ഇറാൻ ഭരണകൂടം: യാഥാർത്ഥ്യങ്ങളും ഇസ്‌ലാമിക വിധിയും

3 Min Read

കണക്കെടുപ്പുകളിലെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചാൽ, ഏകദേശം എൺപത് ശതമാനത്തോളം റാഫിദികൾ (ശിയാക്കൾ) അധിവസിക്കുന്ന ഇറാൻ ഒരു മുസ്‌ലിം രാജ്യമായി കണക്കാക്കപ്പെടുമോ?

മുസ്‌ലിംകളുടെ ഒരു ശത്രുവിനോട് അവർ പോരാടുന്നു എന്ന ഒറ്റ കാരണത്താൽ ചിലർ ഇറാനെ പ്രകീർത്തിക്കുകയും, അവർക്കുവേണ്ടി ന്യായീകരണങ്ങൾ ചമയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഈയൊരു ചോദ്യം ഉന്നയിക്കപ്പെടേണ്ടത് ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമായി മാറിയിരിക്കുകയാണ്.

ഈ ചോദ്യത്തിന് ഉത്തരം നൽകാനായി താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുക:

ഒന്നാമതായി: ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് അവിടത്തെ ഭരണകൂടത്തെയും രാഷ്ട്രീയ വ്യവസ്ഥിതിയെയും കുറിച്ചുള്ള മതപരമായ വിധിയാണ്. അല്ലാതെ അവിടത്തെ പൗരന്മാരെയോ, അല്ലെങ്കിൽ തങ്ങളുടെ മദ്ഹബിന്റെ യാഥാർത്ഥ്യമറിയാത്ത സാധാരണക്കാരായ ശിയാക്കളെയോ വ്യക്തിപരമായി വിലയിരുത്തലല്ല.

രണ്ടാമതായി: ഇതിനുള്ള ഉത്തരം മനസ്സിലാക്കാൻ ഇറാനിലെ ഭരണസംവിധാനത്തിന്റെ സ്വഭാവം നാം അറിയേണ്ടതുണ്ട്. 1979-ന് ശേഷം, ഇറാനിലെ ഭരണസംവിധാനം ഖുമൈനി സ്ഥാപിച്ച ‘വിലായത്തുൽ ഫഖീഹ്’ എന്ന അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്. ഒൻപതാം നൂറ്റാണ്ടിൽ അപ്രത്യക്ഷനായതായി അവർ വിശ്വസിക്കുന്ന അവരുടെ പന്ത്രണ്ടാമത്തെ ഇമാം തിരിച്ചുവരുന്നത് വരെ, രാജ്യത്തിന്റെ നേതൃത്വം പന്ത്രണ്ട് ഇമാമുകളിൽ വിശ്വസിക്കുന്ന (ഇസ്നാ അശരിയ്യ) ഒരു ശിയാ പണ്ഡിതൻ ഏറ്റെടുക്കണം എന്നാണ് ഇതിലൂടെ അവർ അർത്ഥമാക്കുന്നത്.

ഇതടിസ്ഥാനത്തിൽ, രാജ്യത്തെ പരമോന്നത അധികാരമായ സുപ്രീം ലീഡർ സ്ഥാനം ഇസ്നാ അശരിയ്യ വിശ്വാസമുള്ള ഒരു മതപുരോഹിതനായിരിക്കണം. ഖുമൈനിയും, പിന്നീട് അലി ഖാംനഇയുമാണ് ഈ സ്ഥാനം ഏറ്റെടുത്തത്. (ഇപ്പോൾ അയാളുടെ മകനും ഈ സ്ഥാനത്തേക്ക് വരുന്നു).

പൊതുനയങ്ങൾ രൂപീകരിക്കുക, നിയമനിർമ്മാണ-നിർവ്വഹണ-ജുഡീഷ്യറി അധികാരങ്ങൾക്ക് മേൽനോട്ടം വഹിക്കുക, സൈന്യം, റവല്യൂഷണറി ഗാർഡ്സ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയെ നിയന്ത്രിക്കുക, യുദ്ധം, സമാധാനം, ആണവ പദ്ധതികൾ എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക തുടങ്ങി വളരെ വിശാലമായ അധികാരങ്ങളാണ് ഈ പരമോന്നത നേതാവിനുള്ളത്. അതായത്, നിയമനിർമ്മാണ സഭയും, ഭരണനിർവ്വഹണ സഭയും, നീതിന്യായ വ്യവസ്ഥയും എല്ലാം ഈ സുപ്രീം ലീഡറുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഖുമൈനി മുതൽ ഖാംനഇ വരെ ഇതാണ് അവസ്ഥ.

മൂന്നാമതായി: ഇറാനിലെ ഭരണകൂടം സ്വഭാവത്തിൽ തന്നെ മതപരമാണ്; കാരണം അത് വിലായത്തുൽ ഫഖീഹ് എന്ന മതപരമായ ആശയത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. അതിനാൽ റാഫിദികളുടെ അഖീദ അവരുടെ ഭരണഘടനയുടെ തന്നെ ഭാഗമാണ്. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റേതല്ല, മറിച്ച് ഈ മതനേതൃത്വത്തിന്റെ (സുപ്രീം ലീഡറുടെ) അഖീദയാണ് രാജ്യത്തിന്റെ നയങ്ങളിൽ പ്രതിഫലിക്കുന്നത്. പ്രസിഡന്റിന്റെ ചുമതല എന്നത് ഇത് നടപ്പിലാക്കുക മാത്രമാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ഭരിക്കുന്ന അഖീദ എന്നത് ഖുമൈനി സ്വീകരിച്ച അഖീദയാണ്; അത് തീവ്ര റാഫിദികളുടെ അഖീദയുമാണ്. പണ്ഡിതന്മാർ ഇതിനെ കുഫ്‌റിന്റെ (മതനിഷേധത്തിന്റെ) അഖീദകളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നാലാമതായി: എന്നാൽ വ്യക്തികളെന്ന നിലയിൽ ശിയാക്കളെക്കുറിച്ചുള്ള വിധി നോക്കുകയാണെങ്കിൽ, റാഫിദികളിലെ വ്യക്തികളെക്കുറിച്ച് ഒറ്റ വിധിയല്ല ഉള്ളത്. മറിച്ച്, ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ മിൻഹാജുസ്സുന്നയിൽ അവരിലെ വ്യക്തികളെക്കുറിച്ച് പറയുന്നത് പോലെയാണിത്: “റാഫിദികൾ എല്ലാവരും പൂർണ്ണമായും കാഫിറുകളല്ല. മറിച്ച് അവരിൽ കുഫ്‌റുള്ളവരുണ്ട്, ബിദ്അത്തുള്ളവരുണ്ട്, അക്രമവും തെമ്മാടിത്തവും ഉള്ളവരുമുണ്ട്.”

ഈ സംസാരം വ്യക്തികളെയും വിഭാഗങ്ങളെയും കുറിച്ചുള്ളതാണ്. പ്രത്യേകം അഖീദകളുടെ അടിസ്ഥാനത്തിൽ നിലകൊള്ളുന്ന ഒരു ഭരണകൂടം ഇല്ലാതിരുന്ന കാലത്തെ റാഫിദികളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അതിനാൽ, റാഫിദികളെക്കുറിച്ചുള്ള ഇബ്നു തൈമിയ്യയുടെ رَحِمَهُ اللَّهُ ഈ വാക്കുകൾ ഇറാൻ എന്ന ഭരണകൂടത്തിന്റെ മേൽ പ്രയോഗിക്കുന്നത് വലിയ തെറ്റാണ്. സൂക്ഷ്മമായ വിലയിരുത്തലുകൾ ഇല്ലാതെ, മുൻകാലങ്ങളിലെ കക്ഷികളെക്കുറിച്ചുള്ള വിധികൾ ആധുനിക രാജ്യങ്ങൾക്ക് മേൽ നേരിട്ട് പ്രയോഗിക്കാൻ പാടുള്ളതല്ല.

അഞ്ചാമതായി: ഇറാൻ എന്ന രാജ്യത്തിന്റെ മതപരമായ അവസ്ഥ വ്യക്തമാക്കാൻ ചില മാനദണ്ഡങ്ങൾ നാം പരിഗണിക്കേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടത് അവിടത്തെ പ്രത്യക്ഷമായ അധികാരം, ഇസ്‌ലാമിക ചിഹ്നങ്ങൾ സ്ഥാപിക്കൽ, അവിടത്തെ ഭൂരിപക്ഷം എന്നിവയാണ്.

നാം ഇറാനിലെ സാഹചര്യങ്ങളിലേക്ക് നോക്കിയാൽ, അവിടെ തീവ്ര റാഫിദികൾക്കാണ് വ്യക്തമായ അധികാരമുള്ളത് എന്ന് കാണാം. ഭൂരിപക്ഷം വരുന്ന റാഫിദികൾ ആ ഭരണകൂടത്തോട് മിത്രത പുലർത്തുന്നവരുമാണ്. ടെഹ്റാനിൽ ബാങ്ക് വിളിക്കുന്ന അഹ്‌ലുസ്സുന്നയുടെ ഒരൊറ്റ പള്ളിയുമില്ല; അതേസമയം ജൂതന്മാരുടെയും ഹിന്ദുക്കളുടെയും ആരാധനാലയങ്ങളും ക്രിസ്ത്യൻ പള്ളികളും അവിടെ നിറഞ്ഞുനിൽക്കുന്നുണ്ട് താനും! ന്യൂനപക്ഷമായ അഹ്‌ലുസ്സുന്നയുടെ ആളുകൾക്ക് അവരുടെ ദീനിന്റെയോ അഭിമാനത്തിന്റെയോ കാര്യത്തിൽ യാതൊരു സുരക്ഷയുമില്ല; കടുത്ത വിവേചനങ്ങളാണ് അവർ അവിടെ നേരിടുന്നത്.

അതുകൊണ്ട് ഈ രാജ്യത്തിന്റെ മതപരമായ അവസ്ഥ എന്നത്, അവർ ഇസ്‌ലാമിനെ പുറത്ത് കാണിക്കുകയും കുഫ്‌റും മതനിഷേധവും ഉള്ളിൽ മറച്ചുവെക്കുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് എന്നതാണ്. അതുകൊണ്ടുതന്നെ, ഹജ്ജ്, ഉംറ പോലെയുള്ള ചില കർമ്മങ്ങളിൽ ഒരു രാജ്യം എന്ന നിലയിൽ കപടവിശ്വാസികളോട് കാണിക്കുന്ന സമീപനമാണ് അവരോടും സ്വീകരിക്കാറുള്ളത്.

– ഡോ. അഹ്മദ് മുഹമ്മദ് അൽ-സാദിഖ് അൽ-നജ്ജാർ എഴുതിയത്.

Share This Article
Leave a Comment