സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാണ്. പ്രവാചകന്മാരിലും ദൂതന്മാരിലും വെച്ച് ഏറ്റവും ശ്രേഷ്ഠനായ നമ്മുടെ നബി മുഹമ്മദ് ﷺ യുടെയും അവിടുത്തെ കുടുംബാംഗങ്ങളുടെയും മുഴുവൻ സ്വഹാബികളുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ.
ഇത് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ മൻഹജിലെ ചില അടിസ്ഥാന നിയമങ്ങളാണ്. ശൈഖ് അബ്ദുല്ല അൽ-ഉബൈലാൻ (حفظه الله) ആണ് ഇത് രചിച്ചിട്ടുള്ളത്. അദ്ദേഹം ശ്രേഷ്ഠ പണ്ഡിതൻ ശൈഖ് സ്വാലിഹ് ബിൻ ഫൗസാൻ അൽ-ഫൗസാൻ (حفظه الله) വിന് മുമ്പാകെ ഇത് വായിച്ചുകേൾപ്പിക്കുകയും, അദ്ദേഹം ഇതെല്ലാം പൂർണ്ണമായും അംഗീകരിക്കുകയും ചെയ്തു. മൂന്ന് ഓഡിയോ കാസറ്റുകളിലായാണ് ഈ അടിസ്ഥാനങ്ങൾ വന്നത്. അല്ലാഹു നമ്മെ ഇതുകൊണ്ട് അനുഗ്രഹിക്കട്ടെ എന്ന പ്രതീക്ഷയോടെ പ്രസിദ്ധീകരിക്കുന്നു.
ഒന്നാമത്തെ അടിസ്ഥാനം
മതം രണ്ട് വലിയ അടിസ്ഥാനങ്ങളിലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. ഒന്ന്: ഇഖ്‌ലാസ് (അല്ലാഹുവിന് വേണ്ടി മാത്രം കർമ്മങ്ങൾ നിഷ്കളങ്കമാക്കൽ). അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ﴾
(തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും സല്‍കര്‍മ്മകാരിയായിരിക്കുകയും ചെയ്തവനേക്കാള്‍ ഉത്തമമായ മതമുള്ളവന്‍ ആരുണ്ട്?).
അവൻ വീണ്ടും പറയുന്നു:
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ﴾
(കീഴ്‌വണക്കം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് ഋജുമാനസരായിക്കൊണ്ട് അവനെ ആരാധിക്കുവാനല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല).
അവൻ പറയുന്നു:
﴿قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَّهُ الدِّينَ﴾
(നബിയേ പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്).
നബി ﷺ പറഞ്ഞു:
«إِنَّمَا الْأَعْمَالُ بِالنِّيَّاتِ»
(കർമ്മങ്ങൾ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കിയാണ്) [ബുഖാരി, മുസ്‌ലിം].
രണ്ട്: നബി ﷺ യെ പിൻപറ്റൽ (മുതാബഅത്ത്). അതായത് ചെയ്യുന്ന കർമ്മം നബി ﷺ നിയമമാക്കിയതിന് യോജിച്ചതായിരിക്കണം. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ﴾
(നബിയേ പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്).
നബി ﷺ പറഞ്ഞു:
«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»
(നമ്മുടെ കൽപ്പനയില്ലാത്ത വല്ല കർമ്മവും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്) [മുസ്‌ലിം].
അല്ലാഹു പറയുന്നു:
﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا﴾
(നിങ്ങളില്‍ ആരാണ് ഏറ്റവും നല്ല കര്‍മ്മം ചെയ്യുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാണവൻ).
‘ഏറ്റവും കൂടുതൽ കർമ്മം ചെയ്യുന്നവൻ’ എന്നല്ല അവൻ പറഞ്ഞത്. ഫുദൈൽ ബിൻ ഇയാദ് رَحِمَهُ اللَّهُ പറയുന്നു: “തീർച്ചയായും കർമ്മം ഇഖ്‌ലാസുള്ളതാകുകയും എന്നാൽ ശരിയായ രൂപത്തിലല്ലാതിരിക്കുകയും ചെയ്താൽ അത് സ്വീകരിക്കപ്പെടുകയില്ല. ഇനി ശരിയായ രൂപത്തിലാകുകയും എന്നാൽ ഇഖ്‌ലാസുള്ളതായില്ലെങ്കിലും അത് സ്വീകരിക്കപ്പെടുകയില്ല; അത് ഇഖ്‌ലാസുള്ളതും ശരിയായതുമാകുന്നത് വരെ. ഇഖ്‌ലാസുള്ളതാകുക എന്നാൽ അത് അല്ലാഹുവിന് വേണ്ടി മാത്രമാകുക എന്നതാണ്. ശരിയായതാകുക എന്നാൽ അത് സുന്നത്തിന് അനുസൃതമായിരിക്കുക എന്നതാണ്.”
രണ്ടാമത്തെ അടിസ്ഥാനം
ശരിയായ പ്രബോധനവും ആരാധനയും ഖുർആനിൽ നിന്നും സ്വഹീഹായ സുന്നത്തിൽ നിന്നും അസറുകളിൽ (മുൻഗാമികളുടെ മാതൃകകൾ) നിന്നും മാത്രമേ സ്വീകരിക്കാവൂ. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ﴾
(നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക. അവന് പുറമെ മറ്റ് രക്ഷാധികാരികളെ നിങ്ങൾ പിൻപറ്റരുത്).
അവൻ പറയുന്നു:
﴿وَأَطِيعُوا اللَّهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ﴾
(നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക, നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം).
അവൻ പറയുന്നു:
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ﴾
(സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പിലായിക്കൊണ്ട് നിങ്ങള്‍ യാതൊരു തീരുമാനവും മുതിര്‍ന്നെടുക്കരുത്).
അവൻ പറയുന്നു:
﴿وَالنَّجْمِ إِذَا هَوَىٰ مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ وَمَا يَنطِقُ عَنِ الْهَوَىٰ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ﴾
(നക്ഷത്രം അസ്തമിക്കുമ്പോൾ തന്നെയാണ് സത്യം. നിങ്ങളുടെ കൂട്ടുകാരൻ വഴിപിഴച്ചിട്ടില്ല, ദുർമാർഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യബോധനമായി നൽകപ്പെടുന്ന ഒരു സന്ദേശം മാത്രമാകുന്നു).
അവൻ പറയുന്നു:
﴿وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا﴾
(നിനക്ക് അറിവില്ലാത്ത കാര്യത്തിന്റെ പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്).
അവൻ പറയുന്നു:
﴿وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ﴾
(മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതങ്ങളോടെ അവരെ പിൻപറ്റിയവരും ആരോ അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അവർ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു).
നബി ﷺ പറഞ്ഞു:
«تَرَكْتُ فِيكُمْ شَيْئَيْنِ لَنْ تَضِلُّوا بَعْدِي، كِتَابَ اللَّهِ وَسُنَّتِي»
(രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വിട്ടേച്ചുപോകുന്നു, എനിക്ക് ശേഷം നിങ്ങളൊരിക്കലും വഴിപിഴക്കുകയില്ല: അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ സുന്നത്തും) [ഹാകിം].
നബി ﷺ പറഞ്ഞു:
«أَصْحَابِي أَمَانٌ لِأُمَّتِي، فَإِذَا ذَهَبَ أَصْحَابِي أَتَى أُمَّتِي مَا تُوعَدُ»
(എന്റെ സ്വഹാബികൾ എന്റെ സമുദായത്തിന് നിർഭയത്വമാണ്. എന്റെ സ്വഹാബികൾ പോയിക്കഴിഞ്ഞാൽ എന്റെ സമുദായത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് വന്നെത്തുന്നതാണ്) [മുസ്‌ലിം].
മൂന്നാമത്തെ അടിസ്ഥാനം
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് സുന്നത്തിനെ ഒഴിവാക്കിക്കൊണ്ട് ഖുർആൻ സ്വന്തമായി മനസ്സിലാക്കുകയില്ല. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ﴾
(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക).
അവൻ പറയുന്നു:
﴿وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ﴾
(ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിശദീകരിച്ചു കൊടുക്കാൻ വേണ്ടിയാണ് നിനക്ക് നാം ഈ ഉൽബോധനം അവതരിപ്പിച്ചത).
അവൻ പറയുന്നു:
﴿فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ﴾
(ആകയാൽ അദ്ദേഹത്തിന്റെ കൽപ്പനക്ക് എതിർപ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നെത്തുന്നതോ, വേദനയേറിയ ശിക്ഷ ബാധിക്കുന്നതോ കരുതിക്കൊള്ളട്ടെ).
നബി ﷺ പറഞ്ഞു:
«أَلَا إِنِّي أُوتِيتُ الْقُرْآنَ وَمِثْلَهُ مَعَهُ، أَلَا يُوشِكُ رَجُلٌ شَبْعَانُ عَلَى أَرِيكَتِهِ يَقُولُ عَلَيْكُمْ بِهَذَا الْقُرْآنِ فَمَا وَجَدْتُمْ فِيهِ مِنْ حَلَالٍ فَأَحِلُّوهُ وَمَا وَجَدْتُمْ فِيهِ مِنْ حَرَامٍ فَحَرِّمُوهُ»
(അറിയുക, എനിക്ക് ഖുർആനും അതോടൊപ്പം അതുപോലൊന്നു കൂടി (സുന്നത്ത്) നൽകപ്പെട്ടിരിക്കുന്നു. അറിയുക, അടുത്തുതന്നെ വയറുനിറഞ്ഞ ഒരാൾ തന്റെ മഞ്ചത്തിൽ ചാരിയിരുന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: ‘നിങ്ങൾ ഈ ഖുർആൻ മാത്രം പിൻപറ്റുക, അതിൽ അനുവദനീയമായി നിങ്ങൾ കാണുന്നത് മാത്രം നിങ്ങൾ അനുവദനീയമാക്കുക, അതിൽ നിഷിദ്ധമായി കാണുന്നത് മാത്രം നിഷിദ്ധമാക്കുക’) [അഹ്‌മദ്, അബൂദാവൂദ്].
ഇർബാദ് ബിൻ സാരിയ رَضِيَ اللَّهُ عَنْهُ പറയുന്നു: “നബി ﷺ ഹൃദയങ്ങളെ ഭയപ്പെടുത്തുന്ന, കണ്ണുകളെ ഈറനണിയിക്കുന്ന ഹൃദയസ്പർശിയായ ഒരു ഉപദേശം ഞങ്ങൾക്ക് നൽകി. അപ്പോൾ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഇതൊരു വിടവാങ്ങൽ ഉപദേശം പോലെയുണ്ടല്ലോ, അതിനാൽ ഞങ്ങൾക്ക് വസ്വിയ്യത്ത് നൽകിയാലും.’ അവിടുന്ന് പറഞ്ഞു:
«أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ، وَإِنْ تَأَمَّرَ عَلَيْكُمْ عَبْدٌ حَبَشِيٌّ، وَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ»
(ഞാൻ നിങ്ങളോട് അല്ലാഹുവെ സൂക്ഷിക്കാൻ വസ്വിയ്യത്ത് ചെയ്യുന്നു, നിങ്ങളുടെ മേൽ ഒരു എത്യോപ്യൻ അടിമയാണ് ഭരണാധികാരിയായി വരുന്നതെങ്കിലും കേൾക്കുകയും അനുസരിക്കുകയും വേണം. നിങ്ങളിൽ ജീവിച്ചിരിക്കുന്നവർക്ക് പിന്നീട് ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ കാണാൻ കഴിയും. അപ്പോൾ നിങ്ങൾ എന്റെ സുന്നത്തിനെയും സന്മാർഗ്ഗം പ്രാപിച്ച സച്ചരിതരായ ഖലീഫമാരുടെ സുന്നത്തിനെയും മുറുകെപ്പിടിക്കുക, അണപ്പല്ലുകൾ കൊണ്ട് നിങ്ങളത് കടിച്ചുപിടിക്കുക. മതത്തിൽ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക; കാരണം എല്ലാ ബിദ്അത്തുകളും വഴികേടാണ്)” [അബൂദാവൂദ്, തിർമിദി].
ഉമർ ബിൻ അൽ-ഖത്വാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “ചില ആളുകൾ ഖുർആനിലെ അവ്യക്തമായ കാര്യങ്ങൾ വെച്ച് നിങ്ങളോട് തർക്കിക്കാൻ വരും. അപ്പോൾ നിങ്ങൾ അവരെ സുന്നത്തുകൾ കൊണ്ട് നേരിടുക; കാരണം സുന്നത്തുകളുടെ ആളുകളാണ് അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ച് ഏറ്റവും കൂടുതൽ അറിവുള്ളവർ.”
നാലാമത്തെ അടിസ്ഥാനം
അവർ സലഫുസ്സ്വാലിഹുകളുടെ ധാരണയെ ഒഴിവാക്കിക്കൊണ്ട് ഖുർആനും സുന്നത്തും സ്വന്തമായി മനസ്സിലാക്കുകയില്ല. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا﴾
(തനിക്ക് സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂലിനോട് എതിർത്തുനിൽക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാർഗ്ഗം പിൻപറ്റുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര ചീത്ത സങ്കേതം!).
അവൻ പറയുന്നു:
﴿وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ﴾
(മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതങ്ങളോടെ അവരെ പിൻപറ്റിയവരും).
നബി ﷺ പറഞ്ഞു:
«خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ»
(ജനങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ തലമുറയിലുള്ളവരാണ്, പിന്നെ അവർക്ക് പിന്നാലെ വരുന്നവരാണ്…) [ബുഖാരി, മുസ്‌ലിം].
അബ്ദുല്ലാഹ് ബിൻ അംറ് رَضِيَ اللَّهُ عَنْهُمَا യിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«لَيَأْتِيَنَّ عَلَى أُمَّتِي مَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ…»
(ഇസ്രായീൽ സന്തതികൾക്ക് സംഭവിച്ചതെല്ലാം അതേപടി എന്റെ സമുദായത്തിനും സംഭവിക്കുന്നതാണ്. അവരിലാരെങ്കിലും പരസ്യമായി തന്റെ മാതാവിനെ സമീപിച്ചിട്ടുണ്ടെങ്കിൽ, എന്റെ സമുദായത്തിലും അത് ചെയ്യുന്നവരുണ്ടാകും. ഇസ്രായീൽ സന്തതികൾ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയുന്നതാണ്. ഒരു കക്ഷിയൊഴികെ അവരെല്ലാം നരകത്തിലാണ്).
അവർ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഏതാണ് ആ കക്ഷി?” അവിടുന്ന് പറഞ്ഞു:
«مَا أَنَا عَلَيْهِ وَأَصْحَابِي»
(ഞാനും എന്റെ സ്വഹാബികളും ഏതൊരു മാർഗ്ഗത്തിലാണോ ഉള്ളത്, ആ മാർഗ്ഗത്തിലുള്ളവർ) [തിർമിദി].
അഹ്‌മദും അബൂദാവൂദും ഉദ്ധരിച്ച മറ്റൊരു നിവേദനത്തിൽ ‘രക്ഷപ്പെടുന്ന കക്ഷി ജമാഅത്താണെന്ന്’ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് കഴിഞ്ഞുപോയ ഇർബാദ് رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസിൽ:
«عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ»
(നിങ്ങൾ എന്റെ സുന്നത്തിനെയും സന്മാർഗ്ഗം പ്രാപിച്ച സച്ചരിതരായ ഖലീഫമാരുടെ സുന്നത്തിനെയും മുറുകെപ്പിടിക്കുക) എന്ന് പറഞ്ഞിട്ടുണ്ട്.
ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: നബി ﷺ ഈ വചനം പാരായണം ചെയ്തു:
﴿هُوَ الَّذِي أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ﴾
(അവനാണ് നിനക്ക് ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. ഇതിൽ സ്പഷ്ടമായ വചനങ്ങളുണ്ട്. അവയാണ് ഈ ഗ്രന്ഥത്തിന്റെ ആധാരം. ആശയത്തിൽ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാൽ മനസ്സുകളിൽ വക്രതയുള്ളവർ അതിൽ നിന്ന് സാദൃശ്യമുള്ളവയെ പിൻപറ്റുന്നു).
തുടർന്ന് അവിടുന്ന് പറഞ്ഞു:
«إِذَا رَأَيْتُمُ الَّذِينَ يَتَّبِعُونَ مَا تَشَابَهَ مِنْهُ فَأُولَئِكَ الَّذِينَ سَمَّى اللَّهُ فَاحْذَرُوهُمْ»
(ആശയത്തിൽ സാദൃശ്യമുള്ളതിനെ പിൻപറ്റുന്നവരെ നിങ്ങൾ കണ്ടാൽ, അല്ലാഹു പേരെടുത്തു പറഞ്ഞത് അവരെക്കുറിച്ചാണ്, അതിനാൽ നിങ്ങൾ അവരെ കരുതിയിരിക്കുക) [ബുഖാരി, മുസ്‌ലിം].
അബ്ദുല്ലാഹ് ബിൻ ഉമർ رَضِيَ اللَّهُ عَنْهُمَا ഖവാരിജുകളെക്കുറിച്ച് പറഞ്ഞു: “അല്ലാഹുവിങ്കൽ സൃഷ്ടികളിൽ വെച്ച് ഏറ്റവും മോശക്കാരാണവർ. കാഫിറുകളുടെ കാര്യത്തിൽ അവതരിച്ച ആയത്തുകളെടുത്ത് സത്യവിശ്വാസികളുടെ മേൽ പ്രയോഗിച്ചവരാണവർ.”
അബ്ദുല്ലാഹ് ബിൻ മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: “നിങ്ങളിലൊരാൾ മാതൃകയാക്കുന്നുവെങ്കിൽ അവൻ റസൂൽ ﷺ യുടെ സ്വഹാബികളെ മാതൃകയാക്കട്ടെ; തീർച്ചയായും ഈ സമുദായത്തിൽ ഏറ്റവും നിർമ്മലമായ ഹൃദയമുള്ളവരും, ഏറ്റവും അഗാധമായ അറിവുള്ളവരും, ഏറ്റവും കുറവ് കൃത്രിമത്വം കാണിക്കുന്നവരും, ഏറ്റവും നേരായ മാർഗ്ഗമുള്ളവരും, ഏറ്റവും നല്ല അവസ്ഥയിലുള്ളവരുമായിരുന്നു അവർ. തന്റെ പ്രവാചകന് കൂട്ടായിരിക്കാനും തന്റെ മതം നിലനിർത്താനുമായി അല്ലാഹു തിരഞ്ഞെടുത്ത സമൂഹമാണവർ. അതിനാൽ നിങ്ങൾ അവരുടെ ശ്രേഷ്ഠത തിരിച്ചറിയുകയും അവരുടെ കാൽപ്പാടുകളെ പിൻപറ്റുകയും ചെയ്യുക; കാരണം അവർ നേരായ സന്മാർഗ്ഗത്തിലായിരുന്നു.”
അൽ-ഔസാഈ رَحِمَهُ اللَّهُ പറയുന്നു: “സുന്നത്തിൽ നീ ഉറച്ചുനിൽക്കുക, ആ ജനത (സലഫുകൾ) എവിടെ നിന്നുവോ അവിടെ നീയും നിൽക്കുക, അവർ പറഞ്ഞത് നീയും പറയുക, അവർ ഒഴിവാക്കിയ കാര്യങ്ങളിൽ നിന്ന് നീയും ഒഴിവാകുക. സച്ചരിതരായ നിന്റെ മുൻഗാമികളുടെ പാത നീ പിന്തുടരുക; കാരണം അവർക്ക് പര്യാപ്തമായത് നിനക്കും പര്യാപ്തമാകും.”
അഞ്ചാമത്തെ അടിസ്ഥാനം
അവർ ആദ്യമായി ക്ഷണിക്കുന്നത് തൗഹീദിലേക്കാണ്; അതുകൂടാതെ യാതൊരു ആരാധനയോ പ്രബോധനമോ ശരിയാവുകയില്ല. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ﴾
(ഞാനല്ലാതെ യാതൊരു ആരാധനക്കർഹനുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കുക എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല).
അവൻ പറയുന്നു:
﴿وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ﴾
(അവർ ശിർക്ക് ചെയ്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവർക്ക് നിഷ്ഫലമായിപ്പോകുമായിരുന്നു).
അവൻ പറയുന്നു:
﴿لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ﴾
(നീ ശിർക്ക് ചെയ്യുന്ന പക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും).
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന് നിവേദനം, റസൂൽ ﷺ മുആദിനെ യെമനിലേക്ക് അയച്ചപ്പോൾ ഇപ്രകാരം പറഞ്ഞു:
«إِنَّكَ تَأْتِي قَوْمًا مِنْ أَهْلِ الْكِتَابِ، فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ»
(വേദക്കാരിൽ പെട്ട ഒരു സമൂഹത്തിന്റെ അടുത്തേക്കാണ് നീ ചെല്ലുന്നത്. അതിനാൽ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന സാക്ഷ്യത്തിലേക്കായിരിക്കണം നീ അവരെ ആദ്യമായി ക്ഷണിക്കേണ്ടത്) [ബുഖാരി, മുസ്‌ലിം].
നബി ﷺ തന്റെ ദഅ്‌വത്ത് തൗഹീദ് കൊണ്ട് തുടങ്ങിയത് പോലെത്തന്നെ, അത് അവസാനിപ്പിച്ചതും തൗഹീദ് കൊണ്ട് തന്നെയായിരുന്നു. ആഇശ رَضِيَ اللَّهُ عَنْهَا പറയുന്നു: “റസൂൽ ﷺ ക്ക് മരണവേള ആസന്നമായപ്പോൾ അവിടുന്ന് തന്റെ മുഖത്ത് ഒരു പുതപ്പ് ഇടാൻ തുടങ്ങി. അവിടുത്തേക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുമ്പോൾ അത് മാറ്റും. ആ അവസ്ഥയിൽ വെച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞു:
«لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»
(തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കിയ യഹൂദരുടെയും നസ്വാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ!).
അവർ ചെയ്ത പ്രവർത്തികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു അവിടുന്ന്. അതല്ലായിരുന്നുവെങ്കിൽ അവിടുത്തെ ഖബർ വെളിപ്പെടുത്തപ്പെടുമായിരുന്നു, എന്നാൽ അതൊരു ആരാധനാലയമായി (മസ്ജിദായി) മാറ്റപ്പെടുമോ എന്ന് അവിടുന്ന് ഭയപ്പെട്ടു” [ബുഖാരി, മുസ്‌ലിം].
ആറാമത്തെ അടിസ്ഥാനം
അവർ തങ്ങളുടെ ദഅ്‌വത്ത് ആരംഭിക്കുന്നത്, അല്ലാഹുവും റസൂൽ ﷺ യും ഏതൊന്നു കൊണ്ടാണോ ആരംഭിച്ചത് അതുകൊണ്ടാണ്; അല്ലാഹുവും റസൂൽ ﷺ യും മുൻഗണന നൽകിയതിനെ അവർ മുൻഗണന നൽകുന്നു, അല്ലാഹുവും റസൂൽ ﷺ യും പിന്തിച്ചതിനെ അവർ പിന്തിക്കുന്നു. അതുവഴി നന്മകൾ കൈവരിക്കാനും തിന്മകൾ ഒഴിവാക്കാനും സാധിക്കുന്നതാണ്. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ﴾
(ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല).
യൂസുഫ് ബിൻ മാഹക് പറയുന്നു: ഞാൻ സത്യവിശ്വാസികളുടെ മാതാവ് ആഇശ رَضِيَ اللَّهُ عَنْهَا യുടെ അടുത്തായിരിക്കെ ഇറാഖിൽ നിന്നുള്ള ഒരാൾ വന്ന് ചോദിച്ചു: “ഏത് കഫൻ പുടവയാണ് ഏറ്റവും ഉത്തമം?” അവർ പറഞ്ഞു: “നിനക്കെന്തുപറ്റി, അതെന്തായാലും നിനക്കെന്താണ് ദോഷം.” അയാൾ പറഞ്ഞു: “സത്യവിശ്വാസികളുടെ മാതാവേ, നിങ്ങളുടെ മുസ്ഹഫ് എനിക്കൊന്ന് കാണിച്ചുതരിക.” അവർ ചോദിച്ചു: “എന്തിനാണ്?” അയാൾ പറഞ്ഞു: “അതനുസരിച്ച് എനിക്ക് ഖുർആൻ ക്രമീകരിക്കാനാണ്, കാരണം അത് ഇപ്പോൾ ക്രമത്തിലല്ല പാരായണം ചെയ്യപ്പെടുന്നത്.” അപ്പോൾ അവർ പറഞ്ഞു: “ഏത് ഭാഗമാണ് ആദ്യം പാരായണം ചെയ്യുന്നതെന്നത് നിനക്ക് എന്ത് പ്രയാസമാണുണ്ടാക്കുക? ആദ്യമായി അവതരിച്ചത് സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ച് പരാമർശിക്കുന്ന മുഫസ്സ്വലായ (ചെറിയ) അധ്യായങ്ങളിലൊന്നാണ്. അങ്ങനെ ജനങ്ങൾ ഇസ്‌ലാമിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ഹലാലും ഹറാമും അവതരിച്ചു. ‘നിങ്ങൾ മദ്യം കുടിക്കരുത്’ എന്നായിരുന്നു ആദ്യമായി അവതരിച്ചതെങ്കിൽ അവർ പറയുമായിരുന്നു: ‘ഞങ്ങൾ ഒരിക്കലും മദ്യപാനം ഉപേക്ഷിക്കുകയില്ല’. ‘നിങ്ങൾ വ്യഭിചരിക്കരുത്’ എന്നായിരുന്നു ആദ്യമായി അവതരിച്ചതെങ്കിൽ അവർ പറയുമായിരുന്നു: ‘ഞങ്ങൾ ഒരിക്കലും വ്യഭിചാരം ഉപേക്ഷിക്കുകയില്ല’. ഞാൻ കളിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറിയ പെൺകുട്ടിയായിരിക്കെ മക്കയിൽ വെച്ച് മുഹമ്മദ് നബി ﷺ ക്ക് ഈ വചനം അവതരിച്ചു:
﴿بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَىٰ وَأَمَرُّ﴾
(അല്ല, അന്ത്യസമയമാണ് അവർക്ക് നിശ്ചയിക്കപ്പെട്ട അവധി. അന്ത്യസമയം കൂടുതൽ ആപൽക്കരവും കൂടുതൽ കയ്പേറിയതുമാകുന്നു).
സൂറത്തുൽ ബഖറയും സൂറത്തുൽ നിസാഉം ഞാൻ അവിടുത്തെ അടുക്കൽ (മദീനയിൽ) ആയിരിക്കെ മാത്രമാണ് അവതരിച്ചത്” [ബുഖാരി].
സ്വഹീഹ് മുസ്‌ലിമിൽ ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹജ്ജിന്റെ വർണ്ണനയിൽ ഇപ്രകാരം കാണാം:
«أَبْدَأُ بِمَا بَدَأَ اللَّهُ بِهِ»
(അല്ലാഹു ഏതൊന്നു കൊണ്ടാണോ തുടങ്ങിയത് അതുകൊണ്ട് ഞാൻ തുടങ്ങുന്നു).
ഏഴാമത്തെ അടിസ്ഥാനം
അവർ മതത്തിന്റെ മുഴുവൻ കാര്യങ്ങളെയും ആദരിക്കുന്നു. നബി ﷺ ഏതൊരു കാര്യത്തിലേക്കാണോ ക്ഷണിച്ചത്, അതിലേക്കെല്ലാം തങ്ങളുടെ കഴിവനുസരിച്ച് അവർ ക്ഷണിക്കുന്നു. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً﴾
(സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി ഇസ്‌ലാമില്‍ പ്രവേശിക്കുക).
ഇബ്നു കഥീർ رَحِمَهُ اللَّهُ പറയുന്നു: “അല്ലാഹു തന്റെ വിശ്വാസികളായ അടിയാന്മാരോട് ഇസ്‌ലാമിന്റെ എല്ലാ ശാഖകളും നിയമങ്ങളും മുറുകെപ്പിടിക്കാനും, അതിന്റെ മുഴുവൻ കൽപ്പനകളും പാലിക്കാനും, അതിന്റെ വിലക്കുകൾ പൂർണ്ണമായും ഉപേക്ഷിക്കാനും തങ്ങളുടെ കഴിവനുസരിച്ച് കൽപ്പിക്കുകയാണിവിടെ… മുജാഹിദ് പറയുന്നു: അതായത് എല്ലാ സൽകർമ്മങ്ങളും പുണ്യപ്രവൃത്തികളും നിങ്ങൾ ചെയ്യുക.”
അല്ലാഹു പറയുന്നു:
﴿وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ﴾
(വല്ലവനും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ).
നുഅ്മാൻ ബിൻ ബഷീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«عِبَادَ اللَّهِ، لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ»
(അല്ലാഹുവിന്റെ അടിയാന്മാരേ, നിങ്ങൾ നിങ്ങളുടെ സ്വഫ്ഫുകൾ (നമസ്കാര നിരകൾ) ശരിപ്പെടുത്തുക, അല്ലെങ്കിൽ അല്ലാഹു നിങ്ങളുടെ മുഖങ്ങൾക്കിടയിൽ (ഹൃദയങ്ങൾക്കിടയിൽ) ഭിന്നിപ്പുണ്ടാക്കുന്നതാണ്) [ബുഖാരി, മുസ്‌ലിം].
ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:
«مَا حَسَدَتْكُمُ الْيَهُودُ عَلَى شَيْءٍ مَا حَسَدَتْكُمْ عَلَى السَّلَامِ وَالتَّأْمِينِ»
(നിങ്ങൾ സലാം പറയുന്നതിന്റെയും ആമീൻ പറയുന്നതിന്റെയും കാര്യത്തിൽ യഹൂദർക്ക് നിങ്ങളോട് അസൂയയുള്ളത് പോലെ മറ്റൊന്നിനോടും അവർക്ക് അസൂയയില്ല) [അഹ്‌മദ്, ഇബ്നുമാജ].
അസ്റഖ് ബിൻ ഖൈസ് പറയുന്നു: അബൂ റിംസ എന്ന് വിളിപ്പേരുള്ള ഒരു ഇമാം ഞങ്ങൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകി. ശേഷം അദ്ദേഹം പറഞ്ഞു: ഞാൻ ഈ നമസ്കാരം റസൂൽ ﷺ യുടെ കൂടെ നിർവ്വഹിച്ചിട്ടുണ്ട്. അബൂബക്കറും ഉമറും മുൻനിരയിൽ അവിടുത്തെ വലതുഭാഗത്തായിരുന്നു നിൽക്കാറുണ്ടായിരുന്നത്. ഒരാൾ ആദ്യത്തെ തക്ബീർ മുതൽ നമസ്കാരത്തിൽ പങ്കെടുത്തിരുന്നു. അങ്ങനെ നബി ﷺ നമസ്കരിക്കുകയും, ഞങ്ങൾ അവിടുത്തെ കവിളിലെ വെളുപ്പ് കാണുന്ന രീതിയിൽ വലത്തോട്ടും ഇടത്തോട്ടും സലാം വീട്ടുകയും ചെയ്തു. തുടർന്ന് അബൂ റിംസ തിരിഞ്ഞതുപോലെ അവിടുന്ന് ജനങ്ങൾക്ക് നേരെ തിരിഞ്ഞു. അപ്പോൾ ആദ്യത്തെ തക്ബീർ മുതൽ ഉണ്ടായിരുന്ന ആ വ്യക്തി തനിക്ക് നഷ്ടപ്പെട്ട റക്അത്തുകൾ നിസ്കരിക്കാൻ എഴുന്നേറ്റു. ഉടനെ ഉമർ അയാളുടെ നേരെ ചാടിവീഴുകയും അയാളുടെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് പറയുകയും ചെയ്തു: “നീ ഇരിക്കുക; മുൻവേദക്കാർ നശിക്കാൻ കാരണം അവരുടെ നിർബന്ധ നമസ്കാരങ്ങൾക്കിടയിൽ അവർ യാതൊരു ഇടവേളയും നൽകിയിരുന്നില്ല എന്നതാണ്.” അപ്പോൾ നബി ﷺ തന്റെ ദൃഷ്ടിയുയർത്തി ഇപ്രകാരം പറഞ്ഞു:
«أَصَابَ اللَّهُ بِكَ يَا ابْنَ الْخَطَّابِ»
(ഖത്വാബിന്റെ മകനേ, താങ്കളിലൂടെ അല്ലാഹു സത്യം പുറത്തുകൊണ്ടുവന്നു) [അബൂദാവൂദ്, അഹ്‌മദ്].
അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, നീ ചിന്തിച്ചുനോക്കുക: ഇത്തരം സുന്നത്തുകൾ ഉപേക്ഷിക്കുന്നത് എങ്ങനെയാണ് ഭിന്നിപ്പിലേക്കും നാശത്തിലേക്കും നയിക്കുന്നതെന്ന്! ചിലരുടെയൊക്കെ കാഴ്ച്ചപ്പാടിൽ ചെറിയ കാര്യങ്ങളാണെങ്കിലും, ഇവയുടെ പേരിൽ യഹൂദർ നമുക്കെതിരെ എങ്ങനെയാണ് അസൂയ വെച്ചുകൊണ്ടിരിക്കുന്നതെന്ന് നോക്കുക. സൽമാൻ رَضِيَ اللَّهُ عَنْهُ വിനോട് ഒരാൾ ചോദിച്ചു: “നിങ്ങളുടെ നബി വിസർജ്ജനത്തിന്റെ മര്യാദകൾ വരെ നിങ്ങൾക്ക് പഠിപ്പിച്ചുതന്നിട്ടുണ്ടല്ലോ?” അദ്ദേഹം പറഞ്ഞു: “അതെ.” അദ്ദേഹം അതിനെ ഒരിക്കലും നിഷേധിച്ചില്ല [മുസ്‌ലിം].
എട്ടാമത്തെ അടിസ്ഥാനം
അവർ പ്രമാണങ്ങളെ തങ്ങളുടെ ബുദ്ധികൊണ്ടോ, അഭിപ്രായങ്ങൾ കൊണ്ടോ, ആസ്വാദനങ്ങൾ കൊണ്ടോ, അതുമല്ലെങ്കിൽ തങ്ങളെപ്പോലെയുള്ള മനുഷ്യരുടെ വാക്കുകൾ കൊണ്ടോ എതിർക്കുകയില്ല. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿فَلِذَٰلِكَ فَادْعُ ۖ وَاسْتَقِمْ كَمَا أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ ۖ وَقُلْ آمَنتُ بِمَا أَنزَلَ اللَّهُ مِن كِتَابٍ﴾
(അതിനാൽ അതിലേക്ക് തന്നെ നീ ക്ഷണിച്ചു കൊള്ളുക. നീ കൽപ്പിക്കപ്പെട്ടതു പോലെ നേരായ മാർഗത്തിൽ നിലകൊള്ളുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാൻ വിശ്വസിച്ചിരിക്കുന്നു).
അവൻ പറയുന്നു:
﴿فَاسْتَقِمْ كَمَا أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا﴾
(അതിനാൽ നീ കൽപ്പിക്കപ്പെട്ടതു പോലെ നീയും നിന്റെ കൂടെ മടങ്ങിയവരും നേരായ മാർഗ്ഗത്തിൽ നിലകൊള്ളുക. നിങ്ങൾ അതിരുകവിയരുത്).
അവൻ പറയുന്നു:
﴿فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾
(ഇല്ല, നിന്റെ രക്ഷിതാവാണെ സത്യം. അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപ്പിച്ചതിനെപ്പറ്റി പിന്നീട് അവരുടെ മനസ്സുകളിൽ ഒരു അതൃപ്തിയും തോന്നാതിരിക്കുകയും, അത് പൂർണ്ണമായി സമ്മതിച്ചനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാകുകയില്ല).
അബ്ദുല്ലാഹ് ബിൻ അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, റസൂൽ ﷺ പറയുന്നതായി അദ്ദേഹം കേട്ടു:
«إِنَّ اللَّهَ لَا يَنْزِعُ هَذَا الْعِلْمَ بَعْدَ أَنْ أَعْطَاكُمُوهُ انْتِزَاعًا، وَلَكِنْ يَنْتَزِعُهُ مِنْهُمْ مَعَ قَبْضِ الْعُلَمَاءِ بِعِلْمِهِمْ، فَيَبْقَى نَاسٌ جُهَّالٌ يُسْتَفْتَوْنَ فَيُفْتُونَ بِرَأْيِهِمْ، فَيَضِلُّونَ وَيُضِلُّونَ»
(അല്ലാഹു നിങ്ങൾക്ക് ഈ അറിവ് നൽകിയതിന് ശേഷം അത് ഒറ്റയടിക്ക് എടുത്തുമാറ്റുകയില്ല. മറിച്ച്, പണ്ഡിതന്മാരെ അവരുടെ അറിവോടെ പിടികൂടുന്നതിലൂടെ അവൻ അത് എടുത്തുമാറ്റുന്നതാണ്. അങ്ങനെ അറിവില്ലാത്ത കുറേ ആളുകൾ മാത്രം അവശേഷിക്കും. അവരോട് മതവിധികൾ (ഫത്‌വ) ചോദിക്കപ്പെടുകയും, അവർ തങ്ങളുടെ അഭിപ്രായങ്ങൾ വെച്ച് ഫത്‌വ നൽകുകയും ചെയ്യും. അങ്ങനെ അവർ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യും) [ബുഖാരി, മുസ്‌ലിം – ബുഖാരിയുടെ പദപ്രയോഗം].
അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് മൗഖൂഫായി ഉദ്ധരിക്കുന്നു: “മതം കേവലം അഭിപ്രായങ്ങളെ (യുക്തിയെ) അടിസ്ഥാനമാക്കിയായിരുന്നുവെങ്കിൽ, തുകൽ ഉറകളുടെ (ഖുഫ്ഫകളുടെ) മുകൾഭാഗം തടവുന്നതിനേക്കാൾ അനുയോജ്യമായത് അതിന്റെ താഴ്ഭാഗം തടവലായിരുന്നു” [അബൂദാവൂദ്].
സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: “ഹുദൈൽ ഗോത്രക്കാരായ രണ്ട് സ്ത്രീകൾ പരസ്പരം വഴക്കിട്ടു. അവരിലൊരാൾ മറ്റെവളെ കല്ലെറിഞ്ഞു. അങ്ങനെ അവളെയും അവളുടെ വയറ്റിലുണ്ടായിരുന്ന ഗർഭസ്ഥശിശുവിനെയും അവൾ കൊലപ്പെടുത്തി. അപ്പോൾ അവർ റസൂൽ ﷺ യുടെ അടുക്കൽ വിധിതേടി വന്നു. ആ സ്ത്രീയുടെ നഷ്ടപരിഹാരം (ദിയ്യത്ത്) അവളുടെ ബന്ധുക്കൾ (ആഖിലത്ത്) നൽകണമെന്നും, അവളുടെ അനന്തരാവകാശം അവളുടെ മക്കൾക്കും ഭർത്താവിനുമാണെന്നും റസൂൽ ﷺ വിധിച്ചു. അപ്പോൾ ഹമൽ ബിൻ അന്നാബിഗ അൽ-ഹുദലി ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, കുടിക്കുകയും തിന്നുകയും ചെയ്യാത്ത, സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യാത്ത ഒന്നിന് ഞാൻ എങ്ങനെയാണ് നഷ്ടപരിഹാരം നൽകുക? അതുപോലൊന്നിന്റെ രക്തം പാഴാക്കപ്പെടേണ്ടതല്ലേ.’ അപ്പോൾ റസൂൽ ﷺ പറഞ്ഞു:
«إِنَّمَا هَذَا مِنْ إِخْوَانِ الْكُهَّانِ»
(തീർച്ചയായും ഇവൻ ജോത്സ്യന്മാരുടെ സഹോദരന്മാരിൽ പെട്ടവനാണ്).
അയാൾ പ്രാസമുപ്പിച്ച് സംസാരിച്ചതിനാലാണ് അങ്ങനെ പറഞ്ഞത്.”
ഒമ്പതാമത്തെ അടിസ്ഥാനം
മുസ്‌ലിംകളുടെ വിജയവും അവരുടെ അവസ്ഥകൾ നന്നാകുന്നതും രണ്ട് കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: ഉപകാരപ്രദമായ അറിവും (ഇൽമുൻ നാഫിഅ്) സൽകർമ്മവും (അമലുൻ സ്വാലിഹ്). അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ﴾
(സന്മാർഗ്ഗവും സത്യമതവും കൊണ്ട് തന്റെ ദൂതനെ നിയോഗിച്ചവനാണവൻ. എല്ലാ മതങ്ങളെയും അത് അതിജയിക്കുന്നതാക്കാൻ വേണ്ടി).
സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും അബൂ മൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ റസൂൽ ﷺ പറഞ്ഞു:
«إِنَّ مَثَلَ مَا بَعَثَنِيَ اللَّهُ بِهِ عَزَّ وَجَلَّ مِنَ الْهُدَى وَالْعِلْمِ كَمَثَلِ غَيْثٍ أَصَابَ أَرْضًا، فَكَانَتْ مِنْهَا طَائِفَةٌ طَيِّبَةٌ قَبِلَتِ الْمَاءَ فَأَنْبَتَتِ الْكَلَأَ وَالْعُشْبَ الْكَثِيرَ، وَكَانَ مِنْهَا أَجَادِبُ أَمْسَكَتِ الْمَاءَ، فَنَفَعَ اللَّهُ بِهَا النَّاسَ، فَشَرِبُوا مِنْهَا وَسَقَوْا وَرَعَوْا، وَأَصَابَ طَائِفَةً مِنْهَا أُخْرَى، إِنَّمَا هِيَ قِيعَانٌ لَا تُمْسِكُ مَاءً وَلَا تُنْبِتُ كَلَأً، فَذَلِكَ مَثَلُ مَنْ فَقُهَ فِي دِينِ اللَّهِ وَنَفَعَهُ بِمَا بَعَثَنِيَ اللَّهُ بِهِ، فَعَلِمَ وَعَلَّمَ، وَمَثَلُ مَنْ لَمْ يَرْفَعْ بِذَلِكَ رَأْسًا وَلَمْ يَقْبَلْ هُدَى اللَّهِ الَّذِي أُرْسِلْتُ بِهِ»
(അല്ലാഹു എന്നെ സന്മാർഗ്ഗവും അറിവും കൊണ്ടു നിയോഗിച്ചതിനെ ഭൂമിയിൽ പെയ്ത മഴയോട് ഉപമിക്കാം. ഭൂമിയിൽ അതിലെ നല്ലൊരു ഭാഗം വെള്ളത്തെ ഉൾക്കൊള്ളുകയും ധാരാളം പുല്ലുകളും സസ്യങ്ങളും ഉൽപ്പാദിപ്പിക്കുകയും ചെയ്തു. ഭൂമിയിലെ മറ്റൊരു ഭാഗം വരണ്ടതായിരുന്നു, അവ വെള്ളത്തെ തടഞ്ഞുനിർത്തി. അങ്ങനെ അല്ലാഹു അതുകൊണ്ട് ജനങ്ങൾക്ക് ഉപകാരം നൽകി. അവർ അതിൽ നിന്ന് കുടിക്കുകയും, മറ്റുള്ളവയെ കുടിപ്പിക്കുകയും, കൃഷിചെയ്യുകയും ചെയ്തു. ഈ മഴ ഭൂമിയിലെ മറ്റൊരു ഭാഗത്തും പെയ്തു. അത് തീരെ വെള്ളം പിടിച്ചുനിർത്തുകയോ സസ്യങ്ങൾ ഉൽപ്പാദിപ്പിക്കുകയോ ചെയ്യാത്ത സമതലങ്ങളായിരുന്നു. അല്ലാഹു എന്നെ നിയോഗിച്ച മതത്തിൽ പാണ്ഡിത്യം നേടുകയും, അതിലൂടെ ഉപകാരം ലഭിക്കുകയും, താൻ അത് പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തവന്റെയും; അതൊന്നും ശ്രദ്ധിക്കാതെ അഹങ്കരിക്കുകയും അല്ലാഹു എന്നെ നിയോഗിച്ച സന്മാർഗ്ഗത്തെ സ്വീകരിക്കാതിരിക്കുകയും ചെയ്തവന്റെയും ഉപമയാണ് ഇത്).
സിയാദ് ബിൻ ലബീദ് പറയുന്നു: നബി ﷺ ഒരു കാര്യം പറയുകയും, ശേഷം ഇപ്രകാരം പറയുകയും ചെയ്തു:
«ذَاكَ عِنْدَ أَوَانِ ذَهَابِ الْعِلْمِ»
(അത് അറിവ് നഷ്ടപ്പെടുന്ന കാലത്താണുണ്ടാവുക).
ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എങ്ങനെയാണ് അറിവ് നഷ്ടപ്പെടുക? ഞങ്ങളാണെങ്കിൽ ഖുർആൻ പാരായണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ മക്കൾ അത് പാരായണം ചെയ്യുന്നുണ്ട്. അന്ത്യനാൾ വരെ അവർ തങ്ങളുടെ മക്കളെ അത് പഠിപ്പിക്കുകയും ചെയ്യുമല്ലോ.” അവിടുന്ന് പറഞ്ഞു:
«ثَكِلَتْكَ أُمُّكَ يَا زِيَادُ، إِنْ كُنْتُ لَأَرَاكَ مِنْ أَفْقَهِ رَجُلٍ بِالْمَدِينَةِ، أَوَلَيْسَ هَذِهِ الْيَهُودُ وَالنَّصَارَى يَقْرَءُونَ التَّوْرَاةَ وَالْإِنْجِيلَ لَا يَعْلَمُونَ بِشَيْءٍ مِمَّا فِيهِمَا؟»
(സിയാദ്, നിന്റെ ഉമ്മക്ക് നിന്നെ നഷ്ടപ്പെടട്ടെ! മദീനയിലെ ഏറ്റവും വിവരമുള്ള ആളുകളിൽ ഒരാളായിട്ടാണല്ലോ ഞാൻ നിന്നെ കണ്ടിരുന്നത്. ഈ യഹൂദരും നസ്വാറാക്കളും തൗറാത്തും ഇൻജീലും പാരായണം ചെയ്യുന്നുണ്ടല്ലോ, എന്നിട്ട് അതിലുള്ള യാതൊന്നും അവർക്ക് അറിയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ലല്ലോ?) [അഹ്‌മദ്, ഇബ്നുമാജ].
അദിയ്യ് ബിൻ ഹാതിമിന്റെ ഹദീസിൽ നബി ﷺ പറഞ്ഞു:
«إِنَّ الْمَغْضُوبَ عَلَيْهِمُ الْيَهُودُ، وَإِنَّ الضَّالِّينَ النَّصَارَى»
(കോപത്തിന് ഇരയായവർ യഹൂദരാണ്, പിഴച്ചുപോയവർ നസ്വാറാക്കളുമാണ്) [അഹ്‌മദ്, തിർമിദി].
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: “ഒരു കാലവും നിങ്ങൾക്ക് വരാനില്ല, അതിന് തൊട്ടുമുമ്പുള്ള കാലത്തേക്കാൾ അത് മോശമായതായിട്ടല്ലാതെ. ഞാൻ ഉദ്ദേശിക്കുന്നത്, ഒരു ഭരണാധികാരി മറ്റൊരു ഭരണാധികാരിയേക്കാൾ ഉത്തമനാണെന്നോ, ഒരു വർഷം മറ്റൊരു വർഷത്തേക്കാൾ ക്ഷേമമുള്ളതാണെന്നോ അല്ല. മറിച്ച് നിങ്ങളുടെ പണ്ഡിതന്മാരും കർമ്മശാസ്ത്രജ്ഞരും മരണപ്പെട്ടുപോകും, പിന്നീട് അവർക്കൊരു പിൻഗാമിയെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. ശേഷം കുറെ ആളുകൾ വരികയും, തങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ച് അവർ കാര്യങ്ങളിൽ ഫത്‌വ നൽകുകയും ചെയ്യും.”
പത്താമത്തെ അടിസ്ഥാനം
ജമാഅത്തിനെ (മുസ്‌ലിംകളുടെ ഐക്യം) തങ്ങളുടെ മതത്തിന്റെ അടിസ്ഥാനങ്ങളിൽ പെട്ട ഒരു അടിസ്ഥാനമായി അവർ വിശ്വസിക്കുന്നു. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا﴾
(നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെപ്പിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്).
ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: “അല്ലാഹുവിന്റെ കയർ എന്നത് ജമാഅത്താണ്” [ഇബ്നു ജരീർ].
സമുദായം പലതായി പിരിയുമെന്ന ഹദീസിൽ രക്ഷപ്പെടുന്ന കക്ഷിയെക്കുറിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞത്:
«الْجَمَاعَةُ»
(അത് ജമാഅത്താണ്) എന്നാണ്.
സ്വഹീഹ് മുസ്‌ലിമിൽ അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«إِنَّ اللَّهَ تَعَالَى يَرْضَى لَكُمْ ثَلَاثًا وَيَكْرَهُ لَكُمْ ثَلَاثًا، فَيَرْضَى لَكُمْ أَنْ تَعْبُدُوهُ وَلَا تُشْرِكُوا بِهِ شَيْئًا، وَأَنْ تَعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا، وَأَنْ تُنَاصِحُوا مَنْ وَلَّاهُ اللَّهُ أَمْرَكُمْ؛ وَيَكْرَهُ لَكُمْ قِيلَ وَقَالَ، وَكَثْرَةَ السُّؤَالِ، وَإِضَاعَةَ الْمَالِ»
(തീർച്ചയായും അല്ലാഹു നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ തൃപ്തിപ്പെടുകയും മൂന്ന് കാര്യങ്ങൾ വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അവനെ മാത്രം ആരാധിക്കാനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കാനും, നിങ്ങൾ അല്ലാഹുവിന്റെ കയറിൽ ഒന്നിച്ചു മുറുകെപ്പിടിക്കാനും ഭിന്നിക്കാതിരിക്കാനും, അല്ലാഹു നിങ്ങളുടെ ഭരണാധികാരം ഏൽപ്പിച്ചവർക്ക് നിങ്ങൾ നസ്വീഹത്ത് (ഗുണകാംക്ഷ) കാണിക്കാനും അവൻ നിങ്ങൾക്ക് തൃപ്തിപ്പെടുന്നു. അനാവശ്യ സംസാരങ്ങൾ (ഖീൽ വ ഖാൽ), അമിതമായ ചോദ്യങ്ങൾ, സമ്പത്ത് പാഴാക്കൽ എന്നീ മൂന്ന് കാര്യങ്ങൾ അവൻ നിങ്ങൾക്ക് വെറുക്കുകയും ചെയ്യുന്നു).
ഇമാം ശാഫിഈ رَحِمَهُ اللَّهُ പറയുന്നു: “മുസ്‌ലിം ജമാഅത്തിനെ മുറുകെപ്പിടിക്കണമെന്ന നബി ﷺ യുടെ കൽപ്പനയുടെ അർത്ഥം എന്താണെന്ന് നീ ചോദിച്ചാൽ; ഞാൻ പറയും: അതിന് ഒരേയൊരു അർത്ഥം മാത്രമേയുള്ളൂ. നീ ചോദിച്ചേക്കാം: അതെങ്ങനെയാണ് ഒരേയൊരു അർത്ഥം മാത്രമാകുന്നത്? ഞാൻ പറയും: അവരുടെ ജമാഅത്ത് (ശരീരങ്ങൾ) പല നാടുകളിലായി ചിതറിക്കിടക്കുമ്പോൾ, ചിതറിക്കിടക്കുന്ന ഇത്രയും ശരീരങ്ങളെ ഒരുമിപ്പിക്കാൻ ആർക്കും സാധ്യമല്ലല്ലോ. കൂടാതെ ഭക്തന്മാരും പാപികളുമായ മുസ്‌ലിംകളും കാഫിറുകളുമെല്ലാം ശരീരങ്ങൾ കൊണ്ട് ഒരുമിച്ചുകൂടുന്നത് നാം കാണാറുണ്ട്. അതിനാൽ അവരുടെ ജമാഅത്തിനെ മുറുകെപ്പിടിക്കുക എന്നതിന്, ഹലാലിന്റെയും ഹറാമിന്റെയും കാര്യത്തിലും, അവയിലുള്ള അനുസരണത്തിന്റെ കാര്യത്തിലും അവരുടെ ജമാഅത്ത് എന്തൊന്നിലാണോ ഉള്ളത് അതനുസരിച്ച് പ്രവർത്തിക്കുക എന്നതല്ലാതെ മറ്റൊരു അർത്ഥവുമില്ല. മുസ്‌ലിം ജമാഅത്ത് പറയുന്ന കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അവൻ ആ ജമാഅത്തിനെ മുറുകെപ്പിടിച്ചു; മുസ്‌ലിം ജമാഅത്ത് പറയുന്ന കാര്യങ്ങൾക്ക് ആരെങ്കിലും എതിര് പ്രവർത്തിച്ചാൽ, ഏതൊരു ജമാഅത്തിനെയാണോ മുറുകെപ്പിടിക്കാൻ കൽപ്പിക്കപ്പെട്ടത് അതിനവൻ എതിര് പ്രവർത്തിച്ചു.”
അബൂ ശാമ رَحِمَهُ اللَّهُ പറയുന്നു: “ജമാഅത്തിനെ മുറുകെപ്പിടിക്കാനുള്ള കൽപ്പന എവിടെ വന്നാലും അതുകൊണ്ടുള്ള ഉദ്ദേശം സത്യത്തെ മുറുകെപ്പിടിക്കലും പിൻപറ്റലുമാണ്; അത് മുറുകെപ്പിടിക്കുന്നവർ കുറവാണെങ്കിലും അതിനെ എതിർക്കുന്നവർ കൂടുതലാണെങ്കിലും ശരി. കാരണം നബി ﷺ യുടെയും അവിടുത്തെ സ്വഹാബികളുടെയും കാലത്തെ ആദ്യത്തെ ജമാഅത്ത് നിലകൊണ്ട കാര്യമാണ് സത്യം. അവർക്ക് ശേഷം വഴിപിഴച്ച ആളുകളുടെ ആധിക്യം നാം പരിഗണിക്കുകയില്ല.”
പതിനൊന്നാമത്തെ അടിസ്ഥാനം
ഭിന്നിപ്പിനുള്ള ഏറ്റവും വലിയ കാരണം, റസൂൽ ﷺ യും അവിടുത്തെ മാന്യരായ സ്വഹാബികളുമല്ലാത്ത മറ്റു വ്യക്തികളിലേക്കോ ഗ്രൂപ്പുകളിലേക്കോ കക്ഷികളിലേക്കോ മുസ്‌ലിംകൾ തിരിയുകയും കക്ഷിത്വം (ഹിസ്ബിയ്യത്ത്) കാണിക്കുകയും ചെയ്യുന്നതാണെന്ന് അവർ വിശ്വസിക്കുന്നു. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ﴾
(തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായി തിരിയുകയും ചെയ്തവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല).
ഇബ്നു കഥീർ رَحِمَهُ اللَّهُ പറയുന്നു: “അല്ലാഹുവിന്റെ മതത്തിൽ നിന്ന് പിരിഞ്ഞുപോവുകയും അതിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത എല്ലാവരെയും ഈ ആയത്ത് ഉൾക്കൊള്ളുന്നു എന്നതാണ് വ്യക്തമാകുന്നത്. കാരണം അല്ലാഹു തന്റെ റസൂലിനെ സന്മാർഗ്ഗവും സത്യമതവും കൊണ്ടു നിയോഗിച്ചത് എല്ലാ മതങ്ങളെയും അതിജയിക്കാൻ വേണ്ടിയാണ്. അവിടുത്തെ ശരീഅത്ത് ഒന്നാണ്, അതിൽ അഭിപ്രായവ്യത്യാസമോ ഭിന്നിപ്പോ ഇല്ല.”
അല്ലാഹു പറയുന്നു:
﴿وَلَا تَكُونُوا مِنَ الْمُشْرِكِينَ مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا ۖ كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ﴾
(മുശ്‌രിക്കുകളുടെ കൂട്ടത്തിലായിപ്പോകരുത്. അതായത് തങ്ങളുടെ മതത്തിൽ ഭിന്നിപ്പുണ്ടാക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തവരുടെ കൂട്ടത്തിൽ. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതിൽ സന്തോഷമടയുന്നവരത്രെ).
ഇബ്നു കഥീർ رَحِمَهُ اللَّهُ പറയുന്നു: “ഈ സമുദായവും തങ്ങൾക്കിടയിൽ പല കക്ഷികളായി ഭിന്നിച്ചിരിക്കുന്നു. ഒരൊറ്റ കക്ഷിയൊഴികെ ബാക്കിയെല്ലാവരും വഴികേടിലാണ്. അല്ലാഹുവിന്റെ ഗ്രന്ഥത്തെയും റസൂൽ ﷺ യുടെ സുന്നത്തിനെയും, മുൻഗാമികളായ സ്വഹാബികളും താബിഈങ്ങളും പഴയതും പുതിയതുമായ കാലങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരും നിലകൊണ്ട മാർഗ്ഗത്തെയും മുറുകെപ്പിടിക്കുന്ന അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്താണവർ. അതാണ് ഹാകിം തന്റെ മുസ്തദ്റകിൽ ഉദ്ധരിച്ചത്: രക്ഷപ്പെടുന്ന കക്ഷി ആരാണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി ﷺ പറഞ്ഞു:
«مَا أَنَا عَلَيْهِ وَأَصْحَابِي»
(ഞാനും എന്റെ സ്വഹാബികളും ഏതൊരു മാർഗ്ഗത്തിലാണോ ഉള്ളത്, ആ മാർഗ്ഗത്തിലുള്ളവർ).”
ഹാരിഥ് അൽ-അശ്അരിയുടെ ഹദീസിൽ റസൂൽ ﷺ പറഞ്ഞു:
«وَأَنَا آمُرُكُمْ بِخَمْسٍ أَمَرَنِيَ اللَّهُ بِهِنَّ: السَّمْعُ وَالطَّاعَةُ وَالْجِهَادُ وَالْهِجْرَةُ وَالْجَمَاعَةُ؛ فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ قِيدَ شِبْرٍ فَقَدْ خَلَعَ رِبْقَةَ الْإِسْلَامِ مِنْ عُنُقِهِ إِلَّا أَنْ يَرْجِعَ، وَمَنْ ادَّعَى دَعْوَى الْجَاهِلِيَّةِ فَإِنَّهُ مِنْ جُثَى جَهَنَّمَ»
(അല്ലാഹു എന്നോട് കൽപ്പിച്ച അഞ്ച് കാര്യങ്ങൾ ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു: കേൾക്കുക, അനുസരിക്കുക, ജിഹാദ്, ഹിജ്റ, ജമാഅത്ത്. ആരെങ്കിലും ജമാഅത്തിൽ നിന്ന് ഒരു ചാൺ അകന്നാൽ അവൻ ഇസ്‌ലാമിന്റെ കയർ തന്റെ കഴുത്തിൽ നിന്ന് ഊരിമാറ്റിയിരിക്കുന്നു; അവൻ മടങ്ങിവരുന്നത് വരെ. ജാഹിലിയ്യത്തിന്റെ വിളി ആരെങ്കിലും വിളിച്ചാൽ അവൻ നരകത്തിലെ കരിക്കട്ടകളിൽ പെട്ടവനാണ്).
അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അവൻ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്താലും അങ്ങനെയാണോ?” അവിടുന്ന് പറഞ്ഞു:
«وَإِنْ صَلَّى وَصَامَ، فَادْعُوا بِدَعْوَى اللَّهِ الَّذِي سَمَّاكُمُ الْمُسْلِمِينَ الْمُؤْمِنِينَ عِبَادَ اللَّهِ»
(അവൻ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്താലും അങ്ങനെത്തന്നെ. അതിനാൽ നിങ്ങളെ മുസ്‌ലിംകൾ, മുഅ്മിനുകൾ, അല്ലാഹുവിന്റെ അടിയാന്മാർ എന്ന് വിളിച്ച അല്ലാഹുവിന്റെ വിളി നിങ്ങൾ വിളിക്കുക) [അഹ്‌മദ്, തിർമിദി, നസാഈ – ഹസൻ സ്വഹീഹ് ആണെന്ന് തിർമിദി പറഞ്ഞു].
ഇബ്നു അബ്ബാസിനോട് ചോദിക്കപ്പെട്ടു: “താങ്കൾ അലിയുടെ മാർഗ്ഗത്തിലാണോ അതോ ഉസ്മാന്റെ മാർഗ്ഗത്തിലാണോ?” അദ്ദേഹം പറഞ്ഞു: “അല്ല, ഞാൻ റസൂൽ ﷺ യുടെ മാർഗ്ഗത്തിലാണ്.”
പന്ത്രണ്ടാമത്തെ അടിസ്ഥാനം
തീരുമാനങ്ങളെടുക്കാൻ അധികാരമുള്ളവർ (അഹ്‌ലുൽ ഹല്ലി വൽ അഖ്ദ്) ബൈഅത്ത് ചെയ്ത ഒരു മുസ്‌ലിം ഭരണാധികാരിക്ക് (ഇമാം) മാത്രമുള്ളതാണ് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) എന്ന് അവർ വിശ്വസിക്കുന്നു. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ﴾
(നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക).
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«اسْمَعُوا وَأَطِيعُوا، وَإِنْ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ كَأَنَّ رَأْسَهُ زَبِيبَةٌ مَا أَقَامَ فِيكُمْ كِتَابَ اللَّهِ»
(നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. തല ഉണക്കമുന്തിരി പോലെയുള്ള ഒരു എത്യോപ്യൻ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയായി നിയമിക്കപ്പെടുന്നതെങ്കിലും, അവൻ നിങ്ങൾക്കിടയിൽ അല്ലാഹുവിന്റെ ഗ്രന്ഥം നടപ്പിലാക്കുന്നിടത്തോളം നിങ്ങൾ അനുസരിക്കണം) [ബുഖാരി, മുസ്‌ലിം].
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:
«كَانَتْ بَنُو إِسْرَائِيلَ تَسُوسُهُمُ الْأَنْبِيَاءُ، كُلَّمَا هَلَكَ نَبِيٌّ خَلَفَهُ نَبِيٌّ، وَإِنَّهُ لَا نَبِيَّ بَعْدِي، وَسَتَكُونُ خُلَفَاءُ فَتَكْثُرُ»
(ഇസ്രായീൽ സന്തതികളെ നയിച്ചിരുന്നത് പ്രവാചകന്മാരായിരുന്നു. ഒരു പ്രവാചകൻ മരണപ്പെടുമ്പോൾ മറ്റൊരു പ്രവാചകൻ പകരം വരുമായിരുന്നു. എന്നാൽ എനിക്ക് ശേഷം ഒരു പ്രവാചകനുമില്ല. ഇനി ധാരാളം ഖലീഫമാരുണ്ടാകും).
അവർ ചോദിച്ചു: “അപ്പോൾ അവിടുന്ന് ഞങ്ങളോട് എന്താണ് കൽപ്പിക്കുന്നത്?” അവിടുന്ന് പറഞ്ഞു:
«فُوا بِبَيْعَةِ الْأَوَّلِ فَالْأَوَّلِ، وَأَعْطُوهُمْ حَقَّهُمْ، فَإِنَّ اللَّهَ سَائِلُهُمْ عَمَّا اسْتَرْعَاهُمْ»
(ആദ്യം ബൈഅത്ത് ചെയ്യപ്പെട്ടവരോടുള്ള കരാർ നിങ്ങൾ പൂർത്തിയാക്കുക, അവർക്കുള്ള അവകാശങ്ങൾ അവർക്ക് നൽകുക. അവരെ ഭരണമേൽപ്പിച്ച കാര്യങ്ങളെക്കുറിച്ച് അല്ലാഹു അവരോട് ചോദിക്കുന്നതാണ്) [മുസ്‌ലിം].
അദിയ്യ് ബിൻ ഹാതിം പറയുന്നു: ഞങ്ങൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവെ സൂക്ഷിക്കുന്നവരെക്കുറിച്ച് ഞങ്ങൾ അങ്ങയോട് ചോദിക്കുന്നില്ല. എന്നാൽ ഇന്നയിന്ന മോശം കാര്യങ്ങൾ ചെയ്യുന്ന ഭരണാധികാരികളെ അനുസരിക്കുന്നതിനെക്കുറിച്ചാണ് ഞങ്ങൾ ചോദിക്കുന്നത്.” അപ്പോൾ അവിടുന്ന് പറഞ്ഞു:
«اتَّقُوا اللَّهَ وَاسْمَعُوا وَأَطِيعُوا»
(നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, കേൾക്കുകയും അനുസരിക്കുകയും ചെയ്യുക) [ഇബ്നു അബീ ആസ്വിം ‘കിതാബുസ്സുന്ന’യിൽ ഉദ്ധരിച്ചത്].
ഉമർ ബിൻ അൽ-ഖത്വാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«مَنْ أَرَادَ بُحْبُوحَةَ الْجَنَّةِ فَلْيَلْزَمِ الْجَمَاعَةَ، فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ وَهُوَ مِنَ الِاثْنَيْنِ أَبْعَدُ»
(സ്വർഗ്ഗത്തിന്റെ മധ്യഭാഗം ആഗ്രഹിക്കുന്നവൻ ജമാഅത്തിനെ മുറുകെപ്പിടിക്കട്ടെ; കാരണം പിശാച് ഒറ്റക്കുള്ളവന്റെ കൂടെയാണ്, രണ്ടാളുകളിൽ നിന്ന് അവൻ അകലെയാണ്) [തിർമിദി].
അബ്ദുല്ലാഹ് ബിൻ ഉമർ رَضِيَ اللَّهُ عَنْهُمَا യിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:
«السَّمْعُ وَالطَّاعَةُ عَلَى الْمَرْءِ الْمُسْلِمِ فِيمَا أَحَبَّ وَكَرِهَ، مَا لَمْ يُؤْمَرْ بِمَعْصِيَةٍ، فَإِذَا أُمِرَ بِمَعْصِيَةٍ فَلَا سَمْعَ وَلَا طَاعَةَ»
(ഒരു മുസ്‌ലിമായ വ്യക്തി താൻ ഇഷ്ടപ്പെടുന്ന കാര്യത്തിലും വെറുക്കുന്ന കാര്യത്തിലും കേൾക്കുകയും അനുസരിക്കുകയും ചെയ്യൽ നിർബന്ധമാണ്; ഒരു തെറ്റ് ചെയ്യാൻ അവനോട് കൽപ്പിക്കപ്പെടാത്ത കാലത്തോളം. എന്നാൽ തെറ്റ് ചെയ്യാൻ കൽപ്പിക്കപ്പെട്ടാൽ പിന്നെ കേൾവിയുമില്ല അനുസരണവുമില്ല) [ബുഖാരി].
പതിമൂന്നാമത്തെ അടിസ്ഥാനം
അക്രമികളും പാപികളുമായ ഭരണാധികാരികൾക്കെതിരെ പുറപ്പെടാൻ അവർ ക്ഷണിക്കുകയില്ല. മറിച്ച് അത്തരം പ്രവൃത്തികളെ അവർ ആക്ഷേപിക്കുകയും, ഭൗതികവും മതപരവുമായ കാര്യങ്ങൾക്കായി ഭരണാധികാരികൾക്കെതിരെ പുറപ്പെടുന്നവരെ വിലക്കുകയും ചെയ്യുന്നു. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿وَمِنَ النَّاسِ مَن يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّهُ لَا يُحِبُّ الْفَسَادَ﴾
(ഐഹികജീവിതത്തിൽ ചില ആളുകളുടെ സംസാരം നിനക്ക് കൗതുകം തോന്നിച്ചേക്കാം. തന്റെ ഹൃദയത്തിലുള്ളതിന് അവൻ അല്ലാഹുവെ സാക്ഷിയാക്കുകയും ചെയ്യും. യഥാർത്ഥത്തിൽ അവൻ അതികഠിനമായ എതിർപ്പുകാരനത്രെ. അവൻ തിരിഞ്ഞുപോയാൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും, വിളകളും ജീവജാലങ്ങളും നശിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നില്ല).
ഉമ്മു സലമ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«سَيَكُونُ بَعْدِي أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ، فَمَنْ أَنْكَرَ فَقَدْ بَرِئَ، وَمَنْ كَرِهَ فَقَدْ سَلِمَ، وَلَكِنْ مَنْ رَضِيَ وَتَابَعَ»
(എനിക്ക് ശേഷം പല ഭരണാധികാരികളും വരും. അവരുടെ നന്മകൾ നിങ്ങൾ അംഗീകരിക്കുകയും തിന്മകളെ നിങ്ങൾ വെറുക്കുകയും ചെയ്യും. അവയെ വെറുക്കുന്നവൻ കുറ്റമുക്തനായി, അതിനെ എതിർക്കുന്നവനും സുരക്ഷിതനായി. എന്നാൽ അത് തൃപ്തിപ്പെടുകയും പിൻപറ്റുകയും ചെയ്യുന്നവനാണ് കുറ്റക്കാരൻ).
അവർ ചോദിച്ചു: “ഞങ്ങൾ അവരോട് വാളെടുത്ത് യുദ്ധം ചെയ്യേണ്ടതില്ലേ?” അവിടുന്ന് പറഞ്ഞു:
«لَا، مَا أَقَامُوا فِيكُمُ الصَّلَاةَ»
(പാടില്ല, അവർ നിങ്ങൾക്കിടയിൽ നമസ്കാരം നിലനിർത്തുന്ന കാലത്തോളം) [മുസ്‌ലിം].
ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«يَكُونُ بَعْدِي أَئِمَّةٌ لَا يَهْتَدُونَ بِهُدَايَ وَلَا يَسْتَنُّونَ بِسُنَّتِي، وَسَيَقُومُ فِيكُمْ رِجَالٌ قُلُوبُهُمْ قُلُوبُ الشَّيَاطِينِ فِي جُثْمَانِ إِنْسٍ»
(എനിക്ക് ശേഷം എന്റെ മാർഗ്ഗദർശനം സ്വീകരിക്കാത്തവരും എന്റെ സുന്നത്ത് പിൻപറ്റാത്തവരുമായ ഭരണാധികാരികൾ വരും. മനുഷ്യശരീരത്തിൽ പിശാചിന്റെ ഹൃദയങ്ങളുള്ള ചില ആളുകൾ നിങ്ങളിൽ ഉയർന്നുവരും).
ഞാൻ ചോദിച്ചു: “ഞാൻ ആ കാലത്ത് ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്?” അവിടുന്ന് പറഞ്ഞു:
«تَسْمَعُ وَتُطِيعُ لِلْأَمِيرِ، وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ»
(ഭരണാധികാരിയെ നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിന്റെ പുറത്തടിക്കപ്പെട്ടാലും നിന്റെ സമ്പത്ത് പിടിച്ചെടുത്താലും നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക) [മുസ്‌ലിം].
അർഫജ അൽ-അശ്ജഈ പറയുന്നു, റസൂൽ ﷺ പറഞ്ഞു:
«إِنَّهَا سَتَكُونُ هَنَاتٌ وَهَنَاتٌ، فَمَنْ أَرَادَ أَنْ يُفَرِّقَ أَمْرَ هَذِهِ الْأُمَّةِ وَهِيَ جَمِيعٌ فَاضْرِبُوا رَأْسَهُ بِالسَّيْفِ كَائِنًا مَنْ كَانَ»
(തീർച്ചയായും പല കുഴപ്പങ്ങളും വരാനിരിക്കുന്നുണ്ട്. ഈ സമുദായം ഒറ്റക്കെട്ടായിരിക്കെ അതിൽ ഭിന്നിപ്പുണ്ടാക്കാൻ ആരെങ്കിലും ഉദ്ദേശിച്ചാൽ, അവൻ ആരായിരുന്നാലും അവന്റെ തല നിങ്ങൾ വാളുകൊണ്ട് വെട്ടിക്കളയുക) [മുസ്‌ലിം].
നബി ﷺ പറഞ്ഞു:
«مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ، فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا فَمَاتَ فَمِيتَةٌ جَاهِلِيَّةٌ»
(ഭരണാധികാരിയിൽ നിന്ന് താൻ വെറുക്കുന്ന വല്ലതും ആരെങ്കിലും കണ്ടാൽ അവൻ ക്ഷമിക്കട്ടെ. കാരണം ജമാഅത്തിൽ നിന്ന് ഒരു ചാൺ എങ്കിലും ആരെങ്കിലും വേർപിരിയുകയും എന്നിട്ട് അവൻ മരണപ്പെടുകയും ചെയ്താൽ അവന്റെ മരണം ജാഹിലിയ്യത്തിലെ മരണമാണ്) [ബുഖാരി, മുസ്‌ലിം].
ചുരുക്കത്തിൽ, ഭരണാധികാരികൾക്കെതിരെ പുറപ്പെടുന്നത് (ഖുറൂജ്) മിക്കവാറും അവരുടെ കൈവശമുള്ള സമ്പത്തും അധികാരവും കരസ്ഥമാക്കാൻ വേണ്ടിയാണ്. ഇത് ഭൗതിക ലോകത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. അതുകൊണ്ടാണ് ഇബ്നുസ്സുബൈറിന്റെ ഫിത്നയെക്കുറിച്ചും, ഹജ്ജാജിനോടൊപ്പമുള്ള ഖുർറാഉകളുടെ (പാരായണക്കാരുടെ) ഫിത്നയെക്കുറിച്ചും, ഷാമിലെ മർവാന്റെ ഫിത്നയെക്കുറിച്ചും അബൂ ബർസ പറഞ്ഞത്: “ഇവരും അവരും മറ്റുള്ളവരുമെല്ലാം ദുനിയാവിനുവേണ്ടിയാണ് പോരടിക്കുന്നത്.” എന്നാൽ ഖവാരിജുകളെപ്പോലെയുള്ള ബിദ്അത്തുകാർ ജനങ്ങളുടെ മതം നശിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്, അതിനാൽ അവർക്കെതിരെയുള്ള പോരാട്ടം മതത്തിന് വേണ്ടിയുള്ളതാണ്. അവരോട് പോരാടുന്നതിന്റെ ലക്ഷ്യം അല്ലാഹുവിന്റെ വചനം ഉന്നതമാകാനും മതം പൂർണ്ണമായും അല്ലാഹുവിന് വേണ്ടിയാകാനുമാണ്. അതുകൊണ്ടാണ് റസൂൽ ﷺ ഇങ്ങനെയുള്ളവരോട് (ഖവാരിജുകളോട്) പോരാടാൻ കൽപ്പിക്കുകയും, മറ്റുള്ളവരോട് (ഭരണാധികാരികളോട്) പോരാടുന്നത് വിലക്കുകയും ചെയ്തത്.
പതിനാലാമത്തെ അടിസ്ഥാനം
സ്വഹീഹായ സുന്നത്തിൽ വന്നതനുസരിച്ച് ഭരണാധികാരികൾക്ക് ഗുണദോഷിക്കാൻ (നസ്വീഹത്ത് നൽകാൻ) അവർ പരിശ്രമിക്കുന്നു. തമീം അദ്ദാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«الدِّينُ النَّصِيحَةُ»
(മതം ഗുണകാംക്ഷയാണ്).
ഞങ്ങൾ ചോദിച്ചു: “ആരോടാണ് അല്ലാഹുവിന്റെ റസൂലേ?” അവിടുന്ന് പറഞ്ഞു:
«لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ»
(അല്ലാഹുവിനോടും, അവന്റെ ഗ്രന്ഥത്തോടും, അവന്റെ റസൂലിനോടും, മുസ്‌ലിംകളുടെ നേതാക്കളോടും, അവരിലെ സാധാരണക്കാരോടും) [മുസ്‌ലിം].
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: മുഹമ്മദ് നബി ﷺ യുടെ സ്വഹാബികളിലെ മുതിർന്നവർ ഞങ്ങളെ വിലക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
«لَا تَسُبُّوا أُمَرَاءَكُمْ وَلَا تَغُشُّوهُمْ وَلَا تُبْغِضُوهُمْ، وَاتَّقُوا اللَّهَ وَاصْبِرُوا فَإِنَّ الْأَمْرَ قَرِيبٌ»
(നിങ്ങൾ നിങ്ങളുടെ ഭരണാധികാരികളെ ചീത്തവിളിക്കരുത്, അവരെ വഞ്ചിക്കരുത്, അവരോട് വിദ്വേഷം വെക്കരുത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക, കാരണം കാര്യം (മരണം) അടുത്തുതന്നെയാണ്) [ഇബ്നു അബീ ആസ്വിം സ്വഹീഹായ സനദോടെ ഉദ്ധരിച്ചത്].
മുആദ് ബിൻ ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«خَمْسٌ مَنْ فَعَلَ وَاحِدَةً مِنْهُنَّ كَانَ ضَامِنًا عَلَى اللَّهِ: مَنْ عَادَ مَرِيضًا، أَوْ خَرَجَ فِي جِنَازَةٍ، أَوْ خَرَجَ غَازِيًا، أَوْ دَخَلَ عَلَى إِمَامِهِ يُرِيدُ تَعْزِيرَهُ وَتَوْقِيرَهُ، أَوْ قَعَدَ فِي بَيْتِهِ فَسَلِمَ مِنْهُ النَّاسُ»
(അഞ്ച് കാര്യങ്ങളുണ്ട്, അതിലൊന്ന് ആരെങ്കിലും പ്രവർത്തിച്ചാൽ അവന് അല്ലാഹുവിന്റെ ഉറപ്പുണ്ട്: രോഗിയെ സന്ദർശിച്ചവൻ, അല്ലെങ്കിൽ ജനാസയെ പിന്തുടർന്നവൻ, അല്ലെങ്കിൽ യോദ്ധാവായി പുറപ്പെട്ടവൻ, അല്ലെങ്കിൽ ഭരണാധികാരിയെ ആദരിക്കാനും ബഹുമാനിക്കാനുമായി അയാളുടെ അടുക്കൽ ചെന്നവൻ, അല്ലെങ്കിൽ ജനങ്ങളെ തന്റെ ഉപദ്രവങ്ങളിൽ നിന്ന് സുരക്ഷിതരാക്കിക്കൊണ്ട് സ്വന്തം വീട്ടിലിരുന്നവൻ) [അഹ്‌മദ്, ഇബ്നു അബീ ആസ്വിം].
സെയ്ദ് ബിൻ സാബിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«ثَلَاثُ خِصَالٍ لَا يَغِلُّ عَلَيْهِنَّ قَلْبُ مُسْلِمٍ: إِخْلَاصُ الْعَمَلِ لِلَّهِ، وَالنَّصِيحَةُ لِوُلَاةِ الْأُمُورِ، وَلُزُومُ جَمَاعَتِهِمْ فَإِنَّ دَعْوَتَهُمْ تُحِيطُ مِنْ وَرَائِهِمْ»
(മൂന്ന് കാര്യങ്ങളിൽ ഒരു മുസ്‌ലിമിന്റെ ഹൃദയം വഞ്ചന കാണിക്കുകയില്ല: അല്ലാഹുവിന് വേണ്ടി കർമ്മങ്ങൾ നിഷ്കളങ്കമാക്കൽ, ഭരണാധികാരികൾക്ക് നസ്വീഹത്ത് നൽകൽ, അവരുടെ ജമാഅത്തിനെ മുറുകെപ്പിടിക്കൽ; കാരണം അവരുടെ പ്രാർത്ഥന അവർക്ക് പിന്നിലുള്ളവരെ വലയം ചെയ്യുന്നതാണ്) [ഇബ്നുമാജ സ്വഹീഹായ സനദോടെ ഉദ്ധരിച്ചത്].
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറയുന്നു: “‘മുസ്‌ലിം ഭരണാധികാരികൾക്ക് നസ്വീഹത്ത് നൽകുക’ എന്ന ഈ വചനം ഹൃദയത്തിലെ പകയ്ക്കും വഞ്ചനക്കും എതിരാണ്. നസ്വീഹത്തും പകയും ഒരുമിച്ചുകൂടുകയില്ല; കാരണം അത് രണ്ടും പരസ്പരം വിരുദ്ധമാണ്. അതിനാൽ ഭരണാധികാരികൾക്കും സമുദായത്തിനും നസ്വീഹത്ത് നൽകിയവൻ പകയിൽ നിന്ന് മുക്തനായി. ‘അവരുടെ ജമാഅത്തിനെ മുറുകെപ്പിടിക്കൽ’ എന്ന വചനവും ഹൃദയത്തെ പകയിൽ നിന്നും വഞ്ചനയിൽ നിന്നും ശുദ്ധീകരിക്കുന്ന കാര്യമാണ്. കാരണം മുസ്‌ലിം ജമാഅത്തിനെ മുറുകെപ്പിടിക്കുന്നവൻ, തനിക്ക് ഇഷ്ടപ്പെടുന്നത് അവർക്കും ഇഷ്ടപ്പെടും, താൻ വെറുക്കുന്നത് അവർക്കും വെറുക്കും. അവരെ വിഷമിപ്പിക്കുന്നത് അവനെയും വിഷമിപ്പിക്കും, അവരെ സന്തോഷിപ്പിക്കുന്നത് അവനെയും സന്തോഷിപ്പിക്കും.
എന്നാൽ ഇതിന് വിപരീതമായി, അവരിൽ നിന്ന് വേർപിരിയുകയും അവരെ വിമർശിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലും ആക്ഷേപിക്കുന്നതിലും മുഴുകുകയും ചെയ്ത റാഫിദകൾ, ഖവാരിജുകൾ, മുഅ്തസിലുകൾ തുടങ്ങിയവരുടെ അവസ്ഥ ഇങ്ങനെയല്ല. അവരുടെ ഹൃദയങ്ങൾ പകയും വഞ്ചനയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് റാഫിദകൾ ജനങ്ങളിൽ വെച്ച് ഇഖ്‌ലാസിൽ നിന്ന് ഏറ്റവും അകന്നവരാണെന്ന് നിനക്ക് കാണാൻ കഴിയുന്നത്. അവരാണ് ഭരണാധികാരികളോടും സമുദായത്തോടും ഏറ്റവും കൂടുതൽ വഞ്ചന കാണിക്കുന്നവർ. മുസ്‌ലിം ജമാഅത്തിൽ നിന്ന് ഏറ്റവും അകന്നുനിൽക്കുന്നവരും അവർ തന്നെ.” ഇബ്നുൽ ഖയ്യിമിന്റെ رَحِمَهُ اللَّهُ വാക്കുകൾ അവസാനിച്ചു.
പതിനഞ്ചാമത്തെ അടിസ്ഥാനം
അവരുടെ ദഅ്‌വത്ത് മുഴുവൻ ജനങ്ങൾക്കും പരസ്യമായിട്ടുള്ളതാണ്; അതിൽ യാതൊരു രഹസ്യസ്വഭാവമോ പ്രത്യേകതകളോ ഇല്ല. ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا യിൽ നിന്ന് നിവേദനം: ഒരാൾ റസൂൽ ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു: “എനിക്കൊരു വസ്വിയ്യത്ത് നൽകിയാലും.” അവിടുന്ന് പറഞ്ഞു:
«اعْبُدِ اللَّهَ لَا تُشْرِكْ بِهِ شَيْئًا، وَأَقِمِ الصَّلَاةَ، وَآتِ الزَّكَاةَ، وَصُمْ رَمَضَانَ، وَحُجَّ الْبَيْتَ، وَاعْتَمِرْ، وَاسْمَعْ وَأَطِعْ، وَعَلَيْكَ بِالْعَلَانِيَةِ وَإِيَّاكَ وَالسِّرَّ»
(അല്ലാഹുവെ ആരാധിക്കുക, അവനിൽ യാതൊന്നിനെയും പങ്കുചേർക്കരുത്. നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, റമദാനിൽ നോമ്പനുഷ്ഠിക്കുക, അല്ലാഹുവിന്റെ ഭവനത്തിൽ ഹജ്ജും ഉംറയും ചെയ്യുക. നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. പരസ്യമായ കാര്യങ്ങൾ നീ മുറുകെപ്പിടിക്കുക, രഹസ്യസ്വഭാവമുള്ള കാര്യങ്ങളെ നീ സൂക്ഷിക്കുക) [ഇബ്നു അബീ ആസ്വിം സ്വഹീഹായ സനദോടെ ഉദ്ധരിച്ചത്].
സൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:
«لَا تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ لَا يَضُرُّهُمْ مَنْ خَذَلَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ كَذَلِكَ»
(എന്റെ സമുദായത്തിൽ നിന്ന് ഒരു വിഭാഗം എപ്പോഴും സത്യത്തിൽ നിലകൊള്ളുന്നവരായിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ തീരുമാനം (അന്ത്യനാൾ) വരുന്നത് വരെ അവരെ കൈവിടുന്നവരാരും അവർക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല. അവർ ആ അവസ്ഥയിൽ തന്നെ തുടരും) [മുസ്‌ലിം].
ഉമർ ബിൻ അബ്ദുൽ അസീസ് رَحِمَهُ اللَّهُ പറയുന്നു: “മറ്റ് പൊതുജനങ്ങളെ ഒഴിവാക്കി, തങ്ങളുടെ മതത്തിന്റെ കാര്യത്തിൽ ചിലർ രഹസ്യമായി ഗൂഢാലോചന നടത്തുന്നത് നീ കണ്ടാൽ, അവർ ഒരു വഴികേടിന് അടിത്തറയിടുകയാണെന്ന് നീ മനസ്സിലാക്കുക” [ദാരിമി].
അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿وَلَا تَطْرُدِ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ﴾
(തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിപ്പുറത്താക്കരുത്).
അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:
«ابْغُونِي الضُّعَفَاءَ، فَإِنَّمَا تُرْزَقُونَ وَتُنْصَرُونَ بِضُعَفَائِكُمْ»
(ദുർബലരായ ആളുകളുടെ കാര്യത്തിൽ നിങ്ങൾ എന്നെ സഹായിക്കുക. തീർച്ചയായും നിങ്ങളിലെ ദുർബലർ കാരണമാണ് നിങ്ങൾക്ക് ഉപജീവനവും സഹായവും ലഭിക്കുന്നത്) [ബുഖാരി, മുസ്‌ലിം].
പതിനാറാമത്തെ അടിസ്ഥാനം
ഭൂമിയിലെ അധികാരം എന്നത് പരിശുദ്ധനായ അല്ലാഹു നൽകുന്ന ഒരു ഔദാര്യമാണെന്ന് അവർ വിശ്വസിക്കുന്നു. അല്ലാഹു നിർബന്ധമാക്കിയ ഉപകാരപ്രദമായ അറിവും സൽകർമ്മവും പ്രവർത്തിക്കുന്നവർക്കാണ് അവൻ അത് നൽകുക. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ﴾
(നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുൻഗാമികൾക്ക് അവൻ പ്രാതിനിധ്യം നൽകിയത് പോലെത്തന്നെ തീർച്ചയായും അവർക്കും അവൻ ഭൂമിയിൽ പ്രാതിനിധ്യം നൽകുന്നതാണ്).
അധികാരം ലഭിക്കുന്നതിനും സുരക്ഷ ലഭിക്കുന്നതിനും തൗഹീദ് യാഥാർത്ഥ്യമാക്കാനും മതനിയമങ്ങൾ പാലിക്കാനും അവൻ നിബന്ധന വെച്ചിരിക്കുന്നു. അവൻ പറയുന്നു:
﴿الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ﴾
(ഭൂമിയിൽ നാം സ്വാധീനം നൽകിയാൽ നമസ്കാരം മുറപ്രകാരം നിർവ്വഹിക്കുകയും, സകാത്ത് നൽകുകയും, സദാചാരം കൽപ്പിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവർ).
നബി ﷺ യുടെ മൻഹജിൽ പടുത്തുയർത്തപ്പെട്ട ആദ്യത്തെ ഖിലാഫത്തുർറാശിദയുടെ (സച്ചരിതരായ ഖലീഫമാരുടെ) മൻഹജിലൂടെയല്ലാതെ മുസ്‌ലിംകൾക്ക് സച്ചരിതമായ ഒരു ഭരണകൂടം സ്ഥാപിക്കാൻ സാധിക്കുകയില്ല. നുഅ്മാൻ ബിൻ ബഷീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«تَكُونُ النُّبُوَّةُ فِيكُمْ مَا شَاءَ اللَّهُ أَنْ تَكُونَ، ثُمَّ يَرْفَعُهَا اللَّهُ إِذَا شَاءَ أَنْ يَرْفَعَهَا، ثُمَّ تَكُونُ خِلَافَةٌ عَلَى مِنْهَاجِ النُّبُوَّةِ فَتَكُونُ مَا شَاءَ اللَّهُ أَنْ تَكُونَ، ثُمَّ يَرْفَعُهَا اللَّهُ إِذَا شَاءَ أَنْ يَرْفَعَهَا، ثُمَّ تَكُونُ مُلْكًا عَاضًّا فَيَكُونُ مَا شَاءَ اللَّهُ أَنْ يَكُونَ، ثُمَّ يَرْفَعُهُ اللَّهُ إِذَا شَاءَ أَنْ يَرْفَعَهُ، ثُمَّ تَكُونُ مُلْكًا جَبْرِيًّا فَيَكُونُ مَا شَاءَ اللَّهُ أَنْ يَكُونَ، ثُمَّ يَرْفَعُهُ اللَّهُ إِذَا شَاءَ أَنْ يَرْفَعَهُ، ثُمَّ تَكُونُ خِلَافَةٌ عَلَى مِنْهَاجِ النُّبُوَّةِ، ثُمَّ سَكَتَ»
(അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം നിങ്ങളിൽ പ്രവാചകത്വം നിലനിൽക്കും. ശേഷം അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവൻ അത് എടുത്തുകളയും. പിന്നീട് പ്രവാചകത്വത്തിന്റെ മാതൃകയിലുള്ള ഒരു ഖിലാഫത്ത് വരും. അത് അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം നിലനിൽക്കും. ശേഷം അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവൻ അത് എടുത്തുകളയും. പിന്നീട് കടിച്ചുകീറുന്ന സ്വേച്ഛാധിപത്യ ഭരണം വരും. അത് അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം നിലനിൽക്കും. ശേഷം അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവൻ അത് എടുത്തുകളയും. പിന്നീട് മർദ്ദകരായ രാജാക്കന്മാരുടെ ഭരണം വരും. അത് അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം നിലനിൽക്കും. ശേഷം അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവൻ അത് എടുത്തുകളയും. പിന്നീട് വീണ്ടും പ്രവാചകത്വത്തിന്റെ മാതൃകയിലുള്ള ഒരു ഖിലാഫത്ത് വരും. പിന്നീട് അവിടുന്ന് മൗനം പാലിച്ചു) [അഹ്‌മദ്].
പതിനേഴാമത്തെ അടിസ്ഥാനം
നന്നാക്കുക (ഇസ്‌ലാഹ്) എന്ന ലക്ഷ്യത്തോടെ, അറിവോടും വിട്ടുവീഴ്ചയോടും ക്ഷമയോടും കൂടി അവർ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ﴾
(നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൽപ്പിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്നുണ്ടായിരിക്കട്ടെ).
അബൂ സഈദ് അൽ-ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:
«مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ»
(നിങ്ങളിലൊരാൾ ഒരു തിന്മ കണ്ടാൽ അവനത് തന്റെ കൈകൊണ്ട് തടയട്ടെ. അതിന് സാധിക്കുന്നില്ലെങ്കിൽ നാവുകൊണ്ട് തടയട്ടെ. അതിനും സാധിക്കുന്നില്ലെങ്കിൽ ഹൃദയം കൊണ്ട് വെറുക്കട്ടെ, അതാണ് ഈമാനിന്റെ ഏറ്റവും ദുർബലമായ പദവി) [മുസ്‌ലിം].
അബൂബക്കർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:
«إِنَّ النَّاسَ إِذَا رَأَوُا الْمُنْكَرَ وَلَا يُغَيِّرُونَهُ، أَوْشَكَ أَنْ يَعُمَّهُمُ اللَّهُ بِعِقَابِهِ»
(തീർച്ചയായും ജനങ്ങൾ ഒരു തിന്മ കാണുകയും എന്നിട്ടവർ അത് തടയാതിരിക്കുകയും ചെയ്താൽ, അല്ലാഹു അവർക്കെല്ലാം പൊതുവായിക്കൊണ്ട് അവന്റെ ശിക്ഷ ഇറക്കാൻ സാധ്യതയുണ്ട്) [അഹ്‌മദ്].
അല്ലാഹു പറയുന്നു:
﴿وَمَا كَانَ لَنَا أَن نَّأْتِيَكُم بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ﴾
(അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ നിങ്ങൾക്ക് യാതൊരു തെളിവും കൊണ്ടുവന്ന് തരാൻ ഞങ്ങൾക്ക് സാധിക്കുന്നതല്ല).
അവൻ പറയുന്നു:
﴿وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ﴾
(നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്ന വ്യാജമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതാ, ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്ന് നിങ്ങൾ പറയരുത്).
അബ്ദുല്ലാഹ് ബിൻ മുഗഫ്ഫൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:
«إِنَّ اللَّهَ تَعَالَى رَفِيقٌ يُحِبُّ الرِّفْقَ وَيُعْطِي عَلَيْهِ مَا لَا يُعْطِي عَلَى الْعُنْفِ»
(തീർച്ചയായും അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനാണ്, അവൻ വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നു. കാഠിന്യം കാണിക്കുന്നവർക്ക് നൽകാത്ത പലതും അവൻ വിട്ടുവീഴ്ച ചെയ്യുന്നവർക്ക് നൽകുന്നതാണ്) [അബൂദാവൂദ്].
അല്ലാഹു പറയുന്നു:
﴿وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ﴾
(സദാചാരം കൽപ്പിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുക. നിനക്ക് വന്നെത്തുന്ന വിപത്തുകളിൽ ക്ഷമിക്കുകയും ചെയ്യുക. തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു).
അവൻ പറയുന്നു:
﴿وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَىٰ عَلَىٰ بَنِي إِسْرَائِيلَ بِمَا صَبَرُوا﴾
(ഇസ്രായീൽ സന്തതികൾ ക്ഷമിച്ചതിന്റെ ഫലമായി നിന്റെ രക്ഷിതാവിന്റെ ഉത്തമമായ വചനം അവരിൽ നിറവേറി).
അവൻ പറയുന്നു:
﴿فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ وَلَا يَسْتَخِفَّنَّكَ الَّذِينَ لَا يُوقِنُونَ﴾
(ആകയാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്തവർ നിന്നെ അവിവേകിയാക്കാതിരിക്കട്ടെ).
അവൻ പറയുന്നു:
﴿إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ﴾
(എനിക്ക് സാധിക്കുന്നത്ര നന്മവരുത്താനല്ലാതെ ഞാൻ മറ്റൊന്നും ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് അതിനുള്ള അനുഗ്രഹം ലഭിക്കുന്നത്).
അവൻ പറയുന്നു:
﴿فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ﴾
(അതിനാൽ നിങ്ങൾക്ക് സാധിക്കുന്നത്ര നിങ്ങളല്ലാഹുവെ സൂക്ഷിക്കുക).
അവൻ പറയുന്നു:
﴿أَلَمْ تَرَ إِلَى الَّذِينَ قِيلَ لَهُمْ كُفُّوا أَيْدِيَكُمْ﴾
(നിങ്ങൾ നിങ്ങളുടെ കൈകൾ അടക്കിവെക്കുക എന്ന് നിർദ്ദേശിക്കപ്പെട്ട ഒരു വിഭാഗത്തെ നീ കണ്ടില്ലേ).
അവൻ പറയുന്നു:
﴿يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا﴾
(സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള ശത്രുത നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതി പാലിക്കുക).
ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം, റസൂൽ ﷺ പറഞ്ഞു:
«لَوْلَا أَنَّ قَوْمَكِ حَدِيثُوا عَهْدٍ بِجَاهِلِيَّةٍ لَأَنْفَقْتُ كَنْزَ الْكَعْبَةِ فِي سَبِيلِ اللَّهِ، وَلَجَعَلْتُ بَابَهَا بِالْأَرْضِ وَلَأَدْخَلْتُ فِيهَا مِنَ الْحِجْرِ»
(നിന്റെ സമുദായം ജാഹിലിയ്യത്തിനോട് (അജ്ഞാനകാലത്തോട്) അടുത്ത കാലത്തുള്ളവരായിരുന്നില്ലെങ്കിൽ, ഞാൻ കഅ്ബയുടെ നിധി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കുമായിരുന്നു. ഞാൻ അതിന്റെ വാതിൽ ഭൂമിയോട് ചേർത്ത് നിർമ്മിക്കുമായിരുന്നു. ഞാൻ ഹിജ്‌റിനെ അതിന്റെ ഉള്ളിലാക്കുകയും ചെയ്യുമായിരുന്നു) [മുസ്‌ലിം].
മുനാഫിഖുകളുടെ കാര്യത്തിൽ ജാബിർ رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസിൽ, അവരെ കൊല്ലാൻ നബി ﷺ യോട് ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്:
«لَا، يَتَحَدَّثُ النَّاسُ أَنَّ مُحَمَّدًا يَقْتُلُ أَصْحَابَهُ»
(വേണ്ട, മുഹമ്മദ് തന്റെ അനുയായികളെ കൊലപ്പെടുത്തുന്നു എന്ന് ജനങ്ങൾ സംസാരിക്കും) [ബുഖാരി].
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറയുന്നു: “കൂടുതലായ നന്മ ലഭിക്കാൻ സാധിക്കാത്ത അവസ്ഥയിൽ കിട്ടുന്ന കുറഞ്ഞ നന്മകൊണ്ട് തൃപ്തിപ്പെടുക. ലഘുവായ തിന്മയെ സ്വീകരിച്ചുകൊണ്ട് വലിയ തിന്മയെ തടയുക. ഇസ്‌ലാമിക നിയമം (ശരീഅത്ത്) വന്നിട്ടുള്ളത് തന്നെ നന്മകൾ കരസ്ഥമാക്കാനും അത് പൂർണ്ണമാക്കാനും, തിന്മകൾ ഒഴിവാക്കാനും അത് കുറക്കാനും വേണ്ടിയാണ്.”
ശൈഖുൽ ഇസ്‌ലാം വീണ്ടും പറയുന്നു: “നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവനെക്കുറിച്ചുള്ള ഹദീസിൽ, അവൻ താൻ കൽപ്പിക്കുന്ന കാര്യത്തെക്കുറിച്ചും വിരോധിക്കുന്ന കാര്യത്തെക്കുറിച്ചും കൃത്യമായ അറിവുള്ളവനായിരിക്കണം എന്ന് പറയുന്നുണ്ട്. കൽപ്പിക്കുന്ന കാര്യത്തിലും വിരോധിക്കുന്ന കാര്യത്തിലും അവൻ വിട്ടുവീഴ്ചയുള്ളവനായിരിക്കണം. കൽപ്പിക്കുന്ന കാര്യത്തിലും വിരോധിക്കുന്ന കാര്യത്തിലും അവൻ ക്ഷമയും സഹനവും ഉള്ളവനായിരിക്കണം. അപ്പോൾ കൽപ്പിക്കുന്നതിന് മുമ്പ് അറിവ് അനിവാര്യമാണ്, കൽപ്പിക്കുമ്പോൾ വിട്ടുവീഴ്ചയുണ്ടാകണം, കൽപ്പിച്ചതിന് ശേഷം ക്ഷമയുണ്ടാകണം. ഒരുവൻ അറിവുള്ളവനല്ലെങ്കിൽ, തനിക്ക് വിവരമില്ലാത്ത കാര്യങ്ങളുടെ പിന്നാലെ പോകുവാൻ അവന് അനുവാദമില്ല. ഇനി അവൻ അറിവുള്ളവനാണ് പക്ഷെ അവന് വിട്ടുവീഴ്ചയില്ലെങ്കിൽ, രോഗിയോട് കാഠിന്യം കാണിക്കുന്ന ഒരു ഡോക്ടറെപ്പോലെയാകും അവൻ. അപ്പോൾ ആ രോഗി അയാളെ സ്വീകരിക്കുകയില്ല. അതുപോലെ, കുട്ടികളോട് കാഠിന്യം കാണിക്കുന്ന അധ്യാപകനെപ്പോലെയാകും അവൻ, അപ്പോൾ കുട്ടികൾ ആ അധ്യാപകനെ സ്വീകരിക്കില്ല. അല്ലാഹു മൂസായോടും ഹാറൂനോടും പറഞ്ഞത് ഇപ്രകാരമാണ്:
﴿فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ﴾
(നിങ്ങളവനോട് സൗമ്യമായ വാക്കുകൾ പറയുക. അവൻ ഒരുവേള ആലോചിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടേക്കാം).
തുടർന്ന് അവൻ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്താൽ സ്വാഭാവികമായും അവൻ ഉപദ്രവിക്കപ്പെടും. അപ്പോൾ അവൻ ക്ഷമിക്കുകയും സഹനം കാണിക്കുകയും ചെയ്യണം. അല്ലാഹു പറഞ്ഞതുപോലെ:
﴿وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ﴾
(സദാചാരം കൽപ്പിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുക. നിനക്ക് വന്നെത്തുന്ന വിപത്തുകളിൽ ക്ഷമിക്കുകയും ചെയ്യുക. തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു).
മുശ്‌രിക്കുകളിൽ നിന്നുള്ള ഉപദ്രവങ്ങൾ സഹിക്കാൻ അല്ലാഹു തന്റെ പ്രവാചകനോട് പലയിടങ്ങളിലായി കൽപ്പിച്ചിട്ടുണ്ട്. അവിടുത്തേക്കാണെങ്കിൽ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരുടെ നേതാവാണ്. അതിനാൽ ഒരു മനുഷ്യന്റെ പ്രവൃത്തി ആദ്യമായി അല്ലാഹുവിന് വേണ്ടിയാകണം. അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ചെയ്യുക വഴി അവനെ അനുസരിക്കുക എന്നതായിരിക്കണം ലക്ഷ്യം. അവനോട് കൽപ്പിക്കപ്പെടുന്നവൻ നന്നാകണമെന്നും അവന് തെളിവുകൾ എത്തിച്ചുകൊടുക്കണമെന്നും അവൻ ആഗ്രഹിക്കണം. എന്നാൽ സ്വന്തത്തിന് വേണ്ടിയോ തന്റെ കക്ഷിക്ക് വേണ്ടിയോ അധികാരം നേടാനും, മറ്റുള്ളവരെ ഇകഴ്ത്താനും വേണ്ടിയാണ് അവൻ ഇത് ചെയ്യുന്നതെങ്കിൽ അത് അല്ലാഹു സ്വീകരിക്കാത്ത പക്ഷപാതിത്വമാണ് (ഹമിയ്യത്ത്). അതുപോലെ പ്രശസ്തിക്കും ജനങ്ങളെ കാണിക്കാനും (രിയാഅ്) വേണ്ടിയാണ് ചെയ്യുന്നതെങ്കിലും അവന്റെ കർമ്മം നിഷ്ഫലമാകും.
തുടർന്ന് അയാൾക്ക് മറുപടി ലഭിക്കുകയോ, ഉപദ്രവിക്കപ്പെടുകയോ, അയാൾക്ക് തെറ്റുപറ്റിയെന്നും അയാളുടെ ഉദ്ദേശ്യം മോശമാണെന്നും ആരോപിക്കപ്പെടുകയോ ചെയ്താൽ, അയാളുടെ മനസ്സ് പ്രതികാരത്തിന് ദാഹിക്കും. അപ്പോൾ പിശാച് അയാളുടെ അടുത്തേക്ക് വരും. അല്ലാഹുവിന് വേണ്ടി കർമ്മം തുടങ്ങിയ അയാളുടെ മനസ്സ്, തന്നെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ദേഹേച്ഛയായി (ഹവാ) മാറും. ഒരുപക്ഷേ തന്നെ ഉപദ്രവിച്ചവരോട് അയാൾ അതിക്രമം കാണിക്കുകയും ചെയ്തേക്കാം. പല കക്ഷികളായി തിരിഞ്ഞ പലരും ഇതേ അവസ്ഥയിലാണ്. അവരിലോരോരുത്തരും തങ്ങളാണ് സത്യത്തിലുള്ളതെന്നും തങ്ങളാണ് സുന്നത്തിലുള്ളതെന്നും വിശ്വസിക്കുന്നു. എന്നാൽ അവരിൽ മിക്കവർക്കും തങ്ങളുടെ അധികാരമോ ഗ്രൂപ്പോ വിജയിക്കണമെന്നും, തങ്ങളിലേക്ക് ചേർക്കപ്പെട്ട കാര്യങ്ങൾ വിജയിക്കണമെന്നുമുള്ള ദേഹേച്ഛ മാത്രമേയുള്ളൂ. അല്ലാഹുവിന്റെ വചനം ഉന്നതമാകണമെന്നോ, മതം പൂർണ്ണമായും അല്ലാഹുവിന് വേണ്ടിയാകണമെന്നോ അവർ ലക്ഷ്യമാക്കുന്നില്ല. മറിച്ച്, തങ്ങളോട് വിയോജിക്കുന്നവരോട് അവർ ദേഷ്യപ്പെടുന്നു; അവൻ ന്യായമായ കാരണമമുള്ള ഒരു മുജ്തഹിദാണെങ്കിൽ പോലും (അവനോട് അല്ലാഹു കോപിക്കുകയില്ലെങ്കിലും). തങ്ങളോട് യോജിക്കുന്നവരോട് അവർ പ്രീതി കാണിക്കുന്നു; അവൻ അറിവില്ലാത്തവനും, മോശം ഉദ്ദേശ്യമുള്ളവനും, യാതൊരു അറിവോ നല്ല ലക്ഷ്യമോ ഇല്ലാത്തവനാണെങ്കിൽ പോലും. ഇത് അല്ലാഹുവും റസൂലും സ്തുതിക്കാത്തവരെ സ്തുതിക്കുന്നതിലേക്കും, അല്ലാഹുവും റസൂലും ആക്ഷേപിക്കാത്തവരെ ആക്ഷേപിക്കുന്നതിലേക്കും അവരെ നയിക്കുന്നു. അവരുടെ സ്നേഹവും ശത്രുതയും തങ്ങളുടെ സ്വന്തം ദേഹേച്ഛകളെ അടിസ്ഥാനമാക്കിയാകും, അല്ലാതെ അല്ലാഹുവിന്റെയും റസൂലിന്റെയും മതത്തെ അടിസ്ഥാനമാക്കിയായിരിക്കില്ല.
സ്വന്തം ദേഹേച്ഛകളെ മാത്രം അന്വേഷിക്കുന്ന കാഫിറുകളുടെ അവസ്ഥയാണിത്. അവർ പറയുന്നു: ‘ഇവൻ നമ്മുടെ സുഹൃത്താണ്, ഇവൻ നമ്മുടെ ശത്രുവാണ്.’ അല്ലാഹുവിനോടും റസൂലിനോടുമുള്ള കൂറാണോ അതോ ശത്രുതയാണോ എന്നൊന്നും അവർ നോക്കുകയില്ല. ജനങ്ങൾക്കിടയിൽ ഫിത്നകൾ ഉണ്ടാകുന്നത് ഇവിടെ നിന്നാണ്. അല്ലാഹു തന്റെ വചനത്തിൽ പറയുന്നു:
﴿وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ﴾
(കുഴപ്പം ഇല്ലാതാകുകയും മതം പൂർണ്ണമായും അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ നിങ്ങൾ അവരോട് യുദ്ധം ചെയ്യുക).
മതം പൂർണ്ണമായും അല്ലാഹുവിന് വേണ്ടിയല്ലെങ്കിൽ അതൊരു കുഴപ്പമാണ്. മതത്തിന്റെ അടിസ്ഥാനം എന്നത് സ്നേഹം അല്ലാഹുവിന് വേണ്ടിയാകുക, കോപം അല്ലാഹുവിന് വേണ്ടിയാകുക, കൂറ് അല്ലാഹുവിന് വേണ്ടിയാകുക, ശത്രുത അല്ലാഹുവിന് വേണ്ടിയാകുക, ആരാധന അല്ലാഹുവിന് വേണ്ടിയാകുക, സഹായതേട്ടം അല്ലാഹുവിന് വേണ്ടിയാകുക, ഭയം അല്ലാഹുവിന് വേണ്ടിയാകുക, പ്രതീക്ഷ അല്ലാഹുവിന് വേണ്ടിയാകുക, കൊടുക്കുന്നതും തടയുന്നതുമെല്ലാം അല്ലാഹുവിന് വേണ്ടിയാകുക എന്നതാണ്. ഇത് റസൂൽ ﷺ യെ പിൻപറ്റുന്നതിലൂടെ മാത്രമേ സാധ്യമാകൂ. അവിടുത്തെ കൽപ്പന അല്ലാഹുവിന്റെ കൽപ്പനയാണ്, അവിടുത്തെ വിലക്ക് അല്ലാഹുവിന്റെ വിലക്കാണ്, അവിടുത്തെ ശത്രുത അല്ലാഹുവിന്റെ ശത്രുതയാണ്, അവിടുത്തെ അനുസരിക്കൽ അല്ലാഹുവെ അനുസരിക്കലാണ്, അവിടുത്തോട് ധിക്കാരം കാണിക്കൽ അല്ലാഹുവോട് ധിക്കാരം കാണിക്കലാണ്.
ദേഹേച്ഛയുടെ ആൾക്കാരെ അവരുടെ ദേഹേച്ഛ അന്ധരും ബധിരരുമാക്കുന്നു. അല്ലാഹുവിനും റസൂലിനും അതിലുള്ളതെന്താണെന്ന് അവർ ചിന്തിക്കുന്നില്ല, അവരത് അന്വേഷിക്കുന്നുമില്ല. അല്ലാഹുവിന്റെയും റസൂലിന്റെയും തൃപ്തിക്ക് വേണ്ടി അവർ പ്രീതിപ്പെടുകയില്ല, അല്ലാഹുവിന്റെയും റസൂലിന്റെയും കോപത്തിന് വേണ്ടി അവർ കോപിക്കുകയുമില്ല. മറിച്ച്, തങ്ങളുടെ സ്വന്തം ദേഹേച്ഛകൾക്ക് യോജിച്ച കാര്യങ്ങൾ ലഭിക്കുമ്പോൾ അവർ പ്രീതിപ്പെടുന്നു, അവരുടെ ദേഹേച്ഛകൾക്ക് യോജിച്ചതല്ലാത്തത് വരുമ്പോൾ അവർ ദേഷ്യപ്പെടുന്നു. അതിനോടൊപ്പം തന്നെ, തങ്ങൾ പ്രീതിപ്പെടുന്നതും ദേഷ്യപ്പെടുന്നതുമെല്ലാം സുന്നത്താണെന്നും അത് സത്യമാണെന്നും അതാണ് മതമെന്നുമുള്ള ചില മതപരമായ ന്യായങ്ങൾ അവർക്ക് ഉണ്ടായിരിക്കുകയും ചെയ്യും. ഇനി അവരുടെ കൂടെയുള്ളത് തികഞ്ഞ സത്യവും ഇസ്‌ലാം മതവുമാണെങ്കിൽ തന്നെയും, മതം പൂർണ്ണമായും അല്ലാഹുവിന് വേണ്ടിയാകാനോ അല്ലാഹുവിന്റെ വചനം ഉന്നതമാകാനോ ആയിരിക്കില്ല അവരുടെ ലക്ഷ്യം. മറിച്ച്, തനിക്കും തന്റെ കക്ഷിക്കും വേണ്ടിയുള്ള പക്ഷപാതിത്വമോ, താൻ വലിയവനാകാനും പുകഴ്ത്തപ്പെടാനും വേണ്ടിയുള്ള പ്രകടനമോ, തന്റെ ധീരതയും പ്രകൃതവും പ്രകടിപ്പിക്കാനോ, ഭൗതികമായ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾക്കോ വേണ്ടിയായിരിക്കും അവർ അത് ചെയ്യുന്നത്. അത് അല്ലാഹുവിന് വേണ്ടിയാകുകയോ അവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിലെ മുജാഹിദാവുകയോ ചെയ്യുന്നില്ല. അപ്പോൾ സത്യവും സുന്നത്തും വാദിക്കുന്നവന്റെ കൂടെയും അവന്റെ എതിരാളിയുടെ കൂടെയും സത്യവും അസത്യവും സുന്നത്തും ബിദ്അത്തുമെല്ലാം ഒരേപോലെ കൂടിക്കലർന്നിട്ടുണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ? മതത്തെ ഭിന്നിപ്പിക്കുകയും പല കക്ഷികളാകുകയും, പരസ്പരം കാഫിറുകളാക്കുകയും ഫാസിഖുകളാക്കുകയും (പാപികൾ) ചെയ്യുന്ന ഭിന്നിച്ച ആളുകളുടെ അവസ്ഥ ഇതാണ്. അതുകൊണ്ടാണ് അല്ലാഹു അവരെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്:
﴿وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَةُ وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾
(വേദം നൽകപ്പെട്ടവർ അവർക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷം മാത്രമാണ് ഭിന്നിച്ചത്. കീഴ്‌വണക്കം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് ഋജുമാനസരായിക്കൊണ്ട് അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിർത്തുവാനും സകാത്ത് നൽകുവാനും അല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം).” ഇബ്നു തൈമിയ്യയുടെ رَحِمَهُ اللَّهُ വാക്കുകൾ അവസാനിച്ചു.

