമറ്റതും ഗംഭീരവുമായ സൃഷ്ടിരൂപങ്ങൾ ഉണ്ടാക്കിയത്? സൃഷ്ടിപ്പിൽ ഈ മികച്ച സൂക്ഷ്മതയെ ഏകോപിപ്പിച്ചത് ആരാണ്? സൃഷ്ടിയുടെ അതിശയകരമായ ചലനങ്ങളെ ക്രമപ്പെടുത്തിയത് ആരാണ്, അവയുടെ ക്രമീകരണത്തിന്റെ ഭംഗിയും പൂർണ്ണതയും പരിഗണിക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തുന്ന വിധത്തിൽ?”

അവർ ഉത്തരം നൽകും: ‘തീർച്ചയായും, അറിവോ ഉദ്ദേശ്യമോ കഴിവോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഗുണവിശേഷങ്ങളോ ഇല്ലാത്ത അന്ധമായ പ്രകൃതിയുടെ പ്രവർത്തനങ്ങളിലൂടെയും യാദൃശ്ചികതയിലൂടെയുമാണ് ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നത്!’

ഇത്തരം സംശയങ്ങൾക്ക് അസ്സഅ്ദി ഉത്തരം നൽകുന്നത് ഈ വിധത്തിലാണ്: “ഈ വലിയ ലോകങ്ങളെ ഒരു മണിക്കൂർ നേരത്തേക്ക് യാദൃശ്ചികതയ്ക്കും അരാജകത്വത്തിനും നിങ്ങൾ വിട്ടുകൊടുക്കുകയായിരുന്നെങ്കിൽ – മറിച്ച്, ഒരു നിമിഷത്തേക്ക് ആകാശങ്ങളും ഭൂമിയും നിലനിൽക്കാതാവുകയും ലോകങ്ങൾ പൂർണ്ണമായും ക്രമരഹിതമാവുകയും ചെയ്യുമായിരുന്നു:”⁴

إِنَّ اللَّهَ يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّن بَعْدِهِ ۚ إِنَّهُ كَانَ حَلِيمًا غَفُورًا

‘തീർച്ചയായും ആകാശങ്ങളും ഭൂമിയും അവയുടെ സ്ഥാനത്ത് നിന്ന് വ്യതിചലിക്കാതിരിക്കാൻ അല്ലാഹു അവയെ പിടിച്ചുനിർത്തുന്നു; അവയൊന്ന് വ്യതിചലിക്കുകയാണെങ്കിൽ അവനുപുറമെ മറ്റാർക്കും അവയെ പിടിച്ചുനിർത്താനാകില്ല. തീർച്ചയായും അവൻ ഏറെ സഹനമുള്ളവനും ഏറെ പൊറുക്കുന്നവനുമാകുന്നു.’⁵

ബഹുദൈവാരാധകരുടെ സംശയങ്ങൾ

മനുഷ്യരിൽ മറ്റൊരു വിഭാഗം സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കുന്നുണ്ട്, എന്നാൽ സൃഷ്ടികളിൽ നിന്നുള്ള മറ്റുള്ളവരെ അവനോടൊപ്പം ആരാധിക്കുന്നത് അനുവദനീയമാണെന്ന് അവർ കരുതുന്നു. പ്രപഞ്ചത്തിന്റെ കാര്യങ്ങൾ സൃഷ്ടിക്കുന്നതിലും പരിപാലിക്കുന്നതിലും നിയന്ത്രിക്കുന്നതിലും തങ്ങൾ ആരാധിക്കുന്ന ഈ സൃഷ്ടികൾക്ക് സ്രഷ്ടാവുമായി എന്തെങ്കിലും പങ്കുണ്ടെന്ന് മിക്കപ്പോഴും അവർ വിശ്വസിക്കുന്നില്ല. എങ്കിലും, സ്രഷ്ടാവിലേക്ക് തങ്ങളെ അടുപ്പിക്കുന്നതിനുള്ള ശുപാർശകർ എന്ന നിലയിൽ മാത്രമാണ് തങ്ങൾ ഈ സൃഷ്ടികളെയും വസ്തുക്കളെയും ആരാധിക്കുന്നതെന്ന് അവർ സാധാരണയായി അവകാശപ്പെടുന്നു:

وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ ۚ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ

‘അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിക്കുന്നു. അവർ പറയുന്നു: “ഇവർ അല്ലാഹുവിങ്കൽ ഞങ്ങൾക്കുള്ള ശുപാർശകരാകുന്നു”. പറയുക: “ആകാശങ്ങളിലോ ഭൂമിയിലോ അല്ലാഹുവിനറിയാത്ത കാര്യത്തെപ്പറ്റി നിങ്ങളവനെ അറിയിച്ചു കൊടുക്കുകയാണോ?” അവൻ എത്രയോ പരിശുദ്ധൻ! അവർ പങ്കുചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു.’⁶

നിങ്ങൾ ഈ വ്യക്തികളിൽ ഒരാളെ തടഞ്ഞുനിർത്തി, യാതൊരു അപവാദവുമില്ലാതെ പ്രപഞ്ചത്തിലുള്ളതെല്ലാം സൃഷ്ടിക്കുകയും പരിപാലിക്കുകയും കൈവശം വെക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ആരാണെന്ന് ചോദിച്ചാൽ, അവർ തീർച്ചയായും “അല്ലാഹു” എന്ന് പറയും. ഈ ഏറ്റുപറച്ചിൽ അവർക്കെതിരെ കൊണ്ടുവരാൻ കഴിയുന്ന ഏറ്റവും വലിയ തെളിവാണ്, ഖുർആനിലെ പിൻവരുന്ന വചനത്തിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്:

قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ ۝ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ ۝ قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ ۝ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ ۝ قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ۝ سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ۝ بَلْ أَتَيْنَاهُم بِالْحَقِّ وَإِنَّهُمْ لَكَاذِبُونَ

‘ചോദിക്കുക: “നിങ്ങൾക്ക് അറിയാമെങ്കിൽ പറയുക, ഈ ഭൂമിയും അതിലുള്ളവരും ആരുടേതാണ്?” അവർ പറയും: “അല്ലാഹുവിന്റേതാണ്”. പറയുക: “എന്നിട്ടും നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?” ചോദിക്കുക: “ഏഴ് ആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാണ്?” അവർ പറയും: “അല്ലാഹുവിന്റേതാണ്”. പറയുക: “എന്നിട്ടും നിങ്ങൾ അവനെ ഭയപ്പെടുന്നില്ലേ?” ചോദിക്കുക: “എല്ലാ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണ്? അവൻ അഭയം നൽകുന്നു, അവനെതിരായി അഭയം നൽകപ്പെടുകയില്ല⁷. നിങ്ങൾക്ക് അറിയാമെങ്കിൽ (പറയുക)”. അവർ പറയും: “അല്ലാഹുവിന്റേതാണ്”. പറയുക: “പിന്നെ എങ്ങനെയാണ് നിങ്ങൾ കബളിപ്പിക്കപ്പെടുന്നത്?” മറിച്ച്, നാം അവർക്ക് സത്യം കൊണ്ടുവന്നുകൊടുത്തിരിക്കുന്നു; തീർച്ചയായും അവർ വ്യാജം പറയുന്നവർ തന്നെയാണ്.’⁸

എല്ലാ ലിബറൽ പ്രത്യയശാസ്ത്രങ്ങളുടെയും ഉറവിടം

മനുഷ്യരിൽ മറ്റൊരു വിഭാഗം സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കുന്നു, എന്നിരുന്നാലും സർവ്വജ്ഞനായ ഈ സ്രഷ്ടാവ് തന്റെ സൃഷ്ടികൾ എങ്ങനെ ജീവിക്കണമെന്നും തന്നെ എങ്ങനെ ആരാധിക്കണമെന്നും സംബന്ധിച്ച് യാതൊരു മാർഗ്ഗദർശനവും അവതരിപ്പിച്ചിട്ടില്ലെന്ന് അവർ വിശ്വസിക്കുന്നു. ഇതിനോട് സമാനമായി, മനുഷ്യരിൽ മറ്റൊരു വിഭാഗം സ്രഷ്ടാവിന്റെ അസ്തിത്വവും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ മുഖേന മനുഷ്യർക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ അസ്തിത്വവും അംഗീകരിക്കുന്നു. എന്നിരുന്നാലും, ഈ പ്രവാചകന്മാരെക്കുറിച്ച് അവർക്ക് അറിവുണ്ടെങ്കിലും, സ്രഷ്ടാവ് തങ്ങൾക്കായി ഒരു പ്രത്യേക ജീവിതരീതി നിശ്ചയിച്ചിട്ടുണ്ടെന്ന് അവർക്ക് ഉറപ്പായ വിശ്വാസമില്ല. പകരം, ദൈവത്തിലേക്ക് ഒരു പ്രത്യേക മാർഗ്ഗം ഇല്ലെന്നും, സ്വന്തം മാർഗ്ഗം തിരഞ്ഞെടുക്കുന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണെന്നുമുള്ള തത്വത്തിലാണ് ഈ രണ്ട് കൂട്ടരും ജീവിക്കുന്നത്.

സ്രഷ്ടാവ് മനുഷ്യർക്കായി ഒരു മാർഗ്ഗം തിരഞ്ഞെടുക്കുകയും നിയമമാക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം നിഷേധിച്ചതിനുശേഷം, മേൽപ്പറഞ്ഞ വിഭാഗങ്ങൾ ഒത്തുചേരുകയും മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങൾ രൂപപ്പെടുത്താൻ തുടങ്ങുകയും ചെയ്യുന്നു. പോൾസ്റ്റർ ഡേവിഡ് കിന്നമാൻ പറയുന്നതനുസരിച്ച്, “ഏതെങ്കിലുമൊരു പ്രത്യേക മതം നൽകുന്നതുപോലെ കൃത്യവും ഉപകാരപ്രദവുമായ ഒരു മതവും ജീവിതരീതിയും മനുഷ്യർക്ക് കണ്ടുപിടിക്കാൻ കഴിയും” എന്നാണ് അവരുടെ വിശ്വാസം.⁹

കിന്നമാൻ “ഹൈപ്പർ-ഇൻഡിവിജ്വലിസം” എന്ന് വിളിക്കുന്ന ഒന്നിൽ ആളുകൾ വിശ്വസിക്കുന്നതിനാൽ, “അവരുടെ വ്യക്തിപരമായ വിശ്വാസവ്യവസ്ഥകൾ സൃഷ്ടിക്കുന്നതിനായി മതേതരവും വിവിധ മതപരവുമായ വീക്ഷണങ്ങൾ ഇടകലർത്തുന്നത്” ശരിയാണെന്ന് അവർ വിശ്വസിക്കുന്നു. ഈ ആളുകൾ “വൈരുദ്ധ്യങ്ങൾ ഉൾക്കൊള്ളാൻ മടി കാണിക്കാത്തതുകൊണ്ട്”, അവർ “ടെലിവിഷൻ, സിനിമകൾ, സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ തുടങ്ങി വിവിധ ഉറവിടങ്ങളിൽ നിന്നുള്ള മതപരമായ വീക്ഷണങ്ങൾ മുറിച്ചെടുത്ത് ഒട്ടിക്കുകയാണ്”.¹⁰

وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَوَاهُ بِغَيْرِ هُدًى مِّنَ اللَّهِ ۚ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

‘അല്ലാഹുവിങ്കൽ നിന്നുള്ള യാതൊരു മാർഗ്ഗദർശനവുമില്ലാതെ സ്വന്തം തന്നിഷ്ടത്തെ പിൻപറ്റിയവനേക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? തീർച്ചയായും അക്രമികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല.’¹¹

മനുഷ്യചിന്തയുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന അനുമാനങ്ങളുടെ അഭിപ്രായങ്ങളെ ആളുകൾ ആശ്രയിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ, അവർക്ക് ഉപകാരപ്പെടുമെന്ന് അവർ കരുതുന്ന വിവിധ പ്രത്യയശാസ്ത്രങ്ങൾ കണ്ടുപിടിക്കാൻ അവർ തുടങ്ങുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ അനുമാനങ്ങളാണ് നിരീശ്വരവാദം, അജ്ഞേയവാദം, അസ്തിത്വവാദം, മാനവികതാവാദം, ലിബറലിസം, ജനാധിപത്യം, ബഹുസ്വരത, മതേതരത്വം, മാർക്സിസം, കമ്മ്യൂണിസം തുടങ്ങി ഒട്ടനവധി മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം ഉറവിടം.

ഈ ഭൗതികവാദ പ്രത്യയശാസ്ത്രങ്ങളെല്ലാം അടിസ്ഥാനമാക്കിയിരിക്കുന്നത് ദൈവം നിലവിലില്ല, അല്ലെങ്കിൽ അവൻ നിലവിലുണ്ട് പക്ഷെ തന്റെ സൃഷ്ടികൾക്ക് സമ്പൂർണ്ണമായ ഒരു സന്ദേശം അവതരിപ്പിക്കുന്നതിൽ അവൻ പരാജയപ്പെട്ടു എന്ന വിശ്വാസത്തിലാണ്. കാര്യങ്ങൾ ഈ കാലത്ത് എങ്ങനെയായിരിക്കുമെന്ന് സ്രഷ്ടാവിന് അറിയില്ലായിരുന്നു എന്ന മട്ടിൽ, അവന്റെ സന്ദേശം പുരാതന കാലത്തിന് മാത്രമുള്ളതാണെന്ന് ചില ആളുകൾ വിശ്വസിക്കുന്നു. മനുഷ്യർക്ക് പ്രയോജനപ്പെടുന്നതെന്താണെന്നതിനെക്കുറിച്ച് അവനേക്കാൾ കൂടുതൽ അറിവുള്ളവരാണെന്ന മട്ടിൽ, അവന്റെ വെളിപാടിൽ നിന്ന് നമുക്ക് ആവശ്യമുള്ളത് സ്വീകരിക്കാനോ തള്ളിക്കളയാനോ ഉള്ള സ്വാതന്ത്ര്യം നമുക്ക് നൽകപ്പെട്ടിട്ടുണ്ടെന്ന് മറ്റുള്ളവർ വിശ്വസിക്കുന്നു. അതിനാൽ, നിലവിലുള്ളതെല്ലാം സൃഷ്ടിച്ചവന്റെ മേൽ ഇത്തരം സംശയങ്ങൾ വെച്ചുപുലർത്തുന്നത് യഥാർത്ഥത്തിൽ അനുയോജ്യമാണോ എന്ന് ഒരാൾക്ക് അത്ഭുതം തോന്നും.

أَفِي اللَّهِ شَكٌّ فَاطِرِ السَّمَاوَاتِ وَالْأَرْضِ

‘ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനായ അല്ലാഹുവിന്റെ കാര്യത്തിൽ വല്ല സംശയവുമുണ്ടോ?’¹²

ഇത്തരം സംശയങ്ങളെ സംബന്ധിച്ച് അസ്സഅ്ദി പ്രസ്താവിച്ചു: “അവൻ തന്റെ ദാസന്മാരെ ഒരു സന്ദേശവുമില്ലാതെ, അവരുടെ ഭൗതികവും മതപരവുമായ അവസ്ഥയെ ക്രമപ്പെടുത്തുകയും നന്നാക്കുകയും ചെയ്യുന്നതൊന്നും (നൽകാതെ) വ്യർത്ഥമായി അവഗണിക്കുക എന്നത് അല്ലാഹുവിന്റെ കാരുണ്യത്തിനും യുക്തിക്കും സ്തുത്യർഹതയ്ക്കും അനുയോജ്യമല്ല. അതിനാൽ, അവന്റെ യുക്തിയുടെയും കാരുണ്യത്തിന്റെയും ഭാഗമായി അവൻ ദൂതന്മാരെ അയക്കുകയും ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും ചെയ്തു; അതിനാൽ പ്രവാചകന്മാരെ നിയോഗിച്ചതിന് ശേഷം അല്ലാഹുവിനെതിരെ ജനങ്ങൾക്ക് യാതൊരു ന്യായവും ഉണ്ടാകാതിരിക്കാനും, അവർ ഇങ്ങനെ പറയാതിരിക്കാനും: ‘സന്തോഷവാർത്ത അറിയിക്കുന്നവരോ മുന്നറിയിപ്പ് നൽകുന്നവരോ ഞങ്ങളുടെ അടുക്കൽ വന്നിട്ടേയില്ല.'”¹³

ഈ മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങൾ അവകാശപ്പെടുന്നവർക്ക് അവർ വിശ്വസിക്കുന്ന കാര്യങ്ങൾ തെളിയിക്കുന്നതിന് പ്രമാണപരമോ യുക്തിപരമോ ആയ തെളിവുകൾ ഇല്ലാത്തതിനാൽ, തങ്ങൾ ശരിയാണെന്ന് കരുതുന്ന കാര്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തെറ്റാണെന്ന് ആവർത്തിച്ച് തെളിയിക്കുന്ന പുതിയ സിദ്ധാന്തങ്ങൾക്കായി അവർ തുടർന്നും അന്വേഷിച്ചുകൊണ്ടിരിക്കും. ഇതൊരിക്കൽ മനസ്സിലാക്കിക്കഴിഞ്ഞാൽ, സ്രഷ്ടാവിന്റെ വെളിപാടിൽ നിലനിൽക്കുന്ന വ്യക്തമായ പ്രമാണങ്ങളെയും തെളിവുകളെയും മാറ്റിവെച്ച് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ സിദ്ധാന്തങ്ങൾക്ക് മുൻഗണന നൽകുന്നത് ന്യായമാണെന്ന് തോന്നിമയോ?

فَبِأَيِّ حَدِيثٍ بَعْدَ اللَّهِ وَآيَاتِهِ يُؤْمِنُونَ

‘ഇനി അല്ലാഹുവിനും അവന്റെ വചനങ്ങൾക്കും പുറമെ ഏതൊരു വാക്യത്തിലാണ് അവർ വിശ്വസിക്കുക?’¹⁴

മറ്റുള്ളവരെ അന്ധമായി അനുകരിക്കുന്നതിൻ്റെ അപകടം

വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഇത്തരം എല്ലാ അനുമാനങ്ങളെയും, അവയുടെ ഉപജ്ഞാതാക്കളെയും, അവരെ പിൻപറ്റുന്നവരെയും അവർ എണ്ണത്തിൽ എത്ര വലുതാണെങ്കിലും ശരി പിന്തുടരുന്നതിൽ നിന്ന് സ്രഷ്ടാവ് തന്റെ സൃഷ്ടികളെ വിലക്കിയിട്ടുണ്ട്:

وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا

‘നമ്മുടെ സ്മരണയെപ്പറ്റി നാം ഏതൊരാളുടെ ഹൃദയത്തെ അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരാൾ തന്റെ തന്നിഷ്ടത്തെ പിൻപറ്റുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിത്തീരുകയും ചെയ്തിരിക്കുന്നുവോ അവനെ നീ അനുസരിക്കരുത്.’¹⁵

സ്രഷ്ടാവ് തിരഞ്ഞെടുത്ത മാർഗ്ഗത്തേക്കാൾ വൈരുദ്ധ്യാത്മകവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമായ ഈ വഴികൾക്ക് മുൻഗണന നൽകുന്ന ഏതൊരാളും സ്രഷ്ടാവിലും അവൻ മനുഷ്യർക്ക് അവതരിപ്പിച്ച മാർഗ്ഗദർശനത്തിലും യഥാർത്ഥത്തിൽ വിശ്വസിക്കുന്നില്ല എന്നാണ് കാണിക്കുന്നത്. പകരം, അവർ അതിനെ പൂർണ്ണമായും അവിശ്വസിക്കുന്നു, അല്ലെങ്കിൽ തങ്ങൾ തിരഞ്ഞെടുക്കുന്ന സിദ്ധാന്തക്കാരുടെ അനുമാനങ്ങളോട് യോജിക്കുന്ന അവന്റെ സന്ദേശത്തിലെ ചില കാര്യങ്ങളിൽ മാത്രം വിശ്വസിക്കുകയും ബാക്കിയുള്ളവ തള്ളിക്കളയുകയും ചെയ്യുന്നു.

وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ

‘അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, സത്യം തനിക്ക് വന്നെത്തുമ്പോൾ അതിനെ നിഷേധിച്ചുതള്ളുകയോ ചെയ്തവനേക്കാൾ വലിയ അക്രമി ആരുണ്ട്?’¹⁶

അന്ത്യനാളിൻ്റെ ആഗമനത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ സംശയം

ഒരാൾ തന്റെ ജീവിതത്തിൽ എടുക്കാൻ തീരുമാനിക്കുന്ന ഓരോ പ്രവർത്തനത്തിനും അനിവാര്യമായും അനന്തരഫലങ്ങൾ ഉണ്ടാകണം. പരലോകത്തെ നമ്മുടെ അന്തിമമായ പുനരുത്ഥാനത്തിന്റെയും വിചാരണയുടെയും കാര്യത്തിൽ ഇത് പ്രത്യേകം സത്യമാണ്. തീർച്ചയായും, അന്ത്യനാളിന്റെ ആഗമനം എന്നത് വെളിപാടിലൂടെ ലഭിച്ച ഗ്രന്ഥങ്ങൾ പ്രകാരമുള്ള വിശ്വാസത്തിന്റെ ഒരു പ്രധാന വശമാണ്. ഇതിന് വിപരീതമായി, ഖുർആനിൽ പരാമർശിച്ചിട്ടുള്ളതുപോലെ മനുഷ്യരിൽ ഒരു വിഭാഗം അന്ത്യനാളിന്റെ ആഗമനത്തിൽ അവിശ്വസിക്കുന്നു:

وَقَالُوا إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ

‘അവർ പറഞ്ഞു: “ഞങ്ങളുടെ ഈ ഐഹികജീവിതമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരുമല്ല”.’¹⁷

രസകരമെന്നു പറയട്ടെ, അന്ത്യനാളിനെ നിഷേധിക്കുന്നവർ പലപ്പോഴും സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കുന്നവരായിരിക്കും. ഇല്ലാത്തതിൽ നിന്ന് തങ്ങളെ സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടെന്ന് അവർ അംഗീകരിച്ചുകഴിഞ്ഞാൽ, മുമ്പ് അവൻ ഉണ്ടാക്കിയതിനെ വീണ്ടും രൂപപ്പെടുത്താൻ അവന് എങ്ങനെ കഴിയില്ലെന്ന് വിശദീകരിക്കാൻ അവർക്ക് സാധിക്കില്ല. ഈ ഭൗതികവാദ ചിന്താഗതി പുതിയ ഒന്നല്ല. നേരെമറിച്ച്, താൻ ഇതിനകം സൃഷ്ടിച്ച ഒന്നിനെ വീണ്ടും സൃഷ്ടിക്കാനുള്ള അവന്റെ കഴിവിനെ സംശയിക്കുന്നത് അവന്റെ കഴിവിനെ സൃഷ്ടിയുടേതുമായി താരതമ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കി ഖുർആനിൽ അല്ലാഹു ഈ വാദത്തെ ഖണ്ഡിക്കുന്നു:

وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ ۝ قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ

‘അവൻ നമുക്കൊരു ഉപമ എടുത്തുകാണിക്കുകയും തന്റെ സ്വന്തം സൃഷ്ടിപ്പ് അവൻ മറന്നുകളയുകയും ചെയ്തു. അവൻ പറഞ്ഞു: “എല്ലുകൾ ദ്രവിച്ചുപോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുക?” പറയുക: “ആദ്യതവണ അവയെ സൃഷ്ടിച്ചുണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാ സൃഷ്ടിപ്പിനെക്കുറിച്ചും അറിവുള്ളവനാകുന്നു”.’¹⁸

ഒന്നിനെ പുനഃസൃഷ്ടിക്കാനുള്ള അല്ലാഹുവിന്റെ കഴിവിനെ സംശയിക്കുന്നവൻ യഥാർത്ഥത്തിൽ അവന്റെ സ്വന്തം ഉത്ഭവത്തെക്കുറിച്ച് മറന്നിരിക്കുന്നുവെന്ന് ഈ വചനങ്ങൾ കാണിക്കുന്നു. ഈ ലോകത്ത് ആ വ്യക്തി സ്വയം നിലവിലുണ്ടെന്ന് കണ്ടെത്തുന്നതിന് മുമ്പ് അതൊന്നുമല്ലാത്ത ഒരു അവസ്ഥയിലായിരുന്നില്ലേ? അങ്ങനെയാണെങ്കിൽ, താൻ മുമ്പ് ഉണ്ടാക്കിയതിനെ പുനർനിർമ്മിക്കാൻ ഈ സ്രഷ്ടാവിന് ബുദ്ധിമുട്ടാകുന്നത് എന്തുകൊണ്ടാണ്?

കൂടാതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ള കാര്യങ്ങളുടെ മഹത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഈ സൃഷ്ടിപ്പുകൾ തങ്ങളുടെ സ്വന്തം സൃഷ്ടിപ്പിനേക്കാൾ പ്രകൃത്യാ വളരെ വലുതാണെന്ന് തിരിച്ചറിയാൻ ഇത് അവരെ പ്രേരിപ്പിക്കേണ്ടതാണ്. തൽഫലമായി, സ്രഷ്ടാവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കാൻ ന്യായമായ ഒരു കാരണവുമില്ല, എന്നിരുന്നാലും സർവ്വജ്ഞനായ ഇതേ സ്രഷ്ടാവിന് ഖബറുകളിൽ അടങ്ങിയിരിക്കുന്നവയെക്കുറിച്ച് പൂർണ്ണമായ അറിവില്ല, അല്ലെങ്കിൽ അവയെ പുനർനിർമ്മിക്കാൻ കഴിയില്ല എന്ന് അവർ സംശയിക്കുന്നു.¹⁹

ചുരുക്കത്തിൽ, അല്ലാഹു നിലവിലുണ്ടെന്ന് ഒരാൾ അംഗീകരിച്ചുകഴിഞ്ഞാൽ, ഈ സ്രഷ്ടാവ് തന്റെ ദാസന്മാർക്ക് അവരുടെ പ്രവൃത്തികൾക്ക് പ്രതിഫലം നൽകുമെന്ന് വിശ്വസിക്കേണ്ടത് അനിവാര്യമാണ്; നല്ലതിന് നല്ലതും ചീത്തക്ക് ചീത്തയും. അസ്സഅ്ദി പറയുന്നു: “അവൻ (തന്റെ ദാസന്മാരെ) (ഖുർആനിലെ) ഒന്നിലധികം സ്ഥലങ്ങളിൽ അറിയിച്ചിട്ടുണ്ട്, അവൻ, അവനെത്രയോ പരിശുദ്ധൻ, ലോകത്തെ വ്യർത്ഥമായി സൃഷ്ടിച്ചതല്ല; മറിച്ച്, പ്രതിഫലത്തിന് വേണ്ടിയാണ് (അവൻ അവയെ സൃഷ്ടിച്ചത്).”²⁰

وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ

‘കാര്യത്തിന് തീരുമാനമെടുക്കപ്പെടുന്ന ആ ഖേദത്തിന്റെ ദിവസത്തെക്കുറിച്ച് നീ അവർക്ക് മുന്നറിയിപ്പ് നൽകുക. (ഇപ്പോൾ) അവർ അശ്രദ്ധയിലാകുന്നു, അവർ വിശ്വസിക്കുന്നുമില്ല.’²¹

ഈ ദിവസത്തിന്റെ ആഗമനം

ഇന്ന് ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താൻ മിക്ക ആളുകളും എല്ലാ ദിവസവും പത്രങ്ങൾ ആകാംക്ഷയോടെ വായിക്കുന്നു. ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, നിരവധി ആളുകൾ മരിക്കുമ്പോഴും, കുഴിച്ചിടപ്പെടുമ്പോഴും, വിചാരണ നാളിൽ ചോദ്യം ചെയ്യപ്പെടാനായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമ്പോഴും അവർക്ക് എന്ത് സംഭവിക്കുമെന്ന വാർത്തയെക്കുറിച്ച് വേവലാതിപ്പെടുന്നില്ല എന്നത് തീർച്ചയായും ഒരു വിചിത്രമായ കാര്യമാണ്.

സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്നവൻ, ഉയിർത്തെഴുന്നേൽപ്പിന്റെ ദിവസത്തെ ഖുർആനിൽ വിശദമായി വിവരിക്കുന്നു:

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّي ۖ لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ ۚ ثَقُلَتْ فِي السَّمَاوَاتِ وَالْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً

‘(മുഹമ്മദ് നബിയേ,) ആ അന്ത്യസമയത്തെക്കുറിച്ച്, അതെപ്പോഴാണ് സംഭവിക്കുകയെന്ന് അവർ നിന്നോട് ചോദിക്കുന്നു. പറയുക: “അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കൽ മാത്രമാണ്. അതിന്റെ സമയമാകുമ്പോൾ അവനല്ലാതെ അത് വെളിപ്പെടുത്തുകയില്ല. ആകാശങ്ങളിലും ഭൂമിയിലും അതൊരു ഭാരിച്ച കാര്യമായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങൾക്ക് വന്നെത്തുകയില്ല.”‘²²

വിചാരണാ ദിനം നിലവിലുള്ള സൃഷ്ടികളിൽ മാറ്റം വരുത്തപ്പെടുന്ന ഒരു ദിവസമായി ഖുർആനിൽ വിവരിച്ചിരിക്കുന്നു:

فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ ۝ وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً

‘അങ്ങനെ കാഹളത്തിൽ ഒരൊറ്റ ഊത്ത് ഊതപ്പെട്ടാൽ. ഭൂമിയും പർവ്വതങ്ങളും എടുത്തുയർത്തപ്പെടുകയും, എന്നിട്ട് അവ രണ്ടും ഒരൊറ്റ ഇടിച്ചുതകർക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താൽ.’²³

ആകാശം പിളരുമെന്നും, നക്ഷത്രങ്ങൾ ചിതറിവീഴുമെന്നും, സമുദ്രങ്ങൾ പൊട്ടി ഒഴുകുമെന്നും ഭൂമി പൊടിയായി ഇടിക്കപ്പെടുമെന്നും വിവരിക്കപ്പെട്ടിരിക്കുന്നു. തുടർന്ന് സമനിരപ്പായ ഒരു മൈതാനം ഉണ്ടാക്കപ്പെടും, അവിടെ നിന്നാണ് മനുഷ്യരാശിയെ ഉയിർത്തെഴുന്നേൽപ്പിക്കുക:

وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا

‘ഭൂമിയെ സമനിരപ്പായ ഒരു മൈതാനമായി നിനക്ക് കാണാം, അവരിൽ ഒരാളെയും പിന്നിലാക്കാതെ അവരെ നാം ഒരുമിച്ചുകൂട്ടുകയും ചെയ്യും.’²⁴

മുന്നറിയിപ്പ് നൽകാൻ പ്രവാചകന്മാരോട് കൽപ്പിക്കപ്പെട്ട സമയം വന്നെത്തും:

إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ

‘അതൊരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും, അപ്പോഴതാ അവരെല്ലാവരും നമ്മുടെ അടുക്കൽ ഹാജരാക്കപ്പെടുന്നവരായിരിക്കും.’²⁵

ആത്മാക്കൾ ശരീരങ്ങളുമായി ബന്ധിപ്പിക്കപ്പെടും, നഗ്നപാദരായും നഗ്നരായും ചേലാകർമ്മം ചെയ്യപ്പെടാത്തവരായും മനുഷ്യരാശി ഭൂമിയിൽ നിന്ന് ആദ്യമായി സൃഷ്ടിക്കപ്പെട്ട രൂപത്തിൽ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും. ആളുകൾ പരിഭ്രാന്തിയോടെ ഉയിർത്തെഴുന്നേൽക്കും:

قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ

‘അവർ പറയും: “ഞങ്ങളുടെ നാശമേ! ഞങ്ങളുടെ ഉറക്കത്തിൽ നിന്ന് ആരാണ് ഞങ്ങളെ എഴുന്നേൽപ്പിച്ചത്?” (അവരോട് പറയപ്പെടും): “പരമകാരുണികൻ (അല്ലാഹു) വാഗ്ദാനം ചെയ്തതാണിത്; ദൂതന്മാർ സത്യമാണ് പറഞ്ഞത്.”‘²⁶

സൃഷ്ടിക്കപ്പെട്ട മനുഷ്യരാശിയാകെ അത്തരമൊരു സമനിരപ്പായ മൈതാനത്ത് അഭൂതപൂർവമായ ഒരു സമ്മേളനത്തിൽ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും, ഭൂമിയിൽ ഒരു ദിവസമോ അല്ലെങ്കിൽ ഒരു ദിവസത്തിന്റെ ഒരു ഭാഗമോ മാത്രമേ തങ്ങൾ ജീവിച്ചിട്ടുള്ളൂ എന്ന് അവർക്ക് തോന്നും. ബന്ധുക്കൾക്ക് പരസ്പരം കാണാൻ കഴിയും, എന്നാൽ ഒരു വ്യക്തിക്കും മറ്റൊരാൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള കഴിവോ ഉദ്ദേശ്യമോ ഉണ്ടാകില്ല. അന്ന് അനുഭവപ്പെടുന്ന ഭയം അത്തരത്തിലായിരിക്കും.

وَلَوْ تَرَىٰ إِذْ وُقِفُوا عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَٰذَا بِالْحَقِّ ۚ قَالُوا بَلَىٰ وَرَبِّنَا

‘അവർ തങ്ങളുടെ രക്ഷിതാവിന്റെ മുമ്പിൽ നിർത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കിൽ! അവൻ ചോദിക്കും: “ഇത് സത്യമല്ലേ?” അവർ പറയും: “അതെ, ഞങ്ങളുടെ രക്ഷിതാവാണെ സത്യം!”‘²⁷

സംസാരിച്ച ഓരോ വാക്കും, ചെയ്ത ഓരോ പ്രവൃത്തിയും, സ്വീകരിച്ച ഓരോ വിശ്വാസവും മുന്നോട്ട് കൊണ്ടുവരപ്പെടുന്ന ദിവസമാണിത്, അത് ഒരു അണുവിന്റെ ഭാരമുള്ള നന്മയോ തിന്മയോ ആണെങ്കിലും ശരി. സ്രഷ്ടാവിന്റെ വെളിപാടിൽ നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ചാണ് കക്ഷിത്വപരമായ ഭിന്നതകൾ വിചാരണ ചെയ്യപ്പെടുക. മറ്റുള്ളവരെ മർദ്ദിച്ചവരെ കണക്ക് ചോദിക്കാൻ പിടികൂടും.

فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْئًا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ

‘അതിനാൽ ഈ ദിവസം ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല; നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയുമില്ല.’²⁸

അന്തിമ ഫലം

ഒരു വിഭാഗം സ്വർഗ്ഗത്തിലായിരിക്കും, അതേസമയം മറ്റൊരു വിഭാഗം നരകത്തിലും. ഈ ചെറിയ ജീവിതത്തിൽ ജീവിക്കുമ്പോൾ നാം സ്വയം തിരഞ്ഞെടുക്കുന്ന വിശ്വാസങ്ങളുടെയും പ്രവൃത്തികളുടെയും അന്തിമ ഫലം ഇതായിരിക്കും.

۞ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ۝ وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ مِن قَبْلِ أَن يَأْتِيَكُمُ الْعَذَابُ ثُمَّ لَا تُنصَرُونَ ۝ وَاتَّبِعُوا أَحْسَنَ مَا أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ الْعَذَابُ بَغْتَةً وَأَنتُمْ لَا تَشْعُرُونَ ۝ أَن تَقُولَ نَفْسٌ يَا حَسْرَتَا عَلَىٰ مَا فَرَّطتُ فِي جَنبِ اللَّهِ وَإِن كُنتُ لَمِنَ السَّاخِرِينَ ۝ أَوْ تَقُولَ لَوْ أَنَّ اللَّهَ هَدَانِي لَكُنتُ مِنَ الْمُتَّقِينَ ۝ أَوْ تَقُولَ حِينَ تَرَى الْعَذَابَ لَوْ أَنَّ لِي كَرَّةً فَأَكُونَ مِنَ الْمُحْسِنِينَ ۝ بَلَىٰ قَدْ جَاءَتْكَ آيَاتِي فَكَذَّبْتَ بِهَا وَاسْتَكْبَرْتَ وَكُنتَ مِنَ الْكَافِرِينَ ۝ وَيَوْمَ الْقِيَامَةِ تَرَى الَّذِينَ كَذَبُوا عَلَى اللَّهِ وُجُوهُهُم مُّسْوَدَّةٌ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ ۝ وَيُنَجِّي اللَّهُ الَّذِينَ اتَّقَوْا بِمَفَازَتِهِمْ لَا يَمَسُّهُمُ السُّوءُ وَلَا هُمْ يَحْزَنُونَ

‘പറയുക: “സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച എന്റെ ദാസന്മാരേ; അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശരാകരുത്: തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുത്തുതരും. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”
“നിങ്ങൾക്ക് ശിക്ഷ വരുന്നതിന് മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവന് കീഴടങ്ങുകയും (ഇസ്‌ലാമിൽ) ചെയ്യുക, പിന്നീട് നിങ്ങൾ സഹായിക്കപ്പെടുന്നതല്ല.”
“നിങ്ങളറിയാത്ത വിധത്തിൽ പെട്ടെന്ന് നിങ്ങൾക്ക് ശിക്ഷ വരുന്നതിന് മുമ്പായി, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും ഉത്തമമായത് നിങ്ങൾ പിൻപറ്റുക.”
ഒരാൾ ഇപ്രകാരം പറഞ്ഞേക്കാം എന്നതിനാലാണിത്: “അല്ലാഹുവിന്റെ കാര്യത്തിൽ ഞാൻ വീഴ്ചവരുത്തിയതിലും, ഞാൻ പരിഹസിക്കുന്നവരുടെ കൂട്ടത്തിലായിപ്പോയതിലും എനിക്ക് വന്ന കഷ്ടമേ!”
അല്ലെങ്കിൽ അവൻ ഇപ്രകാരം പറഞ്ഞേക്കാം: “അല്ലാഹു എന്നെ നേർവഴിയിലാക്കിയിരുന്നെങ്കിൽ തീർച്ചയായും ഞാൻ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാകുമായിരുന്നു.”
അല്ലെങ്കിൽ ശിക്ഷ കാണുമ്പോൾ അവൻ ഇപ്രകാരം പറഞ്ഞേക്കാം: “എനിക്ക് ഒരു അവസരം കൂടി ലഭിച്ചിരുന്നെങ്കിൽ, ഞാൻ സദ്‌വൃത്തരുടെ കൂട്ടത്തിലാകുമായിരുന്നു.”
അല്ല! തീർച്ചയായും എന്റെ ദൃഷ്ടാന്തങ്ങൾ നിനക്ക് വന്നെത്തി, എന്നാൽ നീ അവയെ നിഷേധിച്ചുതള്ളുകയും അഹങ്കരിക്കുകയും അവിശ്വാസികളുടെ കൂട്ടത്തിലാകുകയുമാണ് ചെയ്തത്.
ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അല്ലാഹുവിന്റെ പേരിൽ കള്ളം പറഞ്ഞവരെ നിനക്ക് കാണാം, അവരുടെ മുഖങ്ങൾ കറുത്തിരിക്കും. അഹങ്കാരികൾക്ക് നരകത്തിൽ ഒരു വാസസ്ഥലമില്ലേ?
സൂക്ഷ്മത പാലിച്ചവരെ അവരുടെ വിജയസ്ഥാനത്തേക്ക് അല്ലാഹു രക്ഷപ്പെടുത്തുന്നതാണ്. അവരെ യാതൊരു തിന്മയും സ്പർശിക്കുകയില്ല, അവർ ദുഃഖിക്കേണ്ടിവരികയുമില്ല.’²⁹

وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَٰذَا ۚ قَالُوا بَلَىٰ وَلَٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ ۝ قِيلَ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ ۝ وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ ۝ وَقَالُوا الْحَمْدُ لِلَّهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ ۖ فَنِعْمَ أَجْرُ الْعَامِلِينَ ۝ وَتَرَى الْمَلَائِكَةَ حَافِّينَ مِنْ حَوْلِ الْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِيَ بَيْنَهُم بِالْحَقِّ وَقِيلَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

‘അവിശ്വസിച്ചവർ കൂട്ടംകൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടും. അങ്ങനെ അവർ അതിനടുത്ത് വരുമ്പോൾ അതിന്റെ വാതിലുകൾ പെട്ടെന്ന് തുറക്കപ്പെടും. അതിന്റെ കാവൽക്കാർ അവരോട് ചോദിക്കും: “നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെയുള്ള ദൂതന്മാർ നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് ഓതിക്കേൾപ്പിക്കുകയും, നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തുകൊണ്ട് നിങ്ങളുടെ അടുക്കൽ വന്നിരുന്നില്ലേ?” അവർ പറയും: “അതെ, പക്ഷെ അവിശ്വാസികളുടെ മേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുകഴിഞ്ഞു.”
(അവരോട്) പറയപ്പെടും: “നരകത്തിന്റെ വാതിലുകളിലൂടെ അതിൽ സ്ഥിരവാസികളായിക്കൊണ്ട് നിങ്ങൾ പ്രവേശിക്കുക. എന്നാൽ അഹങ്കാരികളുടെ വാസസ്ഥലം എത്രയോ ചീത്ത!”
തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവർ സ്വർഗ്ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അവർ അതിനടുത്ത് വരുമ്പോൾ അതിന്റെ വാതിലുകൾ തുറക്കപ്പെടും. അതിന്റെ കാവൽക്കാർ അവരോട് പറയും: “നിങ്ങൾക്ക് സമാധാനമുണ്ടാവട്ടെ! നിങ്ങൾ നന്മ ചെയ്തു, അതിനാൽ അതിൽ സ്ഥിരവാസികളായിക്കൊണ്ട് പ്രവേശിച്ചുകൊള്ളുക.”
അവർ പറയും: “നമ്മോടുള്ള തന്റെ വാഗ്ദാനം സത്യമാക്കിത്തീർക്കുകയും, ഈ ഭൂമിയുടെ അവകാശം നമുക്ക് നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും. സ്വർഗ്ഗത്തിൽ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാം; അപ്പോൾ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം എത്രയോ മികച്ചത്!”
മലക്കുകൾ സിംഹാസനത്തിന്റെ ചുറ്റുഭാഗത്തുനിന്നും തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതിനൊപ്പം പ്രകീർത്തിക്കുന്നതായും നിനക്ക് കാണാം. അവർക്കിടയിൽ സത്യപ്രകാരം വിധിക്കപ്പെടും. പറയപ്പെടുകയും ചെയ്യും: “ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് സർവ്വ സ്തുതിയും.”‘³⁰


  1. ശൈഖ് അബ്ദുർറഹ്മാൻ അസ്സഅ്ദി, അൽ-അദില്ലത്തുൽ ഖവാത്വിഅ് വൽ-ബറാഹീൻ ഫീ ഇബ്ത്വാലി ഉസ്വൂലിൽ മുൽഹിദീൻ, ദാറുൽ മിൻഹാജ്, പേജ് 28.
  2. ശൈഖ് അബ്ദുർറസ്സാഖ് അൽ-അബ്ബാദ്, അസ്ബാബ് സിയാദത്തിൽ ഈമാൻ വ നുഖ്സ്വാനിഹി, ഗിറാസ് ലിന്നശ്ർ വത്തൗസീഅ്, പേജ് 42-43.
  3. സൂറ അൽ മുഅ്മിനൂൻ – 78.
  4. ശൈഖ് അബ്ദുർറഹ്മാൻ അസ്സഅ്ദി, അൽ-അദില്ലത്തുൽ ഖവാത്വിഅ് വൽ-ബറാഹീൻ ഫീ ഇബ്ത്വാലി ഉസ്വൂലിൽ മുൽഹിദീൻ, ദാറുൽ മിൻഹാജ്, പേജ് 41.
  5. സൂറ ഫാത്വിർ – 41.
  6. സൂറ യൂനുസ് – 18.
  7. അർത്ഥം: അല്ലാഹു ഒരാളെ രക്ഷിച്ചാൽ, ആർക്കും അവനെ ശിക്ഷിക്കാനോ ഉപദ്രവിക്കാനോ കഴിയില്ല, അല്ലാഹു ഒരാളെ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ, ആർക്കും അവനെ രക്ഷിക്കാനും കഴിയില്ല.
  8. സൂറ അൽ മുഅ്മിനൂൻ – 84-90.
  9. കെ. കോണി കാങ്, മിക്കവരും സ്വർഗ്ഗത്തിൽ വിശ്വസിക്കുകയും അവിടെ പോകുമെന്ന് കരുതുകയും ചെയ്യുന്നു, ലോസ് ഏഞ്ചൽസ് ടൈംസ്, ഒക്ടോബർ 25, 2003.
  10. മേൽപ്പറഞ്ഞ അവലംബം തന്നെ.
  11. സൂറ അൽ ഖസസ് – 50.
  12. സൂറ ഇബ്രാഹീം – 10.
  13. ശൈഖ് അബ്ദുർറഹ്മാൻ അസ്സഅ്ദി, അൽ-അദില്ലത്തുൽ ഖവാത്വിഅ് വൽ-ബറാഹീൻ ഫീ ഇബ്ത്വാലി ഉസ്വൂലിൽ മുൽഹിദീൻ, ദാറുൽ മിൻഹാജ്, പേജ് 10.
  14. സൂറ അൽ ജാഥിയ – 6.
  15. സൂറ അൽ കഹ്ഫ് – 28.
  16. സൂറ അൽ അൻകബൂത്ത് – 68.
  17. സൂറ അൽ അൻആം – 29.
  18. സൂറ യാസീൻ – 78-79.
  19. ശൈഖ് അബ്ദുർറഹ്മാൻ അസ്സഅ്ദി, തയ്‌സീറുൽ കരീമിർറഹ്മാൻ ഫീ തഫ്സീരി കലാമിൽ മന്നാൻ, മുഅസ്സസത്തുർ രിസാല, പേജ് 699-700.
  20. ശൈഖ് അബ്ദുർറഹ്മാൻ അസ്സഅ്ദി, തയ്‌സീറുൽ കരീമിർറഹ്മാൻ ഫീ തഫ്സീരി കലാമിൽ മന്നാൻ, മുഅസ്സസത്തുർ രിസാല, പേജ് 24.
  21. സൂറ മർയം – 39.
  22. സൂറ അൽ അഅ്റാഫ് – 187.
  23. സൂറ അൽ ഹാഖ്ഖ – 13-14.
  24. സൂറ അൽ കഹ്ഫ് – 47.
  25. സൂറ യാസീൻ – 53.
  26. സൂറ യാസീൻ – 52.
  27. സൂറ അൽ അൻആം – 30.
  28. സൂറ യാസീൻ – 54.
  29. സൂറ അസ്സുമർ – 53-61.
  30. സൂറ അസ്സുമർ – 71-75.

Share This Article
Leave a Comment