ഭരണാധികാരികളുടെ അനീതിയെ അഹ്‌ലുസ്സുന്ന പ്രതിരോധിക്കുന്നുവോ ?

7 Min Read

വളരെ സാധാരണയായ ഒരു സംശയത്തിനുള്ള മറുപടിയാണ് ഇവിടെ നൽകുന്നത്. ചിലർ ചോദിക്കാറുണ്ട്: ഭരണാധികാരികളെക്കുറിച്ചും അവരുടെ നീതികേടുകളെക്കുറിച്ചുമുള്ള ഹദീസുകൾ പണ്ഡിതന്മാർ ചർച്ച ചെയ്യുന്നത് വളരെ വിരളമാണല്ലോ, ഇസ്‌ലാമിക പണ്ഡിതലോകത്തിന്റെ അശ്രദ്ധയാണോ ഇതിന് കാരണം?

നബി ﷺ പറഞ്ഞു:

اسْمَعُوا، هَلْ سَمِعْتُمْ أَنَّهُ سَيَكُونُ بَعْدِي أُمَرَاءُ؟ فَمَنْ دَخَلَ عَلَيْهِمْ فَصَدَّقَهُمْ بِكَذِبِهِمْ وَأَعَانَهُمْ عَلَى ظُلْمِهِمْ فَلَيْسَ مِنِّي وَلَسْتُ مِنْهُ وَلَيْسَ بِوَارِدٍ عَلَيَّ الحَوْضَ

“നിങ്ങൾ കേൾക്കുക, എനിക്ക് ശേഷം ചില ഭരണാധികാരികൾ വരുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ആരെങ്കിലും അവരുടെ അടുത്തുചെല്ലുകയും, അവരുടെ വ്യാജങ്ങളെ ശരിവെക്കുകയും, അവരുടെ അക്രമങ്ങളിൽ അവരെ സഹായിക്കുകയും ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല; ഞാൻ അവനിലും പെട്ടവനല്ല. അവൻ എന്റെ അടുക്കൽ ഹൗദിൽ (ഹൗദുൽ കൗഥറിൽ) വന്നെത്തുകയുമില്ല.”

[സുനൻ അത്തിർമിദി – 2259, സുനൻ അന്നസാഇ – 4208, മുസ്‌നദ് അഹ്‌മദ് – 18151]

വിദ്യാർത്ഥികളും പണ്ഡിതന്മാരുമടങ്ങുന്ന മുസ്‌ലിം സമൂഹം അടിച്ചമർത്തലുകളുമായി ഒത്തുപോവുകയോ അന്യായമായി ഭരണാധികാരികളെ സാധൂകരിക്കുകയോ ചെയ്യാതിരിക്കാനുള്ള കർശനമായ ഓർമ്മപ്പെടുത്തലാണ് ഈ ഹദീസ് ഉൾക്കൊള്ളുന്നത്. ഈ വിഷയം സുപ്രധാനമായ ചില കാര്യങ്ങളായി താഴെ വിശദീകരിക്കാം:

  1. ഹദീസിന്റെ ആധികാരികത
    മുകളിൽ ഉദ്ധരിച്ച ഹദീസ് സ്വഹീഹാണ്. ഇമാം തിർമിദി, ഇമാം നസാഇ, ഇമാം അഹ്‌മദ് (رَحِمَهُمُ اللَّهُ) തുടങ്ങിയവർ ഇത് ഉദ്ധരിച്ചിട്ടുണ്ട്. മുഹദ്ദിഥായ ശൈഖ് അൽബാനി رَحِمَهُ اللَّهُ തന്റെ ‘സ്വഹീഹ് അത്തിർമിദി’യിൽ ഇത് സ്വീകാര്യയോഗ്യമായ ഹദീസാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
  2. ഹദീസിനെ സംബന്ധിച്ചുള്ള പണ്ഡിത ചർച്ചകൾ
    ഈ ഹദീസിനെക്കുറിച്ച് പണ്ഡിതന്മാർ കേട്ടിട്ടേയില്ല എന്ന് പറയുന്നത് തീർത്തും നിരർത്ഥകമാണ്. അഹ്‌ലുസ്സുന്നയുടെ അടിസ്ഥാന തത്വങ്ങളും രീതിശാസ്ത്രവും പഠിക്കാൻ സമർപ്പിതരായ പണ്ഡിതന്മാർക്ക് ഇത് കൃത്യമായി അറിയാവുന്ന കാര്യമാണ്. അക്കാലത്തെ പ്രഗത്ഭരായ പണ്ഡിതന്മാരായ ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് رَحِمَهُ اللَّهُ, ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ, ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ തുടങ്ങിയവരെല്ലാം ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്.
  3. അനീതിയേയും അടിച്ചമർത്തലിനെയും ന്യായീകരിക്കാൻ പാടില്ല
    ഒരു മുസ്‌ലിം ഒരിക്കലും ഒരു ഭരണാധികാരിയുടെയോ ഇതരരുടെയോ ഭാഗത്തു നിന്നുണ്ടാകുന്ന അടിച്ചമർത്തലിനെയോ അനീതിയേയോ ന്യായീകരിക്കാൻ പാടില്ല എന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് رَحِمَهُ اللَّهُ പറയുന്നു:

فَإِذَا دَخَلَ عَلَيْهِمْ بِالتَّوْجِيهِ وَالْإِرْشَادِ وَتَخْفِيفِ الشَّرِّ؛ هَذَا هُوَ الْمَطْلُوبُ، أَمَّا إِذَا دَخَلَ عَلَيْهِمْ لِيُعِينَهُمْ عَلَى الظُّلْمِ وَيُصَدِّقَهُمْ بِالْكَذِبِ فَهَذَا هُوَ الْمَذْمُومُ نَسْأَلُ اللَّهَ الْعَافِيَةَ

“ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാനും, തിന്മകളെ ലഘൂകരിക്കാനും വേണ്ടിയാണ് ഒരാൾ അവരുടെ അടുക്കൽ പ്രവേശിക്കുന്നതെങ്കിൽ അതാണ് മതപരമായി ആവശ്യപ്പെടുന്നത്. എന്നാൽ അവരുടെ അക്രമങ്ങളിൽ അവരെ സഹായിക്കാനും അവരുടെ വ്യാജങ്ങളെ ശരിവെക്കാനുമാണ് ഒരാൾ അവരുടെ അടുക്കൽ പോകുന്നതെങ്കിൽ അത് ആക്ഷേപകരമാണ്. അല്ലാഹുവിനോട് നാം രക്ഷ ചോദിക്കുന്നു.”

[ഫതാവദ്ദുറൂസ് – ശൈഖ് ഇബ്നു ബാസ്]

  1. അനീതിയെ അംഗീകരിക്കാതിരിക്കുമ്പോഴും കലാപം പാടില്ല
    അഹ്‌ലുസ്സുന്ന സ്വേച്ഛാധിപത്യത്തെ എതിർക്കുന്നുണ്ടെങ്കിലും അത് ഭരണാധികാരികൾക്കെതിരെയുള്ള കലാപത്തെയോ അവരെ അനുസരിക്കാതിരിക്കുന്നതിനെയോ ന്യായീകരിക്കുന്നില്ല. അനീതി ഇഷ്ടപ്പെടുന്നില്ലെങ്കിലും ശരീഅത്തിന് യോജിച്ച കാര്യങ്ങളിൽ ഭരണാധികാരിയെ അനുസരിക്കുക എന്നതാണ് ഒരു മുസ്‌ലിമിന്റെ ബാധ്യത. നബി ﷺ യുടെ സുന്നത്ത് ഇത് കൃത്യമായി വരച്ചുകാണിച്ചിട്ടുണ്ട്.
  2. അനുസരണത്തെയും കലാപമില്ലായ്മയെയും സൂചിപ്പിക്കുന്ന മറ്റു ഹദീസുകൾ
    നിരവധി ഹദീസുകൾ ഈ കാര്യങ്ങൾക്ക് അടിവരയിടുന്നുണ്ട്. സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരിയാണെങ്കിൽ കൂടിയും, അവിടെ അനീതിയുണ്ടെങ്കിലും അതിനെ പിന്തുണക്കാതിരിക്കുകയും എന്നാൽ രാജ്യത്ത് കലാപമുണ്ടാക്കാതിരിക്കുകയുമാണ് വേണ്ടത്.

ഔഫ് ബിൻ മാലിക് رَضِيَ اللَّهُ عَنْهُ ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീസിൽ, നല്ലതും ചീത്തയുമായ ഭരണാധികാരിയുടെ ഗുണങ്ങൾ പറയുന്നതിനോടൊപ്പം കലാപത്തിനെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് നബി ﷺ പറഞ്ഞു:

خِيَارُ أَئِمَّتِكُمُ الَّذِينَ تُحِبُّونَهُمْ وَيُحِبُّونَكُمْ وَيُصَلُّونَ عَلَيْكُمْ وَتُصَلُّونَ عَلَيْهِمْ وَشِرَارُ أَئِمَّتِكُمُ الَّذِينَ تُبْغِضُونَهُمْ وَيُبْغِضُونَكُمْ وَتَلْعَنُونَهُمْ وَيَلْعَنُونَكُمْ قِيلَ يَا رَسُولَ اللَّهِ أَفَلَا نُنَابِذُهُمْ بِالسَّيْفِ فَقَالَ لَا مَا أَقَامُوا فِيكُمُ الصَّلَاةَ وَإِذَا رَأَيْتُمْ مِنْ وُلَاتِكُمْ شَيْئًا تَكْرَهُونَهُ فَاكْرَهُوا عَمَلَهُ وَلَا تَنْزِعُوا يَدًا مِنْ طَاعَةٍ

“നിങ്ങളുടെ ഭരണാധികാരികളിൽ ഏറ്റവും ഉത്തമന്മാർ, നിങ്ങൾ അവരെ സ്നേഹിക്കുകയും അവർ നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരാണ്. അവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും നിങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. എന്നാൽ നിങ്ങളുടെ ഭരണാധികാരികളിൽ ഏറ്റവും മോശപ്പെട്ടവർ, നിങ്ങൾ അവരെ വെറുക്കുകയും അവർ നിങ്ങളെ വെറുക്കുകയും ചെയ്യുന്നവരാണ്. നിങ്ങൾ അവരെ ശപിക്കുകയും അവർ നിങ്ങളെ ശപിക്കുകയും ചെയ്യും.”
അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അവരെ വാളുകൊണ്ട് നേരിടേണ്ടതില്ലേ?” നബി ﷺ പറഞ്ഞു: “പാടില്ല, അവർ നിങ്ങൾക്കിടയിൽ നമസ്കാരം നിലനിർത്തുന്ന കാലത്തോളം (അങ്ങനെ ചെയ്യരുത്). നിങ്ങളുടെ ഭരണാധികാരികളിൽ നിന്ന് നിങ്ങൾ വെറുക്കുന്ന വല്ലതും നിങ്ങൾ കണ്ടാൽ, അവരുടെ ആ പ്രവൃത്തിയെ നിങ്ങൾ വെറുക്കുക; എന്നാൽ അനുസരണത്തിൽ നിന്ന് നിങ്ങൾ കൈ വലിക്കരുത്.”

[സ്വഹീഹ് മുസ്‌ലിം – 1855]

ഉമ്മു സലമ ഹിന്ദ് ബിൻത് അബീ ഉമയ്യ رَضِيَ اللَّهُ عَنْهَا റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ റസൂൽ ﷺ പറഞ്ഞു:

سَتَكُونُ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ فَمَنْ عَرَفَ بَرِئَ وَمَنْ أَنْكَرَ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ قَالُوا أَفَلَا نُقَاتِلُهُمْ قَالَ لَا مَا صَلَّوْا

“(എനിക്ക് ശേഷം) ചില ഭരണാധികാരികൾ ഉണ്ടാകും. (അവരിൽ നിന്ന് നല്ലതും ചീത്തയുമായ കാര്യങ്ങൾ) നിങ്ങൾ കാണുകയും എതിർക്കുകയും ചെയ്യും. അപ്പോൾ ആരെങ്കിലും (ആ തിന്മകളെ) മനസ്സിലാക്കി (അവയെ വെറുത്താൽ) അവൻ കുറ്റമുക്തനായി. ആരെങ്കിലും അതിനെ എതിർത്താൽ അവൻ രക്ഷപ്പെട്ടു. എന്നാൽ ആരെങ്കിലും അതിൽ തൃപ്തിപ്പെടുകയും അവരെ പിൻപറ്റുകയും ചെയ്താൽ (അവൻ നാശമടഞ്ഞു).”
സ്വഹാബികൾ ചോദിച്ചു: “അവരോട് ഞങ്ങൾ യുദ്ധം ചെയ്യേണ്ടതില്ലേ?” നബി ﷺ പറഞ്ഞു: “പാടില്ല, അവർ നമസ്കരിക്കുന്ന കാലത്തോളം.”

[സ്വഹീഹ് മുസ്‌ലിം – 1854]

ഭരണാധികാരിയുടെ തെറ്റായ സമീപനങ്ങളെ വെറുക്കാനും, എന്നാൽ നമസ്കാരം പോലെയുള്ള മതപരമായ കാര്യങ്ങളിൽ തങ്ങളുടെ ബാധ്യത നിർവഹിക്കുന്ന കാലത്തോളം അവരെ അനുസരിക്കാനുമാണ് ഈ ഹദീസുകളിൽ നബി ﷺ ഊന്നൽ നൽകിയത്.

ഹുദൈഫ رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ, പ്രവാചക കല്പനകൾ അനുസരിക്കാത്ത ഭരണാധികാരികളെക്കുറിച്ച് ഇപ്രകാരം കാണാം:

يَكُونُ بَعْدِي أَئِمَّةٌ لَا يَهْتَدُونَ بِهُدَايَ، وَلَا يَسْتَنُّونَ بِسُنَّتِي، وَسَيَقُومُ فِيهِمْ رِجَالٌ قُلُوبُهُمْ قُلُوبُ الشَّيَاطِينِ فِي جُثْمَانِ إِنْسٍ، قَالَ: قُلْتُ: كَيْفَ أَصْنَعُ يَا رَسُولَ اللهِ، إِنْ أَدْرَكْتُ ذَلِكَ؟ قَالَ: تَسْمَعُ وَتُطِيعُ لِلْأَمِيرِ، وَإِنْ ضُرِبَ ظَهْرُكَ، وَأُخِذَ مَالُكَ، فَاسْمَعْ وَأَطِعْ

“എനിക്ക് ശേഷം ചില ഭരണാധികാരികൾ ഉണ്ടാകും. അവർ എന്റെ സന്മാർഗ്ഗം സ്വീകരിക്കില്ല; എന്റെ ചര്യ പിൻപറ്റുകയുമില്ല. മനുഷ്യരുടെ ശരീരത്തിൽ പിശാചുക്കളുടെ ഹൃദയങ്ങളുള്ള ചില ആളുകൾ അവർക്കിടയിൽ ഉയർന്നുവരും.”
ഹുദൈഫ رَضِيَ اللَّهُ عَنْهُ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഞാനീ കാലഘട്ടത്തിൽ എത്തിച്ചേർന്നാൽ എന്താണ് ചെയ്യേണ്ടത്?”
നബി ﷺ പറഞ്ഞു: “നീ ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക; നിന്റെ മുതുക് അടിക്കപ്പെട്ടാലും, നിന്റെ സമ്പത്ത് കവർന്നെടുക്കപ്പെട്ടാലും നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.

[സ്വഹീഹ് മുസ്‌ലിം – 1847]

  1. ഭരണവിരുദ്ധ വിദ്വേഷങ്ങളും അപകീർത്തനങ്ങളും അഹ്‌ലുസ്സുന്ന അംഗീകരിക്കുന്നില്ല
    നാട്ടിൽ കലാപത്തിനും ആക്രമണങ്ങൾക്കും ഹേതുവാകുന്ന പരസ്യമായ ഭരണവിരുദ്ധ വിമർശനങ്ങളും അപകീർത്തനങ്ങളും അഹ്‌ലുസ്സുന്ന ഒരിക്കലും അംഗീകരിക്കുന്നില്ല.

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് رَحِمَهُ اللَّهُ പറയുന്നു:

لَيْسَ مِنْ مَنْهَجِ السَّلَفِ التَّشْهِيرُ بِعُيُوبِ الْوُلَاةِ وَذِكْرُ ذَلِكَ عَلَى الْمَنَابِرِ لِأَنَّ ذَلِكَ يُفْضِي إِلَى الْفَوْضَى وَعَدَمِ السَّمْعِ وَالطَّاعَةِ فِي الْمَعْرُوفِ، وَيُفْضِي إِلَى الْخَوْضِ الَّذِي يَضُرُّ وَلَا يَنْفَعُ، وَلَكِنَّ الطَّرِيقَةَ الْمُتَّبَعَةَ عِنْدَ السَّلَفِ النَّصِيحَةُ فِيمَا بَيْنَهُمْ وَبَيْنَ السُّلْطَانِ، وَالْكِتَابَةُ إِلَيْهِ، أَوِ الِاتِّصَالُ بِالْعُلَمَاءِ الَّذِينَ يَتَّصِلُونَ بِهِ حَتَّى يُوَجِّهَ إِلَى الْخَيْرِ

“ഭരണാധികാരികളുടെ ന്യൂനതകൾ പരസ്യമാക്കുന്നതും മിമ്പറുകളിൽ അവ എടുത്തുപറയുന്നതും സലഫുകളുടെ മൻഹജിൽ പെട്ടതല്ല. കാരണം അത് അരാജകത്വത്തിലേക്കും, നന്മയിലുള്ള അനുസരണവും വഴിപ്പെടലും ഇല്ലാതാക്കുന്നതിലേക്കും നയിക്കും. അത് ഉപദ്രവം വരുത്തുന്നതും ഉപകാരമില്ലാത്തതുമായ അനാവശ്യ സംസാരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. മറിച്ച്, സലഫുകളുടെ രീതി എന്നത് ഭരണാധികാരിക്കും അവർക്കുമിടയിൽ രഹസ്യമായി ഉപദേശിക്കുക, അല്ലെങ്കിൽ അവർക്ക് കത്തെഴുതുക, അതുമല്ലെങ്കിൽ അവരെ നന്മയിലേക്ക് നയിക്കാൻ കഴിയുന്ന, അവരുമായി ബന്ധമുള്ള പണ്ഡിതന്മാരെ സമീപിക്കുക എന്നതാണ്.”
[മജ്മൂഉ ഫതാവാ വമഖാലാത് മുതനവ്വിഅ – 8/194]

  1. ഭരണാധികാരിയെ അനുസരിക്കണം എന്ന വിഷയത്തിലുള്ള പണ്ഡിതന്മാരുടെ ഏകോപനം (ഇജ്മാഅ്)
    അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർക്കിടയിൽ ഈ കാര്യം വളരെ വ്യക്തമാണ്. അനീതിക്ക് കൂട്ടുനിൽക്കുന്ന ഭരണാധികാരിയാണെങ്കിലും അവർ തിന്മ ചെയ്യാൻ കൽപ്പിക്കാത്ത കാലത്തോളം അവരെ അനുസരിക്കൽ മുസ്‌ലിമിന് നിർബന്ധമാണ്. ഈ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. ഭരണാധികാരിയെ അനുസരിക്കുന്നതിലുള്ള അഹ്‌ലുസ്സുന്നയുടെ വ്യതിരിക്തമായ നിലപാട്
    ബിദ്അത്തിന്റെ കക്ഷികളിൽ നിന്നും അഹ്‌ലുസ്സുന്നയെ വേർതിരിച്ചു നിർത്തുന്നത്, ഇത്തരം ന്യൂനതകളുള്ള ഭരണാധികാരികളെ അനുസരിക്കുന്ന കാര്യത്തിൽ അവർ സ്വീകരിക്കുന്ന നിലപാടാണ്. കാരണം, നല്ലവനും നീതിമാനുമായ ഭരണാധികാരിയെ അനുസരിക്കുന്ന കാര്യത്തിൽ മുസ്‌ലിംകൾക്കിടയിലുള്ള വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലായാലും, സാധാരണക്കാർക്കിടയിലായാലും, ഇനി അവിശ്വാസികൾക്കിടയിലായാൽ പോലും തർക്കമുണ്ടാകില്ല.

എന്നാൽ ഭരണാധികാരികൾ സ്വേച്ഛാധിപതികൾ ആയാലും, അവരുടെ ഭാഗത്തുനിന്ന് അനീതി ഉണ്ടായാലും അവർ തിന്മ ചെയ്യാൻ കൽപ്പിക്കാത്ത കാലത്തോളം അവരെ അനുസരിക്കണം എന്ന പ്രമാണബദ്ധമായ നിലപാടാണ് അഹ്‌ലുസ്സുന്നയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

അല്ലാഹു കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനും അവന്റെ റസൂലിന്റെയും ﷺ സലഫുസ്സ്വാലിഹുകളുടെയും മാർഗ്ഗത്തിൽ അടിയുറച്ചു നിൽക്കാനുമുള്ള തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ.

Share This Article
Leave a Comment